Raise our Conscience against the Killing of RTI Activists
Saturday, June 25, 2011

ആദാമിന്‍റെ മകന്‍ അബു- ഒരു സിനിമാനുഭവം

ദേശീയ സംസ്ഥാന തലങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ക്ക് അര്‍ഹമായി മുഖ്യധാരയില്‍ സ്ഥാനമുറപ്പിച്ച ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു. സാധാരണ, അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുന്നത് ആര്‍ട്ട് പടങ്ങള്‍ എന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന നോണ്‍ കൊമ്മേര്‍ഷ്യല്‍ വിഭാഗത്തിലെ ചിത്രങ്ങള്‍ക്കാണെങ്കിലും, ഈ ചലച്ചിത്രം ഇതില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു. ആദാമിന്‍റെ മകനായ അബുവിന്‍റെയും, കുടുംബത്തിന്‍റെയും, ചുറ്റുപാടുകളുടെയും കഥ ഈ സിനിമ രണ്ടു മണിക്കൂര്‍ സമയം കൊണ്ട് മനോഹരമായി പറഞ്ഞിട്ടുണ്ട്. പലപ്പോഴും, വ്യത്യസ്തമായ അവതരണശൈലിയും, കഥയും എല്ലാം ഇത്തരം സിനിമകളിലാണ് കാണാറുള്ളത് എന്നതൊരു സത്യം മാത്രം. 

ആദാമിന്‍റെ മകനായി ജനിക്കുന്ന അബുവിന്‍റെയും, ഭാര്യ ആയിഷയുടെയും, ജീവിതത്തിലെ പ്രാധാനപ്പെട്ട ലക്ഷ്യമായ ഹജ്ജിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിന്‍റെ ചാലകശക്തിയും, ഊര്‍ജ്ജസങ്കേതവും സലിം അഹമ്മദിന്‍റെ കഥയും തിരക്കഥയും തന്നെ. ഒരു സിനിമയാണെന്ന തോന്നല്‍ പോലും ഉണ്ടാക്കാത്ത വിധത്തില്‍, അവരുടെ ജീവിതത്തിലെ വളരെ സാധാരണമായ ദിവസങ്ങളാണ് തുടക്കരംഗങ്ങളില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ അബുവിന്‍റെ ജീവിതം ഒരു നേര്‍ക്കാഴ്ച പോലെ ദര്‍ശിക്കാനാവുന്നു. എന്നാല്‍ പ്രേക്ഷകരെ, അവര്‍ അറിയാതെ തന്നെ അബുവിന്‍റെയും കുടുംബത്തിന്‍റെയും സങ്കടങ്ങളിലെക്കും, പ്രതീക്ഷകളിലെക്കും, ഈ തിരക്കഥ സാവധാനം അടുപ്പിക്കുന്നു. പല പ്രധാനപ്പെട്ട സീനുകളിലും സംഭാഷണങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തികളിലൂടെ കഥയെ മുന്നോട്ടു നയിച്ചത് നല്ല ഒരു പരിശ്രമം ആയിരുന്നു. അബുവിനും കുടുംബത്തിനും മാത്രമല്ല, അവരുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും കഥയില്‍ നല്ലൊരു സ്വാധീനം ചെലുത്താനായിട്ടുണ്ട്. അത് മാത്രമല്ല, പ്രകൃതിക്ക് മനുഷ്യനിലുള്ള സ്വാധീനത്തിനെന്നോണം മുറ്റത്തെ പ്ലാവും, കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട മരവും, മേഘങ്ങളും അതിനിടയിലൂടെ അടര്‍ന്നു വീഴുന്ന സൂര്യ രശ്മികളും, ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്‍റെ എന്നവണ്ണം സ്വാധീനം ചെലുത്തിക്കാനായി എന്നത് തന്നെ തിരക്കഥയുടെ ഒരു വിജയമാണ്. പല സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകരെ വളരെ വികാരപരമായി സ്പര്‍ശിക്കുകയുണ്ടായി. സിനിമയുടെ ഗതിയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഉസ്താദ് എന്ന കഥാപാത്രത്തെ ഒരു അഭൌമിക കഥാപാത്രമാക്കിയതും, അദ്ദേഹത്തിന്‍റെ മുഖം കാണിക്കാതെ അതിനൊരു നിഗൂഢത നല്‍കിയതും നന്നായി.

സിനിമയുടെ തലച്ചോറായ സലിം അഹമ്മദിന്‍റെ സംവിധാനത്തെ ഒറ്റ വാക്കില്‍ ബ്രില്ലന്‍റ് എന്ന് വിശേഷിപ്പിക്കാം. ഓരോ പ്രേക്ഷകനും, ഓരോ സിനിമയുടെ തുടക്കത്തിലും സ്വന്തം മനസ്സിനെ സംവിധായകന്‍റെ പക്കല്‍ ഏല്പ്പിക്കുകയാണ്. സംവിധായകനാണ് തിരക്കഥയിലൂടെയുള്ള സാങ്കല്‍പ്പിക ലോകം ക്യാമറയും അഭിനേതാക്കളും വഴി സൃഷ്ടിച്ചെടുത്ത് ഈ മനുസ്സുകള്‍ക്ക് അനുഭവവേദ്യമാക്കുന്നത്. രണ്ടു രണ്ടര മണിക്കൂര്‍ കഴിഞ്ഞു ഈ മനസ്സുകള്‍ സംവിധായകന്‍ തിരിച്ചു നല്‍കുമ്പോള്‍, സംതൃപ്തിയുടെ ഏതു നിലയില്‍ തങ്ങള്‍ എത്തി എന്നതില്‍ നിന്ന് ഒരു സംവിധായകന്‍റെ കഴിവിനെ നമുക്ക് വിലയിരുത്താം. ഈ സിനിമയില്‍, ഓരോ പ്രേക്ഷകനും നേരിട്ട് അനുഭവിക്കാവുന്ന രീതിയില്‍ ആദാമിന്‍റെ ജീവിതം സംവിധായകന്‍ സലിം  പകര്‍ന്നു നല്‍കി. ക്യാമറയുടെ പൊസിഷന്‍ തുടങ്ങി, സീനുകളുടെ ഏകോപനത്തിലും, അചഞ്ചല വസ്തുക്കള്‍ക്ക് സിനിമയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിലും, കഥ മനോഹരമായി അവസാനിപ്പിക്കുന്നതിലും എല്ലാം സംവിധായകന്‍റെ കരവിരുത് പ്രകടമായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ചു നിന്നു. കേന്ദ്ര അവാര്‍ഡ്‌ നിര്‍ണയ സമിതി അധ്യക്ഷന്‍ ജെ.പി. ദത്തയെ വരെ ആശ്ച്ചര്യപ്പെടുത്തിയ സലിം കുമാറിന്‍റെ അഭിനയത്തെ പറ്റി കൂടുതലൊന്നും പറയുവാനില്ല. പ്രായമായ അബുവിന്‍റെ ഓരോ അംഗവിക്ഷേപങ്ങളും, ചലനങ്ങളും , കൈ വിറയലുകളും, ഇരുപ്പും, എല്ലാം സലിം വളരെ മികച്ചതാക്കി. സലിം വളരെ പ്രായമേറിയ വ്യക്തി ആണെന്ന് അവാര്‍ഡ്‌ കമ്മിറ്റി തെറ്റിദ്ധരിച്ചു എന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന്‍റെ മികവ് മനസ്സിലാക്കാം. സറിന വഹാബ്, അബുവിന്‍റെ ഭാര്യയായ ആയിഷുവായി മികച്ചു നിന്നു. ഇവര്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി പല സീനുകളെയും മനോഹരമാക്കി. അബുവിന്‍റെ പിന്നിലെ ശക്തി ആയിഷയാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സെറിനക്ക് കഴിഞ്ഞു. നെടുമുടിയുടെ സ്കൂള്‍ മാഷിന്‍റെ കാര്യവും എടുത്തു പറയേണ്ട കാര്യമില്ല. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍, നെടുമുടിയെ എന്നേ പ്രേക്ഷകര്‍ പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ട്രാവല്‍ ഏജന്‍സി മാനേജറായി മുകേഷും, ചായക്കടക്കാരനായി സുരാജും, തടിമില്‍ മുതലാളിയായി കലാഭവന്‍ മണിയും നല്ല അഭിനയം തന്നെ കാഴ്ചവെച്ചു.

ദേശീയ അവാര്‍ഡ്‌ നേടിയ, സിനിമയുടെ ഛായാഗ്രാഹകനായ മധു അംബാട്ട് വളരെ മികച്ച ഒരു വര്‍ക്ക്‌ ആണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ഫ്രെയിമുകളും ഒരു ചിത്രപ്രദര്‍ശനത്തിലെ ചിത്രങ്ങളെന്നോണം മനോഹരമായി നിലകൊണ്ടു. രാത്രിയുടെയും, പ്രകൃതിയുടെയും മനോഹരമായ ഭാവങ്ങളാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. കുന്നിന്‍മുകളിലെ സീനുകള്‍, രാത്രിയില്‍ അബുവും ആയിഷയുമായുള്ളവ സീനുകള്‍, മഴ, തുടങ്ങി മനോഹര സീനുകളെടുത്താല്‍ നിരവധിയുണ്ട്. രാത്രിയില്‍ അബു ഒറ്റക്കിരിക്കുമ്പോള്‍, റോഡിലൂടെ പോകുന്ന സ്കൂട്ടറിന്‍റെ വെളിച്ചം ഔട്ട് ഓഫ് ഫോക്കസ് ആക്കി ഒരു മിന്നാമിനുങ്ങിനെ ദ്യോതിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സീനാണ്. സന്തോഷ്‌ ശിവന്‍റെത് പോലെ ക്യാമറ വര്‍ക്ക്‌ സിനിമയില്‍ നിന്നു വേറിട്ട നിന്നില്ല എന്നത് അദ്ദേഹത്തിന്‍റെ ഒരു വിജയമായി കണക്കാക്കാം. പട്ടണം റഷീദിന്‍റെ മെയ്ക്ക് അപ്പ്‌ എടുത്തു പറയേണ്ടതാണ്. സലിമിനെ അബു ആക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്‌. റഫീക്ക് ആഹ്മെദിന്‍റെ വരികളും, രമേശ്‌ നാരായണന്‍റെ സംഗീതവും മനോഹരമായി. അതില്‍ മക്ക മദീന എന്ന് തുടങ്ങുന്ന ഗാനം നല്ല ഒരു ഫീല്‍ ആണ് പ്രദാനം ചെയ്തത്. ഐസക് തോമസിന്‍റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചില രംഗങ്ങളില്‍ മികച്ചു നിന്നു. 

എല്ലാ യാത്രകളും പരമമായ ഒരു സത്യത്തിലേക്കാണെന്നുള്ള ഒരു മനോഹര പാഠം ഈ ചിത്രം നല്‍കുന്നുണ്ട്. എല്ലാ ഘടകങ്ങളും മികച്ചു നിന്നത് കൊണ്ട് അബുവിനെയും, കുടുംബത്തെയും,  പ്രേക്ഷകര്‍ക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇതു പോലെയുള്ള നല്ല പരീക്ഷണങ്ങള്‍ യുവതലമുറയെ മലയാള സിനിമയിലേക്ക് തിരികെയെത്തിക്കും. പല സീനുകളും വികാര നിര്‍ഭരമായിരുന്നു, അത് പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യവുമായി. മൂവാറ്റുപുഴ ലതയിലെ മാറ്റിനിക്ക് ശേഷം തിരികെ വരുമ്പോള്‍ അബുവും കുടുംബവും എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു, ഒപ്പം അവരുടെ സങ്കടങ്ങളും പ്രതീക്ഷകളും.

Friday, June 24, 2011

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രസക്തി

ഒത്തൊരുമിച്ചല്ലെങ്കിലും ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിലും അതിനു ശേഷം സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. ഈ പങ്കിനെ കൂടുതല്‍ ക്രിയാത്മകമാക്കാനും, സമൂഹത്തിനു ഉപകാരപ്രദമാക്കാനുമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ രൂപീകൃതമായത്. എന്നാല്‍ ദിശാബോധം തെറ്റി, ഭാവി തലമുറയെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന ചാലകങ്ങളായി ഇന്നവ മാറിക്കഴിഞ്ഞു. പതിവായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കയറൂരി വിടുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിനു, വിശേഷിച്ച് തിരുവനന്തപുരത്തുകാര്‍ക്ക് സമാധാനപരമായി പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല എന്നത് ഒരു സത്യം മാത്രം. പതിവ് പോലെ പോലീസും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള അങ്കം കഴിഞ്ഞ മറ്റൊരു സായാഹ്നത്തില്‍ മഴയെ സാക്ഷിയാക്കി ഞാനിത് കുറിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പിക്കാനും, അവരെ ഉത്തമ സാമൂഹിക പൌരന്മാരായി ഉറപ്പിക്കുവാനും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമാണ്‌. എന്നാല്‍ ഇന്ന് രാജ്യത്തെ മിക്ക വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇവ ഭാവിയിലെ രാഷ്ട്രീയക്കാരെ വാര്‍ത്തെടുക്കാന്‍ മാത്രമുള്ള വിളനിലങ്ങളായിരിക്കുന്നു. ആയതിനാല്‍ തന്നെ അവ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കലാലയ സംഘടനകളെ രാഷ്ട്രീയം ഏറ്റെടുത്തതുകൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മെച്ചമാണ് വന്നിട്ടുള്ളത്? അവകാശങ്ങള്‍, അവകാശങ്ങള്‍ എന്ന് അവരെ കൊണ്ട് ദിനംപ്രതി പറയിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ എന്ത് കൊണ്ട് കടമകളെ പറ്റി അവരെ ബോധാവാന്മാരാക്കുന്നില്ല? ഇന്ന് പല സ്വാശ്രയ സ്ഥാപനങ്ങളും ചെയ്യുന്നതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കണമെന്നല്ല, മറിച്ചു അവരെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന അവസ്ഥ മാറ്റണമെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പതിവ് പോലെ ഇന്നും തിരുവനന്തപുരം സംഘര്‍ഷഭരിതമായിരുന്നു. പോലീസിന് നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെയും അവരെ അതിനു പ്രേരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളെയും, ഗതി കെട്ട് തിരിച്ചടിക്കുന്ന പോലീസിനേയും മലയാളികള്‍ കണ്ടു. പൊതുമുതല്‍ ധാരാളമായി നശിപ്പിക്കപ്പെടുകയും ചെയ്തു. എന്താണ് ഈ സംഘടനകള്‍ ഇതുകൊണ്ട് നേടിയത്? ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൌരനും രാജ്യവിരുദ്ധമല്ലാത്തതും സാമൂഹികവിരുദ്ധമല്ലാത്തതുമായ ഏതു നിലപാടെടുക്കാനും അവകാശമുണ്ട്. അത് മാനിക്കപ്പെടേണ്ടത് തന്നെ. അത് പ്രകടിപ്പിക്കേണ്ടതും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയാവണം. കൌമാര, യവ്വനാരംഭം എന്നത് ശരീരവളര്‍ച്ചയിലെ ഒരു പ്രത്യേകത നിറഞ്ഞ കാലമാണ്. പ്രായപൂര്‍ത്തിയുടേതായ ഹോര്‍മോണുകള്‍ പൂര്‍ണമായി ഉല്‍പ്പാദിക്കപ്പെടുകയും, എന്നാല്‍ ശരീര വളര്‍ച്ച അതിനോട് താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൌരുഷവും, സ്ത്രീത്വവും പ്രകടിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും. ഈ പ്രായക്കാരെ നിയന്ത്രിക്കേണ്ടത് തീര്‍ച്ചയായും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. ഇതിനു പകരം കല്ലേറിനു പ്രോല്‍സാഹനം നല്‍കുകയും, ആറസ്റ്റ്‌ ചെയ്തവരെ സ്റ്റേഷനില്‍ പോയി ഇറക്കുകയും, അവര്‍ക്ക് വേണ്ടി പ്രസ്താവന നടത്തുകയും ചെയ്യന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് കാണുവാന്‍ കഴിഞ്ഞത്. 

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവര്‍ കളയുന്നത് യുവതലമുറയുടെ ഭാവിയാണ്. അത് നമ്മുടെ രാജ്യത്തിന്‍റെ കൂടി ഭാവിയാണ്.  രാജ്യം ഒരു വശത്ത് പുരോഗതിയിലേക്ക് നടന്നടുക്കുമ്പോള്‍ മറുവശത്ത് അതേ രാജ്യം കല്ലെറിയപ്പെടുന്നു, കത്തിക്കപ്പെടുന്നു. രാഷ്ട്രീയ അതിപ്രസരം ബാധിച്ച കലാലയങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിനോ, ഗവേഷണത്തിനോ എന്തെങ്കിലും സംഭാവനകള്‍ നല്‍കുന്നുണ്ടോ? അവിടെ വിദ്യാഭ്യാസം നടക്കുന്നുണ്ടോ എന്ന് കൂടി സംശയിക്കേണ്ടി വരും. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ IIT, IIM, IISc, Rajiv Gandhi Institute of BioTechnology, AIIMS, Sree Chithira Institute of Medical Sciences എന്നിവയിലൊക്കെ എന്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഉള്ളത്? അവയിലെ വിദ്യാര്‍ത്ഥികള്‍ക്കൊന്നും അവകാശങ്ങളെ കുറിച്ചോര്‍ത്തു ദുഖിക്കേണ്ട അവസ്ഥ ഉണ്ടാവുന്നില്ലല്ലോ. അതിനാല്‍ തന്നെ അവിടെ പഠനവും, ഗവേഷണവും നടക്കുന്നു. ഗവേഷണപരമോ,പുരോഗമനപരമോ ആയ എന്തെങ്കിലും നമ്മുടെ രാഷ്ട്രീയ കലാലയങ്ങള്‍ നല്‍കുന്നുണ്ടോ? നമ്മുടെ തന്നെ ഭാവി തലമുറയെ പഠിക്കാന്‍ സമ്മതിക്കാതെ തെരുവിലിറക്കി രാജ്യവുമായി യുദ്ധം ചെയ്യിക്കുന്നതാണോ ഇവര്‍ പറയുന്ന അവകാശങ്ങള്‍?

നമ്മുടെ കലാലയങ്ങള്‍ മാത്രമല്ല, സര്‍വകലാശാലകളും രാഷ്ട്രീയ പിടിയിലമര്‍ന്നിരിക്കുന്നു. രാഷ്ട്രീയ സിണ്ടിക്കേറ്റുകളാണ് ഇന്ന് എല്ലാ സര്‍വകലാശാലകളും ഭരിക്കുന്നത്. ഇവ പരീക്ഷ നടത്താനും, സമയാസമയം റിസല്‍ട്ട് പബ്ലിഷ് ചെയ്യുവാനും വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഉള്ളത്. സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റലും, കുട്ടി നേതാക്കന്മാരെ സംരക്ഷിക്കലും മാത്രമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് സിണ്ടിക്കേറ്റുകളുടെ പ്രാഥമിക കര്‍ത്തവ്യം. ലോകത്തെ ഏതെങ്കിലും പ്രശസ്ത സര്‍വകലാശാലകളില്‍ രാഷ്ട്രീയ
പൊലിമ മാത്രം വച്ച് ഭരണ സമിതിയിലേക്ക് വ്യക്തികളെ എടുക്കുമോ?എന്തിന്, നമ്മുടെ IIT, IIM കളിലും അതാത് രംഗത്തെ പ്രഗല്‍ഭരാണ് വകുപ്പുകള്‍ ഭരിക്കുന്നത്. അന്താരാഷ്‌ട്ര ജേര്‍ണലുകളില്‍ നമ്മുടെ സര്‍വകലാശാലകളുടെതായി എത്ര പേപ്പറുകള്‍ പ്രതിവര്‍ഷം പബ്ലിഷ് ചെയ്യപ്പെടുന്നു? ഇതൊന്നും നല്ല വിദ്യാര്‍ത്ഥികളുടെ ദൌര്‍ലഭ്യം മൂലമല്ല, മറിച്ചു നയിക്കാനുള്ളവരുടെ കുറവ് മൂലം ആണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ സിലബസ്സ് മികച്ചതാക്കുന്നതിനോ, അദ്ധ്യായന അന്തരീക്ഷം മികച്ചതാക്കുന്നതിനോ, മറ്റൊരു അക്കാദമീക ആവശ്യത്തിനു വേണ്ടിയും സമരത്തിനിറങ്ങുന്നില്ലല്ലോ. രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കട്ടെ.


രാഷ്ട്രീയം വേണ്ടെന്നോ, രാഷ്ട്രീയക്കാരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലെന്നോ പറയുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. നല്ലൊരു രാഷ്ട്രത്തിനു മികച്ച രാഷ്ട്രീയം ഒഴിവാക്കാനാവില്ല. മറിച്ചു, അവരെ രാഷ്ട്രീയലാഭത്തിനു തെറ്റുകളിലേക്ക് നയിക്കരുതെന്നു മാത്രം. നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിക്കുവാന്‍ അനുവദിക്കുക. ക്ലാസുകള്‍ നടത്തുവാന്‍ സഹായിക്കുക. അദ്ധ്യായനരംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിപ്പിക്കുക. കാരണം, അവര്‍ നമ്മുടെ രാജ്യത്തിന്‍റെ മുഖമാണ്. അത് ഇരുണ്ടിരിക്കരുത്. വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി ധര്‍ണ നടത്തുന്ന, പ്രകോപനത്തിലെക്ക് പോകുന്നവരെ എതിര്‍ക്കുന്ന രാഷ്ട്രീയ നേതൃത്വമുള്ള, ശാന്തിയുള്ള ഒരു കേരളം ഞാന്‍ സ്വപ്നം കാണുന്നു. ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവില്‍ ലോകപ്രശസ്ത പ്രോഫസ്സറായ  ഭാനോജി റാവു,  വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പറ്റിയുള്ള തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, "Many matters are up for debate and discussion, thanks to the increasing space for articulating independent views. To the list must now be added `whether student unions?' and celebrate if the student unions were to re-incarnate as Student Associations for Academic Excellence, given that the need of the hour is to improve the international reputation of our universities."

Friday, June 17, 2011

തിരഞ്ഞെടുപ്പ്‌ അമളികള്‍

മദ്ധ്യ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു സംഭവം. സ്ഥലത്തിന്‍റെ തിലകക്കുറിയായ രാഷ്ട്രീയ നേതാവിന്‍റെ മകനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. പൊതുവില്‍ രാഷ്ട്രീയനേതാക്കളെല്ലാം ആശ്രിതവല്‍സലരും, പുത്രസ്നേഹം നിറഞ്ഞു തുളുമ്പുന്നവരും ആണല്ലോ. അതിനാല്‍ തന്നെ സ്വന്തം മകന്‍റെ ജയത്തിനായി ആഹോരാത്രമാണ് പിതാവ് പണിയെടുത്തിരുന്നത്. മകന്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ പിന്നെ അവനു നിലനില്‍പ്പ് ബുദ്ധിമുട്ടാണെന്നും തന്ത്രശാലിയായ പിതാവിനറിയാം.

തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കുള്ള ഇരട്ടപ്പേരാണ് വോട്ട്. ഓരോ വ്യക്തിയെയും ഓരോ വോട്ടായാണ് ആ കാലത്ത് നേതാക്കള്‍ കാണുന്നത്. ബിസ്സിനെസ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് പോലെ ചുരുങ്ങിയ പരിശ്രമത്തില്‍ പരമാവധി വോട്ട് പിടിക്കാനാണ് നേതാക്കള്‍ക്കും താല്‍പ്പര്യം. ആയതിനാല്‍ തന്നെ, വിവാഹ, മരണ, പൊതു ചടങ്ങുകളില്‍ ഇവര്‍ നിറ സാന്നിധ്യമായിരിക്കും. 

പ്രചാരണം മൂര്‍ച്ചിച്ചിരിക്കുന്ന സമയം. നേതാവ് യാത്രയിലാണ്. നോക്കിയപ്പോഴാണ് വഴിയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഒരാള്‍ക്കൂട്ടം. മരണ ചടങ്ങുകളാണെന്നു നേതാവ് മനസ്സിലാക്കി. വേഗം ഡ്രൈവറെ, ആരാണ് മരിച്ചതെന്ന് മനസ്സിലാക്കുവാന്‍ പള്ളിയിലേക്ക് പറഞ്ഞയച്ചു. അതനുസരിച്ച് വേണം നേതാവിന് ആള്‍ക്കൂട്ടത്തില്‍ പോയി സങ്കടപ്പെടുവാന്‍. ഒരു കൂലിപ്പണിക്കാരന്‍റെ മരണത്തില്‍ കരയുന്നത് പോലെ ആവില്ല ഒരു കോടീശ്വരന്‍റെ മരണത്തില്‍ പൊട്ടിക്കരയുക. ഡ്രൈവര്‍ വിവരങ്ങളന്വേഷിച്ചു അതിവേഗം മടങ്ങി വന്നു. " സര്‍, മരിച്ചത് ഒരു പട്ടാളക്കാരനാണ്."

ഇതു തന്നെ പറ്റിയ അവസരം. നേതാവ് ദേശസ്നേഹം തുളുമ്പുന്ന കണ്ണുനീരുമായി പള്ളിയിലേക്ക് കയറി. കൂടെ കാറിന്‍റെ ഡിക്കിയില്‍ സ്ഥിരമായി സ്റ്റോക്ക്‌ ചെയ്തിട്ടുള്ള റീത്തും ഒരെണ്ണം കയ്യില്‍ എടുത്തു. റീത്ത് വച്ച ശേഷം, കണ്ണൊക്കെ കലക്കി പരേതന്‍റെ അമ്മയോട്, ഒരു പട്ടാളക്കാരന്‍റെ അമ്മയായതില്‍ അഭിമാനിക്കൂ എന്നറിയിച്ചു. കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിന്ന അമ്മ ഇത് കേട്ട് ഞെട്ടി. ഇത് പോലെ തന്നെ അച്ഛനോടും നിങ്ങള്‍ രാജ്യത്തിന്‍റെ സ്വത്താണെന്നൊക്കെ അറിയിച്ചു. ഇത് കേട്ട് സ്ഥലത്ത് കൂടി നിന്ന ആളുകള്‍ക്കും ഒരു സംശയം, തങ്ങള്‍ വന്ന ശവ സംസ്കാര ശുശ്രൂഷ മാറിപ്പോയോ എന്ന്. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ നേതാവിന്‍റെ ചെവിയില്‍ ഒരനുയായി സാവധാനം വന്നു മരിച്ചത് അവിടെയുള്ള ഒരു റബ്ബര്‍ വെട്ടുകാരനെന്നു ബോധിപ്പിച്ചു. നേതാവ് വളരെ വേഗം അവിടെയുള്ളവര്‍ക്ക് കൈ ഒക്കെ കൊടുത്തു സ്ഥലം കാലിയാക്കി.

തിരിച്ചു കാറിലെത്തിയ നേതാവ് ഡ്രൈവറെ പൊരിച്ചടുക്കി. ശകാര വര്‍ഷത്തിനിടയിലാണ് നേതാവിന് കാര്യം പിടി കിട്ടിയത്. ഡ്രൈവര്‍ അന്വേഷിക്കാനായി മുകളില്‍ എത്തിയപ്പോള്‍ അച്ഛന്‍ പ്രസംഗിക്കുകയായിരുന്നു. അതിനാല്‍ തന്നെ പള്ളിയില്‍ കയറാതെ ഡ്രൈവര്‍ പ്രസംഗം ശ്രിദ്ധിച്ചു. "അവന്‍ നല്ലവണ്ണം യുദ്ധം ചെയ്തു. അവന്‍ അവന്‍റെ ഓട്ടം പൂര്‍ത്തിയാക്കി", എന്ന വാക്യങ്ങള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഡ്രൈവര്‍ തിരിച്ചെത്തുകയായിരുന്നു. എന്തായാലും ആ കാര്‍ അന്ന്, പിന്നീട് ലക്ഷ്യ സ്ഥാനത്ത് മാത്രമേ നിര്‍ത്തിയുള്ളു. കാര്യം എന്തൊക്കെയായാലും നേതാവിന്‍റെ മകന്‍ തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചു എന്നത് വേറെ കാര്യം.

Saturday, June 11, 2011

ശങ്കരനും മോഹനും- ഒരു സിനിമാനുഭവം


 ആര്‍ട്ട് ഫിലിമുകള്‍ പലപ്പോഴും ജീവിതത്തിന്‍റെ പച്ചയായ വശമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാറ്. വികാരപരമായ രംഗങ്ങളും, അര്‍ത്ഥവത്തായ സംഭാഷണങ്ങളും അടങ്ങിയിട്ടുള്ള ഇത്തരം സിനിമകള്‍, ചിലപ്പോഴെങ്കിലും സിനിമയോട് വികാരപരമായ ഒരടുപ്പം സമ്മാനിക്കാറുമുണ്ട്. മനോഹര സിനിമകളായ പൊന്തന്മാട, കഥാവശേഷന്‍ തുടങ്ങിയവ നമുക്ക് സമ്മാനിച്ച ടി.വി. ചന്ദ്രന്‍റെ ആദ്യ കമേഴ്സിയല്‍ സിനിമയെന്നു വിശേഷിക്കപ്പെട്ട ശങ്കരനും മോഹനനും കുറച്ചൊന്നുമല്ല പ്രതീക്ഷ നല്‍കിയത്. വ്യത്യസ്തമായ കഥാവതരണവും, സംഭാഷണങ്ങളും പ്രതീക്ഷിച്ചിരുന്നു. 

മരണശേഷവും മോഹനനെ വിടാതെ പിന്തുടരുന്ന, ജ്യേഷ്ഠനായ ശങ്കരന്‍റെ, സൈക്കിക്‌ ഹാലുസിനേഷന്‍ എന്നൊക്കെ വിളിക്കാവുന്ന വ്യക്തിതവും മോഹനനും തമ്മിലുള്ള ആശയവിനിമയമാണ് കഥാതന്തു. ആയുഷ്കാലം എന്ന മുന്‍കാല മലയാള സിനിമ ഈ വിഷയം മാന്യമായി കൈകാര്യം ചെയ്തതുമാണ്. മരണശേഷം ശങ്കരന്‍റെ ആഗ്രഹാഭിലാഷത്തിനായി ,ഫാഷന്‍ ഫോട്ടോഗ്രാഫറായ മോഹനന്‍ പ്രവര്‍ത്തിക്കുന്നതാണ് കഥ. ശങ്കരന്‍റെ പെയര്‍ ആയി മീര നന്ദനും, മോഹനന്‍റെ പെയര്‍ ആയി റിമ കല്ലിംഗലും എത്തുന്നു. 

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ, സാങ്കേതിക വിഭാഗത്തില്‍, സംവിധാനത്തെയും തിരക്കഥയേയും ഒരു സിനിമയുടെ തലച്ചോറും, ഹൃദയവുമായി കരുതാം. രണ്ടും നന്നായാല്‍ മാത്രമേ അടിസ്ഥാനപരമായി മറ്റു വിഭാഗങ്ങളിലേക്ക് പ്രേക്ഷക ശ്രിദ്ധ തിരിയു. ഏതൊരു സിനിമയെയും ഒരു ശരാശരി നിലവാരത്തിലെത്തിക്കാന്‍ ഇത് രണ്ടും നന്നായാല്‍ മാത്രം മതി. ഈ സിനിമയുടെ കാര്യത്തില്‍ ഇതിന്‍റെ ഏറ്റവും വലിയ പരാജയമായി തോന്നിയതും ടി.വി. ചന്ദ്രന്‍റെ തിരക്കഥ തന്നെ. കഥാഗതി ആത്യന്തികമായി നിശ്ചയിക്കുന്നതും തിരക്കഥ തന്നെയാണല്ലോ. ഓരോ സീനുകളിലും വ്യതസ്ഥമായി എന്തെങ്കിലും തിരക്കഥാകൃത്ത് ഒരുക്കിയിരിക്കണം. എന്നാല്‍ ഇതില്‍, സിനിമ തുടങ്ങി ഒരു പത്തു മിനിറ്റ് മുതല്‍ തീരുന്നത് വരെ ഓരോരോ വേഷങ്ങളില്‍ മരിച്ചു പോയ ശങ്കരേട്ടനെ കാണുന്നതും, ശങ്കരേട്ടന്‍ പല ഭാവങ്ങളില്‍ മോഹനാ എന്ന് വിളിക്കുന്നതും, തിരിച്ചു മോഹനന്‍ ശങ്കരേട്ടാ എന്ന് വിളിക്കുന്നതും മാത്രം. ഇത് മൊത്തത്തില്‍ വളരെ വലിച്ചില്‍ ഉണ്ടാക്കി. സിനിമയില്‍ പ്രധാന കഥാ തന്തുവുമായി ഒരു ബന്ധവുമില്ലാതെ ദ്വീപുകളായി നിലകൊള്ളുന്ന കഥാപാത്രങ്ങളും സംഭവങ്ങളും നിരവധി.  

ഇത്തരം ഒരു തിരക്കഥ ഒരു സംവിധായകനും നന്നായി സിനിമയാക്കാന്‍ സാധിക്കില്ല. എന്നാലും, ടി.വി. ചന്ദ്രന്‍ തന്‍റെ തനത് ശൈലിയായ ഒരു ബുദ്ധിജീവി ടച്ച്‌ ഇതിനു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിലെ കോമെടികള്‍ പാളിപ്പോവുകയും ചെയ്തു. നൈജീരിയായില്‍ വച്ച് മരണമടഞ്ഞ തന്‍റെ തന്നെ സഹോദരന്‍റെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുന്നത് പ്രേക്ഷകരിലേക്ക് അല്പമെങ്കിലും എത്തിക്കാന്‍ സംവിധായകനായില്ല. പടത്തില്‍ ഒരു ആര്‍ട്ട് ഫിലിം ടച്ച്‌ നമുക്ക് നന്നായി ഫീല്‍ ചെയ്യും.


 
മോഹനനായി നല്ല പ്രകടനം കാഴ്ച വച്ച ജയസൂര്യ ശങ്കരേട്ടനായി ശരാശരി നിലവാരത്തില്‍ ഒതുങ്ങി. തിരക്കഥാ പ്രശ്നം മൂലം അദ്ദേഹത്തിന്‍റെ 20 വേഷപ്പകര്‍ച്ചകള്‍ കനത്ത വിരസതയാണുണ്ടാക്കിയത്. മോഹനന്‍റെ ഭാര്യയായ റീമ കല്ലിംഗല്‍ കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത ഒരു കഥാപാത്രം അവതരിപ്പിക്കുന്നു. മീര നന്ദന് പ്രധാനമായി സിനിമയില്‍ അവതരിപ്പിക്കാനുള്ളത് കരയുക എന്ന കൃത്യം മാത്രമായിരുന്നു. മോഹന്‍റെ സുഹൃത്തായ സുരാജിന്‍റെ കോമെഡികള്‍ വെറും പരിശ്രമത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്തു. കല്‍പ്പന, ജഗതി തുടങ്ങി കഥയെ ഒരു വിധത്തിലും സ്വാധീനിക്കാത്ത കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്.

 
സിനിമയില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കിയ ഐസക് തോമസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകന്‍റെ ബുദ്ധിജീവി ടച്ച്‌ മൂലം മിക്കവാറും രംഗങ്ങളില്‍ സ്കോര്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകന്‍റെ വികാരങ്ങളെ  അവനറിയാതെ തന്നെ സിനിമയുടെ കൂടെ സഞ്ചരിക്കാന്‍ നല്ല സ്കോറിനാവുമെന്നു സംവിധായകന് അറിയാതിരിക്കാന്‍ വഴിയില്ല. പ്രദീപ്‌ നായരുടെ ക്യാമറ വര്‍ക്ക്‌ നിലവാരം പുലര്‍ത്തി. അത് പക്ഷെ മനോഹര പ്രകൃതി രംഗങ്ങള്‍ കാണിച്ചതുകൊണ്ടല്ല. മറിച്ചു, അന്തരിച്ച ഒരാളുമായി സംസാരിക്കുമ്പോഴുണ്ടാകുന്ന പരിഭ്രമവും, അംഗ ചലനങ്ങളും മനോഹരമായി പകര്‍ത്തിയെടുക്കുകയും, നിഗൂഢത ആവശ്യമായ രംഗങ്ങളില്‍ അതിനു യോജിച്ച ലൈറ്റിങ്ങ് പാറ്റേണ്‍ നല്‍കുകയും ചെയ്തതുകൊണ്ടാണ്. കലാസംവിധായകന്‍ ഉണ്ണിക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ സാധിച്ചെന്നു തോന്നിയില്ല. 20 വേഷങ്ങളില്‍ ജയസൂര്യയെ ഒരുക്കിയ പട്ടണം റഷീദ്‌ ബുദ്ധിമുട്ടേറിയ ഒരു കര്‍ത്തവ്യമാണ് ചെയ്തത്. മോഹനന്‍റെ വസ്ത്രാലങ്കാരം മികച്ചു നിന്നപ്പോള്‍ ശങ്കരേട്ടന്‍റെതില്‍ ഒരു ഏച്ചുകെട്ട് പ്രകടമായിരുന്നു. എഡിറ്റിങ്ങും ശരാശരി നിലവാരത്തിലേക്കൊതുങ്ങി. 

അയഥാര്‍ത്ഥമായത് ഉണ്ടെന്നു തോന്നുന്ന സൈക്കിക്‌ ഹാലുസിനേഷന്‍ എന്ന മനോഹരമായ ത്രെഡ് ആണ് ടി.വി.ചന്ദ്രന്‍ പാഴാക്കി കളഞ്ഞത്. ആവശ്യമില്ലാത്ത കഥാപാത്രങ്ങളും, രംഗങ്ങളും സിനിമയുടെ വല്ലാതെയുള്ള വലിച്ചിലും നിമിത്തം ധാരാളം പ്രേക്ഷകര്‍ ഇടക്കുവച്ചും ഇടവേളയിലും ഇറങ്ങിപ്പോവുകയുണ്ടായി. ശേഷിക്കുന്ന ധാരാളം പേര്‍ സിനിമയില്‍ ശ്രിദ്ധിക്കാതെ സംസാരിച്ചിരിക്കുന്നതും കാണാമായിരുന്നു. ഈ സിനിമ സംരംഭത്തിന്, ഒരു പ്രേക്ഷകനെ പോലും വികാരപരമായി സ്പര്‍ശിക്കാനോ, നല്ല ഒരു സന്ദേശം നല്‍കാനോ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ സിനിമയില്‍ നിന്ന് അടിസ്ഥാനപരമായി ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ ഇതിനു കഴിഞ്ഞിട്ടില്ല. കഥാന്ത്യത്തില്‍ സംവിധായകന്‍ "നമുക്കിടയിലൂടെ ഒരു മരണം കടന്നു പോയോ?" എന്ന് ചോദിക്കുമ്പോള്‍, ഞാനുള്‍പ്പെടെ പത്തന്‍പത് പേരുടെ ഉള്ളിലെ സിനിമാപ്രേക്ഷകനാണ് മരണമടഞ്ഞു കഴിഞ്ഞിരുന്നത്.

Monday, June 6, 2011

പുകവലിച്ചോളൂ പക്ഷേ.....

പതിവ് പോലെ ഈ വര്‍ഷവും മെയ്‌ 31ആം തിയതി ലോക പുകയില വിരുദ്ധ ദിനം കടന്നുപോയി. നമ്മളില്‍ പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ പുകയില, മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ പറ്റി ചിന്തിക്കുവാനും, മറ്റുള്ളവരെ ബോധവല്‍ക്കരിക്കുവാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഈ ദിവസം ഉപയോഗിക്കുന്നത്. അല്‍പ സമയത്തെ ലഹരിക്ക് വേണ്ടി നമ്മള്‍ ബലി കൊടുക്കുന്നത് നമ്മുടെ തന്നെ ആരോഗ്യമാണ്. ഒരല്‍പം വീണ്ടു വിചാരം ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റിയേക്കാം. സിഗററ്റായും, പാന്‍ ആയും പുകയില യഥേഷ്ടം ലഭിക്കുന്നു.

ലോകത്ത് പുകയില ഉപയോഗം മൂലം ഉദ്ദേശം 54 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നതായി WHO കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രധാന അസുഖമാണ് ക്യാന്‍സര്‍. ശ്വാസകോശ ക്യാന്‍സര്‍, വായിലും തൊണ്ടയിലുമുണ്ടാകുന്ന ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ തുടങ്ങിയവയ്ക്കൊക്കെ ഇതുമൂലം സാധ്യതയുണ്ട്. ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് എന്നിവ വേറെയും. പുരുഷന്മാരില്‍ പ്രത്യുല്പാദന ശേഷി ഇത് കുറയ്‌ക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.

പുകയില മൂലം ഏറ്റവുമധികം ആളുകളില്‍ കാണപ്പെടുന്ന അസുഖം ക്യാന്‍സറാണ്. ക്യാന്‍സറിനു കാരണമാകുന്ന ഉദ്ദേശം 19ഓളം കാര്‍സിനോജെനുകള്‍ സിഗരറ്റ് പുകയില്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പ്രധാനം polynuclear aromatic hydrocarbons, acrolein, nitrosamines എന്നിവയാണ്. ഇപ്രകാരമുള്ള കാര്‍സിനോജെനുകള്‍ സെല്ലുകളിലെ DNAയുമായി കൂടി ചേരുകയും ജെനിടിക് മ്യൂട്ടേഷന്‍ നടത്തുകയും ചെയ്യും. വളരെ ചെറിയ അളവില്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന lead-210ഉം, polonium-210ഉം റേഡിയോ ആക്ടിവ് കാര്‍സിനോജെനുകള്ലായി പ്രവര്‍ത്തിക്കുന്നു. 

ഓരോ സെല്ലിന്‍റെയും DNAയിലാണ് ആ സെല്ലിന്‍റെ പ്രവര്‍ത്തനം കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ അടിസ്ഥാനപരമായി protein molecules ആണ്. DNAയിലെ protein ആവരണത്തിന്‍റെ കുറവ് മൂലമോ, വരുന്ന കാര്‍സിനോജെനുകളുടെ അളവിലെ ആധിക്യമോ മൂലം, ഇവ DNAയിലേക്ക് അറ്റാച്ച് ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായി alkaline സ്വഭാവമുള്ള കാര്‍സിനോജെനുകളും protein മോളിക്യൂളുകളും തമ്മില്‍ നടക്കുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ആണത്. ഓരോ സെല്ലും വിഭജിക്കേണ്ടതിന്‍റെ റേറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്നത് DNAയിലാണ്. എന്നാല്‍ കാര്‍സിനോജെനുകളുമായുള്ള റിയാക്ഷന്‍ മൂലം ഒന്നുകില്‍ DNA നശിച്ചു പോവുകയോ, അല്ലെങ്കില്‍ അതിന്‍റെ ജെനിടിക് കോഡ് തെറ്റി പോവുകയോ ചെയ്യും. ഇങ്ങനെ ജെനെടിക് കോഡ് തെറ്റി പോവുന്ന DNAകള്‍ ഉള്ള സെല്ലുകളാണ് ക്യാന്‍സര്‍ സെല്ലുകള്‍. ക്യാന്‍സര്‍ സെല്ലുകളില്‍ വിഭജനത്തിന്‍റെ അളവും തെറ്റുന്നു. തന്മൂലം അവ അതിവേഗം വിഭജനത്തിനു വിധേയമാകാന്‍ തുടങ്ങും. പുതുതായി ഉണ്ടാകുന്ന സെല്ലുകള്‍ പഴയതിന്‍റെ തനിയാവര്‍ത്തനമാകയാല്‍  അവയും അതിവേഗം വിഭജിക്കുന്നു. അങ്ങനെ മൊത്തത്തില്‍ സെല്ലുകളുടെ വിഭജനത്തിന്‍റെ തോത് പതിന്മടങ്ങായി മാറും. ഇവ സമീപത്തുള്ള ആരോഗ്യമുള്ള സെല്ലുകളുടെ ഊര്‍ജം കൂടി തങ്ങളുടെ വളര്‍ച്ചക്കായി ഉപയോഗിക്കുന്നതിനാല്‍ അവ സാവധാനം നശിക്കുകയും ഒരു ക്യാന്‍സര്‍ ആയി രൂപപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ജനിതകമാറ്റം സംഭിവിച്ച വ്യക്തികളുടെ വരും തലമുറയിലും ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുകയിലയോട് ആസക്തിയുണ്ടാക്കുന്ന പ്രധാന ഘടകമാണ് nicotine. nicotine അടിസ്ഥാനപരമായി adrinalin എന്ന ഹോര്‍മോണിനെ കൂടുതലായി പുറപ്പെടുവിക്കുകയും, തന്മൂലം ബ്ലഡ്‌ പ്രഷര്‍, ഹ്രദയമിടിപ്പ് എന്നിവ ഉയരുകയും ചെയ്യും. അതിനാല്‍ തന്നെ ഇവയുടെ നിരന്തര ഉപയോഗം ഹൃദ്രോഗം, സ്ട്രോക്ക്, ലൈംഗീക ശേഷി കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. 

നാം ഓരോ പുക ശ്വാസകോശത്തിലേയ്ക്ക് എടുക്കുമ്പോഴും ഈ 19 കാര്‍സിനോജെനുകളും നികോടിനും രക്തത്തില്‍ കലരുന്നു. രക്തം ഇവയെ ശരീരമാസകലം എത്തിക്കുന്നു. protein ആവരണത്തില്‍ കുറവുള്ള ഏതെങ്കിലും ഒരൊറ്റ സെല്‍ മതി നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുവാന്‍. ഒരൊറ്റ നല്ല ഗുണം പോലും പുകയില പ്രദാനം ചെയ്യുന്നില്ല. പുകവലിക്കാരുടെ അടുത്ത് നിന്ന് കിട്ടുന്ന passive smokingഉം ഒരു പോലെ അപകടകാരിയാണ്. നമുക്ക് വേണ്ടിയാണ് നമ്മുടെ അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു നിമിഷത്തെ ലഹരിക്ക് വേണ്ടി മാത്രമാണ് നാം ഇവയെ നശിപ്പിക്കുന്നത്. ക്യാന്‍സര്‍ തീര്‍ച്ചയായും വേദനയുടെയും രോദനങ്ങളുടെയും അസുഖമാണ്. പുകവലിക്കുന്നതിനു മുമ്പ് ഒരു നിമിഷം നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത് രാസപരിണാമങ്ങള്‍ ഓര്‍ത്തു നോക്കുക. ഇപ്പോള്‍ നമുക്ക് ഒരു തീരുമാനമെടുക്കാനുള്ള അവസരമുണ്ട്. ഭാവിയില്‍ ചിലപ്പോള്‍ അത് ലഭിച്ചെന്നു വരില്ല, ഒരിക്കലും.