Raise our Conscience against the Killing of RTI Activists
Friday, December 24, 2010
ഓര്‍മ്മകളുടെ ഒരു ക്രിസ്തുമസ് കാലം കൂടി
ക്രിസ്തുമസ് കാലമാണ് വര്‍ഷത്തില്‍ ഏറ്റവും സന്തോഷമുള്ള കാലം, പ്രത്യേകിച്ച് ചെറുപ്പത്തില്‍. നഗരത്തെ ചുറ്റിയുള്ള ടൌണ്‍ കരോളും, നക്ഷത്രങ്ങളും, സംഗീതവും, അലങ്കാര ദീപങ്ങളും, പുല്‍ക്കൂടും, വീടുകളിലൂടെ രാത്രിയുള്ള കരോളും, ക്രിസ്തുമസ് ട്രീയും, ഒക്കെയായി ഒരു കുട്ടിയും നഷ്ടപെടുത്താന്‍ ആഗ്രഹിക്കാത്ത കാലം. അന്നത്തെ വിശേഷ ഐറ്റങ്ങളായ പാലപ്പവും, കൊഴിക്കറിയുമൊക്കെ എന്നും വായില്‍ വെള്ളമൂറിക്കും. രാത്രിയുള്ള
ക്രിസ്തുമസ് കാലത്ത് പുല്‍ക്കൂടു മത്സരം സംഘടിപ്പിക്കാറുണ്ട്. പള്ളിയോടനുബന്ധിച്ചാണ് മത്സരങ്ങള്‍ നടക്കാറ്. ഞാന്‍ 6 ല്‍ പഠിക്കുന്ന കാലം. എന്‍റെ അന്നത്തെ ഇടവകയായ കലയന്താനി പള്ളിയും മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം 1001 രൂപ. കേട്ടപ്പോള്‍ മുതല്‍ അതു മേടിച്ചെടുക്കാന്‍ പരിശ്രമവും തുടങ്ങി. പള്ളിയിലച്ചന്‍റെ കയ്യില്‍ നിന്നു സമ്മാനം മേടിക്കുന്നതൊക്കെ ഞാന്‍ അഭിമാനപൂര്‍വം സ്വയം സങ്കല്‍പ്പിച്ചു.
യുവാക്കളുടെ സംഘടനയായ യുവദീപ്തിയിലെ ചേട്ടന്‍മാരാണ് മാര്‍ക്കിടാന്‍ വരുന്നത്. യുവദീപ്തിയുടെ അന്നത്തെ സെക്രട്ടറി സജി ചേട്ടനും, കൂട്ടരുമായി എനിക്ക് അടുത്ത സൌഹൃദം ഉണ്ടായിരുന്നു. അങ്ങനെ, മാര്‍ക്കിടാന്‍ പോയപ്പൊള്‍ അവര്‍ എന്നെയും കൂടെ കൂട്ടി. മത്സരത്തില്‍ പങ്കാളിയായതു കൊണ്ടോ, ഒരു ശരാശരി ഇന്ത്യക്കാരനായതു കൊണ്ടൊ എന്തോ, മറ്റുള്ളവരുടെ പുല്‍ക്കൂടൊന്നും എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല, എന്‍റെ ഇഷ്ടത്തിനു തീരെ വിലയില്ലെങ്കില്‍ പോലും.
ചിലവ, കമ്മിറ്റിയംഗങ്ങള്‍ക്കു നന്നായി ബോധിച്ചുവെന്നു എനിക്കു മനസ്സിലായി. സമ്മാനം കൈ വിടാന്‍ സാധ്യതയുണ്ട്. കുറേ കഴിഞ്ഞു പുല്‍ക്കൂടൊക്കെ പരിശോധിച്ച് എന്‍റെ വീട്ടിലും എത്തി. എല്ലാവരും നല്ല കമ്പനിയാണ്. പുല്‍ക്കൂടൊക്കെ വേഗം കണ്ടു. അതു കൊണ്ടൊന്നും സമ്മാനം കിട്ടില്ലെന്നു എനിക്കു മനസ്സിലായി. ആരും കാണതെ ഞാന്‍ പൊയി ഫ്രിഡ്ജിലിരിക്കുന്ന ചോക്ളേറ്റ് കേക്ക് എടുത്തുകൊണ്ടു വന്നു കമ്മിറ്റിയംഗങ്ങള്‍ക്കു നല്‍കി. ക്രിസ്തുമസിനു പ്രത്യേകമായി മെടിച്ചു വച്ചതായിരുന്നു അത്. അതിന്‍റെ അവസാന തരിയും വടിച്ചു നക്കി കമ്മിറ്റി അംഗങ്ങള്‍ എഴുന്നേറ്റു. കുടിക്കാന്‍ സ്പെഷ്യല്‍ ഓറഞ്ച് ജ്യൂസും.
ഞങ്ങള്‍ അങ്ങനെ ഇടവകയിലെ വീടുകളൊക്കെ കറങ്ങി. സുന്തരിമാരുള്ള വീടുകളില്‍ ചെല്ലുമ്പോള്‍ സ്പെഷ്യല്‍ ച്യോദ്യാവലിയൊക്കെയുണ്ട്, എന്തു മെറ്റീരിയല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്, മേടിച്ചതാണൊ/ ഉണ്ടാക്കിയതാണൊ തുടങ്ങി നിരവധി ചോദ്യങ്ങള്‍. അവസാനം ക്രിസ്തുമസ് ദിനത്തില്‍ പുല്‍ക്കൂടു മത്സരത്തിന്‍റെ സമ്മാനം പ്രഖ്യാപിച്ചു. വീണ്ടും പവനായി ശവമായി. സമ്മാനം പോയിട്ടു ആദ്യ പത്തിണ്റ്റകത്തു പോലുമില്ല. കേക്കിനെ ചൊല്ലി പൂര വഴക്കു വീട്ടില്‍ നിന്നു കിട്ടിയതു മാത്രം മിച്ചം.
അന്നതെ യാത്രകളെല്ലാം മനോഹരങ്ങളായിരുന്നു. എല്ലാ വീടുകളിലും പോയി പടക്കം പൊട്ടിച്ച് കരോളിനായി ആളുകളെ ഉണര്‍ത്തുന്നതും, ക്രിസ്തുമസ് പപ്പയായി വേഷമിട്ടു നടക്കുന്നതും, പുല്‍ക്കൂടൊരുക്കുന്നതും, പള്ളിയിലെ അലങ്കാരങ്ങള്‍ ഒരുക്കുന്നതുമെല്ലാം. ഇതിനൊക്കെയുള്ള പ്രതിഫലമായി ക്രിസ്തുമസ് ദിനത്തില്‍ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന പൊറോട്ടയും ബീഫ് കറിയും, ആഞ്ഞാഞ്ഞു കഴിക്കുമ്പോഴുള്ള സംതൃപ്തി ഇന്നു മുന്തിയ ഹോട്ടലുകളില്‍ നിന്നു കഴിച്ചാല്‍ പോലും കിട്ടില്ല.
ക്രിസ്തുമസുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വളരെ കൂടുതലാണ്. ഈ ഒര്‍മ്മകളും പ്രതീക്ഷകളുമാവാം നമ്മെ ഇന്നും മുന്നോട്ടു നയിക്കുന്നത്. അല്‍പ സമയത്തിനകം ക്രിസ്തുവിന്‍റെ വരവറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങും. നിന്നേക്കാള്‍ വലുതായി നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നു പറഞ്ഞവന്‍റെ ജന്‍മദിനത്തില്‍, ആ സന്തേശം മനസ്സിലേറ്റുന്നവര്‍ ഭാഗ്യവാന്‍മാര്‍. ഒര്‍മ്മകളുടെ ഈ മഞ്ഞു കാലത്ത് എല്ലാവര്‍ക്കും ഒരു സമൃദ്ധമായ ക്രിസ്തുമസ് നേരുന്നു.
Labels:
golden memories
Subscribe to:
Post Comments (Atom)
ക്രിസ്മസ് ആശംസകള്‍ ...
ReplyDelete