Raise our Conscience against the Killing of RTI Activists




Saturday, December 3, 2011

ചിരി എന്ന ആശയം


മനുഷ്യന്‍റെ പുറംവാതിലുകളാണ് വികാരങ്ങള്‍. അവ മാറിയും മറിഞ്ഞും നമ്മുടെ ഉള്ളിനെയും ചുറ്റുപാടിനെയും കൂടുതല്‍ സന്തോഷപരമോ, സങ്കടപരമോ ഒക്കെ ആക്കുന്നു. ചുറ്റുപാടുകളിലേക്ക് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും  അവ തന്നെ. വികാരങ്ങള്‍ എന്ന പാതയിലൂടെ മനുഷ്യര്‍ പ്രാഥമീക ആശയങ്ങള്‍ കൈമാറുന്നു. വികാരങ്ങള്‍  യഥാര്‍ത്ഥമായി നമ്മുടെ മുഖത്ത് പ്രതിഫലിപ്പിക്കുന്നതും ഒരു കഴിവ് തന്നെ. അവയില്‍ കാപട്യം നിറയുമ്പോള്‍, ചുറ്റുപാടുകളും അതിനാല്‍ നിറക്കപ്പെടുന്നു. ചിരി ഒരു വികാരമാണോ എന്നറിയില്ല. എന്നാല്‍ അനുഗ്രഹീതര്‍ക്ക് അതൊരു അലങ്കാരമാണെന്നു വായിച്ചതോര്‍ക്കുന്നു.

കോശങ്ങളില്‍ മാറ്റം വരുത്താന്‍ ചിരിക്ക് സാധിക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വൈറസുകളോട് പോരാടുന്ന കോശങ്ങള്‍ സജീവമാകുകയും, പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫലിതങ്ങള്‍ പറയുന്നതും,കേള്‍ക്കുന്നതും പ്രയോജനപ്രദം തന്നെ. അതുവഴി, ചിരി ഉയരുമ്പോള്‍ തലച്ചോറിന്‍റെ തരംഗ വീഥികള്‍ സജീവമാകുന്നു. ഉറക്കെ ചിരിക്കുമ്പോള്‍ പല വേദനകള്‍ക്കും ശമനം അനുഭവപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു. മേക്സിക്കോയിലെ പ്രധാന കാന്‍സര്‍ ചികല്‍സാ കേന്ദ്രമായ ഒയാസിസ്‌ ഓഫ് ഹോപില്‍ ചികല്‍സാക്രമത്തില്‍ മുപ്പതു വര്‍ഷമായി ചിരി ഒരു പ്രധാന ഇനമായി ഉപയോഗിച്ച് വരുന്നു. അത് വളരെ ഫലപ്രദമാണെന്നു അവിടുത്തെ ഡോക്ടേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.

പ്രശസ്ത ഗവേഷകനായ ലീ ബെര്‍ക്ക്‌ സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരം, "മാനസീകവും ശാരീരികവുമായ നന്മയുടെ അനുഭവം വരുത്താന്‍ ചിരിക്ക് കഴിയും. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ദഹനം എളുപ്പമാക്കുന്നു. രക്തസമ്മര്‍ദം കുറക്കുകയും, പേശീമര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു". മറ്റൊരു ഗവേഷകനായ നോര്‍മന്‍ കസിന്‍സ്‌ സ്വന്തം ജീവിതത്തില്‍ നിന്നാണ് ചിരിയുടെ ശക്തി തിരിച്ചറിഞ്ഞത്. തന്‍റെ രോഗ ശമനത്തിന് ചിരി ഏറെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്രകാരം അഭിപ്രായങ്ങള്‍ നിരവധിയാണ്. സ്വാഭാവീക ചിരി കുറഞ്ഞു വരുന്നൊരു സമൂഹത്തില്‍, രോഗങ്ങള്‍ക്കെതിരെയെങ്കിലും ചിരികള്‍ സൃഷ്ടിക്കപ്പെടട്ടെ.

ജീവിതം ഒരാവര്‍ത്തനമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ചിലപ്പോള്‍ മാറിയേക്കാം. ആവര്‍ത്തിക്കപെടാത്തതായ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുലോം കുറവായിരിക്കും. ആവര്‍ത്തിക്കപ്പെടാത്തതെന്നു കരുതപ്പെടുന്ന ഇപ്രകാരമുള്ള ദിവസങ്ങളാവും നമ്മുടെ ഏറ്റവും ഓര്‍മയുള്ള ദിവസങ്ങളും. ചുറ്റുപാടുമായി ബന്ധങ്ങള്‍ ഇല്ലാതെ നടക്കുന്ന ഒരു വ്യക്തിക്ക് ആവര്‍ത്തനദിനങ്ങള്‍ വളരെ കൂടി നില്‍ക്കും. മാഹാന്മാരെല്ലാം തങ്ങളുടെ ജീവിതത്തിലെ ഈ ആവര്‍ത്തനത്തെ ചുറ്റുപാടുമായുള്ള പുതിയ പുതിയ കെട്ടുപാടുകളിലൂടെ, മാറ്റാന്‍ ശ്രമിച്ചിരുന്നു. ചിരിയാണ് ഇവരില്‍ പലരും ഇതിനായി ഉപയോഗിച്ചിരുന്നത്. പകല്‍ മുതല്‍ സന്ധ്യ വരെ മനുഷ്യന്‍ പ്രതിസന്ധികളോട് മത്സരിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ രൂപവും ഭാവവും മാറി കുഞ്ഞന്മാരും വമ്പന്മാരുമായി വരുന്നു. ഇവയില്‍ പലതിനെയും നേരിടാന്‍ നിസ്സഹായനെന്നു കരുതപ്പെടുന്ന ഒരു ചിരിക്ക് സാധിക്കും.

ശാസ്ത്രത്തിന്‍റെ ഒരു ചെറു തത്വം കടമെടുത്താല്‍ ലോകത്ത് പദാര്‍ത്ഥവും ഊര്‍ജ്ജവും സൃഷ്ടിക്കപ്പെടുന്നില്ല. ആദിമ കാലം മുതലുള്ളതിനു രൂപമാറ്റം സംഭാവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമ്മയുടെ ഉദരത്തില്‍ നമ്മള്‍ വളര്‍ച്ച പ്രാപിക്കുന്നത് ഈ ഭൂമിയില്‍ നിന്ന്‍ കൈക്കൊള്ളുന്ന ഊര്‍ജത്തില്‍ നിന്നും പദാര്‍ത്ഥത്തില്‍ നിന്നുമാണ്. അതിനു ശേഷം വളരുന്നതും അങ്ങനെ തന്നെ. ചുരുക്കത്തില്‍ നമ്മള്‍ ഈ ഭൂമിയിലെ പദാര്‍ഥത്തിന്‍റെ ഒരു രൂപമാറ്റം മാത്രം. നമ്മുടെ മുന്‍തലമുറകള്‍ ജീവിച്ചു മരണമടഞ്ഞു ലയിച്ചു ചേര്‍ന്നതും ഈ ഭൂമിയിലേക്ക്. അപ്പോള്‍ നമ്മുടെ മുന്‍ തലമുറകലില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥങ്ങള്‍ അല്പമെങ്കിലും നമ്മുടെ ശരീരത്തിലും ഉണ്ടാവില്ലേ. എന്‍റെ കാലിലെ ഒരു കോശം ചിലപ്പോള്‍ തലമുറകള്‍ക്ക് മുമ്പുള്ള ഒരു വ്യക്തിയുടേതില്‍ ഉണ്ടായിരുന്ന പദാര്‍ത്ഥമാവാം. നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന വ്യക്തികളിലും അങ്ങനെ തന്നെ. പല തലമുറകളുടെയും പദാര്‍ത്ഥങ്ങള്‍ നമ്മളുടെ ഉള്ളിലുണ്ടെങ്കില്‍, നമ്മളെല്ലാം യഥാര്‍ത്തമായ അര്‍ത്ഥത്തില്‍  ബന്ധുക്കള്‍ അല്ലെ. ചുറ്റുപാടും കാണുന്ന ഭിക്ഷക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ എല്ലാവരും ഭൂമിയില്‍ നിന്ന് അവതാരമെടുക്കുന്നു. നമ്മുടെ ഈ ബന്ധുക്കളെ നോക്കി യാതൊരു നഷ്ടവുമില്ലാത്ത ഒരു ചിരിയെങ്കിലും കൈമാറുന്നതില്‍ എന്തിനു വൈമുഖ്യം?

ചിരി ഒരാശയമാണ്. ഇതിനെ പ്രായോഗീകവല്‍ക്കരിച്ച എല്ലാവരും വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗിച്ച പലരുമാവും ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ചിരിയിലൂടെ ലോകം മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ ചുറ്റുപാടുകള്‍ മാറ്റാം, ബന്ധങ്ങള്‍ മാറ്റാം, നമ്മുടെ ആരോഗ്യം മാറ്റാം. സമൂഹത്തില്‍ ചിരിയെ അലയടിപ്പിക്കാം. ഒരാളുടെ ചിരി ചിലപ്പോള്‍ ഓളങ്ങള്‍ പോലെ സമൂഹത്തില്‍ ഒഴുകി നടക്കും. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു ചിരിക്കാതെ നടക്കണം. ചിരിക്കൂ, മനുസ്സു തുറന്നു തന്നെ.

Sunday, November 20, 2011

വധശിക്ഷകള്‍ നാടുവാഴുമ്പോള്‍


കൊടും കുറ്റവാളികള്‍ക്ക് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നല്‍കുന്ന പരമോന്നത ശിക്ഷയാണ് വധശിക്ഷ. നമ്മുടെ രാജ്യത്തും അങ്ങനെ തന്നെ. മറ്റു ശിക്ഷകള്‍ നിന്ന് വിഭിന്നമായി ജീവിക്കാനുള്ള അവകാശം തന്നെ ഹനിക്കുന്ന വധശിക്ഷക്കെതിരെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ഇത്തരം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ഒരു വിജയമാണ്. ഓരോ വ്യക്തിയുടെയും ആശയങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ബ്ലോഗുലോകത്ത്, ഞാന്‍ എന്‍റെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ഇന്ന് നിലനില്‍ക്കുന്ന വളരെ ചുരുക്കം സാമൂഹിക ജീവികളില്‍ പെടും മനുഷ്യന്‍. സമൂഹത്തിന്‍റെ സഹായം മനുഷ്യന്‍റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. തിരിച്ച് സമൂഹത്തിന്‍റെ നിലനില്‍പ്പിനും ഇതാവശ്യമാണ്. പ്രാചീന കാലം മുതല്‍ രൂപപ്പെട്ടു വന്നിരിക്കുന്ന ഈ കൂട്ടായ്മയുടെ സമാധാനപരമായ നിലനില്‍പ്പിനും, കെട്ടുറപ്പിനും, അതിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും സാമൂഹിക നീതി എന്ന് ബോധ്യപ്പെടുന്ന നിയമങ്ങള്‍ ആവശ്യമാണ്‌. ഇതിനെ ലംഘിക്കുന്നവരെ അതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റി പ്രത്യേകം പാര്‍പ്പിക്കുന്നു. പ്രാചീന കാലത്ത് തന്നെ ഉടലെടുത്ത ഇത്തരം ഒരു ചിന്താഗതി ക്രമേണ തടവറകള്‍ എന്നതിലേക്ക് രൂപാന്തരപ്പെട്ടു എന്ന് കരുതാം. ഇപ്രകാരമുള്ള വാസത്തിലെ അവസ്ഥകള്‍ ക്രമീകരിച്ചു തന്നെ ഈ ശിക്ഷകളുടെ കാഠിന്യവും മാറ്റാം.

ഒരു വ്യക്തിക്ക് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ഏകാന്തത ആണെന്ന് ഞാന്‍ കരുതുന്നു. സാഹൂഹിക ജീവിതത്തിലെ യാതൊരു വിധ ആവശ്യങ്ങളും നിറവേറ്റാനാവാതെ കഴിയുന്ന അത്തരം ഒരവസ്ഥ വധശിക്ഷയെക്കാള്‍ ഭയാനകമായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ടു ഏകാന്ത തടവില്‍ കഴിയുന്ന പലരും തങ്ങളുടെ ശിക്ഷ നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നതായി അടുത്തിടെ ദേശീയ ദിനപത്രമായ ഹിന്ദുവില്‍ വന്നൊരു വാര്‍ത്ത ഓര്‍ക്കുകയാണ്. ഇത് ഒരിക്കലും മരണത്തോടുള്ള ഒരു താല്പര്യം നിമിത്തമാണ് എന്ന് ഞാന്‍ കരുതിന്നില്ല. മറിച്ചു, ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന ശിക്ഷയെക്കള്‍ ലഘുവാണ് മരണം എന്ന്‍ ആശ്വസിക്കുന്നതുകൊണ്ടാവണം. അനേകം പേര്‍ ആത്മഹത്യകള്‍ വഴി നിസ്സാരമായി ജീവിതത്തെ അവസാനിപ്പിക്കുന്നൊരു തലമുറയില്‍, കൊടും കുറ്റവാളികള്‍ക്കും മരണം എന്നൊരു ആനുകൂല്യം നല്കുകയാണോ വേണ്ടത് എന്നതും ചിന്തനീയം തന്നെ.

വധശിക്ഷക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ട്. ഒരു മനുഷ്യാവകാശം എന്ന പേരിലല്ല ഞാന്‍ ഇതിനെ എതിര്‍ക്കുന്നത്. ഇത്തരം വ്യക്തികള്‍ മറ്റനേകം മനുഷ്യരുടെ അവകാശം ഹനിച്ചിട്ടുണ്ടാവും. ഹനിക്കപ്പെട്ട വ്യക്തികള്‍ക്ക് യഥാസമയം നീതി ലഭിക്കുന്നില്ല എന്ന അവസ്ഥയില്‍ ഒരു രാജ്യത്ത് പലരും നിയമം കൈലെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, തീര്‍ച്ചയായും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ആവശ്യമായുണ്ട്. ഒരു രാജ്യം പൌരന് നല്‍കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണെന്നൊരു ചിന്താഗതി അനേകരുടെ ഇടയില്‍ ഇന്നുമുണ്ട്. അതിനെ മനശാസ്ത്രപരമായി ലഘുവായി ഖണ്ഡിക്കാന്‍ സാധിക്കും. ഭാവി മുഴുവന്‍ ഏകാന്തതയില്‍ ഇരുളടയുന്ന ഒരു വ്യക്തിയുടെ വേദനയുടെ അത്രയും ഒരു വധശിക്ഷക്കും നല്‍കാനാവില്ല.

സ്വാഭാവീകമായി ഒരു വ്യക്തിയുടെ ഉള്ളില്‍ ഉയരുന്ന മറ്റൊരു ചോദ്യം, തങ്ങള്‍ രാജ്യ പുരോഗതിക്ക് വേണ്ടി സര്‍ക്കാരിലേക്ക് അടക്കുന്ന പണം ഇത്തരം വ്യക്തികളെ തീറ്റി പോറ്റാനല്ലേ ഉപകരിക്കൂ എന്നതാണ്. വധ ശിക്ഷക്കുള്ള ഒരു ഗുണം അത് സമൂഹത്തില്‍ മറ്റെല്ലാ ശിക്ഷകളെക്കാള്‍ ഭയം ജനിപ്പിക്കുമെന്നതാണ്. അതിനാല്‍ തന്നെ സാധാരണ ജനം കുറ്റകൃത്യത്തില്‍ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്ര ആശയത്തെ സ്വീകരിച്ചവരെയോ, കൊടും കുറ്റവാളികളെയോ ഒരിക്കലും വധശിക്ഷ ഭയപ്പെടുത്തുന്നില്ല. മറിച്ചു, അവര്‍ തങ്ങളുടെ ആവശ്യത്തിനായി മരിക്കുവാന്‍ തയ്യാറായിരിക്കും. ഇത്തരത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് , ആശയങ്ങള്‍ കൈമാറുവാനില്ലാത്ത ഏകാന്തതയെ തന്നെയാവും. അതിനാല്‍ തന്നെ ഇത്തരം കൊടും കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏകാന്ത തടവിനെ വധശിക്ഷയെക്കാള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നത് മറ്റൊരു അഭിപ്രായം.

കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ നമ്മളും, ആ കുറ്റവാളികളും തമ്മില്‍ എന്ത് വ്യത്യാസം എന്നത് ചിന്തിക്കപ്പെടെണ്ട ഒരു മറ്റൊരു മനുഷ്യത്വപരമായ ചോദ്യമാണ്. സമൂഹത്തില്‍ അവര്‍ മൂലം ഇല്ലാതായ ഒരു കൂട്ടം വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം പോലെ നമ്മളും തിരിച്ചു പെരുമാറുകയല്ലേ?
മനുഷ്യത്വപരമായ ഒരാനുകൂല്യത്തിനും അര്‍ഹതയില്ലാതിരിക്കുമ്പോള്‍ തന്നെ,  സാമൂഹിക അവബോധമുള്ളൊരു  സമൂഹം തിരിച്ചു അതെ രീതിയില്‍ പെരുമാറില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അയാള്‍ സമൂഹത്തിനു വേണ്ട എന്ന രീതിയില്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളാം. എന്നാല്‍, ലോകത്ത് നിന്നു തന്നെ പുറന്തള്ളാന്‍ നമുക്ക് അവകാശമുണ്ടോ എന്നത് മറ്റൊരു ചിന്തനീയ വിഷയം തന്നെ.

ഞാന്‍ തുടക്കത്തില്‍ കുറിച്ചത് പോലെ ഇത് എന്‍റെ ചിന്തകള്‍ മാത്രമാണ്. നിങ്ങളുടെയുള്ളില്‍ ഒരു വിചാരമെങ്കിലും വധശിക്ഷക്കെതിരെ പോയെങ്കില്‍, നിങ്ങളുടെ മനസ്സാക്ഷി ഈ വാദത്തെ ഉള്‍ക്കൊണ്ടു എന്ന്‍ കരുതുന്നു. ഇവയെ ഞാനൊരു വാദമായി നിങ്ങളുടെ മുന്നില്‍ അവതരപ്പിക്കുകയാണ്. അവസാന വിധി ന്യായം പുറപ്പെടെണ്ടത് വായനക്കാരുടെ മനസ്സില്‍ നിന്നും. ഭൂരിപക്ഷം പേരുടെയും മനസ്സാക്ഷിയില്‍ ഇവയുമായി നേരിട്ടൊരു വാദ പ്രതിപാദത്തിനാണ് സാധ്യത. ഇവിടെ വിധി കര്‍ത്താക്കള്‍ അനേകരാണ്. വാദികള്‍ മനുഷ്യത്വവും മനസ്സാക്ഷിയും തന്നെ.

Sunday, November 13, 2011

വിശക്കുന്ന ലോകം


                           സ്ഥലം കൊല്ലം റെയില്‍വേ സ്റ്റേഷന്‍‍. സമയം ഉദ്ദേശം രാത്രി 8 മണി കഴിഞ്ഞു. ഞായറാഴ്ചകളില്‍ കോട്ടയം കൊല്ലം പാസഞ്ചറിനു യാത്ര ചെയ്യുന്ന ഞാന്‍, അവിടെയിറങ്ങി ഭക്ഷണം കഴിച്ച ശേഷമാണ് അടുത്ത ട്രെയിനിനാണ്  പുറപ്പെടുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുള്ള താല്പര്യ കൂടുതല്‍ കൊണ്ടു തന്നെ, അമ്മ വീട്ടില്‍ നിന്ന് തന്നയക്കുന്ന പൊതി ചോറാണ് കഴിക്കാറ്. കാര്യമായി വിശപ്പൊന്നുമില്ല. എന്നിരുന്നാലും ഭക്ഷണം വെറുതെ കളയണ്ട എന്ന ചിന്തയില്‍, കഷ്ടപ്പെട്ട് കഴിക്കുകയാണ്. സമീപത്തായി എന്‍റെ പക്കലേക്ക് ഭക്ഷണത്തിനായി ഒരു കൈ നീളുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് വളരെ കുറച്ചു ഭക്ഷണം മാത്രം ബാക്കിയുള്ളപ്പോഴാണ്. സാധാരണ പ്രതികരണം എന്ന രീതിയില്‍ ഞാന്‍ ആദ്യം അയാളെ മാറ്റി വിടുവാനായി ശ്രമിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ഒരുരുള ചോറ് ഞാന്‍ കൈയ്യില്‍ വെച്ച് കൊടുക്കാന്‍ നോക്കിയെങ്കിലും അത് ഇലയില്‍ തന്നെ വെച്ചുകൊള്ളാന്‍ അയാള്‍ ആംഗ്യം കാണിച്ചു. മലയാളിയുടെ സ്വദസിദ്ധമായൊരു അസ്വസ്ഥതയോടെ ഞാന്‍ ആ ഇല കൈ മാറി അവിടെ നിന്നെഴുന്നേറ്റു ദൂരെ മാറി അയാള്‍ കഴിക്കുന്നത്‌ നോക്കി നിന്നു. ഇലയില്‍ നിന്നും നിലത്ത് വീണ വറ്റ് പോലും ആ മനുഷ്യന്‍ പറക്കി കഴിക്കുന്നുണ്ട്. അതിനു ശേഷം കാലിയായ ഇലയെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച് അവിടെ നിന്ന് തന്നെ അടുത്ത പൊതിയും എടുത്ത് ആര്‍ത്തിയോടെ ഭക്ഷിക്കുകയാണ്. എന്‍റെ അസ്വസ്ഥത ഒരു ഗദ്ഗദത്തിനു വഴിമാറിയത് പെട്ടെന്നായിരുന്നു.

                             ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം ആണ് എനിക്കുണ്ടായത്. പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം, അത് എന്നെ നിശബ്ദനാക്കി. സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദദയുടെയും വാതായനങ്ങളാണെന്നും എനിക്കൊരു അഭിപ്രായമുണ്ട്.

                               കാര്‍ന്നവന്മാരുടെ പുണ്യം കൊണ്ടോ, ഈശ്വരാനുഗ്രഹം കൊണ്ടോ, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സൌകര്യങ്ങളെല്ലാമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. ധൂര്‍ത്തിന് നയാ പൈസ ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ശരിയായ വിശപ്പെന്ത് എന്നത് എനിക്ക് ഇന്നും സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലെ താളുകള്‍ മാത്രമാണ്. അതിനാല്‍ തന്നെയായിരിക്കണം ഇവയില്‍ നിന്നുള്ള അറിവുകള്‍ പേപ്പറുകളില്‍ മാത്രമായി നിലകൊണ്ടതും. വിശക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റും ഇന്നും നിലനിലക്കുന്നത്, സമൂഹത്തിലെ ബഹു ഭൂരിപക്ഷം പേരും ഇങ്ങനെ താളുകളിലൂടെ മാത്രം സാമൂഹ്യ ശാസ്ത്രം മനസ്സിലാക്കുന്നതിനാലാവണം. ഇവര്‍ക്ക്, അക്കൂട്ടര്‍ വെറും "പുവര്‍ ബെഗ്ഗേഴ്സ്‌" മാത്രമായി നിലകൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളും അക്കൂട്ടത്തില്‍ പെടുന്നുണ്ട്. നാമും ജീവിതം മുന്നോട്ട് നീക്കുന്നതിനു, മാന്യമെന്നു നാം മനസ്സിലാക്കിയതോ, സമൂഹം അംഗീകരിച്ചതോ ആയ മാര്‍ഗങ്ങളിലൂടെ പലരോടും കൈ നീട്ടികൊണ്ടിരിക്കുന്നു.

                                     പണം എന്നും ഒരു ആഭിസാരികയാണ്. ആവശ്യത്തിനുള്ളവരിലേക്ക് അത് വീണ്ടും വീണ്ടും എത്തുന്നു. ഇല്ലാത്തവന്‍റെ അടുത്ത് ഒരിക്കലും പോകുന്നുമില്ല. അതിനെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പല പരിശ്രമങ്ങളും അക്രമത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇവയൊക്കെ ആത്മീയമായ ചിന്തകളാണെന്നു നിങ്ങള്‍ക്ക് സമര്‍ത്ഥിക്കാം. അത് ഒരു സത്യവുമാണ്. ചിലപ്പോഴൊക്കെ ആത്മീയത മനസ്സില്‍ കടന്നു വരാറുണ്ട്. ക്ഷണിക്കാതെ വരുന്ന അത്, ആരോടും പറയാതെ തിരികെ പോവാറുമുണ്ട്. അതിനെ പൂര്‍ണമായും മനസ്സിലാക്കിയ ഋഷിമാര്‍ക്കും വൈദീകര്‍ക്കും, അതിനെ വെറുത്തു ലൌകീകതയെ സ്വന്തമാക്കിയ ലൌകീക ജീവികള്‍ക്കും ഇടയിലാണ് സാധാരണ ജനം എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്‍റെ സ്ഥാനം. അതിനാല്‍ തന്നെ ചിന്തകളില്‍ നിന്ന് പടിയിറങ്ങും മുന്‍പ് ആത്മീയത പലതും ഓര്‍മപ്പെടുത്തുന്നു, ഉത്തരവാദിത്വങ്ങളെ, അര്‍ത്ഥമില്ലായ്മയെ, ജീവിതത്തെ എല്ലാം.

                                    ആത്മീയതയും ലൌകീകതയും ഒരു സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്‌ എന്ന വാദക്കാരുടെ കൂട്ടത്തില്‍ ഞാനും പെടും. അതിനാല്‍ ഇത്തരത്തില്‍ അനുഭവവേദ്യമാകുന്ന ചിന്തനീയ സംഭവങ്ങള്‍ വളരെ വേഗം മറക്കപെടുകയും, അക്കൂട്ടര്‍ വീണ്ടും പുവര്‍ ബെഗ്ഗേഴ്സ് തന്നെയായി മാറുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ പൊതുവിലുള്ള ചിന്താധാര ലൌകീകതയിലേക്ക് ചേക്കേറുന്ന ഒരു കാലഘട്ടത്തില്‍, സമൂഹത്തില്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയരുക തന്നെ ചെയ്യും. എന്നാല്‍ ആത്മീയത ഉയര്‍ത്തിവിടുന്ന എന്തിനു? എവിടേക്ക്? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. അതിനെ പറ്റി ചിന്തിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ. തലമുറകള്‍ കഴിയുന്തോറും ശാസ്ത്രസത്യം വികസിക്കുന്നുവെങ്കിലും ചില അടിസ്ഥാന സത്യങ്ങള്‍ തലമുറകള്‍ പിന്നിലേക്ക്‌ പോവുന്നുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നു.

                                    ജോലി കിട്ടി പുറപ്പെടുമ്പോള്‍ അമ്മ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. "നിന്‍റെ ശമ്പളം ഒരിക്കലും മുഴുവന്‍ നിനക്കുള്ളതല്ല. അതിലെ ഒരു പങ്കു സമൂഹത്തില്‍ വിശക്കുന്നവര്‍ക്കുള്ളതാണ്. അവരെ നീ തേടി നടക്കുകയും വേണ്ട. അവര്‍ നിന്‍റെ മുമ്പില്‍ വരും. അവരെ സഹായിക്കുക". ഇതിനെ ഞാന്‍ മറന്നു കളഞ്ഞെങ്കിലും അജ്ഞാതനായ ആ വ്യക്തി ഇന്ന് വീണ്ടും അവയെ ഓര്‍മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ എനിക്കു ഗുരുവായി മാറിയിരിക്കുന്നു ആ മനുഷ്യന്‍. ഇരുളു വീണ ആ പ്ലാട്ഫോമിലേക്ക് അടുത്ത ട്രെയിന്‍ എത്തി കഴിഞ്ഞിരുന്നു. വിശപ്പില്ലാത്തവരുടെ ജീവിതങ്ങളിലേക്ക് ഞാനും എന്‍റെ യാത്ര തുടര്‍ന്നു.

Saturday, September 10, 2011

ശരത്ത്മോന്‍ റോക്ക്സ്,

ശരത്ത്മോന്‍ വലിയൊരു വയലനിസ്റ്റ്‌ ആണ്. അഥവാ, ശരത്ത്മോന്‍റെ തന്നെ അഭിപ്രായത്തില്‍ അങ്ങനെ ആണ്. നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങിയതാണത്രേ ശരത്ത്മോനു വയലിനോടുള്ള താല്പര്യം. ചെറുതായിരിക്കുമ്പോള്‍ ടീവിയില്‍ വയലിന്‍ വായിക്കുന്നവരെ കണ്ടു സ്വയം അനുകരിക്കുമായിരുന്നു എന്നാണു  അവന്‍റെ തന്നെ ഭാഷ്യം. വായനക്കാര്‍ ക്ഷമിക്കണം, ശരത്ത്മോനെ ഞാനിതു വരെ പരിചയപ്പെടുത്തിയില്ല. ആള്‍ എന്‍റെ കൂടെ ജോലി ചെയ്യുന്ന, എന്‍റെ സഹമുറിയനാണ്.

അടുത്തിടെ ഒരു ടിവി പരിപാടി കാണുമ്പോഴാണ് ശരത്ത്മോന് പിന്നെയും വയലിനോടുള്ള താല്പര്യം പുനര്‍ജനിച്ചത്. ഒട്ടും അമാന്തിച്ചില്ല, അടുത്ത് തന്നെയുള്ള ഒരു വയലിന്‍ ക്ലാസിനു ആശാന്‍ ചേര്‍ന്നു. എന്നും വൈകിട്ടു ജോലി കഴിഞ്ഞാല്‍ ഉടനെ വയലിന്‍ പഠിക്കാന്‍ പോകും. അങ്ങനെ രണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും അവന്‍ ബാലപാഠങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെയാണ്, തീക്ഷണമായൊരു രാഗം വായിച്ചതാണെന്നാണ് അവന്‍ പറയുന്നത്, ക്ലാസ്സില്‍ വച്ച് വയലിന്‍റെ കമ്പി പൊട്ടി രണ്ടു പീസായി. പത്തിരുപത്തഞ്ചു വയസ്സായ ഇവന്‍റെ കൂടെ പഠിക്കുന്നതെല്ലാം, നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളാണ്. കമ്പി പൊട്ടുന്ന ശബ്ദം കേട്ട് അടുത്ത് വായിച്ചു കൊണ്ടിരുന്ന അഞ്ചില്‍ പഠിക്കുന്ന ഒരു പയ്യന്‍ ഉറക്കെ  സാറിനോട്, " സാറേ, ദേ ഈ ചേട്ടന്‍ കമ്പി പൊട്ടിച്ചു". അവനെ കണ്ണുരുട്ടി ഒതുക്കിയെങ്കിലും സാറിന്‍റെ വായിലുരന്നത് മുഴുവന്‍ ശരത്ത്മോന്‍ അപ്പോഴേക്കും മേടിച്ചു പിടിച്ചിരുന്നു.

ഒരു ദിവസം അണ്ണനൊരു ബോധോദയം, സ്വന്തമായി ഒരു വയലിന്‍ ഉണ്ടെങ്കിലെ, താളമൊക്കെ നന്നാവൂ. ഒട്ടും അമാന്തിച്ചില്ല, സ്വന്തമായി ഓരെണ്ണമങ്ങു മേടിച്ചു. അതോടുകൂടി സഹമുറിയനായ എന്‍റെ കാര്യം പോട്ടെ, അയല്‍ക്കാര്‍ക്ക് പോലും രക്ഷയില്ലാതായി. രാത്രിയാകുമ്പോള്‍ തുടങ്ങും ശരത്ത്മോന്‍റെ വയലിന്‍ കലാപരിപാടികള്‍. നമ്മളൊന്നും ഇതുവരെ കേട്ടിട്ടില്ലാത്ത പല ശബ്ദങ്ങളാണ് വയലിനില്‍ നിന്ന് പുറത്തു വരിക. 

സജിത്തും ഹരിയും  ശരത്ത്മോന്‍റെ ഉറ്റ ചങ്ങാതിമാരാണ്. രണ്ടു പേരും തറ എന്നൊന്നും പറയാന്‍ പറ്റില്ല. അതിലും താഴെയാണ്. ഇതില്‍ ഹരിക്ക് വയലിന്‍ വായിക്കാന്‍ അറിയാം എന്നാണു അവന്‍ തന്നെ പറഞ്ഞു പരത്തിയിരിക്കുന്നത്. ശരത്ത്മോന്‍ വയലിന്‍ മേടിച്ച കാര്യമറിഞ്ഞ്, സജിത്തും ഹരിയും ഒരിക്കല്‍ ശരത്ത്മോന്‍റെ അടുക്കല്‍ വന്നു. അവര്‍ ചോദിച്ചു,

"എടാ നീ ക്രോസിന്‍ പൊടി ഇടുന്നുണ്ടോ ബോയില്‍?"‍(വയലിന്‍ വായിക്കുന്ന വടി പോലിരിക്കുന്ന സാധനം)
"ഇല്ലെടാ. അതെന്തിനാ?"
"എടാ മണ്ടാ, എന്നാലല്ലേ ബോയ്ക്ക് ഗ്രിപ്പ് കിട്ടു. എന്നാലേ നല്ല ശബ്ദം വരൂ. എല്ലാവരും അങ്ങനെയല്ലേ വായിക്കുന്നത്."
"എടാ അതിനു ക്രോസിന്‍ തന്നെ പോടിച്ചിടുന്നതെന്താ? അതൊരു മരുന്നല്ലേ?"
"പോട്ടാ, എടാ ക്രോസിന്‍ തരികള്‍ ഭയങ്കര റഫ് ആണ്. അതുകൊണ്ട് നല്ല ഗ്രിപ്പ് കിട്ടും"
"എന്നാ ക്രോസിന്‍ തന്നെ എന്തിനാ പൊടിക്കുന്നത്, വല്ല പാരസെറ്റാമോളും പോടിച്ചാല്‍ പോരെ?" എന്നായി ശരത്ത്മോന്‍‍. 
ക്രോസിന്‍റെ കെമിക്കല്‍ ഫോര്‍മുല വച്ചൊരു ക്ലാസ്സും, മണ്ട പോട്ടാ വിളി അനിയന്ത്രിതവുമായപ്പോള്‍, ക്രോസിന്‍ തന്നെയാണ് വേണ്ടതെന്ന് ശരത്ത്മോനു മനസ്സിലായി.

പൊടി ഇട്ടു വായിച്ചു കഴിഞ്ഞിട്ടും കാര്യമായ മാറ്റം ശരത്ത്മോനു തോന്നിയില്ല. എന്നാലും വിവരമുള്ളവര്‍ പറഞ്ഞതല്ലേ. ശരത്ത്മോന്‍ വായന തുടര്‍ന്നു. അങ്ങനെയിരിക്കെ, സജിത്തും ഹരിയും, ശരത്ത്മോനും, അവന്‍റെ വയലിന്‍ സാറും കൂടി കാറില്‍ ഒരു ദിവസം വയലിന്‍ ക്ലാസിനു പോകുകയാണ്. അന്ന് വായിക്കാന്‍ വേണ്ടിയുള്ള പൊടിക്കായി കുറച്ചു ഗുളിക ഹരി ശരത്ത്മോനു കൊടുത്തു. കിട്ടിയ പാടെ അവന്‍ ഇരുന്നു ഗുളിക പൊടിക്കാന്‍ തുടങ്ങി. മഞ്ഞ കളറിലുള്ള ഗുളിക കണ്ടു സംശയം തോന്നിയ ശരത്ത്മോനോട്, അത് മറ്റൊരു കമ്പനിയുടെ ക്രോസിന്‍ ഗുളികയാണെന്നായി സജിത്ത് . കുറെ നേരമായി ഇരുന്നു ഗുളിക പൊടിക്കുന്ന ശരത്ത്മോനെ കണ്ടു സാര്‍ കാര്യമന്വേഷിച്ചു. അവന്‍ സംഭവം വിശദീകരിച്ചതും കാറില്‍ ഒരു പൊട്ടിച്ചിരിയായിരുന്നു. ഒന്നും മനസ്സിലാകാതെ ഇരുന്ന അവനോടു സാര്‍ പറഞ്ഞു, "എന്‍റെ ശരത്തെ, വയലിനു വേണ്ടതു ക്രോസിന്‍ പോടിയല്ല, റോസിന്‍ പൊടിയാ. അത് പോടിയായിട്ടു തന്നെ മേടിക്കാനും കിട്ടും."  ശരത്ത്മോന്‍ ഇപ്പോള്‍ ഹരിക്കും സജിത്തിനും എതിരെയുള്ള പുതിയ പണികള്‍ക്കുള്ള പണിപ്പുരയിലാണ്.

Sunday, September 4, 2011

പ്രണയം ഒരു സിനിമാനുഭവം



വിസ്മൃതിയിലായ വസ്തുതകള്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാലഘട്ടമാണ് വാര്‍ദ്ധക്യം. ശരീരത്തിന് യോജിക്കാത്തൊരു മനസ്സുമായാവും ഭൂരിഭാഗം പേരും ഈ കാലം ചിലവിടുന്നത്. ഓര്‍മകളിലെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുകയും , അതിലാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലം. വാര്‍ദ്ധക്യം എന്നത് നാമോരോരുത്തരുടെയും ഭാവി കൂടിയാണ്. അപ്പോഴുണ്ടാകുന്ന പ്രണയവും, വിചാരങ്ങളുമെല്ലാം സുന്ദരമായിരിക്കാം, ഒരു പക്ഷെ ചെറുപ്പകാലത്തേക്കാള്‍ സുന്ദരം.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയവും, സൌഹ്രദവും, അവരുടെ ജീവിതാസ്വാദനവുമാണ് കഥയുടെ ഇതിവൃത്തം. ബ്ലെസ്സിയുടെ കഥയും, തിരക്കഥയും, സംവിധാനവും തന്നെയാണ് സിനിമയുടെ അടിത്തറ. ബ്ലെസി സിനിമകളില്‍ സാധാരണയായി ഉണ്ടാകാറുള്ള സന്താപം എന്ന വികാരത്തിനപ്പുറം, പ്രതീക്ഷ, സൌഹ്രദം, പ്രണയം, എന്നീ വികാരങ്ങള്‍ ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കുവെക്കുന്നുണ്ട്. ഇത് അഭിനേതാക്കളുടെയല്ല, മറിച്ചു സംവിധായകന്‍റെ സിനിമയാണെങ്കില്‍, ബ്ലെസ്സിയുടെ പ്രതിഭ അതിനു പിന്നില്‍ പ്രകടമാണ്. പല സംഭാഷണങ്ങളും മനസ്സില്‍ തറക്കുന്നതും, ഒരു പുനര്‍ ചിന്തക്ക് പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതുമാണ്. പുരാതന കാലം മനോഹരമായി സൃഷ്ടിച്ചത് മുതല്‍, അഭിനേതാക്കളുടെ മിതത്വം, മൌനത്തിനു പോലും സിനിമയിലുള്ള സ്ഥാനം, എന്നിവയിലെല്ലാം സംവിധായകന്‍റെ പ്രതിഭ പ്രകടമാണ്. പ്രണയത്തില്‍ തുടങ്ങി, പ്രതീക്ഷ, സൌഹ്രദം എന്നീ വികാരങ്ങള്‍ സംയോജിപ്പിച്ചു, സന്താപത്തില്‍ തീരുന്നൊരു തിരക്കഥയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.  വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലുകളും,  അതില്‍ സൌഹ്രദത്തിനുള്ള സ്ഥാനവും, ഒരു പങ്കാളിയുടെ ആവശ്യകതയും, ജീവിതം മുന്നോട്ടു നയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും, മക്കളില്‍ നിന്നുള്ള സ്നേഹവും എല്ലാം ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കു വെക്കുന്നുണ്ട്.  കടല്‍ എന്ന തീമാണ് സിനിമയില്‍ ആദ്യാവസാനം നിലകൊള്ളുന്നത്.  വളരെ വേഗം അവസ്ഥകള്‍ മാറി മറിയുന്ന കടലിനു മനുഷ്യ വികാരങ്ങള്‍ക്ക് പ്രാധാന്യമുള്ള തിരക്കഥയില്‍ ഇടം കണ്ടെത്താന്‍ എളുപ്പമാണ്. കടല്‍പ്പാലം, കാറ്റ് എന്നിവയ്ക്കൊക്കെ നായക തുല്യമായ പ്രാധാന്യമാണ് സംവിധായകന്‍ സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. 

അഭിനയം എല്ലാവരും വളരെ മികച്ചതാക്കി. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ്‌ മേനോന്‍ എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ അതി മനോഹരമാക്കി. ഒരു രംഗത്തില്‍ പോലും ആരും ഓവര്‍ അഭിനയം നടത്തിയില്ല. അനുപം ഖേര്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക്‌ സ്ക്രീനില്‍ ഒരിടത്ത് പോലും വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല. പകരം സ്ക്രീനില്‍ നിറഞ്ഞു നിന്നത് അച്യുതന്‍ മേനോന്‍ എന്ന കഥാപാത്രമാണ്. കണ്ണാശുപത്രിയിലെ രംഗങ്ങളും, ഫുട്ബോള്‍ കളിയും, അനൂപ്‌ മേനോനുമായുള്ള രംഗങ്ങളും അദ്ദേഹം അതി മനോഹരമാക്കി. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ തന്‍റെ മാത്യൂസ്‌ എന്ന തളര്‍ന്നു കിടക്കുന്ന അധ്യാപക വേഷത്തെ അവിസ്മരണീയമാക്കി. തളര്‍ന്നു ഇരിക്കുന്ന അദ്ദേഹം ക്ഷോഭിക്കുന്ന ഒരു രംഗത്തില്‍, വായുടെ നിയന്ത്രണം ഇല്ലാത്ത വശത്ത് കൂടെ ഉമിനീര്‍ ഇറ്റു വീണത്‌, അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാന കാലത്തെയും ഭൂത കാലത്തെയും ഓര്‍മകള്‍ക്കിടയില്‍ പതറുന്ന ഒരു വ്യക്തിത്വമായി ജയപ്രദയുടെ ഗ്രേസ് എന്നാ കഥാപാത്രവും ആദ്യാവസാനം സിനിമയില്‍ നിറഞ്ഞു നിന്നു. യുവതാരങ്ങള്‍ക്കിടയില്‍ പ്രതിഭയുള്ള ഒരു അഭിനേതാവാണ് അനൂപ്‌ മേനോന്‍. തന്‍റെ ധാരണകള്‍ എല്ലാം തെറ്റായിരുന്നു എന്നറിയുന്ന രംഗങ്ങളില്‍ പോലും അനൂപ്‌ മേനോന്‍ അഭിനയത്തിലെ മിതത്വം കൈവിട്ടിട്ടില്ല. അഭിനേതാക്കള്‍ തങ്ങളുടെ ഭാഗം മികച്ചതാക്കിയതിനാല്‍, പ്രേക്ഷകന്‍ സിനിമയിലെ വികാരങ്ങളിലേക്ക് വളരെ വേഗം ലയിക്കുവാന്‍ സാധിച്ചു.

സതീഷ്‌ കുറുപ്പിന്‍റെ ചായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. കഥ അല്പം കാവ്യാത്മകമായാണ് മുന്നോട്ടു പോകുന്നത്. അതിനു യോജിക്കുന്ന രീതിയിലുള്ള തീമുകലാണ് കുറുപ്പിന്‍റെ ഫ്രെയിമുകളില്‍ ഉള്ളത്. അത് കടലായും, പ്രഭാതമായും, മാരുതനായുമെല്ലാം ഫ്രെയിമുകള്‍ക്കിടയില്‍ മാറുന്നുണ്ട്. ഒരു മിസ്റ്റിക്കല്‍ ടച്ച്‌ പ്രേക്ഷകനു ഫീല്‍ ചെയ്യും. ചാപ്പെലിനുള്ളിലെ ഒരു ഷോട്ടിലെ ലൈറ്റിംഗ് പാറ്റെണ്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. രാജ മുഹമ്മദിന്‍റെ എടിറ്റിങ്ങും മനോഹരമാണ്. സിനിമ അല്പം സ്ലോ മൂവിംഗ് ആണെങ്കിലും, പ്രധാന കഥാ തന്തുവില്‍ നിന്നു ഒരിടത്ത് പോലും വഴുതി പോകാതെ എഡിറ്റര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രംഗങ്ങള്‍ക്കിടയില്‍ ഒരിടത്തു പോലും പൊടുന്നനെയുള്ള വികാര മാറ്റം ഇല്ലാതെ ഒരുക്കിയതിനാല്‍, പ്രേക്ഷകര്‍ക്കു ലയിച്ചിരുന്നു കാണാനാവും. ജയചന്ദ്രന്‍റെ സംഗീതവും ബാക്ക് ഗ്രൌണ്ട് സ്കോറും ഓ.ന്‍.വിയുടെ വരികളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ശ്രേയ ഘോഷ്വാലിന്‍റെ പാട്ടില്‍ ഈ പാട്ടില്‍ എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോവുന്നുണ്ട്. ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചിത്രത്തില്‍ നല്ലൊരു മൂഡ്‌ സൃഷ്ടിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിനെന്നോണം പ്രാധാന്യവും ഇതിനു കൈ വരിക്കാന്‍ സാധിച്ചു. രഞ്ജിത്ത് അമ്പാടിയുടെ മെയ്ക്ക് അപ്പും സമീറയുടെ വസ്ത്രാലങ്കാരവും മികച്ചു നിന്നു.

ചലച്ചിത്രം എന്നത് വിനോദ ഉപാധിയെക്കാളുപരി, ആശയ സംവേദനത്തിനുള്ള ഒരു ഉപാധിയാണ്. സംവിധായകന്‍ തിരക്കഥാകൃത്തിനോടും, അഭിനേതാക്കളോടും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം സൃഷ്ടിക്കുന്ന സങ്കല്‍പ്പ ലോകം പ്രേക്ഷകനുമായി ചില ആശയങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. പ്രേക്ഷക ചിന്ത എത്രത്തോളം ഈ സങ്കല്‍പ്പ ലോകത്ത് എത്തിച്ചേര്‍ന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരിലേക്ക് എത്തപ്പെടുന്ന ആശയങ്ങളും. അതിനാല്‍ തന്നെ പ്രേക്ഷക വിചാരങ്ങളെ തങ്ങളിലേക്ക് എത്തിക്കുക എന്നത് സംവിധായകന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇങ്ങനെ നോക്കിയാല്‍ സംവിധായകന്‍ ബ്ലെസി പ്രണയം എന്ന ചിത്രത്തില്‍ വിജയിച്ചിരിക്കുന്നു. ഞാനുള്‍പ്പെടെ തിയറ്ററില്‍ സിനിമ കഴിഞ്ഞപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ആളുകള്‍ അതിനു തെളിവാണ്. സിനിമ കഴിഞ്ഞു മഴ ചാറി നില്‍ക്കുന്ന വഴികളിലൂടെ തിരികെ നടക്കുമ്പോള്‍ ഞാനും ചിന്തിച്ചു, " വാര്‍ദ്ധക്യത്തെ ഞാനും ഭയപ്പെടുന്നുണ്ടോ?"