Raise our Conscience against the Killing of RTI Activists




Friday, December 27, 2013

മരുഭൂമിയിലെ ഉറവകൾ


ഡോ.അലക്സ്‌ നന്നേ അസ്വസ്ഥനായിരുന്നു. ഓര്‍മ്മകള്‍ അയാളുടെ ചിന്തകളെ അലട്ടിത്തുടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. ഓര്‍മ്മകള്‍ ഇത്ര അക്രമകാരികളാവുന്നതിന്‍റെ കാരണം ഇനിയും അയാള്‍ക്കു മനസ്സിലായിട്ടില്ല. തന്‍റെ ഭാര്യ ആനിയുടെ മരണവുമല്ല യഥാര്‍ത്ഥ കാരണം എന്നയാള്‍ക്ക് ഉറപ്പാണ്. ആനി മരണപ്പെട്ടപ്പോള്‍ അയാള്‍ ഒട്ടൊന്നു ആശ്വസിക്കുകയാണു ചെയ്തത്. അതിനും മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഈ ഒരരവസ്ഥയിലെത്തിയത്. ഓര്‍ത്തോപ്പെഡിക്ക് സര്‍ജനായ അയാള്‍ പകല്‍ മുഴുവന്‍ നീണ്ട ശാസ്ത്രക്രീയകള്‍ക്കു ശേഷം നന്നേ ക്ഷീണിച്ചിരുന്നു. ക്ഷീണിച്ച ശരീരവും, അതിനേക്കാള്‍ തളര്‍ന്ന മനസ്സുമായി അയാള്‍ നിദ്രയെ ക്ഷണിച്ചെങ്കിലും, രാത്രിയുടെ യാമങ്ങള്‍ തന്നെ തലോടി നടന്നകലുന്നത് അയാള്‍ അനുഭവിച്ചറിഞ്ഞു.

പിറ്റേന്നു ഞായറാഴ്ച. ആഴ്ചകള്‍ക്കു ശേഷം ഔദ്യോഗികമായി യാതൊരു തിരക്കുകളുമില്ലാതെ സ്വസ്ഥമായി ചിലവഴിക്കാന്‍ ലഭിച്ച ഒരു ദിനം. പതിനൊന്നില്‍ പഠിക്കുന്ന മകള്‍ അലീന എന്‍ട്രന്‍സ് കോച്ചിംഗ് എന്ന ലക്ഷ്യത്തോടെ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം അയാളും, വാഹനവുമായി പുറത്തേക്കിറങ്ങി. പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെയുള്ള അലസമായ ഒരു ഡ്രൈവിംഗ്. ടൌണിലെ തിരക്കുകള്‍ പിന്നിട്ടു വാഹനം കടല്‍ത്തീരത്തേയ്ക്കു സഞ്ചരിച്ചു. കാര്യമായ തിരക്കുകള്‍ ഒന്നുമില്ലാതിരുന്ന ആ കടല്‍ത്തീരത്തുകൂടി തണലന്വേഷിച്ചു അയാള്‍ നടന്നു. കച്ചവടസ്ഥാപനങ്ങളുടെ ചൂടേറിയ തണല്‍ അയാളെ ആകര്‍ഷിച്ചില്ല. പ്രകൃതിയുടെ നനുത്ത കുളിര്‍മ അയാള്‍ക്കു കടല്‍ത്തീരത്തെങ്ങും കണ്ടെത്താനായില്ല. ആലപ്പുഴ കടല്‍ത്തീരം അയാള്‍ക്കെന്നും പ്രീയപ്പെട്ടതാണ്. താന്‍ തന്‍റെ ആനിയോടു വിവാഹാഭ്യര്‍ത്ഥന നടത്തിയത് ആലപ്പുഴ ബീച്ചില്‍ നിന്നും മാറി പാറക്കെട്ടുകള്‍ക്കു താഴെയായുള്ള ആ ആളൊഴിഞ്ഞ സ്ഥലത്താണ്. അതിനാല്‍ തന്നെ ആ കടലോരം അയാള്‍ക്കു സമ്മാനിക്കുന്നത് ആനിയുടെ ഗന്ധമാണ്, അവളുമൊത്തുള്ള മണിക്കൂറുകളാണ്, അവളുടെ ശബ്ദമാണ്. അയാള്‍ ആ പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി നടന്നു. അനേകം കാല്‍പ്പാടുകള്‍ മണ്ണില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നത് അയാള്‍ കണ്ടു. അവയോരോന്നായി കടല്‍ത്തിരകള്‍ മായ്ച്ചു കളയുന്നതും. 

അലക്സ് ആ പാറക്കെട്ടുകള്‍ക്കു കീഴെ മാനം നോക്കി കിടന്നു. നീലാകാശത്തിലൂടെ ധാരാളം കിളികള്‍ പറക്കുന്നുണ്ട്. അവയില്‍ കറുത്തിരുണ്ട കാക്കയും, നന്നേ ചന്തമുള്ള ദേശാന്തര പക്ഷികളും അയാള്‍ കണ്ടു. ദൃശ്യങ്ങളുടെ ലോകത്തു നിന്നും സാവധാനം അയാള്‍ കണ്ണുകളടച്ചു. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നിലച്ചപ്പോള്‍ തലച്ചോര്‍ ഓര്‍മ്മകളില്‍ നിന്നും അയാള്‍ക്കു വേണ്ടി ദൃശ്യങ്ങള്‍ നിർമ്മിച്ചു. മനസ്സു വര്‍ഷങ്ങള്‍ പിന്നോട്ടു പോയത് നിമിഷ നേരം കൊണ്ടാണ്. "അളിയാ ആ രണ്ടാം ബെഞ്ചില്‍ ആദ്യമിരിക്കുന്ന പെണ്‍കൊച്ചു കൊള്ളാല്ലേ. ഒന്നു മുട്ടി നോക്കിയാലോ മച്ചാ", ഉറ്റസുഹൃത്തും, സഹമുറിയനുമായ പാപ്പിയാണതു പറഞ്ഞത്. "നീയിങ്ങനെ ഒലിപ്പിച്ചു നടന്നോ. എന്നെ കിട്ടില്ല ഇതിനൊന്നും", ഇതു പറയുമ്പോഴും അലക്സിന്‍റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയില്‍ തന്നെ ഉടക്കി നിന്നിരുന്നു. പുരോഗമനകവിയായ അലക്സിനെ ക്ലാസ്സിലെല്ലാവര്‍ക്കും നന്നേ മതിപ്പാണ്. അയാളുടെ കവിതകള്‍ മെഡിക്കല്‍ കോളേജു ക്യാമ്പസ്‌ മാസികയില്‍ സ്ഥിരമായി അച്ചടിച്ചു വരുമായിരുന്നു. തൊണ്ണൂറുകളുടെ ആരംഭഘട്ടമായിരുന്നതിനാല്‍, നവബുദ്ധിജീവികള്‍ക്കു ക്യാമ്പസ്സില്‍ ധാരാളം ബഹുമാനം ലഭിച്ചിരുന്നു. 

രണ്ടാം വര്‍ഷമാണു അയാള്‍ ആ പെണ്‍കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. "പേര് ആനിയെന്നാണല്ലേ.". അവള്‍ ഒന്നു ചിരിച്ചെങ്കിലും, മറുപടിയൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നകന്നു. ഒന്നു പരിചയപ്പെടണമെന്നു കരുതി ചെന്ന അയാള്‍ക്കു അതു വലിയ ക്ഷീണമായി. "ലോലാ, മോനെ ലോലാ", പുറകില്‍ നിന്ന് പാപ്പിയും, ബാക്കി നാറികളും അലറുകയാണ്. ആ അഭിമാനക്ഷതം മൂലം പിന്നെടയാള്‍ അവളോടു ചങ്ങാത്തം കൂടാനുള്ള ഒരു പരിശ്രമവും നടത്തിയില്ല. പുറകു ബെഞ്ചിലിരുന്നുള്ള വായിനോട്ടമൊഴിച്ചാല്‍, സംസാരത്തിലെല്ലാം അയാള്‍ അവളോടു കനത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നു. "അവളൊക്കെ വെറും പുസ്തകപ്പുഴു. ചുമ്മാ ഇങ്ങനിരുന്നു പഠിക്കാന്‍ ആര്‍ക്കും പറ്റും. കല വേണം മോനെ കല. അല്ലാതെ ചുമ്മാ ടോപ്പേര്‍ ആണെന്നും പറഞ്ഞു നടക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല", അവളെ പറ്റിയുള്ള സംസാരങ്ങളിലെല്ലാം അയാള്‍ പറഞ്ഞു. എന്നിരിക്കിലും വര്‍ഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കു ക്ലാസ്സിലെല്ലാവരും, അലക്സുള്‍പ്പെടെ, അവളുടെ നോട്ട് ബുക്കുകളാണു റഫറന്‍സായി ഉപയോഗിച്ചിരുന്നത്. 

"കവിതകള്‍ കൊള്ളാം കേട്ടോ. ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്", മൂന്നാം വര്‍ഷമാണു, കൃത്യമായി പറഞ്ഞാല്‍ ഓണാഘോഷ പരിപാടികളുടെ സമാപന സമയത്താണ് അവളിതു അലക്സിനോടു പറയുന്നത്. "ആ ശരി", അയാള്‍ വിരസമായൊരു മറുപടിയാണു അതിനു കൊടുത്തതെങ്കിലും, അയാളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ പടുകൂറ്റന്‍ കോട്ടകള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. പിന്നീട്, എഴുതുന്ന കവിതകളെല്ലാം ആനിയ്ക്കു ആദ്യമേ നല്‍കി അഭിപ്രായം ആരാഞ്ഞിരുന്നു അയാള്‍. അവള്‍ താല്പ്പര്യപൂര്‍വ്വം കവിതകള്‍ വായിച്ചു. ചിലതിനെങ്കിലും തിരുത്തലുകള്‍ പറഞ്ഞു. അവളോടുള്ള അയാളുടെ ഇഷ്ടം വളര്‍ന്നു വന്നു.

നാലാംവര്‍ഷത്തെ ഒരു സായാഹ്നത്തിലാണു, അയാള്‍ വിലയിരുത്താന്‍ നല്‍കിയ കവിതയുടെ കൂടെ തിരികെ മറ്റൊരു കടലാസും കൂടി കൈമാറി അവള്‍ പറഞ്ഞത്, "അലക്സ്‌ ഇത് വായിച്ചു ഒരഭിപ്രായം പറയണം". അയാള്‍ ഹോസ്റ്റലില്‍ എത്തി ആരും കാണാതെ ആ കത്തു തുറന്നു. അതിലാകെ കുറച്ചു വരികളെ ഉണ്ടായിരുന്നുള്ളൂ. "പ്രീയ അലക്സ്‌, കവിതകള്‍ പോലെ അലക്സിനെയും എനിക്കിഷ്ടമാണ്. മറ്റൊരാളുടെ മുന്നില്‍ താലിക്കായി തല കുനിക്കുന്നതിനു മുന്‍പ്, എനിക്കിഷ്ടമുള്ള നിങ്ങളോടു അഭിപ്രായം ചോദിക്കണമെന്നു തോന്നി. ചോദിച്ചില്ലല്ലോ എന്നോര്‍ത്തു പിന്നീടു ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടല്ലോ. സ്നേഹത്തോടെ ആനി". അലക്സിനു താൻ വളരെ ചെറുതായതു പോലെ അനുഭവപ്പെട്ടു. അയാളുടെ അനുഭവത്തില്‍ ആദ്യമായാണ്‌, ഒരു പെണ്‍കുട്ടി പ്രണയം ആദ്യം വെളിപ്പെടുത്തുന്നത്. ഇത്രയും കഴിവുള്ള കുട്ടി തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയതു തന്‍റെ ഭാഗ്യമായി തന്നെ അയാള്‍ കണക്കുകൂട്ടി. പിന്നീടു ക്ലാസ്സുകളില്‍ വച്ചു അവരുടെ കണ്ണുകള്‍ പലപ്പോഴും സന്ധിച്ചു, സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ചുറ്റുമുള്ളവരാരും ഇതൊന്നും അറിഞ്ഞില്ല. 

"നമുക്കു വരുന്ന ശനിയാഴ്ച ആലപ്പുഴ ബീച്ചില്‍ പോവാം", അലക്സാണിതു ആനിയോടു പറഞ്ഞത്. അയാള്‍, കടലിനെ സാക്ഷിയാക്കി അവളോടു അന്നു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിരുന്നു. പല ഹോളിവുഡ് ചലച്ചിത്രങ്ങളുടെയും കാസ്സെറ്റുകള്‍ കണ്ടു അതിനായി വിപുലമായ രീതിയിലുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അയാളെ നിരാശനാക്കി ബീച്ചില്‍ അന്നു തിരക്കു പതിവിലും കൂടുതലായിരുന്നു. കടല്‍ത്തീരത്തു നിന്ന് പരിഭ്രമിക്കുന്ന അലക്സിനോടു ആനിയാണതു പറഞ്ഞത്, "ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ പാറക്കെട്ടുള്ള ഒരു സ്ഥലമുണ്ട്. അവിടെ തീരെ ആളുണ്ടാവില്ല. ഞാന്‍ വല്ലപ്പോഴും കവിതയെഴുതാന്‍ അവിടെ പോവാറുണ്ട്. വളരെ ശാന്തമായൊരിടം". "താനും കവിതയെഴുതുമോ?", അയാള്‍ ആശ്ചര്യത്തോടു കൂടിയാണതു ചോദിച്ചത്. അവള്‍ അതിനൊന്നു ചിരിച്ചു. നുണക്കുഴികള്‍ നിറഞ്ഞ അവളുടെ ചിരിയാണ് അയാളെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. പാറക്കെട്ടിനു കീഴെ എത്തിയ അയാള്‍ മണ്ണില്‍ മുട്ടുകുത്തി, മോതിരമെടുത്തു അവളോടു ചോദിച്ചു, "വില്‍ യൂ മാരി മീ?". ആനിയുടെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. അവള്‍ അവനെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. അവര്‍ ഇരുവരും പൊട്ടിച്ചിരിച്ചു, "അലക്സിനൊരു സംഭവം അറിയുവോ, ഇവിടെ വച്ചു പ്രണയം കൈമാറുന്നവര്‍ പിന്നീടൊരിക്കലും പിരിയില്ല. മരിച്ചാലും ആത്മാക്കളായി തങ്ങളുടെ പ്രീയപ്പെട്ടവരെ കാണാന്‍ അവര്‍ വരുമത്രേ", ആനി പറഞ്ഞു. "കുന്തം. താനിതൊക്കെ വിശ്വസിച്ചു നടന്നോ", അലക്സിനതൊരു കുട്ടിക്കളിയായാണു തോന്നിയത്. "ഞാന്‍ വിശ്വസിക്കുന്നോന്നുവില്ല. എന്നാലും അങ്ങനെ ആയിരുന്നെങ്കിലെന്നു ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു", അവള്‍ പറഞ്ഞു. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു കടല്‍ക്കരയിലൂടെ നടന്നു. അസ്തമയ സൂര്യനു അപ്പോള്‍ പതിവില്ലാത്ത ചുവപ്പു നിറം. അവരെ തഴുകി കടല്‍ക്കാറ്റു കടന്നു പോയി.

കടല്‍ക്കരയില്‍ കാറ്റെറ്റു കിടന്ന അയാളില്‍ ഓര്‍മ്മകള്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയപ്പോഴാനു ഫോണ്‍ ശബ്ദിച്ചത്. "ഡോക്ടര്‍ അത്യാവശ്യമായി ഒന്നു ആശുപത്രി വരെ എത്തണം. ഒരു എമര്‍ജന്‍സി സര്‍ജറി ഉണ്ട്." വീണ്ടും ചെല്ലുവാനാഗ്രഹിച്ച പോയ കാലത്തെ കൈ വിട്ടു അയാള്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു, കൂടെ അയാളുടെ ഓര്‍മ്മകളും.

ആഴ്ചകള്‍ കടന്നു പോയെങ്കിലും അയാളുടെ മാനസീക സംഘര്‍ഷത്തിനു ഒരു കുറവും ഉണ്ടായില്ല. ഇതു ശരീരത്തെയും ബാധിച്ചു തുടങ്ങിയപ്പോള്‍, അലീനയാണു ഒരു മനശാസ്ത്രജ്ഞനെ കാണാന്‍ അയാളെ നിര്‍ബന്ധിച്ചത്. മഡോണ മാനസീക ആശുപത്രിയിലെ ഡോ. സുരേഷ് ഡിഗ്രീ ക്ലാസ്സിലെ അയാളുടെ സഹപാഠിയാണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു അറിയിപ്പുമില്ലാതെ തന്‍റെ ആശുപത്രി മുറിയിലേക്കു കയറി വന്ന അലക്സിനെ കണ്ടു ആദ്യം സുരേഷ് ഒന്നമ്പരന്നു. അതു സന്തോഷത്തിലേക്കു തെന്നിമാറാന്‍ അല്‍പ്പ സമയം പോലും വേണ്ടി വന്നില്ല. "ആശാനെ, എത്ര വര്‍ഷമായെടാ കണ്ടിട്ടു. എന്തുണ്ട് വിശേഷങ്ങള്‍?", സുരേഷ് ചോദിച്ചു. "സുഖമായിരിക്കുന്നെടാ. നീ ഇവിടെയാണെന്നു കുറെ തപ്പിയിട്ടാണു അറിഞ്ഞത്. നമ്മുടെ ബാച്ചില്‍ സൈക്യാട്രി ആകെ നീ മാത്രമല്ലേ എടുത്തിരുന്നുള്ളൂ", അലക്സ്‌ പറഞ്ഞു. രണ്ടു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം സുരേഷ് ചോദിച്ചു, "എന്താടാ ഇപ്പൊ അത്യാവശ്യമായി വരാന്‍? എന്തു പറ്റി?". "കുറച്ചു നാളുകളായി മനസ്സിലൊരു വിഷമം തുടങ്ങിയിട്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. മനസ്സിനൊരു സന്തോഷമില്ല", അലക്സ്‌ വിഷാദ ഭാവത്തില്‍ അറിയിച്ചു. "ഇതു ഈ അടച്ചു മൂടിയ മുറിയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. നമുക്കു വരുന്ന ഞായറാഴ്ച ഒരു യാത്ര പോവാം. ഞാനും, നീയും, നിന്‍റെ ഓര്‍മ്മകളും കൂടി. നമുക്കു ആതിരപ്പിള്ളിയില്‍ പോവാം. ഒരുമിച്ചു യാത്ര പോയിട്ടു വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു", സുരേഷിന്‍റെ ഈ ആശയത്തോടു അലക്സും യോജിച്ചു.

ഞായറാഴ്ച പ്രഭാതഭക്ഷണത്തിനു ശേഷം ഇരുവരും യാത്ര തിരിച്ചു. ലക്ഷ്യത്തെക്കാള്‍, യാത്ര പ്രധാനമായതുകൊണ്ടു സാവധാനമാണു സുരേഷ് വണ്ടിയോടിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് പറഞ്ഞു. "നിന്‍റെയും ആനിയുടെയും കല്യാണം കഴിഞ്ഞ വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. കല്യാണത്തിനു ശേഷമുള്ള നിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം പറയണം. അതിലുണ്ടാവും നീ തേടുന്ന ഉത്തരവും". കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം അലക്സ്‌ തുടങ്ങി, "ഞങ്ങളുടെ കല്യാണം കഴിയുന്നതിനു മുന്‍പുള്ള സംഭാവങ്ങളെല്ലാം നിനക്കറിയാമല്ലോ. കല്യാണത്തിനു ശേഷവും ഞങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നു, സ്വര്‍ഗീയമായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഞങ്ങള്‍ തമ്മില്‍ വഴക്കു തന്നെ വളരെ വിരളമായിരുന്നു. ഞാന്‍ വഴക്കു പിടിച്ചാല്‍ തന്നെ അവള്‍ വന്നു ഒരു ചുംബനത്തില്‍ എല്ലാം ലയിപ്പിച്ചു കളയും. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ക്കു അലീന ഉണ്ടാകുന്നത്. കുഞ്ഞിനു വേണ്ടി അവള്‍ രണ്ടു വര്‍ഷത്തോളം അവധിയെടുത്തു വീട്ടിലിരുന്നു. അതിനാല്‍ തന്നെ എനിക്ക് അലീനയ്ക്കു വേണ്ടി വളരെ കുറച്ചേ ബുദ്ധിമുട്ടേണ്ടി വന്നുള്ളൂ. വിവാഹത്തിനു ശേഷമുള്ള പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ തികച്ചും സന്തോഷകരമായി കടന്നു പോയി. ആ നിമിഷങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നവയാണ്". "അപ്പോള്‍ ആ കാലഘട്ടം വിട്ടേക്കാം. മനസ്സ് ഒരു വിചിത്രമായ പ്രതിഭാസമാണ്. അതിനെ എന്തെങ്കിലും അലട്ടിയാല്‍, അതു കണ്ടെത്തുകയോ, അതിനു തക്ക പരിഹാരം ചെയ്തു എന്ന് ബോധ്യമാകുന്നതു വരെയോ അത് പ്രശ്നകാരിയാവും, ഒരു പക്ഷെ രോഗബാധിതമായ ഒരു അവയവത്തെക്കാള്‍ കൂടുതല്‍ പ്രശ്നകാരി. ശരി നീ ബാക്കി പറ", സുരേഷ് പറഞ്ഞു.

വണ്ടി എറണാകുളം എത്തിയിരുന്നു. മുന്നോട്ടു തിക്കിത്തിരക്കാന്‍ കൊതിക്കുന്ന അനവധി വാഹനങ്ങള്‍ അവരുടെ വാഹനത്തിന്‍റെ പിന്നില്‍ അണിനിരന്നിരുന്നു. ആശകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ റോഡിലൂടെ  ഇഴഞ്ഞിഴഞ്ഞു നീങ്ങി. "ഉദ്ദേശം മൂന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അവള്‍ക്കു അസുഖം സ്ഥിരീകരിച്ചത്", അലക്സ്‌ പറഞ്ഞു. "ഏതസുഖം?", സുരേഷ് സംശയഭാവത്തില്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. "ക്യാന്‍സര്‍, കൃത്യമായി പറഞ്ഞാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍. കണ്ടെത്തുമ്പോള്‍ ലിംഫ് നാഡികളിലേയ്ക്കും അസുഖം പടര്‍ന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്നാം സ്റ്റേജ്", അലക്സ്‌ ദീര്‍ഘനിശ്വാസം വിട്ടു. അവിശ്വസനീയ ഭാവത്തില്‍ സുരേഷ് അയാളുടെ മുഖത്തേയ്ക്കു നോക്കി. "പിന്നീടുള്ള കുറച്ചു നാളുകള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. റേഡിയേഷനും, കീമോതെറാപ്പിയും ക്യാന്‍സര്‍ കോശങ്ങളോടൊപ്പം അവളുടെ ജീവിതത്തെയും കരിച്ചു തുടങ്ങിയിരുന്നു. ചികല്‍സയുടെ ഭാഗമായി അവളുടെ വലതു വശത്തെ ബ്രസ്റ്റ് നീക്കം ചെയ്തു, വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, അവളാകെ വിളറി വെളുത്തു. അവളെ വിധിയുടെ മോഹങ്ങള്‍ക്കു വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്‍റെ സാന്നിധ്യം അവള്‍ക്കു നല്ല മനോബലം നല്‍കി. അഞ്ചെട്ടു മാസങ്ങള്‍ക്കൊണ്ടു ഞങ്ങള്‍ ചികത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ടു തന്നെ അവള്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. അവള്‍ ആശുപത്രിയിലും പോയി തുടങ്ങി."

"എന്നിട്ടോ?", സുരേഷ് ചോദിച്ചു. "പിന്നീടുള്ള ഞങ്ങളുടെ നാളുകളില്‍ സന്തോഷം നന്നേ കുറഞ്ഞിരുന്നു. അവളുടെ അസുഖമാവാം എന്‍റെ സന്തോഷം നശിപ്പിച്ചിരുന്നത്. ഞാന്‍ അവയൊന്നും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കണ്ടെത്തുന്നതിനു മുന്‍പു തന്നെ ക്യാന്‍സര്‍ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ പടര്‍ന്നിരുന്നു. ഉദ്ദേശം ഒന്നൊന്നര വര്‍ഷങ്ങള്‍ക്കു ശേഷം അസുഖം വീണ്ടും കരളിനെ ബാധിച്ചു. ഇപ്രാവശ്യം ഡോക്ടര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അവളുടെ അന്ത്യ നിമിഷങ്ങളില്‍ ഞാനും കൂടെയുണ്ടായിരുന്നു", അയാള്‍ കണ്ണുകള്‍ തുടച്ചു. 

ചാലക്കുടിയിലൂടെ ശ്രദ്ധാപൂര്‍വ്വം സുരേഷ് വണ്ടിയോടിച്ചു. "അസുഖം ആദ്യം വന്ന സമയത്തുണ്ടായിരുന്ന മനോധൈര്യം പിന്നീടു, അതായതു അസുഖം മാറിയ സമയത്തു അവള്‍ക്കുണ്ടായിരുന്നില്ല, അല്ലെ?", സുരേഷ് ചോദിച്ചു. അയാള്‍ ശരിയെന്ന മട്ടില്‍ തലയാട്ടി. അല്പം ആലോചിച്ച ശേഷം സുരേഷ് പറഞ്ഞു, "അവളെ ആദ്യം സധൈര്യം അസുഖത്തെ നേരിടാന്‍ പ്രേരിപ്പിച്ചത് നിന്‍റെ അകമഴിഞ്ഞ സഹകരണമാണ്. അസുഖം മാറിയ ശേഷം നിന്‍റെ മനോഭാവത്തിനു മാറ്റം വരുത്തുന്ന രീതിയില്‍ എന്തുണ്ടായി?", സുരേഷ് വീണ്ടും ചോദ്യങ്ങള്‍ എറിഞ്ഞു. "എന്‍റെ മനോഭാവത്തിനു അങ്ങനെ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല", അലക്സ്‌ നിഷേധാര്‍ത്ഥത്തില്‍ കയ്യൊഴിയുവാന്‍ ശ്രമിച്ചു. "നിയങ്ങനെ ഒഴിഞ്ഞു മാറല്ലേ. ഞാനൊരു പോലിസൊന്നുമല്ല. നിന്‍റെ ബോധമനസ്സു തന്നെയാണ്, ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കൂടി ഉപബോധ മനസ്സിന്‍റെ ചോദ്യങ്ങളോടു സഹകരിക്കാത്തത്. ഞാനൊന്നു ചോദിച്ചോട്ടെ. ആ കാലഘട്ടത്തില്‍ ഓഫീസിലെ മറ്റാരെങ്കിലുമായി തനിക്കു പ്രണയം, അല്ലെങ്കില്‍ ഇഷ്ടം തോന്നിയിരുന്നോ?"

"ഉവ്വ്‌, പക്ഷെ അതൊരിക്കലും പ്രണയമൊന്നുമല്ലായിരുന്നു. ഒരു ആകര്‍ഷണം. ജനറല്‍ മെഡിസിനിലെ ലീനയോടു. ആളൊരു ഡൈവോഴ്സിയാണ്", അലക്സ്‌ പങ്കുവച്ചു, ഒപ്പം സുരേഷ് എങ്ങനെ ഇതൊക്കെ മനസ്സിലാക്കുന്നു എന്നതില്‍ അയാള്‍ ആശ്ചര്യപ്പെട്ടു. "ഈ ലീന ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ടു എത്ര വര്‍ഷമായി?", സുരേഷ് ചോദിച്ചു. "അഞ്ചെട്ടു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. പക്ഷെ അന്നൊന്നും അങ്ങനെ താല്‍പ്പര്യമൊന്നുമുണ്ടായില്ല", അലക്സ്‌ മറുപടി പറഞ്ഞു. "അതിലുണ്ട് താന്‍ തേടുന്ന ഉത്തരം. ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ. താന്‍ പോസിറ്റീവ് ആയി എടുക്കണം", അലക്സ്‌ ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ബ്രസ്റ്റ് നീക്കം ചെയ്ത സ്ത്രീയെ ഒരു സ്ത്രീയായി കാണുവാന്‍ തന്‍റെ മനസ്സ് ഒരുക്കമായിരുന്നില്ല അല്ലെ?", സുരേഷിന്‍റെ ചോദ്യം അലക്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അയാള്‍ ഉത്തരത്തിനായി പതറി. "നീ അതിനു ശേഷം അവളെ ഒരു ഭാര്യ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്നു ഞാന്‍ പറയും. നിന്‍റെ സ്നേഹം വെറും ബാഹ്യമായ സ്നേഹ പ്രകടനങ്ങളില്‍ ഒതുങ്ങി. ബ്രസ്റ്റ് നീക്കം ചെയ്ത ഒരു സ്ത്രീ സ്വതവേ തന്നെ അല്‍പം തകര്‍ന്നിട്ടുണ്ടാവും, ക്യാന്‍സര്‍ പോലൊരു മാരക രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കില്‍ കൂടി. ഒരു ഭര്‍ത്താവെന്ന നിലയില്‍ നിന്‍റെ സ്നേഹം അവള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന സമയമാവും അത്. ഇതിനെല്ലാം കൂടെയാവും, നിന്‍റെ പുതിയ ഇഷ്ടത്തെ പറ്റി അവള്‍ അറിഞ്ഞിട്ടുണ്ടാവുക. അസുഖം റെക്കര്‍ ചെയ്യാന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല.", അലക്സ്‌ റോഡിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. സുരേഷിന്‍റെ ഓരോ വാക്കുകളും അയാള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാന്‍ കഴിയുന്നില്ല. ദീര്‍ഘ നേരത്തേയ്ക്കു വളവും, തിരിവുമില്ലാതെ വിശാലമായ വഴി അയാള്‍ക്കു മുന്നില്‍ തെളിഞ്ഞു. 

കുറച്ചു സമയത്തിനു ശേഷം സുരേഷ് തുടര്‍ന്നു, "നീ ആ കാലയളവില്‍ അവളെ പറ്റി അല്‍പം പോലും ആലോചിച്ചില്ല എന്നു ഞാന്‍ പറയും. അവളുടെ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ നിനക്കു വേണ്ടി മാത്രമുള്ളതായിരുന്നു. നിന്‍റെ ഭക്ഷണം, കുഞ്ഞ്, സമ്പാദ്യം തുടങ്ങി നീയുമായി ബന്ധപ്പെട്ട എല്ലാത്തിലും നിന്നെക്കാള്‍ അദ്ധ്വാനിച്ചിരിക്കുക അവളാകും. അവളുടെ സൌന്ദര്യം മങ്ങിയെങ്കില്‍ അതു നിനക്കു വേണ്ടിയായിരുന്നു. അവളുടെ ഓരോ നരയും, ചുളിവും നിന്നോടുള്ള സ്നേഹമായിരുന്നു", അലക്സ്‌ സുരേഷിന്‍റെ കരങ്ങളില്‍ പിടിച്ചു. കൂടുതലൊന്നും കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. അലക്സില്‍ നിന്നു ഒന്നു രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഇറ്റു വീണു. "ഇതിലെ രസകരമായൊരു സംഭവം എന്താണെന്നു വച്ചാല്‍ നിനക്കു തന്നെ അറിയാമായിരുന്നു നിന്‍റെ പ്രശ്നം. പക്ഷെ ബോധമനസ്സിനെ അവ അംഗീകരിപ്പിക്കുവാന്‍ ഒരു മനശാസ്ത്രജ്ഞന്‍റെ സഹായം ആവശ്യമായിരുന്നു", സുരേഷ് അറിയിച്ചു.

വണ്ടി ആതിരപ്പിള്ളി വനമേഘലയില്‍ പ്രവേശിച്ചു. ഉച്ചസൂര്യന്‍റെ കനത്ത ചൂടില്‍ നിന്നും ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ അവരെ സംരക്ഷിച്ചു. ആ യാത്ര അയാള്‍ക്കു തിരിച്ചറിവിന്‍റെതായിരുന്നു. ചുറ്റുപാടും പ്രകാശം കുറയുമ്പോള്‍, അയാളില്‍ തിരിച്ചറിവിന്‍റെ വെളിച്ചം വീണു കൊണ്ടിരുന്നു. മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നില്‍ക്കുന്ന സൂര്യനെ അയാള്‍ കണ്ടു. 

പിറ്റെ ആഴ്ച അയാള്‍ കടല്‍ത്തീരത്തു പോവുമ്പോള്‍ അലീനയെക്കൂടി കൂട്ടി. അവര്‍ ഒരുമിച്ച് ആ പാറക്കൂട്ടത്തില്‍ പോയി. "ഇവിടെയുണ്ട് മമ്മി ഇപ്പോള്‍", അയാളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. അലീനയ്ക്കായി, അവര്‍ തമ്മില്‍ കണ്ടു മുട്ടിയതു മുതലുള്ള കഥകള്‍ അയാള്‍ പങ്കുവെച്ചു, സങ്കടം നിറഞ്ഞിരുന്ന അവളുടെ മുഖം സാവധാനം സന്തോഷം കൊണ്ടു വിടര്‍ന്നു. പണ്ടു ചെയ്തിരുന്ന പോലെ അയാള്‍ തന്‍റെയും ആനിയുടെയും പേരുകള്‍ തീരത്തെ മണല്‍ത്തരികളില്‍ കുറിച്ചു. കുറച്ചു നേരം മടിച്ചു നിന്ന തിരകള്‍ അധികം താമസിയാതെ തന്നെ അവയെയും മായിച്ചു കളഞ്ഞു. സന്ധ്യയായിട്ടും അവിടം വിട്ടു പോകാന്‍ അയാള്‍ക്കു തോന്നിയില്ല. ഒടുവില്‍ അവിടം വിട്ടു പോകുമ്പോള്‍ അയാള്‍ മകളെ ചേര്‍ത്തു പിടിച്ചിരുന്നു. ശേഷിച്ച സ്നേഹമെല്ലാം കൈമാറാന്‍ എന്നവണ്ണം. പോകുംവഴി അയാള്‍ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കി. ആ നോട്ടത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അംശം അടങ്ങിയിരുന്നു. 

മാസങ്ങള്‍ക്കു ശേഷം ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതിയൊരു ക്യാന്‍സര്‍ കെട്ടിടം തുറന്നു, ആനി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്‍റെര്‍. ആനിയുടെ ചിരിക്കുന്ന ഒരു ചിത്രവും ഭിത്തിയില്‍ തൂക്കിയിരുന്നു. നുണക്കുഴികളുമൊക്കെയായി അലക്സ്‌ ഏറ്റവും കൂടുതല്‍ കാണുവാനാഗ്രഹിക്കുന്ന അവളുടെ മുഖമായിരുന്നു അത്. അതിനു ചുറ്റും അയാള്‍ പൂമാല തൂക്കിയിരുന്നില്ല. കെട്ടിടത്തില്‍ ഒരിടത്തു പോലും തന്‍റെ പേരു വരാതിരിക്കാന്‍ അയാള്‍ നന്നേ ശ്രദ്ധിച്ചു. അവിടെ നിന്നും അസുഖം ഭേദമായി ഇറങ്ങുന്ന ഓരോ വ്യക്തിയും ആ ചിത്രം നോക്കി പുഞ്ചിരിച്ചു, ആനി അവരെ നോക്കി തിരിച്ചും. അലക്സിനെ കാലം ആശുപത്രിയില്‍ നിന്നും മായ്ച്ചെങ്കിലും, ആനി അവിടെ തന്നെ നിലകൊണ്ടു. ഭാവിയിലെ അനേകം തലമുറകള്‍ക്കു പ്രതീക്ഷ നല്‍കുന്ന ചെറുപുഞ്ചിരിയുമായി.  

Saturday, November 23, 2013

ഗാനഭൂഷണം അമ്പാസ്സിഡർ


രാജ്യത്തെ തന്ത്രപ്രധാനമായൊരു ഗവേഷണ കേന്ദ്രം. ഇതു സ്ഥിതി ചെയ്യുന്നതു അങ്ങ് ആന്ധ്രാ പ്രദേശിലാണ്. കയ്യില്‍ തോക്കും, അരയില്‍ ഉണ്ടകളുമായി അനേകം ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ കേന്ദ്രം പുറമേ നിന്നും നോക്കുന്ന ഏതൊരുവനും ഒരു സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും. സ്ഥാപനത്തിന്‍റെ ബസ്സില്‍ നൂറു കണക്കിനു "ശാസ്ത്രജ്ഞന്മാര്‍" പതിവായി രാവിലെ ഒന്‍പതിനു അകത്തേക്കു പോവുകയും, എണ്ണം അല്‍പ്പം പോലും കുറയാതെ വൈകുന്നേരം അഞ്ചാകുമ്പോള്‍ പുറത്തേക്കു വരികയും ചെയ്യുന്നു. അതീവ തന്ത്രപ്രധാനമായതുകൊണ്ടാണെന്നു തോന്നുന്നു കരയില്‍ നിന്നും വളരെ മാറി ഒരു ദ്വീപിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഏതു വഴിയിലൂടെയും ശത്രുക്കള്‍ വരാമെന്നുള്ളതുകൊണ്ടു ഭടന്മാര്‍ സദാ ജാഗരൂകരായി വെള്ളത്തിലേക്കും നോക്കി സമയം കളയുന്നു.

സംഭവം പുറമേ ഇങ്ങനെയൊക്കെയാണെങ്കിലും അകത്തു കയറിക്കഴിഞ്ഞാല്‍, മനുഷ്യനെ ലവലേശം പേടിയില്ലാതെ, സദാ സമയം ചാണകമിടുന്ന കുറെ പശുക്കളെയും, ആളനക്കം അല്‍പ്പം പോലുമില്ലാത്ത കുറ്റിക്കാടുകളും മാത്രമാണു കാണാന്‍ കഴിയുക. രാവിലെ വന്‍ പത്രാസു കാണിച്ചു അകത്തേയ്ക്ക് കയറിപ്പോയ പല ശാസ്ത്രജ്ഞന്മാരും, വണ്ടിക്കു വേണ്ടി അകത്തൂടെ അങ്ങോടും ഇങ്ങോടും ഓടുന്നതു കാണാം. സ്വകാര്യ വാഹനങ്ങള്‍ അകത്തു അനുവദനീയമല്ല. എന്നാല്‍ എല്ലാവരെയും എപ്പോഴും കൊണ്ടുപോകാനുള്ളത്ര വണ്ടികള്‍ കേന്ദ്രത്തിനില്ല താനും. അതു കൊണ്ടു സമീപത്തുള്ള പട്ടണത്തില്‍ നിന്നും വാടകയ്ക്ക് വിളിക്കുന്ന ടാക്സികളാണു പല തല മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെയും ഏക ആശ്രയം. ഒരു ഓട്ടോയില്‍ മിനിമം ഒരു പതിനഞ്ചു പേരെങ്കിലും പോകുന്ന തരത്തിലുള്ള പട്ടണത്തില്‍ നിന്നാണു ഈ ടാക്സികള്‍ വരുന്നതെന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.

വര്‍ഷങ്ങളായി കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു ടാക്സിക്കാരനാണു ഗാനഭൂഷണം. ഏതു വര്‍ഷം നിര്‍മ്മിച്ചതാണെന്നറിയില്ലെങ്കിലും വളരെ സവിശേഷതകളുള്ള ഒരു അമ്പാസ്സിഡറാണു അദ്ദേഹത്തിനുള്ളത്. ഏതു സമയത്തും, എത്ര വലിയ തസ്കര സംഘത്തിന്‍റെ മൂക്കിന്‍ തുമ്പത്തു വണ്ടിയിട്ടു ലോക്കു ചെയ്യാതെ പോയാലും അവര്‍ക്കാര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്തത്ര സുരക്ഷാസംവിധാനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വണ്ടിയൊന്നു സ്റ്റാര്‍ട്ട്‌ ചെയ്തിട്ടു വേണ്ടേ ആര്‍ക്കെങ്കിലും മോഷ്ടിക്കാന്‍. പഴയ ചില മലയാളം പടങ്ങളില്‍ ബോംബിനെ നിര്‍വീര്യമാക്കാനുള്ള അനേകം വയറുകളില്‍ നിന്നു കൃത്യമായി നായകന്‍ രണ്ടെണ്ണമെടുത്തു കൂട്ടി പിരിക്കുന്നതു പോലെ, കാറിനുള്ളില്‍ തൂങ്ങി കിടക്കുന്ന അനേകം വയറുകളില്‍ ഏതോ രണ്ടെണ്ണം കൂട്ടി പിരിച്ചു ഒരു രണ്ടു മിനിറ്റു ഇരിക്കണം. എഞ്ചിനില്‍ നിന്നും ഒരു പ്രത്യേക ശബ്ദം ആ സമയത്തു കേള്‍ക്കാം. ശബ്ദം ഒരു പ്രത്യേക അവസ്ഥയില്‍ എത്തുമ്പോള്‍ കറക്ടായി കീ കൊടുക്കുക. ഈ ടൈമിംഗ് അല്‍പ്പം പോലും മാറാന്‍ പാടില്ല. മാറിയാല്‍ ഈ പ്രക്രിയ ആദ്യം മുതല്‍ ഒന്നു കൂടി തുടങ്ങേണ്ടി വരും. കൃത്യമായി കീ കൊടുക്കാന്‍ കഴിഞ്ഞാല്‍, വണ്ടി ആകെ പാടെ ഒന്നു വിറച്ചു സ്റ്റാര്‍ട്ട്‌ ആവും. അകമേ ഇരിക്കുന്നവര്‍ ശ്രവിക്കുന്ന ശബ്ദത്തിനു അല്‍പ്പം വ്യത്യാസം ഉണ്ടെങ്കിലും, പുറമേ നില്‍ക്കുന്നവര്‍ക്കു ട്രാക്ടര്‍ പോകുമ്പോലെയുള്ള ആ ശബ്ദം കൃത്യമായി തിരിച്ചറിയാനാവും. ആമേന്‍ സിനിമയിലെ കപ്യാര്‍ ഓടിക്കുന്ന സ്കൂട്ടര്‍ പോലെ റോക്കറ്റിലൊഴിക്കുന്ന എണ്ണയാണോ ഗാനഭൂഷണം വണ്ടിയില്‍ ഒഴിക്കുന്നതെന്നു അതിന്‍റെ പുക കണ്ടിട്ടുള്ള പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്.

അതീവ തന്ത്രപ്രധാനമായ ഗവേഷണ കേന്ദ്രമായതു കൊണ്ടു തന്നെ ആര്‍ക്കു അകത്തു പ്രവേശിക്കണമെങ്കിലും ശക്തമായ പരിശോധനകള്‍ ഉണ്ട്. ടാക്സിക്കാര്‍ക്കു കണ്ണു പരിശോധന, ലൈസെന്‍സ് പരിശോധന തുടങ്ങി അനേകം കടമ്പകള്‍ കടക്കണം അകത്തൊന്നു കയറി പറ്റണമെങ്കില്‍. ഇതൊക്കെ കഴിഞ്ഞു വര്‍ഷങ്ങളായി അകത്തു വണ്ടിയോടിക്കുന്ന ഗാനഭൂഷണത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുള്ളിക്കു രാത്രിയില്‍ കണ്ണു വളരെ കുറച്ചേ കാണൂ. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും കേന്ദ്രത്തിലെ മെഡിക്കല്‍ സംഘത്തിനു ഈയൊരു പ്രതിഭാസം ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയിപ്പോ പുള്ളിയായിട്ടു അങ്ങോടു പോയി പറഞ്ഞാല്‍ പോലും അവരതു സമ്മതിക്കുമെന്നും തോന്നുന്നില്ല. കാഴ്ചയുടെ ഈ പ്രശ്നം ശാസ്ത്രഗണത്തിനെല്ലാം അറിയാവുന്നതു കൊണ്ടു കാഴ്ചശക്തി വളരെ കൂടിയ ആരെങ്കിലും നിര്‍ബന്ധമായും രാത്രിയില്‍ ഗാനഭൂഷനത്തിന്‍റെ ഒപ്പം മുന്‍ സീറ്റില്‍ ഇരിക്കും. ഇങ്ങനെ ആളുകള്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ രാത്രിയില്‍ റോഡില്‍ നില്‍ക്കുന്ന പശുക്കൾ ബീഫായി മാറുന്ന ആ പ്രത്യേക പ്രതിഭാസത്തിനു ചെറിയൊരു അളവില്‍ അയവു വന്നിട്ടുണ്ട്. എഴുന്നേറ്റു നിന്നു ആക്സിലറേറ്റര്‍ ചവിട്ടിയാല്‍ പോലും നാല്‍പ്പതിനപ്പുറത്തെയ്ക്കു പോവാത്ത ആ വണ്ടി, ആളെയും നിറച്ചു കല്യാണ പെണ്ണിനെ പോലെ നാണിച്ചു, കുണുങ്ങി കുണുങ്ങി റോഡിലൂടെ പോവുന്നത് നല്ല ഒരു കാഴ്ചയാണ്.

ഇനി കഥയുടെ പ്രധാന ഭാഗത്തേയ്ക്ക്. ജോലിയില്‍ വളരെയധികം മുഴുകിയിരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സീനിയര്‍ ശാസ്ത്രജ്ഞനു പെട്ടെന്നാണു, താന്‍ നാട്ടിലേക്കു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കെറ്റു ബുക്കു ചെയ്തിരിക്കുന്നത് അന്നാണു എന്നൊരു ബോധോദയം വന്നത്. അയാള്‍ വാച്ചിലെയ്ക്കു നോക്കി. ട്രെയിന്‍ വരാന്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളു. പുറമേയ്ക്കു നോക്കിയപ്പോള്‍ ആകെയുള്ളതു ഗാനഭൂഷണത്തിന്‍റെ വണ്ടിയും. അതില്‍ കയറി ഹോസ്റ്റലില്‍ നിന്നു ബാഗുമെടുത്ത് അയാള്‍ സ്റ്റേഷനിലേയ്ക്കു പുറപ്പെട്ടു. കേന്ദ്രം കായലിനുള്ളിലെ ഒരു ദ്വീപിലാണെന്നു ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. പുറത്തേയ്ക്കുള്ള ഗേറ്റില്‍ ഭടന്മാരുടെ വക കര്‍ശന പരിശോധന. ഇതൊക്കെ കണ്ടാല്‍ വന്‍ സുരക്ഷയാണെന്നു വിചാരിക്കുമെങ്കിലും ഐഡി കാര്‍ഡിനു പകരം എ.റ്റി.എം കാര്‍ഡു കാണിച്ചു വരെ ശാസ്ത്രജ്ഞന്മാര്‍ കേന്ദ്രത്തിനുള്ളിലേയ്ക്കു പോയിട്ടുണ്ടെന്നുള്ളതു മറ്റൊരു കഥ. ആ സുരക്ഷാ പരിശോധനയില്‍ ഒരു അഞ്ചു പത്തു മിനിട്ട് അങ്ങനെ പോയി. പരിശോധനയൊക്കെ കഴിഞ്ഞു വണ്ടി പുറത്തെക്കിറങ്ങിയപ്പോഴാണു രംഗനാഥന്‍ പുറത്തു നില്‍ക്കുന്നതു സീനിയര്‍ ശാസ്ത്രജ്ഞന്‍ കണ്ടത്. "വണ്ടി നിര്‍ത്തപ്പ", അയാള്‍ ഗാനഭൂഷണത്തോടു വിളിച്ചു പറഞ്ഞു.

രംഗനാഥന്‍ കേന്ദ്രത്തിലെ ഒരു തൊഴിലാളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായതു കേരളത്തില്‍ നിന്നു മലയാളികള്‍ അമേരിക്കയില്‍ പോയിത്തുടങ്ങുന്ന കാലത്തു, ജോലി ആവശ്യത്തിനു ആന്ധ്രയിലേക്കു കുടിയേറിയതാണു രംഗനാഥന്‍. തെലുങ്കന്മാരെ മലയാളികളുടെ ദേവപാനീയമായ അമൃതു (മദ്യം) കുടിപ്പിച്ചു പരിശീലിപ്പിച്ച രംഗനാഥനു അവരുടെയിടയില്‍ ഇപ്പോഴും സവിശേഷമായൊരു സ്ഥാനമുണ്ട്. അദ്ദേഹത്തിന്‍റെ അശ്രാന്തമായ പരിശ്രമവും, ശ്രദ്ധയും ഒന്നു കൊണ്ടു മാത്രമാണു, പല തെലുങ്കന്മാരും മലയാളികളെ വെല്ലുന്ന കുടിയന്മാരായി പേരെടുത്തിരിക്കുന്നത്. രംഗനാഥന്‍ കാറില്‍ കയറിയപ്പോള്‍ അല്‍പ്പാല്‍പ്പമായി, കുറച്ചധികം മദ്യപിച്ചിരുന്നു. അയാള്‍ കയറി മുന്‍ സീറ്റില്‍ ഇരുന്നു. പിന്നില്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍. ഡ്രൈവറായി ഗാനഭൂഷണവും. ഗാനഭൂഷണം തൂങ്ങിക്കിടക്കുന്ന വയറുകളില്‍ നിന്നും പ്രത്യേക കോമ്പിനേഷനിനില്‍ രണ്ടു വയറുകള്‍ പൊക്കി. വണ്ടി കുലുങ്ങി. അന്തരീക്ഷമാകമാനം പുകപടലം കൊണ്ടു മൂടി.

കായലിനു നടുവില്‍ കേന്ദ്രത്തിനു വേണ്ടി മാത്രം നിര്‍മിച്ച കിലോമീറ്ററുകള്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലൂടെ കായല്‍ക്കാറ്റുമേറ്റു ആ കാര്‍ അങ്ങനെ സാവധാനം സഞ്ചരിച്ചു. സീനിയര്‍ ശാസ്ത്രജ്ഞന്‍ ഇടയ്ക്കിടയ്ക്കു വാച്ചില്‍ നോക്കുന്നുണ്ട്. സൂചി കൃത്യമായി ചലിക്കുന്നുണ്ടെങ്കിലും കിലോമീറ്ററുകള്‍ അതിനനുസരിച്ചു പോകുന്നില്ല. "അല്‍പം കൂടി സ്പീഡില്‍ വിടപ്പ", സീനിയര്‍ ശാസ്ത്രജ്ഞന്‍റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. പുറകില്‍ നിന്നുള്ള ഈ അപേക്ഷ കേട്ട ഭൂഷണം ആക്സിലറേറ്റര്‍ ഒറ്റയടിക്കു മുഴുവന്‍ അമര്‍ത്തി. വണ്ടിക്കു ആകെപ്പാടെ ഒരു കുലുക്കം അനുഭവപ്പെട്ടു. മുന്നിലിരിക്കുന്ന രംഗനാഥന്‍ റോഡിലൂടെ രണ്ടു വസ്തുക്കള്‍ അതിവേഗത്തില്‍ ഉരുണ്ടു പോവുന്നതു ശ്രദ്ധിച്ചു. എന്താണതു എന്ന ഞെട്ടലില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണു വസ്തു രണ്ടില്ല ഒന്നേയുള്ളൂ എന്നു വ്യക്തമായത്. രണ്ടു കണ്ണിലൂടെയും വരുന്ന കാഴ്ചകള്‍ ഒരുമിപ്പിക്കാന്‍ മദ്യത്തില്‍ മുങ്ങി കിടന്ന ആ തലച്ചോര്‍ അല്‍പ നേരമെടുത്തു. വണ്ടി ഒരു വശത്തേക്കു ചെരിഞ്ഞു കഴിഞ്ഞു സൂക്ഷിച്ചു നോക്കിയപ്പോഴാണു, മുന്നിലൂടെ ഉരുണ്ടു പോയത് വണ്ടിയുടെ തന്നെ ഒരു ചക്രമാണെന്നു രംഗനാഥനു മനസ്സിലായത്‌. പുറകില്‍ നിന്നുള്ള ദീനരോദനം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി, "കടവുളേ, എല്ലാമേ ഒടഞ്ഞു പോയാച്ച്". സ്വന്തം വണ്ടിയുടെ ചക്രം തന്നെക്കാള്‍ വേഗത്തില്‍ ഉരുണ്ടു പോയതിന്‍റെ ഞെട്ടലിലും ദേഷ്യത്തിലും, ഭൂഷണം വണ്ടി നിര്‍ത്തി. വേഗത കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

ശാസ്ത്രജ്ഞന്‍റെ കയ്യിലെ വാച്ച്, ഈ ചക്രം ഉരുണ്ടു പോയതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു, അതു കൃത്യമായി ഓടിക്കൊണ്ടിരുന്നു. ട്രെയിന്‍ വരാന്‍ ഇനി ഏകദേശം ഇരുപതു മിനിറ്റു കൂടിയേ ഉള്ളു. അങ്ങനെ നിന്നപ്പോഴാണു അതു വഴി ഒരു ലോക്കല്‍ പയ്യന്‍ തലയിലും, കയ്യിലുമുള്‍പ്പെടെ പുറത്തു കാണാവുന്ന സകല സ്ഥലങ്ങളിലും ഒരു സ്കാര്‍ഫും ചുറ്റി ബൈക്കില്‍ പറന്നു വന്നത്. ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ മാക്സിമത്തില്‍ മാത്രം പോകാന്‍ അറിയാവുന്ന തെറിച്ച പയ്യനാണു എന്നതു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. സീനിയര്‍ ശാസ്ത്രജ്ഞന്‍ കൈ കാണിച്ചതു കൊണ്ടു പയ്യന്‍ നൂറില്‍ നിന്നു പൂജ്യത്തിലേക്ക് തുച്ചമായ സെക്കണ്ടുകള്‍ കൊണ്ടു ചവിട്ടി നിര്‍ത്തി. എന്നിട്ടു ഇടയ്ക്കിടയ്ക്കു ആക്സിലറേറ്റര്‍ പിരിച്ച്, ബൈക്കില്‍ നിന്നും ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ബൈക്കു നിര്‍ത്തിയ ആവേശത്തില്‍ തന്‍റെ വലിയ ബാഗും തൂക്കി ശാസ്ത്രജ്ഞന്‍ ബൈക്കിന്‍റെ പിന്‍ സീറ്റിലേക്ക് ചാടി. ശാസ്ത്രജ്ഞന്‍ കൈ കുത്തിയപ്പോള്‍ ബൈക്ക് ഇടത്തോട്ടൊന്നു ചെരിഞ്ഞു. പയ്യന്‍ ബൈക്കു നേരെയാക്കിയപ്പോഴേക്കും ശാസ്ത്രജ്ഞന്‍ മൊത്തമായി പുറകിലേക്ക് എത്തി. അങ്ങോടും, ഇങ്ങോടും ആടിക്കളിച്ച ശേഷം ബൈക്കു നിലം പൊത്തുന്ന ശബ്ദം അവിടെ മുഴങ്ങി. അല്‍പ നേരത്തിനു ശേഷം പിന്നണിയിലായി മറ്റൊരു ശബ്ദവും, "കടവുളേ, വീണ്ടും എല്ലാമേ ഒടഞ്ഞു പോയാച്ച്".

Sunday, October 20, 2013

മരിച്ചവന്‍റെ കുപ്പായം


"സമര്‍പ്പണം : എന്നെ കാത്തിരിക്കുന്ന എന്‍റെ മരണത്തിന്", യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പിന്നിലുള്ള പൊടി പിടിച്ച അലമാരകളിലൊന്നില്‍ ആ പി.എച്ച്.ഡി തീസിസ്‌ കണ്ടെത്തിയപ്പോഴുണ്ടായിരുന്ന ജൊനാഥന്‍റെ സന്തോഷം സാവധാനം ആകാംക്ഷയ്ക്കു വഴിമാറി. ആരെങ്കിലും സ്വന്തം തീസിസ്‌ മരണത്തിനു സമര്‍പ്പിക്കുമോ? ലോകത്തുണ്ടായിട്ടുള്ള പല പ്രഗത്ഭരും സാമാന്യ ജനത്തിനു ഭ്രാന്തന്മാരായിരുന്നതു പോലെ ഡോ.കര്‍ത്തായും അല്‍പ്പം എക്സെന്‍ട്രിസിറ്റി പ്രകടിപ്പിച്ചിരുന്നിരിക്കാം. ഭ്രാന്തമായ വിചാരങ്ങളുടെ കൂടിച്ചേരലാണു ബുദ്ധിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങളായുള്ള തിരച്ചിലിനൊടുവിലാണു എണ്‍പതുകളുടെ അവസാനം രചിക്കപ്പെട്ട, കര്‍ത്തായുടെ, ഭാരതസമൂഹത്തിലെ മരണ ആചാരങ്ങള്‍ എന്ന തീസിസ് കണ്ടെടുക്കാനായത്. അയാള്‍ ആ പുസ്തകവുമായി ലൈബ്രറിയിലെ കസേരയിലേക്കു നടന്നു. മേശപ്പുറത്തു നിരന്നു കിടന്നിരുന്ന മാസികകളുടെ മുകളിലേക്കു പഴകിയ ആ പുസ്തകത്തില്‍ നിന്നും പൊടിപടലങ്ങള്‍ അടര്‍ന്നു വീണു. കാലപ്പഴക്കത്തില്‍ അതിലെ പല കടലാസുകളും വിണ്ടു കീറിയിരുന്നു.

പുസ്തകം ഒന്നു മറിച്ചു നോക്കിയതിനു ശേഷം ജൊനാഥന്‍ അയാളുടെ ഗവേഷണ ഗൈഡായ ഡോ.സ്വാമിയുടെ അരികിലേക്കു പോയി. സ്വാമിയാണു കര്‍ത്തായുടെ തീസിസ്‌ ജൊനാഥനോടു കണ്ടു പിടിക്കാന്‍ പറഞ്ഞത്. പതിവിലും പ്രസന്നമായ അയാളുടെ മുഖം കണ്ടു സ്വാമി ചോദിച്ചു, "എന്താണു ജൊനാഥന്‍, പതിവില്ലാത്ത സന്തോഷത്തിലാണല്ലോ". "അതെ സാര്‍. ആ തീസിസ്‌ ഞാന്‍ കണ്ടു പിടിച്ചു. കുറെ തപ്പി", അയാള്‍ പറഞ്ഞു. "കൊള്ളാം. ഭാരതത്തിലെ പുനര്‍ജന്മ വിശ്വാസങ്ങളെ പറ്റിയുള്ള തന്‍റെ ഗവേഷണത്തിനു കര്‍ത്തായുടെ പ്രബന്ധം സഹായിക്കും. കാര്യം ഞങ്ങള്‍ ഒരേ സമയമാണു ഗവേഷണം നടത്തിയതെങ്കിലും ഇപ്പോള്‍ അയാള്‍ എവിടെയാണെന്നു ഒരു വിവരവുമില്ല. മിക്കവാറും വല്ല വിദേശ രാജ്യങ്ങളിലുമായിരിക്കും. ആള്‍ നല്ല ബ്രില്ലയന്റ്റ് ആയിരുന്നു. അയാളെ നേരിട്ടു കണ്ടെത്തി സംസാരിക്കാന്‍ സാധിച്ചാല്‍ വളരെ നല്ലതായിരിക്കും. തല്‍ക്കാലം താന്‍ ആ പ്രബന്ധം ആഴത്തില്‍ മനസ്സിലാക്ക്. കര്‍ത്താ മാസങ്ങളോളം പലയിടങ്ങളിലും പോയി താമസിച്ചു ഉണ്ടാക്കിയതാണത്. പല മരണ ആചാരങ്ങളെയും അവയുടെ അര്‍ത്ഥങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും. അടുത്ത ആഴ്ച നമുക്കിതിനെപറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാം", ഡോ.സ്വാമി ഇന്നല്‍പ്പം തിരക്കിലാണെന്നു തോന്നുന്നു. ജൊനാഥന്‍ മുറിക്കു പുറത്തിറങ്ങി.

തനിക്കു ലഭിച്ച അമൂല്യ വസ്തുവിനെപ്പോലെ അയാള്‍ ആ പ്രബന്ധം കൈകാര്യം ചെയ്തു. അതില്‍ പ്രധാനമായും പല ആദിവാസി വിഭാഗങ്ങളിലെ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പറ്റിയാണു പ്രതിപാദിച്ചിരുന്നത്. ഓരോ ആചാരങ്ങളെയും, അവയുടെ അര്‍ത്ഥങ്ങളെയും കുറിച്ചു വളരെ ആഴത്തില്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതിലൂടെ മരണത്തിനു തത്വചിന്താധിഷ്ടിതമായ ഒരു ഉത്തരം നല്‍കുവാനായിരിക്കാം കര്‍ത്ത ശ്രമിച്ചിരിക്കുന്നത്. താളുകള്‍ക്കിടയിലൂടെ കണ്ണോടിച്ചപ്പോഴാണു, പ്രബന്ധ രചനാ സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു മരണാന്വേഷണ അനുഭവങ്ങള്‍ എന്ന പേരില്‍ കര്‍ത്താ രചിച്ച പുസ്തകം ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതു ജൊനാഥന്‍ ശ്രദ്ധിക്കുന്നത്. ആ പുസ്തകം അന്വേഷിച്ചു അയാള്‍ പല പുസ്തക സ്ടാളുകളിലും അലഞ്ഞെങ്കിലും ലഭിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണു അയാള്‍ ഡി.സി. ബുക്സിനു കത്തയച്ചത്. ആവശ്യത്തിനു കോപ്പികള്‍ വിറ്റഴിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പുസ്തകത്തിന്‍റെ പ്രസാധനം നിര്‍ത്തി വച്ചു എന്നുള്ള മറുപടിയാണു പുസ്തക കമ്പനിയില്‍ നിന്നും തിരികെ ലഭിച്ചത്. ഗവേഷണ ആവശ്യത്തിനാണെന്നും, ഏതെങ്കിലും കോപ്പികള്‍ നിലവിലുണ്ടെങ്കില്‍ അയച്ചു തരണമെന്നുമുള്ള ജൊനാഥന്‍റെ ആവശ്യം അവസാനം ഫലം കണ്ടു. പുസ്തക കമ്പനിയില്‍ നിന്നും പഴയ ഒരു പുസ്തകം ബുക്ക്‌ പോസ്റ്റായി അയാളെ തേടിയെത്തി. കര്‍ത്തായുടെ ചിത്രം അതില്‍ അയാള്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പ്രബന്ധത്തോടൊപ്പം അയാള്‍ ആ പുസ്തകവും പഠന വിധേയമാക്കി. ജൊനാഥന്‍ പുസ്തകത്തിന്‍റെ ആമുഖം വ്യക്തമായി വായിച്ചു, "നമ്മുടെ സമൂഹത്തില്‍ ഇത്രയധികം വിചിത്രമായ  മരണാനുഷ്ടാനങ്ങള്‍ നിലവിലുണ്ടെന്നത് എനിക്കു പുതിയൊരു അറിവായിരുന്നു. മരണവുമായി ബന്ധപ്പെട്ടു ഭാരതത്തിലെ പല സ്ഥലങ്ങളില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളെ പഠന വിധേയമാക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശ്യമെങ്കിലും, അവ എന്നെത്തന്നെ മാറ്റി മറിച്ചു കളഞ്ഞു. മരണത്തിനു മാത്രം ഒരു മിസ്റ്റിക്ക് ശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെയാവാം അവ മനുഷ്യനു പൂര്‍ണ്ണമായും പിടി തരാതെ ഒളിഞ്ഞു നടക്കുന്നത്. പല വിധ വിശ്വാസങ്ങളില്‍ എവിടെയെങ്കിലും യഥാര്‍ത്ഥ മരണം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അവയെ മനസ്സിലാക്കാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്."

പല അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള ആ പുസ്തകത്തിന്‍റെ ആരംഭ ഭാഗങ്ങളില്‍, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളുടെ ചടങ്ങുകളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളാണു പ്രതിപാദിച്ചിരുന്നത്. ഇവയെ പറ്റി നല്ല ഒരു ബോദ്ധ്യം ജൊനാഥനു ഉണ്ടായിരുന്നതിനാല്‍, ഈ അദ്ധ്യായങ്ങള്‍, അയാളില്‍ താല്‍പ്പര്യം ജനിപ്പിച്ചില്ല. പുസ്തകത്തിന്‍റെ താളുകള്‍ അയാള്‍ അതിവേഗം മറിച്ചു വിട്ടു. ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളുടെ ചടങ്ങുകളും അതിനു വേണ്ടി വന്ന യാത്രകളെ പറ്റിയും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. വിചിത്ര അനുഷ്ടാനങ്ങലുള്ള ശൈവ സന്യാസിമാരെപ്പറ്റിയുള്ള ഭാഗം അയാളെ ആകര്‍ഷിച്ചു. ശവങ്ങളുടെ മാംസം കഴിക്കുക എന്നതു അവര്‍ക്കിടയില്‍ ചില വിഭാഗങ്ങളിലുണ്ടെന്നു പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. അതിനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും, എന്തിനുവേണ്ടി അവര്‍ അപ്രകാരം ചെയ്യുന്നു എന്നും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ വായിച്ചപ്പോള്‍, കര്‍ത്താ ഈ പ്രബന്ധത്തിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനമാണ് അയാളുടെ മനസ്സിലൂടെ പോയത്.

പുസ്തകത്തിന്‍റെ അവസാന ഭാഗങ്ങളിലാണു പുറം ലോകത്തിനു അധികം അറിവില്ലാത്ത ആദിവാസി ഗോത്രങ്ങളുടെ മരണാനുഷ്ടാനങ്ങളെ പറ്റി പ്രതിപാദിക്കുന്നത്. ഡോ.കര്‍ത്താ അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "എന്‍റെ പ്രൊഫസര്‍ ഡോ.രംഗനാഥന്‍ പറഞ്ഞപ്പോഴാണു, വയനാടന്‍ പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്ന ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിചിത്രമായ അനുഷ്ടാനങ്ങള്‍ മരണവുമായി ബന്ധപ്പെട്ടുണ്ടെന്നു ഞാന്‍ അറിയുന്നത്. ഇവയെപ്പറ്റി കൂടുതലറിയാന്‍ വയനാട്ടിലെ ഫോറസ്റ്ററായ സന്തോഷിനെ എനിക്കു പരിചയപ്പെടുത്തി തന്നതും പ്രൊഫസര്‍ തന്നെ. മഴക്കാലമായിരുന്നതിനാല്‍, വയനാട്ടിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ചുരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു കിടന്നിരുന്നു. സന്തോഷ്‌, ചുരത്തിനു മുകളില്‍ത്തന്നെ കാത്തു നിന്നിരുന്നതു വലിയ അനുഗ്രഹമായി. ദീര്‍ഘ യാത്രയുടെ ക്ഷീണം ശമിപ്പിക്കാന്‍ ഞങ്ങള്‍ മുത്തങ്ങയിലുള്ള ഫോറസ്റ്റ്‌ ബംഗ്ലാവിലേക്കു പോയി. രാത്രിയുടെ തണുപ്പിനെയും, മഴയെയും ശമിപ്പിക്കാന്‍ അല്‍പ്പം മദ്യ സേവ നടത്തിയെങ്കിലും, ഞങ്ങളുടെ സംഭാഷണങ്ങള്‍ പ്രധാനമായും ആദിവാസി വിഭാഗങ്ങളെ പറ്റിയായിരുന്നു. സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചിലവിടുമ്പോഴും, അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരായി ഇവര്‍ തുടരുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം തികച്ചും വിരോധാഭാസകരമായി. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ആദിവാസികളെ പരിചയപ്പെടുന്നതിനു വേണ്ടി അവരുടെ കുടിയിലേക്കു യാത്രയായത്. 

സന്തോഷിനു ആദിവാസികളുടെയിടയില്‍ പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അവരുടെ മൂപ്പന്‍റെ അടുത്ത സുഹൃത്തായിരുന്നതോ, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതോ ആവാം കാരണം. ഓല മേഞ്ഞ കുടിലുകളും, നിരക്ഷരരായ മനുഷ്യരും ഞങ്ങളെ സ്വാഗതം ചെയ്തു. മനുഷ്യര്‍ എന്ന് വിളിക്കാമെങ്കിലും, അവര്‍ അനുഭവിക്കുന്ന യാതൊരുവിധ സൌകര്യങ്ങളോ, അവകാശങ്ങളോ ആദിവാസികള്‍ക്കുള്ളതായി തോന്നിയില്ല. മൂപ്പനാണു കുടിയിലെ അവസാന വാക്ക്. കാട്ടില്‍ നിന്നു കണ്ടെത്തുന്ന തേന്‍ പ്രധാന വരുമാന മാര്‍ഗ്ഗവും. കാട്ടുകിഴങ്ങും, അരുവിയിലെ വെള്ളവും അവര്‍ ഭക്ഷണമാക്കുന്നു. സ്ത്രീകളില്‍ പലരും മാറു മറച്ചിട്ടില്ല. അവരെ പറ്റി പഠിക്കാന്‍ നാട്ടില്‍ നിന്നു വന്ന ഗവേഷകനാണെന്നും, എല്ലാ വിധ സൌകര്യങ്ങളും നല്‍കണമെന്നും, മൂപ്പനോടു സന്തോഷ്‌ പറഞ്ഞു. നേരം വൈകിയപ്പോള്‍ ഞങ്ങള്‍ തിരികെ ഗസ്റ്റ് ഹൌസിലേക്ക് പോന്നു. പഠന വിഷയം മരണമായിരുന്നതിനാല്‍, എന്‍റെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തികള്‍ മരണത്തെ പേടിക്കുമ്പോള്‍ അതിനു വിപരീതമായി മരണത്തെയും കാത്തു ഞാന്‍ ആ ഗസ്റ്റ് ഹൌസില്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിയേ, അവരുടെയിടയിലെ യുവത്വത്തിന്‍റെ പ്രതീകമായ കേളുവുമായി ഞാന്‍ സൗഹൃദത്തിലായി. പിന്നീട് എനിക്കാവശ്യമായ സഹായങ്ങളും, വിവരങ്ങളും നല്‍കിയിരുന്നത് അവനായിരുന്നു. ഞാന്‍ മുത്തങ്ങയിലെത്തി ഒരു മാസത്തിനു ശേഷമാണു അവിടെ ഒരു മരണം നടക്കുന്നത്. അറിഞ്ഞയുടന്‍, ഞാന്‍ രണ്ടു മൂന്നു ദിവസത്തെക്കാവശ്യമായ സാധനങ്ങളുമായി, കേളുവിനൊപ്പം വനത്തിലേക്കു പോയി.  

കുടിയിലെ തലമുതിര്‍ന്ന അംഗമായ ജാനുവാണു മരിച്ചിരിക്കുന്നത്. കാര്യമായ വിലപിക്കലുകളോ, അലമുറയിടലോ അവിടെ കണ്ടില്ല. പുനര്‍ജന്മത്തില്‍ ശക്തമായി വിശ്വസിക്കുന്നതു കൊണ്ടാവാം ഇങ്ങനെ. മരിച്ചവരുടെ പാപങ്ങള്‍ തീരാന്‍, അവരെ കഴുകന്മാര്‍ ഭക്ഷിക്കണമെന്നാണു, അവരുടെ വിശ്വാസം. അതിനാല്‍ തന്നെ മരണ ശേഷം ശരീരങ്ങള്‍ വൃത്തിയാക്കി, വസ്ത്രങ്ങള്‍ മാറ്റി അവിടുത്തെ പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നു. മാംസം ചീയുന്ന ഗന്ധം, അവയുടെ യജമാനന്മാരായ കഴുകന്മാരെ വിളിച്ചു വരുത്തും. അവസാനം അവിടെ എല്ലുകള്‍ മാത്രം അവശേഷിക്കുന്നു. ആഴ്ചകള്‍ക്കു ശേഷം അവര്‍ ആ എല്ലുകള്‍ മറ്റൊരിടത്തു നിക്ഷേപിക്കുന്നു. വിചിത്രമായ മറ്റൊരാചാരം, മരണത്തോടനുബന്ധിച്ചു ബന്ധുക്കളായ പുരുഷന്മാര്‍ അവരുടെ കൈവിരലുകള്‍ മുറിക്കുന്നുവെന്നതാണ്. ഓരോ മരണത്തിനും ഓരോ വിരലുകളായി മുറിക്കുന്നു. കൈകള്‍ കൂട്ടികെട്ടിയ ശേഷം, വാളുപയോഗിച്ചാണു മുറിക്കുന്നത്. ഹൃദയഭേദകമായ ദൃശ്യമായിരുന്നെങ്കിലും അവയെ എതിര്‍ക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അവരെ പറ്റി പഠിക്കുവാന്‍ വേണ്ടി മാത്രം വന്ന വ്യക്തിയാണല്ലോ. 

ഈ ചടങ്ങുകള്‍ അവസാനിച്ചു ഞാന്‍ തിരികെ പോകാന്‍ നില്‍ക്കുമ്പോഴാണു, മറ്റൊരു ആദിവാസി വിഭാഗമായ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിലെ മൂപ്പന്‍ മരിച്ച വിവരം കേളു എന്നോടു പറയുന്നത്. തനിമയും, വ്യക്തിത്വവും വളരയധികം കാത്തു സൂക്ഷിക്കുന്ന അവര്‍, പുറം ദേശക്കാരെ അവരുടെയിടയിലേക്കു തീരെ അടുപ്പിക്കാറില്ല, പലപ്പോഴും അവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മൂപ്പന്‍റെ ശവമടക്കു വളരെ പ്രത്യേകതകളോടു കൂടിയതാനെന്നും, കണ്ടിട്ടേ പോകാവൂ എന്നും കേളു നിര്‍ബന്ധിച്ചു. ഉള്ളില്‍ ചെറിയ ഭയം നിലനിന്നിരുന്നതിനാല്‍, ഞാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, അയാള്‍ കൊണ്ടുപോകാമെന്നറിയിച്ചപ്പോള്‍, ഞാന്‍ യാത്രയ്ക്ക് തയാറായി. ഒരു പക്ഷെ, പുറം ലോകത്തു നിന്നു ആദ്യമായൊരാള്‍ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിടയില്‍ കടക്കാന്‍ പോകുന്നു. ഇതെന്‍റെ പ്രബന്ധത്തിനൊരു മുതല്‍ക്കൂട്ടാവും. 

കേളുവെന്ന ഒറ്റയൊരാളുടെ പരിശ്രമം കൊണ്ടാണു എനിക്കവിടെ പ്രവേശനം കിട്ടിയതെന്നു എടുത്തു പറയണം. അവന്‍ അര മുക്കാല്‍ മണിക്കൂറോളം അവരുടെ തനതു ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവര്‍ എന്നെ പ്രവേശിപ്പിച്ചെങ്കിലും, കാര്യമായ ഒരു സഹകരണവും കാണിച്ചില്ല. അവന്‍ മാത്രമായി എന്‍റെ ഏക ആശ്രയം. അവിടെ കണ്ട ചില കാഴ്ചകള്‍ കരളലിയിക്കുന്നതായിരുന്നു. മൂപ്പന്‍ മരിച്ചു കഴിഞ്ഞാല്‍ ശവ ശരീരം വിവസ്ത്രമാക്കിയ ശേഷം, അവര്‍ താല്‍ക്കാലികമായി കുഴിച്ചു മൂടും. അതിനു ശേഷം കുടിയില്‍ നിന്നൊരു കന്യകയെ മൂപ്പന്‍റെ പര ലോകത്തെ സേവകിയായി തിരഞ്ഞെടുക്കുന്നു. ഇത്രയും ചടങ്ങുകള്‍ ഞാന്‍ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. കടന്നു വന്നപ്പോള്‍ കണ്ട കാവലോടെയുള്ള പെണ്‍കുട്ടിയാണു ആ കന്യകയെന്നു ഞാന്‍ പിന്നീടാണു തിരിച്ചറിഞ്ഞത്. അവളെ നിര്‍ബന്ധിപ്പിച്ചു കൂടിയ അളവില്‍ മദ്യം സേവിപ്പിക്കുന്നുണ്ടായിരുന്നു. 

അതിനു ശേഷം അവള്‍ ഓരോ വീട്ടിലും പോയി അനുവാദം വാങ്ങണം. വീട്ടിലുള്ള ഓരോ പുരുഷന്മാരും അവളെ പീഢിപ്പിക്കും. ഞാന്‍ മൂപ്പനെ സ്നേഹിക്കുന്നെന്നു പറയുക എന്നും പറഞ്ഞാണു ഈ ചടങ്ങ്. ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി അത്യന്തം വഷളായി വരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ സാവധാനം എന്‍റെ കാഴ്ചയില്‍ നിന്നും മായ്ച്ചു. എനിക്കു ചുറ്റും നിരന്നിരുന്ന കുന്തങ്ങള്‍ അതു മായ്പ്പിച്ചു കളഞ്ഞു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പിന്നീടവളെ പത്തു ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ കാണുന്നത്. അവളെ മൂപ്പന്‍റെ, അല്ലെങ്കില്‍ മരിച്ചവന്‍റെ കുപ്പായമായാണ് അവര്‍ പരിഗണിക്കുന്നത്. പത്താം ദിവസം, മൂപ്പന്‍റെ അടക്കിയ മൃതദേഹം മണ്ണില്‍ നിന്നും മാന്തി പുറത്തെടുത്തു. ചീഞ്ഞു തുടങ്ങിയിരുന്ന ആ ശരീരം അസഹ്യമായ ദുര്‍ഗന്ധം പുറപ്പെടുവിച്ചു. പെണ്‍കുട്ടിയെ ആ ശരീരത്തോടു കൂട്ടികെട്ടി കുപ്പായമാക്കി. അതിനു ശേഷം മണ്ണിട്ടു മൂടി. ആ രംഗങ്ങള്‍ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും എനിക്കു കഴിയുന്നില്ല. ഒരു കൊലപാതകം കാണുന്നതിന്‍റെ ദൈന്യത അവിടെ ആരുടെ മുഖത്തും പ്രകടമായില്ല. പെണ്‍കുട്ടിയുടെ കുടുംബമാണെന്നു തോന്നുന്നു, ഒരു കുടുംബം മാത്രം മാറി നിന്നു വ്യസനിക്കുന്നുണ്ടായിരുന്നു. ജീവിക്കുന്നവര്‍ മരിച്ചവന്‍റെ കുപ്പായമാകുന്ന വിചിത്രമായ ആ കാഴ്ച എനിക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ചീഞ്ഞളിഞ്ഞ ആ മൃതശരീരം ദൂരെ മാറി നിന്ന എന്നെക്കൊണ്ടു വരെ ശര്‍ദ്ദിപ്പിച്ചെങ്കില്‍, ഒരു പെണ്‍കുട്ടിയോടു അവര്‍ക്കിതു എങ്ങനെ ചെയ്യാനാവും?"

ജൊനാഥന്‍ സാവധാനം ആ പുസ്തകം അടച്ചു. പ്രത്യേകമായൊരു മാനസീകാവസ്ഥയിലായിരുന്ന അയാള്‍ ഡോ. കര്‍ത്തായെ കണ്ടെത്താന്‍ ആഗ്രഹിച്ചു. യൂണിവേഴ്സിറ്റിയില്‍ കര്‍ത്തായുടെ വിലാസം തിരഞ്ഞെങ്കിലും, ലഭിച്ചില്ല. അയാള്‍ രാജ്യത്തിനു പുറത്തെവിടെയെങ്കിലുമായിരിക്കുമോ എന്ന സംശയത്തില്‍ ഇന്‍റെര്‍നെറ്റില്‍ പരതിയെങ്കിലും, അവിടെ നിന്നും മറുപടി ലഭിച്ചില്ല. ചുരുക്കത്തില്‍ കര്‍ത്തായെ പറ്റി ഇന്നാര്‍ക്കും വലിയ വിവരമില്ല. പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സന്തോഷ്‌, വനംവകുപ്പില്‍ നിന്നും വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇത്ര പ്രഗല്ഭനാണെന്നു, ജൊനാഥന്‍റെ ഗൈഡായ സ്വാമി വരെ പറയുന്ന കര്‍ത്താ, ഏതെങ്കിലും ഉയര്‍ന്ന നിലയിലായിരിക്കുമെന്നത് ഉറപ്പാണ്. വിദേശ സര്‍വകലാശാലകളുടെ അദ്ധ്യാപക പട്ടികയില്‍ പരതിയെങ്കിലും, അവിടെയും നിരാശയായിരുന്നു ഫലം.

ആഴ്ചകള്‍ക്കു ശേഷമാണു പണ്ടു കര്‍ത്താ സഞ്ചരിച്ച വഴികളിലൂടെ ഒന്നു കൂടി യാത്ര ചെയ്യാന്‍ ജൊനാഥന്‍ തീരുമാനിക്കുന്നത്. ഇതിനു സ്വാമിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വാമിയുടെ കത്തിന്‍റെ ബലത്തില്‍, വയനാടു വനംവകുപ്പില്‍ നിന്നും, ജൊനാഥനു എല്ലാ വിധ പിന്തുണയും ലഭിച്ചു. കര്‍ത്താ, പുസ്തകത്തില്‍ പറയുന്നതിനു വിരുദ്ധമായി, ബൊഹീമിയന്‍ ആദിവാസികള്‍ പുറം ലോകവുമായി നന്നായി ഇടപഴകുന്നു എന്ന വിവരമാണു, വനം വകുപ്പില്‍ നിന്നും ജൊനാഥനു ലഭിച്ചത്. "കര്‍ത്തായ്ക്കു തെറ്റി പോയതായിരിക്കാന്‍ സാദ്ധ്യതയില്ല. ചിലപ്പോള്‍, മറ്റെവിടെയെങ്കിലുമുള്ള ബോഹീമിയക്കാരെപ്പറ്റിയായിരിക്കാം, കര്‍ത്താ പ്രതിപാദിച്ചത്", ജൊനാഥന്‍ മനസ്സില്‍ ഓര്‍ത്തു‌. 

ഉള്‍വനത്തിലായിരുന്നെങ്കിലും, കര്‍ത്താ പ്രതിപാദിക്കുന്നതു പോലെയുള്ള ഒരു ലോകമായിരുന്നില്ല ജൊനാഥനെ വരവേറ്റത്. അവിടെ ഒരു ട്രൈബല്‍ സ്കൂള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ മാറു മറച്ചിരുന്നു. ആളുകള്‍ക്കു മലയാളം സംസാരിക്കാന്‍ അറിയാമായിരുന്നു. "മൂപ്പന്‍ മരിച്ചു കഴിയുമ്പോള്‍, പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആചാരം ഇപ്പോഴുമുണ്ടോ?", സമീപത്തു കണ്ട മദ്ധ്യവയസ്കനായ ഒരു ആദിവാസിയോടു അയാള്‍ ചോദിച്ചു. "അതെല്ലാം പെരിയമൂപ്പന്‍ നിര്‍ത്തിച്ചാച്ച്". "പെരിയമൂപ്പന്‍ യാര്?", ജൊനാഥന്‍ വീണ്ടും ചോദിച്ചു. "വര്‍ഷങ്ങള്‍ക്കു മുമ്പു ചത്തു പോയി", ആദിവാസി നടന്നകന്നു. ജൊനാഥന്‍ അവിടെ മുഴുവന്‍ നടന്നു കണ്ടു. കൂട്ടത്തില്‍ സ്കൂളിലും അയാള്‍ കയറി. അതിന്‍റെ ഒരു വശത്തായി, പൊടി പിടിച്ച ഒരു ചിത്രത്തിന്‍റെ ചുവട്ടില്‍ ചെറിയ അക്ഷരത്തില്‍ ഡോ. ഡി. കര്‍ത്താ എന്നു രേഘപ്പെടുത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോടു ഇതാരാണെന്നു അയാള്‍ ചോദിച്ചു. "പെരിയമൂപ്പന്‍". പറഞ്ഞശേഷം അവന്‍ കളിക്കാനായി ഓടി പോയി. മരിച്ചവരുടെ കുപ്പായങ്ങള്‍ക്കു മുകളില്‍ ജീവിക്കുന്നവരുടെ കുപ്പായമായി ആ സ്കൂളും അതിലെ കൊച്ചു ചിത്രവും നിലകൊണ്ടു. 

"കര്‍ത്താ സാര്‍ എങ്ങനെ ഇവരുടെ പെരിയമൂപ്പനായി?", ജൊനാഥന്‍ വനം വകുപ്പിലെ കീപ്പറായ പിള്ളച്ചേട്ടനോടു അന്വേഷിച്ചു. പത്തറുപതു വയസ്സായ പിള്ള, വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. "കര്‍ത്താ സാര്‍ രണ്ടാമതു ഇവിടെ വന്നു കുട്ടികള്‍ക്കു അക്ഷരം പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. ആദ്യം ഭയങ്കര എതിര്‍പ്പായിരുന്നു. സാറിനെ കൊല്ലാന്‍ വരെ ആദിവാസികള്‍ ഒരുങ്ങി. പക്ഷെ മറ്റൊരു ഗോത്രത്തിലെ കേളു എന്നൊരു ആദിവാസിയുടെ സഹായം സാറിനുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നു പോകെ, അവരുടെ രോഷം കുറഞ്ഞു വന്നു.  അവര്‍ പതിയെ നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചു. പുറമേക്കുള്ള കച്ചവടങ്ങളും മറ്റും തുടങ്ങിയതോടെ അവരുടെ ജീവിത രീതിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പലപ്പോഴും ചൂഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്ന ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ചു സാര്‍ അവര്‍ക്കൊരു കൂട്ടായ്മയുണ്ടാക്കി. കൈത്തൊഴിലുകള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും, പലപ്പോഴും പുറമേ നിന്നും ഡോക്ടര്‍മാരെ കൊണ്ടുവന്നു ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ത്താ സാര്‍ അവരുടെ പെരിയ മൂപ്പനായി വളരുകയായിരുന്നു. ഇപ്പോഴത്തെ മൂപ്പന്‍റെ അപ്പന്‍ മരിക്കുമ്പോഴാണു പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആ ചടങ്ങിനെതിരെ കര്‍ത്താ ശബ്ദമുയര്‍ത്തിയത്. വിദ്യാഭ്യാസം ഒരു സമൂഹത്തെ എങ്ങനെ മാറ്റുമെന്നതിന്‍റെ നേര്‍ക്കാഴ്ചയായി ബൊഹീമിയന്‍ സമൂഹം."

ഒരാഴ്ചയോളം വനാന്തരങ്ങളില്‍ കഴിഞ്ഞ ജൊനാഥന്‍ തിരികെയുള്ള യാത്രയില്‍ നന്നേ ക്ഷീണിതനായിരുന്നു. എന്നിരിക്കിലും അയാളുടെ മനസ്സില്‍ തീക്ഷ്ണമായ ചിന്തകള്‍ മാറി മറിഞ്ഞു. ആരും നോക്കാതെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ കോണുകളില്‍ മാറാല പിടിച്ചു കിടക്കുന്ന അനേകം പ്രബന്ധങ്ങള്‍ അയാള്‍ കണ്ടിരിക്കുന്നു. എന്നാല്‍ അവയില്‍ പലതും കര്‍ത്തായുടെ ജീവിതം പോലെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ, നന്മയുടെ വിത്തു പാകിയ അമൂല്യങ്ങളായ ജ്ഞാത്തിന്‍റെ ഉറവിടങ്ങളാണ്. ആ യാത്ര പഠനത്തിനപ്പുറമുള്ള ചില തീരുമാനങ്ങളിലേക്കാണു അയാളെ നയിച്ചത്. ആ തീരുമാനങ്ങളില്‍ പല മുഖങ്ങളും ചിരിച്ചു, മുകളില്‍ ദൈവവും, കീഴെ കുറച്ചു മനുഷ്യരും.

***********************

വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പ്രബന്ധത്തിന്‍റെ അവസാന ഘട്ട രചനാ വേളയില്‍ ജൊനാഥന്‍ കുറിച്ചു.
"സമര്‍പ്പണം- ഒരു ജനതയ്ക്കു മരിച്ചവന്‍റെ കുപ്പായം മനസ്സിലാക്കികൊടുത്ത, പുറം ലോകത്തിനു ഇന്നും അജ്ഞാതനായ ഡോ. ഡി. കര്‍ത്തായ്ക്ക്." 

Monday, September 16, 2013

വിപ്ലവം - ശരീരവും, മനസ്സും, ആത്മാവും


ഫോണിന്‍റെ തുടര്‍ച്ചയായ ശബ്ദവീചികള്‍ പുലര്‍ച്ചെ തന്നെ എന്‍റെ ഉറക്കത്തെ അലോസരപ്പെടുത്തി. ഏതോ മായാ ലോകത്തു നിന്നും ബോധം വീണ്ടും സാവധാനം യാഥാര്‍ത്ഥ്യത്തിലെക്കുയര്‍ന്നു. "രാഘവേട്ടാ, നിങ്ങളെവിടാണ്? കളക്ട്രെറ്റ് മാര്‍ച്ചിനു കാണുന്നില്ലല്ലോ", ലോക്കല്‍ സെക്രട്ടറി ദിനേശനാണു മറുപുറം. "ദിനേശാ, ഞാനൊന്നു കൊല്ലം വരെ പോവുന്നു", എന്‍റെ ശബ്ദത്തില്‍ ഉറക്കച്ചടവുകള്‍ കലര്‍ന്നിരുന്നു. "നിങ്ങളുടെ ഇത്തരം സ്വകാര്യ പരിപാടികള്‍ കാലേക്കൂട്ടി പാര്‍ട്ടിയെ അറിയിക്കെണ്ടേ? അതിനനുസരിച്ചല്ലേ, നമുക്കു പ്രക്ഷോഭ പരിപാടികളിലെ ആളുകളുടെ ഏണ്ണം നിജപ്പെടുത്താന്‍ സാധിക്കൂ. ഒരു ഉത്തരവാദിത്വപ്പെട്ട മെമ്പറായ രാഘവേട്ടന്‍ കൂടി ഇങ്ങനെ തുടങ്ങിയാല്‍.  കൊല്ലത്തൊക്കെ പോകുമ്പോള്‍ സ്വയം സൂക്ഷിക്കാന്‍ മറക്കേണ്ട. പാര്‍ട്ടിയാല്‍ സംരക്ഷിക്കപ്പെടുന്നവനാണു നിങ്ങളെന്നു അറിയാമല്ലോ‍. അറിയിച്ചിരുന്നെങ്കില്‍ സുരക്ഷിതമായൊരു യാത്രാസൌകര്യം നമ്മള്‍ ഒരുക്കുമായിരുന്നില്ലേ?", ദിനേശന്‍റെ ശബ്ദം അല്‍പം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷോഭിച്ചു എന്നു പറയാനാവില്ല. അല്ലെങ്കിലും പാര്‍ട്ടിയിലെ ഒരു സീനിയര്‍ മെമ്പറായ രാഘവനോടു ആരും അങ്ങനെ ദേഷ്യം കാണിക്കാറില്ല, അഭിപ്രായങ്ങള്‍ ചോദിക്കുക മാത്രമേ ചെയ്യൂ. അതു അദ്ദേഹം ഒരു ബുദ്ധിജീവിയായതു കൊണ്ടല്ല, മറിച്ചു ബഹുമാനം മൂലം മാത്രം. വേഗത്തില്‍ പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ജനലിലൂടെ നല്ലൊരളവു കാറ്റ് അകത്തു പ്രവേശിക്കുന്നുണ്ട്‌. ഞാന്‍ സാവധാനം പുറം കാഴ്ചകളിലേക്കു മുഖമമര്‍ത്തി, അല്‍പ്പാല്‍പ്പമായി വീണ്ടും ഉറക്കത്തെ പുല്‍കി. 

മായാലോകം വീണ്ടും എനിക്കു ചുറ്റും നിറങ്ങള്‍ പടര്‍ത്തി. യൌവ്വനത്തിന്‍റെ, കൌമാരത്തിന്‍റെ എഴുവര്‍ണ്ണങ്ങളുള്ള ലോകം. ചിന്തയും, ബുദ്ധിയും അതിരുകളില്ലാതെ പാറി നടക്കാന്‍ വെമ്പുന്ന കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജു പഠന കാലം. ആ കാലഘട്ടത്തില്‍ മനസ്സു സ്വാഭാവീകമായും സമത്വത്തിന്‍റെയും, സഹവര്‍ത്തിത്വത്തിന്‍റെയും അനുകരണങ്ങള്‍ നല്‍കിയ വിപ്ലവ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കപ്പെട്ടു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എഫ്.ഐയുടെ ക്യാമ്പസ്‌ യൂണിയനിലെ സജീവാംഗം. പഠനത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു മുന്‍ഗണന നല്‍കിയിരുന്ന ചിന്താഗതി. സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനവും, മേധാവിത്വവും മൂലം ക്യാമ്പസ്സില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ബാച്ചിലെ രഘുനന്ദന്‍ മതാധിഷ്ടിത പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ കോളേജില്‍ ആരംഭിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മുതലാണു പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്. പ്രശ്നങ്ങള്‍ ഏറിയും, കുറഞ്ഞും, കോളേജിനെ എന്നും പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്നു.

വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഡി,എഫ്,ഐയുടെ പ്രവര്‍ത്തകരെ ആക്രമിക്കുവാന്‍ കുറച്ചു ഗുണ്ടകള്‍ ഹോസ്റ്റലിനുള്ളിലേക്കു എത്തിയതു ഒരു ജൂണ്‍ മാസ രാത്രിയിലായിരുന്നു. രാത്രിയിലും തോരാതെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചു, ഹോസ്റ്റലിന്‍റെ ഇരുമ്പു ഗേറ്റുകള്‍ തള്ളിത്തുറന്നു അവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെ വെട്ടി. ഒന്നോ രണ്ടോ പേരുടെ കൈകള്‍ അടര്‍ന്നപ്പോഴുണ്ടായ നിലവിളിയില്‍ ഹോസ്റ്റല്‍ ഉണര്‍ന്നു. ഓരോ മുറികളിലായി സ്വരൂപിച്ചിരുന്ന വടിവാളും, കത്തികളുമായി വിദ്യാര്‍ത്ഥി സംഘം പുറത്തേക്കൊഴുകി. നാലുപാടും ചിതറിയ ഗുണ്ടകളെ അവര്‍ പിന്തുടര്‍ന്നു. നിലാവെളിച്ചം പോലും ആവുന്നത്ര ലഭിക്കാതിരുന്ന ആ രാത്രിയില്‍ മതിലിനിടയില്‍ ഒരു ഗുണ്ടയെ അവര്‍ തളച്ചു. അയാളുടെ മുഖം അത്ര കാണാനാവുമായിരുന്നില്ല. "രാഘവാ വെട്ടി കൊല്ലെടാ ആ പന്നിയെ", യൂണിറ്റ് സെക്രട്ടറി അലറുകയായിരുന്നു. മഴവെള്ളത്തില്‍ സാവധാനം രക്തത്തിന്‍റെ ചുവപ്പു കലര്‍ന്നു. ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി എഴുന്നേറ്റൂ. യുവത്വത്തിന്‍റെ മുഴുവന്‍ സമാധാനവും നഷ്ടപ്പെടുത്തിയ, ഞാന്‍ ബോധപൂര്‍വ്വം മറവിക്കു വിട്ടുനല്‍കിയ ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേക്കു വീണ്ടും എത്തിത്തുടങ്ങി. ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍, മനസ്സിനു പഴയ ശക്തിയില്ലായിരുന്നിരിക്കാം. 

അന്നു രാത്രി കൊല്ലപ്പെട്ടതു രഘുനന്ദനാണെന്നു പിറ്റേന്നു മാത്രമാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനാണു കൊലയാളിയെന്നു അപ്പോഴേക്കും കോളേജില്‍ പ്രചരിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എന്‍റെ രക്തത്തിനായി പായുമ്പോഴാണു പഠനം തല്‍ക്കാലം മതിയാക്കി ഒരു പാര്‍ട്ടി ഗ്രാമത്തിന്‍റെ സംരക്ഷണത്തിലേക്കു മാറാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. കൊലക്കേസും പാര്‍ട്ടി ഇടപെട്ടു മരവിപ്പിച്ചു. വിറപ്പിക്കേണ്ടവരെ വിറപ്പിക്കാനും, സന്തോഷിപ്പിക്കേണ്ടവരെ സന്തോഷിപ്പിക്കുവാനും, നശിപ്പിക്കേണ്ടവരെ നിഷ്കരുണം നശിപ്പിക്കുവാനും വേണ്ടുവോളമറിയാവുന്ന ഒരു പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലേക്കു അത്രയൊന്നും എത്തി നോക്കുവാന്‍ ശത്രുക്കള്‍ക്കായില്ല. 

"ചായ കുടിക്കാന്‍ പത്തു മിനിറ്റുണ്ട്", അറിയിച്ച ശേഷം കണ്ടക്ടര്‍ പുറത്തേക്കിറങ്ങി. ബസ്സു തൃശ്ശൂര്‍ എത്തിയിരിക്കുന്നു. പുലര്‍ച്ചെ കയറിയതിനാല്‍ എനിക്കു വിശന്നും തുടങ്ങി. ബസ്സ്‌ സ്റ്റാന്‍ഡില്‍ തന്നെയുള്ള ശക്തി ഹോട്ടലില്‍ നിന്നു മസാല ദോശയും, ചായയും കുടിച്ചു ഞാന്‍ സാവധാനം പുറത്തേക്കിറങ്ങി. സ്റ്റാന്‍ഡിനു മുന്നിലെ ചെങ്കൊടി, തെളിഞ്ഞ ആകാശത്തു പാറി നില്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ കൈകള്‍ മുഷ്ടി ചുരുട്ടി അറിയാതെ ആകാശത്തേക്കുയര്‍ന്നു. ചെറുപ്പം മുതലുള്ള ശീലമാണ്. എന്‍റെ ജീവിതം തന്നെ ആ പതാകയില്‍ അലിഞ്ഞിരിക്കുന്നു. ബസ്സില്‍ അധികം താമസിയാതെ ഇരട്ട മണിശബ്ദം മുഴങ്ങി.

ഞാന്‍ കേളപ്പേട്ടനെയും, ദേവകിച്ചേച്ചിയെയും പരിചയപ്പെട്ടതു ആ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. അവരെ പോലെ, പാര്‍ട്ടി പറയുന്നതു അക്ഷരം പ്രതി അനുസരിക്കുന്ന ഒട്ടനവധി ആത്മാക്കള്‍ അവിടെയുണ്ടായിരുന്നു. പാര്‍ട്ടി തന്നെയായിരുന്നു അവരുടെ അന്നദാതാവും, സംരക്ഷകനും. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരായ ആ ഗ്രാമത്തില്‍ ആധുനീകം എന്ന് വിളിക്കാവുന്ന ഒരു സൌകര്യവും ഉണ്ടായിരുന്നില്ല. അവരുടെയിടയില്‍ പ്രവര്‍ത്തിച്ചും, പണിയെടുത്തും സല്‍പ്പേരു സമ്പാദിച്ചെങ്കിലും, പാര്‍ട്ടി പദവികളില്‍ അധികം ഉയരാന്‍ സാധിച്ചില്ല. ദേവകിയുടെ മകള്‍ അഞ്ജനയുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്തതും പാര്‍ട്ടി തന്നെ. എന്തിനും, ഏതിനും ആ സംഘടിത ശക്തി ഒപ്പമുണ്ടായിരുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴുണ്ടാകുന്ന ആ ശക്തി, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും പ്രതീക്ഷയാണ്. ഈ പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന ചിന്ത മുഴുമുപ്പിക്കാന്‍ പോലും എന്നെക്കൊണ്ടു സാധിക്കില്ല. ബസ്സു എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുവാന്‍ അര മണിക്കൂറോളം വണ്ടി നിര്‍ത്തി. ദീര്‍ഘമായ യാത്ര കൈ കാലുകളെ തളര്‍ത്തിയിരിക്കുന്നു. പല ശരീരഭാഗങ്ങളും മരച്ചിരുന്നു. പുറത്തിറങ്ങി കൈകള്‍ വിടര്‍ത്തി ഞാന്‍ ക്ഷീണത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഭക്ഷണ ശേഷം തിരികെയെത്തി അല്‍പ സമയം കണ്ണുകള്‍ അടച്ചു അവയ്ക്കു ഞാന്‍ വിശ്രമം അനുവദിച്ചു.     

തിരികെ ബസ്സില്‍ കയറി അല്‍പ സമയത്തിനകം മുപ്പതുകള്‍ പിന്നിട്ട ഒരു യുവാവു സമീപത്തു തിക്കിത്തിരക്കിയിരുന്നു. തീരെ മര്യാദയില്ലാത്ത പ്രകൃതം. സമീപമിരിക്കുന്ന എന്നോടു അല്‍പം പോലും മാന്യത കാണിക്കാതെയാണു അയാള്‍ ഇരുന്നത്. അയാള്‍ സ്വല്‍പ്പം കറുത്തിട്ടാണ്. മുഖത്തെ താടി തീരെ വെട്ടിയൊതുക്കാതെ അയാള്‍ അയാളോടു തന്നെ ദേഷ്യം പ്രകടിപ്പിച്ചു. ഞാന്‍ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചെങ്കിലും, മറുപടി ലഭിച്ചില്ല. അയാള്‍ ടിക്കറ്റ്‌ എടുത്തതില്‍ നിന്നും, കൊല്ലം വരെ അയാള്‍ മാത്രമാണു എന്‍റെ സഹയാത്രികന്‍ എന്നതു വ്യക്തമായി. ഇനിയും നാലഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ദീര്‍ഘനേരമായി ഒറ്റയ്ക്കുള്ള യാത്ര എന്നെ തളര്‍ത്തിത്തുടങ്ങിയിരുന്നു. "കൊല്ലത്താണോ വീട്?", ഞാന്‍ അയാളെ പരിചയപ്പെടാന്‍ ഒരു ശ്രമം നടത്തി. അയാളുടെ പരുഷമായ നോട്ടം, പരിചയപ്പെടാനുള്ള എന്‍റെ എല്ലാ ആവേശവും ശമിപ്പിച്ചു. "ഇങ്ങനെയും മനുഷ്യരുണ്ടോ?", ഞാന്‍ ആത്മഗതം ചെയ്തു. വിരസത അകറ്റാന്‍ ഞാന്‍ വീണ്ടും പുറംകാഴ്ചകളില്‍ മുഴുകി.

വണ്ടി ആലപ്പുഴ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണു ഒന്നു വലിക്കണമെന്ന ആഗ്രഹം കലശലായത്. പത്തു മിനുട്ടോളം സ്റ്റോപ്പുണ്ടെന്നു കണ്ടക്ടര്‍ അറിയിക്കുകയും ചെയ്തു. വിരസത അകറ്റാനുള്ള എന്‍റെ ഏറ്റവും പ്രീയപ്പെട്ട ഒറ്റമൂലിയാണ് ബീഡിവലി. അതിനായി എപ്പോഴും ഒരു പായ്ക്കറ്റ് ബീഡി കൂടെയുണ്ടാവും. ആകാശത്തേക്കും, വായുവിലേക്കുമുയരുന്ന പുകച്ചുരുളുകള്‍, കവിതയും, കഥയും പോലെ മറ്റൊരു മനുഷ്യ കലാസൃഷ്ടിയാണെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. പുരുഷന്മാരുടെ ടോയിലെറ്റിന്‍റെ ഭാഗത്തു മാറി നിന്നു ബീഡി വലിക്കുമ്പോഴാണു, പതുങ്ങിയ ആ ശബ്ദം ഞാന്‍ കേട്ടത്. "ചേട്ടാ ഒരു പഫ്‌ എടുത്തോട്ടെ? വല്ലാത്ത ക്ഷീണം". തിരിഞ്ഞു നോക്കിയപ്പോള്‍, സദാ അരസികനായി കാണപ്പെട്ട എന്‍റെ സഹയാത്രികനാണു അത്. എന്നാല്‍ ഇപ്പോള്‍ അയാളുടെ മുഖത്തു അത്ര ദേഷ്യ ഭാവം കാണുന്നില്ല. "വേണമെങ്കില്‍ ഒരു ബീഡി തന്നെ തരാം", എന്‍റെ സ്നേഹമാസൃണമായ വാഗ്ദാനത്തിനു അയാള്‍ തലയാട്ടി. താമസിയാതെ അവിടെ നിന്നു ഇരട്ട പുകച്ചുരുളുകള്‍ ഉയര്‍ന്നു. അവ വായുവില്‍ വച്ചു കൂടിക്കലര്‍ന്നു. 

ബസ്സു യാത്ര പുറപ്പെട്ടപ്പോള്‍, അയാള്‍ എന്നെ പരിചയപ്പെട്ടു. പുകച്ചുരുളുകള്‍ക്കു വായുവില്‍ മാത്രമല്ല, മനുഷ്യരിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നു എനിക്കു മനസ്സിലായി. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ഞാന്‍ പങ്കു വച്ചില്ല.  അത്തരം വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കുന്നത് ഒരു ഗുണവും നല്‍കുന്നില്ല എന്നതാണ് അനുഭവം. "താങ്കളുടെ പേരെന്താണ്? എന്തു ചെയ്യുന്നു?", ഞാന്‍ അയാളെ പരിചയപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. "എന്‍റെ പേരു രാമചന്ദ്രന്‍. കൊല്ലത്തു കുണ്ടറയാണു സ്ഥലം. നാട്ടില്‍ അല്ലറ ചില്ലറ ചെറിയ ബിസിനസ്സ് പരിപാടികളൊക്കെയായി പോകുന്നു", അയാള്‍ പറഞ്ഞു. "ഭാര്യയും കുട്ടികളുമൊക്കെ?", എന്‍റെ ചോദ്യത്തിനു അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇനിയും ആയിട്ടില്ല. അതിനെപറ്റിയൊന്നും ഇതുവരെ കാര്യമായി ആലോചിച്ചു തുടങ്ങിയില്ല". "ബിസിനസ്സ് തിരക്കുകളാവുമല്ലേ?", ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നാല്‍ അതിനു അയാള്‍ക്കു മറുപടിയൊന്നുമുണ്ടായില്ല. "ചേട്ടന്‍റെ കുടുംബമൊക്കെ എന്തു ചെയ്യുന്നു?", അയാള്‍ തിരികെയും ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. "ഭാര്യ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. രണ്ടു പെണ്‍കുട്ടികളാണ്. അവര്‍ കോഴിക്കോട് ഡിഗ്രിക്കു പഠിക്കുകയാണ്", ഇതും പറഞ്ഞു ഞാന്‍ പെഴ്സില്‍ നിന്നും കുടുംബ ഫോട്ടോയെടുത്തു അയാളെ കാണിച്ചു. ഇളയ മോളുടെ കോളേജ് പ്രവേശന സമയത്തു, ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ എടുപ്പിച്ചതാണ്. എന്‍റെ മനസ്സു പോലെ എപ്പോഴും കൂടെയുണ്ടാവും ആ മുഖങ്ങളും. "നല്ല കുടുംബം. അസൂയ തോന്നുന്നു", അയാള്‍ ഇതു പറയുമ്പോഴും ഫോട്ടോയില്‍ നിന്നു കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. "ഇത്ര വ്യസനിക്കാന്‍ തനിക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ", ഞാന്‍ പ്രതികരിച്ചു.

ബസ്സു ലക്ഷ്യത്തിലേക്കു എത്തുന്നതനുസരിച്ചു, ഞങ്ങളുടെ സൌഹൃദവും പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ചു. അയാളുടെ മുഖത്തു തുടക്കത്തിലുണ്ടായിരുന്ന ദേഷ്യഭാവം ഇപ്പോള്‍ തീരെ കാണാനാവുന്നില്ല. ചര്‍ച്ചകള്‍ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലൂടെ കടന്നു പോയി. അയാള്‍ എന്‍റെ കുടുംബത്തെക്കുറിച്ചറിയാന്‍ നല്ല ഉത്സാഹം കാണിച്ചു. "അപ്പനും അമ്മയുമൊക്കെ എന്തു ചെയ്യുന്നു?", ഞാന്‍ വളരെ സാധാരണ മട്ടില്‍ ചോദിച്ചതാണെങ്കിലും, അയാളുടെ മുഖം വിഷാദപൂരിതമായി. "അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണു എന്നെ വളര്‍ത്തിയത്. ഞങ്ങള്‍ ഇരട്ട സഹോദരങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരാന്‍ നിരക്ഷരയായ ഒരു സ്ത്രീക്കു ഒരിക്കലും സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസം നേടാന്‍ എനിക്കായില്ല. പ്രായമായപ്പോള്‍ ഓരോ തൊഴില്‍മേഘലകളിലേക്കു ഞങ്ങള്‍ തന്നെ ഇറങ്ങുകയായിരുന്നു". "ആ ചോദ്യം വേണ്ടിയിരുന്നില്ല. പ്രത്യേകിച്ചു, വണ്ടി  കൊല്ലം അടുക്കാറായ സ്ഥിതിക്ക്", ഞാന്‍ മനസ്സില്‍ പരിതപിച്ചു. 

അസ്തമയ സൂര്യന്‍റെ കിരണങ്ങളാല്‍ അലംകൃതമായിരുന്ന കൊല്ലം സ്റ്റേഷനിലേക്കു വണ്ടി പ്രവേശിച്ചു. ഞങ്ങള്‍ ഇരുവരും  ഇറങ്ങി. "പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഇനിയും എവിടെയെങ്കിലും വച്ചു കാണാം", കൈ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങളുടെ വഴികള്‍ ഇനി വ്യത്യസ്തങ്ങളാണ്, ലക്ഷ്യങ്ങളും. പ്രായമായ അമ്മയെ സംരക്ഷിക്കാനായിരിക്കാം അയാള്‍ പോവുന്നത്. ഞാന്‍ എന്‍റെ ഭൂതകാല ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാനും, പറ്റുമെങ്കില്‍ ഈ വൈകിയ വേളയിലെങ്കിലും അവയ്ക്കു പരിഹാരം ചെയ്യാനും. ഫലം ഉറപ്പില്ലാത്ത ഒരു പ്രവര്‍ത്തിക്കിറങ്ങുന്നതിനു മുമ്പുള്ള ഒരു ചങ്കിടിപ്പ്, അത് എന്നില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. കൊല്ലം ടി.കെ.എം. കോളേജ് ലക്‌ഷ്യം വച്ചു ഞാന്‍ അടുത്ത വണ്ടിയില്‍ കയറി. 

കോളേജു കവലയില്‍ എത്തുമ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ കോളേജു കെട്ടിടം ഏകദേശം മുപ്പതു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ നേരിട്ടു കാണുന്നത്. പരിസരങ്ങള്‍ക്കു മാറ്റമുണ്ടെങ്കിലും, കോളേജിനു കാര്യമായ ഒരു മാറ്റവും ദൃശ്യമായില്ല. പഠന കാലത്തു താമസിച്ചിരുന്ന എസ്.എസ്. ലോഡ്ജില്‍ ഞാന്‍ മുറിയെടുത്തു. ദീര്‍ഘയാത്രയുടെ ക്ഷീണം അകറ്റാനുള്ള ഒരു കുളിയും കഴിഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി. ഒരു കാലത്തു ഞാന്‍ ചിലവഴിച്ച സ്ഥലങ്ങള്‍ ഒന്നു കൂടെ സമാധാനമായി കാണുവാനും, ചില വിവരങ്ങള്‍ ശേഖരിക്കുവാനും, കോളേജിനു ചുറ്റുപാടും ഞാന്‍ നടന്നു, ഒന്നല്ല പലവട്ടം. എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഹോസ്റ്റല്‍‍, ഒരു അപരിചിതന്‍റെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പുറമേ നിന്നു കണ്ടു. മങ്ങിയ വെളിച്ചത്തില്‍ കോളേജു മതില്‍ പണ്ടത്തെതുപോലെ ഒന്നു കൂടി ചാടികടക്കാന്‍ മനസ്സു താല്പ്പര്യപ്പെട്ടു. മനസ്സിനെ പൂര്‍ണ്ണമായും അനുസരിക്കുന്ന പ്രായത്തില്‍ നിന്നു ശരീരം വിടുതല്‍ പ്രാപിച്ചു തുടങ്ങിയിരുന്നതിനാല്‍, അത്തരം കാര്യങ്ങള്‍ക്കു ശ്രമിച്ചില്ല. നടന്നു മടുത്തപ്പോള്‍ ഞാന്‍ ഗോപിയേട്ടന്‍റെ ഹോട്ടലിലേക്കു കയറി. പണ്ടു മുതലേ അവിടെയുള്ളയാളാണു ഗോപിയേട്ടന്‍. അത്ര അത്യാധുനീക ഹോട്ടലൊന്നുമല്ല, മറിച്ചു ഒരു സാധാരണ ഭക്ഷണശാല എന്നു പറയാം.

"ഗോപിയേട്ടാ, ഒരു കുറ്റി പുട്ടും, കടലക്കറിയും", പേരു വിളിക്കുന്നതു കേട്ട് ആ വയസ്സന്‍ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി. അയാളുടെ ഓര്‍മ്മകളുടെ ശേഖരിണിയില്‍ ഇങ്ങനെയൊരു മുഖം കണ്ടെത്താനാവാഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, മുഖത്തു ഒരു അപരിചിതത്വം ശേഷിച്ചു. ഭക്ഷണം കൊണ്ടു വരുമ്പോള്‍ അയാള്‍ ചോദിച്ചു, "ആരാണെന്നു അത്ര മനസ്സിലായില്ല". "ഞാന്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ്. വീണ്ടും, പഠിച്ച സ്ഥലങ്ങള്‍ ഒന്നു കൂടി കാണാനായി വന്നതാണ്". ഗോപിയേട്ടന്‍റെ മുഖത്തു സന്തോഷം വിടര്‍ന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഇങ്ങനെ അവിടെ വരാറുണ്ട്. വരുമ്പോഴെല്ലാം ചില്ലറ കയ്യില്‍ തടയാറുമുണ്ട്. ഭക്ഷണ ശേഷം അയാള്‍ക്കു ഇരുനൂറു രൂപയുടെ നോട്ടുകള്‍ കൈമാറിക്കൊണ്ടു ഞാന്‍ ചോദിച്ചു, "പണ്ടു ഇവിടെ കോളേജു ഹോസ്റ്റലില്‍ വെട്ടി കൊല്ലപ്പെട്ട ഒരു രഘുനന്ദനെ ഓര്‍മ്മയുണ്ടോ? ഏകദേശം പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്". അയാള്‍ അപ്പോള്‍ തന്നെ പറഞ്ഞു, "അതെങ്ങനെ മറക്കാനാവും. അതിനു ശേഷം ഇവിടെ കലാപമല്ലായിരുന്നോ, കലാപം. ഒരു മാസത്തോളം ഇവിടുത്തെ ഒരു കടയും തുറന്നിട്ടില്ല. അല്ല എന്തേ ഇപ്പൊ ഇതു ചോദിക്കാന്‍?". "അല്ല, ഞാന്‍ ആ സമയമാണ് ഇവിടെ പഠിച്ചിരുന്നത്. രഘുനന്ദന്‍റെ വീടെവിടെയാണെന്നു ഗോപിയേട്ടനു അറിയാമോ?", ഞാന്‍ ചോദിച്ചു. "അതു നമ്മടെ കുണ്ടറക്കപ്പുറം വാഴക്കാലായിലാണു. വര്‍ഗീയ പാര്‍ട്ടിയുടെ വല്യ പ്രവര്‍ത്തകനായിരുന്നല്ലോ പുള്ളി. പുള്ളിയുടെ ഭാര്യയേയും, മക്കളെയും അതു കഴിഞ്ഞു ആ പാര്‍ട്ടി ഏറ്റെടുത്തു. അവരൊക്കെ ഇപ്പോള്‍ അതിന്‍റെ സജീവ പ്രവര്‍ത്തകരാണ്", അയാള്‍ അറിയിച്ചു. ഗോപിയേട്ടനു സലാം കൈമാറി ഞാന്‍ കടയില്‍ നിന്നിറങ്ങി.

രഘുനന്ദന്‍ ലാട്ടറല്‍ എന്‍ട്രി ആണെന്നറിയാമായിരുന്നെങ്കിലും, അയാള്‍ക്കു ഭാര്യയും, മക്കളുമുള്ള കാര്യം ഇപ്പോഴാണു ഞാന്‍ അറിയുന്നത്. ഞാന്‍ വന്നതിനു എന്താണെങ്കിലും ഒരര്‍ത്ഥമുണ്ടായെന്നു ഞാന്‍ ആശ്വസിച്ചു. അതു പോലെ ഞാന്‍ ചെയ്തതിന്‍റെ ആഴവും, പരപ്പും വളരെ വലുതാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധവും. പിന്നീടു അധിക സമയം അവിടെ ചുറ്റി തിരിയാതെ, ഞാന്‍ തിരികെ ലോഡ്ജിലെ മുറിയിലെത്തി. സുഖകരമായ ഒരു നിദ്ര പ്രതീക്ഷിച്ചു കട്ടിലില്‍ കിടന്നു. പഴയ ഓര്‍മ്മകള്‍ എന്‍റെ ചിന്തയെ വേട്ടയാടിക്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്കു നിപതിച്ചു. പിറ്റേന്നു പുലര്‍ച്ചെ ഞാന്‍ വഴക്കാലായിലേക്ക് പുറപ്പെട്ടു.

വഴക്കാലായില്‍ രഘുനന്ദന്‍റെ വീടു കണ്ടെത്താന്‍ അല്‍പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രതീക്ഷിച്ച പോലെ നന്നേ ചെറിയ ഒരു ഭവനമാണു എന്നെ എതിരേറ്റത്. കാളിംഗ് ബെല്‍ കേട്ടിട്ട് പത്തന്‍പതു വയസ്സായ ഒരു സ്ത്രീ കതകു തുറന്നു. തലയില്‍ അങ്ങിങ്ങായി നരയുടെ നേര്‍ത്ത പൊട്ടുകള്‍ കാണാം. "രഘുനന്ദന്‍റെ ഭാര്യ?", എന്‍റെ സംശയ ഭാവം കണ്ട അവര്‍ ഭാര്യയാണ് എന്നറിയിച്ചു. ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരാതിയ ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും നിശബ്ദത പറന്നു. ഒടുവില്‍ അവരാണു അതിനു വിരാമമിട്ടത്. "ആരാണ്?", അവര്‍ ചോദിച്ചു. എന്‍റെ ശബ്ദത്തെ വര്‍ദ്ധിച്ച ഉമ്മിനീര്‍ ഗദ്ഗദമാക്കി മാറ്റി. ബാഗില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ ഒരു പൊതി അവര്‍ക്കു കൈമാറിക്കൊണ്ടു ഞാന്‍ പറഞ്ഞു, "സഹോദരി, പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു വിവരമില്ലായ്മയുടെ നാളുകളില്‍ ഞാന്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു തെറ്റു ചെയ്തു. എന്‍റെ ജീവിതം കൊണ്ടുള്ള ഒരു ചെറിയ പരിഹാരമാണിത്". ഞാന്‍ പുറത്തേയ്ക്കു നടക്കുമ്പോള്‍ അവരെ തിരികെ നോക്കിയില്ല. അഥവാ തിരകെ നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി സ്ഥബ്ധയായി നില്‍ക്കുന്നത്  കഥാകാരന്‍ ഇപ്പോള്‍ കാണുന്നു. 

എന്‍റെ മനസ്സിന്‍റെ വലിയൊരു ഭാരമിറങ്ങിയിരുന്നു. അന്നു രാത്രിയിലെ കണ്ണൂര്‍ എക്സ്പ്രസ്സിനാണു ടിക്കറ്റു ബുക്കു ചെയ്തിരിക്കുന്നത്. ശാന്തമായ മനസ്സുമായി ഏതാനും മണിക്കൂറുകള്‍ ആ ലോഡ്ജില്‍ താമസിച്ച ശേഷം രാത്രി ഏഴു മണിയോടെ ബില്‍ സെറ്റില്‍ ചെയ്തു ഞാന്‍ പുറത്തേക്കിറങ്ങി. കോളേജിനു പുറകിലുള്ള വിജനമായ വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. പുറമേ എന്തോ കൊണ്ടു മുറിയുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടി തിരിഞ്ഞത്. "എന്‍റെ അപ്പനെ കൊന്നിട്ടു നീ അങ്ങു തിരിച്ചു പോകാമെന്നു കരുതിയല്ലേ. വെട്ടി കൊല്ലെടാ ഈ പന്നിയേ", ശരീരത്തില്‍ അങ്ങിങ്ങു പാറുന്ന വാളിന്‍റെ ശീല്‍ക്കാരത്തില്‍ എന്‍റെ ബോധം മറഞ്ഞു തുടങ്ങി. വെട്ടുന്ന ഇരട്ട സഹോദരനെയും, അയാളുടെ കൂട്ടാളികളെയും തടയുന്ന രാമചന്ദ്രനെ ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ലെങ്കിലും, രാമചന്ദ്രന്‍റെ കയ്യിലും വാളുണ്ടായിരുന്നു. "വേണ്ടടാ. ഇയാളെ എനിക്കറിയാം. വെട്ടല്ലേ", എന്ന രാമചന്ദ്രന്‍റെ ശബ്ദം അപ്പോഴും കേള്‍വി ശക്തി ശേഷിച്ചിരുന്ന എന്‍റെ കാതുകളില്‍ മുഴങ്ങി. സമയം കടന്നുപോകെ, ചോരയില്‍ കുളിച്ചൊരു ജഢം അനാഥപ്രേതമായി കോളേജു പരിസരത്തു കിടന്നു. ആ ചോരയില്‍ അപ്പനും, അമ്മയും, രണ്ടു പെണ്മക്കളുമടങ്ങുന്ന ഒരു കുടുംബ ചിത്രവും പുതഞ്ഞു കിടന്നു. പരിസരത്തുള്ള, വിപ്ലവത്തിന്‍റെ രക്തം കലര്‍ന്ന ചെങ്കൊടി, അപ്പോഴും ഉയര്‍ന്നു പാറിക്കൊണ്ടിരുന്നു.  പല കഥകളും അതില്‍ ആരംഭിക്കുന്നു. അതില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

Tuesday, July 30, 2013

ദൂരദര്‍ശിനി


കണ്ണുകള്‍ ദൂരദര്‍ശിനികളാണ്. പുറംകാഴ്ചകളെ ആസ്വദിക്കാന്‍ ഇവ ചെറുപ്പം മുതലേ ഞാന്‍ ഉപയോഗിക്കാറുണ്ട്. എന്‍റെ പ്രധാന ആസ്വാദനങ്ങളിലൊന്നാണത്. കാഴ്ചകളിലെ ഓരോ മുഖങ്ങളും എന്‍റെ ഉപബോധമനസ്സുമായി സൌഹൃദത്തില്‍ ഏര്‍പ്പെടാറുണ്ട്, അവര്‍ അറിയാറില്ലെങ്കില്‍ പോലും. രാവിലെ പല്ലുതേയ്ക്കുമ്പോള്‍ മുതല്‍ രാത്രി ഉറക്കം പിടിക്കുന്നതിനു തൊട്ടു മുന്‍പു വരെ ഞാന്‍ പുറംകാഴ്ചകള്‍ ആസ്വദിക്കുന്നു. അതിനാല്‍ തന്നെ എന്‍റെ ബോധമണ്ഡലത്തിലെ പരിചിതമുഖങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടെന്നു തോന്നുന്നു. കാഴ്ചകളില്‍ പ്രധാനപ്പെട്ടവ അന്നന്നു എന്‍റെ ഡയറിപ്പുറങ്ങളിലും സ്ഥാനം പിടിക്കാറുണ്ട്. അവ പുറംകാഴ്ചകളില്‍ നിന്നും ഞാന്‍ ഒപ്പിയെടുത്ത എന്‍റെ അകംകാഴ്ചകളാണ്.

ബാങ്കിലെ ക്ലെര്‍ക്കായ അച്ഛന്‍റെ ഒരൊറ്റ ശമ്പളത്തില്‍ പുലരുന്ന ഞങ്ങളുടെ നാലംഗ കുടുംബത്തിന്‍റെ അവസ്ഥയാവാം പുറമേ കാണുന്ന ആഢംബരങ്ങളിലേക്കു എന്‍റെ കണ്ണുകളെ ആദ്യം ആകര്‍ഷിച്ചത്. സ്വന്തമായി ശ്രമിക്കാതെ എവിടെയും എത്താനാവില്ല എന്ന ബോധം കുഞ്ഞുന്നാളിലേ മനസ്സിലുറച്ചു. പഠനത്തോടു അന്നു തുടങ്ങിയ താല്‍പ്പര്യം ഇന്നു എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴും കുറഞ്ഞിട്ടില്ല. ചേച്ചി ഭര്‍ത്താവിനോടൊപ്പം സസുഖം വാണപ്പോള്‍, ഞാന്‍ അച്ഛനോടും അമ്മയോടുമൊപ്പം വീട്ടില്‍ തനിച്ചായി. പഠിച്ചു വന്ന സ്ഥലങ്ങളിലെല്ലാം മുന്‍നിരയിലായിരുന്നതിനാല്‍ പഠനം നിര്‍ത്തുവാന്‍ ലവലേശം മനസ്സനുവദിച്ചില്ല. രണ്ടു സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനു പ്രവേശനവും നേടിയിട്ടുണ്ട്. പോകണമെന്നു മനസ്സു കൊണ്ടു ഉറപ്പിച്ചു നില്‍ക്കുമ്പോഴാണു നിറഞ്ഞ പുഞ്ചിരിയുമായി പോസ്റ്റുമാന്‍ അന്നു വീട്ടില്‍ വന്നു കയറിയത്. "ചിലവു ചെയ്യണം. അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ ആണെന്നു തോന്നുന്നു." പി.എസ്.സിയില്‍ നിന്നുള്ള ഒരു കവര്‍ കൈമാറിക്കൊണ്ടു അയാള്‍ അറിയിച്ചു. അതിനു മുകളില്‍ അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ എന്നു എഴുതിയിരുന്നു. അയാള്‍ക്കു ഒരു നൂറു രൂപ കൈമാറി സന്തോഷപൂര്‍വ്വം കവര്‍ പൊട്ടിച്ചു. ട്രഷറി വകുപ്പില്‍ ക്ലെര്‍ക്കായാണു നിയമനം. അതിന്‍റെ പരീക്ഷ എഴുതിയതു പോലും ഞാന്‍ മറന്നു തുടങ്ങിയിരുന്നു. 

"സര്‍ക്കാര്‍ ജോലി എന്നതു ചില്ലറ കാര്യമല്ല. ഇത്ര ചെറുപ്പത്തിലെ നീ ഇതു വാങ്ങിച്ചെടുത്തല്ലോ", വിവരം അറിഞ്ഞയുടന്‍ അയല്‍പ്പക്കത്തെ ലീല ചേച്ചി ഓടി വീട്ടില്‍ വന്നു. അച്ഛന്‍റെയും അമ്മയുടെയും വകയായി, വീട്ടില്‍ ആരു വന്നാലും നല്‍കുവാനായി സന്തോഷത്തിന്‍റെ ലഡ്ഢുകള്‍ നിരന്നിരിക്കുന്നുണ്ട്. "സര്‍ക്കാര്‍ ജോലി ഇത്ര വലിയ സംഭവമാണോ", ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും അതിനു പോകുന്നില്ലെന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഉപരിപഠനത്തിനു വേണ്ടിയുള്ള കാര്യങ്ങളില്‍ എന്‍റെ മനസ്സു കൂടുതല്‍ സമയം വ്യാപരിച്ചു. പി.എസ്.സിയില്‍ നിന്നും വന്ന ആ ഒരു കഷണം തുണ്ടു കടലാസ്സുണ്ടാക്കിയ ആരവങ്ങള്‍ അടങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോടു ചോദിച്ചു, "ഒരു ക്ലെര്‍ക്കു പോസ്റ്റു കിട്ടിയതിനു ആള്‍ക്കാര്‍ ഇത്ര അഭിനന്ദിക്കുന്നതെന്തിനാണ്"? "എടാ, എത്ര പേര്‍ കാത്തിരിക്കുന്നു ഒരു സര്‍ക്കാരുദ്യോഗത്തിനു വേണ്ടി. വര്‍ഷങ്ങള്‍ കളഞ്ഞിട്ടും കിട്ടാത്തവര്‍ അതിലുമേറെ. ശമ്പളവും പെന്‍ഷനുമൊക്കെയായി നിന്‍റെ ജീവിതം തന്നെ സുരക്ഷിതമായിരിക്കും", അമ്മ പറഞ്ഞു. "അമ്മ എന്താ ഈ പറഞ്ഞു വരുന്നത്, ഞാന്‍ ഈ പഠനവും കഴിഞ്ഞിട്ടു ഒരു ക്ലെര്‍ക്കു പണിക്കു പോകണമെന്നാണോ"?, എന്‍റെ ശബ്ദം അല്‍പം ഉയര്‍ന്നിരുന്നു. "നീ വന്നു കയറിയ ഐശ്വര്യത്തെ അപമാനിക്കരുത്. ചെറുപ്പത്തിലെ ഇത്ര അഹങ്കാരം നന്നല്ല. ഉപരിപഠനത്തിനു വേണ്ടിയല്ലേ നീ ഈ ബഹളങ്ങള്‍ ഉണ്ടാക്കുന്നത്‌. അതിനു വേണ്ടി എത്ര രൂപ ലോണ്‍ എടുക്കണം. ഇതൊക്കെ കഴിഞ്ഞു ജോലി കിട്ടിയില്ലെങ്കില്‍, വീടും പറമ്പുമുള്‍പ്പെടെ പോകില്ലേ. നിന്‍റെ അച്ഛന്‍ ഇത്ര നാളും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്താണിത്", അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. "അമ്മെ, എന്‍റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്. എന്താണു ചെയ്യേണ്ടതെന്ന ബോധവുമുണ്ട്. എനിക്കു ജോലി കിട്ടും", ഞാന്‍ തറപ്പിച്ചു പറഞ്ഞു. "അതു നിന്‍റെ വിശ്വാസം. വിശ്വാസങ്ങള്‍ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഒരു തീരുമാനത്തിനു മുന്‍പു നീ രണ്ടു വശങ്ങളും ആലോചിക്കണം", അമ്മ അറിയിച്ചു. പി.എസ്.സിയില്‍ നിന്നു വന്ന ആ കടലാസു അന്നു മുതല്‍ എന്‍റെ ഉറക്കം നശിപ്പിച്ചു തുടങ്ങി. അച്ഛന്‍ ഈ വാദപ്രദിപാദങ്ങളുടെ നടുവില്‍ ഒരു മൂകസാക്ഷിയായി പക്ഷം ചേരാതെ നിലകൊണ്ടു. അച്ഛന്‍റെ അഭിപ്രായം ഒരിക്കല്‍ പോലും അദ്ദേഹം പ്രകടിപ്പിച്ചില്ല. 

സമീപത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഞാന്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ജോലിക്ക് പോകുന്നുണ്ട്. ദിവസങ്ങള്‍ കടന്നു പോകെ എന്‍റെ മനസ്സിലും സംഘര്‍ഷം വര്‍ദ്ധിച്ചു. ഉപരിപഠനത്തിനു ശേഷം ജോലി ലഭിക്കുമോ എന്നു എനിക്കും ആശങ്കയായി. എന്തെങ്കിലും കാരണവശാല്‍ ജോലി ലഭിച്ചില്ലെങ്കില്‍ എന്താകും. ഇതാകുമ്പോ നാട്ടില്‍ സ്വസ്ഥമായി കഴിയാം. എന്നാല്‍ മറുവശത്തു എഞ്ചിനീയറിംഗ് വരെ പഠിച്ചത് ഒരു ക്ലെര്‍ക്കു ജോലിക്കു വേണ്ടിയാണോ എന്നുള്ളതും സംഘര്‍ഷത്തിനിടയാക്കി. ഒരു തീരുമാനമെടുക്കേണ്ടേ ദിവസങ്ങള്‍ അടുത്തു വന്നു. എന്നാല്‍ മനസ്സിലെ ഇരുപക്ഷങ്ങളും ഒരു വെടി നിര്‍ത്തലിനു ഇനിയും തയ്യാറായിട്ടില്ല. 

ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങിയതു എപ്പോള്‍ മുതലാണെന്നു വ്യക്തമായി ഓര്‍മ്മയില്ല. എന്‍റെ ദൂരദര്‍ശിനികളുടെ പരിചിത മുഖങ്ങളില്‍ പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സ്ഥിരമായി രാവിലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ നിന്നാണു ഞങ്ങള്‍ യാത്രയാകുന്നത്. ഇതു വരെ സംസാരിച്ചിട്ടില്ലെങ്കിലും എന്നും കാണുമ്പോള്‍ ഒരു പുഞ്ചിരി കൈമാറാന്‍ മറക്കാറില്ല. ആ ബസ്സ് സ്റ്റോപ്പില്‍ മറ്റു സ്ഥിരമുഖങ്ങളില്ല എന്നതാവാം അയാളിലേക്കു എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ഷര്‍ട്ട്‌ ഇന്‍സേര്‍ട്ടു ചെയ്തു വൃത്തിയോടെ വേഷം ധരിച്ചു വരുന്ന അയാള്‍, ഏതോ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കാം. കണ്ണുകള്‍ പലപ്പോഴും കള്ളം പറയുന്നതു പോലെ, അയാള്‍ കാഴ്ചകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതുമാവാം. എന്തായാലും ദിവസവും അയാള്‍ക്കു കൈമാറുന്ന പുഞ്ചിരിക്കു മുടക്കം വരുത്താന്‍ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. 

സ്ഥിരമായി പുഞ്ചിരി വിതറുന്ന ആ മുഖം, കുറച്ചു നാളുകളായി ആശങ്കാകുലമായി കണ്ടതാണു അയാളുമായി സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കൈമാറുന്ന പുഞ്ചിരികള്‍ക്കു പലപ്പോഴും മടക്കം കിട്ടാറായി. "എന്തു പറ്റി?", ഒരിക്കല്‍ ഞാന്‍ അയാളുടെ പക്കലെത്തി ചോദിച്ചു. "ഞാന്‍ ഒരു മലകയറ്റ പ്രേമിയാണ് അനിയാ. എന്നോടൊപ്പം എന്‍റെ സുഹൃത്തുക്കളും ശനിയാഴ്ചകളില്‍ മല കയറാന്‍ വരാറുണ്ട്. ആനമുടി കയറണമെന്നാണു എന്‍റെ ആഗ്രഹം. അതിനായുള്ള വഴിയും എനിക്കറിയാം. അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്. കയ്യില്‍ മുറുക്കെ പിടിച്ചാല്‍ സുഹൃത്തുക്കള്‍ക്കും എന്നോടൊപ്പം സുരക്ഷിതമായി മലമുകളില്‍ എത്താനാവും. എന്നാലും അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകുമോ എന്ന്. സമീപത്തുള്ള ടാറിട്ട റോഡിലൂടെ കയറിയാല്‍ മതിയെന്നാണു അവര്‍ പറയുന്നത്. എന്നാല്‍ അതവിടെ എത്തിച്ചേരില്ലെന്നു എനിക്കുറപ്പാണ്. ഇതിന്‍റെ തര്‍ക്കം മൂലം ഞങ്ങള്‍ക്കു ഇതു വരെ മലകയറ്റം തുടങ്ങാന്‍ സാധിച്ചിട്ടില്ല. എല്ലാ ശനിയാഴ്ചകളിലും, ഞങ്ങള്‍ പകുതി വഴിയെത്തി തിരികെ പോരുന്നു. കുറെ ആഴ്ചകളായി എന്‍റെ മലകയറ്റം മുടങ്ങിയിട്ട്", അയാള്‍ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു. "എല്ലാ ആഴ്ചയും മലകയറ്റത്തിനു പോകുന്ന സുഹൃത്തുക്കളോ?", അയാളുടെ വിവരണം കേട്ടു ഞാന്‍ അമ്പരന്നു പോയി. "അനിയാ വണ്ടി വന്നു. ഞാന്‍ പോകുന്നു. എന്തെങ്കിലും പരിഹാരം കണ്ടെത്തിയാല്‍ പറഞ്ഞു തരണം", അയാള്‍ വണ്ടിയില്‍ കയറിക്കൊണ്ടു പറഞ്ഞു. 

അന്നു വീട്ടിലെത്തി അച്ഛനോടും, അമ്മയോടുമെല്ലാം ഞാന്‍ അയാളെ പറ്റി പറഞ്ഞു. അവര്‍ക്കെല്ലാം അയാള്‍ ആശ്ചര്യമുണ്ടാക്കി. കിടക്കുമ്പോഴും അയാളെ പറ്റി മാത്രമാണു ഞാന്‍ ചിന്തിച്ചത്. പിറ്റേന്നു കാണുമ്പോഴും അയാള്‍ ദുഖിതനായിരുന്നു. "സ്നേഹിതാ, നിങ്ങള്‍ക്കു പോകേണ്ട വഴികള്‍ വ്യക്തമായി അറിയാമെങ്കില്‍ അതു സുഹൃത്തുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോരെ", ഞാന്‍ അയാളോടു ചോദിച്ചു. "പക്ഷെ അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകില്ലേ എന്നാണു അവര്‍ ചോദിക്കുന്നത്.", അയാള്‍ പറഞ്ഞു. "അവര്‍ക്കു ഭയം ജനിപ്പിക്കുന്നതു താങ്കളുടെ ആത്മവിശ്വാസക്കുറവാണ്. ലക്ഷ്യത്തെ പറ്റിയും അതു നേടാനുള്ള വഴികളെ പറ്റിയും വ്യക്തമായ ധാരണയുണ്ടെങ്കില്‍ കേള്‍ക്കുന്ന ആര്‍ക്കും സംശയം ജനിക്കില്ല. മലമുകളില്‍ എത്താനുള്ള താങ്കളുടെ ആഗ്രഹത്തെ പറ്റിയും, അതിനായി കയറുന്ന വഴികളെ പറ്റിയും താങ്കള്‍ അവരോടു സംസാരിക്കണം. താങ്കള്‍ക്കു അവരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, താങ്കളുടെ പദ്ധതികളില്‍ എവിടെയോ അവ്യക്തതയുണ്ടെന്നു സംശയിക്കാം. ആ അവ്യക്ത ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവണം താങ്കള്‍ ഇനി ശ്രമിക്കേണ്ടത്. ഇന്നു വീട്ടില്‍ പോയി, പോകാന്‍ ഉദ്ദേശിക്കുന്ന പാതയെ പറ്റിയും, അതിലോരോ സ്ഥലത്തു വരാന്‍ സാധ്യതയുള്ള ദുര്‍ഘടങ്ങളെ പറ്റിയും, അവയോരോന്നും എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും തീരുമാനിച്ചുറപ്പിക്കണം. താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കും. പിന്നെ ഭാവി എന്നതു അല്‍പം അപ്രതീക്ഷിതമാണ്. അതിനെപറ്റിയും സുഹൃത്തുക്കളോടു സംസാരിക്കണം", ഞാന്‍ പറഞ്ഞു. അയാളുടെ മുഖത്തു വിഷാദം സാവധാനം മാറിത്തുടങ്ങുന്നതു ഞാന്‍ ശ്രദ്ധിച്ചു.

പിറ്റേന്നു അയാള്‍ ബസ്സ് സ്റ്റോപ്പില്‍ വച്ചു എന്‍റെ പക്കലേക്കു ഓടി വന്നു പറഞ്ഞു, "അനിയന്‍റെ ഉപദേശം പോലെ  ഞാന്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. അവര്‍ എന്‍റെ കൂടെ മല കയറാന്‍ വരാമെന്നു സമ്മതിച്ചു". ഞാനും അയാളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ഞാന്‍ ചോദിച്ചു, "താങ്കള്‍ എന്തു ചെയ്യുകയാണെന്നും, എവിടെയാണു താമസമെന്നും ഇതു വരെ ചോദിച്ചില്ലല്ലോ". അയാള്‍ അതിനു ദീര്‍ഘമായൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "അല്ല, അതിനെന്തിനാ താങ്കള്‍ ഇത്ര മാത്രം ചിരിക്കുന്നത്"? ഞാന്‍ വീണ്ടും ചോദ്യം ഉന്നയിച്ചു. അയാള്‍ അല്‍പം ആലോചിച്ച ശേഷം പറഞ്ഞു, "എനിക്കു സ്വന്തമായി ഒരു വ്യക്തിത്വമില്ല. അനിയനോടു ചേര്‍ന്നിരിക്കുമ്പോഴേ ഞാനുള്ളു". അയാള്‍ സാവധാനം മുന്നില്‍ നിന്നു മറഞ്ഞു. ആ ശബ്ദങ്ങള്‍ എന്‍റെ മനസ്സാക്ഷിയില്‍ മുഴങ്ങി. 

പിന്നീടൊരിക്കലും ആ സ്റ്റോപ്പില്‍ ഞാന്‍ അയാളെ കണ്ടില്ല. 

Sunday, June 23, 2013

സ്വപ്നാടനം


അന്നു പുലര്‍ച്ചെ തുടങ്ങിയ മഴ ഉച്ചയായിട്ടും തോര്‍ന്നിരുന്നില്ല. വാഴപ്പിള്ളി, വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ പള്ളിയും, പരിസരങ്ങളും മഴയത്തും തണുപ്പിലും വിറങ്ങലിച്ചു നിന്നു. നിരന്തരമായ പേമാരിയിലും, വിശുദ്ധന്‍റെ പ്രതിമ അതേ ഗാംഭീര്യത്തില്‍ നിലകൊണ്ടു. വ്യാളിയുടെ വായിലേക്കു കുന്തം കയറ്റുന്ന ആ പ്രതിമയിലൂടെ ജലകണങ്ങള്‍ ധാരയായി പ്രവഹിച്ചു. അകത്തു സങ്കീര്‍ത്തിയില്‍, ജെറി ധൂപക്കുറ്റി ഒരുക്കുന്നതിന്‍റെ തിരക്കിലായിരുന്നു. പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുന്നുണ്ട്. ധൂപക്കുറ്റിയിലെ ചിരട്ടക്കരിയില്‍ നിന്നുയര്‍ന്ന ചൂട്, അവനു താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. അതില്‍ കുന്തിരിക്കം വെന്തുരുകുമ്പോള്‍ ഉയരുന്ന സുഗന്തപൂരിയായ പുക സ്വര്‍ഗലോകം വരെ പ്രവഹിച്ചു. കപ്യാരായ ജെറി, ഇതുപോലെ എത്രയോ കുര്‍ബ്ബാനകള്‍ക്കു കുന്തിരിക്കം പുകച്ചിരിക്കുന്നു. വിവാഹ ശേഷം ദമ്പതികളും, ആഘോഷങ്ങളും പള്ളിയില്‍ നിന്നും മടങ്ങി. അവിടെ വിശുദ്ധനും, അച്ചനും, കപ്യാരും, നിശബ്ദതയും മാത്രം ശേഷിച്ചു.

"ഹൊ, എന്നാ മഴയാ അച്ചാ", പള്ളിവാതിലുകള്‍ അടച്ചു തിരികെയെത്തിയ ജെറി പറഞ്ഞു. "തകര്‍ത്തങ്ങനെ പെയ്യെട്ടെടാ. മഴ മാറുമ്പോള്‍, വസന്തം വരും, അതു കഴിയുമ്പോള്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും, തണുപ്പു പരക്കും, വേനല്‍ വരും. പൂര്‍ത്തിയാകാത്ത തിരക്കഥ കണക്കെ ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കയല്ലേ. ശേഷിക്കുന്ന മണിക്കൂറുകള്‍ കുറയുന്നു എന്നതിന്‍റെ ഓര്‍മ്മപെടുത്തലാണ് ഓരോ മഴയും. ഇതൊന്നും ചിന്തിക്കാതെയും, മനസ്സിലാക്കാതെയും, മഴയെയും വെയിലിനേയും കുറ്റം പറഞ്ഞും, ഒരു സമൂഹം നമുക്കു ചുറ്റും ജീവിക്കുന്നു". ഒന്നും മനസ്സിലാകാത്ത അവന്‍റെ മുഖം അറിയാതെ വിടര്‍ന്നു പോയി. "നിന്‍റെ ഡിഗ്രി പരീക്ഷ എങ്ങനുണ്ടായിരുന്നു?", അച്ചന്‍ ചോദിച്ചു. "അതു കുഴപ്പില്ലായിരുന്നു. ഞാന്‍ ഇതു കഴിയുമ്പോള്‍ പഠിത്തം നിര്‍ത്തുവാണ്. എനിക്കീ പള്ളിയേം, പുണ്യാളനേം ഒന്നും വിട്ടു പോവാന്‍ വയ്യ. ഞാന്‍ ഇവിടെത്തന്നെയങ്ങു കൂടാന്‍ പോകുവാ". "നിന്‍റെയീ തീരുമാനം ഒരു മണ്ടത്തരം എന്നേ ഞാന്‍ പറയൂ. പഠനത്തിന്‍റെ കാലത്തു അതു മടുത്താല്‍, ജോലി സമയത്തു ജോലിയും, വാര്‍ദ്ധക്യത്തില്‍ വാര്‍ദ്ധക്യവും നീ വെറുക്കും. പഠനം ഇപ്പോഴേ സാധിക്കൂ. അതു നീ ആവുന്നത്ര പഠിക്കണം. അപ്പനും, അമ്മയും ഇല്ലായെന്നോര്‍ത്തു നീ വിഷമിക്കേണ്ട. ചെലവു എത്ര വരുമെന്നു പറഞ്ഞാല്‍ മതി. ഞങ്ങളും ജീവിത കാലത്തു കുറച്ചു സത്ക്കര്‍മ്മങ്ങള്‍ ഒക്കെ ചെയ്യെട്ടെടാ", അച്ചന്‍ പ്രതികരിച്ചു. അവന്‍ തല കുലുക്കി.

സമയം സന്ധ്യയായി. പള്ളിയില്‍ പ്രാര്‍ത്ഥനാ മണി മുഴങ്ങി. ആ മുഴക്കം പ്രകൃതിയില്‍ നേര്‍ത്തു അലിഞ്ഞില്ലാതായി. പണ്ടു ആളുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ആ ശബ്ദം, ഇപ്പോള്‍ ഒരു ചലനവും ഉണ്ടാക്കാതെ ആളുകളുടെ ചെവിയിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആല്‍ബെര്‍ട്ടച്ചന്‍റെ സന്തതസഹചാരിയാണു ജെറി. പള്ളിമുറിയില്‍ നിന്നു പ്രാര്‍ത്ഥനാശബ്ദങ്ങളുയര്‍ന്നു. പ്രാര്‍ത്ഥനാമണിക്കൂറുകളില്‍, ആത്മീയമായ ഒരു സമാധാനം അവന്‍ അറിഞ്ഞു. "സമാധാനപരമായ ഒരു അവസ്ഥയെയായിരിക്കും ഈ സ്വര്‍ഗ്ഗം എന്നൊക്കെ പറയുന്നതു അല്ലെ അച്ചാ", അവന്‍ ചോദിച്ചു. "അപ്പോള്‍ നീ കാര്യങ്ങള്‍ പഠിച്ചു വരുന്നുണ്ട്", അച്ചന്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പതിവായി അവരൊരുമിച്ചാണു ഭക്ഷണം കഴിക്കുന്നത്‌. ഭക്ഷണ ശേഷം വീണ്ടും അവര്‍ സംസാരിച്ചിരിക്കാറുണ്ട്. അവന്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, സമയം ഒന്‍പതൊന്‍പതരയാവും. വീട്ടില്‍ ആരും കാത്തിരിക്കാനില്ലല്ലോ എന്നതാണു ഇതിനുള്ള അവന്‍റെ ന്യായം. 

അവന്‍ വീട്ടിലേക്കു പോകുന്നതു, സെമിത്തേരിയുടെ സമീപത്തുകൂടിയാണ്. ഇടയ്ക്കിടക്കു കാണാറുള്ളതു പോലെ, അന്നും അവന്‍ അവിടെ ആളനക്കം അറിഞ്ഞു. മരിച്ചു മണ്ണടിഞ്ഞ കിഴക്കേക്കര ഔതച്ചേട്ടനും, കാപ്പില്‍ വര്‍ക്കി ചേട്ടനും കല്ലറകള്‍ക്കു മുകളിരുന്നു കുശലം പറയുന്നു. വേറെ കുറെ ആളുകളെയും അവിടെ കാണാനാവുന്നുണ്ട്. ഇടയ്‌ക്കൊക്കെ കാണാറുള്ളതിനാല്‍ ഈ കാഴ്ച അവനു ഭയം ജനിപ്പിച്ചില്ല. "എടാ കൊച്ചനെ, നീ ഇവിടെ മണി അടിച്ചു നില്‍ക്കാതെ, പോയി നാലക്ഷരം പഠിക്കെടാ. അടുത്ത മാസം എന്‍റെ മോന്‍ സാംകുട്ടി അമേരിക്കയില്‍ നിന്നും വരുന്നുണ്ട്. നന്നായി പഠിച്ചാല്‍ നിന്‍റെ കാര്യം ഞാന്‍ അവനോടു പറയാം", വെറ്റില മുറുക്കികൊണ്ടു, ഔതച്ചേട്ടന്‍ അവനോടു പറഞ്ഞു. "എനിക്കങ്ങനെ ആരുടേയും ശുപാര്‍ശയില്‍ പണിയെടുക്കണ്ടാ. അല്ല, നിങ്ങളൊക്കെ മരിച്ചു കഴിഞ്ഞിട്ടും എന്താ ഇവിടെ ചുറ്റിയടിച്ചു നില്‍ക്കണേ? ഞാന്‍ കുരിശു കാണിക്കണോ", അവന്‍ തമാശയായി ചോദിച്ചു. ഒന്നു നീട്ടിത്തുപ്പികൊണ്ടു ഔതച്ചേട്ടന്‍ പറഞ്ഞു, "ഒന്നു പോടാ കൊച്ചനെ, നീ ഞങ്ങളെ പേടിപ്പിക്കുവാ?", ഇതും പറഞ്ഞു അയാള്‍ ചിരിച്ചു, അതില്‍ അവിടെയുള്ള മറ്റുള്ളവരും പങ്കാളികളായി. "ഞാന്‍ വീട്ടില്‍ പോണു. സമയം കുറെയായി", അവന്‍ നടന്നു. "കുറച്ചു സമയം കഴിഞ്ഞിട്ടു പോകാമെടാ. ബാക്കിയുള്ളവര്‍ക്കാര്‍ക്കും ഞങ്ങളെ കാണാന്‍ പറ്റുന്നില്ല", അവന്‍ തിരികെ നടക്കുമ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു. ഈ കാഴ്ച്ചകളോടു, അവന്‍ അറിയാതെ തന്നെ അവന്‍റെ മനസ്സു സൗഹൃദം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചെറുപ്പകാലം മുതല്‍ കണ്ടു വളര്‍ന്ന പരിചിതമുഖങ്ങളോടു, അവനു അല്‍പ്പം പോലും ഭയം തോന്നിയില്ല. സമീപത്തു പള്ളിയുള്ളതും അവനൊരു ചെറു ധൈര്യം പകര്‍ന്നു. "അച്ചാ, ഞാന്‍ ഇന്നലെയും സെമിത്തേരിയില്‍ ആളുകളെ കണ്ടു", പിറ്റേന്നു പ്രഭാതകുര്‍ബ്ബാനയ്ക്കെത്തിയ അവന്‍ പറഞ്ഞു. "ഈയിടെയായി ഇതല്‍പ്പം കൂടുന്നുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍, നമുക്കു ആ പൈലി ഡോക്ടറെ ഒന്നു കൂടി കാണേണ്ടി വരും", അച്ചന്‍ പറഞ്ഞു. അവന്‍ പിന്നീടു കൂടുതലൊന്നും പറഞ്ഞില്ല. ചെറുപ്പത്തില്‍, അപ്പന്‍ മരിച്ചപ്പോള്‍ ജെറി മാനസീകമായി അസ്വസ്ഥനായിരുന്നു. പൈലി ഡോക്ടറാണു അന്നു അവനെ ചികത്സിച്ചത്. ഇത്തരം കാഴ്ചകള്‍, സ്വാഭാവീകമായും, അവന്‍റെ രോഗാതുരമായ മനസ്സിന്‍റെ സൃഷ്ടിയാണെന്നാണു അച്ചന്‍ കരുതുന്നത്. 

ദിവസങ്ങളും, മാസങ്ങളും കടന്നു പോയി. പള്ളിയിലും, മണിശബ്ദങ്ങളിലുമായി ജെറിയുടെ ജീവിതം ഒരു മാറ്റവും കൂടാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ രാത്രിയില്‍ പള്ളിയില്‍ നിന്നു തിരികെ പോരുമ്പോള്‍, സെമിത്തേരിയുടെ മതിലില്‍ ഒരു മദ്ധ്യവയസ്കന്‍ ഇരിക്കുന്നതു അവന്‍ കണ്ടു. മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിയെങ്കിലും അവനു ആളെ മനസ്സിലായില്ല. കാവി ജുബ്ബയും, അതിനൊപ്പിച്ച പാന്റുമായിരുന്നു വേഷം. എന്നിരിക്കിലും, അയാള്‍ അതിനു പുറത്തുകൂടി അരപ്പട്ട ധരിച്ചിരുന്നു. അല്‍പ്പം കാറ്റു പോലും വീശാതെ പ്രകൃതി നിശ്ചലമായി നിന്ന ആ രാത്രിയില്‍ പള്ളിയിലെ കുരിശു വൈദ്യുതിദീപങ്ങളുടെ പ്രകാശത്തില്‍ തിളങ്ങി നിന്നു. "ആരാണ്?", അവന്‍ ചോദിച്ചു. "ഞാന്‍ തെക്കെപുറത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു‌. ഇവിടെ പോസ്റ്റാഫീസിലാണു ജോലി. പേരു സെബാന്‍", അയാള്‍ പറഞ്ഞു. "സെബാനോ? അതെന്നാ പേരാ? അതു പോട്ടെ, ഞാന്‍ ജെറി. ഇവിടുത്തെ കപ്യാരാണ്. എന്നാലും താങ്കളെന്തിനാണു ജുബ്ബയ്ക്കു മുകളില്‍ അരപ്പട്ട കെട്ടിയിരിക്കുന്നത്?", അവന്‍ ചോദിച്ചു. "ഞാന്‍ സായാഹ്നങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഇതു ധരിക്കാറുണ്ട്. പരമ്പരാഗത വേഷമാണ്", അയാള്‍ പറഞ്ഞു. "ഇവിടെയിങ്ങനെ അധിക സമയം ഒറ്റയ്ക്കിരിക്കേണ്ട. ഇതിനുള്ളില്‍ പലരെയും രാത്രികാലങ്ങളില്‍ ഞാന്‍ കാണാറുണ്ട്‌.", അവന്‍ പറഞ്ഞു. "അതൊന്നും എനിക്കു പേടിയില്ല ജെറി. ഞാന്‍ അല്‍പ സമയം ഒറ്റക്കിരിക്കട്ടെ", അയാള്‍ പറഞ്ഞു. അവന്‍ അവിടെ നിന്നും വീട്ടിലേക്കു മടങ്ങി. പൈലി ഡോക്ടര്‍ എന്ന നാമം ഈ സംഭവങ്ങള്‍ അച്ചനോടു പറയുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചു.

പല രാത്രികളിലും അവന്‍ സെബാനെ കണ്ടു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഇക്കാലയളവില്‍ വര്‍ധിച്ചു വന്നു. തണുപ്പു കാലം വേനലിനു വഴിമാറി. വൈദീക ബ്രഹ്മചര്യം, ആത്മീയത തുടങ്ങി രാഷ്ട്രീയ കാര്യങ്ങള്‍ വരെ അവരുടെ സംഭാഷണത്തിനു വിധേയമായി. സെബാനുമായുള്ള സമ്പര്‍ക്കം അവന്‍റെ ബൌദ്ധീക തലത്തിലും മാറ്റം വരുത്തി തുടങ്ങി. ഒരിക്കല്‍ അയാള്‍ ജെറിയുടെ വീട്ടില്‍ വന്നു. അവിടെവച്ചാണയാള്‍ സൂസിയുടെ ചിത്രം ആദ്യമായി കാണുന്നത്. പാസ്പോര്‍ട്ട്‌ ഫോട്ടോയുടെ അത്ര മാത്രം വലിപ്പമുള്ള ഒരു കൊച്ചു ചിത്രം. "ആരാണെടാ ഇത്?", അയാള്‍ കൌതുകപൂര്‍വ്വം അവനോടു ചോദിച്ചു. അവന്‍ അതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ചേട്ടനു ആരോടും ഇഷ്ടമൊന്നും തോന്നിയിട്ടില്ലേ?", അവന്‍ ചോദിച്ചു. "അതിനൊന്നും സമയം ലഭിച്ചില്ല. ഇനി അതൊന്നും നടക്കത്തുമില്ല." അയാള്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "ഈ കുട്ടി ഇപ്പോള്‍ എന്തു ചെയ്യുന്നു?" "അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ ബാംഗ്ലൂരോ മറ്റോ ആണ്. എന്നാലും ഫോട്ടോ കളയാന്‍ തോന്നിയില്ല", അവന്‍ പറഞ്ഞു. അവന്‍ അടുക്കളയില്‍ പോയി അയാള്‍ക്കായി കട്ടന്‍ ചായ അനത്തി. സിമിന്റിന്‍റെ നേരിയ അംശം പോലും ഇല്ലാത്ത ആ വീട്ടിലാകെ മൂന്നു മുറികളെ ഉണ്ടായിരുന്നുള്ളൂ.

ഗ്ലാസ്സിലുള്ള കട്ടന്‍ ചായയുടെ ഉയര്‍ന്നു പൊങ്ങുന്ന ആവിയെ അവന്‍റെ നിശ്വാസം പല വഴിക്കു ചിതറിച്ചു. "അവള്‍ എന്‍റെ കൂടെയാണു വേദപാഠം പഠിച്ചത്. ഏതു ക്ലാസ്സില്‍ വച്ചാണു താല്‍പ്പര്യം വന്നു തുടങ്ങിയതു എന്നോര്‍മ്മയില്ല. ആദ്യമൊക്കെ പ്രണയം എന്ന പാപചിന്ത എന്നില്‍ കയറിയതിനെപറ്റി ഞാന്‍ വളരെ ദുഖിച്ചിരുന്നു. അവള്‍ എപ്പോഴും എന്നില്‍ ഒരാന്തല്‍ ഉണ്ടാക്കിയിരുന്നു. അവളറിയാതെ ഞാന്‍ അവളുടെ പിന്നാലെ സൈക്കിളില്‍ സഞ്ചരിച്ചു. അവളറിയാതെ അവളുടെ വീട്ടിലേക്കു ഞാന്‍ കണ്ണുകള്‍ പായിച്ചു. അവള്‍ എന്നെ അക്കാലത്തു ശ്രദ്ധിച്ചിരുന്നോ എന്നെനിക്കോര്‍മ്മയില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണു ഞാന്‍ ആദ്യമായൊരു കത്തു കൊടുക്കുന്നത്. ആരും കാണാതെ അവള്‍ അത് മേടിച്ചു വേദോപദേശ പുസ്തകത്തിനുള്ളില്‍ വച്ചു. നടന്നു പോകുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ഒന്നല്ല, പലവട്ടം", അവന്‍ സംസാരത്തിനിടയില്‍ ഗ്ലാസ്സില്‍ നിന്നു ചായ കുടിച്ചുകൊണ്ടിരുന്നു. "നടക്കാതെ പോയ മറ്റൊരു പ്രണയകാവ്യം കൂടി", അയാള്‍ ചിരിച്ചു.

"വര്‍ഷങ്ങളോളം അവള്‍ക്കു എന്നെ ഇഷ്ടമായിരുന്നു. പക്ഷെ ഒരു കപ്യാരുടെ മകനു ആരെങ്കിലും മകളെ കല്യാണം കഴിപ്പിക്കുമോ? കോളേജു വിദ്യാഭ്യാസവും, പുറം ലോകവും അവളെയും വളരെയധികം മാറ്റി. ഞാന്‍ അന്നും ഇന്നും ഈ പള്ളിയോടും, പുണ്യാളനോടും ചേര്‍ന്നിരിക്കുന്നു. അവളുടെ കല്യാണത്തിനും ഞാനാണു കുന്തിരിക്കം പുകച്ചത്", അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷെ അതിലൊരു നനവിന്‍റെ ഗന്ധം അലിഞ്ഞിരുന്നു. "അതിനു ശേഷവും ആ ഫോട്ടോ കളയാന്‍ എനിക്കു തോന്നിയില്ല. അതെന്‍റെ ഒപ്പമുണ്ട്", അവന്‍ പറഞ്ഞവസാനിപ്പിച്ചു. "നേരം വൈകിയിരിക്കുന്നു. ഞാനിറങ്ങട്ടെ.", അയാള്‍ പറഞ്ഞു. "ഇതൊന്നും ആല്‍ബെര്‍ട്ടച്ചനു പോലും അറിയില്ലാട്ടോ", അയാള്‍ ഇറങ്ങുംനേരം അവന്‍ പറഞ്ഞു.

"എടാ ജെറി, എന്നാലും ആ സൂസീടെ കാര്യം നീ ഇത്ര നാളായിട്ടും പറഞ്ഞില്ലല്ലോടാ. ഞങ്ങള് നടത്തിതരത്തില്ലായിരുന്നോ?", മറ്റൊരു രാത്രിയില്‍, സെമിത്തേരിയില്‍ നിന്നും ഔതച്ചേട്ടന്‍ വിളിച്ചു പറഞ്ഞു. അവരെങ്ങനെ ഇതറിഞ്ഞു എന്നതിനെ പറ്റി അവന്‍ ആശ്ചര്യപ്പെട്ടു. "നീ ഞെട്ടുവൊന്നും വേണ്ട. നമ്മുടെ ആ സെബാന്‍ പറഞ്ഞതാ. നിന്നെ പോലെ അയാള്‍ക്കും ഞങ്ങളെ കാണുവോം, ഞങ്ങളോടു മിണ്ടുവോമൊക്കെ ചെയ്യാം.", ഔതച്ചേട്ടന്‍ പറഞ്ഞു. "ഒന്നു പതുക്കെ പറ എന്‍റെ ഔതച്ചേട്ടാ. നാട്ടുകാരാരെങ്കിലും കേള്‍ക്കും", അവന്‍ തിരികെ പറഞ്ഞു. "നീ ഇങ്ങോടു വാടാ. നിങ്ങടെ കല്യാണം ഞങ്ങള്‍ നടത്തിത്തരും", പാറേലെ അന്തോണി ചേട്ടനാണു ഇതിനുള്ള ആവേശം കാണിച്ചത്. "ജീവിച്ചു തുടങ്ങിയേ ഉള്ളു അപ്പച്ചാ. ഇപ്പഴേ നിങ്ങടെ അടുത്തേക്കു വരാനൊന്നും പറ്റത്തില്ല.", അവന്‍ പറഞ്ഞു. 

അടുത്ത അദ്ധ്യായന വര്‍ഷത്തേക്കു, ഉപരിപഠനത്തിനു ജെറിക്കായി ആല്‍ബെര്‍ട്ടച്ചന്‍ ഒരു സീറ്റു സംഘടിപ്പിച്ചു. പള്ളിയില്‍ നിന്നും വിട്ടു പോകാന്‍ മടിച്ചു നിന്ന അവനോടായി അച്ചന്‍ പറഞ്ഞു, "നീ ഒരു രണ്ടു വര്‍ഷം ഈ കപ്യാരു പണിയില്‍ നിന്നും മാറി നിന്നാല്‍ മതി. അതു കഴിയുമ്പോള്‍ തിരിച്ചിങ്ങു വരാം. നിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്, നിന്നോടു പോലും ചോദിക്കാത്തത്. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ മാത്രം പോകാതിരുന്നാല്‍ മതി". ഗത്യന്തരമില്ലാതെ അവന്‍ സമ്മതിച്ചു.

വേനലില്‍ പൊരിഞ്ഞു കിടന്ന മണ്ണിനു ആശ്വാസമായി ആദ്യ മഴയെത്തി. മഴയില്‍ വീണ്ടും ആ പള്ളിയും, പുണ്യാളന്‍റെ പ്രതിമയും നനഞു. വളരെ നാളുകള്‍ക്കു ശേഷം, അന്നു രാത്രിയില്‍ അവന്‍ വീണ്ടും സെബാനെ കണ്ടു മുട്ടി, പതിവു പോലെ സെമിത്തേരിയുടെ മതിലില്‍ അരപ്പട്ടയൊക്കെ ധരിച്ചായിരുന്നു അയാളുടെ ഇരുപ്പ്. "കുറെ നാളായല്ലോ കണ്ടിട്ട്, എവിടായിരുന്നു?". "ഞാനൊന്നു വീടു വരെ പോയിരുന്നെടാ", അയാള്‍ പറഞ്ഞു. ദൂരെ നിന്നു മഴയുടെ തണുപ്പിക്കുന്ന ആരവം ഒഴുകിയെത്തി. തുള്ളികളായും, ജലപ്രവാഹമായും അതു താഴേക്കൊഴുകി. അവന്‍ അയാളെ കുടയിലേക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു, "വീണ്ടും മറ്റൊരു മഴക്കാലം. നിൽക്കുവാൻ താൽപ്പര്യമില്ലാത്ത പമ്പരം കണക്കെ കാലവും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നപോലെ. ഒന്നിനും ഒരു മാറ്റവുമില്ല". മഴ അപ്പോഴേയ്ക്കും പൂര്‍ണ്ണ ശക്തി പ്രാപിച്ചിരുന്നു. കനത്ത മഴ അവരുടെ സഞ്ചാരത്തിനും ഇടയ്ക്കിടയ്ക്കു വിഘാതം സൃഷ്ടിച്ചു. "നീ സ്കൂള്‍ കാലം ഓര്‍മ്മിക്കുന്നുണ്ടോ? അന്നൊക്കെ ഓരോ ക്ലാസ്സു ജയിക്കുമ്പോഴും, അടുത്ത പഠിക്കാനുള്ള ക്ലാസ്സുകളുടെ എണ്ണമാണു മനസ്സില്‍ തെളിയുക. സമയത്തിനു തീരെ വേഗത ഇല്ലാത്തതു പോലെ. എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എല്ലാം ഞൊടിയിടയില്‍ കടന്നു പോയതായി തോന്നുന്നില്ലേ. ഇപ്പോഴുള്ള മഴ നീ കണ്ടോ? പണ്ടു മഴക്കാലം, സ്കൂള്‍ തുറക്കുന്നതിന്‍റെ ഒരു ചെറിയ ഭയം ജനിപ്പിച്ചിരുന്നു. അതിനു പുത്തന്‍ പുസ്തകങ്ങളുടെ ഗന്ധമുണ്ടായിരുന്നു. ഇന്നും മഴ പെയ്യുന്നു. എന്നാല്‍ അവ പ്രത്യേകിച്ചൊരു വികാരവും സമ്മാനിക്കാതെ പെയ്തൊഴിയുന്നു. കാലം ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ജീവിതങ്ങളും, മുഖങ്ങളും, സാഹചര്യങ്ങളും മാറും". ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ തുടര്‍ന്നു, " ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ പറയുന്നതു പോലെ, മാറ്റം എന്നൊന്നു അടിസ്ഥാനപരമായി ഇല്ല തന്നെ. നന്മയുടെയും, തിന്മയുടെയും അടയാളങ്ങള്‍ മാത്രം ശേഷിക്കും. ജീവിതത്തില്‍ ആവോളം നന്മ ചെയ്യുന്ന നിന്നെ കണ്ടു പില്‍ക്കാലത്തു മറ്റുള്ളവര്‍ അസൂയപ്പെടും. യഥാര്‍ത്ഥ ജീവിതം ഇവിടെയല്ല. അതു വരാന്‍ കിടക്കുന്നതേയുള്ളു", അപ്പോഴേയ്ക്കും അവന്‍റെ വീടെത്തിയിരുന്നു. "നാളെ നമുക്കൊരു യാത്ര പോകാനുണ്ട്. യാത്രയില്‍ സൂസിയേയും കൂട്ടാം", അയാള്‍ തിരികെ നടക്കുമ്പോള്‍ പറഞ്ഞു. സൂസി എന്ന വാക്കു കേട്ടു ജെറി ഒന്നു ഞെട്ടിയെങ്കിലും അവന്‍ അതു പുറമേ പ്രകടിപ്പിച്ചില്ല.

പിറ്റേന്നു ആല്‍ബെര്‍ച്ചട്ടന്‍ പറഞ്ഞതനുസരിച്ചു, ഉച്ചയോടെ പള്ളിയിലേക്കു പോവുകയായിരുന്ന ജെറിയുടെ ഓട്ടോയുടെ നേരെ ഒരു ലോറി നിയന്ത്രണം വിട്ടു പാഞ്ഞടുത്തു. അല്‍പ സമയത്തേക്കു ബോധം നഷ്ടപ്പെട്ട  അവന്‍, ബോധം തെളിഞ്ഞപ്പോള്‍ ആദ്യം നോക്കിയതു, ഓട്ടോ ഓടിച്ചിരുന്ന വ്യക്തിക്കു എന്തെങ്കിലും സംഭവിച്ചോ എന്നതാണ്. ഭാഗ്യം, ഒന്നും സംഭവിച്ചില്ല. അയാള്‍ സമീപത്തു നില്‍ക്കുന്നുണ്ട്. സമയം വൈകിയതിനാല്‍ അയാളോടു യാത്ര പറഞ്ഞു ജെറി പള്ളിയിലേക്കോടി. "അച്ചാ ഞാന്‍ വന്ന ഓട്ടോ അപകടത്തില്‍ പെട്ടു. ഭാഗ്യത്തിനു ഒന്നും സംഭവിച്ചില്ല", എന്നാല്‍ അച്ചന്‍ ഒന്നും കേട്ടില്ലെന്നു തോന്നുന്നു. ആകുന്നത്ര ഉറക്കെ പറഞ്ഞിട്ടും, അച്ചന്‍ ഒന്നും കേള്‍ക്കുന്നില്ല. അവന്‍ അച്ചനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും,  അതിനും സാധിക്കുന്നില്ല. ഒരു ഫോണ്‍ വന്നു അച്ചന്‍ തിരക്കിട്ടു പുറത്തേക്കു പോകുന്നതും അവന്‍ കണ്ടു. വര്‍ഷങ്ങളായി കണ്ടും, അനുഭവിച്ചും കഴിഞ്ഞ ആ പള്ളിക്കുള്ളില്‍ അവന്‍ കയറി. 

****************

"എന്നാലും നമ്മുടെ ജെറി ഇത്ര ചെറുപ്പത്തിലെ പോയല്ലോ",  കുഴിവെട്ടുകാരന്‍ തോമ്മാ സഹായിയോടായി പറഞ്ഞു. "ആ ഓട്ടോ ഒടിഞ്ഞു മടങ്ങിപ്പോയി. ഡ്രൈവറും, അവനും തല്‍ക്ഷണം മരിച്ചതായാണു കേട്ടത്", അയാള്‍ കുഴി വെട്ടിക്കൊണ്ടു പറഞ്ഞു. "ഇതു കഴിഞ്ഞിട്ടു വേണം മറ്റേ കുഴി വെട്ടാന്‍. നമ്മുടെ നിരപ്പേലെ അപ്പച്ചന്‍ മുതലാളീടെ മോള്‍ടെത്. ആത്മഹത്യയായിരുന്നു എന്നാ കേള്‍ക്കണേ", "ആ കോച്ചിന്‍റെ പെരെന്നാ ചേട്ടാ", മണ്ണു മുകളിലേക്കു കയറ്റുന്നതിനിടയില്‍ സഹായി ചോദിച്ചു. "സൂസി എന്നോ മറ്റോ ആണ്. പേരിലിപ്പോ എന്തിരിക്കുന്നു", തോമ്മാ ചോദിച്ചു.

ആകാശം കാര്‍മേഘത്താല്‍ മൂടി. ഉച്ചയായിരുന്നിട്ടു കൂടി സായാഹ്നത്തിന്‍റെ പ്രതീതിയായിരുന്നു. കനത്ത മഴ ആകാശത്തും ഭൂമിയിലും പ്രകമ്പനങ്ങള്‍ സൃഷ്ട്ടിച്ചു. അവന്‍റെ മേല്‍ അവസാന തരി മണ്ണിടുമ്പോള്‍ ആ വൈദീകന്‍റെ കൈ വിറച്ചു. ഇടതൂര്‍ന്ന മഴയിലും പുണ്യാളന്‍റെ പ്രതിമയിലെ അരപ്പട്ട തിളങ്ങി നിന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ മടങ്ങും" എന്ന ശബ്ദം അവിടെ മാറ്റൊലി കൊണ്ടു. 

Monday, May 27, 2013

കാലം


സമയത്തിനു രണ്ടു മുഖങ്ങളുണ്ട്. അതിലൊന്നു നല്ല കാലമായും, മറ്റൊന്നു മോശം കാലമായും നമുക്കു അനുഭവപ്പെടുന്നു. പരസ്പര ആപേക്ഷികത്വത്തില്‍ നിലനില്‍ക്കുന്ന ഇവ മനുഷ്യ മനസ്സിന്‍റെ സൃഷ്ടിയാണ്. മോശം കാലത്തെ, നല്ല കാലത്തേക്കെത്തുവാനുള്ള പാഠങ്ങളായും, നല്ല കാലത്തെ മോശം കാലത്തിന്‍റെ ചവിട്ടുപടികളായും വിശേഷിപ്പിക്കാം.

സുഹൃത്തിന്‍റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയം നന്നേ വൈകിയിരുന്നു. അനുവിന്‍റെ മുഖത്തു വിയര്‍പ്പുകണങ്ങള്‍ പൊതിഞ്ഞു. വീട്ടിലേക്കുള്ള വഴിയിലെ, വിജനമായ ആ റബ്ബര്‍ തോട്ടമാണു അവളുടെ ആശങ്കയുടെ കേന്ദ്രബിന്ദു. ഉദ്ദേശം അരക്കിലോമീറ്ററോളം പടര്‍ന്നു കിടക്കുന്ന ആ തോട്ടത്തിനുള്ളിലുള്ള വഴിയിലൂടെ വേണം അവള്‍ക്കു വീടെത്താന്‍. സമയം പോകെ, അവളുടെ നടപ്പിനു വേഗം വര്‍ദ്ധിച്ചു. ഭയപ്പെടുത്താന്‍ പ്രത്യേകിച്ചൊന്നും സമീപത്തില്ലെങ്കിലും, തോട്ടത്തിന്‍റെ വിജനതയും, നിരന്തരമായ ചീവീടുകളുടെ മൂളിച്ചയും അവളുടെ ധൈര്യം ചോര്‍ത്തി. നിസ്സാര കാര്യങ്ങള്‍ക്കു അച്ഛനെ വിളിക്കാനുള്ള മടിയാണു, അവളെ തനിയെ നടത്തിക്കുന്നത്. അവളുടെ യാത്രയ്ക്കിടെ ഒരു വൃദ്ധനും, നാടോടി സ്ത്രീയും പിന്നെ നാട്ടില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകളെടുക്കുന്ന പ്രദീപും എതിരെ കടന്നു പോയി. കനക്കുന്ന ഇരുട്ടു മൂലം, വ്യക്തികള്‍ അടുത്തു വരുമ്പോള്‍ മാത്രമാണു മുഖങ്ങള്‍ വ്യക്തമാകുന്നത്. ഓരോ രൂപങ്ങളും, വിദൂരതയില്‍ അവള്‍ക്കു പേടി ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നിരന്തരം ഉയരുന്ന ആക്രമണങ്ങള്‍ അവളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഉദ്ദേശം ഏഴു മണിയോടു കൂടി അവള്‍ വീടെത്തിച്ചേര്‍ന്നു. "നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു, ഈ അസമയത്തൊന്നും ഇങ്ങനെ ഒറ്റയ്ക്കു വരരുതെന്ന്", കയറിച്ചെന്നപ്പോഴേയുള്ള അച്ഛന്‍റെ ആ ശകാരങ്ങളെ ഒരു ചെറു പുഞ്ചിരിയോടെയാണ് അവള്‍ നേരിട്ടത്.

പിറ്റേന്നു പത്രം തുറന്ന അവള്‍ ഞെട്ടിപ്പോയി. നാട്ടില്‍ നിന്നും രണ്ടു ദിവസം മുമ്പു കാണാതായ വടക്കേലെ അമ്മുമോളുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ നിന്നു കണ്ടെടുത്തു എന്നതായിരുന്നു ആ വാര്‍ത്ത. ഇന്നലെ സന്ധ്യയോടെയാണു മരണം നടന്നതെന്നു അനൌദ്യോഗീകമായി പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്തയിലുണ്ട്. മൂന്നു വയസ്സു മാത്രമുള്ള ആ കുഞ്ഞു, മാനഭംഗത്തിനു വിധേയയായിയാണു മരണപ്പെട്ടതെന്നു കൂടി വായിച്ചതോടെ അവള്‍ അല്‍പ്പ സമയം തരിച്ചിരുന്നു. താന്‍ ഇന്നലെ ഭാഗ്യം കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. അമ്മുമോളുടെ തിരോധാനം നാട്ടില്‍ വലിയ ചര്‍ച്ചയ്ക്കു വഴി വച്ചിരുന്നു. ആ കുഞ്ഞിനു വേണ്ടി പോലീസ് വ്യാപകമായ തോതില്‍ അന്വേഷണം നടത്തവെയാണു അവളുടെ ജഡം കണ്ടുകിട്ടിയത്. "നീ ഇന്നലെ പോരുന്ന വഴി അസ്വാഭാവികമായി വല്ലതും കണ്ടിരുന്നോ? ഉദ്ദേശം ആറര വരെ അവിടെ ജഡം ഉണ്ടായിരുന്നില്ലെന്നാണു ആളുകള്‍ പറയുന്നത്. അതിനു ശേഷമല്ലേ നീ അതു വഴി പോന്നത്?", ടൌണില്‍ നിന്നും മടങ്ങിയെത്തിയ അച്ഛന്‍ അനുവിനോടു ചോദിച്ചു. "ഞാന്‍ പ്രത്യേകിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഞാനിങ്ങോടു വരുമ്പോഴാണു, നമ്മടെ ട്യൂഷന്‍ കൊടുക്കുന്ന പ്രദീപ്‌ എതിരെ പോയത്. ആ സമയത്തു അയാള്‍ മാത്രമേ ശ്രദ്ധിക്കപ്പെടാവുന്നതായി എതിരെ പോയുള്ളൂ". "അപ്പൊ, മിക്കവാറും അവനു സത്യം അറിയാമായിരിക്കും. നീ തല്‍ക്കാലം ഒരു സംഭവങ്ങളും ആരോടും പറയേണ്ട", അച്ഛന്‍ അറിയിച്ചു. 

എന്നാല്‍ സ്ത്രീകള്‍ക്കു നേരെ നിരന്തരം ഉയരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നു അവള്‍ നിശ്ചയിച്ചിരുന്നു. പിറ്റേന്നു തന്നെ അവള്‍ പോലീസ് സ്റ്റേഷനില്‍ എത്തി, സന്ധ്യയോടെ പ്രദീപിനെ തോട്ടത്തില്‍ കണ്ട കാര്യം അവരെ അറിയിച്ചു. നിമിഷങ്ങള്‍ക്കകം, പ്രദീപ്‌ പോലീസ് കസ്റ്റടിയിലായി. അമ്മുവിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദി പ്രദീപാണെന്ന വാര്‍ത്ത നാട്ടില്‍ പരക്കാന്‍ ഒട്ടും താമസമുണ്ടായില്ല. പോലീസ് അനുവിനെ സാക്ഷി പട്ടികയില്‍ ചേര്‍ത്തു. തുടക്കത്തില്‍ വിസമ്മതിച്ച അവള്‍ക്കു എല്ലാവിധ സഹായങ്ങളും പോലീസ്‌ വാഗ്ദാനം ചെയ്തപ്പോഴാണ് അവള്‍ അതിനു സമ്മതിച്ചത്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രദീപ്‌ കുറ്റം സമ്മതിച്ചതായി പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങി. സാമൂഹീക സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനായതിന്‍റെ ആവേശം അനുവിന്‍റെ മുഖത്തും വന്നു, അവളെ ഗ്രാമത്തില്‍ പലരും അഭിനന്ദിച്ചു. 

ഒരാളുടെ നല്ല കാലം മറ്റു ചിലര്‍ക്കു മോശം കാലമായി പരിണമിക്കാറുണ്ട്. ഒന്നിനെയും കാലചക്രത്തിനു കൊടുക്കാതെ വിധിക്കു വിടുന്ന ഒരു കൂട്ടരുണ്ട്. മറ്റൊരു കൂട്ടര്‍ ഇതിലൊന്നും വിശ്വസിക്കാതെ സ്വന്തം കര്‍മങ്ങളാണു പ്രധാനമെന്നും, അവയിലൂടെ കാലത്തെയും മാറ്റിയെടുക്കാമെന്നും വിശ്വസിക്കുന്നു.

ഒരു മാസത്തിനിപ്പുറം മൂവാറ്റുപുഴ നിര്‍മല കോളേജില്‍, അനുവിനെ കാണാന്‍ ഒരു അതിഥിയെത്തി. അവിടുത്തെ സൈക്കോളജി വിഭാഗത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിനിയാണവള്‍. പ്രദീപെന്ന തികച്ചും അപ്രതീക്ഷിതനായ ആ അതിഥിയെക്കണ്ടു അവള്‍ ഞെട്ടി. ഞെട്ടലിനേക്കാള്‍, ചെറുതായെങ്കിലും ഭയപ്പെട്ടു എന്നതാവും കൂടുതല്‍ ശരി. അയാളാവട്ടെ സൌമ്യനായി കാണപ്പെട്ടു. മുഖം, അയളേറ്റ മര്‍ദ്ദനങ്ങളുടെ നേര്‍രൂപമെന്നോണം പലയിടത്തും വീങ്ങിയും, കരുവാളിച്ചും കിടന്നു. "അല്‍പ സമയം എനിക്കു വേണ്ടി നീക്കി വയ്ക്കണം. അല്‍പം സംസാരിക്കാനുണ്ട്.", അയാള്‍ അഭ്യര്‍ത്ഥിച്ചു. കോളേജില്‍ ഒരു പ്രശ്നമുണ്ടാക്കണ്ട എന്നതിനാലും, ഉള്ളില്‍ അല്‍പ്പം ഭയം ബാക്കി കിടന്നതിനാലും അവള്‍ സമ്മതിച്ചു. കോളേജിലെ അതിഥി മുറിയില്‍, ഒരു മേശക്കിരുവശമായി അവരിരുവരും ഇരുന്നു. മുകളില്‍ ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ ഉണ്ടായിരുന്നെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.

"നിയമപരമായി, നമ്മള്‍ തമ്മില്‍ കാണുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ കാണാന്‍ വന്നിരുന്നുവെന്നു നിങ്ങള്‍ പോലീസില്‍ അറിയിച്ചാല്‍ ആ സമയം എന്‍റെ ജാമ്യം സ്വയം റദ്ദാകുകയും, ഏതൊരു അധികാരപ്പെട്ട പോലീസുദ്യോഗസ്ഥനും എന്നെ അറസ്റ്റു ചെയ്യുകയും ചെയ്യാം. പക്ഷെ ചില കാര്യങ്ങള്‍ നിങ്ങളറിയേണ്ടതുണ്ട് എന്നെനിക്കു തോന്നി", അയാള്‍ ഇത്രയും പറഞ്ഞു കസേരയിലേക്കു ചാഞ്ഞു. "എന്നെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചു മൊഴി മാറ്റിക്കാമെന്നും വിചാരിച്ചാണീ വരവെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതു ആദ്യമേ പറഞ്ഞു കൊള്ളട്ടെ", അവള്‍ അറിയിച്ചു. അയാള്‍ അതിനു ഒന്നു മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ. "എനിക്ക് നിരപരാധിത്വം മാത്രമേ ബോധിപ്പിക്കാനുള്ളു. കാരണം, ഞാന്‍ നിരപരാധിയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു നിങ്ങള്‍ കണ്ടിരുന്നോ എന്നറിയില്ല. പോലീസു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു അഭിഭാഷകന്‍ മുഖേനയാണു എനിക്കു ലഭിച്ചത്. അതില്‍ മരണ സമയമായി ചൂണ്ടിക്കാട്ടിയിരിക്കുന്നതു, വൈകുന്നേരം അഞ്ചര എന്നാണ്. അന്നേ ദിവസം വൈകുന്നേരം ആറേ കാല്‍ വരെ ഞാന്‍ ട്യൂഷന്‍ സെന്‍ററില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ അവരോടു ചോദിക്കാം. റിപ്പോര്‍ട്ടു തനിക്കു വായിക്കുവാനായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കാം", അയാള്‍ റിപ്പോര്‍ട്ടെടുത്തു അവളുടെ നേരെ നീട്ടി. ശരിയാണു, മരണ സമയം അഞ്ചര എന്നാണു കൊടുത്തിരിക്കുന്നത്. "നമ്മള്‍ തമ്മില്‍ കണ്ടതു, എന്‍റെ ഊഹം ശരിയാണെങ്കില്‍, വൈകുന്നേരം ആറരയ്ക്കു ശേഷമാണ്. ഇതു എന്‍റെ അഭിഭാഷകന്‍ ഉയര്‍ത്തിക്കാണിച്ചതാണു എനിക്കു ജാമ്യം ലഭിക്കാനുണ്ടായ പ്രധാന കാരണം.", അയാള്‍ പറഞ്ഞു. ചിന്തയിലാണ്ട അവള്‍ പറഞ്ഞു, "താന്‍ പറയുന്നതില്‍ കാര്യമുണ്ട്. കാരണം, വൈകുന്നേരം ആറേമുക്കാലോടെ ജഡം കാണപ്പെട്ട സ്ഥലത്തു കൂടി ഞാന്‍ കടന്നുപോകുമ്പോള്‍, അവിടെ അതുണ്ടായിരുന്നില്ല. അഞ്ചരയ്ക്കു കൊല നടന്നിട്ടുണ്ടെങ്കില്‍, അതു മറ്റെവിടെയോ വച്ചിട്ടായിരിക്കണം നടന്നിട്ടുണ്ടാവുക. അതിനു ശേഷം ജഡം അവിടെ കൊണ്ടു വന്നിട്ടതാവനം". "ഞാന്‍ പറയുന്നതു, ഒരിക്കലും എന്നെ സഹായിക്കാനോ, എന്‍റെ പക്ഷം ചേരാനോ അല്ല. തെറ്റായ ഒരു പ്രതിയെ നിയമം കണ്ടെത്തുമ്പോള്‍, രക്ഷപ്പെടുന്നതു യഥാര്‍ത്ഥ പ്രതിയാണ്. ആ ഗ്രാമത്തില്‍ ഇപ്പോഴും, പൂര്‍ണ്ണ സ്വതന്ത്രനായി അവന്‍ നടക്കുന്നുണ്ട്. ഇത്ര ചെറിയ കുഞ്ഞിനെ വരെ മാനഭംഗപ്പെടുത്തിയ സ്ഥിതിക്കു അയാള്‍ തീര്‍ച്ചയായും ഒരു മാനസീക രോഗിയാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഗ്രാമത്തില്‍ ആവര്‍ത്തിക്കും. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുക എന്നതു ഇപ്പോള്‍ മറ്റാരെക്കാളും എന്‍റെയും ഗ്രാമത്തിന്‍റെയും ആവശ്യമാണ്‌. താന്‍ ഇതിനു എന്‍റെ കൂടെ ഉണ്ടാകുമോ?", അയാള്‍ ചോദിച്ചു. "യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനു, നിയമാനുസരണമുള്ള എന്തു പ്രവര്‍ത്തികള്‍ക്കും ഞാന്‍ എന്‍റെ സഹായം വാഗ്ദാനം ചെയ്യുന്നു", അവള്‍ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു. "നമുക്കു ഒരു ചായ കുടിച്ചുകൊണ്ടു സംസാരിക്കാം", അവരിരുവരും സമീപത്തുള്ള ചായക്കടയിലേക്കു നടന്നു. 

രാഘവേട്ടന്‍റെ ടീ സ്റ്റാള്‍‍. ചൂടു ചായയുടെ ഗന്ധം പകല്‍ മുഴുവന്‍ പാറിക്കുന്ന കോളേജു പരിസരത്തുള്ള ഏക കട. അവരിരുവരും ഓരോ ചായ വീതം ഓര്‍ഡര്‍ ചെയ്തു. "താങ്കളുടെ മുഖത്തെ ഈ പാടുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു. എന്‍റെ ഒരാളുടെ മൊഴിയാണു താങ്കളുടെ ജീവിതം മാറ്റിമറിച്ചതെന്നു എനിക്കറിയാം. അതിനാല്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി, താങ്കളില്‍ നിന്നും ഇതിന്‍റെ കറ കഴുകിക്കളയുക എന്നതു എന്‍റെ കൂടി ആവശ്യമായിരിക്കുന്നു", അയാള്‍ ഇതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ഈ കുപ്പിവളക്കഷണം എവിടെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ചു, അന്നേ ദിവസം. ആ കുഞ്ഞിന്‍റെ ജഡം കിടന്നിരുന്ന പരിസരം ഒന്നു വിശദമായി പരിശോധിച്ചപ്പോള്‍ ലഭിച്ചതാണ്", അയാള്‍ പറഞ്ഞു. തിളങ്ങുന്ന നീല കുപ്പിവളയുടെ ഒരു ഭാഗമായിരുന്നു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. സാധാരണ കാണാത്ത തരം. അവളുടെ തലച്ചോറിലൂടെ ഓര്‍മയുടെ തരംഗങ്ങള്‍ പരസ്പരം സംവദിച്ചു. എവിടെയോ കണ്ടു മറന്ന ഒരു പരിചിതത്വം ആ വള ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ അതെവിടെയാണെന്നു മനസ്സിലാക്കാനാവുന്നില്ല. "ഇതെവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങു കിട്ടുന്നില്ല", അവള്‍ പറഞ്ഞു. "മോളെ ചായ", രാഘവേട്ടന്‍റെ ശബ്ദം പിന്നണിയില്‍ ഉയര്‍ന്നു. "കൂടെയാരാണ്?", ചേട്ടന്‍ ചോദിച്ചു. "നാട്ടില്‍ നിന്നു വന്ന സുഹൃത്താണ്", അവള്‍ പ്രതികരിച്ചു.

"താന്‍ അന്നത്തെ യാത്രയില്‍ തോട്ടത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി വിവരിക്കാമോ?", അയാള്‍ ചോദിച്ചു. "സമയം നന്നേ വൈകിയിരുന്നതിനാല്‍ ഞാന്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എത്രയും വേഗം വീടെത്തുക എന്ന ലക്ഷ്യത്തില്‍, പരിസരമൊന്നും അത്ര കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണു വാസ്തവം. എങ്കിലും അസ്വാഭാവികമായി ഞാന്‍ അവിടെ ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തില്ല. തോട്ടത്തില്‍ ആദ്യം എതിരെ വന്നതു, നമ്മുടെ പഴയ തെങ്ങു കയറ്റക്കാരന്‍ അന്തോണി ചേട്ടനാണ്. പ്രായത്തിന്‍റെ ക്ലേശതകള്‍ മൂലം വടിയൊക്കെ കുത്തിയായിരുന്നു ചേട്ടന്‍റെ വരവ്. അതിനാല്‍ തന്നെ ചേട്ടനാണു ആ കുട്ടിയെ എന്തെങ്കിലും ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ കുറെ ചെന്നപ്പോഴാണു ഒരു നാടോടി സ്ത്രീ എതിരെ വന്നത്. വല്ലയിടത്തും ഭിക്ഷയെടുക്കാന്‍ പോയതാവും. തോളത്തു ഒരു കുഞ്ഞുമുണ്ടായിരുന്നു. ഒരു ചുവന്ന സാരിയായിരുന്നു വേഷം", ഇത്രയും പറഞ്ഞ ശേഷം എന്തോ അസ്വാഭാവീകത മനസ്സിലാക്കിയ പോലെ അവള്‍ ഒന്നു നിര്‍ത്തി. "അവരുടെ കൈകളില്‍ നിറയെ ഇതേ കുപ്പിവളകളായിരുന്നു. അതെ, അവരിലാണു സാധാരണ കാണാനാവാത്ത ഈ വളകള്‍ ഞാന്‍ ശ്രദ്ധിച്ചത്". "അവരുടെ മുഖം താന്‍ ശ്രദ്ധിച്ചോ?", അയാള്‍ ഉടനെ തിരിച്ചു ചോദിച്ചു. "നല്ല ഇരുട്ടു പരന്നിരുന്നതിനാല്‍, മുഖം അത്ര ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല", അവള്‍ പറഞ്ഞു. "അപ്പോള്‍ അവരുടെ തോളത്തുണ്ടായിരുന്നതു അമ്മു മോളായിരിക്കും. അവളുടെ ജഡവും കൊണ്ടായിരിക്കണം അവര്‍ നടന്നു പോയിരിക്കുക", അയാള്‍ പറഞ്ഞു. ആവിശ്വാസ സംഭവങ്ങളുടെ ഞെട്ടലില്‍ അവള്‍ തരിച്ചിരുന്നു. "പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയാണല്ലോ", അവള്‍ ചോദിച്ചു. "കുഞ്ഞിനെ മാനഭംഗപ്പെടുത്തിയതു ആരാവും?". "തല്‍ക്കാലം ആ സ്ത്രീയെ നമുക്കു സംശയ ദൃഷ്ടിയില്‍ നിര്‍ത്താം. അവര്‍ക്കറിവുണ്ടാവും, ആരാണു അമ്മുവിന്‍റെ കൊലയാളിയെന്ന്. ഇവിടെ ഇതുവരെ കാണാത്ത സ്ത്രീ എന്ന നിലയില്‍, അവര്‍ വേണമെങ്കില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും കാഴ്ച വെച്ചപ്പോള്‍ കുഞ്ഞു മരിച്ചു പോയതാകാനും സാധ്യതയുണ്ട്", അയാള്‍ അറിയിച്ചു. "ഞാന്‍ ആ സ്ത്രീയെ പറ്റിയും, വളയെ പറ്റിയും നാട്ടിലൊക്കെ ഒന്നന്വേഷിക്കട്ടെ", അവശേഷിക്കുന്ന ചായയും കുടിച്ചു അയാള്‍ കടയില്‍ നിന്നിറങ്ങി.

അങ്ങനെയൊരു സ്ത്രീയെ പറ്റി, പ്രദീപു സുഹൃത്തുക്കള്‍ മുഖേന നാട്ടിലൊക്കെ അന്വേഷിച്ചെങ്കിലും, മറ്റാരും അവരെ അതെ ദിവസം കണ്ടതായി അറിയിച്ചില്ല. അതിനാല്‍ അയാള്‍ അന്വേഷണം ആ വളയെ ചുറ്റി പറ്റിയാക്കി. ഗ്രാമത്തില്‍ കുപ്പിവളകള്‍ വില്‍ക്കുന്ന രണ്ടു കടകളേയുള്ളു. ഉത്സവ സീസണുകള്‍ ഒന്നുമല്ലാത്തതിനാല്‍, കടകളില്‍ നിന്നായിരിക്കും വളകള്‍ മേടിച്ചിട്ടുണ്ടാവുക എന്നയാള്‍ അനുമാനിച്ചു. വളയുടെ ഭാഗം കണ്ട ഉടനെ തന്നെ കൈമള്‍ അതു തിരിച്ചറിഞ്ഞു. "ഇതൊരു ഒന്നു രണ്ടു മാസം മുമ്പു എന്‍റെ കടയില്‍ നിന്നു വിറ്റതാണ്. ഇങ്ങനെത്തേതു അപൂര്‍വമായേ വരാറുള്ളൂ.  കടയില്‍ വന്ന ദിവസം തന്നെ ആ എഞ്ചിനീയറിംഗ് മാഷു ഇതു അമ്മയ്ക്കു കൊടുക്കണമെന്നും പറഞ്ഞു മേടിച്ചിരുന്നു", കൈമള്‍ പറഞ്ഞു. "ഏതു മാഷാ കൈമളേട്ടാ?", പ്രദീപു ചോദിച്ചു. "നമ്മുടെ ആ ചീനിക്കലുകാരുടെ വീട്ടില്‍ വാടകയ്ക്കു നില്‍ക്കുന്ന ആ മാഷില്ലേ, അയാളു തന്നെ. അല്ല എന്തിനാ ഇപ്പൊ ഇതൊക്കെ അന്വേഷിക്കണേ?", കൈമളു ചേട്ടന്‍ കരുക്കള്‍ മുന്നോട്ടു നീക്കി. "അല്ല ഈ വളകള്‍ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. ഇതിപ്പോഴും അയാളുടെ പക്കലുണ്ടെങ്കില്‍ മേടിക്കാം എന്നോര്‍ത്തായിരുന്നു. കടയില്‍ ഇതുപോലത്തെ പുതിയ സ്റ്റോക്കു വന്നാല്‍ എന്നെ അറിയിക്കണേ", ഇതും പറഞ്ഞു പ്രദീപു കടയില്‍ നിന്നിറങ്ങി. 

കാര്യങ്ങള്‍ അയാള്‍ അന്നു തന്നെ അനുവുമായി ചര്‍ച്ച ചെയ്തു. "ഒട്ടും പ്രതീക്ഷിക്കാത്ത കുറെ അവതാരങ്ങളാണല്ലോ രംഗപ്രവേശം ചെയ്യുന്നത്", അവള്‍ പറഞ്ഞു. "എന്‍റെ കേസിന്‍റെ വിചാരണ രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും. അതിനു മുമ്പ് യഥാര്‍ത്ഥ പ്രതിയെ പോലീസിനു കാണിച്ചു കൊടുക്കണം", അയാളുടെ മുഖത്തു പരിഭ്രാന്തിയുണ്ടായിരുന്നു, അല്‍പ്പം നിരാശയും. 

ഭാഗ്യവശാല്‍ അനുവിന്‍റെ ഒരു സുഹൃത്തു ഷംനാദ്, അതേ എഞ്ചിനീയറിംഗ് കോളേജില്‍ സാറായി ജോലി ചെയ്തിരുന്നു. അവള്‍ അയാള്‍ വഴി, സംശയ ദൃഷ്ടിയില്‍ നില്‍ക്കുന്ന മാഷിനെ പറ്റി അന്വേഷിച്ചു. "അയാളുടെ പേരു ശ്രീജിത്ത്‌ എന്നാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നല്ല കഴിവുണ്ട്. അയാളെ പറ്റി സംശയകരമായി ഞങ്ങള്‍ക്കാര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല. പക്ഷെ അയാള്‍, അയാളുടെ സ്വഭാവം അഭിനയിക്കുകയാണോയെന്നു എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്", ഷംനാദു പറഞ്ഞു. അയാളെ പറ്റി തനിക്കുള്ള സംശയങ്ങള്‍ അനു, ഷംനാദുമായി പങ്കു വച്ചു. പക്ഷെ അങ്ങനെയൊരു സംശയം തീര്‍ത്തും അടിസ്ഥാന രഹിതമായിരിക്കുമെന്നു ഷംനാദ് അറിയിച്ചു.  "ശ്രീജിത്തിന്‍റെ അമ്മ അടുത്ത നാളുകളില്‍ വല്ലതും അയാളുടെ കൂടെ വന്നു നിന്നതായി അറിയാമോ?", അവള്‍ ചോദിച്ചു. അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. 

"ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ചു, ആ വളകള്‍ മാത്രമാണു ശ്രീജിത്തിനെ ഈ സംഭവങ്ങളുമായി കൂട്ടിയിണക്കുന്ന ഒരേയൊരു ഘടകം. അതു വച്ചു നമുക്കെങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും?", ഷംനാദ് ചോദിച്ചു. "താങ്കളുടെ  വാദം ശരിയാണ്. ശ്രീജിത്തിനു ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു ഒരു കാരണവശാലും ഇപ്പോള്‍ ഉറപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരു സാധ്യതയുണ്ട്. ഒന്നാമതായി അയാള്‍ മേടിച്ച കുപ്പിവളകളുടെ അതേ തരത്തിലുള്ളതാണു മൃതശരീരത്തിനടുത്തു നിന്നും കണ്ടെത്തിയത്. ആ കുപ്പിവളകള്‍ സാധാരണ ലഭിക്കുന്നവയുമല്ല. പിന്നെ മറ്റൊരു കാര്യം, നാട്ടിലെങ്ങും അടുത്ത നാളിലൊന്നും ഒരു നാടോടി സംഘം തമ്പടിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തു എന്നതു അത്ര വിശ്വസനീയമല്ല. മറ്റൊന്നു, നാടോടികളാണു തട്ടിയെടുത്തിരുന്നതെങ്കില്‍, എന്തിനവര്‍ ജഡം ഇതേ ഗ്രാമത്തില്‍ ഉപേക്ഷിക്കണം? ദൂരങ്ങളില്‍ പോകുന്ന അവര്‍ക്ക് ആരും അറിയാതെ അവ നശിപ്പിച്ചു കളയുവാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്", അവളുടെ വാദങ്ങളിലും സത്യമുണ്ടെന്നു ഷംനാദിനു മനസ്സിലായി. 

"ഷംനാദ് ശ്രീജിത്തുമായി അടുത്തിടപഴകി അയാളെ മനസ്സിലാക്കണം. മൂന്നാലാഴ്ച കൊണ്ട് സാവധാനം അടുത്താല്‍ മതി. നന്നായി അടുത്തു കഴിയുമ്പോള്‍, നിങ്ങളുടെ ഒരു സുഹൃത്തു ഒരു പെണ്‍കുഞ്ഞിനെ രഹസ്യമായി വില്‍ക്കാന്‍ ശ്രമിക്കുന്നതായി അറിയിച്ച ശേഷം, അയാളുടെ പ്രതികരണം ഈ കുഞ്ഞു മൈക്കുപയോഗിച്ചു റെക്കോര്‍ഡ്‌ ചെയ്യണം. അതു ലഭിച്ച ശേഷം നമുക്കു ബാക്കി ആലോചിക്കാം", ചെറു റെക്കോര്‍ഡിംഗ് ഉപകരണം കൈമാറി അവള്‍ പറഞ്ഞു. "ഞാനും കേസില്‍ പെടുമോ?", ഷംനാദ് ആത്മഗതം ചെയ്തു.

പെണ്‍കുഞ്ഞിനെ വാങ്ങുവാന്‍ ശ്രീജിത്ത്‌ താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന വിവരം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കിയതു പ്രദീപിനായിരുന്നു. ഈ വിവരങ്ങള്‍ അനു പോലീസിനു കൈമാറി. എന്നാല്‍ വ്യക്തമായ ഒരു തെളിവില്ലാതെ അയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യാന്‍ അവര്‍ക്കാവില്ലായിരുന്നു. അനു പോലീസിന്‍റെ  സഹായത്തോടെ ഒരു പദ്ധതി തയാറാക്കി. കുഞ്ഞിനെ കൈമാറുന്നതു പോലീസ്‌ നിരീക്ഷണത്തിലുള്ള സ്ഥലത്തു വച്ചു, അനുവിന്‍റെ ചേച്ചിയുടെ മകളെയാവും. കൈമാറിക്കഴിഞ്ഞു ഉടനെ തന്നെ അയാളെ പോലീസ്‌ കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്യാനും ധാരണയായിരുന്നു. കുഞ്ഞിനെ കൈമാറാനുള്ള ദിവസവും സ്ഥലവും ഷംനാദ് ശ്രീജിത്തിനെ അറിയിച്ചു. തന്‍റെ ഒരു സഹായി സ്ത്രീയാവും കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ വരികയെന്നു ശ്രീജിത്ത്‌ ഷംനാദിനെ അറിയിച്ചു. 

കൈമാറ്റം ചെയ്യുന്ന ദിനത്തിൽ, അനു കുഞ്ഞിനെയുമായി മുന്‍പു പറഞ്ഞുറപ്പിച്ച സ്ഥലത്തു നിലയുറപ്പിച്ചു. പോലീസിന്‍റെ ചെറു ഷാഡോ സംഘങ്ങള്‍ ചുറ്റിലുമായും. അനുവിനെ ഞെട്ടിച്ചു കൊണ്ടു, അന്നു കണ്ട അതേ നാടോടി സ്ത്രീയാണു കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ എത്തിയത്. അതു കണ്ടു അനു ഒന്നു പരിഭ്രമിച്ചെങ്കിലും, മുഖത്തു ഭാവ പ്രകടനങ്ങള്‍ വരുത്താതെ അനു കുഞ്ഞിനെ കൈമാറി. കൈമാറി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ പോലീസ്‌ സംഘങ്ങള്‍ അവളെ കസ്റ്റടിയിലെടുത്തു. അന്നു തോട്ടത്തില്‍ കണ്ടതു ഇതേ സ്ത്രീയെയാണെന്ന വിവരം അവള്‍ അവരെ അറിയിച്ചു. അതിനാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിനായി അവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ചോദ്യം ചെയ്യലില്‍ പോലീസിനെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിയില്‍ വന്നു. ആ നാടോടി സ്ത്രീ യഥാര്‍ത്ഥത്തില്‍ ശ്രീജിത്ത്‌ തന്നെയായിരുന്നു എന്നതായിരുന്നു ആ വസ്തുത. സ്വയം ആരുടേയും സംശയദൃഷ്ടിയില്‍ പെടാതിരിക്കാനും, കുഞ്ഞുങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാനുമായിരുന്നത്രേ അയാള്‍ കുഞ്ഞുങ്ങളെ കൈക്കലാക്കുന്ന സമയത്തു സ്ത്രീ വേഷം കെട്ടിയിരുന്നത്.

"കേരള പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു കേസായി മാറി അമ്മുക്കൊലക്കെസ്. പോലീസ്‌ ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്ന പ്രതിയും, പ്രധാന സാക്ഷിയും കൂടിയാണ് യഥാര്‍ത്ഥ പ്രതിയെ കുടുക്കാനുള്ള തെളിവുകള്‍ പോലീസിനു കൈമാറിയത്", മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസ്സില്‍, എറണാകുളം റൂറല്‍ പോലീസ് സുപ്രണ്ട് എസ്. രഘുറാം അറിയിച്ചു. "പ്രതിയെ പോലീസ് കസ്റ്റടിയിലെടുത്തതു, അയാള്‍ കുറ്റകൃത്യങ്ങള്‍ക്കു മറയായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ത്രീ വേഷത്തില്‍ മറ്റൊരു കുഞ്ഞിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണു എന്നതു കേസിനെ കൂടുതല്‍ ശക്തമാക്കുന്നു. അമ്മുവിനെ തട്ടിയെടുത്തു മാനഭംഗത്തിനിരയാക്കിയ പ്രതി, കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചതും ഇതേ സ്ത്രീ വേഷമാണ്. പ്രതി ഒരു ലൈംഗീക മനോരോഗിയാണോയെന്നു പോലീസ്‌ സംശയിക്കുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്, നമ്മുടെ നാട്ടിലെ അനേകം കുഞ്ഞുങ്ങളുടെ ഭാവിയെയാണ് സുരക്ഷിതമാക്കിയത്. ഇതിനു വേണ്ട തെളിവുകള്‍ ശേഖരിക്കുവാന്‍ സഹായിച്ച പ്രദീപും, അനുവും എല്ലാ വിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു".  

ചിലരുടെ നല്ല കാലം മറ്റു ചിലരുടെ മോശം കാലമാണെന്നതു തിരിച്ചും ശരിയാണെന്നു ഇതേ കാലം തന്നെ കാണിച്ചു. കാലത്തിന്‍റെ ഈ കളികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

ടീവിയില്‍ പോലീസിന്‍റെ പത്രസമ്മേളനം അനുവും പ്രദീപും ഒരുമിച്ചിരുന്നാണു കണ്ടത്. പത്രസമ്മേളനത്തിന്‍റെ ഒടുവില്‍, സന്തോഷം കൊണ്ട വിടര്‍ന്ന മുഖവുമായിരുന്ന അവനു അവൾ ഹസ്തദാനം നൽകി. പുറത്തേക്കു നടന്നകലുമ്പോഴും, അവരുടെ കരങ്ങള്‍ ചേര്‍ന്നിരുന്നു, കാലത്തിന്‍റെ എല്ലാ ആക്രമണങ്ങളെയും നേരിടാനുള്ള ചങ്കുറപ്പോടെ, അതിനു തക്ക മനസ്സോടെ.