Raise our Conscience against the Killing of RTI Activists




Friday, February 24, 2012

സംവരണത്തിന്‍റെ ശാസ്ത്രം


ഭാരതം വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ്ണമായും ജാതി വ്യവസ്ഥയുടെ പിടിയിലായിരുന്നു. സ്വാതന്ത്ര ലബ്ദിക്ക് മുമ്പ് അതു നമ്മുടെ സമൂഹത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഓരോരുത്തരുടെയും ലാഭത്തിനും കാര്യസാദ്ധ്യത്തിനും വേണ്ടി മനുഷ്യരെ അടിയാനെന്നും, കുടിയാനെന്നുമൊക്കെ വേര്‍തിരിച്ചിരുന്ന ആ കാലത്ത് ഒരു വിഭാഗം ജനത്തിനു സ്വൈര്യമായ ജീവിതമോ, സ്വന്തം മാനമോ പോലും അന്യമായിരുന്നു. മതത്തിന്‍റെ ദര്‍ശനങ്ങള്‍ വളച്ചൊടിച്ചുള്ള ആ സാമൂഹ്യ വ്യവസ്ഥിതിയില്‍ തലമുറകളായി ഒരു വലിയ ജനവിഭാഗം അടിമത്തത്തില്‍ കഴിഞ്ഞു. അതു തന്നെയുമല്ല, ഓരോ വിഭാഗത്തിനും ചെയ്യേണ്ട ജോലികള്‍ വരെ നിശ്ചിതമായിരുന്നു. ശവം ചുമക്കല്‍ മുതല്‍ ജന്മിയുടെ വീട്ടു ജോലി വരെ അത് നീണ്ടു. ഇവരുടെ ദര്‍ശനം പോലും മേല്‍ ജാതിക്കാര്‍ക്ക് പാപഹേതുവായി. സ്ത്രീകള്‍ക്ക് മാറ് മറക്കുവാന്‍ വരെ വിലക്കുണ്ടായിരുന്ന ആ നൂറ്റാണ്ടുകള്‍ ജീവിതം എന്നൊരു ബോധ്യത്തില്‍ നിന്ന് പോലും അവരെ അകറ്റി.

ഈ ഒരു സാമൂഹ്യ പശ്ചാത്തലം സംവരണം എന്നൊരു ആശയം രൂപീകൃതമായത്തിനു പിന്നില്‍ ഉണ്ട്. ഇവരെ മറ്റൊരു വിധത്തിലും വിദ്യാഭ്യാസം എന്ന, അവസരങ്ങളുടെ ലോകത്തേക്കെത്തിക്കുവാന്‍ സാധ്യമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പ് തന്നെ സംവരണം എന്നൊരു ആശയം ഭാരതത്തില്‍ ഉടലെടുത്തിരുന്നു. 1882ല്‍ ബ്രിട്ടീഷുകാരാല്‍ നിയമിക്കപ്പെട്ട ഹണ്ടര്‍ കമ്മീഷന്‍ സ്വതന്ത്രവും, നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം പിന്നോക്ക വര്‍ഗക്കാര്‍ക്കു നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 1902ല്‍ മഹാരാഷ്ട്രയിലെ ചത്രപതി ശിവാജി മഹാരാജാവ് പിന്നോക്ക വര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരം നല്‍കുകയുണ്ടായി. 1908 ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ തന്നെ പല സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം നല്‍കിയിരുന്നു. 1935ല്‍ കോണ്‍ഗ്രസ്‌, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്ന പൂന പാക്റ്റ് പാസാക്കുകയുണ്ടായി. 1947ല്‍ അംബേദ്‌കര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി. അദ്ദേഹം സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക ജനപ്രതിനിതികള്‍ വേണം എന്ന ആശയം മുന്നോട്ടു വച്ചെങ്കിലും, അത് ഹിന്ദു മതത്തെ വിഭജിക്കുമെന്നും, അത് വഴി രാജ്യത്തെ തന്നെ വിഭജിക്കുമെന്നും പറഞ്ഞു ഗാന്ധിജി പ്രതിഷേധിച്ചു. തല്‍ഫലമായി നിയോജക മണ്ഡലങ്ങള്‍ സംവരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1951ല്‍ സുപ്രീം കോടതി ജാതി സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് വിധിച്ചെങ്കിലും, ആദ്യത്തെ ഭരണഘടനാ ഭേതഗതി ആയ  Art 15(4) വഴി നെഹ്രു ആ ഉത്തരവിനെ മറികടക്കുകയായിരുന്നു.

സംവരണത്തിന്‍റെ ചരിത്രം വഴി അതിന്‍റെ ഉത്ഭവത്തെ ന്യായീകരിക്കുവാന്‍ സാധിക്കും. ഒരു നിശ്ചിത കാലത്തേക്ക് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ട ജാതി സംവരണം അളവിലും വ്യാപ്തിയിലും വളരുന്ന കാഴ്ചയാണ് സ്വാതന്ത്രാനന്തര ചരിത്രത്തെ നോക്കി കാണുന്ന ഏതൊരാള്‍ക്കും കാണാനാവുക. വര്‍ഷാവര്‍ഷം സംവരണത്തിന്‍റെ അളവ് വളര്‍ന്നുവളര്‍ന്ന്‍, ഇന്നത്‌ 50 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. അതും, സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്‍റെ ബലത്തില്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടാത്തത്. അത് പോലെ സംവരണം ഇന്ന് ജാതിക്കു പുറമേ, മതാടിസ്ഥാനത്തിലും, ലിംഗാടിസ്ഥാനത്തിലും, ഭാഷാടിസ്ഥാനത്തിലും, ജന്മസ്ഥലത്തിന്‍റെ അടിസ്ഥാനത്തിലുമെല്ലാം ലഭ്യമായി തുടങ്ങി. ഭാരതം ഇന്ന് സംവരണത്തിന്‍റെ ഒരു നാടായി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, മുസ്ലീമുകള്‍ക്ക് സംവരണ ത്തിനുള്ളില്‍ സംവരണം നമ്മുടെ നിയമമന്ത്രി വാഗ്ദാനം ചെയ്തതും, CPI(M) അവരുടെ പ്രമേയത്തില്‍, സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കാം. സംവരണം എന്നത് അധസ്ഥിതരുടെ ഒരു തലമുറയെ ദുരിതാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ലക്‌ഷ്യം വച്ചുള്ളതായിരുന്നെങ്കില്‍, ഇന്നു രണ്ടു തലമുറകളോളം സംവരണത്തിന്‍റെ ആനുകൂല്യം പറ്റിയിരിക്കുന്നു. എന്നിട്ടും ഇതിനു യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, എങ്കിലാണ് ഇതൊരു പ്രഹസനമാകുന്നത്.

നമ്മുടെ സംവരണത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്.ഒന്നാമതായി, അത് മതത്തിലോ, ജാതിയിലോ അതിസ്ഥിതമാണ്. ആയതിനാല്‍ തന്നെ ഇന്നത്തെ കാലഘട്ടത്തിന്‍റെതായ പ്രശങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാരണം, ഇന്നു മതത്തിന്‍റെയും ജാതിയുടെയും പേരിലല്ല, സാമ്പത്തീകം എന്ന ലേബലിലാണ് ചൂഷണങ്ങള്‍ ഏറെയും നടക്കുന്നത്. ഒരു ജാതിയിലോ, മതത്തിലോ ജനിക്കുന്നതുകൊണ്ടു മാത്രം ഒരാള്‍ ആനുകൂല്യത്തിന് അര്‍ഹാനാകുന്നതെങ്ങനെ? ഒരേ ജീവിതാവസ്ഥയിലുള്ള അന്യമതസ്ഥര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കെണ്ടേ? അപ്പോള്‍ ചുരുക്കത്തില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍, നമ്മുടെ ജനത്തെ വിഭജിക്കുയല്ലേ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്? വിഭജിച്ചു ഭരിക്കുക എന്ന പുരാതന നയം, പുത്തന്‍ കോപ്പയില്‍ ഇറക്കി അവര്‍ ജനത്തെ തമ്മിലടിപ്പിക്കുന്നു. അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നു. രണ്ടാമതായി, ഒരിക്കല്‍ ലഭിച്ചവര്‍ക്ക് പിന്നീട് ഈ ആനുകൂല്യം തടയുന്നതിനുള്ള ഒരു നിയമവും നിലവില്‍ ഇല്ല. ആയതിനാല്‍ തന്നെ, ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവരുടെ പിന്‍തലമുറക്കാരാണ് ഏറിയ പങ്കും ആനുകൂല്യം വീണ്ടും അനുഭവിക്കുന്നത്, യഥാര്‍ത്ഥ ഉപഭോക്താക്കളായ ആദിവാസികളും മറ്റും ഒരു മാറ്റവുമില്ലാതെ തുടരുന്നതിനുള്ള ഒരു കാരണവും ഇത് തന്നെ. മൂന്നാമതായി, പട്ടിക ജാതി, വര്‍ഗ സംവരണങ്ങളില്‍ വ്യക്തിയുടെ സാമ്പത്തിക നില പരിശോധിക്കുന്നില്ല. ആയതിനാല്‍, വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തീക സൌകര്യമുള്ളവരും‍, സംവരണം വഴി അവസരങ്ങള്‍ നേടിയെടുക്കുന്നു. ഇത് അവര്‍ക്കിടയില്‍ തന്നെ കിടമത്സരം കുറയുന്നതിനും, അതു വഴി വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നു. നാലാമതായി, അന്യ ജാതിയിലോ, മതത്തിലോ പെട്ട  പട്ടിണി പാവങ്ങള്‍ക്ക്, അവര്‍ അതില്‍ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. സഹപാഠികള്‍ അല്പം പോലും അധ്വാനിക്കാതെ ഉന്നത സ്ഥാനങ്ങളിലേക്ക് കയറുമ്പോള്‍ ഈ വ്യവസ്ഥിതിയോട് പുച്ഛം തോന്നുക സ്വാഭാവികം.

വോട്ടു ബാങ്കുകള്‍ സൃഷ്ട്ടിക്കുവാനും, വോട്ടുകള്‍ ചോരാതെ പിടിച്ചു നിര്‍ത്തുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും സംവരണത്തെ ഉപയോഗിക്കുന്നു. നാം എന്ന ജനതയെ മതത്തിന്‍റെയും, ജാതിയുടെയും, ലിംഗത്തിന്‍റെയും, സ്ഥലത്തിന്‍റെയുമെല്ലാം പേരില്‍ അവര്‍ വിഭജിച്ചു കഴിഞ്ഞു. ഏകത്വത്തിന്‍റെ പതിന്മടങ്ങായി നാനാത്വം വളര്‍ന്നിരിക്കുന്നു. തുല്യരെ തുല്യരായി കാണുന്ന ഒരു രാഷ്ട്രം യുവതയുടെ സ്വപ്നമാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റു രാജ്യങ്ങളെ അവര്‍ സ്വപ്നമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍, സംവരണം രാജ്യത്ത് എല്ലാ കാലവും നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിന്‍റെ കാരണങ്ങളില്‍ ഒന്നാമതായുള്ളത്, നമ്മുടെ ജനാധിപത്യം തന്നെ. ജനാധിപത്യത്തില്‍ ഒരു വോട്ടു പോലും കുറയ്ക്കുവാന്‍ ഒരു പാര്‍ട്ടിയും തയാറാവില്ല. അത് കൊണ്ട് തന്നെ വോട്ടുബാങ്ക് എന്ന പേരില്‍ ആര്‍ക്കു വേണമെങ്കിലും ഭരണം നിയന്ത്രിക്കാനാവും. രണ്ടാമതായി, രാജ്യത്തു തുടരുന്ന പട്ടിണിയും, വിദ്യാഭ്യാസമില്ലായ്മയും. തന്മൂലം വലിയൊരു ജനവിഭാഗം, ആനുകൂല്യങ്ങളെ പറ്റി ബോധാവാന്മാരാവാതെ ജീവിക്കുന്നു. അവരുടെ എണ്ണം കുറയുന്നില്ലാത്തതിനാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ആരും നിര്‍ബന്ധിതമാവില്ല. മൂന്നാമാതായുള്ളത്, രാജ്യത്തു ഇന്നും ശക്തമായി നിലനില്‍ക്കുന്ന ജാതി മത വലയങ്ങലാണ്‍. വ്യക്തിത്വത്തിന് മുകളിലേക്ക് വളരുന്ന ഇത്തിള്‍കണ്ണികളായി മാറിയിരിക്കുന്നു ഇവ. സംവരണത്തില്‍ ഒരു മാറ്റം പോയിട്ട്, അതില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഇവ ആരെയും സമ്മതിക്കില്ല.

ഞാന്‍ പരിപൂര്‍ണമായ ഒരു സംവരണ വിരോധിയല്ല. എന്നാല്‍  അത് അര്‍ഹരിലെത്തണമെന്നും, അതു വഴി സംവരണത്തിന്‍റെ അളവ് കുറയ്ക്കണമെന്നും, അങ്ങനെ ഉദ്യോഗാര്‍ത്ഥികളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കണമെന്നും ശക്തമായി ആഗ്രഹിക്കുന്നു. ആയതിനാല്‍ തന്നെ അതിനു വേണ്ട ചില മാര്‍ഗങ്ങള്‍. ഒന്നാമതായി, സംവരണം, ഒന്നോ രണ്ടോ തലമുറയിലേക്ക് പരിമിതപ്പെടുത്തുക. ഒരു തവണ ആനുകൂല്യം കിട്ടുന്നവര്‍ അതുവഴി തങ്ങളുടെ സാമൂഹ്യ നില മെച്ചപ്പെടുത്താന്‍ തീവ്രമായി പരിശ്രമിക്കുകയും, ലഭിക്കാത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അതു വഴി കൈ വരികയും ചെയ്യും. രണ്ടാമതായി, എല്ലാ സംവരണത്തിലും അര്‍ഹരായവരെ കണ്ടെത്തുവാന്‍ ഒരു സാമ്പത്തീക ലിമിറ്റ് നിശ്ചയിക്കുക. സംവരണം ലഭിക്കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങള്‍ക്ക് പരിശോധിക്കുവാനുള്ള ഒരു സംവിധാനവും അഭികാമ്യം. അത് സംവരണത്തിലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. മാത്രമല്ല, നികുതി പണം കൊണ്ട് ചെയ്യുന്ന ഒരു സൌജന്യത്തിന്‍റെ അര്‍ഹരെ കുറിച്ചറിയുവാന്‍ പൊതു ജനത്തിന് അവകാശമുണ്ട്. നാലമാതായി, ജാതി മത സംവരണത്തിന്‍റെ അളവ് വളരെ കുറച്ചിട്ടു, സാമ്പത്തീക സംവരണം നടപ്പിലാക്കുക. നടപ്പാക്കാന്‍ ബുദ്ധിമുട്ടെങ്കില്‍, പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പോ, കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയോ, നടപ്പിലാക്കിയാലും മതി. സംവരണം വിദ്യാഭ്യാസത്തിനോ, ജോലിക്കോ ഒന്നിനു മാത്രമായി പരിമിതപ്പെടുത്തുന്നതും അഭികാമ്യം.

ജാതി ചട്ടക്കൂടില്‍ നമ്മുടെ രാജ്യം തളക്കപ്പെട്ടിരിക്കുന്നു. അയല്‍ക്കാരന്‍റെ കയ്യിലെ തഴമ്പിനു പകരം തലയിലെ തഴമ്പു വഴി സ്വഭാവം നിശ്ചയിക്കുന്ന കാലമായിരിക്കുന്നു ഇപ്പോള്‍. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍ക്കും സ്വപ്നം കാണുവാനുള്ള അവകാശമുണ്ട്. അത് നേടിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല ഒരു സമൂഹവും. ധനം ഏറ്റവും വലിയ അളവ് കോലാകുന്ന കാലത്ത് പഴമയില്‍ തളക്കപ്പെടുവാനാണോ നമ്മുടെ വിധി? അതോ മാറ്റങ്ങള്‍ക്കു ചാലകശക്തിയാകുവാനോ? സമൂഹം നമ്മെ ആവശ്യപ്പെടുന്നുണ്ട്. അത് എന്തിനെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയും.

Wednesday, February 15, 2012

മുല്ലശ്ശേരി മാധവന്‍ കുട്ടി, ഒരു സിനിമാനുഭവം.


സിനിമക്കുള്ളിലെ ജീവിതങ്ങളുടെ കഥകള്‍ കാണിക്കുന്ന സിനിമകള്‍ തമ്മിലുള്ള അകലം, അടുത്ത കാലത്തായി കുറഞ്ഞു വരുന്നതായി തോന്നുന്നു. ഉദയനാണ് താരത്തില്‍ സംവിധായകനാണ് വിഷയമായതെങ്കില്‍, ബെസ്റ്റ്‌ ആക്ടറില്‍ അത് നടനിലേക്കും, വെള്ളരിപ്രാവുകളുടെ ചങ്ങാതിയില്‍ അത് ഫിലിം പ്രോസസ്സിങ്ങിലെക്കും മാറി. ഇവിടെ പ്രധാന വിഷയമാകുന്നത് നിര്‍മാതാവാണ്. കലാപരമായി യാതൊന്നും സിനിമക്ക് നല്‍കുന്നില്ല എന്ന് കലാജീവികള്‍ മുറവിളി കൂട്ടുന്ന നിര്‍മാതാവു, വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് സിനിമയിലുള്ള പങ്കു വെളിച്ചത്തേക്ക് കൊണ്ടുവരുവാന്‍ ഈ ചിത്രം ശ്രമിക്കുന്നു. ഇത്തരം സിനിമകള്‍ കലാപരമായി പിന്നിട്ടു നിന്നാലും, ഇവ കുറച്ചു അറിവ് പകര്‍ന്നു നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ എന്നും മോഹിപ്പിച്ചിട്ടുള്ള, ഇന്നും മോഹിപ്പിക്കുന്ന ഒരു വ്യവസായത്തെ അടുത്തറിയാനുള്ള അവസരവും, ഭാവനയില്‍ ഉടലെടുക്കുന്ന ഒരു ലോകം ശീതീകരിച്ച ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലുള്ള പരിശ്രമവും ഇവ പങ്കു വയ്ക്കുന്നുണ്ട്. ഇവിടെ നായക കഥാപാത്രം നിര്‍മ്മാതാവാകുമ്പോള്‍ പറയാനുള്ളതും ഏറെയാവും. .സിനിമയും മറ്റെല്ലാ വ്യവസായങ്ങളെയും പോലെ ഒരു വ്യവസായം തന്നെയാണ്. മറ്റുള്ളവയില്‍ നിന്ന് ഒരു വ്യത്യാസം മാത്രം. ഒരു വൈദ്യന്‍ രോഗികളോടോ, ബിസ്സിനസുകാരന്‍ ഉപഭോക്താവിനോടോ മാത്രം സംവദിക്കുമ്പോള്‍, എല്ലാത്തരം വ്യക്തികളോടും സിനിമ ഒരേസമയം സംവദിക്കുന്നുണ്ട്. ഒരു കാലത്ത് ചെറുകഥകള്‍ കയ്യടക്കിയിരുന്ന ഒരു സ്ഥാനം. അതിനാല്‍ തന്നെയാണ് സിനിമയോട് വ്യക്തികള്‍ക്ക് ഒരു സ്നേഹക്കൂടുതല്‍.

തികച്ചും സത്യസന്ധനും, സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, നിറഞ്ഞ ആത്മവിശ്വാസമുള്ളവനുമായ മുല്ലശ്ശേരി മാധവന്‍ കുട്ടി എന്ന കഥാപാത്രം,  തികച്ചും അപരിചിതമായ സിനിമാ മേഘലയില്‍ നിര്‍മാതാവായി രംഗ പ്രവേശം ചെയ്യുന്നതും, അത് മൂലം കുടുംബത്തിലും ജീവിതത്തിലും സംഭവിക്കുന്ന പ്രശ്നങ്ങളും, അവ തരണം ചെയ്യുന്നതുമാണ് കഥാതന്തു. ഇത്രയും വിവരിച്ചതില്‍ നിന്നും സിനിമ എങ്ങനെയാണ് തുടങ്ങുന്നതെന്നും, പുരോഗമിക്കുന്നതെന്നും, അവസാനിക്കുന്നതെന്നും പതിറ്റാണ്ടുകളായി മലയാള സിനിമയെ സ്നേഹിക്കുന്ന  വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. ഇത് തന്നെയാണ് സിനിമയുടെ പരാജയം, അഥവാ തിരക്കഥാകൃത്ത് സ്വാതി ഭാസ്കറിന്‍റെ പരാജയം. എത്ര മികച്ച കഥയാണെങ്കിലും പരമ്പരാഗത വഴികളിലൂടെ നടന്നാല്‍ അതിനൊരു സ്വീകാര്യതയുണ്ടാവില്ല. കാരണം അതെങ്ങനെയാണ് പോവുന്നതെന്നും, എവിടെ ചെന്നെത്തുമെന്നും സാമാന്യ പ്രേക്ഷകര്‍ക്ക്‌ വേഗത്തില്‍ മനസ്സിലാവും. ഇനിയും മനോഹരമാക്കി അവതരിപ്പിക്കാവുന്ന ഒരു കഥയായിരുന്നു കുമാര്‍ നന്ദയുടെത് എന്ന് ഞാന്‍ കരുതുന്നു. അവിശ്വസനീയമായ രീതിയില്‍ കഥയില്‍ ഉള്‍ചേര്‍ക്കുന്ന ഗതി മാറ്റങ്ങളും, പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിഞ്ഞവര്‍, നായകന്‍റെ ഗുണഗണങ്ങള്‍ മനസ്സിലാക്കി പെട്ടെന്ന് ഒരു ദിവസം സുഹൃത്തുക്കളാവുന്നതുമായ രീതികള്‍ ദയവു ചെയ്തു തിരക്കഥാകൃത്തുക്കള്‍ മാറ്റണം. ഗ്രാമത്തിലെ ചായക്കടയും, അവിടെയുള്ള കുശലം പറച്ചിലും മടുത്തു തുടങ്ങിയ സിനിമാ പ്രേക്ഷകര്‍ക്ക്‌ ഇത്തരം രീതികളും അരോചകമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സിനിമ ഒരിക്കലും ജീവിതമല്ല, ഇതിന്‍റെ രണ്ടിന്‍റെയും മധ്യത്തില്‍ ഒരു നാടകീയത ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിനെ പ്രേക്ഷകനറിയാതെ കഥയിലെക്കാവാഹിക്കുന്നവന്‍ നല്ല തിരക്കഥാകൃത്ത്. ഇതില്‍ സ്വാതി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം.

തിരക്കഥ മികച്ചു നിന്നില്ലെങ്കിലും, കിട്ടിയതിനെ കോര്‍ത്തിണക്കി മനോഹരമായി അവതരിപ്പിക്കുവാന്‍ കുമാര്‍ നന്ദ എന്ന സംവിധായകന് കഴിഞ്ഞു എന്നതു തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ തെളിവാണ്. അതിനാലാവാം സിനിമ ബോറാവാതെ മുന്നോട്ടു പോവുന്നത്. വികാര വിക്ഷോഭങ്ങള്‍ ദ്രുതഗതിയില്‍ മാറി മറിയുന്ന ഏതാനും രംഗങ്ങള്‍ അല്പം മാറ്റാമായിരുന്നു എന്ന് തോന്നി. അമ്മ മരിക്കുന്നതറിഞ്ഞുള്ള മാധവന്‍കുട്ടിയുടെ പ്രതികരണം, സുരാജിന്‍റെ റോള്‍ എന്നിവ ഉദാഹരണം. പുരഷന്മാര്‍ അലമുറയിടുന്ന സീനുകള്‍ നടകീയമാവാന്‍ സാധ്യത വളരെ കൂടുതലാണ്. ആദ്യപകുതിയില്‍ അല്പം താളം തെറ്റുന്ന കഥ രണ്ടാം ഭാഗത്തില്‍ അതിന്‍റെ നഷ്ടപ്പെട്ടു പോയ താളം കണ്ടെത്തുന്നുണ്ട്. ചില കഥാപാത്രങ്ങളുടെ അവതരണം മികച്ചതായി തോന്നി. ജനാര്‍ദ്ദനന്‍റെയും, ഇന്ദ്രന്‍സിന്‍റെയും റോള്‍ ഇതില്‍ പെടും.

അനൂപ്‌ മേനോന്‍ നല്ലൊരു അഭിനേതാവാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. തുടക്കത്തില്‍ കുടുംബത്തോടുള്ള സ്നേഹ പ്രകടനം, അമ്മ മരിച്ചതിനോടുള്ള പ്രതികരണം എന്നിവയില്‍ അല്പം നാടകീയത തോന്നിയെങ്കിലും, ബാക്കി അവസരങ്ങളിലെല്ലാം അഭിനയം മികച്ചു തന്നെ നിന്നു. മുന്‍ മിസ്സ്‌ കേരള മല്‍സരത്തില്‍ റണ്ണര്‍ അപ്പ്‌ ആയ സോണാല്‍ ദേവരാജ് എന്ന നായികക്ക്, മറ്റെല്ലാ നായക സിനിമകളില്‍ എന്നതു പോലെ തന്നെ ഒരു സഹനടിയുടെ അവസരമേ സിനിമ നല്‍കുന്നുള്ളൂ. ജനാര്‍ദ്ദനന്‍റെ കഥാപാത്രവും, അഭിനയവും മികച്ചു നിന്നു. രംഗങ്ങള്‍ കുറവെങ്കിലും അതിന്‍റെ സ്വാധീനം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്നസെന്റും മികച്ച അഭിനയം കാഴ്ച വെച്ചു. സുരാജിനും, ബാലയ്ക്കുമൊക്കെ സിനിമയില്‍ തലകാണിക്കുക എന്ന ജോലിയെ ഉള്ളു. ലളിത ചേച്ചി മികച്ച അഭിനയം കാഴ്ച വെച്ചു. ഹരിശ്രീ അശോകനും, നിഷാന്ത്‌ സാഗറും ശരാശരിയില്‍ ഒതുങ്ങി.

ശരാശരിയിലും മികച്ച ഒരു പ്രകടനമാണ് ശിവറാം എന്ന ക്യാമറാമാന്‍ നടത്തിയത്‌. മിക്കവാറും ഫ്രെയിമുകള്‍ മികച്ചതാണ്. അവസാനം, ലാബിന് പുറത്തു നായകന്‍ ഇരിക്കുന്ന ഒരു രംഗം അദ്ദേഹം മികച്ചതാക്കി. എന്നാല്‍ ഡിം ലൈറ്റ് ഫ്രെയിമുകളില്‍ അദ്ദേഹം അല്പം കൂടി ശ്രദ്ധിക്കണമെന്ന് തോന്നുന്നു. മനോഹരമാക്കിയാലും, മോശമാക്കിയാലും അതിന്‍റെ അതിര്‍ത്തികളിലേക്ക് പോവുന്ന ഒരു മേഘലയാണ് അത്. അനീഷ്‌ കൊല്ലത്തിന്‍റെ  കലാ സംവിധാനത്തില്‍ ചില പോരായ്മകള്‍ പ്രകടമായുണ്ടായിരുന്നു. പോളിഷ്ട് ടൈല്‍സ് ഇട്ട ആളനക്കമൊന്നുമില്ലാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഏജീസ്‌ ഓഫീസിന്‍റെ ഉള്‍വശം ഒരു വില്ലേജ് ഓഫീസ് പോലെയാക്കിയത്‌ എന്നിവ ഉദാഹരണം. രതീഷ്‌ വേഗ ഈണമിട്ട ഗാനം നല്ലതായി അനുഭവപ്പെട്ടു. പ്രജീഷിന്‍റെ എഡിറ്റിങ്ങും ശരാശരിയില്‍ ഒതുങ്ങുന്നു. ഇന്ദ്രന്‍സ്‌ അണിയിച്ചൊരുക്കിയ വേഷങ്ങളും, സിനിമയുടെ ഔദ്യോഗീക വെബ്സൈറ്റും നന്നായി.

"സിനിമ ഒരു സുന്ദരിയാണ്. അത് നമ്മെ എപ്പോഴും മോഹിപ്പിക്കും. അതിനെ ഒരു നിര്‍മ്മാതാവിന് പല രീതിയില്‍ ഉപയോഗിക്കാം, അതിനെ കമുകിയാക്കാം, ഭാര്യയാക്കാം, വേണമെങ്കില്‍ വേശ്യയുമാക്കാം. എന്നാല്‍ ഒരു നല്ല നിര്‍മാതാവ് എപ്പോഴും അതിനെ ഒരു വേശ്യയായെ കാണാവൂ". സിനിമയില്‍ ജനാര്‍ദ്ദനന്‍ നായകന് നല്‍കുന്ന ഒരു ഉപദേശമാണ്. ആലോചനയില്‍ അതൊരു സത്യമായി തോന്നി. തിരക്കഥാക്രിത്തോ, സംവിധായകനോ, മറ്റു കലാപ്രവര്‍ത്തകരോ ഭാര്യയായോ, കാമുകിയായോ കാണുന്ന സിനിമയെ ഒരു വേശ്യയായി നിര്‍മാതാവ് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്. ഈ സത്യം മനസ്സിലാക്കി തന്നതാണ് സിനിമയുടെ വിജയം. പരാജയം ഞാന്‍ മുകളില്‍ സൂചിപ്പിച്ച തിരക്കഥയും. സിനിമയെ വേശ്യാലയങ്ങളാക്കുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നുണ്ടോ?

Sunday, January 15, 2012

സ്കൂളിലേക്ക് ഒരു മടക്ക യാത്ര


അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്മസ് കാലമായത് കൊണ്ട് കൂട്ടുകാര്‍ക്ക് നാട്ടില്‍ പഞ്ഞമുണ്ടായിരുന്നുമില്ല. പഠിച്ച സ്കൂള്‍ ഒന്ന് സന്ദര്‍ശിക്കാനുള്ള തീരുമാനമെടുക്കുന്നത് പെട്ടെന്നായിരുന്നു. സ്കൂള്‍ കാലത്തെ ഉറ്റ ചങ്ങാതിമാരായിരുന്ന തോമ്മന്‍റെയും, ജിമ്മിയുടെയും ഒപ്പമായിരുന്നു മുട്ടത്തുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ എന്ന ഓര്‍മ്മകളുടെ വസന്തത്തിലേക്ക് കാറോടിച്ചു ഞങ്ങള്‍ പോയത്. അവധിക്കാലമായതിനാല്‍ സ്കൂളില്‍ ആരെയും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍മകള്‍ക്കു മുന്നില്‍ പ്രതീക്ഷകള്‍ക്ക് എന്ത് സ്ഥാനം?

ഉദ്ദേശം മൂന്നു മണിയോടെയാണ് ഞങ്ങള്‍ സ്കൂള്‍ മുറ്റത്തെത്തുന്നത്. സ്കൂളിനടുത്തു, ജിമ്മിച്ചനെ പറ്റിച്ചു ഷേക്ക്‌ കുടിച്ചിരുന്ന കൊച്ചു കടക്കു പകരം ഇന്നവിടെ ഒരു വലിയ കെട്ടിടം. ചുറ്റുപാടും വേറേയും കുറെയധികം കടകള്‍ വന്നിരിക്കുന്നു. വൈകിട്ട് ആര്‍ത്തിയോടെ കയറിയിരുന്ന ചായ ഷോപ്പും കാണ്മാനില്ല. സ്കൂള്‍ പരിസരങ്ങള്‍ക്കും, പഠന കാലത്ത് വളരെയെധികം പ്രാധാന്യം ഉണ്ടല്ലോ. കാലം കുറച്ചധികം മാറ്റങ്ങള്‍ അവിടെ വരുത്തിയിരിക്കുന്നു. സ്കൂള്‍ മുന്‍വശത്ത് ഒരു ചെറിയ പൂന്തോട്ടം ഉണ്ടായതൊഴിച്ചാല്‍ സ്കൂളിനു വലിയ മാറ്റം കാണുവാനില്ല, ചുറ്റുപാടും പഴയ പോലെ കാട് പിടിച്ചു തന്നെ കിടക്കുന്നു. സ്കൂളിലേക്കുള്ള റോഡ്‌ ടാര്‍ ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ച പോലെ സ്കൂള്‍ നിശ്ചലമായിരുന്നില്ല. കുറച്ചു ക്ലാസ്സുകളില്‍ അദ്ധ്യായനം ഉണ്ട് എന്നറിയാന്‍ കഴിഞ്ഞു. അവിടെയുള്ള അധ്യാപികയെയും കണ്ടു മുട്ടി. കാലത്തിന്‍റെ വിടവ് പരിചിത മുഖങ്ങളെ വേദിയില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്നു. സോളിമോന്‍ സാറിനും, അമ്മായി ടീച്ചര്‍ക്കും, ടെസ്സി ടീച്ചര്‍ക്കും, ബിനോയ്‌ സാറിനും വേണ്ടി തിരഞ്ഞ കണ്ണുകള്‍ക്ക്‌ കാണാനായത് ആളൊഴിഞ്ഞ കോണുകള്‍ മാത്രം. ഏവരുടെയും വിവരം ആ അദ്ധ്യാപികയോടു തിരക്കി, ഞങ്ങള്‍ സ്കൂളിലൂടെ നടന്നു, ലക്ഷ്യങ്ങളില്ലാതെ. പഠിച്ച ക്ലാസ്സുകളിലൂടെ ഒരു മടക്കയാത്ര. ആരെയും കണ്ടെത്താനോ, തിരിച്ചു പിടിക്കാനോ അല്ല. പോയ കാലത്തിന്‍റെ സ്മരണകള്‍ക്ക് വേണ്ടി മാത്രം.

സ്കൂളാകെ മുഷിഞ്ഞിരിക്കുന്നു. അകലെ ക്ലാസ്സുകളില്‍ നിന്ന് അദ്ധ്യായനത്തിന്‍റെ ശബ്ദം വരുന്നുണ്ട്. അതിനു കുട്ടിയായിരിക്കുന്ന എന്‍റെ മണമുണ്ട്, രൂപമുണ്ട്, അവ ഓര്‍മിപ്പിക്കുന്നത് പോയ കാലത്തെയല്ല, മറിച്ചു എന്നെ തന്നെയാണ്. ഞങ്ങള്‍ അവസാന വര്‍ഷം ചിലവഴിച്ച പന്ത്രണ്ടാം ക്ലാസിലേക്ക് ചെന്നു. ക്ലാസ് റെപ്പായി അരുണ്‍ ഉണ്ടായിരുന്ന ക്ലാസ്. ഡോണും, ജിമ്മിയും, തൊമ്മനും, എല്ലാം അതിരുകള്‍ പാകിയിരുന്ന ക്ലാസ്. വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന എത്രയോ പേര്‍ ശരാശരിയിലും നിന്ന് താഴേക്കു പോയിരിക്കുന്നു. പരാജയം കുറിച്ചിരുന്ന കുറെ പേര്‍ ഉയര്‍ന്ന നിലകളില്‍ എത്തുകയും ചെയ്തു. അല്ലെങ്കിലും, പ്രവചിക്കാന്‍ നമുക്കെങ്ങനെ കഴിയും. പഠനമാണ് ലോകം എന്ന നാളുകളില്‍ നിന്ന് ഞാന്‍ ഒരു സാധാരണക്കാരന്‍റെ കുപ്പായം അണിഞ്ഞിരിക്കുന്നു ഇന്ന്.

ഞങ്ങള്‍ പുറത്തേക്കു നടന്നു. മോഡല്‍ പരീക്ഷയില്‍ മൊട്ട കിട്ടിയ കെമിസ്ട്രി ലാബ് മുന്നില്‍ നിന്ന് എന്നെ പരിഹസിക്കുന്നു. അതിലിപ്പോഴും ജലം ടീച്ചറുടെ ശബ്ദം കേള്‍ക്കാം. കാലം എത്ര പോയാലും അവരെയൊന്നും മറക്കാന്‍ കഴിയുന്നില്ല. കലോല്‍സവ വേദി കെട്ടിപ്പൊക്കിയിരുന്ന സ്ഥലത്ത് ഞങ്ങള്‍ എത്തി. കലാകാരന്മാരായി ജൂബിനും, അരുണും എല്ലാം വിലസിയിരുന്നിടം. ആരോരുമറിയാതെ, കളര്‍ വസ്ത്രങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളെ കാണാന്‍ കിട്ടിയിരുന്ന അപൂര്‍വ ഇടങ്ങളില്‍ ഒന്ന്. ഓര്‍മകളില്‍, ജൂബിന്‍ അവിടെ പ്രസംഗം പറയുകയാണ്, അരുണ്‍ പരിപാടികള്‍ അവതരപ്പിക്കുകയും, അതിന്‍റെ ഒരു കോണില്‍ ഞാനുമുണ്ട്, എല്ലാം കേട്ടുകൊണ്ട്. സ്കൂളിന്‍റെ ഓര്‍മകളിലൂടെ ഒരു വട്ടം ഞങ്ങള്‍ നടന്നിരിക്കുന്നു. അതില്‍ പ്രണയമുണ്ട്, വഴക്കുകളുണ്ട്, കണ്ണീരുണ്ട്, പഠനമുണ്ട്, വിജയത്തിന്‍റെ സന്തോഷങ്ങളുണ്ട്, പരാജയത്തിന്‍റെ അപകര്‍ഷതാബോധവും.

ഞങ്ങള്‍ തുടര്‍ന്ന് പോയത് കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന മുട്ടം ഗ്രൌണ്ടിലേക്കാണ്. അവിടെയും മാറ്റങ്ങള്‍ തല പൊക്കിയിരിക്കുന്നു. മണ്‍കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും മറ്റും എത്തിയിരിക്കുന്നു. ഞാന്‍ എന്നും അതില്‍ ഒരു കാണി മാത്രമായിരുന്നു. ഇന്നും അതെ. പോയ കാലം കൂട്ടുകാരുടെയോപ്പം നോക്കി കണ്ടു. ഞങ്ങളും കുറച്ചു സമയം കൊണ്ട് പഴയ സ്കൂള്‍ ചങ്ങാതിമാര്‍ ആയി തുടങ്ങി. തമാശയും, ഗോസിപ്പും, ചൊറിയലുകളും അങ്ങനെ എല്ലാം എല്ലാം. അസ്തമയ സൂര്യന്‍ ചുവപ്പ് വെളിച്ചം വിതറി തുടങ്ങി. വീട്ടിലെ ആറു പേരില്‍ നിന്ന് ഞാന്‍ സ്കൂളിലെ ആയിരങ്ങളില്‍ ഒരുവനായി, അവിടെനിന്നു കലാലയങ്ങളിലെ പതിനായിരങ്ങളില്‍ ഒരുവനായി, ഇപ്പോള്‍ പണിയെടുക്കുന്ന കൊടിക്കണക്കിനാളുകളില്‍ ഒരുവനായി, തികച്ചും സാധാരണക്കാരനായി മാറിയിരിക്കുന്നു. ഞാന്‍ ലോകം എന്ന ചിന്തയും  ഇക്കാലയളവില്‍ കുറഞ്ഞു വന്നു. അതിനെയായിരിക്കാം വിദ്യാഭ്യാസമെന്നു വിവക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് ശേഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇതിലൂടെ കടന്നു പോയിരിക്കുന്നു, ഇതിലും മികച്ച സ്വപ്നവുമായി. അവ നിറവേറ്റി അവര്‍ തിരിച്ചെത്തട്ടെ. കാലം പഠിപ്പിക്കുന്ന സത്യങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ. എന്‍റെ അധ്യാപകരെ എന്നെങ്കിലും കാണാനാവുമെന്ന പ്രതീക്ഷിയില്‍ ഞങ്ങള്‍ തൊമ്മന്‍റെ കാറില്‍ കയറി. ഓര്‍മകളുടെ ലോകത്ത് നിന്നും, ഉത്തരവാദിത്വങ്ങളുടെ ലോകത്തേക്ക് ആ വണ്ടി പുറപ്പെട്ടപ്പോള്‍, അസ്തമയ സൂര്യന്‍ യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു.
"വര്‍ത്തമാനകാലം തന്‍ മൂല്യം ആരറിയുന്നു സോദരാ?"

Saturday, January 7, 2012

കാമം തെരുവുകളിലേക്ക് നീങ്ങുമ്പോള്‍


അവള്‍ ജനിച്ചത്‌ ബംഗാളിലായിരുന്നു. കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട് മറ്റെല്ലാവരെയും പോലെ അവളെയും തുടക്കത്തില്‍ അമ്പരപ്പിച്ചു. സ്വന്തം കാമുകനെ തേടിയാണ് അവള്‍, സഹോദരന്‍റെയും മറ്റും കൂടെ ഇവിടേയ്ക്ക് എത്തിയത്. ഒരു രാത്രിയില്‍ അവര്‍ക്ക് യാത്ര ചെയ്യുവാനായി ഒരു ലോറിക്കാരന്‍ സഹായം വാഗ്ദാനം ചെയ്യുന്നു. ബന്ധുക്കള്‍ ഉള്ളതിനാല്‍ അവള്‍ക്കു സുരക്ഷിതത്വ ബോധം അനുഭവപ്പെട്ടിരിക്കണം. ലോറിയില്‍ താമസിയാതെ മൂന്നാല് ആളുകള്‍ വന്നു കയറുന്നു. അവര്‍ അവളുടെ ബന്ധുക്കളെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം റോഡില്‍ ഇറക്കി വിടുന്നു. ലോറിയില്‍ അവളുടെ മാനം കത്തിക്കപ്പെടുന്നു. ആവശ്യശേഷം ഉടു തുണി പോലും കൊടുക്കാതെ അവളും റോഡരുകിലേക്ക്. നാട്ടുകാര്‍ അവളെ വസ്ത്രം ഉടുപ്പിച്ചു ആശുപത്രിയിലാക്കുന്നു. അവളുടെ സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു ഇന്ന്. എന്ത് ചെയ്യണമെന്നു നിരക്ഷരരായ ആ ബംഗാളി ബന്ധുക്കള്‍ക്കും അറിവില്ല. കോഴിക്കോടെ മെഡിക്കല്‍ കോളേജില്‍ അവള്‍ ആരെ കാണുമ്പോഴും രക്ഷിക്കണേ എന്ന് വിളിച്ചു കരയുന്നു. നമ്മുടെ ഒരു ജനപ്രധിനിധികളോ പൌര പ്രമുഖരോ ഇങ്ങനെ ഒരു ജീവിതത്തെ പറ്റി പ്രതികരിക്കുന്നില്ല. ഇരുട്ടിലായ മൂന്നു ജീവിതങ്ങള്‍ അവിടെ കഴിയുന്നു.

ഇനി രംഗം മദ്ധ്യ കേരളത്തില്‍. ഇവിടെ അവള്‍ വീട്ടമ്മയാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. ഭാര്യയാണ്. ഒരു വിവാഹ ആലോചനയുമായി ഇംഗ്ലണ്ടിലുള്ള ഒരു ഗൃഹസ്ഥന്‍ വിളിക്കുമ്പോള്‍, ഫോണ്‍ എടുക്കുന്നത് അവള്‍. കാലം ചെല്ലുന്തോറും വിളികളുടെ എണ്ണം കൂടുന്നു. അവര്‍ പ്രണയബദ്ധരാണെന്നു തിരിച്ചറിയുന്നു. അയാള്‍ ഭാര്യയെ വിട്ടു ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നു. ഇരുവരും ചേര്‍ന്ന് അവളുടെ ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി ഉറക്കുന്നു. ഭാര്യ കഴുത്തില്‍ ചുറ്റിയ കയര്‍ മുറുക്കുന്നത് ജാരനായ അയാള്‍‍. മറ്റൊരു ജീവിതം അവിടെ ബലി കഴിക്കപ്പെടുന്നു.

നമ്മുടെ ചുറ്റിലും സമീപ കാലത്ത് നടന്ന രണ്ടു സംഭവങ്ങള്‍ മുകളില്‍ കുറിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഈ നാട്ടിലാണ് കാമം എന്ന വികാരത്തിന് ജീവനേക്കാള്‍ വിലയുള്ളത് എന്ന് തോന്നുന്നു. ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറുകയാണോ എന്നും ഞാന്‍ സംശയിക്കുന്നു. ഇവയൊക്കെ മൃഗീയ മനസ്സുള്ള ഏതാനം പേരുടെ ചെയ്തികളായി എഴുതിത്തള്ലാന്‍ ആവുമോ, അതോ ഇവ നമ്മുടെ ചിന്താഗതികളില്‍ വരുന്ന ഒരു മാറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണോ? ചിന്താഗതികളില്‍ മാറ്റം വരുന്നതായി തന്നെ ഞാന്‍ കരുതുന്നു. വ്യക്തികളെ പോലും ഭോഗ്യ വസ്തുക്കളായി കാലം(?) മാറ്റിയിരിക്കുന്നു. മുകളില്‍ കുറിച്ച ബംഗാളി പെണ്‍കുട്ടിയുടെ കാര്യത്തില്‍ പൊതു സമ്മതര്‍ ആരും പ്രതികരിച്ചില്ലെന്നത് ഖേദകരം. ഒരു പക്ഷെ സൌമ്യയെക്കാള്‍ മോശമായ ഒരു അവസ്ഥയിലാണ് ആ കുട്ടി എന്ന് ഞാന്‍ പറയും. കാരണം അവള്‍ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം ഇനി ജീവിച്ചു തീര്‍ക്കുക എന്ന കടമ കൂടി കിടക്കുന്നു. ക്രിക്കറ്റ്‌ കളി കാണുമ്പോഴും, ഒളിമ്പിക്സിലും മാത്രമേ നമുക്ക് ഭാരതീയര്‍ എന്ന വികാരം വരൂ. കഴിഞ്ഞു കഴിയുമ്പോള്‍ നീ എനിക്ക് വെറും അയാള്‍ മാത്രം.

പ്രണയത്തിന്‍റെ സാവകാശത്തിലേക്കെത്താന്‍ പോലും ഇന്ന് നമുക്ക് സമയമില്ല. എല്ലാവരും തിരക്കിലാണ്, ഏവര്‍ക്കും വിദ്യാഭ്യാസവും കൂടിയിരിക്കുന്നു. ഇതിന്‍റെയൊക്കെ കാരണങ്ങള്‍,  ഏറ്റവും നന്നായി അറിയുക ചിന്തിക്കുന്ന ഒരു സമൂഹത്തിനാവും. ഒരേയൊരു ജീവിതം ആഘോഷിച്ചു തീര്‍ക്കാനുള്ള ഉത്സാഹത്തില്‍ മറ്റു ജീവനുകള്‍ കൂടി ചുറ്റിലുമുണ്ട് എന്ന ചിന്ത ഗുണം ചെയ്യും. നമ്മെ പോലെ അനേകര്‍ ഇവിടെ ജീവിച്ചിരുന്നു. ചക്രവര്‍ത്തിമാര്‍ മുതല്‍ പട്ടിണി പാവങ്ങള്‍ വരെ. ഏവരുടെയും അവസാനം ഒരേ പോലെ ആയി എന്നതാണ് ഇവിടെ ചിന്തനീയമായുള്ള ഒരു വസ്തുത. വൈകൃതങ്ങള്‍ എന്ന് പേരില്‍ ഒരു കാലത്ത് പടിക്കു പുറത്തു നിര്‍ത്തിയിരുന്നവ ഇന്ന് അന്തസ്സിന്‍റെ അടയാളങ്ങള്‍ ആവുന്നുണ്ടോ?

മൂന്നാറില്‍ ഒരു പതിനാലു വയസ്സുകാരന്‍ ഒരു പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു മരത്തിന്‍റെ പൊത്തില്‍ ഒളിപ്പിച്ച സംഭവം നടന്നിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. പതിനാലു വയസ്സുകാരന്‍ വരെ ഇങ്ങനെ ചിന്തിച്ചു എങ്കില്‍ അതില്‍ ഞാനും നീയും ഉള്‍പ്പെടുന്ന സമൂഹത്തിനു കൂടി ഉത്തരവാദിത്വം ഉണ്ടു തന്നെ. വൈകൃതങ്ങള്‍ നമ്മെയും വരിഞ്ഞു മുറുക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കുവാനാണ് കാലം എന്നോടും നിന്നോടും ആവശ്യപ്പെടുന്നത്. അവള്‍ കുറ്റം ചെയ്യുന്നു എന്ന് പറയുന്നവരോട് യേശു പറയുന്ന ഒരു വാക്യമുണ്ട്. "സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നതെങ്ങനെ?" ഇത് ഇന്നും പ്രസക്തമാണ്. കാരണം സമൂഹം എന്ന് പറയുന്നത് അയാളും അവളും മാത്രമല്ല, ഞാനും നീയും കൂടി ഉള്‍പ്പെടുന്നതാണ്.

Sunday, January 1, 2012

ജോസേട്ടന്‍റെ വീഡിയോ പിടിത്തം


സ്ഥലത്തെ പ്രധാന ഡ്രൈവറാണ് ജോസേട്ടന്‍. ഈ സംഭവം നടക്കുന്നത് 1989ല്‍ ആണ്. ആധുനീകത പതിയെ നാട്ടിന്‍പുറത്തെക്ക് എത്തിനോക്കി തുടങ്ങിയ സമയം. വിവാഹങ്ങള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് താരം. പണക്കാരുടെ കല്യാണത്തിന് പ്രൌഢി കാണിക്കാനായാണ് പ്രധാനമായും വീഡിയോഗ്രാഫര്‍മാര്‍ വരുന്നത്. തൊടുപുഴയില്‍ തന്നെ ആകെ രണ്ടു വീഡിയോക്കാരെ ഉള്ളു. ഇന്നത്തെ സിനിമക്കാരേക്കാള്‍ ജാടയാണ് അന്ന് വീഡിയോക്കാര്‍ക്ക്. അവര്‍ക്കുള്ള വണ്ടി, ഭക്ഷണം തുടങ്ങി എല്ലാം വീട്ടുകാര്‍ ഏറ്റാല്‍ പോലും ഒരു മിനിമം സ്റ്റാറ്റസിനു താഴെയുള്ള കല്യാണങ്ങള്‍ക്ക് അവര്‍ പോവില്ല.

അങ്ങനെയിരിക്കെയാണ് ആ കല്യാണം ഉറച്ചത്. വധു അമേരിക്കയില്‍ ഡോക്ടര്‍. വരന്‍ അന്നത്തെ എഞ്ചിനീയറും. പൈസക്ക് പൈസ, പ്രൌഢിക്ക് പ്രൌഢി. അന്ന് ജോസേട്ടനുള്ളത് ഒരു ജീപ്പാണ്. വാടകക്ക് നാട്ടില്‍ കിട്ടുന്നതും മൂന്നു ഗിയറുള്ള ജീപ്പാണ്. കാറൊക്കെ അപൂര്‍വ വസ്തുക്കളാണ്. വീട്ടുകാര്‍ ജോസേട്ടന്‍റെ ജീപ്പില്‍ നേരെ തൊടുപുഴയിലെ പ്രബലനായ വീഡിയോഗ്രാഫറുടെ അടുത്തേക്ക് ബുക്കിങ്ങിനായി പുറപ്പെട്ടു.  രക്ഷയില്ല, പുള്ളിക്ക് അന്നു ബുക്കിംഗ് ഉണ്ട്. ഉടനെ തന്നെ വീട്ടുകാര്‍ തൊടുപുഴയില്‍ ഉള്ള രണ്ടാമത്തേതും അവസാനത്തേതുമായ വീഡിയോക്കാരന്‍റെ അടുത്തേക്ക് വിട്ടു. അദ്ദേഹം അന്ന് ഫ്രീ ആണ്. പുള്ളിക്കാരന്‍ ജോസേട്ടന്‍റെ ജീപ്പോക്കെ ഒന്ന് പരിശോധിച്ചു. ജീപ്പില്‍ കൈവരിയുള്ളത് കൊണ്ട് ഷൂട്ടിങ്ങിനു ഈ വണ്ടി നന്നായിരിക്കുമെന്ന് വീഡിയോഗ്രാഫര്‍ അഭിപ്രായപ്പെട്ടു. വീട്ടുകാര്‍ കല്യാണ ദിവസം, ആ വണ്ടി തന്നെ വിട്ടുകൊള്ലാമെന്നു സമ്മതിക്കുകയും ചെയ്തു. കൃത്യം ഒന്‍പതു മണിക്ക് വണ്ടി സ്റ്റുഡിയോയില്‍ എത്തണമെന്ന നിര്‍ദ്ദേശത്തോടെ ആ യോഗം അവസാനിച്ചു.

കല്യാണ ദിവസം വന്നെത്തി. ഇരു വീട്ടുകാര്‍ക്കും കൂടി ആകെ ഒരു വീഡിയോക്കാരനാണ് ഉള്ളത്. അത് കൊണ്ട് തന്നെ ആദ്യം പെണ്‍വീട്ടില്‍  പോയി അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വീഡിയോ പിടിച്ച ശേഷം നേരെ ചെറുക്കന്‍ വീട്ടിലേക്കു പോകാമെന്നാണ് പ്ലാന്‍. അങ്ങനെ കൃത്യം ഒന്‍പതു മണിക്ക് ജോസേട്ടന്‍ ജീപ്പുമായി സ്റ്റുഡിയോയില്‍ എത്തി. അന്ന് വീഡിയോയുടെ കൂടെ ഒരു ജനറേറ്റര്‍ കൂടി ഉണ്ടാവും. പെട്ടെന്നുള്ള വൈദ്യുതാഘാതങ്ങളില്‍ നിന്ന് ഉപകരണത്തെ രക്ഷിക്കാനാണത്. അക്കാലത്ത് വലിയ വിലപിടിപ്പുള്ളതാണ് വീഡിയോ ഉപകരണം. സ്റ്റുഡിയോയില്‍ നിന്ന് ആ ഭീമന്‍ ജനറേറ്റര്‍ ജോസേട്ടന്‍ പൊക്കി ജീപ്പില്‍ കയറ്റി. എന്നിട്ട് വധുവിന്‍റെ വീട്ടിലേക്കു യാത്രയായി.

വധുഗൃഹം വരെ റോഡില്ല. വഴിയില്‍ ജീപ്പ് ഒതുക്കി. ഇറങ്ങിയ ഉടനെ ആ ജനറേറ്റര്‍ എടുത്തു തന്‍റെ പുറകെ വരാന്‍ ജോസെട്ടനോട് വീഡിയോഗ്രാഫര്‍ ആജ്ഞാപിച്ചു. അതില്‍ അല്‍പം അഭിമാന ക്ഷതം തോന്നിയ ജോസേട്ടന്‍, തന്നോട് വണ്ടിയുടെ കാര്യമേ പറഞ്ഞിട്ടുള്ളുവെന്നു പറയുകയും അതിനു സാധ്യമല്ലെന്നും തിരിച്ചടിച്ചു. ഉരുളക്കുപ്പേരി പോലെ മറുപടി വാങ്ങിയ വീഡിയോക്കാരന്‍ ക്ഷുഭിതനായി. അയാള്‍ വീട്ടില്‍ നിന്ന് വേറെ കുറച്ചു പേരെ വിട്ടു ആ ജനറേറ്റര്‍ പൊക്കിക്കൊണ്ട് പോയി.

പെണ്‍വീട്ടിലെ വീഡിയോ പിടിത്തം അവസാനിച്ചു. വീഡിയോക്കാരന്‍ നേരെ ജോസേട്ടന്‍റെ ജീപ്പിലേക്ക്. പുള്ളിയുടെ മുഖം കോറുകൊട്ട പോലെ വീര്‍ത്തിരിക്കുകയാണ്. വണ്ടിയില്‍ കയറി ഇരുന്ന ശേഷമാണ് പാന്റ്റില്‍ അല്‍പം ഗ്രീസ് പറ്റിയിരിക്കുന്നത് വീഡിയോക്കാരന്‍ ശ്രദ്ധിച്ചത്. ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി അയാള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. വണ്ടിയില്‍ നിന്നാണ് ഗ്രീസ് പറ്റിയതെന്ന് ആക്ഷേപിച്ചു ജോസെട്ടനോട് കയര്‍ത്തു. തന്‍റെ വണ്ടിയില്‍, പുറമേ എവിടെയെങ്കിലും ഗ്രീസിന്‍റെ ഒരു പോറലെങ്കിലും കാണിച്ചു തന്നാല്‍ അയാള്‍ പറയുന്നത് ചെയ്യാമെന്നായി ജോസേട്ടന്‍. പുള്ളി വണ്ടിക്കു ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവര്‍ നേരെ വരന്‍റെ ഭവനത്തിലേക്ക് യാത്രയാരംഭിച്ചു. വണ്ടിയില്‍ തികഞ്ഞ നിശബ്ദദ മാത്രം.

വരന്‍റെ ഭവനത്തില്‍ എത്തിയ ഉടനെ വീഡിയോക്കാരന്‍ ചാടിയിറങ്ങി വരന്‍റെ അപ്പന്‍റെ അടുത്തു പോയി തനിക്ക് ഒരു കാര്‍ ഏര്‍പ്പാടാക്കിയാലെ വീഡിയോ പിടിക്കൂ എന്ന് പ്രഖ്യാപിച്ചു. അമ്പരന്നു പോയ അപ്പന്‍ കാര്യമന്വേഷിക്കുകയും, അയാള്‍ ചോദിച്ചിട്ടല്ലേ ആ ജീപ്പു തന്നെ വിട്ടു തന്നതെന്ന് തിരക്കുകയും ചെയ്തു. വീഡിയോക്കാരന്‍ കൂടുതലൊന്നും കേള്‍ക്കാന്‍ തയാറായില്ല. കാര്‍ കിട്ടിയില്ലെങ്കില്‍ താന്‍ ഇറങ്ങുകയാണെന്നു കൂടി അയാള്‍ പ്രഖ്യാപിച്ചതോടെ രംഗം വഷളായി. ആ പ്രദേശത്തെങ്ങും മറ്റൊരു വീഡിയോക്കാരന്‍ ഇല്ലാത്തതു കൊണ്ട് വീട്ടുകാരന്‍ ഭീഷണിക്കു വഴങ്ങി. അന്ന് കാര്‍ എന്നത് ഒരു അപൂര്‍വ വസ്തുവാണെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ. അവര്‍ ആ നാട് മുഴുവന്‍ അലഞ്ഞു ഒരു കാര്‍ ഒപ്പിച്ചു. ജോസെട്ടനോട് അവിടെയുള്ള കുറച്ചു ആളുകളെയും കൊണ്ട് പള്ളിയിലേക്ക് പോയ്ക്കൊള്ലാന്‍ അപ്പന്‍ പറയുകയും ചെയ്തു. അതനുസരിച്ച് ജോസേട്ടന്‍ ആളുകളേയും കൂട്ടി പള്ളിയിലെത്തി.

പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുകയാണ്. ജോസേട്ടന്‍ ഇടക്കൊന്നു പള്ളിക്ക് പുറത്തേക്ക് ഇറങ്ങി. ആ സമയത്ത് നമ്മുടെ വീഡിയോക്കാരന്‍ ജോസേട്ടന്‍റെ പക്കലേക്ക് വന്നിട്ട് പറഞ്ഞു, "ചങ്ങാതി ക്ഷമിക്കണം." അതൊന്നും കുഴപ്പമില്ലെന്ന് ജോസേട്ടന്‍ പറഞ്ഞു. "നിങ്ങളെ അപമാനിച്ചത് കൊണ്ടാണ് എനിക്കങ്ങനെ സംഭവിച്ചത്.", അയാള്‍ തുടര്‍ന്നു. കാര്യമറിയാതെ ജോസേട്ടന്‍ നിന്നു. ജോസേട്ടന്‍റെ ഭാവം കണ്ടു അയാള്‍ ചോദിച്ചു, " അല്ല ചങ്ങാതി അപ്പൊ താന്‍ ഒന്നും അറിഞ്ഞില്ലേ. കണ്ടില്ലേ എന്‍റെ പാന്‍റും ഷര്‍ട്ടും  കീറിയിരിക്കുന്നത്." എന്തു പറ്റിയെന്ന ജോസേട്ടന്‍റെ ചോദ്യത്തിനു മുന്‍പില്‍ അയാള്‍ ഒരു ചമ്മലോടെ വിശദീകരിച്ചു. "പള്ളിയിലേക്ക് വരുന്ന വഴി ആ കാര്‍ സ്പീഡില്‍ ഒരു വളവു വീശിയതാ. ഡോര്‍ പറിഞ്ഞു ഞാനും ക്യാമറയും താഴെ. ദാ ഇങ്ങനെ പൊക്കി പിടിച്ചത് കൊണ്ട് ക്യാമറയ്ക്കു ഒന്നും പറ്റിയില്ല." അയാള്‍ ആംഗ്യം കാണിച്ചു വിശദീകരിച്ചു. "അതുകൊണ്ട് ചങ്ങാതി കല്യാണത്തിനു ശേഷം ദയവായി എന്നെ ഒന്ന് വീട്ടില്‍ എത്തിക്കണം". ചിരിക്കണോ, സങ്കടം ഭാവിക്കണോ എന്ന സന്ദേഹത്തിലായി ജോസേട്ടന്‍. ഒടുവില്‍ ഒരു ചെറു ചിരിയോടെ ആ അപേക്ഷ സ്വീകരിച്ചു. കാലം ഏറെ കഴിഞ്ഞു. ഇന്ന് ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പത്തിരുപതു വര്‍ഷം മുമ്പ് തുടങ്ങിയ ആ സൌഹൃദം ഇന്നും ഒരു ഉലച്ചിലും തട്ടാതെ നിലനില്‍ക്കുന്നു.

എല്ലാവര്‍ക്കും  പുതുവത്സരാശംസകള്‍