Raise our Conscience against the Killing of RTI Activists




Monday, August 8, 2011

ആണവ ബോംബുകള്‍- ഉള്ളറകള്‍

1945ഇല്‍ ജപ്പാനു മുകളിലൂടെ എനോള ഗേ എന്ന യുദ്ധ വിമാനം പറന്നുപോയപ്പോള്‍ ആഗോള ആണവ ചരിത്രത്തില്‍ അതൊരു പുതിയ അദ്ധ്യായമാവുകയായിരുന്നു. അതിന്‍റെ കഷ്ടതകള്‍ അന്നനുഭവിച്ചത് ഉദ്ദേശം 5 ലക്ഷത്തോളം പേരായിരുന്നു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ആണവായുധങ്ങള്‍ ഒരു പേടി സ്വപ്നം പോലെ നിലകൊളുന്നു. 

ഒരു ആണവ റിയാക്ഷനിലൂടെ ഊര്‍ജം പുറത്തുവിടുന്ന ആയുധങ്ങളെ ആണവായുധങ്ങള്‍ എന്ന് വിളിക്കുന്നു. ഇത് ആറ്റമിന്‍റെ നൂക്ലിയസുകള്‍ വിഘടിച്ചുള്ള ഫിഷന്‍ റിയാക്ഷനോ, നൂക്ലിയസുകള്‍ കൂടിച്ചേര്‍ന്നുള്ള ഫ്യൂഷന്‍ റിയാക്ഷനോ ആവാം. ഇന്നുള്ള ആണവായുധങ്ങള്‍ ലക്ഷക്കണക്കിന് TNTക്കു തുല്യമായ വിസ്ഫോടന ശക്തിയുള്ളവയാണ്‌. വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നതിനാല്‍, എല്ലാ രാജ്യങ്ങളിലും ഇവ നിയന്ത്രിക്കുന്നത്‌, രാജ്യ തലവന്മാര്‍ നേരിട്ടാണ്.

ഫിഷന്‍ റിയാക്ഷനിലൂടെ പൊട്ടിത്തെറിക്കുന്ന ബോംബുകളെ ആറ്റം ബോംബുകള്‍ എന്ന് വിളിക്കുന്നു. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ആണവ ഗ്രേഡിലുള്ള യുറേനിയമോ, പ്ലുടോണിയമോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ അളവിനെ ക്രിട്ടിക്കല്‍ മാസ്സ് എന്ന് വിളിക്കുന്നു. ബോംബുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. gun type assembly method, implosion assembly method എന്നിവയാണവ. gun type assembly methodഇല്‍ ക്രിട്ടിക്കല്‍ മാസില്‍ താഴെ ഭാരമുള്ള രണ്ടു ഭാഗങ്ങളായി ആണവ ഇന്ധനം ആദ്യം സൂക്ഷിച്ചിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള സ്ഫോടക വസ്തു ഇതിന്‍റെ ഒരറ്റത്തായി ഉണ്ടാവും. ആദ്യം ഈ സ്ഫോടക വസ്തു പൊട്ടുകയും, അവ ഈ രണ്ടു ആണവ ഇന്ധനങ്ങളെ കൂട്ടി യോജിപ്പിച്ചു ഒറ്റ ഇന്ധനമാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവ ക്രിട്ടിക്കല്‍ മാസ്സിനെക്കാള്‍ കൂടുതലായതിനാല്‍ ആണവ റിയാക്ഷന്‍ തുടങ്ങും. implosion assembly methodഇല്‍ ആണവ ഇന്ധനത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന പരമ്പരാഗത സ്ഫോടക വസ്തുക്കള്‍, ആണവ ഇന്ധനത്തെ ചുരുക്കി സാന്ദ്രത പല ഇരട്ടിയാക്കുന്നു. ഇപ്രകാരം സാന്ദ്രത വര്‍ധിച്ച ആണവ ഇന്ധനം, ചെയിന്‍ റിയാക്ഷന്‍ ആരംഭിക്കുന്നു.


ഫ്യൂഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ ഹൈഡ്രജന്‍ ബോംബ്‌ എന്ന് വിളിക്കുന്നു. ഫിഷന്‍ റിയാക്ഷനെക്കാള്‍ പതിന്മടങ്ങ്‌ സ്ഫോടന ശക്തിയുള്ളവയാണ്‌ ഹൈഡ്രജന്‍ ബോംബുകള്‍. ഇവയില്‍ ഹൈഡ്രജന്‍റെ ഐസോടോപുകലായ deuterium, tritium എന്നിവയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഫിഷന്‍ ബോംബാണ് റിയാക്ഷന്‍ തുടങ്ങി വയ്ക്കുന്നത്. ഇതിലൂടെ പുറത്തു വരുന്ന gamma rays, X-rays എന്നിവ ആണവ ഇന്ധനത്തെ ആയിരക്കണക്കിന് ഡിഗ്രീയിലേക്ക് ചൂടാക്കുന്നു. ഇങ്ങനെ ചൂടായ ഇന്ധനത്തില്‍ ആണവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇതില്‍ നിന്ന് പുറത്തു വരുന്ന ന്യൂട്രോണുകള്‍, ഇന്ധനത്തിന് ചുറ്റുമായി നിറച്ചിരിക്കുന്ന യുറേനിയത്തില്‍ വീണ്ടും ഫിഷന്‍ റിയാക്ഷന്‍ ഉണ്ടാക്കുകയും, അങ്ങനെ എല്ലാത്തിന്‍റെയും ആകെ തുകയായി, ലക്ഷക്കണക്കിന് ടോണ്‍ TNTക്കു തുല്യമായ വിസ്ഫോടനം നടക്കുകയും ചെയ്യുന്നു.

ന്യൂട്രോണ്‍ ബോംബെന്നു വിളിക്കപ്പെടുന്ന മറ്റൊരു വിഭാഗത്തില്‍, ന്യൂട്രോണ്‍ റേഡിയേഷന്‍ വളരെയധികമായിരിക്കും, എന്നാല്‍ സ്ഫോടനം താരതമ്യേന കുറവായിരിക്കും. . ഇവ അടിസ്ഥാനപരമായി ഫ്യൂഷന്‍ ബോംബുകളാണ്. ഇവയിടുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കും മറ്റും കാര്യമായ ക്ഷതം സംഭാവിക്കില്ലെങ്കിലും, ആളുകളുടെ മരണസംഖ്യ അതിഭീമമായിരിക്കും. റേഡിയേഷന്‍റെ അളവ് കൂട്ടാനായി ഇവയില്‍ സ്വര്‍ണ്ണവും, കൊബാള്‍ട്ടും ഉപയോഗിക്കുന്നു. 

ഒരു ആണവ വിസ്ഭോടനത്തില്‍ ഊര്‍ജം പ്രധാനമായും നാല് രീതിയിലാണ് പുറത്തു വരുന്നത്.
  • പൊട്ടിത്തെറി - മൊത്തം ഊര്‍ജത്തിന്‍റെ 40%-50%
  • താപം - മൊത്തം ഊര്‍ജത്തിന്‍റെ 30%-50%
  • ആണവ വികരണം - മൊത്തം ഊര്‍ജത്തിന്‍റെ 5%-10%
  • ബോംബില്‍ തന്നെ നിലനില്‍ക്കുന്ന ഊര്‍ജം - മൊത്തം ഊര്‍ജത്തിന്‍റെ 5%-10%
ഇതില്‍ ആണവ വികരണത്തിന്‍റെയും, പൊട്ടിത്തെറിയുടെയും അളവ്, ചുറ്റുപാടുമുള്ള അന്തരീക്ഷത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.

ഒരു ആണവ റിയാക്ഷനില്‍ നിന്ന് പുറത്തു വരുന്ന വികരണങ്ങള്‍, ചുറ്റുപാടുമുള്ള വസ്തുക്കളെ അതിവേഗത്തില്‍, ആയിരക്കണക്കിന് ഡിഗ്രീയിലെക്ക് എത്തിക്കുന്നു. അതിനാല്‍ അവ അതിവേഗം വികസിക്കുന്നു. ഇപ്രകാരം വികസിക്കുന്ന വസ്തുക്കള്‍, അതിന്‍റെ തന്നെ അടുത്തുള്ള വസ്തുക്കളില്‍ ഊര്‍ജം കടത്തിവിടുന്നു. ഇവ ആത്യന്തീകമായി ഒരു shock waveഇനു കാരണമാകുന്നു. ഇതിന്‍റെ ശക്തി ദൂരത്തിനനുസരിച്ച് കുറഞ്ഞു വരും. എന്നിരുന്നാലും, ഉദ്ദേശം 4 കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു മനുഷ്യന്‍റെ സന്ധികളില്‍ പ്രഹരം ഏല്‍പ്പിക്കാനും, ശ്വാസകോശത്തിലെ വായു സൂക്ഷിക്കുന്ന അറകള്‍ തകര്‍ക്കാനും പര്യാപ്തമാണ് ഈ വേവുകള്‍. ബോംബിനു തൊട്ടടുത്തുള്ള, വളരെയധികം ചൂടായ പദാര്‍ത്ഥങ്ങളാണ് ഒരു കൂണ്‍ പോലെ മുകളിലെക്കുയരുന്നത്. ഹിരോഷിമയിലെ ബോംബ്‌ സ്ഫോടനത്തിന്‍റെ ചിത്രം ഓര്‍ക്കുക. ഷോക്ക്‌ വേവുകള്‍ ധാരാളമായി ഉണ്ടാകുന്ന സ്ഫോടനങ്ങളില്‍, വികരണത്തിന്‍റെ അളവ് കുറവായിരിക്കും.

ആണവ ബോംബില്‍ നിന്ന് ഭീമമായ അളവില്‍ താപം പുറത്തുവരും. ഇവ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നില്‍ക്കുന്നവരെ കത്തിച്ചു കളയാന്‍ പോലും ശേഷിയുള്ളതാണ്. 10കിമി ദൂരത്തിലുള്ളവര്‍ക്ക് പോലും പൊള്ളലുകള്‍ ഉണ്ടാവും. flash blindness ആണ് ഇത് മൂലം ഉണ്ടാവുന്ന മറ്റൊരു തിക്ത ഫലം. സ്ഫോടനത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന കനത്ത പ്രകാശം, കണ്ണുകളിലെ റെറ്റിനക്ക് പൊള്ളലേല്‍പ്പിക്കുന്നു. കണ്ണിലെ ലെന്‍സുകള്‍ പ്രകാശത്തെ റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യുകയാണ് ചെയ്യുന്നത്. കനത്ത അളവിലുള്ള പ്രകാശം ഫോക്കസ് ചെയ്യപ്പെടുന്നത് കൊണ്ടാണ്, പൊള്ളലേല്‍ക്കുന്നത്. 

ഇവയെല്ലാം അതിജീവിച്ച ഒരു ജനതയാണ്, ഹിരോഷിമയിലും നാഗസാക്കിയിലും ഉള്ളത്. ബോംബു വീണ സ്ഥലങ്ങളിലെ ആയിരക്കിനു ആളുകള്‍ അപ്പോള്‍ തന്നെ ആവിയായി പോയിരിക്കാം. ലക്ഷങ്ങള്‍ കാന്‍സര്‍ വന്നു മരിച്ചിരിക്കാം. ലോകത്ത് ഇനി ഇവ സംഭവിക്കാതിരിക്കട്ടെ. ഒരു ആണവ ബോംബ്‌ പൊട്ടുമ്പോള്‍ മരിക്കുന്നത് ലക്ഷങ്ങളാണ്. ഇവരില്‍ ഒരാളെ പോലും സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആണവ ബോംബുകള്‍ കുറയ്ക്കുവാനുള്ള പരിശ്രമങ്ങളില്‍ നമുക്കും അണിചേരാം.