Raise our Conscience against the Killing of RTI Activists
Sunday, April 8, 2012

ഒരു ദുഃഖവെള്ളി


"ഗാഗുല്‍ത്താ മലയില്‍ നിന്നും, വിലാപത്തിന്‍ മാറ്റൊലി കേട്ടു". നേരം പുലരുന്നതേ ഉള്ളു. പള്ളിയിലെ സ്പീക്കര്‍ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. ക്രത്രിമ  ശബ്ദം വക്കച്ചന്‍ ചേട്ടന്‍റെ നിദ്രക്കും ഭംഗം വരുത്തി. ഇന്നു ദുഖവെള്ളി. യേശുദേവന്‍ ക്രൂശിലേറിയതിന്‍റെ സ്മരണ പുതുക്കപ്പെടുന്നു. പണ്ടൊക്കെയായിരുന്നെങ്കില്‍ താനിപ്പോള്‍ പള്ളിയിലേക്ക് പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു കാണുമായിരുന്നു. എന്നാല്‍, കാലം കൈകാലുകള്‍ക്കു കൂച്ചുവിലങ്ങിട്ടിരിക്കുന്നു. പരസഹായം എന്ന ദൌര്‍ഭാഗ്യം, എല്ലാ പ്രവര്‍ത്തികള്‍ക്കും ആത്യാവശ്യം. ഇവിടെ വില്ലന്‍ പ്രായമത്രേ. ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത ശരീരമുള്ളതിലും വലിയൊരു ദൌര്‍ഭാഗ്യം ലോകത്തു വേറെയില്ലെന്ന് ചേട്ടന്‍ ഓര്‍ത്തു‌.

"അപ്പച്ചന്‍ എഴുന്നേറ്റോ?", കൊച്ചുമകള്‍ നിമ്മിയാണ് അപ്പച്ചന്‍റെ പ്രധാന സുഹൃത്തും, വഴികാട്ടിയും. എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കുന്ന അവളാണ് ചേട്ടന്‍റെ നിശബ്ദ അന്തരീക്ഷത്തിന്‍റെ കാവലാള്‍. ചേട്ടന്‍റെ പഞ്ചേന്ദ്രിയങ്ങളില്‍ കൂടുതലും നിറഞ്ഞു നില്‍ക്കുന്നത് അവള്‍ തന്നെയാവും. അപ്പച്ചനെ പള്ളിയില്‍ പോകുന്നതിനു ഒരുങ്ങാന്‍ സഹായിച്ചശേഷം അവളും വസ്ത്രം മാറ്റുവാനായി പോയി. ഒരു നിമിഷം കൊണ്ട് ഒരുങ്ങി പള്ളിയില്‍ പോകുമായിരുന്ന ഒരു കാലം ചേട്ടന്‍റെ ഓര്‍മയില്‍ നിറഞ്ഞു. നടപ്പില്‍ സാവധാനമായിരുന്ന തന്‍റെ അപ്പച്ചനെ പുച്ചിച്ചിരുന്ന താനിപ്പോള്‍...‍. എന്തൊക്കെയായാലും, അവര്‍ ഉണ്ടായിരുന്നപ്പോള്‍ തനിക്കൊരു ബലമായിരുന്നു.  ഇന്നിപ്പോള്‍ മറ്റെല്ലാവരെയും പോലെ താനും ഒറ്റക്കായിരിക്കുന്നു. സൌഹൃദങ്ങള്‍, ബന്ധങ്ങള്‍ മുതലായവ ഒരു പരിധി വരെയേ നമ്മെ സ്പര്‍ശിക്കൂ. ഏവരും ഉള്ളില്‍ തങ്ങള്‍ക്കായി ഒരിടം ഒരുക്കിവച്ചിരിക്കും. തങ്ങള്‍ക്കായി മാത്രം.

"ഇറങ്ങാം അപ്പച്ചാ", മകന്‍ ജോഷ്വയാണത്. നിമ്മി അപ്പച്ചനെ പിടിച്ചു കാറിലിരുത്തി. കാര്‍, വര്‍ത്തമാന കാലത്തിലൂടെ പള്ളിയിലേക്ക് പാഞ്ഞു. ദുഖവെള്ളിയായതു കൊണ്ട് പള്ളിയില്‍ നല്ല തിരക്കുണ്ട്‌. ചെന്നപ്പോഴേക്കും കര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. ചേട്ടന്‍, തന്‍റെ രണ്ടാം ഭാര്യയായ വടിയും കുത്തി പതിയെ പള്ളിയുടെ മുന്‍വശത്തേക്കു നടന്നു. നിമ്മി സഹായത്തിനുണ്ട്. പുരുഷന്മാരുടെ സ്ഥലമാണെങ്കിലും അവള്‍ക്കു പരിഭ്രമം ലവലേശം ഉണ്ടെന്നു തോന്നുന്നില്ല. കാലം വ്യക്തികളുടെ ചിന്താഗതികളെയും മാറ്റിയിരിക്കുന്നു. ചിന്താഗതികള്‍ അതിദ്രുതം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. എങ്കിലും അവയിലെ മാറ്റം പ്രകടമാണ്.

ചേട്ടനെ കണ്ട്, മുന്നില്‍ ഒരു വ്യക്തി തന്‍റെ കസേര ഒഴിഞ്ഞു കൊടുത്തു. അതില്‍ അപ്പച്ചനെ ഇരുത്തിയ ശേഷം നിമ്മിയും സ്ത്രീകളുടെ വശത്തേക്ക് യാത്രയായി. അവള്‍ തന്നെ സഹായിക്കുമ്പോള്‍, സമീപത്തുള്ള പയ്യന്മാരുടെ മുഖങ്ങള്‍ അവളിലേക്ക് എത്തിയിരുന്നത് ചേട്ടന്‍ ശ്രദ്ധിച്ചിരുന്നു. ഓര്‍മ്മകള്‍ റോസക്കുട്ടിയിലേക്കെത്തിയത് അതിദ്രുതമായിരുന്നു. കണ്ണുകളിലൂടെ ആശയങ്ങള്‍ കൈമാറിയിരുന്ന തങ്ങള്‍, ഒന്ന് സംസാരിക്കാനായി കൊതിച്ചിരുന്നു. ലോകം കീഴടക്കി നടന്ന സന്തോഷത്തില്‍ താന്‍ കാലം ചിലവഴിച്ച നാളുകള്‍. ഒരുനാള്‍ അവളെ കാണാതായി. പ്രത്യക്ഷ മുഖങ്ങള്‍ അപ്രത്യക്ഷമാക്കാന്‍ സമയത്തിന്‍റെ ആവശ്യം എന്തിന്? കുറെ നാളുകള്‍ അവളെ കണ്ണുകള്‍ പരതിയെങ്കിലും കണ്ടെത്താനായില്ല. മറവി എന്ന വേട്ടക്കാരന്‍, ഒടുവില്‍ അവളെയും കൊന്നുകളഞ്ഞു. സ്മൃതി ഒരര്‍ത്ഥത്തില്‍ അനുഗ്രഹവും, മറ്റൊരര്‍ത്ഥത്തില്‍ ശാപവുമാണ്. തനിക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ ഓര്‍ത്തു ചേട്ടന്‍ ദൈവത്തിനു സ്തുതി പറഞ്ഞു.

പീഢാനുഭവ വായന ആരംഭിച്ചു. കര്‍ത്താവ് കടന്നു പോയ വഴികളിലൂടെ ചേട്ടന്‍റെ മനസ്സും സഞ്ചരിച്ചു. ശബ്ദങ്ങള്‍ വ്യക്തികളായും, സന്ദര്‍ഭങ്ങള്‍ സ്ഥലങ്ങളായും പരിണമിക്കപ്പെട്ടു. എത്രയോ ദുഖവെള്ളികള്‍ കടന്നു പോയിരിക്കുന്നു. ഇതിനിടയില്‍ തന്‍റെ ഭാവങ്ങളും മാറിയിരിക്കുന്നു. നിഷ്കളങ്കതയില്‍ നിന്നു ലാളിത്യത്തിലേക്കും, അവിടെ നിന്നു ലൈംഗീക ആസ്വാദനത്തിലേക്കും, അഹന്തയിലേക്കും, പിന്നീട് വിനയത്തിലേക്കും മനസ്സ്‌ എത്തപ്പെട്ടു. പല സത്യങ്ങളും മനസ്സിലാക്കാന്‍ അനുഭവങ്ങള്‍ തന്നെയാണ് ഒരേയൊരു വഴിയെന്ന് താന്‍ തിരിച്ചറിയാനും കാലം കുറെ എടുത്തു. പീഢാനുഭവ വായന കുരിശുമരണത്തിലേക്ക് എത്തിയിരുന്നു.

പള്ളിയിലെ ചടങ്ങുകള്‍ അവസാനിച്ചു. നിമ്മിമോള്‍ക്കു വേണ്ടി കണ്ണുകള്‍ പരതി. അപ്പച്ചന്‍റെ മനസ്സറിഞ്ഞെന്ന വണ്ണം അവള്‍ അടുത്തു വന്നു. അവര്‍ സാവധാനം സെമിത്തേരിയിലേക്ക് നീങ്ങി. തന്നെ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കുകയും, തന്‍റെ കൂടെ ഏറ്റവും കൂടുതല്‍ കാലം ചിലവഴിക്കുകയും ചെയ്ത ത്രേസ്യയുടെ അടുത്തേക്ക്‌. അവര്‍ എന്നും സംസാരിക്കാറുണ്ട്. മരിച്ചവരെ മനസ്സ് എന്ന ജനാലയിലൂടെ കാണാനാവുമെന്നാണ് ചേട്ടന്‍റെ വാദം. പ്രാര്‍ത്ഥനകള്‍ക്കു ശേഷം നിമ്മി അല്‍പ്പം മാറി നിന്നു. ചേട്ടന്‍ വളരെ സാവധാനം അയാളുടെ ത്രേസ്യയോടു സംസാരിക്കുകയാണ്. തന്നേക്കാള്‍ മുമ്പു വിട പറഞ്ഞതിന്‍റെ ഒരു പരിഭവം അയാളുടെ മനസ്സിലുണ്ട്. എന്നിരിക്കിലും, അവരുടെ മരണം എന്നതിനോട് ആ മനസ്സു ഇനിയും പോരുത്തപ്പെട്ടിട്ടില്ല. നിമ്മി സമീപത്തു അവളുടെ ഭാവിയെ പറ്റി ആലോചിച്ചു സമയം ചിലവഴിച്ചു. ചിലര്‍ക്ക് ഭൂതകാലത്തോട് താല്പര്യം കൂടുമ്പോള്‍ മറ്റുചിലര്‍ക്കു ഭാവിയില്‍ പ്രീയമേറുന്നു.

സെമിത്തേരിയില്‍ നിന്ന് ചേട്ടന്‍ പതിയെ പുറത്തേക്കിറങ്ങി. മറ്റൊരു ദുഖവെള്ളി കൂടെ ജീവിതത്തില്‍ നിന്നു അടര്‍ന്നിരിക്കുന്നു. ഇനിയൊരു ദുഖവെള്ളിക്കു താനുണ്ടാവുമോ എന്നറിയില്ല. പറ്റിയാല്‍ അതിനു മുമ്പേ നിത്യമായി പോരണമെന്നാണ് ആഗ്രഹം. പള്ളിക്കു പുറത്തു ആളുകള്‍ കൂട്ടം കൂടി വിശേഷങ്ങള്‍ പങ്കിടുകയാണ്. അവര്‍ക്കിടയിലൂടെ നിമ്മി മോളുടെ കൂടെ അയാള്‍ ഒറ്റയ്ക്ക് നടന്നു. പ്രായമേറിയവര്‍ എവിടെയും ഒറ്റയ്ക്ക് തന്നെ. ഭൂമിയുടെ തന്നെ പ്രതീക്ഷകള്‍ യുവത്വത്തില്‍ ആയിരിക്കുമ്പോള്‍, പ്രായമേറിയവരോട് ആര് എന്തു പങ്കു വെയ്ക്കാന്‍? പള്ളിയുടെ പുറത്തേക്കെത്തുമ്പോള്‍ അവിടെ ദുഖവെള്ളിയുടെ പ്രതീകമായ കയ്പു നീര്‍ ഇരിപ്പുണ്ട്. അതില്‍ അല്പം രുചിച്ചു. അതൊരനുഭൂതിയാണ്. അതിനു പഴമയുടെ ഒരു സുഖമുണ്ട്, ഓര്‍മയുമുണ്ട്. അയാള്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, മറ്റൊരു കുടുംബം പള്ളിയിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ആ അമ്മയുടെ കയ്യില്‍ ഒരു കുഞ്ഞു പൈതലും. അയാള്‍ അതിനെ സൂക്ഷിച്ചു നോക്കി. കുഞ്ഞ് അയാളെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. അയാള്‍ തിരിച്ചും ചിരിച്ചു. അതില്‍ ജീവിതത്തിന്‍റെ സംതൃപ്തി നിറഞ്ഞു നിന്നു. പള്ളിയുടെ സ്പീക്കറുകള്‍ വീണ്ടും ശബ്ദിച്ചു തുടങ്ങിയിരുന്നു, "ഗാഗുല്‍ത്താ മലയില്‍ നിന്നും, വിലാപത്തിന്‍ മാറ്റൊലി കേട്ടു".

Sunday, April 1, 2012

സരോജിനി ടീച്ചര്‍


2011 മാര്‍ച്ച് 31

സരോജിനി ടീച്ചര്‍ അന്ന് മറ്റേതൊരു ദിവസവും പോലെ പുലര്‍ച്ചെ എഴുന്നേറ്റു. വീട്ടില്‍ ഭക്ഷണം തയാറാക്കി. കുളിച്ചു, സ്ക്കൂളില്‍ പോകുവാന്‍ തയ്യാറായി. മക്കള്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇന്ന് ടീച്ചറുടെ അവസാന സര്‍വീസ് ദിവസമാണ്. എന്നിരുന്നാലും അവര്‍ക്കു പ്രത്യേകത ഒന്നും തോന്നിയില്ല. പ്രഭാത ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ച ശേഷം സ്കൂളിലേക്ക് പുറപ്പെട്ടു. ടീച്ചര്‍ എന്‍റെ അയല്‍വാസിയാണ്. ചെറുപ്പം മുതല്‍ തന്നെ പരിചയവുമുണ്ട്. അടുത്തു തന്നെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളിലാണ് അവര്‍ പഠിപ്പിക്കുന്നത്‌. കാലത്തിന്‍റെ ഗതിയോഴുക്ക് ഇന്ന്‍ അവരെ റിട്ടയര്‍മെന്റിന്‍റെ പടിവാതില്‍ക്കല്‍ എത്തിച്ചിരിക്കുന്നു.

ടീച്ചര്‍ സ്കൂളിലെത്തി. എത്രയോ വര്‍ഷം താന്‍ കണ്ടു ശീലിച്ച കാഴ്ചകള്‍, നടന്നു പഴകിയ വഴികള്‍, എന്നിരിക്കിലും എല്ലാത്തിലും ഒരു പുതുമ തോന്നി. കാലം പഴമയെ നവീകരിക്കുന്നുണ്ടോ എന്നവര്‍ സംശയിച്ചു. ഓര്‍മ്മകള്‍ പലപ്പോഴും കയറിവരുന്നത് അപ്രതീക്ഷിതമായാണ്. താന്‍ സ്ക്കൂളില്‍ ജോയിന്‍ ചെയ്ത ദിവസം മുതലുള്ള പത്തുമുപ്പതു വര്‍ഷങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. അതിനു വേദന നിറഞ്ഞ ഒരു സംതൃപ്തിയുടെ ഗന്ധമുണ്ടായിരുന്നു. തന്‍റെ മുന്നിലൂടെ കാലം കടത്തിവിട്ട ആയിരക്കണക്കിന് കുട്ടികള്‍ ഇന്നെവിടെയാവും? ഭൂതകാലത്തില്‍ നിന്നും ഇന്നിന്‍റെ സമയത്തേക്ക് എത്തിച്ചേരുവാന്‍ അവര്‍ ഏറെ സമയം എടുത്തു.

മറ്റദ്ധ്യാപകര്‍ എത്തിച്ചേരുന്നതേയുള്ളൂ. ഈ വര്‍ഷം സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് ടീച്ചര്‍ മാത്രമേയുള്ളൂ. അതിനാല്‍ തന്നെ എല്ലാവരും ടീച്ചറോട് പ്രത്യേക താല്പര്യത്തോടെ കുശലം ചോദിക്കുന്നുണ്ട്. സമയം, സമാപ്തിയുടെ കവചകുണ്ടലങ്ങള്‍ അതാതു സമയത്തു ചിലരെ അണിയിക്കുന്നു. പ്രധാനാധ്യാപകന്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അദ്ദേഹം വരുവാന്‍ സമയമെടുക്കും. സര്‍വീസ് കാലയളവില്‍ വ്യക്തിപരമായി അകന്നവര്‍ വരെ അടുത്തു വന്നു സംസാരിക്കുന്നുണ്ട്. വിടവാങ്ങല്‍, ആളുകളെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്ന് ടീച്ചര്‍ സംശയിച്ചു.

പ്രധാനാധ്യാപകന്‍ എത്തിച്ചേര്‍ന്നു. ഉടന്‍ തന്നെ സ്റ്റാഫ്‌ മീറ്റിങ്ങും ആരംഭിച്ചു. വിരമിക്കുന്ന ടീച്ചര്‍ക്ക് അനുമോദനം അര്‍പ്പിക്കുക എന്ന അജണ്ട മാത്രമേ ഉള്ളു. സ്റ്റാഫ്‌ അംഗങ്ങള്‍ എല്ലാവരും മംഗളകരമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം ആശംസിച്ചു. ടീച്ചര്‍ മറുപടി പ്രസംഗത്തിനായി എഴുന്നേറ്റു,  എല്ലാവരും ചെയ്തു തന്ന സഹായങ്ങള്‍ ടീച്ചര്‍ സ്മരിച്ചു. പ്രസംഗം എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. ജീവിതത്തിന്‍റെ അദ്ധ്യായങ്ങളുടെ സമാപന വാക്കായ നന്ദിയും പറഞ്ഞു അവര്‍ പ്രസംഗം അവസാനിപ്പിച്ചു. മീറ്റിംഗ് സമാപിച്ചു. എല്ലാവരും പുറത്തേക്കിറങ്ങി. ടീച്ചറിന്‍റെയൊപ്പം വണ്ടിയിലേക്ക്. ടീച്ചര്‍ തന്‍റെ സ്കൂളിനെ തിരിഞ്ഞു നോക്കിയില്ല, പുറത്തേക്കുള്ള വഴി സാകൂതം വീക്ഷിച്ചിരുന്നു.

വീട്ടില്‍ മക്കള്‍ ഭര്‍ത്താവിന്‍റെയൊപ്പം ടീച്ചറെയും സഹപ്രവര്‍ത്തകരെയും പ്രതീക്ഷിച്ചു ഭക്ഷണവും തയാറാക്കി കാത്തിരിപ്പുണ്ട്. സഹപ്രവര്‍ത്തകരെല്ലാം വീട്ടിലേക്കു പ്രവേശിച്ചു. കുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെട്ടു. താമസിയാതെ ഭക്ഷണം വിളമ്പി തുടങ്ങി. കൂട്ടത്തില്‍ യുവ അധ്യാപകര്‍ തമാശയൊക്കെ പറഞ്ഞു ഭക്ഷണം ആസ്വദിച്ചപ്പോള്‍, മുതിര്‍ന്നവര്‍ ചിലരെങ്കിലും ചിന്താമഗ്നരായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വീണ്ടും അരമണിക്കൂര്‍ കൂടി വീട്ടില്‍ തങ്ങി. ഒടുവില്‍ അവര്‍ യാത്ര പറഞ്ഞിറങ്ങി. എല്ലാവരും സന്തോഷമായി കൈ കൊടുത്തു. അതിനിടയിലൂടെ, പലരും നര്‍മം അവതരിപ്പിച്ചു. കൂട്ടച്ചിരിക്കിടയില്‍ കാണികള്‍ വണ്ടിയിലേക്ക് കയറി. അവര്‍ക്ക് ടീച്ചര്‍ നിറഞ്ഞ മനസ്സോടെ യാത്രയയപ്പ് നല്‍കി. കാലം പരിചിതമാക്കിയ അപരിചിത മുഖങ്ങള്‍ ടീച്ചറെ വിട്ടു യാത്രയായി. കാലത്തിന്‍റെ സംഭാവനകള്‍ കാലം തന്നെ തിരിച്ചെടുത്തു.

സരോജിനി ടീച്ചര്‍ സരോജിനിയായി എന്ന സത്യം ബോധമനസ്സു അംഗീകരിച്ചെങ്കിലും, മനസ്സിന്‍റെ ഉള്ളറകള്‍ അതു അംഗീകരിക്കുന്നുണ്ടായിരുന്നില്ല. സത്യം ബോധ്യമായി മാറുവാന്‍ സമയമെടുക്കുമായിരിക്കും. ടീച്ചര്‍ വേഷമോക്കെ മാറ്റി. അവരുടെ ചുറ്റുപാടുകള്‍ വീണ്ടും സാധാരണമായി. "റിട്ടയര്‍മെന്റുകള്‍, കാലം അതിവേഗം മുന്നോട്ടു പോകുന്നുവെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു" എന്നാ പ്രധാനാധ്യാപകന്‍റെ വാക്കുകള്‍ ടീച്ചറുടെ ചിന്തക്ക് വിഷയമായി. താനും വാര്‍ധക്യത്തെ പുല്‍കിയിരിക്കുന്നു. ഇനി തന്നില്‍ നിന്ന് മറ്റാരും അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. തന്‍റെ സമയം വിലപിടിപ്പില്ലാതായി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി ഒരു ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു, "ഇനി എന്ത്?". ചിന്തകള്‍ കാടുകയറി തുടങ്ങിയിരുന്നു.

2011 ഏപ്രില്‍ 1

മകളുടെ ശബ്ദം കേട്ടാണ് ടീച്ചര്‍ അന്നെഴുന്നേറ്റത്‌. സമയം വൈകിയിരിക്കുന്നു. വളരെ വേഗം ടീച്ചര്‍ ഭക്ഷണം പാകപ്പെടുത്തുവാന്‍ ആരംഭിച്ചു. വിരമിക്കല്‍ എന്ന ബോധ്യത്തിലേക്ക് മനസ്സ് ഉണരുവാന്‍ സമയമെടുത്തു. അല്‍പ സമയം അവിടെ നിന്ന  ടീച്ചര്‍ പതിയെ മുറ്റത്തേക്കിറങ്ങി. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമായി, മകന്‍ ജോലി സ്ഥലത്തേക്കു  പോകുവാന്‍ തയ്യാറായി ഇരിപ്പുണ്ട്. ടീച്ചര്‍ പതിയെ ആകാശത്തേക്ക് നോക്കി. അവിടെ ഒരു പുതിയ സൂര്യന്‍ ഉദിക്കുന്നുണ്ടായിരുന്നു.