Raise our Conscience against the Killing of RTI Activists
Monday, May 30, 2011

ദി ട്രെയിന്‍ സിനിമകാലം മാറിത്തുടങ്ങി. വ്യത്യസ്ഥതയുള്ള സിനിമകള്‍ക്കാണ് ഇപ്പോള്‍ യുവജനങ്ങള്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്. സാധാരണയായി കലാമൂല്യമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കുകയും, രചിക്കുകയും ചെയ്യുന്ന ജയരാജ്‌, രഞ്ജിത്ത്, തിരക്കഥാകൃത്തുകള്‍ ബോബി‌- സഞ്ജയ്‌ തുടങ്ങിയവര്‍ക്ക് പ്രാധാന്യം കൂടുന്നത് ഇവിടെയാണ്‌. ലൌഡ് സ്പീക്കറിനു ശേഷം ജയരാജ്‌ സംവിധാനം ചെയ്ത ട്രെയിനിനു ഇതിനാല്‍ തന്നെ പ്രതീക്ഷ വളരെ കൂടുതലായിരുന്നു. ട്രാഫിക്, കൊക്ടെയില്‍‍, പാസ്സഞ്ചര്‍ തുടങ്ങി ഒരു ദിവസത്തെ സംഭവങ്ങള്‍ വിശദീകരിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ ഇതിനെയും പെടുത്താം.

2006ഇലെ ട്രെയിന്‍ സ്ഫോടന ദിവസം, മുംബൈയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന കുറച്ചു വ്യക്തിത്വങ്ങളെ സിനിമ നമുക്ക് പരിചയപ്പെടുത്തുന്നു. ട്രാഫിക്‌ എന്ന സിനിമയില്‍ ഉപയോഗിച്ച, പല ജീവിതങ്ങളെ ഒരു പൊതു സ്ഥലത്തോ സാഹചര്യത്തിലോ കൂട്ടിയോജിപ്പിക്കുക എന്ന ടെക്നിക്ക് ഉപയോഗിക്കുന്നതില്‍ ജയരാജ്‌ പരാചയപ്പെട്ടതായാണ് എന്‍റെ വിലയിരുത്തല്‍. ജീവിതങ്ങളുടെ എണ്ണ കൂടുതല്‍ മൂലവും, കഥ ഈ വ്യക്തികളുടെ ജീവിതങ്ങളിലൂടെ വളരെ വേഗം മാറിക്കൊണ്ടിരുന്നതിനാലും ഒരു വിരസത അനുഭവപ്പെട്ടു. എഡിറ്റിംഗ് ടേബിളിന്‍റെ വേഗതയില്‍ മനുഷ്യ മനസ്സിലെ വികാരങ്ങള്‍ സഞ്ചരിക്കില്ലല്ലോ. സിനിമയിലെ ജീവിതങ്ങളില്‍ കാര്യമായ എന്തെങ്കിലും ഈ സമയങ്ങളില്‍ സംഭാവിക്കാതിരുന്നത് ചെറിയ ഒരു വലിച്ചില്‍ പ്രതീതി ഉണ്ടാക്കുകയും ചെയ്തു. ഓരോ കഥകളും ഒറ്റക്കൊറ്റക്കു ചെയ്തിരുന്നെങ്കില്‍ നല്ല ഫീല്‍ ഉണ്ടാക്കാമായിരുന്നു എന്ന് തോന്നി.

ഇതിലെ കഥാപാത്രങ്ങളെല്ലാം ഫോണിലൂടെയാണ് സംസാരിക്കുന്നത്. സാമാന്യബുദ്ധിയെ വെല്ലു വിളിക്കുന്ന ചില സംഭവങ്ങള്‍ കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, ഉദാഹരണത്തിന്, ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഒരു കുട്ടി, ഒരു റോങ്ങ്‌ നമ്പറില്‍ നിന്ന് കോള്‍ വന്നതിനാല്‍ പിന്മാറുന്നത്, GKF എന്ന കോഡില്‍ നിന്നും വൈകിട്ട് ആറു മണിക്ക് ശേഷം 7 സ്ഥലങ്ങളില്‍ 11 മിനിറ്റിനകം ബോംബു പൊട്ടുമെന്ന് നായക കഥാപാത്രം (മമ്മൂട്ടി) മനസ്സിലാക്കുന്നത്, മറവി ഒട്ടുമിക്ക കഥാപാത്രങ്ങളും പൊതു സ്വഭാവമായി കാണിക്കുന്നത് തുടങ്ങി നിരവധി.

അടിസ്ഥാനപരമായി ജയരാജിന്‍റെ തിരക്കഥക്കാണ് തെറ്റ് പറ്റിയതെന്നാണ് എന്‍റെ വിലയിരുത്തല്‍. സാധാരണ ഒരു സിനിമ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന വേഗതയും, സസ്പെന്‍സും നല്‍കാന്‍ അതിനായില്ല. ബോംബ്‌ പൊട്ടിത്തെറിച്ചിട്ടും നിര്‍വികാരതയോടെ തിയറ്ററില്‍ ഇരുന്ന സിനിമാസ്വാദകര്‍ അതിനു തെളിവാണ്. നായകനെ ഒരു സൂപ്പര്‍ നായകനാക്കാന്‍ സംവിധായകന്‍ കുറച്ചു പരിശ്രമിച്ചു. കൂട്ടത്തില്‍ ജയസൂര്യയുടെ അഭിനയം കുറച്ചു മികച്ചതായി അനുഭവപ്പെട്ടു. KPAC ലളിത, സലിം കുമാര്‍ തുടങ്ങി ആവശ്യമില്ലാതെ ഒരു സീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ നിരവധിയാണ്.

ട്രെയിനിനുള്ളിലെ ഇന്‍റെണല്‍ ലൈറ്റിങ്ങും മറ്റും പ്രതീക്ഷക്കൊത്ത് ഉയരാത്തത് തനു ബാലകിന്‍റെയും സീനുവിന്‍റെയും ക്യാമറ വര്‍ക്കിനെ മോശമാക്കി. പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍‍, ചില രംഗങ്ങളില്‍ സ്റ്റേഡി ക്യാം ഉപയോഗിച്ചതും അരോചകമായി. എന്നാല്‍ ചേരിയുടെയും, ട്രെയിനിന്‍റെയും ദ്രശ്യങ്ങള്‍ അവര്‍ നന്നായി പകര്‍ത്തിയിട്ടുണ്ട്.  ഇതില്‍ ഏറ്റവും സമ്മതിക്കേണ്ടത് വിവേക്‌ ഹര്‍ഷന്‍റെ എഡിറ്റിങ്ങിനെയാണ്. 7 വ്യത്യസ്ത സിനിമകളെ കൂട്ടിയോജിപ്പിച്ചു ഒറ്റ സിനിമയാക്കുക എന്നാ ബ്രഹത് യത്നമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് സമയത്ത്,  പ്രേക്ഷക വികാരങ്ങളെ വളരെ വേഗം മാറ്റുന്ന തരത്തിലുള്ള കഥാ മാറ്റം അദ്ദേഹത്തിനു ഒഴിവാക്കാമായിരുന്നു. പ്രണയത്തിന്‍റെ സുഗന്ധം ആസ്വദിച്ചു വരുമ്പോഴേക്കും, ബോംബിന്‍റെ ഭീകരതയും, അപ്പോഴേക്കും വാര്‍ധക്യത്തിന്‍റെ നിസ്സഹായതയും, ബാല്യത്തിന്‍റെ കുസൃതികളും, പോലീസു കാരന്‍റെ അന്വേഷണ ബുദ്ധിയും പല പല ജീവിതങ്ങളിലായി വന്നു കഴിഞ്ഞിരുന്നു. ഗോപി സുന്ദറിന്‍റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍, ഭീകരതയുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയില്ല. എന്നാല്‍ പ്രണയവും, വാര്‍ധക്യവും കാണിക്കുന്ന സമയത്ത് അവ പ്രതീക്ഷക്കൊത്തുയര്‍ന്നു.

സിനിമ സംഗീത സാന്ദ്രം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ശ്രീനിവാസ്‌, റഫീക്ക്‌ അഹ്മെദ് കൂട്ടുകെട്ടിന്‍റെ ഗാനങ്ങള്‍ ഇടത്തരം നിലവാരമേ പുലര്‍ത്തിയുള്ളു. അവരുടെ ആദ്യത്തെ ഹിന്ദിയിലുള്ള ഒരു ഗാനം മാത്രം മികച്ചതായിരുന്നു എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ബൈജു ഭാസ്കറിന്‍റെ മേക്ക് അപ്പ്‌ ശരാശരി നിലവാരത്തില്‍ ഒതുങ്ങി. ഈ സിനിമയിലെ അവസാന ഒരു രംഗം മാത്രമാണ് മനസ്സില്‍ തറച്ചു നിന്നത്. ഒരു സിനിമ എന്ന നിലയില്‍ ഈ സംരംഭം ഒരു പരാജയമായി തോന്നിയെങ്കിലും, മുംബൈ ട്രെയിന്‍ ആക്രമണങ്ങളെപ്പറ്റിയുള്ള ചിന്ത ഈ സിനിമ ഉയര്‍ത്തി വിട്ടു. ഉദ്ദേശം 167 പേരാണ് അന്നത്തെ സ്ഫോടന പരമ്പരകളില്‍ മരിച്ചത്. അവരില്‍ സിനിമ സൂചിപ്പിക്കുന്നത് പോലെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവും, നിറയെ സ്വപ്നങ്ങള്‍ ഉള്ള ചെറുപ്പക്കാര്‍ ഉണ്ടാവും, കുടുംബത്തിലെ അത്താണിയായ സ്ത്രീകള്‍ ഉണ്ടാവും, ഭൂത കാലത്തിന്‍റെ സ്പന്തനങ്ങളുമായി വല്യപ്പച്ചന്മാരും ഉണ്ടാവും. കാത്തിരിക്കുന്ന അനേകരെ ഒറ്റക്കാക്കി അവര്‍ യാത്രയായി. കാലത്തിന്‍റെ ആക്രമണത്തില്‍ മറന്നു തുടങ്ങിയിരുന്ന ആ കുടുംബങ്ങളുടെ ഓര്‍മ വീണ്ടും ഊതി കത്തിച്ചതിനു മാത്രം ഞാന്‍ സിനിമയോട് നന്ദി പറയുന്നു.

Saturday, May 21, 2011

എണ്ണപ്പനകളുടെ തണലില്‍


തിരക്കാര്‍ന്ന ജീവിതത്തിനിടയില്‍ മാനസീകോല്ലാസത്തിനുള്ള വളരെ നല്ല മാര്‍ഗങ്ങളിലൊന്നാണ് യാത്രകള്‍. അവ നമ്മെ നമ്മുടെ പ്രകൃതിയിലെക്കും, പഴമയിലെക്കും, വിസ്മയങ്ങളിലെക്കും നയിക്കും. ഏകാന്ത യാത്രകള്‍ നമ്മെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുമ്പോള്‍, സംഘം ചേര്‍ന്നുള്ള യാത്രകള്‍ ജീവിതത്തിലെ വളരെ കുറച്ചു മാത്രം ലഭിക്കുന്ന, ഓര്‍മകളില്‍ സൂക്ഷിച്ചു വെക്കാവുന്ന സമയങ്ങളായി നിലനില്‍ക്കും. ഇത്തവണത്തെ യാത്ര തോടുപുഴക്കടുത്തു വെട്ടിമറ്റത്തുള്ള എണ്ണപ്പനത്തോട്ടത്തിലെക്കായിരുന്നു. തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 15km അകലെയാണ് ഈ തോട്ടം. കൂടെയുള്ളത് യാത്രകളിലെ സന്തത സഹചാരികളായ ജിതിനും വിഷ്ണുവും. ഉച്ച തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു.

അധികം വൈകാതെ ഞങ്ങള്‍ തോട്ടത്തില്‍ എത്തിച്ചേര്‍ന്നു. കേരള കൃഷി വകുപ്പിന്‍റെ കീഴിലാണ് തോട്ടം പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കുമറിയാവുന്നത് പോലെ എണ്ണപ്പനകള്‍ എണ്ണയുടെ ഏറ്റവും വലിയ ഉറവിടമാണ്. എണ്ണപ്പനകളുടെ കുരുവില്‍ നിന്നാണ് പാം ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വിറ്റാമിന്‍ Aയും Eയും നല്ല അളവിലുള്ള പാം ഓയിലില്‍, നല്ല അളവില്‍ സാറ്റുറേറ്റടും  അണ്‍സാറ്റുറേറ്റടുമായ ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. 70കളില്‍ സ്ഥാപിതമായതാണ് വെട്ടിമറ്റത്തെ ഈ തോട്ടം.


പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതിലുപരിയായി, ഇതുവരെ നേരിട്ട് കാണാത്ത ഒരു വൃക്ഷം അടുത്തു പരിചയപ്പെടുക, കുറച്ചു സമയം സ്വസ്ഥമായി എണ്ണപ്പനകളുടെ ചുവട്ടിലിരുന്ന്  സൊറ പറയുക എന്നിവയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യങ്ങള്‍. ഇവിടെ പ്രവേശനം സൌജന്യമാണ്. തോട്ടത്തില്‍ കയറിയപ്പോള്‍ തന്നെ കണ്ണെത്താ ദൂരത്തോളം എണ്ണപ്പനകള്‍ നിരന്നു നില്‍ക്കുന്ന സുന്ദര കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എണ്ണപ്പനകളുടെ കീഴെ കളകള്‍ ഒന്നും വളരാതെ പച്ചപ്പുല്ല് പാകിയിരിക്കുന്നതുകൊണ്ട്, ആ കാഴ്ചയുടെ സൌന്ദര്യം ഇരട്ടിച്ചതായി തോന്നി.


തോട്ടത്തിനിടയിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ ടാറിട്ട റോടുമുണ്ട്. ഞങ്ങള്‍ കുറെ നേരം വണ്ടിയില്‍ തോട്ടത്തിനുള്ളിലേക്ക് പോയി. പിന്നെ വാഹനം സൈഡില്‍ ഒതുക്കി, നടത്തം ആരംഭിച്ചു. ആ കാഴ്ചകളും അനുഭൂതിയും ജീവിതത്തില്‍ ആദ്യമായത് കൊണ്ടോ എന്തോ, വല്ലാത്ത ഒരു വശ്യത അനുഭവപ്പെട്ടു. നടക്കുമ്പോള്‍ ഞങ്ങള്‍ സൌഹാര്‍ദ്ദപരമായ കളിയാക്കലുകളും, അടിയും വഴക്കുമോക്കെയായി കുട്ടിക്കാലത്തെ കുറച്ചു സമയങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരല്ല. മറിച്ചു സ്കൂളിലെ ആ പഴയ കാലം, ഞങ്ങള്‍ കാള ജിമ്മിയും, പെരുമ്പാമ്പ് വിഷ്ണുവും, നത്തോലി ഡാനിഷുമായിരുന്നു. വിശാലമായ തോട്ടത്തില്‍ ഞങ്ങളും, തലയുയര്‍ത്തി നില്‍ക്കുന്ന എണ്ണപ്പനകളും മാത്രം. കുറച്ചു സമയം അവിടെ ഇരുന്നു വിശ്രമിക്കുകയും ചെയ്തു.

തോട്ടത്തിലെ തൊഴിലാളികളും അതിനുള്ളില്‍ തന്നെയാണ് താമസം. ക്രിസ്മസ് കഴിഞ്ഞ സമയമായിരുന്നത് കൊണ്ട്, അവിടെ അനേകം പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളും കാണുവാന്‍ സാധിച്ചു. അവയുടെയൊക്കെ മുന്നില്‍ നിന്ന് ഭാവികാലത്തു കൂടെ കൊണ്ട് നടക്കാനുള്ള ഓര്‍മകള്‍ക്ക് വേണ്ടി നിറയെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അവരുടെ അവസ്ഥകള്‍ മോശമാണെങ്കിലും, ഓരോ കുടിലും ഭാവിയെ ഉറ്റുനോക്കുന്ന പ്രതീകങ്ങളായിരുന്നു. കൊട്ടാരങ്ങള്‍ കുടിലുകളാകുമ്പോള്‍, ഈ കുടിലുകളും ഒരു പക്ഷെ കൊട്ടാരങ്ങളാകുമായിരിക്കും.


തിരികെ പോകാനുള്ള സമയമായെന്നു അറിയിച്ചു കൊണ്ട് സൂര്യ പ്രകാശം മങ്ങി തുടങ്ങി. കിളികളുടെ ആരവവും ഉയര്‍ന്നു തുടങ്ങി. ഇതൊക്കെ എത്ര കണ്ടു എന്ന തലയെടുപ്പോടെ എണ്ണപ്പനകള്‍ ഒരു മാറ്റവുമില്ലാതെ അപ്പോഴും. ഞങ്ങളും തിരികെ യാത്ര തുടങ്ങി. തൊട്ടു പുറത്തു തന്നെയാണ് വെട്ടിമറ്റം ജംഗ്ഷന്‍‍. മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി വളരെയേറെ സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുണ്ട്‌ ഇവിടം. ഗ്രാമത്തിന്‍റെ സൌന്ദര്യവുമായി അവിടെ ഒരു ചായക്കടയും, അതില്‍ മനസ്സ് തുറന്നു ചിരിക്കുകയും സംവദിക്കുകയും ചെയ്യുന്ന കുറച്ചു പേരും. വേറെ വലിയ കടകള്‍ ഒന്നുമില്ല. ഞങ്ങളും ഓരോ ചായ കുടിച്ചു ഗ്രാമത്തിന്‍റെ അതിഥികളായി. ഭാരതത്തിന്‍റെ ആത്മാവാവിനെ ഇവിടങ്ങളിലെ കണ്ടെത്താന്‍ കഴിയു എന്ന് ഗാന്ധിജി പറഞ്ഞത് എത്ര ശരി. നമ്മുടെയെല്ലാം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമീണനുണ്ട്. പ്രകൃതിയിലെ പച്ചപ്പ് കണ്ടാല്‍ സന്തോഷിക്കുകയും, മനസ്സ് തുറന്നു സംവദിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഗ്രാമീണന്‍. അവന്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിയിരുന്നു. സങ്കല്‍പ്പ ലോകത്ത് നിന്നും ഉണരേണ്ട സമയവും അതിക്രമിച്ചിരുന്നു. ഞങ്ങള്‍ തിരികെ യാത്രയായി. കൈമുതലായി കൂടെയുണ്ടായിരുന്നത് നശിക്കാത്ത ഓര്‍മകളും എടുത്ത ചിത്രങ്ങളും മാത്രം.

Saturday, May 14, 2011

മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി


                      ആന്ധ്ര പ്രദേശിലുള്ള ഞങ്ങളുടെ ഒരു ജോലി സ്ഥലം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ജോലി സ്ഥലങ്ങളിലെല്ലാം കേന്ദ്ര സെക്യൂരിറ്റി സേനയായ C.I.S.F ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മൂന്നാല് ലെയര്‍ പരിശോധനയെങ്കിലും കഴിഞ്ഞേ ഉള്ളിലെത്താന്‍ കഴിയൂ. സേനയില്‍ മിക്കവാറും എല്ലാവരും ഉത്തരേന്ദ്യക്കാരാന്. അഥവാ ഏതെങ്കിലും മലയാളിയെ സേനയില്‍ കണ്ടുമുട്ടിയാല്‍ തന്നെ, അവര്‍ ഹിന്ദിയാണ് തങ്ങളുടെ മാതൃ ഭാഷ എന്ന നിലയ്ക്കാണ് സാധാരണ പെരുമാറാറ്. അങ്ങനെയിരിക്കെ, മലയാളിയായ ഒരു ഏലിയാമ്മ ഇന്‍സ്പെക്ടര്‍ അവിടെ ചാര്‍ജ് എടുത്തു. ഉദ്ദേശം പത്തമ്പത് വയസ്സ് പ്രായമുള്ള ഏലിയാമ്മ ഇന്‍സ്പെക്ടര്‍ കോട്ടയംകാരിയാണ്. തന്നെയുമല്ല, മലയാളികളെ കണ്ടാല്‍, കഴിക്കാന്‍ കിട്ടാത്ത കുട്ടി ഹല്‍വ കണ്ടു ഓടി വരുന്ന പോലെ അടുത്തു വന്നു മലയാളത്തില്‍ സംസാരിക്കുകയും ചെയ്യും. നമ്മളെ തെലുങ്ക് പഠിപ്പിക്കാന്‍ ശ്രമിച്ചു തെലുങ്കന്മാരും കൂടി തെലുങ്ക് മറന്നു പോകുന്ന ഒരു സമയത്താണ് ഏലിയാമ്മ സര്‍ എത്തുന്നത്. അത് ഞങ്ങള്‍ മലയാളികള്‍ക്ക് ഒരാശ്വാസമായിരുന്നു.

                            ജിക്കുവേട്ടന്‍ പുതുതായി ട്രാന്‍സ്ഫെറായി എത്തിയ ഒരു  എഞ്ചിനീയര്‍ ആണ്. ഉദ്ദേശം ആറടി പൊക്കവും, ആറടി തന്നെ വണ്ണവുമുള്ള  ഒരു ശോഷിച്ച വ്യക്തിയാണ് ജിക്കുവേട്ടന്‍. ഈ ജോലി സ്ഥലം ഏകദേശം മരുഭൂമി സമമാണ്. അതിനാല്‍ തന്നെ അവിടെയെത്തുന്ന മലയാളികള്‍ ഒരാഴ്ച കൊണ്ട് തന്നെ തങ്ങളുടെ ആഗ്രഹങ്ങളെല്ലാം വറ്റി വരണ്ടു, തിരിച്ചു വരാന്‍ തിടുക്കം കൂട്ടും. അച്ചായത്തികളോട് പ്രത്യേക മമതയും വാത്സല്യവും വച്ച് പുലര്‍ത്തിയിരുന്ന കോട്ടയംകാരനായ ജിക്കുവേട്ടന്‍റെ കാര്യം വിശേഷിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ജിക്കുവേട്ടനെ, കൂടെ ജോലി ചെയ്യുന്ന ജഗ്ഗു സാറും, ശ്യാമും കൂടി ഒന്നു പറ്റിക്കുവാന്‍ തീരുമാനിച്ചു. ഏലിയാമ്മ എന്നൊരു ചെറുപ്പക്കാരി അച്ചായത്തി ഇന്‍സ്പെക്ടര്‍ ഇവിടെ ജോലിക്കായി എത്തിയിട്ടുണ്ടെന്നും, കാണാന്‍ കിടിലമാണെന്നും, വൈകുന്നേരങ്ങളില്‍ ചില ദിവസം പണി കഴിഞ്ഞ ശേഷം ഏലിയാമ്മ സാര്‍ തങ്ങളുടെ കാറില്‍ ധാരാളം തമാശകളൊക്കെ പറഞ്ഞാണ് അവരുടെ ക്വാര്‍ട്ടേഴ്സില്‍ പോകുന്നതെന്നും അവര്‍ ജിക്കുവേട്ടനെ  അറിയിച്ചു. ജിക്കുവേട്ടന്‍റെ അച്ചായത്തി സ്നേഹം, ഇന്‍സ്പെക്ടര്‍ സുന്ദരിയും, ചെറുപ്പക്കാരിയുമാണെന്നു കേട്ടതോടെ ആളിക്കത്തി. ജഗ്ഗു സാറും ശ്യാമും കൂടി ഇന്‍സ്പെക്ടറുടെ ഗുണഗണങ്ങള്‍ പറഞ്ഞു ജിക്കുവേട്ടന്‍റെ എരിതീയിലേക്ക് എണ്ണയൊഴിച്ചുകൊണ്ടുമിരുന്നു.

                             അവിടെ സെക്യൂരിറ്റി പോസ്റ്റ്‌ വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങളും തുറന്നു പരിശോധിക്കും. കാറില്‍ തിരിച്ചു ഹോസ്റ്റലില്‍ വരുന്ന വഴി, സെക്യൂരിറ്റി പോസ്റ്റില്‍ ഒരു ഉത്തരേന്ദ്യക്കാരി ചെറുപ്പക്കാരി  ഇന്‍സ്പെക്ടര്‍ നില്‍ക്കുന്നത് ജഗ്ഗു സാര്‍ ദൂരെ നിന്നുകണ്ടു. കണ്ട പാടെ അതാണ്‌ ഏലിയാമ്മ ഇന്‍സ്പെക്ടര്‍ എന്നും, അവര്‍ അന്ന് നമ്മുടെ കൂടെ തിരിച്ചു പോകാന്‍ നില്‍ക്കുകയാണെന്നും ജഗ്ഗു സാര്‍ ജിക്കുവേട്ടനെ അറിയിച്ചു. "ഠിം", അതാ ജിക്കുവേട്ടന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. ജിക്കുവേട്ടന്‍ പുറകിലെ സീറ്റില്‍ കൂടെയുണ്ടായിരുന്ന ശ്യാമിനെ തള്ളിയൊതുക്കി ഒരു മൂലയ്ക്കാക്കി ഇന്‍സ്പെക്ടറിനു തന്‍റെ അടുത്തു തന്നെ സ്ഥലമൊരുക്കി. 

                               വണ്ടി സെക്യൂരിറ്റി പോസ്റ്റില്‍ എത്തി. പരിശോധനക്കായി ഉത്തരേന്ദ്യക്കാരി ഇന്‍സ്പെക്ടര്‍ പുറകിലെ ഡോര്‍ തുറന്നതും ജിക്കുവേട്ടന്‍ ബഹുമാനപൂര്‍വ്വം, "Are you coming? Please come inside". തന്നെ തുറിച്ചു നോക്കുന്ന ഇന്‍സ്പെക്ടര്‍ക്ക് അകമ്പടിയായി അകത്തു നിന്നുള്ള കൂട്ടച്ചിരിയാണ് ജിക്കുവേട്ടന്‍ കേട്ടത്. പിന്നീട് കുറച്ചു സമയം അവിടെ നടന്നത് വായനക്കാരുടെ ഭാവനക്കായി വിടുന്നു. എന്തായാലും കാലു പിടിച്ചു അവിടെ നിന്ന് രക്ഷപെട്ട ജിക്കുവേട്ടന്‍റെ വട്ടപ്പേര് "മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി" എന്നാകാന്‍ ഒട്ടും താമസം വന്നില്ല.

Friday, May 13, 2011

Good Puzzle

One pair of diagonally opposite boxes of a chess board is removed. Assuming the size of a box as 1*1 (width * height),with how many paper pieces of size (2*1), you can cover the entire board ? No overlapping of paper pieces are permitted.


Answers are expected as comments.

Wednesday, May 4, 2011

ചെകുത്താന്‍റെ ആരാധകര്‍


ലോകാരംഭം മുതല്‍ നന്മയും തിന്മയും യുദ്ധത്തിലാണ്. തിന്മയ്ക്കായിരുന്നു ലോകഗതിയില്‍ ജയം കൂടുതല്ലെങ്കിലും  ആത്യന്തികമായി നന്മ വിജയിക്കുമെന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. ദൈവം എന്നൊരു ശക്തിയുണ്ടെന്നും, മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു ജീവിക്കണമെന്നും ഈക്കൂട്ടര്‍ വിശ്വസിക്കുന്നു. തിന്മയുടെ പ്രചാരകരും ലോകഗതിയില്‍ നിറഞ്ഞു നിന്നിരുന്നു. അവര്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ സ്ഥാപിതമായ church of satan ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശ്രംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.

Church of Satan അഥവാ സാത്താന്‍ ആരാധകരുടെ സംഘം സ്ഥാപിച്ചത് 1969ഇല്‍ ആന്ടന്‍ ലാവേ ആണ്. സാത്താന്‍ ആരാധകരുടെ മുഖമുദ്ര സ്വയം ഉള്ള ആരാധനയാണ്. ദൈവവിശ്വാസികള്‍ തങ്ങളിലും വലുതായി ദൈവത്തെ കണ്ടു അവിടുത്തെ ആരാധിക്കുമ്പോള്‍, സാത്താന്‍ ആരാധകര്‍ സ്വന്തം വ്യക്തിത്വങ്ങള്‍ക്ക് മുകളില്‍ മറ്റൊന്നില്ല എന്ന നിലക്ക് സ്വയം ആരാധനക്ക് വിധേയമാകുന്നു. ലവേ തന്നെ രചിച്ച The Bible of Satan ആണ് ഇവരുടെ മതഗ്രന്ഥം. സാത്താന്‍ ചിഹ്നമുള്ള നക്ഷത്രവും, തിരിഞ്ഞ നിലയിലുള്ള കുരിശുമാണ് പ്രധാന ചിഹ്നങ്ങള്‍.

ഇതില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടിവ് അംഗങ്ങളും. ആക്ടിവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പ്രമാണിച്ചു സംഘം തന്നെ ക്ഷണിച്ചാലെ ആക്ടിവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. ആക്ടിവ് അംഗങ്ങള്‍ക്ക് അഞ്ചു പടിയുണ്ട്. അതില്‍ മൂന്നു മുതലുള്ള പടികളിലുള്ളവരാണ് പൂജകള്‍ അര്‍പ്പിക്കുക. ഇതിലെ അംഗങ്ങള്‍ക്കെല്ലാം, അവരുടെ പൊതു ജീവിതത്തെ ബാധിക്കുന്നു എന്ന് തോന്നിയാല്‍, സംഘത്തിലെ അംഗത്വം രഹസ്യമാക്കി വെക്കാനുള്ള അവകാശവുമുണ്ട്.

പരസ്പര സമ്മതത്തോടെ ആരുമായിട്ടോ, എത്ര പേരുമായിട്ടോ, ഏതു രീതിയില്‍ വേണമെങ്കിലുമോ രതിയില്‍ ഇവര്‍ ഏര്‍പ്പെടും. സാത്താനെ ഒരു ദുഷ്ട ശക്തിയായല്ല, മറിച്ചു എന്തിനെയും ചോദ്യം ചെയ്യുന്ന ഒരു പ്രതീകമായിട്ടാണ് ഇവര്‍ പരിഗണിക്കുന്നത്. തങ്ങള്‍ക്കു ശല്യം എന്ന് തോന്നുന്നവരെ നിഷ്കരുണം നശിപ്പിക്കാനും സംഘം പഠിപ്പിക്കുന്നു. ഇവരുടെ ആരാധന രീതികള്‍ ലാവേ എഴുതിയ Satanic Rituals എന്ന പുസ്തകത്തില്‍ അതിസ്ഥിതമാണ്. പുസ്തകത്തില്‍ വളരെ മോശമായ രീതികള്‍ കുറവാണെങ്കിലും, യഥാര്‍ത്ഥത്തില്‍ നടത്തപ്പെടുമ്പോള്‍, നഗ്നതതയും, രക്തവും ഒക്കെ ഉപയോഗപ്പെടുത്തി വളരെ മോശമാണ് ആചാരങ്ങള്‍ എന്ന് പറയപ്പെടുന്നു. ശത്രുക്കളെ നശിപ്പിക്കാനുള്ള പ്രത്യേക പൂജകളും ഇവര്‍ക്കുണ്ട്.

ഇതിന്‍റെ ആശയം യുവാക്കളില്‍ പ്രചരിപ്പിക്കുന്ന പ്രധാന ഘടകം മെറ്റല്‍ മ്യൂസിക്കുകള്‍ ആണ്. റോക്ക് സംഗീതത്തിന്‍റെ ഒരു വിഭാഗമാണ് മെറ്റല്‍ മ്യൂസിക്‌. ധാരാളം ബീറ്റുകളും, ശബ്ദവും, ഗിത്താറുമൊക്കെ ഇതിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. മെറ്റല്‍ സംഗീതത്തില്‍ തന്നെയുള്ള ഡെത്ത് മെറ്റല്‍‍, ബ്ലാക്ക്‌ മെറ്റല്‍  എന്നിവയാണ് സാത്താന്‍ ആരാധകര്‍ കാര്യമായി ഉപയോഗിക്കുന്നത്. അലറലുകളും, മരണസമാനമായ സാഹചര്യം സൃഷ്ട്ടിക്കുന്ന കൂവലുകളും ഇവയുടെ പ്രത്യേകതയാണ്. യുവജനങ്ങളെയാണ് ഈ സംഗീതം ലക്‌ഷ്യം വയ്ക്കുന്നത്. അതില്‍ അവര്‍ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.
ഇവയൊക്കെ ലോകത്തിന്‍റെ മറ്റൊരു കോണില്‍ നടക്കുന്നവയാണെന്നു ആശ്വസിക്കുന്നുണ്ടെങ്കില്‍ തെറ്റി. ഇവ ഭാരതത്തിലെക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇവയുടെ രഹസ്യ സ്വഭാവം മൂലം യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. മിസോറാമില്‍ നിന്നും നഗ്നതാ പ്രദര്‍ശനവും, രക്തവുമൊഴുക്കി സാത്താന്‍ ആരാധന നടത്തുകയായിരുന്ന ആരാധാന വ്രന്ദത്തെ പിടികൂടിയിട്ടു അധിക നാള്‍ ആയിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തിലെ തിരുവനന്തപുരത്തുള്ള പര്‍പ്പിള്‍ ലോഞ്ചില്‍ അണ്ടര്‍ഗ്രൌണ്ട് മെറ്റല്‍ മ്യൂസിക്‌ എന്ന പേരില്‍ അടുത്ത നാളില്‍ നടന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ ശ്രിദ്ധിക്കുക. അതില്‍ താഴെയായി കൊടുത്തിട്ടുള്ള സാത്താന്‍ ചിഹ്നവും, വന്ന ബാന്‍റ്റുകളും നോക്കുക. ഇവ ഇന്ത്യ ആകെ വ്യാപിച്ചിരിക്കുന്നു.

ഫ്രീ സംസ്കാരത്തെ പുരാതന കാലം മുതല്‍ സ്വീകരിച്ചിട്ടുള്ള അമേരിക്കയില്‍ ജനങ്ങള്‍ ഇതിനെ പറ്റിയും ദൂഷ്യ വശങ്ങളെ പറ്റിയും ഏറെക്കുറെ ബോധാവാന്മാരന്. എന്നാല്‍ നമ്മുടെ യുവതലമുറ ഇത്തരം സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെയേറെയാണ്. യുവതലമുറ നഷ്ട്ടപ്പെട്ട ഒരു രാജ്യത്തിന് ഏറെയൊന്നും ചെയ്യാനുമില്ല. സാത്താന്‍ എന്നും ദൈവവുമായി യുദ്ധത്തിലായിരുന്നു. ഇന്നും അത് തുടരുന്നു. നമ്മുടെ യുവതലമുറ  ഈ യുദ്ധത്തില്‍ നന്മയുടെ ഭാഗത്ത്‌ നിലകൊള്ളട്ടെ.