Raise our Conscience against the Killing of RTI Activists




Monday, February 21, 2011

ബെര്‍മുഡ ട്രയാംഗിള്‍

                    പ്രകൃതി എന്നും രഹസ്യങ്ങളുടെ ഒരു കലവറയാണ്‌. കഴിഞ്ഞ മാസം, പ്രശസ്തമായ നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലില്‍ ബെര്‍മുഡ ത്രിഗോണത്തെ ചുറ്റി പറ്റി നടന്ന ഒരു സംഭവത്തെ കുറിച്ച്‌ ഒരു പരിപാടി ഉണ്ടായിരുന്നു. ഇന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കു ത്രിപ്തികരമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സംഭവം. നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലായതുകൊണ്ടു തന്നെ സംഭവങ്ങളുടെ ആധികാരികതയെ സംശയിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. 

                      എക്കാലവും ദുരൂഹതകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്‌ ബെര്‍മുഡ ട്രയാംഗിള്‍. തെക്കന്‍ അമേരിക്കയിലെ ഫ്ളോറിഡക്കും, ദ്വീപു സമൂഹങ്ങളായ പോര്‍ട്ട റിക്ക, ബെര്‍മുഡ എന്നിവക്കും ഇടയില്‍ വരുന്ന അറ്റ്ലാണ്റ്റിക്‌ സമുദ്രത്തിലുള്ള ത്രിഗോണ രൂപത്തിലുള്ള പ്രദേശത്തെയാണ്‌ പൊതുവില്‍ ബെര്‍മുഡ ട്രയാംഗിള്‍ എന്നതു കൊണ്ടു വിവക്ഷിക്കുന്നത്‌. അവിടെ നടന്ന ഒട്ടു മിക്ക ദുരൂഹ സംഭവങ്ങളുടെയും യഥാര്‍ത്ഥ കാരണങ്ങള്‍ ഇന്നു ശാസ്ത്ര ലോകം വിശദീകരിച്ചിട്ടുണ്ട്‌. 

                    ബ്രൂസ്‌ ജൂനിയറും പിതാവും 1970 ഡിസെംബര്‍ 4നു ആന്ദ്രൊസ്‌ വിമാനത്താവളത്തില്‍ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാണ്‍സ A36 എന്ന ചെറു വിമാനത്തില്‍ പറന്നുയര്‍ന്നു. സഞ്ചാരപഥം ബെര്‍മുഡ ത്രികോണത്തിനകത്തു കൂടിയാണ്‌. പറന്നുയര്‍ന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നില്‍ക്കുന്നതു ബ്രൂസിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇത്രയും ഭൂമിയോടു ചേര്‍ന്നു ഒരു മേഘ സഞ്ചയം ബ്രൂസ്‌ ആദ്യമായി കാണുകയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടര്‍ന്നു അവരുടെ ചെറു വിമാനം കൂടുതല്‍ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ്‌ മേഘമായി (വലിയ കാര്‍മേഘ ശ്രേണിയിലുള്ളത്‌) മാറുന്നതു അവര്‍ ശ്രിദ്ധിച്ചു. ഇടക്കു അവര്‍ ഈ മേഘത്തിനുള്ളില്‍ പെട്ടു പോയെങ്കിലും 11500 അടി മുകളില്‍ വച്ചു , അതില്‍ നിന്നും പുറത്തു കടന്നു. തെളിഞ്ഞ ആകാശം അവരെ സ്വാഗതം ചെയ്തു. 

                     പെട്ടെന്നാണ്‌ കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞതു. അപ്പോള്‍ ബ്രൂസും മറ്റും പ്ളെയിനിന്‍റെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറില്‍ 195 മൈലില്‍ പറക്കുകയാണ്‌. അവരുടെ മുന്നില്‍ കറുത്തിരുണ്ട മറ്റൊരു ബ്രഹിത്‌ മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിന്‍റെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്‌, വിമാനം 135 ഡിഗ്രീയില്‍ വെട്ടി തിരിച്ചു, അതില്‍ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ്‌ മനസ്സിലാവുന്നതു, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിന്‍റെ രണ്ടു അതിരുകളായിരുന്നു. അവരുടെ വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു.

                         പേടിച്ചു പൊയ ബ്രൂസ്‌ ചുറ്റും നോക്കിയപ്പോള്‍ ആ മേഘ മോതിരത്തിനുള്ളില്‍ ഒരു ടണല്‍ മാതൃകയില്‍ ചെറിയ ഒരു തുള. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്‌. അതിന്‍റെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്‌. അവര്‍ പരമാവധി വേഗത്തില്‍ ഇതില്‍ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു.ടണലിനുള്ളിലൂടെ പൊകുമ്പോള്‍ വിമാനത്തിന്‍റെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നതു ബ്രൂസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും. ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തില്‍ അവര്‍ മോതിര രൂപത്തിലുള്ള ബ്രഹത്ത്‌ മേഘ പാളിയില്‍ നിന്നു പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങല്‍ കാണിച്ചു തുടങ്ങി. കോമ്പസ്സ്‌ വട്ടത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. 

                        സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകള്‍ക്കു മുകളിലെത്തി എന്ന വിചാരത്തില്‍ ബ്രൂസ്‌ മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ടു, വിമാനത്താവളത്തില്‍ നിന്നുള്ള സന്ദേശം വന്നു. അവര്‍ ഇപ്പോള്‍ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ്‌ പറക്കുന്നതെന്ന്‌. പുറപ്പെട്ടു വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍ തന്നെ അവരുടെ ചെറു വിമാനം 250 മെയില്‍ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാല്‍, ഉദ്ദേശം 300 മൈലില്‍ കൂടുതല്‍ ദൂരം, വിമാനം മുക്കാല്‍ മണിക്കൂറില്‍ സഞ്ചരിച്ചിട്ടുണ്ട്‌. അതും പരമാവധി വേഗം മണിക്കൂറില്‍ 190 മയില്‍  മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതില്‍ നിന്നും മിയാമിയില്‍ വിമാനം എത്താനെടുക്കുന്നതിന്‍റെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി.

                        ഐന്‍സ്റ്റീന്‍റെ സിദ്ധാന്തം വച്ച്‌, ഈ പ്രതിഭാസത്തെ ഒരു പരിധി വരെ വിശദീകരിച്ചിട്ടുണ്ടെങ്കിലും, ഒരു യഥാര്‍ത്ഥ ഉത്തരം കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ പ്രദേശത്ത്‌ അപ്പോള്‍ സ്പെയിസ്‌ ചുരുങ്ങിയതാണെന്നു അനുമാനിക്കപ്പെടുന്നു. നമ്മുടെ ഭൂമി ഇങ്ങനെയാണ്‌. അതിന്‍റെ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ ആര്‍ക്കും മനസ്സിലാവില്ല, നാഥന്‍മാര്‍ എന്നു നടിക്കുന്ന നമുക്കു പോലും. അവിടെ അപ്പോള്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക??

Tuesday, February 8, 2011

ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.

                   "കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി 50 ശതമാനത്തോളം മഴ ലഭിച്ചു. ഒക്ടോബറില്‍ അവസാനിക്കാറുള്ള തുലാവര്‍ഷം ഡിസംബര്‍ വരെ നീണ്ടു നിന്നു. എന്നിരുന്നാലും ജനുവരി അവസാനമായപ്പോഴേക്കും ഉത്തര പാലക്കാടന്‍ മേഖലകളില്‍ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ കേരളത്തില്‍ കൂടുതലായി ലഭിച്ച മഴവെള്ളം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എവിടെ പോയി? ഇതു ഏകദേശം മരുഭൂമിക്കു സമാനമായ ഒരു പ്രതിഭാസമാണ്‌." ഒരു പ്രശസ്ത പ്രകൃതി വാരികയില്‍, പ്രകൃതി ശാസ്ത്രജ്ഞന്‍ ഡോ. അനന്തക്രിഷ്ണണ്റ്റേതായി വന്ന ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജമയാണ്‌ മുകളില്‍ കൊടുത്തത്‌.

                   പച്ചപ്പിനും, പ്രകൃതി സൌന്തര്യത്തിനും പേരു കേട്ട നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയുള്ള ഈ വാക്കുകള്‍ ഏറെ ചിന്തനീയമാണ്‌. കാലാവസ്ഥാ മാറ്റം, താപ വ്യതിയാനം എന്നൊക്കെ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏറെ നാളായി. ആദ്യമൊക്കെ, വികസനത്തെ തടയിടാന്‍ വേണ്ടി പ്രകൃതി സ്നേഹികള്‍ എന്നു വിളിക്കപ്പെടുന്ന വികസനവിരുദ്ധര്‍ (ഞാന്‍ കണ്ടിരുന്നതു) നടത്തുന്ന കവല പ്രസംഗങ്ങള്‍ ആയാണ്‌ ഞാനും അതിനെ കണ്ടതു. എന്നാല്‍ വിവരമുള്ളവരോടു വാതു വയ്ക്കരുത്‌ എന്നു പറയുമ്പോലെ, അവരുടെ വാക്കുകള്‍ പതിയെ അര്‍ത്ഥവത്താകാന്‍ തുടങ്ങി. ഈ കഴിഞ്ഞ വര്‍ഷം, കാലാവസ്ഥയിലും കാലവര്‍ഷത്തിലുമൊക്കെ വന്ന മാറ്റം എല്ലാ കേരളീയര്‍ക്കും അനുഭവവേദ്യവുമാണ്‌.

                         മരുഭൂമി സമാനമായ ഒരു അവസ്ഥയിലേക്കാണ്‌ നമ്മുടെ മണ്ണു പോകുന്നത്‌ എന്നതാണ്‌ ഏറ്റവും ഞെട്ടിച്ച ഒരു വസ്തുത. ജലത്തെ നീരുറവകളാക്കി മാറ്റാനുള്ള ശക്തി നമ്മുടെ മണ്ണിനു കുറഞ്ഞു വരുന്നു എന്നല്ലേ ഇതു കാണിക്കുന്നതു. പലയിടങ്ങളിലും ഉറവകള്‍ താഴ്‌ന്നു പോകുന്നതും, ഗതി മാറിയൊഴുകുന്നതും സാധാരണ സംഭവമായിരിക്കുന്നു. അടുത്തിടെ UN പുറത്തുവിട്ട പഠനങ്ങളനുസരിച്ച്‌, കാലാവസ്ഥ വ്യതിയാനം ഏറ്റവും വേഗത്തില്‍ ബാധിക്കാനിടയുള്ള രാജ്യങ്ങള്‍ ഇന്ത്യയും, ബംഗ്ളാദേശുമാണ്‌. കടല്‍ നിരപ്പിലോ, അതിലും താഴെയൊ ധാരാളം കര പ്രദേശങ്ങള്‍ ഈ രാജ്യങ്ങളിലുണ്ട്‌.

                      നമ്മുടെ നിലനില്‍പ്പിനും, പുരോഗതിക്കും വികസനം വരണം. എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പ്‌ അതിലും പതിന്‍മടങ്ങു പ്രധാനം തന്നെ. അമ്മയില്ലാതെ കുഞ്ഞിനെന്തു നിലനില്‍പ്പ്‌. നശിപ്പിക്കുന്ന വനത്തിന്‍റെ ഇരട്ടി വച്ചു പിടിപ്പിക്കുക, മൊത്തം സ്ഥലത്തിന്‍റെ മൂന്നിലൊന്നെങ്കിലും വൃക്ഷങ്ങള്‍ നടുക തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള പല നിയമങ്ങലും ഇവിടെയും കര്‍ശനമായി നടപ്പാക്കണം. വണ്ടികളുടെയും വ്യവസായത്തിന്‍റെയും പുക, ചപ്പുചവറുകള്‍, വനനശീകരണം തുടങ്ങി ഇതിന്‍റെയൊക്കെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതു തന്നെ.

                      ഹിമാലയന്‍ മഞ്ഞുരുകുന്നതു മൂലം ഉത്തരേന്ത്യന്‍ നദികളുടെ ഗതി മാറ്റം, കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അനിയന്ത്രിത ബഹിര്‍ഗമനം മൂലമുണ്ടാകുന്ന ഗ്രീന്‍ഹൌസ്‌ ഇഫെക്റ്റും, തത്ഫലമായുണ്ടാകുന്ന താപ കൂടുതലും, അതു മൂലമുണ്ടാകുന്ന കൂടിയ മഴയും വെള്ളപ്പൊക്കവും, ഒപ്പം തന്നെ കൂടിയ ചൂടു കൊണ്ടു വരാന്‍ പോകുന്ന വരള്‍ച്ചയും, അന്തരീക്ഷത്തില്‍ ഏറോസൊളുകളുടെ വ്യാപനത്തിലുണ്ടാകുന്ന കുറവും തുടങ്ങി അനവധി കാര്യങ്ങള്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപ്‌ സമുഹങ്ങളുടെ സംരക്ഷകരായിരുന്ന കോറലുകളില്‍ 70% നശിച്ചു കഴിഞ്ഞു. വനങ്ങളുടെ നാശത്തിന്‍റെ കണക്കും, ഇതിനോടു കിട പിടിക്കുമെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു.

                       നമുക്കു സ്വന്തമായുള്ളതെന്നു ആകെ പറയാനുള്ളത്‌, നമ്മുടെ നാടാണ്‌. അതു നമ്മുടെ പ്രകൃതിയാണ്‌. ഒരു വംശത്തിനും ഒരു പരിധിയില്‍ കൂടുതല്‍ പ്രകൃതിയില്‍ നിലനില്‍പ്പില്ല, അത്‌ എത്ര ബുദ്ധിയുള്ള വംശമാണെങ്കിലും.വരും തലമുറക്കു കണ്ടു പരിചയിക്കാന്‍ നദികളും, മലകളും, വനങ്ങളും, മൃഗങ്ങളുമെല്ലാമുള്ള നമ്മുടെ ഇന്നത്തെ നാടിന്‍റെ ചിത്രങ്ങള്‍ മാത്രമായിരിക്കരുതു ഉണ്ടകാന്‍. ഒരിക്കലും വരില്ലെന്നു ഞാന്‍ വിശ്വസിച്ച കാലാവസ്ഥ പരിണാമത്തിലൂടെ എന്‍റെ നാടു കടന്നു പോകുമ്പോള്‍, പണ്ടു കവി പാടിയതു അറിയാതെ പാടി പോകുന്നു, "ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി." മലയാളികള്‍ പ്രകൃതി നശിപ്പിക്കുന്നു എന്നു പറയുമ്പോള്‍, ആ പറയുന്ന വ്യക്തിയും ഒരു മലയാളിയാണെന്നത്‌ മറക്കരുത്‌. മറ്റുള്ളവരല്ല, നീ എന്തു ചെയ്യുന്നു? അതാണ്‌ പ്രസക്തം. മുറ്റം ഞാന്‍ കോണ്‍ക്രീറ്റ്‌ ചെയ്യതെ സൂക്ഷിക്കും. പറമ്പിലുള്ള കുളവും, നീരുറവയും സംരക്ഷിക്കും. തരിശാക്കി ഒരിടവും ഇടാതിരിക്കാന്‍ ശ്രദ്ധിക്കും.ഇതാണ് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം.  ഈ യത്നത്തില്‍ നമുക്കൊന്നിച്ചു നില്‍ക്കാം. ഓര്‍ക്കുക, സമയം പൊയ്ക്കോണ്ടേയിരിക്കുന്നു.