Raise our Conscience against the Killing of RTI Activists
Sunday, August 19, 2012

സായിയുടെ കൂട്ടുകാര്‍


അയാളുടെ മുഖം മനസ്സിന്‍റെ പ്രതിഫലനമായിരുന്നു. അഭിനയലോകത്തെ കുലപതി എന്നു സാധാരണ ജനങ്ങള്‍ അയാളെ വാഴ്ത്തി. സാധാരാണ കുടുംബത്തില്‍ നിന്നും സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു അയാള്‍ ഉയര്‍ന്നു വന്നത്. ശരീരത്തിലെ ഓരോ സിരകളും അയാളെ അനുസരിച്ചിരുന്നു. അഭിനയം എന്ന തന്‍റെ കഴിവില്‍ അയാള്‍ അഹങ്കരിച്ചിരുന്നു. അയാള്‍ക്ക്‌ വേണ്ടി, അയാള്‍ മാറ്റി മറിക്കുന്ന സമയത്തിലൂടെ ചുറ്റുപാടുകള്‍ സഞ്ചരിച്ചു. സമൂഹത്തിലേക്ക് കണ്ണോടിക്കാന്‍ മടിച്ചിരുന്ന അയാള്‍ അവയെ തടയുന്നതിന് വേണ്ടി കൂറ്റന്‍ മതിലുകളും, കളര്‍ ഗ്ലാസ്സിട്ട ശീതീകരിച്ച മുറികളും കെട്ടി പൊക്കി. ഉദ്ഘാടന പരിപാടികള്‍ക്കും, സംഗീത നിശകളിലേക്കും അയാളുടെ വാഹനങ്ങള്‍ നിര്‍ത്താതെ സഞ്ചരിച്ചു. ഇന്നും പതിവ് പോലെ അയാള്‍ക്കൊരു അവാര്‍ഡ് നിശയുണ്ട്. അയാളുടെ മനസ്സിനേക്കാള്‍ വേഗതയില്‍ ആ വണ്ടി ലക്ഷ്യത്തിലേക്ക് പായുകയാണ്.

-------------------------------------------------------------

"നടന്‍ സായിക്ക് വാഹനാപകടത്തില്‍ സാരമായ പരിക്കോ?", സാധാരണക്കാര്‍ ഞെട്ടിപ്പോയി. നാല്‍ക്കവലകളിലെ ചൂടന്‍ ചായക്കൊപ്പം ഇതിലും ചൂടുള്ള മറ്റൊരു വാര്‍ത്ത കിട്ടാനില്ലായിരുന്നു. അയാളുടെ വാഹനം മുതല്‍ ജീവിത രീതികള്‍ വരെ മാധ്യമ പാപ്പരാസികള്‍ ചികഞ്ഞെടുത്ത്, മാലോകര്‍ക്കായി ആകാശത്തേക്കും ഭൂമിയിലേക്കും എറിഞ്ഞു. സായി ഇനി ജീവിതത്തിലേക്ക്, അതിലുപരി നടന കലയിലേക്ക് തിരിച്ചു വരുമോ എന്നതായിരുന്നു വീട്ടമ്മമാര്‍ക്ക് പോലും അറിയേണ്ട കാര്യം. അപ്രതീക്ഷിതമായി കിട്ടിയ പ്രശസ്തിയില്‍ ഉറച്ചു നില്‍ക്കാന്‍ സായിയുടെ ഡോക്ടര്‍മാരും അല്പം സമയമെടുത്തു. "ഒന്നും പറയാറായിട്ടില്ല. ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ", എന്ന ഉത്ഘണ്ടാകുലമായ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നുപുറത്തേക്കെത്തികൊണ്ടിരുന്നത്. സായി എന്ന വ്യക്തിയില്‍ നിന്നും, അയാളുടെ രോഗാതുരമായ ശരീരത്തിലേക്ക് ലോക ശ്രദ്ധ മാറാന്‍ അല്പം പോലും സമയമെടുത്തില്ല. അയാള്‍ എന്ന വ്യക്തിത്വം ഇപ്പോഴും മയക്കത്തിലാണ്, അത് അയാളുടെ രോഗാവസ്ഥയെ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. മാലോകര്‍ക്ക് അയാളിലുള്ള താല്പര്യം നഷ്ടപ്പെട്ടു തുടങ്ങി. അതൊരു തേജസ്സറ്റ ശരീരമായി അവര്‍ എഴുതി തള്ളി. മാധ്യമ പടകള്‍ മറ്റു പല ജീവിതങ്ങളിലേക്കും എത്തി നോക്കാനുള്ള ശ്രമം അഭംഗുരം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. സാവധാനം, അയാളുടെ മനസ്സ് അയാളുടെ ശരീരത്തെ സ്പര്‍ശിച്ചു തുടങ്ങി. ഒരു രാത്രിയില്‍ അയാള്‍ തന്‍റെ കണ്ണുകള്‍ ചലിപ്പിച്ചു. വീട്ടുകാര്‍ കാര്യമായില്ലാത്തതു കൊണ്ടാവണം ചുറ്റുപാടും ഒരു ശൂന്യതയാണ് അയാള്‍ കണ്ടത്. ഇന്നലെ കാറോടിക്കുമ്പോള്‍ വാഹനത്തിലിടിക്കാന്‍ പോയതു മുതല്‍ എന്താണ് തനിക്ക് സംഭവിച്ചത്? അയാള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായില്ല. താന്‍ ആശുപത്രിയില്‍ എത്തിയതെങ്ങനെ? തന്‍റെ ഓര്‍മകള്‍ക്ക് പറയാന്‍ നഷ്ടത്തിന്‍റെ കണക്കുകളും ഉണ്ടാവുമോ? സായി കണ്ണ് തുറക്കുന്നത് കണ്ട നേഴ്സ്, ഡോക്ടറെ വിവരമറിയിക്കാന്‍ ഓടി. ന്യൂറോയുടെ തലവന്‍ ഡോ. കുര്യന്‍ അല്‍പ സമയത്തിനകം സ്ഥലത്തെത്തി. ഡോക്ടറോട് കാര്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ചുണ്ട് ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ക്ക്‌ കയ്യോ കാലോ മറ്റു ശരീര ഭാഗങ്ങള്‍ ഒന്നും തന്നെയോ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. കണ്ണുകള്‍ മാത്രമായി അയാള്‍ക്ക്‌ മനസ്സിന്‍റെ ആവരണം. അയാളുടെ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചു ഡോക്ടര്‍ സംഘങ്ങള്‍ അവിടെ നിന്ന് മടങ്ങി.

നടന്‍ സായി കണ്ണു തുറന്നിരിക്കുന്നു എന്നത് പതിവിലും ചെറിയ ഒരു വാര്‍ത്ത മാത്രമായിരുന്നു. തനിക്ക് ചുറ്റുപാടുകളോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും, ഒന്നിനും സാധിക്കുന്നില്ല. ഫിസിയോതെറാപ്പിസ്റ്റ്‌ കിരണും, കൃത്യ ഇടവേളകളില്‍ മരുന്നുമായെത്തുന്ന നഴ്സുമായിരുന്നു അയാളുടെ നിത്യ സന്ദര്‍ശകര്‍. അഭിനയ രംഗത്ത് നിന്നും ആളുകളുടെ സന്ദര്‍ശന തോത് ഗണ്യമായി കുറഞ്ഞു. തന്‍റെ ബാല്യ കാല സുഹൃത്ത് സാംകുട്ടി കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനെത്തുന്നതാണ് മാനസീക സുഖം നല്‍കുന്ന ഒരു കാര്യം. തന്‍റെ മനോഭാവം സാംകുട്ടിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇടക്കാലത്ത് വിള്ളലുണ്ടാക്കിയിരുന്നെങ്കിലും, അവന്‍ അതൊന്നും കാര്യമാക്കിയിരുന്നതായി തോന്നുന്നില്ല.

ഫിസിയോതെറാപ്പിസ്റ്റും, നഴ്സുമാരും എന്നും അയാളോട് കുശലം പറയും. കടല്‍ക്കരയിലെ അലകള്‍ പോലെ അത് പ്രതികരണമില്ലാതെ പോകും. അയാള്‍ക്ക്‌ സ്വയം ആകെ ചെയ്യാനാവുന്നത് കണ്ണുകള്‍ അനക്കുക എന്നത് മാത്രമായിരുന്നു. ശീതീകരിച്ച മുറിയിലെ ഗ്ലാസ് ജനാലയിലൂടെ അയാള്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. താഴെ ഉറുമ്പുകളെ പോലെ മനുഷ്യര്‍ തിരക്കിട്ട് പായുന്നുണ്ട്. തിക്കി തിരക്കി അവര്‍ എത്തുന്നത് ഇതുപോലെ മറ്റൊരു കിടക്കയിലേക്കാവും. അയല്‍ മുറികളില്‍ കിടക്കുന്നവരെ കൃത്യമായി അവരുടെ വീട്ടുകാര്‍ പരിപാലിക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. സാംകുട്ടി വരുമ്പോള്‍ ഈ വിഷമങ്ങളെല്ലാം കണ്ണീരായി പെയ്തൊഴിയും. അവന്‍ നാട്ടുവിശേഷങ്ങള്‍ പങ്കു വെയ്ക്കും. ഒടുവില്‍ പിരിയും. കൂട്ടിനു ഏകാന്തതയും നിശബ്ദതയും മാത്രം.

ആശുപത്രിയുടെ സമീപമുള്ള ഒരു വീട്ടിലെ പയ്യനെ ഇതിനിടയില്‍ അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരു ഏഴിലോ എട്ടിലോ ആവും അവന്‍ പഠിക്കുക. അതിരാവിലെ പത്രമിടാന്‍ പോയി, തിരിച്ചു വരുന്ന അവന്‍ നേരെ സ്ക്കൂളിലേക്ക് യാത്രയാകും. വൈകുന്നേരങ്ങളില്‍ അവിടെ ട്യൂഷന്‍ ക്ലാസ്സും ഉണ്ടാകാറുണ്ട്. അവനാണ് മാഷ്‌. പഠിക്കാനെത്തുന്നത് മൂന്നോ നാലോ തെരുവു കുട്ടികളെന്നു തോന്നിക്കുന്നവരാണ്, അവര്‍ അവന്‍റെ കൂട്ടുകാരാവും. അവനു അച്ചനുണ്ടെന്നു തോന്നുന്നില്ല, അഥവാ, ആ കുടുംബത്തില്‍ അങ്ങനെ ഒരാളെ ഇതുവരെ അയാള്‍ കണ്ടില്ല. അമ്മ പകല്‍ സമയത്ത് ഏതോ പണികള്‍ക്ക് പോകുന്നത് അയാള്‍ കാണാറുണ്ട്‌. എന്തായാലും വല്യ പത്രാസുള്ള പണിയല്ലെന്ന് തീര്‍ച്ചയാണ്. അവനും, അവന്‍റെ പ്രവൃത്തികളും അയാളില്‍ സന്തോഷം ജനിപ്പിച്ചു തുടങ്ങി. ഒരു കൌതുകത്തിന് തുടങ്ങിയ നിരീക്ഷണം, ഇപ്പോള്‍ അയാളുടെ പ്രധാന പ്രവൃത്തിയാണ്. ഇതിനു വേണ്ടിയുള്ള ആഗ്രഹം അയാളെ പുലര്‍ച്ചകളില്‍ എഴുന്നേല്‍പ്പിച്ചു. ഇരുട്ടും വരെ ഉണര്‍ത്തിയിരുത്തി. പകല്‍ സമയങ്ങളിലായി അയാളുടെ മയക്കം.

ഫിസിയോതെറാപ്പിസ്റ്റ്‌ കിരണ്‍ അയാളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയായി മാറിയിരുന്നു. തന്‍റെ തേജസ്സറ്റ ശരീരം അനക്കുന്നത് ഇപ്പോള്‍ അയാളാണ്. പണ്ട് താന്‍ സ്വാഭിമാനം ചെയ്തിരുന്ന കര്‍ത്തവ്യം. കിരണിന്‍റെ വീട്ടുകാരും ഒരിക്കല്‍ അയാളെ കാണാന്‍ വന്നിരുന്നു. സായിയുടെ, ബാല നിരീക്ഷണം എന്ന ഹോബിയെ പറ്റി കിരണിനും വ്യക്തമായി അറിയാം. സായിയുടെ മനസ്സ് എകാന്തതയുമായി രമ്യതയിലായി തുടങ്ങിയിരുന്നു. പണ്ടു ജനങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും അയാള്‍ അവരെയൊന്നും കണ്ടിരുന്നില്ല. ഇപ്പോള്‍ ആ ശീതീകരിച്ച മുറിയിലിരുന്നു അയാള്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അയാളുടെ കുടുംബം ഇപ്പോള്‍ ചെറുതാണ്. അതിലുള്ളത് സാംകുട്ടിയും, ആ ബാലനും, കിരണും, ഏതാനം നഴ്സുമാരും മാത്രമാണ്. ആരെയെങ്കിലും പരിചയപ്പെടുന്നത് എന്തെങ്കിലും മാറ്റങ്ങള്‍ക്കുവേണ്ടിയാവും എന്നു അയാളുടെ മനസ്സ് മന്ത്രിക്കുന്നു.

മാസം അഞ്ചു കടന്നു പോയിരിക്കുന്നു. സാംകുട്ടി കുട്ടിക്കാല കുസൃതികളൊക്കെ പറഞ്ഞു കട്ടിലിന്‍റെ വശത്തിരിക്കുന്നു. പണ്ടു മേരി ടീച്ചര്‍ അറിയാതെ ക്ലാസിലിരുന്നു തുണ്ട് പുസ്തകം വായിച്ചതിനെ പറ്റി സാംകുട്ടി വിവരിച്ചപ്പോള്‍, അയാള്‍ ഓര്‍മകളും സന്തോഷവും ഒക്കെ കൂടിക്കലര്‍ന്ന ഒരു മാനസീകാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. "ഒന്നു പോടാപ്പാ", അയാള്‍ അറിയാതെ അയാളുടെ വായില്‍ നിന്നും ശബ്ദം പുറത്തു വന്നു. അത് കേട്ടു സാംകുട്ടിയെക്കാള്‍ ഞെട്ടിയത് അയാള്‍ തന്നെയാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീണ്ടും, ഡോക്ടര്‍ പട പാഞ്ഞു വന്നു. കിരണെയും, നഴ്സുമാരെയും പുറകിലാക്കി അവര്‍ അയാളെ പരിശോധിച്ചു. സായിക്ക് ശരിയായി സംസാരിക്കാന്‍ ഇപ്പോഴും ആവുന്നില്ല. ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോയി. നല്ല ആയാസത്തോടെ മാത്രം കുറച്ചൊക്കെ  സംസാരിക്കാം എന്ന അവസ്ഥയിലാണ് അയാളിപ്പോള്‍. വലിയ ഒരു കാരഗ്രഹത്തില്‍ നിന്നും പുറത്തിറങ്ങിയതിന്‍റെ സുഖം അയാള്‍ അനുഭവിച്ചു തുടങ്ങി. ആ ബാലനും, വൈകുന്നേരം തന്‍റെ ശിഷ്യന്മാര്‍ക്ക് അവന്‍റെ വീട്ടില്‍ വെച്ചു മിഠായി വിതരണം നടത്തുന്നത് അയാള്‍ ചില്ലു കണ്ണാടിയിലൂടെ കണ്ടു. അവന്‍റെ സ്കൂള്‍ റിസള്‍ട്ട്‌ വന്നു കാണണം, അയാള്‍ അനുമാനിച്ചു.

കാലം അയാളെക്കൊണ്ട് കൈകളും കാലുകളും അനക്കിച്ചു. മാസങ്ങള്‍ ഇപ്പോള്‍ പത്തു പതിനൊന്നു കടന്നു പോയിരിക്കുന്നു. നടക്കുവാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണം വഴി അയാള്‍ തന്‍റെ മുറിയില്‍ നടക്കുന്നുണ്ട്. കിരണാണ് ഇപ്പോള്‍ അയാളുടെ ഗുരു. വേണമെങ്കില്‍ വീട്ടില്‍ പോകാമെങ്കിലും അയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. തന്‍റെ പുതിയ കുടുംബത്തെ അയാള്‍ അത്രയേറെ ആസ്വദിക്കുന്നുണ്ട്. അയാളുടെ പ്രചോദനങ്ങളില്‍ ഒന്ന് ആ ബാലനാണ്. അവന്‍റെ സായാഹ്ന ക്ലാസ്സിന്‍റെ വലിപ്പം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. എട്ടു പത്തു തെരുവു ബാലന്മാര്‍ക്കാണ് അവന്‍ ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുന്നത്. സാംകുട്ടി വരുമ്പോഴാണ് മുറിയില്‍ സന്തോഷത്തിന്‍റെ രശ്മികള്‍ നിറയുന്നത്. അവരുടെ സംസാരം സാമൂഹീക, രാഷ്ട്രീയ വിഷയങ്ങളിലേക്കും വഴി മാറി തുടങ്ങി. താനൊരു സാമൂഹീക ജീവിയാണെന്ന് അയാളെ ബോധ്യപ്പെടുത്തിയത് ആ ആശുപത്രി മുറിയാണ്. ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് നിരാശയുടെ പ്രതീകമായിരുന്ന ആ മുറി ഇപ്പോള്‍ പ്രതീക്ഷയുടെ ആസ്ഥാനമാണ്.

അയാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടു വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും, മൂന്നു മാസവും. സായിക്ക് ഇനി ആശുപത്രിയുടെ ആവശ്യമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കിരണ്‍ പഠിപ്പിച്ച വ്യായാമ മുറകള്‍ പതിവായി വീട്ടിലിരുന്നു ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അയാള്‍ ആശുപത്രി വിടുന്ന ദിവസം വന്നെത്തി. ഒരു വര്‍ഷം തന്നെ താങ്ങിയ കട്ടിലിനോടും, എന്തിനേറെ മുറിയിലെ ചെറിയ കപ്പിനോടു പോലും അയാള്‍ മനസ്സു കൊണ്ട് യാത്ര ചോദിച്ചു. അയാളിപ്പോള്‍ വീണ്ടും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലാണ്. സായി ആശുപത്രി വിടുന്നത് കവര്‍ ചെയ്യുവാന്‍ എത്തിയിരിക്കുന്നത് വന്‍ മാധ്യമ പടയാണ്. ആശുപത്രിയില്‍ നടന്ന ചെറു പരിപാടിയില്‍, ആശുപത്രി ഡയറക്ടര്‍ സായിക്ക് ഒരു ചെറു പൂച്ചെണ്ട് കൈ മാറി. ആശുപത്രിക്കും, പരിചരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി. ചുറ്റുമുള്ള ജനസഞ്ചയം സാംകുട്ടിയെയും, കിരണെയും, ആ നഴ്സുമാരെയും അയാളുടെ പരിസരത്തു നിന്ന് മാറ്റിയിരുന്നു. ജീവിത സാഹചര്യങ്ങള്‍ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുമെന്നതിന്‍റെ നേര്‍ സാക്ഷ്യം. എങ്കിലും, തന്‍റെ പുതിയ കുടുംബത്തെ വിട്ടു കളയില്ലെന്ന് അയാള്‍ ഉറച്ചിരുന്നു.

അയാള്‍ വണ്ടിയില്‍ പോയത് നേരെ ആ ബാലന്‍റെ വീടിലേക്കാണ്. സമയം സന്ധ്യയായി. അവിടെ അവന്‍റെ ക്ലാസ് നടക്കുന്നു. സായി അതിനിടയിലൂടെ അവന്‍റെ അടുത്തേക്ക്‌. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സൂപ്പര്‍ സ്റ്റാര്‍ തന്‍റെ അടുത്തേക്ക്‌ വരുന്നത് കണ്ടു അവന്‍ അമ്പരന്നു പോയി. ആ ആശുപത്രി തനിക്കു സമ്മാനിച്ച പൂച്ചെണ്ട് അയാള്‍, അവനു സമ്മാനിച്ചു. വീട്ടില്‍ നിന്ന് അയാള്‍ ഒരു ചായ പറഞ്ഞു മേടിച്ചു. എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് ആ കുട്ടിക്കു തീരെ മനസ്സിലായില്ല. അവിടെ ആളുകളും കൂടി തുടങ്ങി. വീട്ടുകാരോട് യാത്ര പറഞ്ഞു സായി ഇരുളിലൂടെ തന്‍റെ വണ്ടിയിലേക്ക് കയറി. നാട്ടുകാരുടെ ഇടയില്‍ ഒരു കൊച്ചു വീരനാകാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല. എങ്കിലും അവന്‍റെ മനസ്സ് അവനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു, "എന്തിനാവും സായി തന്‍റെ വീട്ടില്‍ വന്നത്?"

--------------------------------------------------

വര്‍ഷം ഒന്ന് കൂടി കൊഴിഞ്ഞു പോയിരിക്കുന്നു. സായി തന്‍റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി. അതിനു എന്‍റെ ആത്മകഥ എന്ന പേരും നല്‍കി. സ്ഥലം തിരുവനന്തപുരത്തെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍. സായിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നു. പ്രകാശനം ചെയ്യുന്നത് കേരള മുഖ്യനും. ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുന്‍ നിരയിലുള്ളത് സാംകുട്ടിയും, ബാലനും, കിരണും അവന്‍റെ കുടുംബവും, ആ നഴ്സുമാരുമാണ്. സായി എങ്ങനെ തന്‍റെ സുഹൃത്തായെന്നു ഇന്ന് ആ ബാലനറിയാം. അവന്‍റെ സമൂഹീക സേവനം ചാനെലുകള്‍ കവര്‍ ചെയ്തു കഴിഞ്ഞു. പുസ്തക പ്രകാശനത്തിനിടയിലെ കനപ്പെട്ട പ്രസംഗങ്ങള്‍ നടക്കുമ്പോള്‍, മുഖ്യന്‍ ആ പുസ്തകം ഒന്നു മറിച്ചു നോക്കി. അതിന്‍റെ ഒന്നാം പുറത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. "സമര്‍പ്പണം: എന്നെ ആകാശത്തു നിന്നും ഭൂമിയിലേക്ക്‌ കൈ പിടിച്ചിറക്കിയ എന്‍റെ സുഹൃത്തുക്കള്‍ക്ക്". മുഖ്യന്‍ കൌതുകത്തോടെ സായിയോട് ആരാണ് അവര്‍ എന്നു അന്വേഷിച്ചു.  അയാളുടെ കൈ വിരലുകള്‍ കാണികളിലെ ഒന്നാം നിരയിലേക്ക് നീണ്ടു.

സായി ഇപ്പോള്‍ നടക്കുമ്പോള്‍, രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്, പകല്‍  മണല്‍പരപ്പിന്‍റെ വിശാലതയും.