Raise our Conscience against the Killing of RTI Activists




Showing posts with label food and restaurants. Show all posts
Showing posts with label food and restaurants. Show all posts

Wednesday, April 13, 2011

കായീസ്‌ ബിരിയാണി



എറണാകുളംകാര്‍ക്ക് സ്വന്തം സ്ഥലം പോലെ തന്നെ പരിചയമായ മറ്റൊരു പേര് കൂടിയുണ്ട്. കായിക്ക. എറണാകുളത്തെ ബിരിയാണിയുടെ ഈറ്റില്ലം. ഉദ്ദേശം 61 വര്‍ഷമായി ചൂടാര്‍ന്ന ബിരിയാണിയുടെ ഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു കായിക്കയുടെ സ്വന്തം കായീസ്‌ ബിരിയാണി കട. കഴിഞ്ഞ ദിവസങ്ങളിലോന്ന്‍
ഞാനും, സുഹൃത്തും കൂടി പ്രസിദ്ധമായ കായീസ്‌ ബിരിയാണി ആസ്വദിക്കാന്‍ പുറപ്പെട്ടു.

എറണാകുളത്ത്‌ TDM ഹാളിനും ദര്‍ബാര്‍ ഗ്രൌണ്ടിനും അടുത്തായാണ് കായീസ്‌ കട സ്ഥിതി ചെയ്യുന്നത്. പാരമ്പര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പരസ്യങ്ങളാണ് നമ്മെ വരവേല്‍ക്കുക. വര്‍ഷങ്ങളായി കടയെ പറ്റി പ്രസിദ്ധ മാധ്യമങ്ങളിലും, ചാനെലുകളിലും വന്ന വാര്‍ത്തകളും, കട സന്ദര്‍ശിച്ച പ്രമുഖരുടെ അഭിപ്രായങ്ങളും കടയിലേക്ക് ആരെയും ഊഷ്മളമായി സ്വാഗതം ചെയ്യും. പ്രമുഖരില്‍, ചിത്രകാരന്‍ M.F. ഹുസൈന്‍ മുതല്‍ സുരേഷ് ഗോപി പോലുള്ള നടന്മാരും, M.T പോലുള്ള സാഹിത്യകാരന്മാരും ഉള്‍പ്പെടുന്നു. മീഡിയം വലിപ്പത്തിലുള്ള കട നന്നേ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

1949ല്‍ ആണ് ഫോര്‍ട്ട്‌ കൊച്ചിക്കടുത്തായി കായിക്ക തന്‍റെ ബിരിയാണി കട തുറക്കുന്നത്. ദിവസവും ഉച്ചക്കും വൈകിട്ടും തുറക്കുന്ന കട, ഭക്ഷണം തീരുന്നത് വരെ പ്രവര്‍ത്തിക്കുന്നു. വളരെ ചെറിയ രീതിയില്‍ ആരംഭിച്ച കട, രുചി കൊണ്ടും കൈപ്പുണ്യം കൊണ്ടും പ്രശസ്തമാകുന്നതിനു അധികം കാലം വേണ്ടി വന്നില്ല. കായീസ്‌ എന്നാല്‍ അക്കാലത്ത് കായിക്ക മാത്രമായിരുന്നു. കട ഇപ്പോള്‍ നടത്തുന്നത് അദ്ദേഹത്തിന്‍റെ മക്കളാണ്.  800നു അടുത്ത ആളുകള്‍ ഒരു ദിവസം കടയില്‍ വരുന്നു. ബിരിയാണിക്ക് പുറമേ, അവിടുത്തെ നെയ്ച്ചോറും, മട്ടണ്‍ കറിയും പ്രശസ്തമാണ്.

ഞങ്ങള്‍ കടയില്‍ ചെല്ലുമ്പോള്‍ ഉദ്ദേശം 15 ഓളം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ആയതിനാല്‍ ഞങ്ങള്‍ ക്യൂ ഒഴിവാക്കി AC ഭാഗത്തേക്ക് മാറി. നല്ല വൃത്തിയുള്ള അന്തരീക്ഷവും, സര്‍വീസും ആരെയും ആകര്‍ഷിക്കും. ഏറെ പ്രസിദ്ധമായ കായീസ്‌ മട്ടണ്‍ ബിരിയാണി അപ്പോഴേക്കും തീര്‍ന്നിരുന്നു. ഓര്‍ഡര്‍ ചെയ്തു ഉദ്ദേശം 5 മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി മുന്നിലെത്തി. വിശപ്പ്‌ മൂലം ആദ്യ കുറെ സമയം ആസ്വദിച്ചു കഴിക്കാന്‍ സാധിച്ചില്ല.

കായീസ്‌ ബിരിയാണിക്ക് ടേസ്റ്റ് അല്പം വ്യത്യാസമുണ്ട്. അത് തന്നെ അതിന്‍റെ പ്രത്യേകതയും ആകര്‍ഷണവും. ബിരിയാണിയില്‍ കിസ്സ്മിസ്സിന്‍റെയോ അണ്ടിപ്പരിപ്പിന്‍റെയോ അതിപ്രസരമില്ല. ചിക്കന് മിതമായ കട്ടി മാത്രം. ചില സ്ഥലങ്ങളില്‍ ബിരിയാണി ചിക്കെന് വറുത്ത ചിക്കെന്‍റെത് പോലുള്ള കട്ടിയുണ്ട്.  ആര്‍ക്കും ബിരിയാണിയില്‍ ഒരു കായീസ്‌ സ്പര്‍ശം അനുഭവപ്പെടും. കൂടെ തൊട്ടു കൂട്ടാന്‍ ഈന്തപ്പഴം അച്ചാറും, സാലഡും, നാരങ്ങ അച്ചാറും. അളവിലും മിതത്വം ഉണ്ട്. അതിനാല്‍ തന്നെ സാധാരണ കഴിച്ചു കഴിയുമ്പോള്‍ അനുഭവപ്പെടുന്ന പോലെ വയര്‍ വല്ലാതെ നറഞ്ഞിരിക്കുന്നതായി തോന്നുകയുമില്ല. മികവ് മൂലം ഞങ്ങള്‍ ഒരെണ്ണം പാര്‍സല്‍ കൂടി മേടിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവും ആകര്‍ഷിച്ചത്, ഇത്ര നല്ല ബിരിയാണി ആയിരുന്നിട്ടും, നല്ല വൃത്തിയും വെടിപ്പും, ഒപ്പം acയില്‍ ആയിരുന്നിട്ടു പോലും 90രൂപയെ ബിരിയാണിക്കായുള്ളൂ എന്നതാണ്.

കഴിച്ചു പുറത്തിറങ്ങുമ്പോള്‍ കായിക്കടയെ പറ്റി സന്തോഷം തോന്നി. കഴുത്തറപ്പന്‍ പൈസ മേടിക്കാതെ, വൃത്തിയോടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലും കൈ മോശം വന്നിട്ടില്ല. കഴിച്ചു തിരികെയിറങ്ങുമ്പോഴും താഴെ ക്യൂ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. എറണാകുളംകാര്‍ക്ക് അഭിമാനമായി കായീസ്‌ അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. തിരികെ നടക്കുമ്പോള്‍, ഇനിയും സന്ദര്‍ശിക്കേണ്ട സ്ഥലമായി കായീസിനെ മനസ്സ്‌ ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു.

Saturday, May 29, 2010

കഫെ ബ്രൌണി

കാലവര്‍ഷത്തിന്‍റെ ആക്രമണം തുടങ്ങിയ ദിവസങ്ങളിലൊന്ന്‌. അവധിയുടെ ആലസ്യത്തില്‍ മയങ്ങിക്കൊണ്ടിരുന്ന എന്നെ എന്‍റെ  ഒരു സുഹൃത്തു രാവിലെ 9:30ക്കു വിളിച്ചുണര്‍ത്തി. നാശം എന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ ഫോണ്‍ എടുത്തു. "അളിയാ ഇന്നെന്താ പരിപാടി?". "പ്രത്യേകിച്ചൊന്നുമില്ല", ഞാന്‍ മറുപടി പറഞ്ഞു. "എടാ നമുക്കു കൈറ്റ്സ്‌ പടത്തിനു വിട്ടാലൊ. കിടിലന്‍ പടമാ", അവന്‍റെ ഭാഷ്യം. "എടാ അതിന്‌ അതു ഇന്നലെ റിലീസ്‌ ആയതല്ലെ ഉള്ളു? ആ പൊയ്കളയാം". അങ്ങനെ ഞങ്ങള്‍ 4 സുഹൃത്തുക്കള്‍ 11:30ന്‍റെ നൂണ്‍ ഷോ ഫിക്സ്‌ ചെയ്തു.പടത്തിനായതു കൊണ്ടു ഞാന്‍ വേഗം എണിറ്റ്‌ റെടി ആയി. എന്‍റെ കൃത്യനിഷ്ഠയെ പറ്റി എനിക്കു തന്നെ ഒരഭിമാനം.അതെ പറ്റി ആലൊചിച്ചു കൊണ്ടു വീട്ടില്‍ ഇരുന്നപ്പം അവന്‍ വിളിച്ചു,"എടാ നീ ഇറങ്ങിയില്ലെ?". "അളിയാ ഞാന്‍ വഴിയിലാ", ഞാന്‍ തട്ടിവിട്ടു. എന്നിട്ടു നേരെ വച്ചു പിടിച്ചു, മൂവാറ്റുപുഴ ഐസ്സക്സ്‌ തിയറ്ററിലേക്ക്‌.

പടം നല്ല പൊട്ട. അതിന്‍റെ നിരാശയില്‍ നമ്മള്‍ 3 പേരും അവനെ ചീത്ത പറഞ്ഞു നില്‍കുകയാണ്‌. ഗതികെട്ട അവന്‍," അളിയാ ഒരു ഐഡിയ, ഫുഡ്‌ അടിക്കാന്‍ വിട്ടാലൊ?". ഇനി അതെങ്കിലതു എന്നു മനസ്സില്‍ ഉറപ്പിച്ചു തിയറ്ററിനു പുറത്തേക്ക്‌. മഴ അപ്പോഴും ഉണ്ട്‌. മൂവാറ്റുപുഴ എന്ന മെട്രോ പട്ടണത്തിന്‌ ഒരു പ്രത്യേകത ഉണ്ട്‌, ഭക്ഷണം കഴിക്കാന്‍ അവിടെ കൊള്ളാവുന്ന ഹോട്ടല്‍ ഒന്നുമില്ല. ഞങ്ങള്‍ നടന്നു നടന്നു മടുത്തപ്പോള്‍ അതാ എന്‍റെ മറ്റൊരു സുഹൃത്തു ബസ്സ്‌ സ്റ്റാണ്റ്റിന്‌ പുറത്തു വായിനോക്കി നില്‍കുന്നു. അവന്‍റെ വീടു അവിടെ അടുത്താണ്‌. ഭയങ്കര ജോലി ഒക്കെ ചെയ്യുന്നപോലെ വിയര്‍ത്താണ്‌ അവന്‍റെ നില്‍പ്‌. ഞങ്ങളെ കണ്ട പാടെ അവന്‍റെ മുഖത്തു ഒരളിഞ്ഞ ചിരി."അളിയാ എന്താ ഇവിടെ?" ഞങ്ങള്‍ ചോദിച്ചു. "ഞാന്‍, ഞാന്‍ പിന്നെ, ചുമ്മാ കാറ്റു കൊള്ളാന്‍", അപ്പോ കിട്ടിയ വാക്കൊക്കെ ഉപയോഗിച്ചു അവന്‍ വാക്യം പൂരിപ്പിച്ചു. "കാറ്റു കൊള്ളാന്‍ ടൌണിന്‍റെ നടുക്കാണോടാ നില്‍കുന്നത്‌? അതു പോട്ടെ, നി ഒരു നല്ല ഹോട്ടല്‍ പറഞ്ഞു താ". അവാനാണ്‌ ഞങ്ങളെ കഫെ ബ്രൌണി എന്ന ഹോട്ടലിലേക്കു പറഞ്ഞു വിട്ടത്‌.

 മൂവാറ്റുപുഴ എന്ന വന്‍ മെട്രോക്ക്‌ യാതൊരു വിധത്തിലും ചേരാത്ത വിധത്തിലുള്ള, ഒരു വൃത്തിയുള്ള ഹോട്ടലാണ്‌ കഫെ ബ്രൌണി. അവിടുത്തെ ബുഫെക്കു ഞങ്ങള്‍ കയറി. വെജ്‌ ബിരിയാണി, ചോര്‍, ചപ്പാത്തി, കുറച്ചു ചപ്പാത്തി കറി, അവിയല്‍, അച്ചാര്‍, തോരന്‍, പുളിശ്ശേരി, പിന്നെ അറിയാത്ത കുറച്ചു കറികള്‍, പലവിധ സാലടുകള്‍, ക്രീം കേക്ക്‌ എന്നിവ ആയിരുന്നു മെയിന്‍ ഐറ്റെംസ്‌. വേഗം ബിരിയാണിയില്‍ ഒരു പിടിത്തം പിടിച്ചു. ബുഫേ കഴിക്കുമ്പൊള്‍, ഫ്രീ ആയി കിട്ടുന്ന ഫുഡ്‌ കഴിക്കുന്ന പോലെ ഒരു തോന്നല്‍ വരും. അതു മുന്നൊട്ടുള്ള കുതിപ്പിന്‌ എപ്പോഴും ഒരു പ്രചോദനമാണ്‌. കറിയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ എടുത്തു. ഒരു ചിക്കെന്‍ 65ഉം ഓഡര്‍ ചെയ്തു. ഭക്ഷണം കണ്ടതോടെ എല്ലാവരും വര്‍ത്തമാനമൊക്കെ മറന്നു. എന്തിനു, നേരെ നോക്കുന്നു പൊലുമില്ല. ഒരു മത്സര ഐറ്റം പോലെ.

രണ്ടാമതു ചോറിലായിരുന്നു ശ്രിദ്ധിച്ചത്‌. ക്രീം കേക്ക്‌ 2ആം വട്ടവും മേശയിലേക്ക്‌. ഒരെടുക്കലില്‍ ഒരു ചെറിയ പ്ളേറ്റ്‌ മുഴുവന്‍ കേക്ക്‌ ആണ്‌ എടുക്കുന്നത്‌. മറ്റുള്ളവര്‍ ശ്രിദ്ധിക്കുന്നുണ്ടോ എന്നൊന്നും നോക്കുന്നേയില്ല. 2ആം വട്ടവും എല്ലാവരും ഫിനിഷ്‌ ചെയ്തു. "ബുഫെയല്ലേ. നമ്മള്‍ നിര്‍ത്താന്‍ പാടില്ല", മനസ്സു പറഞ്ഞു. അപ്പോഴാണ്‌ ഒരുത്തന്‍ "എടാ ചപ്പാത്തി സൂപ്പര്‍" എന്നു വെളിപ്പെടുത്തുന്നത്‌. പിന്നെ ഒന്നും നോക്കിയില്ല. ഞങ്ങള്‍ 3ഉം പാഞ്ഞു. ചപ്പാത്തി പ്ളേറ്റ്‌ കാലി.സപ്പ്ളൈര്‍ ബില്ല്‌ എഴുതട്ടെ എന്നു ചോദിക്കാന്‍ വന്നതും നിരാശനായി മടങ്ങിയതും ഒപ്പമായിരുന്നു. അപ്പൊളാണ്‌ ക്രീം കേക്ക്‌ പ്ളേറ്റ്‌ കാലിയായതു ശ്രിദ്ധിച്ചത്‌. അവര്‍ രണ്ടാമതും ലോഡ്‌ ചെയ്തു. ഞങ്ങള്‍ വീണ്ടും ആക്രമണം തുടങ്ങി. അവസാനം എല്ലാം കഴിഞ്ഞു വര്‍ത്തമാനം പറഞ്ഞിരിക്കുമ്പൊഴും ക്രീം കേക്കും കഴിച്ചാണ്‌ എല്ലാവരും ഇരുന്നത്‌. അങ്ങനെ അതു പിന്നെയും കാലി. ഞങ്ങളെ മനസ്സിലാക്കിയിട്ടോ എന്തൊ അവര്‍ പിന്നിടു ലോഡ്‌ ചെയ്തതു അലുവയായിരുന്നു. "എടാ നമ്മളെ പറ്റിച്ചെടാ", കൂടെയുള്ളവന്‍ പറഞ്ഞു. ആ വാശിയില്‍ അതും വേഗം തീര്‍ത്തു.

 "സാര്‍ ഞങ്ങള്‍ ബുഫെ ഇന്നത്തേക്കു ക്ളോസ്‌ ചെയ്യുകയാണ്‌", വെയിറ്റര്‍ ഗദ്യന്തരമില്ലാതെ വന്നറിയിച്ചു. ഓരോരുത്തരും കഴിച്ചതിനെപറ്റി ഞങ്ങള്‍ അഭിമാനപൂര്‍വം മറ്റുള്ളവരുമായി പങ്കുവച്ചു. ബില്ലും പേ ചെയ്തു ഞങ്ങള്‍ പുറത്തേക്ക്‌. 10 രൂപക്കു ഒരു കിലോ പോത്തിറച്ചി കൊടുക്കേണ്ടി വന്ന വെട്ടുകാരന്‍റെ മനോഭാവത്തോടെ ഞങ്ങള്‍ക്കു ബില്ല്‌ കളക്റ്റര്‍ ബാക്കി തന്നു. പടം നിരാശക്കു വകയുണ്ടാക്കിയെങ്കിലും ഇതില്‍ വിജയിക്കാനായതു ഞങ്ങള്‍ക്ക്‌ സന്തോഷം തന്നു. തിരികെ ബസ്സില്‍ കയറുമ്പോഴും കടക്കാരന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനു റ്റാറ്റാ പറഞ്ഞു.

Sunday, February 21, 2010

തറവാട് എന്ന ഭക്ഷണശാല


കഴിഞ്ഞ  തവണ  ഞങ്ങള്‍  കോളേജ്  alumnis  എല്ലാം  ഒത്തു  കൂടിയപ്പോള്‍  കുമരകം  യാത്ര 
പ്ലാന്‍  ചെയ്തു.കുമരകം  ശരിക്കും  മനോഹരമായ  ഒരു  സ്ഥലമാണ്.ദൈവത്തിന്‍റെ  സ്വന്തം  നാട്  എന്ന്  തന്നെ  അതിനെ  വിളിക്കാം. ഞങ്ങള്‍  രാത്രിയില്‍  കോട്ടയത്ത്‌  ഹോട്ടലില്‍  ഒത്തു  കൂടി . എന്നിട്ട്  രാവിലെ  കുമരകം   പുറപ്പെട്ടു. ശരിക്കും മനസ്സില്‍  തങ്ങി  നില്‍ക്കുന്ന  ഒരു  യാത്ര  എന്ന് പറയാം. പഴയ   കോളേജ്  ജീവിതം  വീണ്ടു  കിട്ടിയ  പോലെ. രാവിലെ അവിടെ   എത്തിയ   ഞങ്ങള്‍  പക്ഷി  സങ്കേതം ആണ് ആദ്യം പോയത്. പക്ഷികളെ  ഒന്നും  കണ്ടില്ലെങ്കിലും  യാത്ര നല്ല   രസകരമായിരുന്നു. പക്ഷികളെയും   ഒപ്പം  സുന്ദരിമാരെയും  കണ്ടുകൊണ്ടു  ഒരു  നടപ്പ്. പിന്നിട്  ബോട്ടിങ്ങിനായി  ഇറങ്ങി. നമ്മള്‍  ഒരു  വള്ളം  സങ്കടിപ്പിച്ചു . 8 പേര്‍   അതില്‍  കയറി.ബോട്ടില്‍  പോകുന്നവര്‍ക്ക്  വള്ളത്തിലുള്ള  ഞങ്ങളെ  കാണുമ്പോള്‍  ഒരു  ആവേശം. നമ്മള്‍ക്ക്  അതിനെക്കാള്‍  ആവേശം. അങ്ങനെ   ഒന്നര   മണിക്കൂര്‍   ബോട്ട്   യാത്ര  വേഗം  തീര്‍ന്നു. വിശപ്പിന്‍റെ വിളി ശക്തമായി.


അപ്പോളാണ്  ഞങ്ങളുടെ  കൂടെയുണ്ടായിരുന്ന  കുമരകം   വിദഗ്ദ്ധന്‍  ഞങ്ങളെ  അവിടെ  തന്നെ ഉള്ള  തറവാട്  എന്ന  ഭക്ഷ്ണശാലയിലേക്ക്   നയിച്ചത്. പുറമേ   നിന്ന്   "കള്ള്   ഷാപ്പ്‌"  എന്നൊരു  ബോര്‍ടെ  വായിക്കാവു. പക്ഷെ  അകമേ  നല്ല  കിടിലന്‍   ഭക്ഷണം   ലഭിക്കും. ഞങ്ങള്‍  നേരെ  അകത്തേക്ക്  കയറി. കപ്പ   പുഴുക്കും,   കക്ക   വറുത്തത്‌, ഞണ്ട്  കറി, ബീഫ്‌  ഫ്രൈ, കിളിമീന്‍  വറുത്തത്‌, കൊഞ്ചു  റോസ്റ്റ്, പുഴമീന്‍   കറി, ഞാവനിങ്ങ  ഉലര്‍ത്തിയത്  എന്നിവയും  ഓര്‍ഡര്‍  ചെയ്തു. ആവശ്യക്കാര്‍ക്ക്  നല്ല  സ്വയമ്പന്‍  കള്ളും. ഫുഡ്‌  കിടിലമായിരുന്നു . വ്യത്യസ്ത   ഐറ്റംസ്  നല്ല  ടെയ്സ്റ്റില്‍    പാചകം  ചെയ്തിരിക്കുന്നു. തീറ്റയില്‍  ഞങ്ങളാരും  മോശമല്ലാത്തത്‌  കൊണ്ട്  ഫുഡ്‌  വേഗം   തീര്‍ന്നു. കൂട്ടത്തില്‍  ഞണ്ട്  കറിയും  കൊഞ്ചു  റോസ്റ്റും  ഇടിവെട്ട്  എന്ന്  പറയാതെ  വയ്യ. ഇപ്പഴും  അത്  ഓര്‍ക്കുമ്പോള്‍  വിശക്കുന്നു. താമസിയാതെ   അവിടേക്ക്   ഒന്ന്  കൂടി  പോണം. രുചികരമായ  ഭക്ഷ്ണമാണല്ലോ  പ്രധാനം.