Raise our Conscience against the Killing of RTI Activists




Sunday, April 8, 2012

ഒരു ദുഃഖവെള്ളി


"ഗാഗുല്‍ത്താ മലയില്‍ നിന്നും, വിലാപത്തിന്‍ മാറ്റൊലി കേട്ടു". നേരം പുലരുന്നതേ ഉള്ളു. പള്ളിയിലെ സ്പീക്കര്‍ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. ക്രത്രിമ  ശബ്ദം വക്കച്ചന്‍ ചേട്ടന്‍റെ നിദ്രക്കും ഭംഗം വരുത്തി. ഇന്നു ദുഖവെള്ളി. യേശുദേവന്‍ ക്രൂശിലേറിയതിന്‍റെ സ്മരണ പുതുക്കപ്പെടുന്നു. പണ്ടൊക്കെയായിരുന്നെങ്കില്‍ താനിപ്പോള്‍ പള്ളിയിലേക്ക് പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു കാണുമായിരുന്നു. എന്നാല്‍, കാലം കൈകാലുകള്‍ക്കു കൂച്ചുവിലങ്ങിട്ടിരിക്കുന്നു. പരസഹായം എന്ന ദൌര്‍ഭാഗ്യം, എല്ലാ പ്രവര്‍ത്തികള്‍ക്കും ആത്യാവശ്യം. ഇവിടെ വില്ലന്‍ പ്രായമത്രേ. ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത ശരീരമുള്ളതിലും വലിയൊരു ദൌര്‍ഭാഗ്യം ലോകത്തു വേറെയില്ലെന്ന് ചേട്ടന്‍ ഓര്‍ത്തു‌.

"അപ്പച്ചന്‍ എഴുന്നേറ്റോ?", കൊച്ചുമകള്‍ നിമ്മിയാണ് അപ്പച്ചന്‍റെ പ്രധാന സുഹൃത്തും, വഴികാട്ടിയും. എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കുന്ന അവളാണ് ചേട്ടന്‍റെ നിശബ്ദ അന്തരീക്ഷത്തിന്‍റെ കാവലാള്‍. ചേട്ടന്‍റെ പഞ്ചേന്ദ്രിയങ്ങളില്‍ കൂടുതലും നിറഞ്ഞു നില്‍ക്കുന്നത് അവള്‍ തന്നെയാവും. അപ്പച്ചനെ പള്ളിയില്‍ പോകുന്നതിനു ഒരുങ്ങാന്‍ സഹായിച്ചശേഷം അവളും വസ്ത്രം മാറ്റുവാനായി പോയി. ഒരു നിമിഷം കൊണ്ട് ഒരുങ്ങി പള്ളിയില്‍ പോകുമായിരുന്ന ഒരു കാലം ചേട്ടന്‍റെ ഓര്‍മയില്‍ നിറഞ്ഞു. നടപ്പില്‍ സാവധാനമായിരുന്ന തന്‍റെ അപ്പച്ചനെ പുച്ചിച്ചിരുന്ന താനിപ്പോള്‍...‍. എന്തൊക്കെയായാലും, അവര്‍ ഉണ്ടായിരുന്നപ്പോള്‍ തനിക്കൊരു ബലമായിരുന്നു.  ഇന്നിപ്പോള്‍ മറ്റെല്ലാവരെയും പോലെ താനും ഒറ്റക്കായിരിക്കുന്നു. സൌഹൃദങ്ങള്‍, ബന്ധങ്ങള്‍ മുതലായവ ഒരു പരിധി വരെയേ നമ്മെ സ്പര്‍ശിക്കൂ. ഏവരും ഉള്ളില്‍ തങ്ങള്‍ക്കായി ഒരിടം ഒരുക്കിവച്ചിരിക്കും. തങ്ങള്‍ക്കായി മാത്രം.

"ഇറങ്ങാം അപ്പച്ചാ", മകന്‍ ജോഷ്വയാണത്. നിമ്മി അപ്പച്ചനെ പിടിച്ചു കാറിലിരുത്തി. കാര്‍, വര്‍ത്തമാന കാലത്തിലൂടെ പള്ളിയിലേക്ക് പാഞ്ഞു. ദുഖവെള്ളിയായതു കൊണ്ട് പള്ളിയില്‍ നല്ല തിരക്കുണ്ട്‌. ചെന്നപ്പോഴേക്കും കര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. ചേട്ടന്‍, തന്‍റെ രണ്ടാം ഭാര്യയായ വടിയും കുത്തി പതിയെ പള്ളിയുടെ മുന്‍വശത്തേക്കു നടന്നു. നിമ്മി സഹായത്തിനുണ്ട്. പുരുഷന്മാരുടെ സ്ഥലമാണെങ്കിലും അവള്‍ക്കു പരിഭ്രമം ലവലേശം ഉണ്ടെന്നു തോന്നുന്നില്ല. കാലം വ്യക്തികളുടെ ചിന്താഗതികളെയും മാറ്റിയിരിക്കുന്നു. ചിന്താഗതികള്‍ അതിദ്രുതം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. എങ്കിലും അവയിലെ മാറ്റം പ്രകടമാണ്.

ചേട്ടനെ കണ്ട്, മുന്നില്‍ ഒരു വ്യക്തി തന്‍റെ കസേര ഒഴിഞ്ഞു കൊടുത്തു. അതില്‍ അപ്പച്ചനെ ഇരുത്തിയ ശേഷം നിമ്മിയും സ്ത്രീകളുടെ വശത്തേക്ക് യാത്രയായി. അവള്‍ തന്നെ സഹായിക്കുമ്പോള്‍, സമീപത്തുള്ള പയ്യന്മാരുടെ മുഖങ്ങള്‍ അവളിലേക്ക് എത്തിയിരുന്നത് ചേട്ടന്‍ ശ്രദ്ധിച്ചിരുന്നു. ഓര്‍മ്മകള്‍ റോസക്കുട്ടിയിലേക്കെത്തിയത് അതിദ്രുതമായിരുന്നു. കണ്ണുകളിലൂടെ ആശയങ്ങള്‍ കൈമാറിയിരുന്ന തങ്ങള്‍, ഒന്ന് സംസാരിക്കാനായി കൊതിച്ചിരുന്നു. ലോകം കീഴടക്കി നടന്ന സന്തോഷത്തില്‍ താന്‍ കാലം ചിലവഴിച്ച നാളുകള്‍. ഒരുനാള്‍ അവളെ കാണാതായി. പ്രത്യക്ഷ മുഖങ്ങള്‍ അപ്രത്യക്ഷമാക്കാന്‍ സമയത്തിന്‍റെ ആവശ്യം എന്തിന്? കുറെ നാളുകള്‍ അവളെ കണ്ണുകള്‍ പരതിയെങ്കിലും കണ്ടെത്താനായില്ല. മറവി എന്ന വേട്ടക്കാരന്‍, ഒടുവില്‍ അവളെയും കൊന്നുകളഞ്ഞു. സ്മൃതി ഒരര്‍ത്ഥത്തില്‍ അനുഗ്രഹവും, മറ്റൊരര്‍ത്ഥത്തില്‍ ശാപവുമാണ്. തനിക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ ഓര്‍ത്തു ചേട്ടന്‍ ദൈവത്തിനു സ്തുതി പറഞ്ഞു.

പീഢാനുഭവ വായന ആരംഭിച്ചു. കര്‍ത്താവ് കടന്നു പോയ വഴികളിലൂടെ ചേട്ടന്‍റെ മനസ്സും സഞ്ചരിച്ചു. ശബ്ദങ്ങള്‍ വ്യക്തികളായും, സന്ദര്‍ഭങ്ങള്‍ സ്ഥലങ്ങളായും പരിണമിക്കപ്പെട്ടു. എത്രയോ ദുഖവെള്ളികള്‍ കടന്നു പോയിരിക്കുന്നു. ഇതിനിടയില്‍ തന്‍റെ ഭാവങ്ങളും മാറിയിരിക്കുന്നു. നിഷ്കളങ്കതയില്‍ നിന്നു ലാളിത്യത്തിലേക്കും, അവിടെ നിന്നു ലൈംഗീക ആസ്വാദനത്തിലേക്കും, അഹന്തയിലേക്കും, പിന്നീട് വിനയത്തിലേക്കും മനസ്സ്‌ എത്തപ്പെട്ടു. പല സത്യങ്ങളും മനസ്സിലാക്കാന്‍ അനുഭവങ്ങള്‍ തന്നെയാണ് ഒരേയൊരു വഴിയെന്ന് താന്‍ തിരിച്ചറിയാനും കാലം കുറെ എടുത്തു. പീഢാനുഭവ വായന കുരിശുമരണത്തിലേക്ക് എത്തിയിരുന്നു.

പള്ളിയിലെ ചടങ്ങുകള്‍ അവസാനിച്ചു. നിമ്മിമോള്‍ക്കു വേണ്ടി കണ്ണുകള്‍ പരതി. അപ്പച്ചന്‍റെ മനസ്സറിഞ്ഞെന്ന വണ്ണം അവള്‍ അടുത്തു വന്നു. അവര്‍ സാവധാനം സെമിത്തേരിയിലേക്ക് നീങ്ങി. തന്നെ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുകയും, തന്‍റെ കൂടെ ഏറ്റവും കൂടുതല്‍ കാലം ചിലവഴിക്കുകയും ചെയ്ത ത്രേസ്യയുടെ അടുത്തേക്ക്‌. അവര്‍ എന്നും സംസാരിക്കാറുണ്ട്. മരിച്ചവരെ മനസ്സ് എന്ന ജനാലയിലൂടെ കാണാനാവുമെന്നാണ് ചേട്ടന്‍റെ വാദം. പ്രാര്‍ത്ഥനകള്‍ക്കു ശേഷം നിമ്മി അല്‍പ്പം മാറി നിന്നു. ചേട്ടന്‍ വളരെ സാവധാനം അയാളുടെ ത്രേസ്യയോടു സംസാരിക്കുകയാണ്. തന്നേക്കാള്‍ മുമ്പു വിട പറഞ്ഞതിന്‍റെ ഒരു പരിഭവം അയാളുടെ മനസ്സിലുണ്ട്. എന്നിരിക്കിലും, അവരുടെ മരണം എന്നതിനോട് ആ മനസ്സു ഇനിയും പോരുത്തപ്പെട്ടിട്ടില്ല. നിമ്മി സമീപത്തു അവളുടെ ഭാവിയെ പറ്റി ആലോചിച്ചു സമയം ചിലവഴിച്ചു. ചിലര്‍ക്ക് ഭൂതകാലത്തോട് താല്പര്യം കൂടുമ്പോള്‍ മറ്റുചിലര്‍ക്കു ഭാവിയില്‍ പ്രീയമേറുന്നു.

സെമിത്തേരിയില്‍ നിന്ന് ചേട്ടന്‍ പതിയെ പുറത്തേക്കിറങ്ങി. മറ്റൊരു ദുഖവെള്ളി കൂടെ ജീവിതത്തില്‍ നിന്നു അടര്‍ന്നിരിക്കുന്നു. ഇനിയൊരു ദുഖവെള്ളിക്കു താനുണ്ടാവുമോ എന്നറിയില്ല. പറ്റിയാല്‍ അതിനു മുമ്പേ നിത്യമായി പോരണമെന്നാണ് ആഗ്രഹം. പള്ളിക്കു പുറത്തു ആളുകള്‍ കൂട്ടം കൂടി വിശേഷങ്ങള്‍ പങ്കിടുകയാണ്. അവര്‍ക്കിടയിലൂടെ നിമ്മി മോളുടെ കൂടെ അയാള്‍ ഒറ്റയ്ക്ക് നടന്നു. പ്രായമേറിയവര്‍ എവിടെയും ഒറ്റയ്ക്ക് തന്നെ. ഭൂമിയുടെ തന്നെ പ്രതീക്ഷകള്‍ യുവത്വത്തില്‍ ആയിരിക്കുമ്പോള്‍, പ്രായമേറിയവരോട് ആര് എന്തു പങ്കു വെയ്ക്കാന്‍? പള്ളിയുടെ പുറത്തേക്കെത്തുമ്പോള്‍ അവിടെ ദുഖവെള്ളിയുടെ പ്രതീകമായ കയ്പു നീര്‍ ഇരിപ്പുണ്ട്. അതില്‍ അല്പം രുചിച്ചു. അതൊരനുഭൂതിയാണ്. അതിനു പഴമയുടെ ഒരു സുഖമുണ്ട്, ഓര്‍മയുമുണ്ട്. അയാള്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, മറ്റൊരു കുടുംബം പള്ളിയിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ആ അമ്മയുടെ കയ്യില്‍ ഒരു കുഞ്ഞു പൈതലും. അയാള്‍ അതിനെ സൂക്ഷിച്ചു നോക്കി. കുഞ്ഞ് അയാളെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. അയാള്‍ തിരിച്ചും ചിരിച്ചു. അതില്‍ ജീവിതത്തിന്‍റെ സംതൃപ്തി നിറഞ്ഞു നിന്നു. പള്ളിയുടെ സ്പീക്കറുകള്‍ വീണ്ടും ശബ്ദിച്ചു തുടങ്ങിയിരുന്നു, "ഗാഗുല്‍ത്താ മലയില്‍ നിന്നും, വിലാപത്തിന്‍ മാറ്റൊലി കേട്ടു".

Sunday, April 1, 2012

സരോജിനി ടീച്ചര്‍


2011 മാര്‍ച്ച് 31

സരോജിനി ടീച്ചര്‍ അന്ന് മറ്റേതൊരു ദിവസവും പോലെ പുലര്‍ച്ചെ എഴുന്നേറ്റു. വീട്ടില്‍ ഭക്ഷണം തയാറാക്കി. കുളിച്ചു, സ്ക്കൂളില്‍ പോകുവാന്‍ തയ്യാറായി. മക്കള്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇന്ന് ടീച്ചറുടെ അവസാന സര്‍വീസ് ദിവസമാണ്. എന്നിരുന്നാലും അവര്‍ക്കു പ്രത്യേകത ഒന്നും തോന്നിയില്ല. പ്രഭാത ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ച ശേഷം സ്കൂളിലേക്ക് പുറപ്പെട്ടു. ടീച്ചര്‍ എന്‍റെ അയല്‍വാസിയാണ്. ചെറുപ്പം മുതല്‍ തന്നെ പരിചയവുമുണ്ട്. അടുത്തു തന്നെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളിലാണ് അവര്‍ പഠിപ്പിക്കുന്നത്‌. കാലത്തിന്‍റെ ഗതിയോഴുക്ക് ഇന്ന്‍ അവരെ റിട്ടയര്‍മെന്റിന്‍റെ പടിവാതില്‍ക്കല്‍ എത്തിച്ചിരിക്കുന്നു.

ടീച്ചര്‍ സ്കൂളിലെത്തി. എത്രയോ വര്‍ഷം താന്‍ കണ്ടു ശീലിച്ച കാഴ്ചകള്‍, നടന്നു പഴകിയ വഴികള്‍, എന്നിരിക്കിലും എല്ലാത്തിലും ഒരു പുതുമ തോന്നി. കാലം പഴമയെ നവീകരിക്കുന്നുണ്ടോ എന്നവര്‍ സംശയിച്ചു. ഓര്‍മ്മകള്‍ പലപ്പോഴും കയറിവരുന്നത് അപ്രതീക്ഷിതമായാണ്. താന്‍ സ്ക്കൂളില്‍ ജോയിന്‍ ചെയ്ത ദിവസം മുതലുള്ള പത്തുമുപ്പതു വര്‍ഷങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. അതിനു വേദന നിറഞ്ഞ ഒരു സംതൃപ്തിയുടെ ഗന്ധമുണ്ടായിരുന്നു. തന്‍റെ മുന്നിലൂടെ കാലം കടത്തിവിട്ട ആയിരക്കണക്കിന് കുട്ടികള്‍ ഇന്നെവിടെയാവും? ഭൂതകാലത്തില്‍ നിന്നും ഇന്നിന്‍റെ സമയത്തേക്ക് എത്തിച്ചേരുവാന്‍ അവര്‍ ഏറെ സമയം എടുത്തു.

മറ്റദ്ധ്യാപകര്‍ എത്തിച്ചേരുന്നതേയുള്ളൂ. ഈ വര്‍ഷം സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് ടീച്ചര്‍ മാത്രമേയുള്ളൂ. അതിനാല്‍ തന്നെ എല്ലാവരും ടീച്ചറോട് പ്രത്യേക താല്പര്യത്തോടെ കുശലം ചോദിക്കുന്നുണ്ട്. സമയം, സമാപ്തിയുടെ കവചകുണ്ടലങ്ങള്‍ അതാതു സമയത്തു ചിലരെ അണിയിക്കുന്നു. പ്രധാനാധ്യാപകന്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അദ്ദേഹം വരുവാന്‍ സമയമെടുക്കും. സര്‍വീസ് കാലയളവില്‍ വ്യക്തിപരമായി അകന്നവര്‍ വരെ അടുത്തു വന്നു സംസാരിക്കുന്നുണ്ട്. വിടവാങ്ങല്‍, ആളുകളെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്ന് ടീച്ചര്‍ സംശയിച്ചു.

പ്രധാനാധ്യാപകന്‍ എത്തിച്ചേര്‍ന്നു. ഉടന്‍ തന്നെ സ്റ്റാഫ്‌ മീറ്റിങ്ങും ആരംഭിച്ചു. വിരമിക്കുന്ന ടീച്ചര്‍ക്ക് അനുമോദനം അര്‍പ്പിക്കുക എന്ന അജണ്ട മാത്രമേ ഉള്ളു. സ്റ്റാഫ്‌ അംഗങ്ങള്‍ എല്ലാവരും മംഗളകരമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം ആശംസിച്ചു. ടീച്ചര്‍ മറുപടി പ്രസംഗത്തിനായി എഴുന്നേറ്റു,  എല്ലാവരും ചെയ്തു തന്ന സഹായങ്ങള്‍ ടീച്ചര്‍ സ്മരിച്ചു. പ്രസംഗം എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. ജീവിതത്തിന്‍റെ അദ്ധ്യായങ്ങളുടെ സമാപന വാക്കായ നന്ദിയും പറഞ്ഞു അവര്‍ പ്രസംഗം അവസാനിപ്പിച്ചു. മീറ്റിംഗ് സമാപിച്ചു. എല്ലാവരും പുറത്തേക്കിറങ്ങി. ടീച്ചറിന്‍റെയൊപ്പം വണ്ടിയിലേക്ക്. ടീച്ചര്‍ തന്‍റെ സ്കൂളിനെ തിരിഞ്ഞു നോക്കിയില്ല, പുറത്തേക്കുള്ള വഴി സാകൂതം വീക്ഷിച്ചിരുന്നു.

വീട്ടില്‍ മക്കള്‍ ഭര്‍ത്താവിന്‍റെയൊപ്പം ടീച്ചറെയും സഹപ്രവര്‍ത്തകരെയും പ്രതീക്ഷിച്ചു ഭക്ഷണവും തയാറാക്കി കാത്തിരിപ്പുണ്ട്. സഹപ്രവര്‍ത്തകരെല്ലാം വീട്ടിലേക്കു പ്രവേശിച്ചു. കുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെട്ടു. താമസിയാതെ ഭക്ഷണം വിളമ്പി തുടങ്ങി. കൂട്ടത്തില്‍ യുവ അധ്യാപകര്‍ തമാശയൊക്കെ പറഞ്ഞു ഭക്ഷണം ആസ്വദിച്ചപ്പോള്‍, മുതിര്‍ന്നവര്‍ ചിലരെങ്കിലും ചിന്താമഗ്നരായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വീണ്ടും അരമണിക്കൂര്‍ കൂടി വീട്ടില്‍ തങ്ങി. ഒടുവില്‍ അവര്‍ യാത്ര പറഞ്ഞിറങ്ങി. എല്ലാവരും സന്തോഷമായി കൈ കൊടുത്തു. അതിനിടയിലൂടെ, പലരും നര്‍മം അവതരിപ്പിച്ചു. കൂട്ടച്ചിരിക്കിടയില്‍ കാണികള്‍ വണ്ടിയിലേക്ക് കയറി. അവര്‍ക്ക് ടീച്ചര്‍ നിറഞ്ഞ മനസ്സോടെ യാത്രയയപ്പ് നല്‍കി. കാലം പരിചിതമാക്കിയ അപരിചിത മുഖങ്ങള്‍ ടീച്ചറെ വിട്ടു യാത്രയായി. കാലത്തിന്‍റെ സംഭാവനകള്‍ കാലം തന്നെ തിരിച്ചെടുത്തു.

സരോജിനി ടീച്ചര്‍ സരോജിനിയായി എന്ന സത്യം ബോധമനസ്സു അംഗീകരിച്ചെങ്കിലും, മനസ്സിന്‍റെ ഉള്ളറകള്‍ അതു അംഗീകരിക്കുന്നുണ്ടായിരുന്നില്ല. സത്യം ബോധ്യമായി മാറുവാന്‍ സമയമെടുക്കുമായിരിക്കും. ടീച്ചര്‍ വേഷമോക്കെ മാറ്റി. അവരുടെ ചുറ്റുപാടുകള്‍ വീണ്ടും സാധാരണമായി. "റിട്ടയര്‍മെന്റുകള്‍, കാലം അതിവേഗം മുന്നോട്ടു പോകുന്നുവെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു" എന്നാ പ്രധാനാധ്യാപകന്‍റെ വാക്കുകള്‍ ടീച്ചറുടെ ചിന്തക്ക് വിഷയമായി. താനും വാര്‍ധക്യത്തെ പുല്‍കിയിരിക്കുന്നു. ഇനി തന്നില്‍ നിന്ന് മറ്റാരും അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. തന്‍റെ സമയം വിലപിടിപ്പില്ലാതായി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി ഒരു ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു, "ഇനി എന്ത്?". ചിന്തകള്‍ കാടുകയറി തുടങ്ങിയിരുന്നു.

2011 ഏപ്രില്‍ 1

മകളുടെ ശബ്ദം കേട്ടാണ് ടീച്ചര്‍ അന്നെഴുന്നേറ്റത്‌. സമയം വൈകിയിരിക്കുന്നു. വളരെ വേഗം ടീച്ചര്‍ ഭക്ഷണം പാകപ്പെടുത്തുവാന്‍ ആരംഭിച്ചു. വിരമിക്കല്‍ എന്ന ബോധ്യത്തിലേക്ക് മനസ്സ് ഉണരുവാന്‍ സമയമെടുത്തു. അല്‍പ സമയം അവിടെ നിന്ന  ടീച്ചര്‍ പതിയെ മുറ്റത്തേക്കിറങ്ങി. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമായി, മകന്‍ ജോലി സ്ഥലത്തേക്കു  പോകുവാന്‍ തയ്യാറായി ഇരിപ്പുണ്ട്. ടീച്ചര്‍ പതിയെ ആകാശത്തേക്ക് നോക്കി. അവിടെ ഒരു പുതിയ സൂര്യന്‍ ഉദിക്കുന്നുണ്ടായിരുന്നു.

Sunday, March 11, 2012

വെടി കുഞ്ഞ്


ഞായറാഴ്ച ദിവസങ്ങളില്‍ എന്‍റെ ദിനച്ചര്യകളെ സമ്പന്നമാക്കുന്നത് ഞായറാഴ്ച കുര്‍ബാനയും, അതിനു ശേഷം സെമിത്തേരിയില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഏതാനം മിനിറ്റു നേരത്തെ പ്രാര്‍ത്ഥനയുമാണ്. പാരമ്പര്യത്തില്‍ അടിയുറച്ച ഈ ഒരു പ്രക്രിയ കൈമോശം വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സെമിത്തേരിയില്‍ കുടുംബ കല്ലറയുടെ മുന്നിലാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രധാനമായും മരിച്ച വല്യപ്പച്ചന്‍റെയും, അമ്മച്ചിയുടെയും രൂപമാണ് മനസ്സില്‍ വരുന്നതെങ്കിലും, പ്രാര്‍ത്ഥനയില്‍ എല്ലാവരെയും ഓര്‍മ്മിക്കാറുണ്ട്. സെമിത്തേരിയില്‍ കുടുംബക്കല്ലറയുടെ സമീപത്തായി അല്‍പ സമയം ചിലവിടുന്നത് നന്മ നിറഞ്ഞ ഒരു അനുഭവവുമാണ്. ഞാനും അവസാനം ചെന്നെത്തേണ്ട കല്ലറയാണ് മുന്നിലുള്ളതെന്ന വിചാരം, പലപ്പോഴും ചിന്തകളിലേക്കും വഴി തെളിക്കാറുണ്ട്. ജീവിതത്തില്‍ സമയമില്ലാതെ പായുന്ന തലമുറയുടെ പ്രതീകമായ ഞാന്‍, ഏറ്റവും കൂടുതല്‍ സമയം ഭാവിയില്‍ ചിലവഴിക്കാന്‍ പോകുന്നിടത്ത്, കുറച്ചു സമയം വെറുതെ ചിലവഴിക്കും. തികഞ്ഞ നിശബ്ദതയും, ഏകാന്തതയുടെ ഗദ്ഗദങ്ങളും മാത്രം കൂട്ടിനുള്ള അവിടം, വിചാരങ്ങളെ തൊട്ടുണര്‍ത്തും. ജീവിതപ്രയാണത്തിന്‍റെ അര്‍ത്ഥശൂന്യതയെ, ജനനവും മരണവും രേഘപ്പെടുത്തിയ ഓരോ കല്ലറയും ഓര്‍മിപ്പിക്കുന്നുണ്ട്.

"കൊച്ച് എവിടുത്തെയാ?". പതിവ് പോലെ ഞായറാഴ്ച, ഒരു സുഹൃത്തിനൊപ്പം കുര്‍ബാനയ്ക്ക് ശേഷം സെമിത്തേരിയില്‍ പ്രാര്‍ത്ഥനാപൂര്‍വം സമയം ചിലവിടുമ്പോഴാണ് ഈ ശബ്ദം എന്നിലേക്ക് വന്നത്. ചിന്തകളില്‍ മുഴുകാറുള്ള എനിക്ക് അത് അല്‍പം ആലോസരമുണ്ടാക്കി. നോക്കിയപ്പോള്‍, കല്ലറയുടെ അടുത്തു തന്നെയുള്ള മറ്റൊരു കല്ലറയിലെ മണ്ണ് എടുത്തു മാറ്റുകയായിരുന്ന വെടി കുഞ്ഞാണ് കക്ഷി. മരിച്ചടക്കുള്ള ദിവസങ്ങളില്‍ അടക്കിനു മുമ്പായി കുടുംബക്കല്ലറയിലെ മണ്ണ് മാറ്റാറുണ്ട്. സുഹൃത്ത് വഴി ഞാനും കുഞ്ഞിനെ പരിചയപ്പെട്ടു. പള്ളിയിലെ എല്ലാമെല്ലാമാണ് കുഞ്ഞെങ്കിലും, എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. പള്ളിയില്‍ കതിനാ പതിവായി പൊട്ടിക്കുന്നതില്‍ നിന്നാണ് വെടി കുഞ്ഞ് എന്ന പേര് ലഭിച്ചത്. കുഞ്ഞും സഹായിയും കല്ലറയില്‍ ഇറങ്ങി നിന്ന് മണ്ണ് കോരുകയാണ്. പതിവിലും സന്തോഷത്തിലാണ് കുഞ്ഞ്. അടക്കുള്ള ദിവസങ്ങളില്‍ കുഞ്ഞിനു ചാകരയാണ്. തലേന്ന് തുടങ്ങുന്ന കുപ്പി പൊട്ടിക്കല്‍, പിറ്റേന്നു മാത്രമേ കഴിയൂ.

അവര്‍ തമാശ പറഞ്ഞു മണ്ണ് കോരുകയാണ്. ഞാന്‍ അല്‍പ സമയം പോയി അത് നോക്കി നിന്നു. ഓരോ കൊട്ട മണ്ണും പുറത്തേക്കു വരുമ്പോള്‍, മനസ്സില്‍ ഒരു ഭീതി. തികഞ്ഞ ഏകാന്തതയുടെ പുറത്താണ് ഇവര്‍ തൂമ്പാ വയ്ക്കുന്നത്. അല്പം കഴിഞ്ഞപ്പോള്‍, തൂമ്പാ അടിയിലുണ്ടായിരുന്ന പെട്ടിയില്‍ മുട്ടി. ഞാന്‍ എന്തോ പുറകോട്ടു മാറി. ചെറുപ്പത്തില്‍, ആരും കാണാതെ സംഘം ചേര്‍ന്ന് പള്ളിയിലെ അസ്ഥിക്കുഴി പൊക്കി നോക്കുമായിരുന്നത് ഓര്‍ത്തു പോയി. അതിലുള്ള തലയോട്ടികള്‍ അന്ന് കൌതുകമുള്ള കാഴ്ചകളായിരുന്നെങ്കില്‍, ഇന്ന് കാലം എന്‍റെ ചിന്തകളെ കൂടുതല്‍ പക്വമാക്കിയിരിക്കുന്നു. പൊന്നു പോലെ സൂക്ഷിക്കുന്ന എന്‍റെ മുഖവും ഒരിക്കല്‍ തലയോട്ടിയായി, അടുത്ത തലമുറയ്ക്ക് കൌതുകമായി നിലകൊള്ളും. അവര്‍ സൂക്ഷിച്ചു കല്ലറയിലെ പഴയ പെട്ടി പൊക്കി മാറ്റുന്നുണ്ട്.

വടക്കേലെ ത്രേസ്യ ചേടത്തി അന്ന് അതിരാവിലെയാണ് മരിച്ചത്. ബോണ്‍ ക്യാന്‍സറായി അഞ്ചാറു മാസമായി ചികല്‍സയിലായിരുന്നു. ജീവിതത്തിന്‍റെ കാലാവധി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിയേണ്ടി വന്ന ദൌര്‍ഭാഗ്യവതികളില്‍ ഒരാള്‍. ഏതൊരു മനുഷ്യനും തകരുന്ന ഒരു നിമിഷമാവും അത്. ചുറ്റുമുള്ള സഹതാപങ്ങള്‍ പിന്നീട് അവരെ ഇഞ്ചിഞ്ചായി കൊല്ലുന്നു. രോഗത്തിന്‍റെ ഭാഗമായി കനത്ത വേദനയും അനുഭവിക്കേണ്ടി വന്നു അവര്‍ക്ക്. ആകെയുള്ളത് സ്ക്കൂളിലും കോളേജിലുമായി പഠിക്കുന്ന ഒരു മകനും, മകളും. വെള്ളം മഞ്ഞുതുള്ളികളായി പെയ്തിറങ്ങിയ ഒരു പ്രഭാതത്തില്‍ അവരും യാത്രയായി, കാലം നല്‍കുന്ന അനാഥത്വം മക്കളുടെ ചുമലില്‍ ഏല്‍പ്പിച്ചുകൊണ്ട്. സമയം ഉച്ചയായി. സംസ്കാര ശുശ്രൂഷകള്‍ വീട്ടില്‍ നിന്നാരംഭിച്ചു.

പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ദേഹം എന്‍റെ കുടുംബക്കല്ലറയുടെ അടുത്തുള്ള കല്ലറയിലേക്ക് എടുത്തു. സംസ്കാര ശുശ്രൂഷയുടെ അന്ത്യമായി. വൈദീകന്‍ ചേടത്തിയുടെ മുഖം വെളുത്ത തൂവാല കൊണ്ട് മൂടി. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും" എന്ന വാക്യങ്ങള്‍, മരിച്ചവരെക്കാള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലല്ലേ. മക്കളുടെ കരച്ചില്‍ ഉച്ചസ്ഥായിലായി. കൂടെയുണ്ടായിരുന്നവര്‍, അമ്മയെ കെട്ടി പിടിച്ചു കരഞ്ഞിരുന്ന മക്കളെ പിടിച്ചു മാറി, ശവം കല്ലറയിലേക്കിറക്കി. ഒരു വ്യക്തിക്ക് ഏറ്റവും അവസാനമായി കിട്ടുന്ന ബഹുമതിയായ ഒരു പിടി മണ്ണും വാരിയിട്ട്, ആളുകള്‍ സാവധാനം യാത്രയായിത്തുടങ്ങി. ആളുകളുടെ എണ്ണം കുറഞ്ഞു വന്നു. ബന്ധുക്കളും, മക്കളും മാത്രം അവസാനം അവശേഷിച്ചു. വെടി കുഞ്ഞും സഹായിയും രംഗപ്രവേശം ചെയ്തു. അവര്‍ കല്ലറയില്‍ മണ്ണ് നിറച്ചു തുടങ്ങി. സമയം പോകെ, കാണികളുടെ വേദിയില്‍ കാല്‍പാടുകള്‍ മാത്രം ശേഷിച്ചു. അവര്‍ ഇരുവരും തമാശകളൊക്കെ പങ്കു വെച്ച് കല്ലറ മണ്ണിട്ട്‌ നിറച്ചു കൊണ്ടിരുന്നു. പള്ളിയില്‍ നിന്നു മരണസൂചകമായുള്ള മണികള്‍ മുഴങ്ങി.

സമയം ഒരരമണിക്കൂര്‍ കഴിഞ്ഞു. പള്ളി വീണ്ടും അണിഞ്ഞൊരുങ്ങി തുടങ്ങി. ആളുകള്‍ക്ക് കുടിക്കുവാനുള്ള വെള്ളവും, അലങ്കരിക്കാന്‍ പുഷ്പങ്ങളും എത്തി കഴിഞ്ഞു. ഒരു വിവാഹ ചടങ്ങിനുള്ള വേദിയാണ് അവിടം. പള്ളി പരിസരങ്ങളില്‍ പതിയെ സന്തോഷം നിറഞ്ഞു തുടങ്ങി. മറ്റൊരു കൂട്ടം ആളുകളും അവിടെ ഒത്തു കൂടിക്കഴിഞ്ഞു.  താമസിയാതെ വരനും വധുവും വീട്ടുകാരും എത്തി. വൈദീകനും പ്രാര്‍ത്ഥനാപൂര്‍വം അള്‍ത്താരയിലേക്ക്. വിവാഹ ശുശ്രൂഷകള്‍ ആരംഭിച്ചു. സന്തോഷപൂര്‍വ്വം വരനും വധുവും കൈകള്‍ ചേര്‍ത്തു പിടിച്ചു ദൈവത്തിന്‍റെ മുന്‍പില്‍ പ്രതിഞ്ജാ വാചകങ്ങള്‍ ചൊല്ലി. " ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും, ദുഖത്തിലും..." സെമിത്തേരിയില്‍ കല്ലറയില്‍ മണ്ണ് നിറഞ്ഞു കഴിഞ്ഞിരുന്നു. സ്ലാബു സിമിന്‍റ് തേച്ചുറപ്പിച്ച ശേഷം കുഞ്ഞും സഹായിയും പുറത്തേക്ക്. അവരുടെ ആഘോഷം തുടങ്ങാന്‍ പോകുന്നതേയുള്ളു. ക്ഷണനേരത്തില്‍ വികാരങ്ങള്‍ മാറി മറിയുന്ന ഒരു സാധാരണ മനുഷ്യ മനസ്സിന് തുല്യമായിരുന്നു ആ പള്ളിയും, പരിസരങ്ങളും. ചടങ്ങിനു ശേഷം വിവാഹ ഭക്ഷണത്തിനായി ആളുകള്‍ പുറത്തേക്കിറങ്ങുമ്പോള്‍ സമീപത്തായി കണ്ണുനീര്‍ വീണുണങ്ങിയ മണ്ണും കിടക്കുന്നുണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി, മനുഷ്യന്‍റെ അഹങ്കാരങ്ങളെ പുച്ഛിച്ചു കൊണ്ടു ആ പള്ളി മണിയും.

Sunday, March 4, 2012

നദീസംയോജന പദ്ധതിയും തിരുവാതിര ഞാറ്റുവേലയും


പുരാതന കാലത്ത് കേരളത്തില്‍ നടന്ന ഒരു സംഭവമുണ്ട്. വാസ്കോ ഡ ഗാമ രണ്ടാം വട്ടവും കേരളത്തില്‍ എത്തിയ സമയം. അക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്തവ്യഞ്ജനമായ, കറുത്ത സ്വര്‍ണ്ണം എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന, കുരുമുളക് ചെടി കേരളത്തില്‍ നിന്ന് യൂറോപ്പിലെക്കു കടത്തുകയുയായിരുന്നു ഗാമയുടെ ലക്‌ഷ്യം. അതിനായി കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയായിരുന്ന മങ്ങാട്ടച്ചനുമായി ഗാമ രഹസ്യ ഉടമ്പടി ഉണ്ടാക്കുകയും, അതു വഴി കൈക്കലാക്കിയ ചെടിയുടെ ഇല യൂറോപ്പിലെക്കു കടത്തുകയും ചെയ്തു. വിവരമറിഞ്ഞ് ക്ഷുഭിതനായ സാമൂതിരി മങ്ങാട്ടച്ചനെ വിളിപ്പിച്ചു കാര്യം തിരക്കി. അപ്പോള്‍ മങ്ങാട്ടച്ചന്‍ പറഞ്ഞത്, "വെറ്റില മാത്രമേ കൊടുത്തുവിട്ടുള്ളു, തിരുവാതിര ഞാറ്റുവേല കൊടുത്തുവിട്ടില്ല തിരുമേനി" എന്നാണ്. തിരുവാതിര ഞാറ്റുവേല എന്നാല്‍ നമ്മുടെ കാലാവസ്ഥ എന്ന് വ്യംഗ്യം. നമ്മുടെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മാത്രം വളരുന്ന ഒരു ചെടിയുടെ ഇല കൈമാറി താന്‍ ഗാമയുടെ കൂട്ടരേ പറ്റിക്കുകയായിരുന്നു എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ കാലാവസ്ഥക്കും, ഭൂപ്രകൃതിക്കും, മലയാളിയുടെ ആത്മാഭിമാനത്തിന്‍ മേലുള്ള സ്ഥാനത്തെ പറ്റി പുരാതന കാലം മുതല്‍ക്കെ അവന്‍ ബോധവാനായിരുന്നു.

ഭൂപ്രകൃതിയില്‍ അഹങ്കരിക്കുന്ന മലയാള മനസ്സിന്‍റെ മേലുള്ള ഒരു പ്രഹരമാണ് അടുത്ത കാലത്ത് ഉയര്‍ന്നു വന്ന നദിസംയോജന പദ്ധതി. പതിവില്‍ കവിഞ്ഞ രാഷ്ട്രീയ, സാമൂഹിക ബോധം പുലര്‍ത്തുന്ന അവന്‍ പ്രകൃതി സംരക്ഷണ പരിശ്രമങ്ങളില്‍ കാര്യമായി സമയം ചിലവഴിക്കാറില്ല. അവകാശമായി പകര്‍ന്നു കിട്ടിയ സ്വത്ത് അനുഭവിക്കുന്ന ജന്മിയെ പോലെ അവനും അനേകം കാര്യങ്ങളില്‍ മനസ്സിനെ വ്യാപരിപ്പിക്കുന്നു. മാറിയ സാമോഹീക അവസ്ഥയില്‍ അവനെ നേരിട്ട് ഉടനടി ബാധിക്കുന്ന കാര്യങ്ങളിലോഴികെ മറ്റൊന്നിലും അവന്‍ ക്രിയാത്മകമായി പ്രതികരിക്കില്ല എന്നത് ഖേദകരം. സ്വയം അടിച്ചേല്‍പ്പിക്കുന്ന ഈ ദീര്‍ഘവീക്ഷണമില്ലായ്മ പല ഘട്ടങ്ങളിലും കേരളത്തിനു വിനയായിട്ടുണ്ട്.

നദീ സംയോജനം എന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ രൂപപ്പെട്ട ഒരു ആശയമാണ്. സ്വതന്ത്ര ഭാരതത്തില്‍, പദ്ധതി ഗൌരവമായി മുന്നോട്ടു വയ്ക്കപ്പെടുന്നത് 1972ലെ ഗംഗ കാവേരി ബന്ധിപ്പിക്കല്‍ പദ്ധതി വഴിയാണ്. 1977ല്‍ ബ്രഹ്മപുത്ര, ഗംഗ നദികളെ സംയോജിപ്പിക്കുന്ന കനാല്‍ പദ്ധതിയും മുന്നോട്ടുവയ്ക്കപ്പെട്ടു. മധ്യ ദക്ഷിണ മേഘലകളിലെ നദികളെ ബന്ധിപ്പിക്കാനുള്ള മറ്റൊരു പദ്ധതിയും കൂടി വിഭാവനം ചെയ്യുകയുണ്ടായി. 2002ല്‍ വാജ്‌പേയി സര്‍ക്കാരിന്‍റെ കാലത്താണ് പദ്ധതി ഗൌരവമായ ചര്‍ച്ചകളിലേക്കും, ആവിഷ്കരണ ഘട്ടത്തിലെക്കും നീങ്ങിയത്.

പ്രധാനമായി ഹിമാലയന്‍ മേഘല, ഉപദ്വീപ് മേഘല എന്ന് തരം തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഘലകളിലെ നദികളുടെ സംയോജനമാണ് ഇതിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. 14 പദ്ധതികളാണ് ഹിമാലയന്‍ മേഘലയില്‍ ലക്ഷ്യമിടുന്നതെങ്കില്‍, 16 എണ്ണമാണ് ഉപദ്വീപ് മേഘലയില്‍ ലക്‌ഷ്യം വയ്ക്കുന്നത്. ഇതില്‍ കേരളത്തിലേതു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികളെ ദിശമാറ്റി കിഴക്കോട്ടൊഴുന്ന നദികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉപദ്വീപ് പദ്ധതികളുടെ പ്രധാന ഉദ്ദേശം. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിക്ക് കൂടുതല്‍ ജലം, കൂടുതല്‍ കുടിവെള്ളം, ജലവൈദ്യുത പദ്ധതികള്‍, തൊഴില്ലിലായ്മ പരിഹാരം, നദീ സഞ്ചാരം, ദേശീയ ഏകീകരണം എന്നിവയാണ് പദ്ധതിയുടെ ഗുണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവ വളരെ ഗുണപരമായ കാര്യങ്ങളാണെങ്കിലും, ഫലം കാണുമോ എന്നത് പഠനത്തിനു വിധേയമാണ്.

വെള്ളപ്പൊക്ക നിയന്ത്രണം ഇതുകൊണ്ട് ഫലവത്താകുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ഇന്ത്യയില്‍ പ്രധാനമായി വെള്ളപ്പൊക്കമുണ്ടാകുന്ന നദികള്‍ ഗംഗയും ബ്രഹ്മപുത്രയുമാണ്. 100 മീറ്റര്‍ വീതിയും, 10 മീറ്റര്‍ ആഴവുമുള്ള ഇപ്പോള്‍ വിഭാവനം ചെയ്യുന്ന കനാല്‍ വെച്ച്, 50000 ഘനയടി ജലം ഒരു നിമിഷത്തില്‍ പ്രവഹിക്കുന്ന ഗംഗയിലെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ല. ഈ കനാലിലൂടെ പരമാവധി കൊണ്ടുപോകാന്‍ സാധിക്കുന്നത് ഒരു സെക്കന്റില്‍ 1500 ഘനയടി വെള്ളം മാത്രമാണ്. തന്നെയുമല്ല, ജലം കുറവുള്ള വേനല്‍കാലത്ത്, ഈ കനാലുകള്‍ രണ്ടു നദികളുടെയും നാശത്തിനും, അതുവഴി ഇതിനെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളുടേയും നാശത്തിനും വഴി വെയ്ക്കും.

ഇതുമൂലമുണ്ടാകുന്ന മറ്റൊരു വിപത്ത് തീരപ്രദേശങ്ങള്‍ക്കാണ്. തീരപ്രദേശങ്ങളിലെ ഉപ്പുരസം നിയന്ത്രിച്ചു നിര്‍ത്തുന്നത്, അതിലൂടെ ഒഴുകി കടലില്‍ പതിക്കുന്ന നദികളാണ്. അവ അതുവഴി ഒരു ജീവചക്രം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ നദികള്‍ മരിക്കുന്നതോടെ തീരപ്രദേശങ്ങളിലെ ഉപ്പുരസം ക്രമാതീതമായി ഉയരാനും, അതുവഴി അവിടങ്ങളിലെ അനീമിയയും, ശിശു മരണ നിരക്കും ഉയരാനും സാധ്യതയുണ്. കാലക്രമേണ അവ ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുത്തുവാനും സാധ്യത നിലനില്‍ക്കുന്നു. കൂടാതെ നദികള്‍ കൂട്ടിയോജിപ്പിക്കുന്നത് മൂലം, ചില പ്രത്യേക ആവാസ വ്യവസ്ഥകളില്‍ മാത്രം നിലനില്‍ക്കുന്ന പല അപൂര്‍വ ജലജീവികളും അപ്രത്യക്ഷമാകും. ജൈവ വൈവിധ്യത്തില്‍ അഭിമാനിക്കുന്ന ഭാരതത്തിന്‍റെ മേല്‍ അറിഞ്ഞു കൊണ്ട് വീഴ്ത്തുന്ന ഒരു പോറലാവും അത്. ഈ പദ്ധതിയില്‍, പല നദികളില്‍ നിന്നും വെള്ളം പമ്പ് ചെയ്തു വേണം മറ്റു നദികളില്‍ എത്തിക്കുവാന്‍. തന്നെയുമല്ല, ഇതിനായി ഇപ്പോള്‍ കണക്കാക്കുന്നത് അഞ്ചു ലക്ഷം കോടി രൂപയാണ്. നമ്മുടെ എത്രയോ വികസന പദ്ധതികള്‍ ഇതുവഴി നടപ്പാക്കാനാവും. ജലം വഴിതിരിച്ചു വിടുന്നത് ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളെയും ബാധിക്കും. കാരണം ഗംഗ പോലുള്ള പല വന്‍ നദികളും ബംഗ്ലാദേശുള്‍പ്പെയുള്ള പല രാജ്യങ്ങളിലൂടെ കടന്നു പോകുന്നവയാണ്.

ഈ പദ്ധതി ലക്ഷ്യമിടുന്ന ദേശീയ ഏകീകരണത്തിനു പകരം നേരെ വിപരീത ഫലമാണ് ഉളവാക്കുക. പല സംസ്ഥാനങ്ങളും, ഇതിനെതിരായും, അനുകൂലമായും നിലപാടുകള്‍ വ്യക്തമാക്കി കഴിഞ്ഞു. അതുവഴി  സംസ്ഥാനങ്ങള്‍ക്കിടയിലും, ജനങ്ങള്‍ക്കിടയിലും, ഇത് വിഭാഗീയത വളര്‍ത്തി തുടങ്ങിയിരിക്കുന്നു. ഇതില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭാരതത്തിന്‍റെ ഏകത്വത്തിന് തന്നെ വിഘാതമായേക്കാം. കാരണം ജലം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പെടുന്നു. അതിനു ഒരു കൃത്രിമ ക്ഷാമാമുണ്ടാകുന്ന അവസ്ഥയിലുള്ള പല പ്രതികരണങ്ങളും, ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടുള്ളതാവും. ഇതിനേക്കാള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് മഴവെള്ള സംഭാരണമാണെന്നു ഞാന്‍ കരുതുന്നു. ചെലവ് ഇതിന്‍റെ അടുത്തെങ്ങും വരാത്ത മഴവെള്ള സംഭരണം മൂലം ഭൂഗര്‍ഭ ജലത്തിന്‍റെ ആഴം കുറയുകയും, മൊത്തത്തില്‍ ജല ലഭ്യത കൂടുകയും ചെയ്യും.

ഭാരതത്തില്‍ ഇതുകൊണ്ടുള്ള ബഹളങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, കേരളത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. പുണ്യ നദികളായ പമ്പയും, അച്ഛന്‍കോവിലും, മദ്ധ്യകേരളത്തിന്‍റെ സമൂഹീക, സാമ്പത്തീക, ആത്മീയ മേഘലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇവ ചെന്ന് ചേരുന്നത് വേമ്പനാട് കായല്‍ വഴി കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട്ടിലേക്കാണ്. വേമ്പനാട്ടു തടാകം അതിന്‍റെ ജലസമ്പത്ത് മൂലം രംസര്‍ സൈറ്റ് എന്ന പദവി ലഭിച്ചിട്ടുള്ള പ്രദേശമാണ്. തടാകത്തില്‍ ശുദ്ധജല ഒഴുക്ക് കുറയുന്നത്, കൂടുതല്‍ ഉപ്പുവെള്ളം തടാകത്തിലേക്ക് കയറുന്നതിനും, അതുവഴി ജല സമ്പത്തിന്‍റെ സമ്പൂര്‍ണ്ണ നാശത്തിനും വഴിവെയ്ക്കും. മണ്ണില്‍ ഉപ്പുരസം കൂടുന്നത് മൂലം നെല്‍കൃഷി നശിക്കുകയും, അതുവഴി പ്രദേശവാസികളുടെ വരുമാനമാര്‍ഗം തന്നെ നിലക്കുകയും ചെയ്യും. പമ്പാ അച്ചന്‍കോവില്‍ ആറുകള്‍ വേനല്‍ക്കാലത്ത് വറ്റാറുള്ള നദികളാണ്. അതിനാല്‍ തന്നെ അതിലെ ജലം വഴി തിരിച്ചു വിടുന്നത് ആത്മഹത്യാപരമായിരിക്കും. തന്നെയുമല്ല, ഫലഭൂയിഷ്ടമായ റിവര്‍ സെഡിമെന്റുകള്‍ മദ്ധ്യകേരളത്തിന്‍റെ ആകെ ഫലഭൂയ്ഷ്ടിയെ തന്നെ ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ അഭാവം നദീതടങ്ങളിലെ കൃഷിയേയും ബാധിക്കും. നദികള്‍ വഴി തിരിക്കുന്നതിനു പ്ലാന്‍ ചെയ്തിരിക്കുന്ന കനാലുകളും ടണ്ണലുകളും നമ്മുടെ ജൈവസമ്പന്നമായ കോന്നി- അച്ചന്‍കോവില്‍ വനമേഘലയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ഇവ പശ്ചിമഘട്ട മലനിരകളിലെ സ്വാഭാവീക നദീ ഒഴുക്കിനെ സാരമായി ബാധിക്കും. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം, ഐക്യരാഷ്ട്ര സംഘടന, ജൈവവൈവിധ്യമുള്ള  ലോകത്തെ 20 ബയോസ്പോടുകള്‍ തിരഞ്ഞെടുത്തതില്‍ ഒന്ന് ഭാരതത്തിന്‍റെ പശ്ചിമഘട്ട മലനിരകളാണ്. പല വികസിത രാജ്യങ്ങളും, മറ്റു രാജ്യങ്ങളുടെ ബയോസ്പോട്ട് സംരക്ഷണത്തിന് വേണ്ടിപ്പോലും, കോടിക്കണക്കിനു ഡോളര്‍ ചിലവഴിക്കുമ്പോള്‍, അറിഞ്ഞുകൊണ്ട് നാം നമ്മെ നശിപ്പിക്കുകയല്ലേ ഇവിടെ ചെയ്യുന്നത്.

എവിടെയും പ്രശ്നക്കാര്‍ ചോദ്യങ്ങളും, അതുയര്‍ത്തുന്നവരുമാണ്, വിശേഷിച്ചും ഉത്തരമില്ലാത്തതാണെങ്കില്‍. പ്രസിദ്ധ മാസികയായ നാഷണല്‍ ജ്യോഗ്രഫിക്, ജീവിതകാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് ഇവിടുത്തെ പൌരബോധാമോ, രാഷ്ട്രീയബോധമോ കണ്ടിട്ടല്ല, വിദേശികള്‍ പോലും കൊതിക്കുന്ന ഒരു പ്രകൃതിയുള്ളതുകൊണ്ട് മാത്രമാണ്. സാംസ്കാരീക ബോധമില്ലാത്ത ജനതയേക്കാള്‍ മോശായിരിക്കും, പുഴകളും, കാടും നഷ്ടപ്പെടുന്ന കേരളം. കേരളത്തിന്‍റെ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്‍റെ മാത്രം ആവശ്യമല്ല, അത് ലോകത്തിന്‍റെതുകൂടിയാണ്. തിരുവാതിര ഞാറ്റുവേല അന്യം നില്‍ക്കുന്നൊരു നാട്ടില്‍ നമുക്കഭിമാനിക്കാന്‍ എന്തിരിക്കുന്നു?

(പല ആശയങ്ങളും പങ്കു വച്ചതിനു ഉറ്റ സുഹൃത്ത് അനന്ദുവിനോട് കടപ്പാട്)

Friday, February 24, 2012

സംവരണത്തിന്‍റെ ശാസ്ത്രം


ഭാരതം വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ്ണമായും ജാതി വ്യവസ്ഥയുടെ പിടിയിലായിരുന്നു. സ്വാതന്ത്ര ലബ്ദിക്ക് മുമ്പ് അതു നമ്മുടെ സമൂഹത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഓരോരുത്തരുടെയും ലാഭത്തിനും കാര്യസാദ്ധ്യത്തിനും വേണ്ടി മനുഷ്യരെ അടിയാനെന്നും, കുടിയാനെന്നുമൊക്കെ വേര്‍തിരിച്ചിരുന്ന ആ കാലത്ത് ഒരു വിഭാഗം ജനത്തിനു സ്വൈര്യമായ ജീവിതമോ, സ്വന്തം മാനമോ പോലും അന്യമായിരുന്നു. മതത്തിന്‍റെ ദര്‍ശനങ്ങള്‍ വളച്ചൊടിച്ചുള്ള ആ സാമൂഹ്യ വ്യവസ്ഥിതിയില്‍ തലമുറകളായി ഒരു വലിയ ജനവിഭാഗം അടിമത്തത്തില്‍ കഴിഞ്ഞു. അതു തന്നെയുമല്ല, ഓരോ വിഭാഗത്തിനും ചെയ്യേണ്ട ജോലികള്‍ വരെ നിശ്ചിതമായിരുന്നു. ശവം ചുമക്കല്‍ മുതല്‍ ജന്മിയുടെ വീട്ടു ജോലി വരെ അത് നീണ്ടു. ഇവരുടെ ദര്‍ശനം പോലും മേല്‍ ജാതിക്കാര്‍ക്ക് പാപഹേതുവായി. സ്ത്രീകള്‍ക്ക് മാറ് മറക്കുവാന്‍ വരെ വിലക്കുണ്ടായിരുന്ന ആ നൂറ്റാണ്ടുകള്‍ ജീവിതം എന്നൊരു ബോധ്യത്തില്‍ നിന്ന് പോലും അവരെ അകറ്റി.

ഈ ഒരു സാമൂഹ്യ പശ്ചാത്തലം സംവരണം എന്നൊരു ആശയം രൂപീകൃതമായത്തിനു പിന്നില്‍ ഉണ്ട്. ഇവരെ മറ്റൊരു വിധത്തിലും വിദ്യാഭ്യാസം എന്ന, അവസരങ്ങളുടെ ലോകത്തേക്കെത്തിക്കുവാന്‍ സാധ്യമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പ് തന്നെ സംവരണം എന്നൊരു ആശയം ഭാരതത്തില്‍ ഉടലെടുത്തിരുന്നു. 1882ല്‍ ബ്രിട്ടീഷുകാരാല്‍ നിയമിക്കപ്പെട്ട ഹണ്ടര്‍ കമ്മീഷന്‍ സ്വതന്ത്രവും, നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം പിന്നോക്ക വര്‍ഗക്കാര്‍ക്കു നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 1902ല്‍ മഹാരാഷ്ട്രയിലെ ചത്രപതി ശിവാജി മഹാരാജാവ് പിന്നോക്ക വര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരം നല്‍കുകയുണ്ടായി. 1908 ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ തന്നെ പല സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം നല്‍കിയിരുന്നു. 1935ല്‍ കോണ്‍ഗ്രസ്‌, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്ന പൂന പാക്റ്റ് പാസാക്കുകയുണ്ടായി. 1947ല്‍ അംബേദ്‌കര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി. അദ്ദേഹം സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക ജനപ്രതിനിതികള്‍ വേണം എന്ന ആശയം മുന്നോട്ടു വച്ചെങ്കിലും, അത് ഹിന്ദു മതത്തെ വിഭജിക്കുമെന്നും, അത് വഴി രാജ്യത്തെ തന്നെ വിഭജിക്കുമെന്നും പറഞ്ഞു ഗാന്ധിജി പ്രതിഷേധിച്ചു. തല്‍ഫലമായി നിയോജക മണ്ഡലങ്ങള്‍ സംവരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1951ല്‍ സുപ്രീം കോടതി ജാതി സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് വിധിച്ചെങ്കിലും, ആദ്യത്തെ ഭരണഘടനാ ഭേതഗതി ആയ  Art 15(4) വഴി നെഹ്രു ആ ഉത്തരവിനെ മറികടക്കുകയായിരുന്നു.

സംവരണത്തിന്‍റെ ചരിത്രം വഴി അതിന്‍റെ ഉത്ഭവത്തെ ന്യായീകരിക്കുവാന്‍ സാധിക്കും. ഒരു നിശ്ചിത കാലത്തേക്ക് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ട ജാതി സംവരണം അളവിലും വ്യാപ്തിയിലും വളരുന്ന കാഴ്ചയാണ് സ്വാതന്ത്രാനന്തര ചരിത്രത്തെ നോക്കി കാണുന്ന ഏതൊരാള്‍ക്കും കാണാനാവുക. വര്‍ഷാവര്‍ഷം സംവരണത്തിന്‍റെ അളവ് വളര്‍ന്നുവളര്‍ന്ന്‍, ഇന്നത്‌ 50 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. അതും, സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്‍റെ ബലത്തില്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടാത്തത്. അത് പോലെ സംവരണം ഇന്ന് ജാതിക്കു പുറമേ, മതാടിസ്ഥാനത്തിലും, ലിംഗാടിസ്ഥാനത്തിലും, ഭാഷാടിസ്ഥാനത്തിലും, ജന്മസ്ഥലത്തിന്‍റെ അടിസ്ഥാനത്തിലുമെല്ലാം ലഭ്യമായി തുടങ്ങി. ഭാരതം ഇന്ന് സംവരണത്തിന്‍റെ ഒരു നാടായി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, മുസ്ലീമുകള്‍ക്ക് സംവരണ ത്തിനുള്ളില്‍ സംവരണം നമ്മുടെ നിയമമന്ത്രി വാഗ്ദാനം ചെയ്തതും, CPI(M) അവരുടെ പ്രമേയത്തില്‍, സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കാം. സംവരണം എന്നത് അധസ്ഥിതരുടെ ഒരു തലമുറയെ ദുരിതാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ലക്‌ഷ്യം വച്ചുള്ളതായിരുന്നെങ്കില്‍, ഇന്നു രണ്ടു തലമുറകളോളം സംവരണത്തിന്‍റെ ആനുകൂല്യം പറ്റിയിരിക്കുന്നു. എന്നിട്ടും ഇതിനു യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, എങ്കിലാണ് ഇതൊരു പ്രഹസനമാകുന്നത്.

നമ്മുടെ സംവരണത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്.ഒന്നാമതായി, അത് മതത്തിലോ, ജാതിയിലോ അതിസ്ഥിതമാണ്. ആയതിനാല്‍ തന്നെ ഇന്നത്തെ കാലഘട്ടത്തിന്‍റെതായ പ്രശങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാരണം, ഇന്നു മതത്തിന്‍റെയും ജാതിയുടെയും പേരിലല്ല, സാമ്പത്തീകം എന്ന ലേബലിലാണ് ചൂഷണങ്ങള്‍ ഏറെയും നടക്കുന്നത്. ഒരു ജാതിയിലോ, മതത്തിലോ ജനിക്കുന്നതുകൊണ്ടു മാത്രം ഒരാള്‍ ആനുകൂല്യത്തിന് അര്‍ഹാനാകുന്നതെങ്ങനെ? ഒരേ ജീവിതാവസ്ഥയിലുള്ള അന്യമതസ്ഥര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കെണ്ടേ? അപ്പോള്‍ ചുരുക്കത്തില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍, നമ്മുടെ ജനത്തെ വിഭജിക്കുയല്ലേ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്? വിഭജിച്ചു ഭരിക്കുക എന്ന പുരാതന നയം, പുത്തന്‍ കോപ്പയില്‍ ഇറക്കി അവര്‍ ജനത്തെ തമ്മിലടിപ്പിക്കുന്നു. അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നു. രണ്ടാമതായി, ഒരിക്കല്‍ ലഭിച്ചവര്‍ക്ക് പിന്നീട് ഈ ആനുകൂല്യം തടയുന്നതിനുള്ള ഒരു നിയമവും നിലവില്‍ ഇല്ല. ആയതിനാല്‍ തന്നെ, ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവരുടെ പിന്‍തലമുറക്കാരാണ് ഏറിയ പങ്കും ആനുകൂല്യം വീണ്ടും അനുഭവിക്കുന്നത്, യഥാര്‍ത്ഥ ഉപഭോക്താക്കളായ ആദിവാസികളും മറ്റും ഒരു മാറ്റവുമില്ലാതെ തുടരുന്നതിനുള്ള ഒരു കാരണവും ഇത് തന്നെ. മൂന്നാമതായി, പട്ടിക ജാതി, വര്‍ഗ സംവരണങ്ങളില്‍ വ്യക്തിയുടെ സാമ്പത്തിക നില പരിശോധിക്കുന്നില്ല. ആയതിനാല്‍, വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തീക സൌകര്യമുള്ളവരും‍, സംവരണം വഴി അവസരങ്ങള്‍ നേടിയെടുക്കുന്നു. ഇത് അവര്‍ക്കിടയില്‍ തന്നെ കിടമത്സരം കുറയുന്നതിനും, അതു വഴി വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നു. നാലാമതായി, അന്യ ജാതിയിലോ, മതത്തിലോ പെട്ട  പട്ടിണി പാവങ്ങള്‍ക്ക്, അവര്‍ അതില്‍ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. സഹപാഠികള്‍ അല്പം പോലും അധ്വാനിക്കാതെ ഉന്നത സ്ഥാനങ്ങളിലേക്ക് കയറുമ്പോള്‍ ഈ വ്യവസ്ഥിതിയോട് പുച്ഛം തോന്നുക സ്വാഭാവികം.

വോട്ടു ബാങ്കുകള്‍ സൃഷ്ട്ടിക്കുവാനും, വോട്ടുകള്‍ ചോരാതെ പിടിച്ചു നിര്‍ത്തുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും സംവരണത്തെ ഉപയോഗിക്കുന്നു. നാം എന്ന ജനതയെ മതത്തിന്‍റെയും, ജാതിയുടെയും, ലിംഗത്തിന്‍റെയും, സ്ഥലത്തിന്‍റെയുമെല്ലാം പേരില്‍ അവര്‍ വിഭജിച്ചു കഴിഞ്ഞു. ഏകത്വത്തിന്‍റെ പതിന്മടങ്ങായി നാനാത്വം വളര്‍ന്നിരിക്കുന്നു. തുല്യരെ തുല്യരായി കാണുന്ന ഒരു രാഷ്ട്രം യുവതയുടെ സ്വപ്നമാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റു രാജ്യങ്ങളെ അവര്‍ സ്വപ്നമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍, സംവരണം രാജ്യത്ത് എല്ലാ കാലവും നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിന്‍റെ കാരണങ്ങളില്‍ ഒന്നാമതായുള്ളത്, നമ്മുടെ ജനാധിപത്യം തന്നെ. ജനാധിപത്യത്തില്‍ ഒരു വോട്ടു പോലും കുറയ്ക്കുവാന്‍ ഒരു പാര്‍ട്ടിയും തയാറാവില്ല. അത് കൊണ്ട് തന്നെ വോട്ടുബാങ്ക് എന്ന പേരില്‍ ആര്‍ക്കു വേണമെങ്കിലും ഭരണം നിയന്ത്രിക്കാനാവും. രണ്ടാമതായി, രാജ്യത്തു തുടരുന്ന പട്ടിണിയും, വിദ്യാഭ്യാസമില്ലായ്മയും. തന്മൂലം വലിയൊരു ജനവിഭാഗം, ആനുകൂല്യങ്ങളെ പറ്റി ബോധാവാന്മാരാവാതെ ജീവിക്കുന്നു. അവരുടെ എണ്ണം കുറയുന്നില്ലാത്തതിനാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ആരും നിര്‍ബന്ധിതമാവില്ല. മൂന്നാമാതായുള്ളത്, രാജ്യത്തു ഇന്നും ശക്തമായി നിലനില്‍ക്കുന്ന ജാതി മത വലയങ്ങലാണ്‍. വ്യക്തിത്വത്തിന് മുകളിലേക്ക് വളരുന്ന ഇത്തിള്‍കണ്ണികളായി മാറിയിരിക്കുന്നു ഇവ. സംവരണത്തില്‍ ഒരു മാറ്റം പോയിട്ട്, അതില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഇവ ആരെയും സമ്മതിക്കില്ല.

ഞാന്‍ പരിപൂര്‍ണമായ ഒരു സംവരണ വിരോധിയല്ല. എന്നാല്‍  അത് അര്‍ഹരിലെത്തണമെന്നും, അതു വഴി സംവരണത്തിന്‍റെ അളവ് കുറയ്ക്കണമെന്നും, അങ്ങനെ ഉദ്യോഗാര്‍ത്ഥികളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കണമെന്നും ശക്തമായി ആഗ്രഹിക്കുന്നു. ആയതിനാല്‍ തന്നെ അതിനു വേണ്ട ചില മാര്‍ഗങ്ങള്‍. ഒന്നാമതായി, സംവരണം, ഒന്നോ രണ്ടോ തലമുറയിലേക്ക് പരിമിതപ്പെടുത്തുക. ഒരു തവണ ആനുകൂല്യം കിട്ടുന്നവര്‍ അതുവഴി തങ്ങളുടെ സാമൂഹ്യ നില മെച്ചപ്പെടുത്താന്‍ തീവ്രമായി പരിശ്രമിക്കുകയും, ലഭിക്കാത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അതു വഴി കൈ വരികയും ചെയ്യും. രണ്ടാമതായി, എല്ലാ സംവരണത്തിലും അര്‍ഹരായവരെ കണ്ടെത്തുവാന്‍ ഒരു സാമ്പത്തീക ലിമിറ്റ് നിശ്ചയിക്കുക. സംവരണം ലഭിക്കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങള്‍ക്ക് പരിശോധിക്കുവാനുള്ള ഒരു സംവിധാനവും അഭികാമ്യം. അത് സംവരണത്തിലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. മാത്രമല്ല, നികുതി പണം കൊണ്ട് ചെയ്യുന്ന ഒരു സൌജന്യത്തിന്‍റെ അര്‍ഹരെ കുറിച്ചറിയുവാന്‍ പൊതു ജനത്തിന് അവകാശമുണ്ട്. നാലമാതായി, ജാതി മത സംവരണത്തിന്‍റെ അളവ് വളരെ കുറച്ചിട്ടു, സാമ്പത്തീക സംവരണം നടപ്പിലാക്കുക. നടപ്പാക്കാന്‍ ബുദ്ധിമുട്ടെങ്കില്‍, പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പോ, കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയോ, നടപ്പിലാക്കിയാലും മതി. സംവരണം വിദ്യാഭ്യാസത്തിനോ, ജോലിക്കോ ഒന്നിനു മാത്രമായി പരിമിതപ്പെടുത്തുന്നതും അഭികാമ്യം.

ജാതി ചട്ടക്കൂടില്‍ നമ്മുടെ രാജ്യം തളക്കപ്പെട്ടിരിക്കുന്നു. അയല്‍ക്കാരന്‍റെ കയ്യിലെ തഴമ്പിനു പകരം തലയിലെ തഴമ്പു വഴി സ്വഭാവം നിശ്ചയിക്കുന്ന കാലമായിരിക്കുന്നു ഇപ്പോള്‍. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍ക്കും സ്വപ്നം കാണുവാനുള്ള അവകാശമുണ്ട്. അത് നേടിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല ഒരു സമൂഹവും. ധനം ഏറ്റവും വലിയ അളവ് കോലാകുന്ന കാലത്ത് പഴമയില്‍ തളക്കപ്പെടുവാനാണോ നമ്മുടെ വിധി? അതോ മാറ്റങ്ങള്‍ക്കു ചാലകശക്തിയാകുവാനോ? സമൂഹം നമ്മെ ആവശ്യപ്പെടുന്നുണ്ട്. അത് എന്തിനെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയും.