Raise our Conscience against the Killing of RTI Activists
Thursday, September 18, 2014

വാക പൂക്കുമ്പോള്‍


ഉരുക്കുപാലത്തിന്‍റെ തൂണുകള്‍ പോലെ, കോളേജിലെ രണ്ടാം നിലയിലുള്ള ക്ലാസ്സ്മുറിയില്‍ നിരന്നു കിടന്ന ബെഞ്ചുകള്‍ക്കും, ഡെസ്കുകള്‍ക്കുമിടയിലൂടെ എന്‍റെ കണ്ണുകള്‍ ശ്രിദ്ധിച്ചുകൊണ്ടിരുന്നതു മുന്‍വശത്തെ ഭിത്തിയിലെ ഘടികാരത്തിന്‍റെ സദാ ചലിച്ചുകൊണ്ടിരുന്ന സൂചികളെ മാത്രമാണ്. കോളേജു കലോത്സവത്തിലെ കഥാരചനാ മത്സരത്തില്‍ ഒരക്ഷരം പോലും കുറിക്കാന്‍ സാധിക്കാതെ, ഞാന്‍ കയ്യിലുണ്ടായിരുന്ന വെള്ള കടലാസ്സുകള്‍ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. എഴുതാന്‍ മനസ്സിലേക്കു വരുന്നതാകട്ടെ, വെറും ഏഴാം കിട ക്ലീഷേ പ്രയോഗങ്ങള്‍ മാത്രവും. മുന്നിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്ന പ്രത്യാശ എന്ന വിഷയം ക്ലാസ്സ്‌ മുറിയുടെ ഏതു കോണിലുള്ളവര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കും. ചുറ്റിലും കഥകള്‍ പോട്ടിമുളക്കുകയാണ്. സഹ കഥാകൃത്തുക്കളുടെ ശ്വാസനിശ്വാസങ്ങള്‍ക്കു പോലും കഥാഗതിക്കനുസരിച്ചു വ്യതിയാനം സംഭവിക്കുന്നുണ്ട്. ഒരു സൃഷ്ടിക്കായി തലച്ചോറു മുഴുവന്‍ പരതിയിട്ടും നിശ്വാസം മാത്രമാണു പ്രതിധ്വനിച്ചത്. ചിലപ്പോള്‍ അങ്ങനെയാണ്, വിശേഷിച്ചും സമയനിഷ്ടമായി രചിക്കേണ്ടി വരുമ്പോള്‍. സൃഷ്ടികള്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രതിഫലനമാണെന്നും, അതിനാല്‍ അവയ്ക്കു സമയം നിശ്ചയിക്കരുതെന്നുമുള്ള പല വിധ വാദങ്ങള്‍ നിരത്തി തലച്ചോര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നിരിക്കിലും എനിക്കറിയാമായിരുന്നു, മത്സരത്തില്‍ ഞാന്‍ പിന്തള്ളപ്പെടുകയാണെന്ന്. നടുക്കടലില്‍ ഒഴിഞ്ഞ വഞ്ചിയുമായി തുഴയുന്ന മുക്കുവന്‍റെ മനസ്സോടെ ഞാന്‍ ആ ക്ലാസ്സ്മുറിയുടെ ചുമരുകളോടു ചേര്‍ന്നിരുന്നു വിമ്മിഷ്ടപ്പെട്ടു. 

ചെറുതായി മുറിയില്‍ എത്തുന്ന, കലോത്സവ നൃത്തമത്സരത്തിന്‍റെ ശബ്ദം, ഒരു പശ്ചാത്തല സംഗീതം പോലെ കാതിനിമ്പം നല്‍കുന്നുണ്ട്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരല്ലാത്ത കുറച്ചു വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നിലെ പൂന്തോട്ടത്തിലിരുന്നു സമയം കളയുന്നു. അവയും, പുറത്തുള്ള വെയിലും, സൌന്തര്യവുമെല്ലാം ജനലരികിലുള്ള എന്‍റെ ഇരിപ്പിടത്തിലിരുന്നു കൃത്യമായി വീക്ഷിക്കാം. സൂര്യ താപത്തില്‍ വിയര്‍ത്തൊലിച്ചു ധൃതിയില്‍ നടക്കുന്നവരെയും, പൂന്തോട്ടത്തിലെ മരത്തണലിന്‍റെ ശീതളിമയില്‍ ഇളംകാറ്റാസ്വദിക്കുന്നവരെയും, പുഞ്ചിരിക്കുന്നവരെയും, ഗൌരവക്കാരെയുമെല്ലാം  കാണാം. മനസ്സിനെ ഈ പുറംകാഴ്ചകളില്‍ അല്‍പ സമയം സ്വതന്ത്രമാക്കി ഞാന്‍ കണ്ണുകളടച്ചു, സൌന്ദര്യമുള്ള അകക്കാഴ്ചകള്‍ക്കായി.

മനസ്സിന്‍റെ കോണുകളില്‍ അങ്ങിങ്ങായി ചില രൂപങ്ങള്‍ മിന്നുന്നുണ്ട്, അവയ്ക്കു പക്ഷെ കണ്ടു മറന്ന ചില പരിചിത മുഖങ്ങളോടു രൂപസാദൃശ്യം തോന്നുന്നു. കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന ഇരുണ്ട ഇടനാഴികളില്‍ പഴകിയ ഓടിന്‍റെ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം കടന്നുവന്നു. സമയത്തിന്‍റെ തള്ളലില്‍ നിന്നു മനസ്സു സ്വതന്ത്രമാകുന്നതനുസരിച്ചു, ഞാന്‍ കഥയ്ക്കുള്ളിലേക്കു കൂടുതല്‍ ഇറങ്ങി ചെന്നു. ചുറ്റിലും നമുക്കു കാണാനാവാതെയുണ്ടെന്നു ഒരിക്കലെങ്കിലും നമ്മള്‍ ഭയപ്പെട്ടിരുന്ന ഭൂതഗണങ്ങളെ പോലെ, എന്‍റെ കഥാപാത്രങ്ങളെ അവര്‍ കാണാതെ ഞാന്‍ തൊടുകയും, സാഹചര്യങ്ങള്‍ സ്വയം സൃഷ്ട്ടിക്കുകയും ചെയ്തു. സൃഷ്ടിയും, സ്ഥിതിയും ഒരുമിച്ചു ഒരു കഥാകാരനു മാത്രമുള്ളതാണ്. കണ്ണുകള്‍ തുറന്ന ഞാന്‍ സമയത്തിന്‍റെ സൂചികളിലേക്കു പിന്നീട് നോക്കിയില്ല. മനസ്സില്‍ കഥയും, പശ്ചാത്തലവും സൃഷ്ടിക്കായുള്ള അസാധാരണമായ ധൃതിയിലായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചുരുട്ടലുകള്‍ വരകള്‍ വീഴ്ത്തിയിരുന്ന വെള്ളകടലാസുകള്‍ ഞാന്‍ മടക്കി നിവര്‍ത്തി. കഥയിലെ ആദ്യാക്ഷരങ്ങളില്‍ സാവധാനം മഷി പുരണ്ടു.

***********************************************************
രഘു തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലിന്‍റെ അകത്തളത്തില്‍ പ്രവേശിച്ചത് ഒരു കുറ്റവാളിയായാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അന്നു തന്നെ പോലീസ് അയാളെ വിചാരണവേളയില്‍ താമസിപ്പിച്ചിരുന്ന സബ് ജെയിലില്‍ നിന്നും സെന്‍ട്രല്‍ ജെയിലിലേക്കു മാറ്റുകയായിരുന്നു. ജെയിലിനു പുറത്ത് ആവര്‍ത്തന വിരസതയോടെ വൃക്ഷ മുത്തച്ഛന്മാര്‍  ജയില്‍ പ്രവേശന കാഴ്ചയില്‍ നിന്നു ശിഖിരങ്ങള്‍ ചലിപ്പിച്ചു മുഖം മറച്ചു. ജയില്‍വാതില്‍ തുറക്കുമ്പോഴുള്ള കര കര ശബ്ദം സുപ്രണ്ടിന്‍റെ മുറി വരെ എത്തും. കുനിഞ്ഞു കയറുമ്പോള്‍ അയാളുടെ മുഖത്തു ആശങ്കയും, ഭയവും നിഴലിച്ചിരുന്നു. സുപ്രണ്ടിന്‍റെ മുറിയില്‍ അയാളെ എത്തിച്ച്, രസീതും കൈപറ്റി പോലീസ് മടങ്ങി. 

"ഇന്നാടാ ഇവിടെ ഒപ്പിട്", സുപ്രണ്ട് അലക്സാണ്ടര്‍ സര്‍ അയാളോടു രജിസ്റ്റര്‍ നീട്ടി പറഞ്ഞു. "നിന്‍റെ തരികിട വേലകളൊക്കെ ഇവിടെ എറക്കിയാലുണ്ടല്ലോ", ഒപ്പിട്ടുകൊണ്ടിരിക്കുമ്പോള്‍ സൂപ്രണ്ട് അയാള്‍ക്കു മുന്നറിയിപ്പു കൊടുത്തു. വശത്തു നിന്നും മറ്റൊരു ജയില്‍ ജീവനക്കാരന്‍ അയാള്‍ക്കു തേച്ച വെള്ള കുപ്പായവും, മുണ്ടും നീട്ടിക്കൊണ്ടു പറഞ്ഞു, "പൊറത്തുള്ള മുറിയില്‍ പോയി മാറ്റിയിട്ടു വാടാ". രഘു പുറത്തു പോയി കുപ്പായം മാറ്റി ജയില്‍ വേഷം ധരിച്ചു വന്നു. അയാളുടെ കയ്യില്‍ നിന്നും മാറിയ കുപ്പായവും, വാച്ചും മേടിച്ച ജീവനക്കാരന്‍ അതു രെജിസ്റ്ററില്‍ രേഖപ്പെടുത്തി. "പൊറത്തു പോയി വാര്‍ഡനെ കാണ്. വശത്തു നിന്നും നാലാമത്തെ മുറിയാണ്", ജീവനക്കാരന്‍ പറഞ്ഞു. ജയിലിലുള്ള ആയിരക്കണക്കിനു ശുഭ്രവസ്ത്രധാരികളിലൊരാളായി, മൂടുപടമുള്ളൊരു മനസ്സുമായി അയാള്‍ മുറിക്കു പുറത്തേക്കിറങ്ങി. 

കെ. സി. ലാല്‍, വാര്‍ഡന്‍, എന്നൊരു ബോര്‍ഡാണു അയാളെ ആ മുറിയിലേക്കു സ്വാഗതം ചെയ്തത്. മാറാല തൂങ്ങിയ ആ മുറിക്കുള്ളിലെ തടിക്കസേരയില്‍ വാര്‍ഡനെ രഘു കണ്ടു. "എന്താടാ നിന്‍റെ കുറ്റം?", അയാള്‍ ചോദിച്ചു. മൌനം പാലിച്ച രഘുവിന്‍റെ മുന്നില്‍ അയാളുടെ ശബ്ദം ഉയര്‍ന്നു, "എന്താടാ നായിന്‍റെ മോനെ, നിനക്കു ചെവി കേട്ടു കൂടെ?" ആക്രോശത്തില്‍ ബോധം വീണ്ടെടുത്ത രഘു ഒറ്റശ്വാസത്തില്‍ അറിയിച്ചു, "കാമുകിയെ കൊന്നു." "എങ്ങനെയാടാ കൊന്നത്?", അയാള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. "കഴുത്തു ഞെരിച്ച്", പറയുമ്പോള്‍ അവന്‍റെ ശബ്ദം വിറച്ചു. വാര്‍ഡന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ആക്രോശിച്ചു വരുന്നതു കണ്ട അവന്‍ പിന്നോട്ടാഞ്ഞു. അപ്പോഴേക്കും അയാളുടെ കൈ വിരലുകള്‍ അവന്‍റെ മുഖത്തു പാടുണ്ടാക്കി കഴിഞ്ഞിരുന്നു. പോലീസുകാരില്‍ നിന്നു തന്നെ ആവശ്യത്തിലേറെ മര്‍ദ്ദനം ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്ന അവന്‍ അയാളുടെ മുന്നില്‍ കൈ കൂപ്പി. "അടിക്കല്ലേ സാറേ." "ഫ എരപ്പാളി, വന്നു കേറിയൊടനെ കാര്യം പറയാറായോടാ", അയാള്‍ അവന്‍റെ മുതുകില്‍ ആഞ്ഞു ചവിട്ടി. അവന്‍ തെറിച്ചു മുറിക്കു പുറത്തേക്കു വീണു. "നിന്നെയൊക്കെ വഴിയെ കണ്ടോളം നാറി", അകത്തു നിന്നു ആക്രോശം അടങ്ങുന്നുണ്ടായിരുന്നില്ല.

പുറത്തുണ്ടായിരുന്ന പണിക്കര്‍ സാര്‍ അവനെ സെല്ലുകളുടെ ഭാഗത്തേയ്ക്കു കൊണ്ടു പോയി. സെല്ലുകള്‍ക്കു മുന്നിലുള്ള ഇരുമ്പു ഗേറ്റു തുറന്ന ജീവനക്കാരന്‍, അവന്‍റെ കരണത്തില്‍ ആഞ്ഞടിച്ചു. നടയടിയുടെ പൊള്ളലില്‍, വേച്ചു നിലത്തു വീണ അവന്‍റെ മുഖത്തു, കൈവിരലുകളുടെ രൂപത്തില്‍ രക്തം കട്ട പിടിച്ചു. അനേകം വെള്ളക്കുപ്പായക്കാര്‍ അതിലൂടെ പോകുന്നുണ്ടായിരുന്നെങ്കിലും ആരും അവനെ നോക്കിയില്ല. അവരെല്ലാം കുളിസ്ഥലത്തു കൂട്ടംകൂടിക്കൊണ്ടിരുന്നു. പണിക്കര്‍ അവനെ പിന്നീടു കൊണ്ടു പോയതും അങ്ങോട്ടു തന്നെ. "കുളിക്കെടാ", അയാള്‍ അവനോടു ആജ്ഞാപിച്ചു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുളിക്കാനുള്ള ജാള്യതയില്‍ അവന്‍ പരുങ്ങി. തുടര്‍ന്നുണ്ടായ അയാളുടെ പദപ്രയോഗങ്ങള്‍ക്കു മുന്നില്‍ അവന്‍ ഉടുമുണ്ടും കുപ്പായവും മാത്രമല്ല മാനം കൂടി ഊരി നല്‍കി. സഹതടവുകാര്‍ അവനെ വര്‍ണ്ണിച്ചു കൊണ്ടു കന്നിക്കുളി ആസ്വദിച്ചു. ഒരു തടവുകാരനു അവകാശങ്ങള്‍ മാത്രമല്ല, നാണവും, മാനവും പോലും അന്യമാണെന്നുള്ള സത്യം ജയിലിലെ ആദ്യ ദിനം അവനു പകര്‍ന്നു നല്‍കി. കുളിക്കു ശേഷം അവനെ പണിക്കര്‍ സെല്ലിലേക്കു കൊണ്ടുപോയി. സി ബ്ലോക്കിലെ പത്താം നമ്പര്‍ മുറിയില്‍ ഇരട്ടകൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണനായിരുന്നു അവന്‍റെ സഹമുറിയന്‍. സായാഹ്നത്തിലെ തലയെണ്ണലിനു ശേഷം അത്താഴവുമായി സെല്ലില്‍ പ്രവേശിച്ച  അവനും, കണ്ണനുമിടയില്‍ അവശേഷിച്ചത് ഒരു പിടി ചോറു മാത്രം. ജയിലിനു മുകളില്‍ വട്ടമിട്ടു പറന്ന കഴുകന്‍, റാഞ്ചാന്‍ വരുന്നതറിഞ്ഞ വളപ്പിലെ ഒരു കോഴിക്കുഞ്ഞ്, രക്ഷപ്പെടാന്‍ ആവതു ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം കണ്ണന്‍ അവനെ അടുത്തേയ്ക്കു വിളിച്ചു. ഇരുള്‍ മൂടിത്തുടങ്ങിയതിനാല്‍ അവനു മുഖം വ്യക്തമായില്ല. എങ്കിലും അയാളുടെ കാതിനു താഴെയുള്ള വലിയ മറുകും ചുരുണ്ട മുടിയും വ്യക്തമാണ്. "എത്ര പേരെ കൊന്നു?", അയാള്‍ ചോദിച്ചു. അല്‍പ നേരത്തിനു ശേഷം അവന്‍ പറഞ്ഞു, "ഒന്ന്." കുറച്ചധിക സമയം അയാള്‍ ചിരിച്ചു. എന്തിനാണയാള്‍ ചിരിച്ചതെന്നു അവനു വ്യക്തമായില്ല. "ഞാന്‍ രണ്ടെണ്ണത്തിനെ കൊന്നു. രണ്ടിനേം ശെരിക്കും ഉപയോഗിച്ചിട്ടാ...", അയാള്‍ കൊലപാതകം ആസ്വദിച്ചിരിക്കണം.  സമയത്തിന്‍റെ നിശബ്ദദയ്ക്കു ശേഷം അയാള്‍ അവന്‍റെ തോളില്‍ കയ്യിട്ടു. "നിനക്കു പേടിയാവണ്ടോ?", അയാള്‍ ചോദിച്ചു. ഭയവും, ആശങ്കയും അവന്‍റെ പ്രതികരണശേഷി നശിപ്പിച്ചിരുന്നു. അയാളുടെ കൈ സാവാധാനം തോളില്‍ നിന്നും താഴേക്കു സഞ്ചരിച്ചു. നന്നേ പ്രകാശം ചൊരിഞ്ഞ ചന്ദ്രനേക്കാളും, അവന്‍ നോക്കിയിരുന്നതു സമീപത്തുള്ള കുഞ്ഞുനക്ഷത്രത്തെയാണ്. കണ്ണുകള്‍ നനഞ്ഞപ്പോള്‍ അവന്‍ കാഴ്ചകളടച്ചു. രക്ഷപെടാന്‍ ശ്രമിച്ച കോഴിക്കുഞ്ഞിന്‍റെ പപ്പുകള്‍ മാത്രമേ ജയില്‍ വളപ്പില്‍ ശേഷിച്ചുള്ളു.  

ജയിലും കണ്ണനും അവനു പേടിപ്പെടുത്തുന്ന അനുഭവങ്ങളായി മാറിയിരുന്നു. നിലാവിന്‍റെ കുഞ്ഞു പ്രകാശത്തെ ആക്രമിച്ചു കീഴ്പെടുത്തി അട്ടഹസിച്ചുയര്‍ന്ന സൂര്യന്‍ മറ്റൊരു ദിനത്തിലേക്കു അവനെ വിളിച്ചുണര്‍ത്തി. നീളമുള്ളൊരു കൈക്കോട്ടാണു ജോലി സമയത്തേയ്ക്കായി വാര്‍ഡന്‍ രഘുവിനു കൈമാറിയത്. അഞ്ചാറേക്കര്‍ ജയില്‍വളപ്പില്‍ അങ്ങിങ്ങായി പച്ചക്കറിയും, കുറച്ചു തെങ്ങുകളും കാണാം. കാക്കകളും, പക്ഷികളും വിരളമായേ അവയ്ക്കു മുകളിലൂടെ പറന്നിരുന്നുള്ളു. പണിക്കായി വന്ന പല തലമുതിര്‍ന്ന തടവുപുള്ളികളും തെങ്ങിന്‍ ചുവട്ടിലിരുന്നു വാര്‍ഡര്‍മാരോടു സംസാരിക്കുന്നതും അവന്‍ കണ്ടു. മറ്റൊരു ജീവനെ വളര്‍ത്തി വലുതാക്കുന്ന കൃഷി ചെറുപ്പം മുതലേ അവനിഷ്ടമായിരുന്നു. ഭയപ്പെട്ടതുപോലെ അന്നു രാത്രി കണ്ണനില്‍ നിന്നു ഒന്നും സംഭവിച്ചില്ല. എല്ലാം കടന്നുപോകും എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കി ഉഗ്രരൂപിയായ സൂര്യന്‍  ചക്രവാളത്തില്‍ മറഞ്ഞു. രാത്രിയില്‍, അവനും നിലാവെളിച്ചത്തിനുമിടയില്‍ സെല്‍വാതിലിന്‍റെ കമ്പികള്‍ നിഴലുകള്‍ സൃഷ്ടിച്ചു. 

പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാം കുറിക്കപ്പെട്ട ജയില്‍ ജീവിതത്തില്‍ ചിന്തിക്കാന്‍ മാത്രം സമയമുണ്ടായിരുന്നില്ല. ദിവസങ്ങളും, മാസങ്ങളുമായി കാലചക്രം മുന്നോട്ടു നീങ്ങിയപ്പോള്‍, ജയില്‍ വളപ്പിലെ കൃഷിഭൂമിയില്‍ അണ്ണാനും, മറ്റു കിളികളും പ്രഭാത സവാരി നടത്തി തുടങ്ങി. യാതൊരു പ്രശ്നങ്ങളിലും ഏര്‍പ്പെടാത്ത അദ്ധ്വാനിയായ രഘുവിനെ ജയിലധികാരികളും ശ്രദ്ധിച്ചു. അവന്‍ താല്‍പ്പര്യക്കുറവു പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കണ്ണന്‍റെ ശല്യം ഗണ്യമായി കുറഞ്ഞു. ജയിലിന്‍റെ ഇരുമ്പു വാതിലുകള്‍ ഇക്കാലയളവില്‍ പലര്‍ക്കും വേണ്ടി തുറക്കുകയും അടയുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ കുത്തുവാക്കുകളേക്കാള്‍ അവനു ആശ്വാസം നല്‍കിയതു തടവറയുടെ സൌമ്യതയാണ്. ദൈവത്തിന്‍റെ ഭൂപടത്തില്‍ ജയില്‍വളപ്പിലെ പച്ചപ്പു കൂടിവന്നു.

"അമര്‍ന്നുപോയി കാലവര്‍ഷ വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍. സി. മേരി ബെനിഞ്ഞയുടെ പ്രശസ്തമായൊരു കവിതാശകലമാണിത്‍. ശക്തന്മാരും, ദുര്‍ബലരും ഒരു പോലെ കടന്നുപോയൊരു ലോകത്തു നമ്മള്‍ ഭയപ്പെടേണ്ടതു മരണത്തെ മാത്രമല്ലേ", പ്രശസ്ത സാഹിത്യകാരനും, സുപ്രണ്ടിന്‍റെ സുഹൃത്തുമായ സി. കെ. രമേശ്‌ ജയിളിനുള്ളിലെ തന്‍റെ പതിവു സാഹിത്യ വിജിന്തനത്തിലാണ്. സാഹിത്യ തല്‍പ്പരരായ ഏതാനും തടവുപുള്ളികളും, സൂപ്രണ്ടും, സദസ്സിലുണ്ട്. "ക്രൂരതകൊണ്ടു പലരെയും വലച്ചിട്ടുണ്ട് മരണം. ജീവിക്കുമ്പോള്‍ തന്നെ ഓര്‍ക്കാത്ത പലരെയും. നേരെ മറിച്ചു, ആഗ്രഹിക്കുന്ന പലരുടെയും അടുത്തെത്താതെ അവരെയും ദ്രോഹിക്കുന്നുണ്ട് ഇതേ മരണം. നാം മനപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ആ സത്യത്തെ പറ്റി ഇടയ്ക്കൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്. അതു മാത്രമാണു സത്യം", അയാള്‍ പ്രഭാഷണം നിര്‍ത്തി വേദിയില്‍ നിന്നിറങ്ങവേ രഘു ചോദിച്ചു. "മരണ ശേഷം എന്താണെന്നു ആര്‍ക്കും വ്യക്തമായ ധാരണയില്ല. ദൈവവും, പിശാചുമൊന്നും ഇല്ലെങ്കില്‍ സത്യസന്ധരായി ജീവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാവുകയല്ലേ? എല്ലാ വിധ ലൌകീക സന്തോഷവും അനുഭവിച്ചു, അക്രമങ്ങള്‍ ആസ്വദിച്ചു, ജീവിതം മടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഒരു യുവസമൂഹം വളര്‍ന്നു വന്നാല്‍ നമുക്കതിനു എങ്ങനെ തടയിടാന്‍ സാധിക്കും? അവരെ ഭയപ്പെടുത്താന്‍ മരണത്തിനു സാധിക്കില്ലല്ലോ", സദസ്സില്‍ സമ്പൂര്‍ണ്ണ നിശബ്ദട പടര്‍ന്നു.

കൃഷിക്കിടയിലാണു പറമ്പിന്‍റെ അരികില്‍ നില്‍ക്കുന്നൊരു വാകച്ചെടി അവന്‍ കാണുന്നത്. അവളെ ആദ്യമായി കാണുന്നതും  അമ്പലക്കുളത്തിനു അരികിലുള്ള ചുവന്ന പൂക്കളുള്ള വാക മരത്തിന്‍റെ ചുവട്ടില്‍. മഞ്ഞുതുള്ളികള്‍ അനുഭൂതി തീര്‍ത്ത  അന്തരീക്ഷത്തില്‍, പക്ഷെ അവള്‍ അവനെ കണ്ടില്ല. മാസങ്ങള്‍ക്കു ശേഷം അവന്‍റെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞതും അതേ മരത്തിന്‍റെ ചുവട്ടില്‍ വച്ച്‍. അവള്‍ വരുമ്പോഴെല്ലാം ഇളംകാറ്റ് മരത്തിന്‍റെ ശിഖിരങ്ങള്‍ ഇളക്കി. പൊഴിയുന്ന പുഷ്പങ്ങള്‍ക്കിടയില്‍ അവളൊരു ദേവതയായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടമുള്ള മരവും പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അതേ വാകമരം തന്നെ. അത് അവളുടെ മനസ്സു പോലെ എപ്പോഴും കാറ്റത്തു ശിഖിരങ്ങള്‍ ഇളക്കി, പൂക്കള്‍ പൊഴിച്ച് ചുറ്റിലും സന്തോഷം വിതറി നിന്നു. മാസങ്ങള്‍ക്കു ശേഷം അവനെയും കൊണ്ടു പോലീസ് തെളിവെടുപ്പിനായി വന്നതും ഇതേ മരത്തിന്‍റെ ചുവട്ടില്‍. ശിശിരകാലത്തെ ആ ദിവസത്തില്‍ പൂക്കളില്ലാതെ, നിറം മങ്ങി, ആളുകള്‍ക്കിടയില്‍ തല കുമ്പിട്ടു ആ മരം. 

അവന്‍ ജയില്‍വളപ്പിലെ വാകച്ചെടി പറിച്ചെടുത്തു അവന്‍റെ സെല്ലില്‍ നിന്നു നോക്കിയാല്‍ കാണുന്ന വിധത്തില്‍ അടുക്കളയുടെ പുറകു വശത്തു നട്ടു പിടിപ്പിച്ചു. വെള്ളവും, വളവും നല്‍കി അവന്‍ മറ്റൊരു ദേവതയെ വളര്‍ത്തിയെടുത്തു തുടങ്ങി. പത്തിരുപതു ഇലകള്‍ മാത്രമുള്ള ആ കൊച്ചു ചെടി അവന്‍റെ മനസ്സില്‍ പടര്‍ന്നു പന്തലിച്ചു പൂക്കള്‍ വിതറി തുടങ്ങിയിരുന്നു. അതിന്‍റെ തണുപ്പിലും, സൌന്ദര്യത്തിലും അവന്‍ നാളെകള്‍ക്കായി കൊതിച്ചു. അവനും, അവളും, വാക മരവും അവന്‍റെയുള്ളില്‍ വീണ്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞു‌. കഴിഞ്ഞു പോയ നാളുകള്‍ ഒര്‍മ്മകള്‍ക്കുള്ളിലാക്കി, ആരെയും കാണിക്കാതെ അവന്‍ കാത്തു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങളില്‍ നിന്നും അവന്‍റെ കണ്ണുകള്‍ താഴേക്കിറങ്ങി ആ കൊച്ചു ചെടിയുടെ ചുറ്റിലുമായി ഭാവനകള്‍ മെനഞ്ഞു. ദിവസങ്ങള്‍ മാസങ്ങളായും, വര്‍ഷങ്ങളായും ജയില്‍ വളപ്പിലൂടെ നടന്നു നീങ്ങി. 

"ദുരിത ഫലം പോലുള്ളപ്പഴമെടുത്തവള്‍ തന്നുണ്ണിക്കിടാവിന്‍റെ താരുടല്‍ മറ ചെയ്ത മണ്ണില്‍ തന്‍ നിക്ഷേപിച്ചു മന്തമായ്‌ ഏവം ചൊന്നാല്‍‍. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെ വരികളാണിത്. സാഹിത്യത്തിനു ഏതു മനസ്സിനെയും ആര്‍ദ്രമാക്കാന്‍ സാധിക്കുമെന്നു ഇതു തെളിയിക്കുന്നു. ഇതു പോലുള്ള സൃഷ്ടികള്‍ നമ്മെ ചിന്തിപ്പിക്കുന്നു. സ്നേഹത്തെയും, ബന്ധത്തെയും പറ്റി, പ്രതീക്ഷകളെ പറ്റി, നിരാശയെ പറ്റി. ഇത്തരം ചിന്തകള്‍ ജീവിതങ്ങളില്‍ ഉണര്‍വുണ്ടാക്കും." സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന രഘുവിനെ നോക്കി രമേശ്‌ ചോദിച്ചു, "എന്താണു തനിക്കിതിലുള്ള അഭിപ്രായം?" "എല്ലാ മനസ്സുകളെയും സാഹിത്യത്തിനു സ്പര്‍ശിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പലരും സാഹിത്യത്തിനു മനസ്സിലേക്കുള്ള വഴി വൈരാഗ്യം, അസൂയ തുടങ്ങി പലവിധ മാര്‍ഗ്ഗങ്ങളുപയോഗിച്ചു കോട്ട കെട്ടിയടച്ചിരിക്കുന്നു. മനസ്സിലൊന്നു എത്തിപെട്ടിട്ടു വേണ്ടേ അതിനെ ആര്‍ദ്രമാക്കാന്‍." അവന്‍റെ പുഞ്ചിരിയില്‍ രമേശും പങ്കുചേര്‍ന്നു.

"എന്താണു ആ രഘുവിന്‍റെ കേസ്?", അന്നു തിരികെ പോകും വഴി രമേശ്‌ സുപ്രണ്ടിനോടു അന്വേഷിച്ചു. "കൊലപാതകമാണ്. കാമുകിയെ കഴുത്തുഞെരിച്ചു കൊന്നെന്നാണു പ്രോസിക്യൂഷന്‍ കേസ്‌", സൂപ്രണ്ട് അറിയിച്ചു. "അയാള്‍ അതു ചെയ്യുമെന്നു എനിക്കു  തോന്നുന്നില്ല. എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു", രമേശിന്‍റെ ശബ്ദം ഉറച്ചിരുന്നു. "അയാള്‍ കൊലപാതകം ചെയ്തു എന്നു പറഞ്ഞത് കോടതിയാണ്. ഞാനോ താനോ അതു ചെയ്തില്ലെന്ന് വിചാരിച്ചിട്ടോ, പറഞ്ഞിട്ടോ കാര്യമില്ല. അയാളുടെ ജാതകം കോടതിമുറിയില്‍ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പൊ വന്നിട്ടു അഞ്ചെട്ടു വര്‍ഷമായില്ലേ. കണ്ടിട്ടു ഒരു തരികിടയാണെന്നു തോന്നുന്നില്ല. എന്നാലും പറയാന്‍ പറ്റില്ല. ചിലവന്മാര്‍ അങ്ങനെയേ പെരുമാറൂ", സൂപ്രണ്ട് തന്‍റെ സന്ദേഹവും, നിസ്സഹായതയും ഒരുമിച്ചു വെളിപ്പെടുത്തി. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടു രമേശ്‌ പറഞ്ഞു," എനിക്കു തോന്നുന്നില്ല അവനൊരു തരികിടയാണെന്ന്. പത്തുമുപ്പതു വയസ്സാകുന്നതല്ലേയുള്ളു, അവനെ വല്ലതും പഠിപ്പിക്കാന്‍ വിട്ടു കൂടായിരുന്നോ?" ആലോചിച്ചശേഷം സൂപ്രണ്ട് അറിയിച്ചു, "മുഖ്യമന്ത്രിയുടെ ഒരു വിദ്യാഭ്യാസ പദ്ധതിയുണ്ട്, തടവുപുള്ളികള്‍ക്കു വേണ്ടിയുള്ളത്. അപേക്ഷിച്ചാല്‍ അവനെ പരിഗണിക്കാം. നിങ്ങള്‍ സുഹൃത്തുക്കളല്ലേ. താന്‍ തന്നെ അവനോടു പറ", സൂപ്രണ്ട് മന്ദഹസിച്ചു.

തിരുവനന്തപുരം ജയില്‍ നിന്നും ആദ്യമായാണു ഒരു തടവുപുള്ളി നിയമ പഠനത്തിനായി ചേരുന്നത്. എന്തിനാണവന്‍ നിയമ പഠനം തിരഞ്ഞെടുത്തതെന്നു ജയിലധികൃതര്‍ക്കു അജ്ഞാതമായിരുന്നു. അത്തരം ചോദ്യങ്ങള്‍ക്കു അവന്‍ വ്യക്തമായ ഉത്തരം പറഞ്ഞില്ല. ഇഗ്നോവിന്‍റെ വിദൂര വിദ്യാഭ്യാസ ബിരുദമാണ്. പരീക്ഷകള്‍ നടത്തപ്പെടുന്നതു സിറ്റിയിലെ ലോ കോളേജിലും. പഠനസൌകര്യത്തിനായി, അനാഥമായിരുന്ന ജയിലിലെ എകാന്തതടവറയുടെ വാതിലുകള്‍, അവനു തുറന്നു കൊടുത്തു. മരണക്കയറിന്‍റെ രോദനങ്ങള്‍ക്കിടയില്‍, നിലാവെളിച്ചത്തില്‍, അക്ഷരങ്ങളുടെ നിഴലുകള്‍ വീണു.  സൂപ്രണ്ടിന്‍റെ മുറിക്കു പുറത്തുള്ള കൂട്ടിലെ തത്തയെ അവന്‍ സമയം കിട്ടുമ്പോള്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചു. ജയിലില്‍ വന്ന എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാകമരം പൂത്തില്ല. ചിലപ്പോഴൊക്കെ സന്ധ്യാസൂര്യന്‍റെ കിരണങ്ങളെ ഇലകളിലെ മഴത്തുള്ളികള്‍ പ്രതിധ്വനിപ്പിച്ചു പുഷ്പങ്ങളേക്കാള്‍ ഭംഗി വരുത്തി. അവന്‍ കാത്തിരുന്നു, ആ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും വരുന്ന കുസുമങ്ങള്‍ക്കായി, ആ ദിനത്തിനായി. 

**************************************************

"അഞ്ചു മിനിറ്റു കൂടി മാത്രം", ഹാളില്‍ മുന്നിലിരുന്ന അദ്ധ്യാപകന്‍ സമയം അവസാനിക്കുന്നതിന്‍റെ സൂചന നല്‍കി. ഭാവനയില്‍ നിന്നും വര്‍ത്തമാനത്തിലേക്കുണര്‍ന്ന ഞാന്‍ ആശങ്കയോടെ ഘടികാരത്തിലെ സമയം നോക്കി. കഥയുടെ ബാക്കി എഴുതാന്‍ ഇനി സമയമില്ല. അക്ഷരങ്ങള്‍ക്കായി കൊതിക്കുന്ന, അപൂര്‍ണ്ണതയില്‍ ആശങ്കപ്പെടുന്ന, ആ സങ്കല്‍പ്പലോകത്തിന്‍റെ അന്ത്യം കടലാസ്സില്‍ ഞാന്‍ ഇങ്ങനെ കുറിച്ചു, "സ്വന്തം കുപ്പായത്തില്‍ വാദിച്ചു, കോടതിമുറിയില്‍ നിരപരാധിത്വം തെളിയിക്കുന്ന ഒരു ദിനം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. അതേ ദിവസം വാക മരം പൂക്കുന്നതു കാണാന്‍ അവള്‍ വന്നിരുന്നെങ്കിലെന്നു അവന്‍ ആഗ്രഹിച്ചു." മഷി പുരണ്ട അക്ഷരങ്ങള്‍ക്കായി അധ്യാപകന്‍റെ കൈ എന്‍റെ കടലാസുകളില്‍ അപ്പോഴേക്കും പിടി മുറുക്കിയിരുന്നു. 

ഹാളില്‍ നിന്നറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ ഫലത്തെ പറ്റി ആശങ്കപ്പെട്ടില്ല. സഹാപാഠികളോടു വിഷയത്തിന്‍റെ കാഠിന്യത്തെ പറ്റിയോ, അവരുടെ കഥാഗതിയെ പറ്റി ചോദിച്ചറിയാനോ, നിന്നില്ല. എന്‍റെ കഥ അപൂര്‍ണ്ണമാണെന്നു ഞാന്‍ അറിഞ്ഞിരുന്നു. മനുഷ്യജീവിതങ്ങള്‍ തന്നെ അപൂര്‍ണ്ണങ്ങളാകുമ്പോള്‍, ജീവിതഗന്ധിയായ ഒരു കഥയെങ്ങനെ പൂര്‍ണ്ണമാകുമെന്ന മറുചോദ്യവുമായി ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. വസന്തകാലത്തെ സായാഹ്നത്തില്‍, ലോ കോളേജിലെ പൂന്തോട്ടത്തിലുള്ള വാകമരം, ചുവന്ന പുഷ്പങ്ങള്‍ പതിവിലും കൂടുതല്‍ പൊഴിച്ചു. ഞാന്‍ അങ്ങോട്ടേക്കു നടന്നു. പത്മശ്രീ ലഭിച്ച പ്രശസ്ത സാഹിത്യകാരന്‍ സി. കെ. രമേശിനുള്ള അനുമോദന സമ്മേളനം അകത്തെ ഓഡിറ്റോറിയത്തില്‍ നടക്കുന്നതിന്‍റെ ശബ്ദം പൂന്തോട്ടത്തില്‍ വരെ എത്തുന്നുണ്ട്. ഇളംകാറ്റില്‍ എനിക്കു ചുറ്റും ആയിരക്കണക്കിനു പുഷ്പഹാരങ്ങള്‍ പെയ്തിറങ്ങി. 

കോളേജിന്‍റെ പോര്‍ട്ടിക്കോയില്‍ ജയില്‍ വകുപ്പിന്‍റെ ഒരു ജീപ്പ് ആരെയോ പ്രതീക്ഷിച്ചു കാത്തു കിടന്നു. പൂന്തോട്ടത്തില്‍ നിലക്കാതെ പൊഴിയുന്ന പുഷ്പങ്ങള്‍ക്കിടയിലായി ഇങ്ങനെ എഴുതിയിരുന്നു, "എന്‍റെ വാഗയ്ക്ക്".

Tuesday, March 18, 2014

മണ്ഡരി


കുംഭമാസ സൂര്യാസ്ത്രങ്ങളെ കീഴ്പെടുത്താന്‍ വീടിന്‍റെ മേല്‍ക്കൂരയെ ആശ്രയിച്ചൊരു ദിവസമാണു അവന്‍ എന്‍റെയടുക്കല്‍ ആദ്യം വരുന്നത്. മുഷിഞ്ഞ, കറുപ്പില്‍ ചുവന്ന വരയന്‍ ഷര്‍ട്ടും, റെയില്‍വേയിലെ ക്ലീനര്‍മാരെ അനുസ്മരിപ്പിക്കുന്ന നീല പാന്ടുമാണു വേഷം. വിയര്‍പ്പുത്തുള്ളികള്‍ മേലാസകലം പൊടിയുന്നുണ്ട്. സ്വകാര്യതയിലേക്ക് അറിയിക്കാതെ കയറി വരുന്ന ഒരു അപരചിതനോടുള്ള അമ്പരപ്പും, നീരസവും മുഖത്തു പ്രകടിപ്പിച്ചു നിന്ന എന്നോടവന്‍ പറഞ്ഞു, "സിസ്റ്റര്‍ സജീന, സിസ്റ്റര്‍ സജീന, ആന്ധ്ര." അപ്പോള്‍ ആള്‍ ഒരു അപരിചിതനല്ല. നാട്ടിലെ സാമൂഹിക നവോദ്ധാനവും, അവകാശ ബോധവും മൂലം ഇടത്തരക്കാരെല്ലാം അന്തരിച്ചു പോയപ്പോള്‍ തൊടിയിലെ തെങ്ങിനും, വാഴയ്ക്കും, ഇഞ്ചിക്കുമിടയിലൂടെ കളകള്‍ പടര്‍ന്നു കയറി. കായ്ഫലങ്ങള്‍ സമയത്തെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായപ്പോഴാണു, ഞാന്‍ ആന്ധ്രയിലുള്ള എന്‍റെയൊരു ബന്ധുവായ സജീനയോടു, പറ്റിയ ഒരു പണിക്കാരനെ നാട്ടിലേക്കു വിടാന്‍ പറഞ്ഞത്. അവന്‍ വെയിലും കൊണ്ടു വീട്ടു മുറ്റത്തു തന്നെ നില്‍ക്കുകയാണ്. "പെരെന്നാ?",  ചോദ്യം ആദ്യം ഗ്രഹിച്ചില്ലെങ്കിലും, ആംഗ്യങ്ങളെ കൂട്ടു പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു, "സുബ്ബ റാവു". "സുബ്ബ റാവുവോ, അതെന്തു പേരാ. വിളിക്കാന്‍ പാടാണല്ലോ", എന്‍റെ മനസ്സിലൂടെ തെക്കന്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ ചിന്തകള്‍ കടന്നു പോയി. "ഉന്നെ ഞാന്‍ ബാബുന്നു വിളിക്കാം, ബാബു." എന്‍റെ ആംഗ്യങ്ങള്‍ കൊണ്ടാണ് അവന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നു തോന്നുന്നു. ബാബുവിനു  കിഴക്കു വശത്തെ ചായ്പ്പു, സാധനങ്ങള്‍ വെയ്ക്കുവാനായി കാണിച്ചു കൊടുത്തിട്ടു ഞാന്‍ സാവധാനം തൊടിയിലേക്കിറങ്ങി. ഏകാധിപതികള്‍ കൊലയ്ക്കു മുമ്പ് ഇരകളോടു കാണിക്കുന്ന ഒരു പുച്ഛത്തോടെ ഞാന്‍ കളകളെ നോക്കി. വര്‍ദ്ധിച്ച വാല്‍സല്യത്തോടെ ജീവനത്തിനായി ക്ലേശിക്കുന്ന എന്‍റെ വിളകളെ തലോടി. അരുണന്‍, സഞ്ചരിക്കുന്ന എല്ലാത്തിനെയും വാനത്തുനിന്നു ലക്ഷ്യമിട്ടെങ്കിലും, അവന്‍റെ ഒരു രശ്മിക്കു പോലും എന്‍റെ മനസ്സിലെ വര്‍ദ്ധിച്ച ഉത്സാഹത്തെ കെടുത്താനായില്ല.

വീടും, വീടിനു ചുറ്റും പരന്നു കിടക്കുന്ന പറമ്പും അന്യം നിന്നു പോവുന്നൊരു കാലത്ത്, അത്തരത്തിലുള്ളൊരു വലിയ വസ്തുവിനു ഞാന്‍ അവകാശിയായിരുന്നു. പ്രായാധിക്യം മൂലം സര്‍ക്കാര്‍ ബഹുമാനപൂര്‍വ്വം വീട്ടിലിരുത്തുകയും, മക്കളെല്ലാം  ഒരിക്കലും കയ്യെത്താന്‍ ഇടയില്ലാത്ത സൌഭാഗ്യം പ്രതീക്ഷിച്ചു അന്യ ദേശങ്ങളില്‍ ചേക്കേറുകയും ചെയ്തപ്പോഴാണു ഞാന്‍ ചുറ്റുപാടുമുള്ള തൊടിയിലേക്കിറങ്ങിയത്. പുരയിടത്തിനു പുറകിലൂടെയോഴുകുന്ന ചെറു അരുവി ഒരിക്കലും വറ്റാറില്ല. അയല്‍ നിലങ്ങളൊന്നും വിതയ്ക്കാറില്ലെങ്കിലും, നികത്താത്തതിനാല്‍ ഗ്രാമത്തിന്‍റെ ജലസംഭരണികളായി നിലകൊണ്ടു. വീടിനു മുന്നിലായി രണ്ടു മൂന്നു കിലോമീറ്റര്‍ അപ്പുറം സ്വാമിപ്പാറയും നിലനില്‍ക്കുന്നുണ്ട്. വശം ചെരിഞ്ഞു നില്‍ക്കുന്നൊരു കൊമ്പന്‍റെ രൂപത്തിലുള്ള ആ പാറക്കൂട്ടത്തിന്‍റെ നിഴല്‍ ചിലപ്പോഴെങ്കിലും വീടിനെ സൂര്യനില്‍ നിന്നും മറച്ചു കളയും. ഉപഗ്രഹ ചിത്രങ്ങളില്‍ പാറയ്ക്കു ചുറ്റും ഇടതൂര്‍ന്ന പച്ചനിറത്തില്‍ എന്‍റെ ഗ്രാമം സദാ കാണാനാവും. വര്‍ഷാവര്‍ഷം വരുന്ന വടക്കുകിഴക്കന്‍ മഴമേഘം പെയ്തൊഴിയുവാന്‍ ഇഷ്ടപ്പെടാതെ നാട്ടില്‍ ചുറ്റിത്തിരിയാറുണ്ട്. ആരോഗ്യകരമായ ഇളംനീല നിറത്തില്‍ വാനം പെരിയപ്പുറം ഗ്രാമത്തിനു മുകളില്‍ സന്തോഷം വര്‍ഷിച്ചു.

എന്നെപ്പോലെ നിര്‍ബന്ധിത വിശ്രമം ആസ്വദിക്കുന്ന അയല്‍പ്പക്കത്തെ ജോണി സാറും, ടീച്ചറുമാണു ചുറ്റുമുള്ള വിതയ്ക്കാത്ത നിലത്തിന്‍റെ കതിരു പറ്റേണ്ടിയിരുന്ന വിതക്കാര്‍. സ്വാമിപ്പാറയുടെ മുകളിലായി നാലഞ്ചു ആദിവാസി കുടുംബങ്ങളും പാര്‍ക്കുന്നുണ്ട്. ഒന്നു രണ്ടു തലമുറ മുന്‍പു വരെ അവര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആദിവാസികളായിരുന്നുവെങ്കിലും, പെരിയപ്പുറം സ്കൂളിനു സമൂഹത്തിലുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിന്‍റെ പ്രതിഫലനമെന്നോണം അവരെല്ലാം ഇപ്പോള്‍ ഏറെക്കുറെ നാട്ടുവാസികളായി കഴിഞ്ഞു.  എന്നിരിക്കിലും, പഴമയുടെ ഭാണ്ഡം പേറി അവര്‍ക്കിടയില്‍ മൂപ്പന്‍ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നു. ആചാരങ്ങളില്‍ പലതിനെയും വര്‍ദ്ധിച്ച സാമൂഹിക ബോധം നശിപ്പിച്ചപ്പോള്‍ മൂപ്പന്‍റെ അധികാരത്തിനും വലിയ തോതില്‍ ഇടിവു സംഭവിച്ചു. ഇന്നതൊരു സാമ്പ്രദായിക ആചാരപ്പേരിലേക്കു ചുരുങ്ങിയിരിക്കുന്നു. മൂപ്പന്‍റെ ഏക മകന്‍ രഘുവാണ് ബാബു വരുന്നതിനു മുന്‍പു തോപ്പിലെ പണികള്‍ക്കു സഹായിച്ചിരുന്ന കയ്യാള്‍‍. വിനയവും, സംഘടനാ മികവുമുള്ള വ്യക്തി എന്നാവും ഇടതുപക്ഷ യുവജന സംഘടനാ നേതാവു കൂടിയായ രഘുവിനെപറ്റി ഗ്രാമത്തില്‍ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുക.

സ്വാമിപ്പാറയുടെ ചുവട്ടിലായുള്ള ചെറുകാടിനുള്ളില്‍, ആദിവാസികളുടെ പ്രധാന ആരാധന മൂര്‍ത്തിയായ തച്ചോട്ടു തേവരുടെ പ്രതിഷ്ഠയുള്ളതായി അവര്‍ വിശ്വസിച്ചു പോരുന്നു. പാറയെയും, അവരെയും, ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന തേവര്‍ ഉറക്കത്തിലാണെന്നും, ഉണര്‍ത്തിയാല്‍ ക്രമേണ അവര്‍ വംശമറ്റുപോവുമെന്നും ആദിവാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്നു. പുതുതലമുറയ്ക്കു വിശ്വാസങ്ങളില്‍ താല്‍പ്പര്യം കുറവാണെങ്കിലും, അവരും തേവര്‍ക്കെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാറില്ല. ആദിവാസികളുടെ പുണ്യസ്ഥലമായതിനാലും, തേവര്‍ ഉറക്കത്തിലാണെന്നു അവര്‍ വിശ്വസിക്കുന്നതിനാലും നാട്ടുകാരാരും അവിടെ പോവുകയോ, അതു വെട്ടിത്തെളിയ്ക്കുകയോ ചെയ്യാറില്ല.  കാട്ടിനുള്ളിലെ അരയാല്‍ നൂറ്റാണ്ടിന്‍റെ പ്രാര്‍ത്ഥനകളും, പഴക്കവും പേറി ശിഖിരങ്ങള്‍ നിറഞ്ഞു ദേവസദൃശ്യമായ പ്രൌഢിയില്‍ നിലകൊണ്ടു. നാട്ടിലുള്ള മണ്ണിരയും, പാടങ്ങളില്‍ കണ്ടുവന്ന കൊറ്റിയും, നീര്‍ക്കോലിയുമെല്ലാം അവിടെ അഭയം തേടി. വൈക്കോല്‍ക്കൂനയില്‍ മുളച്ചുപൊന്തുന്ന വലിയ പാല്‍ക്കൂണ്‍ കര്‍ഷകനു നല്‍കുന്ന സന്തോഷം, കാടും, അതിലെ ജീവജാലങ്ങളും ദൈവത്തിനും നല്‍കി.

******************************

വസന്തം, ഗ്രീഷ്മം, ശരത്, വേനല്‍, മഴക്കാലങ്ങള്‍ ഒരു തവണ മാറിവന്നപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം, ബാബു, സംസാരിക്കാന്‍ തെറ്റില്ലാതെ മലയാളം ഉപയോഗിച്ചു തുടങ്ങിയെന്നതാണ്. "ഇത്തവണ തെങ്കാ കുറവാണ്." ഒരിക്കല്‍ അവന്‍ പറഞ്ഞു. "തെങ്കാ അല്ലെടാ, തേങ്ങാ, ങ്ങാ", അവന്‍റെ തലയില്‍ സ്നേഹത്തോടെ തലോടി ഞാന്‍ പറഞ്ഞു. "എല്ലാം വേഗത്തില്‍ പഠിക്കുന്നുണ്ട് പയ്യന്‍", അവനെ പറ്റി എനിക്കഭിമാനം തോന്നി. പോഷകാഹാരവും, കരുതലും ഒക്കെകൊണ്ടാവണം അവനു ഒരു മലയാളിത്തം കൈവന്നിട്ടുണ്ട്. കൂട്ടത്തില്‍ അവനെ ഞാന്‍ മലയാളം അക്ഷരങ്ങളും പഠിപ്പിച്ചു തുടങ്ങിയിരുന്നു. "ഇവന്‍ കൊള്ളാല്ലോ. ഇവനെ നമ്മുടെ പാര്‍ട്ടിയിലെക്കെടുത്താലോ? സമര്‍പ്പണ മനോഭാവമുള്ള യുവാക്കളെ പാര്‍ട്ടി കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമാണ്", പിരിവിനായി ഒരിക്കല്‍ വീട്ടിലെത്തിയ രഘു, ബാബുവിനെ കണ്ടു അഭിപ്രായപ്പെട്ടു.

നാട്ടിലെ പ്രമാണി കുടുംബക്കാരായ വാണിയംകുടിയില്‍ക്കാരുടെ കൈവശമാണു സ്വാമിപ്പാറയ്ക്കു ചുറ്റുമുള്ള ഭൂരിഭാഗം സ്ഥലവും സ്ഥിതി ചെയ്യുന്നത്. മൂന്നാലു തലമുറ മുന്‍പ് ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം കൈവശം വെച്ചിരുന്ന അവര്‍ അല്‍പമെങ്കിലും ക്ഷയിച്ചത് കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ശേഷമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ സ്ഥലം മേടിച്ച ശേഷം വാണിയംകുടിയില്‍ പോയപ്പോള്‍ അന്നത്തെ വല്യമ്മച്ചിയായ ഏലി എന്നെ പരിചയപ്പെടുത്തിയത് ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. "നമ്മുടെ അപ്പുറത്തെ ചായ്പ്പില്‍ കിടന്നിരുന്നതാ ഇവന്‍റെ അപ്പന്‍ തോമ്മാ. ഇന്നു നമ്മുടെ അടുത്തു സ്ഥലം മേടിക്കാന്‍ വിധത്തില്‍ വളര്‍ന്നിരിക്കുന്നു." ഔപചാരികതയുടെ പുറത്തു ലഭിച്ച കാപ്പി ഒന്നു രുചിച്ചു പോലും നോക്കാതെയാണു അന്നാ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏലി മരിച്ചു മണ്ണടിഞ്ഞെങ്കിലും, മരിക്കാതെ ഇങ്ങനെ എത്ര ഓര്‍മ്മകള്‍ മനസ്സില്‍ കിടക്കുന്നു, നീറ്റലും, സുഗന്ധവുമുള്ള എത്രയോ ഓര്‍മ്മകള്‍.

ഭൂമിയുടെ ശസ്ത്രക്രീയാ ഉപകരണികളായ വെടിമരുന്നും, ബുള്‍ഡോസറും മറ്റും നിരനിരയായി വാണിയംകുടിയിലേക്കു കയറിപ്പോയപ്പോള്‍ നാട്ടുകാര്‍ ഒട്ടൊന്നു അന്ധാളിച്ചു. പ്രമാണിമാരുടെ അടുക്കളക്കഥകളില്‍ തല്‍പ്പരരായി അനേകര്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും ഒരു ചായക്കുള്ള വക പോലും ലഭിച്ചില്ല. അനേകം ലോറികളും തറവാട്ടു മുറ്റത്തെത്തി. ദിവസങ്ങള്‍ക്കു ശേഷം പെരിയപ്പുറം ഒട്ടൊന്നു കുലുങ്ങി. പ്രകമ്പനങ്ങള്‍ ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. സ്വാമിപ്പാറയുടെ വശങ്ങളില്‍ നിന്നും കല്ലുകള്‍ ഇളകിത്തെറിച്ചു. നാടിന്‍റെ അടിത്തറ ഓരോ വെടിയിലും കുലുങ്ങി. നൂറ്റാണ്ടുകളായി നാടിനു കാവല്‍ നിന്ന പ്രകൃതിനിര്‍മ്മിത കോട്ട നൂതന ശാസ്ത്രസാങ്കേതികതയുടെ മുന്‍പില്‍ ആടിയുലഞ്ഞു.  പ്രകമ്പനങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു വന്നു. ഉപഗ്രഹചിത്രങ്ങളില്‍ സ്വാമിപ്പാറയുടെ ചുറ്റുമുള്ള പച്ചപ്പു സാവധാനം നീങ്ങിത്തുടങ്ങിയിരുന്നു. അവ, ജന്മന പല്ലു കിളിര്‍ത്ത ഒരു ശിശുവിന്‍റെയോ, മുന്‍നിര പല്ലുകള്‍ നഷ്ടപ്പെട്ട ഒരു യുവാവിന്‍റെ ചിത്രമോ പോലെയുള്ള സൌന്ദര്യമില്ലായ്മ ജനിപ്പിച്ചു. ഉരുളുപൊട്ടി വരുന്ന പാറക്കൂട്ടങ്ങള്‍ക്കു മുന്നില്‍ പെട്ട കൂട്ടിലെ വളര്‍ത്തുകിളിയെപ്പോലെ കാട്ടിലെ അരയാലും, മറ്റു സസ്യങ്ങളും കാറ്റത്തു ചില്ലകള്‍ ചലിപ്പിച്ചു ശബ്ദമുണ്ടാക്കി.

ഭൂമി സൂര്യപ്രദിക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. കാലങ്ങള്‍ മാറിമറിഞ്ഞു. പടിഞ്ഞാറന്‍ കാറ്റു വീശുന്ന സായാഹ്നത്തിലാണു ബാബു ഒരു തേങ്ങയുമായി എന്‍റെ അടുക്കല്‍ വരുന്നത്. "എന്താണെന്നറിയില്ല, ഇത്തവണ തേങ്ങയൊക്കെ ചെറുതായിരിക്കുന്നു. ഈ തെങ്ങില്‍ മാത്രമല്ല, ഒരുമാതിരി എല്ലാത്തിലും ഇതേ വലിപ്പമാണ്." തേങ്ങയുടെ കൂമ്പു കണ്ട ഞാന്‍ നന്നേ ഞെട്ടി. "ഈശ്വരാ മണ്ഡരി". "എടാ നീ തെങ്ങില്‍ കയറി എല്ലാത്തിന്‍റെയും കൂമ്പു നോക്കിക്കേ. എന്തെങ്കിലും ചെള്ലോ, ചെറു ജീവിയെയോ കാണുന്നുണ്ടോയെന്നു?", അവനെയും കൂട്ടി ഞാന്‍ അടുത്തു കണ്ട ഒരു തെങ്ങിന്‍ ചുവട്ടിലെക്കോടി. തെങ്ങില്‍ കയറിയ അവന്‍, ഒരു ചെറു വണ്ടിനെയും കൂട്ടി താഴേക്കിറങ്ങി വന്നു. "ഇതു പോലെ കുറേയെണ്ണമുണ്ട്. കൂമ്പിലാ എല്ലാം കൂടിയിരിക്കുന്നത്", അവന്‍ പറഞ്ഞു. തോപ്പിലെ തെങ്ങുകളില്‍ നല്ലൊരു ശതമാനത്തെയും മണ്ഡരി ബാധിച്ചു കഴിഞ്ഞു. കൃഷി ഉദ്യോഗസ്ഥന്‍ മരുന്നു തരുമ്പോള്‍ സൂചിപ്പിച്ചു, "അധികം പ്രതീക്ഷ വെയ്ക്കേണ്ട. ബാധിച്ച തെങ്ങുകള്‍ പോവാനാണു സാധ്യത‍. മരുന്നു തളിച്ചുവെച്ചാല്‍ പിടിക്കാത്ത തെങ്ങുകളെങ്കിലും രക്ഷപ്പെടും." പടിഞ്ഞാറന്‍ കാറ്റു നാട്ടിലുടനീളം വീശിത്തുടങ്ങിയിരുന്നു. പല തെങ്ങുകളും മണ്ടയോടെ നിലം പൊത്തി. മണ്ട പോയ പല തെങ്ങുകളും ഭൂമിയുടെ മാറിലേക്കു തുറക്കുന്ന ജലവാഹിനികള്‍ കണക്കെ മഴച്ചാര്‍ത്തും പ്രതീക്ഷിച്ചു മാനത്തെയ്ക്കു നോക്കി നിന്നു. ബാക്കിയുള്ളവ വാനം ഉന്നം വെച്ച പീരങ്കികള്‍ കണക്കെ പടിഞ്ഞാറന്‍ കാറ്റിനോടു പട പൊരുതി പോര്‍ക്കളത്തില്‍ വീണു വീരമൃത്യു വരിച്ചു.

കനത്ത ശബ്ദവും, പൊടിയും കുലുക്കവും അസഹ്യമായപ്പോഴാണു നാട്ടുകാര്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടത്. തേവരു കാടു വെട്ടിനീക്കപ്പെടുന്നതില്‍ ആദിവാസികളും അസ്വസ്ഥരായിരുന്നു. പലപ്പോഴും, പാറക്കല്ലുകള്‍ ജോണിസാറിന്‍റെ വീട്ടുമുറ്റത്തു വരെ തെറിച്ചു വീണു. ആദിവാസി ഭവനങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പാറമട വിരുദ്ധ മുന്നണി നാടിന്‍റെ പ്രധാന സംഘടനയാകാന്‍ അല്‍പ സമയം പോലും എടുത്തില്ല. റെവന്യൂ വകുപ്പില്‍ സേവനം പൂര്‍ത്തിയാക്കിയ ഞാന്‍ അതിന്‍റെ കണ്‍വീനറും. പാറമടയ്ക്കു വേണ്ടിയാണെങ്കില്‍‍, പാറ പൊട്ടിക്കുന്നതിനൊപ്പം ചുറ്റുമുള്ള മണ്ണില്‍ അലക്സ്‌ ആഴത്തില്‍ കുഴിക്കുന്നതെന്തിന് എന്നതു എന്നെ കുഴക്കി. വാണിയംകുടിയില്‍ അലക്സിനെ നാടിന്‍റെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു സംഘടന ആദ്യം ഏറ്റെടുത്ത ഉദ്യമങ്ങളില്‍ ഒന്ന്. പഴമയുടെ പ്രതാപം ലേശം പോലും ചോരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ആ തറവാട്ടിലേക്കു ഞങ്ങളെ സ്വാഗതം ചെയ്തത് അനേകം നാട്ടു വൃക്ഷങ്ങളുടെ ബോണ്‍സായി മാതൃകകളാണ്. അലക്സിന്‍റെ ഭാര്യ ലിസി പ്രദേശത്തെ തന്നെ വലിയ ബോണ്‍സായി കച്ചവടക്കാരിയാണ്. "കേറിയിരിക്ക്. എല്ലാരും കൂടി വിശേഷിച്ച്?", പറമ്പിലായിരുന്ന അലക്സ്‌ ഞങ്ങളെ കണ്ടു കയറി വന്നു. "ഇവിടുത്തെ ഖനനത്തെപറ്റിയും, പാറമടയെപ്പറ്റിയും സംസാരിക്കാനായി വന്നതാണ്", ഞങ്ങള്‍ ശബ്ദത്തില്‍ തികഞ്ഞ ഭവ്യത പ്രകടിപ്പിച്ചു. "അതിപ്പോ സംസാരിക്കാന്‍ എന്നാ ഒള്ളതു?. എന്‍റെ സ്ഥലത്തു ഞാന്‍ ഒരു പാറമട തുടങ്ങി. അതിനു ചുറ്റുമുള്ള സ്ഥലവും എന്‍റെ തന്നെയാണ്. നിയമപരമായുള്ള അനുമതികളെല്ലാം നേടിയിട്ടുമുണ്ട്", അലക്സ്‌ ഒരു വിജയിയുടെ ഭാവത്തില്‍ നിലകൊണ്ടു. "പാറമടയ്ക്കു വേണ്ടി മാത്രമാണെങ്കില്‍ അതിനു ചുറ്റും ഇങ്ങനെ കുഴിക്കുന്നതെന്തിനാണ്?", സംശയം ഉന്നയിച്ചത് കണ്‍വീനറായ ഞാനായിരുന്നു. "മണ്ണിനടിയിലെ പാറ കൂടി പൊട്ടിക്കാന്‍. അതിനു നിങ്ങള്‍ക്കെന്താ? ഇനി നിങ്ങളുടെ അനുമതിയും വേണോ?", അലക്സിന്‍റെ ശബ്ദം ഉയര്‍ന്നു വന്നു. "അതല്ല അലക്സെ, ഈ പാറമട കൊണ്ടു പരിസരവാസികള്‍ക്കൊക്കെ നിരവധി ബുദ്ധിമുട്ടുകളുണ്ട്", ഞാന്‍ അലക്സിനെ തിരികെ ചര്‍ച്ചയിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചു. "അതിപ്പോ സംസാരിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പാറമട നിര്‍ത്താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. മറ്റൊന്നും സംസാരിക്കാനില്ലെങ്കില്‍ നിങ്ങള്‍ക്കിറങ്ങാം", അയാളുടെ ശബ്ദം കനത്തു. "അതിപ്പോ നീ മാത്രം അങ്ങു തീരുമാനിച്ചാ മതിയോ? ഇവിടെ നാട്ടുകാര്‍ക്കൊന്നും കെടന്നുറങ്ങണ്ടേ", രഘുവില്‍ നിന്നും അത്തരം ഒരു സംഭാഷണം ശ്രവിച്ചു അലക്സിനെക്കാള്‍ ഞെട്ടിയതു ഞങ്ങളാണ്. ചെറു പുഞ്ചിരിയോടെയല്ലാതെ ഞങ്ങള്‍ അവനെ ഇതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.

"പാറമട നിര്‍ത്തിയില്ലെങ്കില്‍ നീ എന്നാ ചെയ്യുമെന്നാ പറഞ്ഞു വരുന്നേ?", അലക്സിന്‍റെ മറു ചോദ്യത്തോടെ സംഭാഷണം കൈ വിട്ടു പോവുകയാണോയെന്നു ഞങ്ങള്‍ സന്ദേഹിച്ചു. "തേവരു കാടും നശിപ്പിച്ചു നീ പാറമട നടത്തുന്നതു ഒന്നു കാണണമല്ലോ", മുന്നോട്ടാഞ്ഞ രഘുവിനെ തടഞ്ഞതു ഞങ്ങളു തന്നെയാണ്. സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ പരിസരത്തു സമാധാനം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം എനിക്കായിരുന്നു. പരാജയപ്പെട്ട ആദ്യ ഉദ്യമത്തിനൊടുവില്‍ തിരികെ പോരുമ്പോള്‍ ഞാന്‍ പരിസരങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ബോണ്‍സായി വൃക്ഷങ്ങളെ നോക്കി.  അവയില്‍ പലതും മുന്നില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന പേരാലിനെയും, അരയാലിനെയും അസൂയയോടെ നോക്കുന്നതായി എനിക്കു തോന്നി. ഒപ്പം പാറമടയുടെ പരിസരത്തുള്ള മരങ്ങള്‍ വെട്ടി വീഴ്ത്തപ്പെടുമ്പോള്‍ ആശ്വസിക്കുന്നതായും. പൂര്‍ണ്ണവളര്‍ച്ചയെത്താതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പോലെ വാത്സല്യവും, കരുതലും നല്‍കാന്‍ പോന്ന ഒരച്ചനെയും, അമ്മയെയും പ്രതീക്ഷിച്ചു അവ ആ വീട്ടു മുറ്റത്തു നിലകൊണ്ടു. 

ജനകീയപ്രശ്നങ്ങളുടെ അന്തിമപരിഹാരം സംഭവിക്കുന്നതു പലപ്പോഴും ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ, ആത്മീയ നേതാക്കന്മാരിലൂടെയോ അല്ല, മറിച്ചു ജനകീയാസൂത്രണത്തിന്‍റെ ഈറ്റില്ലങ്ങളിലൂടെയാണ്. ഞങ്ങള്‍ പെരിയപ്പുറം പഞ്ചായത്തു പ്രസിഡന്റ്‌ രവീന്ദ്രനു മുന്നില്‍ സങ്കട ഹര്‍ജി ബോധിപ്പിച്ചു. "അതിപ്പോ, എല്ലാരും ഇങ്ങനെ പാറമടകള്‍ക്കെതിരായാല്‍ നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരിങ്കല്ലു എവിടെ നിന്നു കണ്ടെത്തും. റോഡു മുതല്‍ കെട്ടിടങ്ങള്‍ക്കു വരെ അതൊരു അത്യാവശ്യ വസ്തുവല്ലേ. ആര്‍ക്കും അല്‍പ്പം പോലും ബുദ്ധിമുട്ടു സഹിക്കാനും വയ്യ, ഒള്ള വികസനമെല്ലാം വേണം താനും", പരാതിയില്‍ രവീന്ദ്രന്‍ തന്‍റെ നിലപാടറിയിച്ചു. മാസാമാസം പതിനായിരങ്ങള്‍ വാണിയംകുടിയില്‍ നിന്നു "സന്തോഷം" സ്വീകരിച്ചിരുന്ന മെമ്പര്‍മാരില്‍ നിന്നും കൂടുതലൊന്നും ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. പഞ്ചായത്തു കെട്ടിടത്തില്‍ നിന്നും ഇറങ്ങുന്ന വഴി ഞാന്‍ രവീന്ദ്രനോടു പറഞ്ഞു, "പ്രസിഡന്റിന്‍റെയോ, ഒരൊറ്റ മെമ്പര്‍മാരുടെയോ വീടിനടുത്തു ഒരു പാറമട പോലും ഇല്ലാത്തതെന്തേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ എന്നാണല്ലോ". രവീന്ദ്രന്‍ നോക്കി ഇരുന്നതേയുള്ളു. പഞ്ചായത്തു  വളപ്പിലെ പ്ലാവിന്‍ മുകളില്‍ അനേകം ഇത്തിള്‍ക്കണ്ണികള്‍ മുളച്ചു പൊങ്ങി നിന്നു. അവയില്‍ കീടങ്ങള്‍ മുട്ടയിട്ടു പെരുകി. 

പനിച്ചുകിടന്ന ഒരിക്കലാണു ഞാന്‍ ബാബു താമസിക്കുന്ന ചായ്പ്പിലേക്കു ചെന്നത്. വീടിനോടു ചേര്‍ന്നാണെങ്കിലും പുറമേ നിന്നു മാത്രം പ്രവേശിക്കാനാവും വിധമാണതിന്‍റെ നിര്‍മ്മിതി. തലേന്നത്തെ മഴയ്ക്ക്, ജാതിയ്ക്കു തടമെടുക്കേണ്ടന്നു ഞാന്‍ ആവത് അവനോടു പറഞ്ഞതാണ്. എന്നെ കണ്ട അവന്‍ ബുദ്ധിമുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഞാന്‍ തടഞ്ഞു. അവന്‍ മുറി വൃത്തിയായി സൂക്ഷിച്ചിരുന്നു‍. മുറിയിലെ തടിക്കട്ടിലില്‍ പായ വിരിച്ചാണു ബാബു കിടക്കുന്നത്. ഭിത്തിയിലെ കൊളുത്തില്‍ അരിവാളും, ഷെല്‍ഫില്‍ വെട്ടുകത്തി, ചുറ്റിക തുടങ്ങി മറ്റു പണിയായുധങ്ങളും സൂക്ഷിച്ചിരിന്നു. കട്ടിലിനു മുകളിലായി ചില്ലുകുപ്പിയില്‍ ചത്ത മണ്ഡരി കീടങ്ങളെ സൂക്ഷിച്ചിരിക്കുന്നതാണ് എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. "എന്തിനാടാ നീ ഇതൊക്കെ എടുത്തു വെച്ചിരിക്കുന്നത്?", ഞാന്‍ ആകാംക്ഷാപൂര്‍വ്വമാണ് ചോദിച്ചത്. "പ്രകൃതിയെ ആക്രമിക്കുന്ന കീടങ്ങളെ കൊന്നു കളയണം", അവന്‍റെ ശബ്ദത്തില്‍ അല്‍പം പോലും ക്ഷീണം അനുഭവപ്പെട്ടില്ല. കീടങ്ങളില്‍ പലതും അറിയാതെയാണെങ്കിലും ചെയ്ത കുറ്റത്തിന്‍റെ പ്രതിഫലനമെന്നവണ്ണം ദ്രവിച്ചു തുടങ്ങിയിരുന്നു. സായാഹ്ന മേഘങ്ങള്‍ക്കിടയില്‍ പതിവില്ലാംവണ്ണം കഴുകന്മാര്‍ പറക്കുന്നുണ്ടായിരുന്നു.

********************************

കാലത്തിന്‍റെ അച്ചുതണ്ടില്‍ സൂര്യനു ചുറ്റും ഭൂമി വീണ്ടും കറങ്ങി, ഒന്നല്ല, പലവട്ടം. വാണിയംകുടിയില്‍ പാറമട പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വാമിപ്പാറയെ വരിഞ്ഞു മുറുക്കിത്തുടങ്ങിയിരുന്നു. ആശയപരമായ പ്രതിഷേധങ്ങള്‍ക്കല്ല, സംഘടിത ശക്തിക്കാണു സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവുകയെന്നു പ്രഘോഷിച്ചു രഘുവും കൂട്ടരും, വാണിയംകുടിയില്‍ ആലക്സിനെ ഘൊരാവോ ചെയ്തു. മേഘങ്ങള്‍ പോലും മാറി നിന്ന ആ പകല്‍ മുഴുവന്‍ യുവാക്കള്‍ വാണിയംകുടിയില്‍ തറവാടിന്‍റെ ഗേറ്റിലൂടെയുള്ള പ്രവേശനം തടഞ്ഞു. ഇടതു പക്ഷ, വിപ്ലവ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഈ ഘൊരാവോയ്ക്കു സമര സമിതിയ്ക്കു നേരിട്ടു പങ്കുണ്ടായിരുന്നില്ലെങ്കിലും നിശബ്ദമായ പിന്തുണ നിര്‍ലോഭം ലഭിച്ചു. അന്നേ ദിവസം മുതല്‍ പാറമട താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ ശ്രമിച്ചിട്ടു നടക്കാഞ്ഞത്, ഒറ്റ പകല്‍ കൊണ്ടു രഘുവും കൂട്ടരും സാധിച്ചെടുത്തു. നക്ഷത്രങ്ങള്‍ തിളങ്ങി നിന്ന അന്നത്തെ രാത്രിയില്‍ സ്വാമിപ്പാറ പോലും സമാധാനമായി നിശ്വസിച്ചിരിക്കണം.

പിറ്റേന്നു, ഞാനും രഘുവും രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഞങ്ങള്‍ക്കു മുന്നില്‍ ഒരു ജീപ്പു വന്നു നിന്നത്. ആരാണെന്നു സൂക്ഷിച്ചു നോക്കുമ്പോഴേക്കും മുഖത്തടി കൊണ്ട് ഞാന്‍ വീണിരുന്നു. മണ്ണില്‍ കിടന്ന ഞാന്‍, വാളുകളുമായി അവര്‍ തലങ്ങും വിലങ്ങും രഘുവിനെ വെട്ടുന്നതു ഭയപ്പാടോടെ നോക്കി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ പൊയ്ക്കഴിഞ്ഞിരുന്നു. നിമിഷാര്‍ത്ഥത്തില്‍ ദുരന്തത്തിന്‍റെ തീവ്രത തിരിച്ചറിഞ്ഞ ഞാന്‍ അടുത്തു വന്ന ഒരു വണ്ടിയില്‍ രഘുവിനെയും കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. സമയത്തിന്‍റെ നിശ്ചലതയോ, ദൈവത്തിന്‍റെ കൃപയോ എന്നറിയില്ല, അടിയന്തരശസ്ത്രക്രീയക്കൊടുവില്‍ രഘു രക്ഷപ്പെട്ടു. കയ്യിലും, ശരീരത്തും അനേകം മുറിവുകളുമായി അയാള്‍ ആശുപത്രിയില്‍ സമയത്തോടു മല്ലിട്ടു. നേരം പുലര്‍ന്നു വരുമ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും എന്‍റെ ചെവിയിലെത്തി. അതേ രാത്രി ആരോ അലക്സിനെയും വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഒരു രാത്രിയില്‍, ഒരു ഗ്രാമത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിഷ്ഠൂരമായ രണ്ടു കൊലപാതക ശ്രമങ്ങള്‍. അതിലൊന്നു വിജയിക്കുകയും ചെയ്തു. കനത്ത ഭയാശങ്കയിലായതു ഗ്രാമവാസികളാണ്. എന്താണു സംഭവിക്കുന്നതെന്നു ആര്‍ക്കും ബോധ്യമുണ്ടായിരുന്നില്ല. 

പോലീസ് വണ്ടികള്‍ പോലീസ് നായ്ക്കളെ പോലെ ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം ഓടി. രഘുവിനെ വെട്ടിയതു അലക്സ്‌ ഏര്‍പ്പെടുത്തിയ സംഘമാണെന്നതിനു പോലീസിനു തെളിവുകള്‍ ലഭിച്ചെങ്കിലും, അലക്സിന്‍റെ കൊല ആരു നടത്തിയെന്നതു ദുരൂഹതയില്‍ നിലനിന്നു. രഘുവിന്‍റെ സുഹൃത്തുക്കളെ തുടക്കത്തില്‍ പോലീസ് സംശയിച്ചെങ്കിലും അവര്‍ക്കാര്‍ക്കും അതില്‍ പങ്കില്ലെന്നത് അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവണ്ണം സ്ഥിരീകരിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും, അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാഞ്ഞതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ക്കും തെളിയിക്കുവാന്‍ സാധിച്ചില്ല. വാണിയംകുടിയില്‍ ക്വാറി അലക്സിന്‍റെ ആത്മാവിനെയും പേറി, പ്രവര്‍ത്തനം നിലച്ചു ശാന്തമായി നിലകൊണ്ടു. അന്വേഷണത്തില്‍ മറ്റൊരു വാര്‍ത്ത കൂടി നാട്ടുകാര്‍ക്കു മുന്നില്‍ അവതരിച്ചു. ബഹുരാഷ്ട്ര മൈനിംഗ് കമ്പനിയായ എസ്.ബി.സിയുടെ പങ്കാളിയായിരുന്നു അലക്സ്‌ എന്നതും, അവര്‍ക്കു വേണ്ടി അയാള്‍ നടത്തിയിരുന്നതു പാറമടയല്ല, മറിച്ചു വന്‍ തോതിലുള്ള ഗാര്‍നെറ്റ് ഖനനം ആയിരുന്നുവെന്നതും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കു നന്നേ സമയം വേണ്ടി വന്നു. തേവരു കാട്ടിനടിയില്‍ വിലപിടിപ്പുള്ള, ഗാര്‍നെറ്റിന്‍റെ വലിയ അളവിലുള്ള നിക്ഷേപം കമ്പനി കണ്ടെത്തിയിരുന്നു. പാറമട പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരുപാധിയായി മാത്രം പ്രവര്‍ത്തിച്ചു.

****************************

വര്‍ഷങ്ങള്‍ വീണ്ടും ഭൂമിയുടെ അച്ചുതണ്ടിലൂടെ കടന്നു പോയി. പുതിയ വിഷയങ്ങള്‍ ലഭിച്ചപ്പോള്‍ പെരിയപ്പുറക്കാരും അലക്സിന്‍റെ കൊലപാതകം മറന്നു. അയാളെ ഭാര്യയും, മക്കളും മാത്രമേ നെഞ്ചേറ്റിയിരുന്നുള്ളു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഒറീസ്സയിലേക്കു പോയ രഘുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചിട്ട് ഇന്നേയ്ക്കു വര്‍ഷം ഒന്നു പൂര്‍ത്തിയാവുന്നു. നാട്ടില്‍ അത്ര വലിയ വാര്‍ത്തയല്ലെങ്കിലും, അഞ്ചെട്ടു വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു, ബാബു കഴിഞ്ഞ മാസം നാട്ടിലേക്കു മടങ്ങി. അതിങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതു, അയാള്‍ പോയതു എന്നോടൊന്നു യാത്ര പോലും പറയാതെയാണു എന്നുള്ളതുകൊണ്ടാണ്. അവനെ, ഇത്ര നാള്‍ നിന്നതിന്‍റെ കൂലിയൊക്കെ കൊടുത്തു മാന്യമായി തിരികെ വിടണമെന്ന് ഞാന്‍ വിചാരിച്ചിരുന്നെങ്കിലും, പൊടുന്നനെയുള്ള പോക്ക് നെഞ്ചിലൊരു ചെറു കനലായി. അവന്‍റെ ചിരിക്കുന്ന മുഖം വേഗത്തിലൊന്നും മനസ്സില്‍ നിന്നു മാഞ്ഞില്ല. മൃതമായി കഴിഞ്ഞിരുന്ന കിഴക്കേ ചായ്പ്പില്‍ പല തവണ അതിനു ശേഷം അവനെ ഞാന്‍ പ്രതീക്ഷിച്ചു. വരുമെന്നുള്ള ഒരു പ്രതീക്ഷയായി അവന്‍ ഇപ്പോഴും എന്നില്‍ നിലനില്‍ക്കുന്നു.

വില്‍ക്കുവാനായി എടുത്ത പത്രക്കെട്ടിനുള്ളിലെ വര്‍ഷങ്ങള്‍ പഴകിയ കടലാസുകള്‍ക്കിടയില്‍ എസ.ബി.സി. കമ്പനിയെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത എന്‍റെ ശ്രദ്ധയില്‍ പെട്ടു. കിഴക്കന്‍ ഒറീസ്സയില്‍ കമ്പനിയുടെ ഖനന മേഘലയില്‍ മവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലിലും, ആക്രമണത്തിലും, പത്തോളം മവോയിസ്റ്റുകാര്‍ കൊല്ലപ്പെട്ടതായിട്ടായിരുന്നു ആ പഴകിയ വാര്‍ത്ത. എസ്.ബി.സി. എന്ന പേരു മൂലം മാത്രമാണു ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്. വായന മുഴുമുപ്പിച്ചു, പത്രക്കെട്ടുകള്‍ പുറത്തേയ്ക്കെടുക്കുമ്പോഴേയ്ക്കു, ഒരു പോലീസ് വാഹനം എന്‍റെ വീടിന്‍റെ ഗേറ്റിന്‍റെ അടുത്തു നിര്‍ത്തി വഴി ചോദിക്കുന്നതും, സാവധാനം വീടിന്‍റെ ദിശയിലേക്കു തിരിയുന്നതും കണ്ടു. മറ്റൊരു മണ്ഡരിയുടെ വരവറിയിച്ചു കൊണ്ട് നാട്ടില്‍ അപ്പോള്‍ പടിഞ്ഞാറന്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു. 

Wednesday, January 22, 2014

ശിൽപ്പി


"മലയാള സാഹിത്യ ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവലാവും രാമന്‍ തമ്പി രചിച്ച സുനന്ദ. ഒരു സ്ത്രീ കേരളീയരെയാകെ തന്‍റെ സൌന്ദര്യത്തിലൂടെ വശീകരിച്ചു എന്നു പറയുമ്പോള്‍ അതു നോവലിസ്റ്റിന്‍റെ കഴിവു തന്നെയാണു വെളിവാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമ്പിയുടെ പേരില്‍ ഒരു സാഹിത്യ അവാര്‍ഡ്‌ രൂപീകരിക്കുന്നതില്‍ ഈ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. ഒപ്പം ഒരു കലാകാരനെ അംഗീകരിക്കാന്‍ ഇത്ര നാള്‍ വേണ്ടി വന്നു എന്നതില്‍ വിഷമവും". മുഖ്യമന്ത്രി വേദിയില്‍ തന്നെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെ ഒന്നു നോക്കിയതിനു ശേഷം തുടര്‍ന്നു, "നോവലിന്‍റെ അവസാനം സുനന്ദ കടന്നു പോയ സാഹചര്യങ്ങള്‍ ഏതൊരു സഹൃദയന്‍റെയും കരളലിയിക്കുന്നതാണ്. സുനന്ദയും, മറ്റു കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണ് എന്നാണു പഴമൊഴി. അക്കാലഘട്ടത്തില്‍ ഗ്രാമത്തിലേയ്ക്കു വരുന്ന ഒരു സായിപ്പിന്‍റെ വീക്ഷണകോണില്‍ നിന്നു കഥ അവതരിപ്പിച്ചു എന്നതും നോവലിന്‍റെ ഒരു സവിശേഷതയാണ്. കഥ നടക്കുന്ന, പാലക്കാടു ജില്ലയിലെ ഇരവിപുരം ഗ്രാമത്തിനെ പൂര്‍ണ്ണമായും കഥാകാരന്‍ കഥയിലേക്കാവാഹിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പ്രസ്തുത ഗ്രാമത്തില്‍ ഒരു ശില്‍പ പാര്‍ക്ക് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. നോവലിലെ പ്രമുഖ കഥാപാത്രങ്ങളെല്ലാം ശില്‍പങ്ങളായി അണിനിരക്കുന്ന ഒരു പാര്‍ക്ക്. മേഖലയുടെ ടൂറിസം വികസനത്തിനും പാര്‍ക്കു ഗുണം ചെയും." സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

****************************************************
ഇരവിപുരം ഗ്രാമത്തില്‍ ശില്‍പികള്‍ കല്ലില്‍ കഥ പറഞ്ഞു തുടങ്ങിയിട്ടു ഇന്നേയ്ക്കു വര്‍ഷം ഒന്ന് അടുക്കാറായി. കരിങ്കല്ലുകളെ ചെത്തി മിനുക്കി മനോഹര രൂപങ്ങളാക്കുന്നതിനെ, ദൈവത്തിനു മാത്രം അവകാശമുള്ള, സൃഷ്ടിക്കു തുല്യമായ ഒരു പ്രവൃത്തിയായാണു അവര്‍ കണ്ടിരുന്നത്. നോവലില്‍ പ്രതിപാദിക്കപ്പെട്ട‍‍, ഗ്രാമത്തിലേക്കെത്തുന്ന സായിപ്പും, ശാസ്താ ക്ഷേത്രവും, ആലിന്‍ ചുവട്ടിലെ ഭിക്ഷകനും, ക്രൂരനായ ജന്മിയും, സുനന്ദയുടെ ഭര്‍ത്താവായ രാമനുമെല്ലാം കല്ലുകളില്‍ അഭയം പ്രാപിച്ചു. എല്ലാറ്റിന്‍റെയും പോര്‍ട്രെയിറ്റ്‌ രൂപങ്ങളാണു സൃഷ്ടിക്കപ്പെട്ടത്‌. വര്‍ഷങ്ങള്‍ക്കു ശേഷം  കഥാപാത്രങ്ങള്‍ മനസ്സും ശരീരവും കല്ലില്‍ മരവിച്ചു പാര്‍ക്കില്‍ പുനര്‍ജനിച്ചു. ഉച്ചമരത്തണലില്‍ ശില്‍പികള്‍ ഒരുമിച്ചിരുന്നു നോവല്‍ വായിച്ചു. പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ നിന്നും കഥാപാത്രങ്ങളെ അവര്‍ വേര്‍തിരിച്ചു. സാഹചര്യങ്ങളില്‍ നിന്നും അവയുടെ മനോവ്യാപാരവും, അടിസ്ഥാന സ്വഭാവവും അവര്‍ മനസ്സിലാക്കി. കല്ലു ചെത്തുവാന്‍ ഉളി പിടിക്കുമ്പോള്‍ ഇതില്‍ പല കഥാപാത്രങ്ങളും ഭ്രാന്തമായി അവരുടെ ഉള്ളില്‍ വ്യാപരിച്ചു. മനോ വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാവാതെ അവര്‍ ഇടയ്ക്കിടെ പണികള്‍ നിര്‍ത്തി വച്ചു. ശില്പികളും അവര്‍ പോലുമറിയാതെ നോവലിലെ കഥാപാത്രങ്ങളായി മാറിത്തുടങ്ങിയിരുന്നു.  ശില്‍പങ്ങളുടെ പൂര്‍ണ്ണത ശില്‍പികളുടെ ആസ്വാദനശേഷിക്ക് അടിക്കുറുപ്പായി.

ശില്‍പികള്‍ പ്രധാനമായും രണ്ടു പേര്‍. മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഡാമിയനും, നാല്‍പ്പതുകളുടെ സായാഹ്നത്തോടടുത്ത രവിയും, അഥവാ ഡാമിയന്‍റെ തമ്പിച്ചന്‍. ആ പേര് എങ്ങനെ വന്നു എന്നാര്‍ക്കും അറിയില്ല. നോവലിലെ സായിപ്പു ഒരു സുപ്രഭാതത്തില്‍ ഗ്രാമത്തില്‍ വന്നതു പോലെ ഡാമിയന്‍ കാണുമ്പോള്‍ മുതല്‍ രവി തമ്പിച്ചനാണ്. കഥാപാത്രങ്ങളെ കൂടാതെ നോവലില്‍ പ്രതിപാദിക്കുന്ന ഇരവിപുരത്തെ ജന്തു വൈവിധ്യവും അവര്‍ പുനര്‍സൃഷ്ടിച്ചു. അമ്പലക്കുളത്തില്‍ നിന്നും ഇടയ്ക്കിടയ്ക്കു നാക്കു നീട്ടി തലയുയര്‍ത്തി നോക്കുന്ന നീര്‍ക്കോലി, സായിപ്പിനെ ഭയപ്പെടുത്തുന്ന ഭീമന്‍ മഞ്ഞത്തവള, ആലിന്‍ചുവട്ടിലെ തുമ്പിക്കൂട്ടം, അങ്ങനെ പലതും. മഴയുള്ള പല ദിനങ്ങളിലും അവര്‍ക്കു ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്നു. പലപ്പോഴും ജോലിക്കാവശ്യമായ കല്ലുകള്‍ കിട്ടാതായി. അപ്പോഴെല്ലാം അവര്‍ പൂര്‍ത്തിയായ ശില്‍പ്പങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി. വീഴുന്ന മഴത്തുള്ളികളില്‍ നിന്നും അല്‍പ്പമെടുത്തു ശില്‍പങ്ങളുടെ പുറത്തെ മാലിന്യം തുടച്ചു നീക്കി. 

പുലര്‍ച്ചെ തന്നെ നിലയ്ക്കാതെ മഴ പെയ്യുന്ന ഒരു ദിവസം ഡാമിയന്‍ പറഞ്ഞു, "സുനന്ദയെ ജന്മി പിടിച്ചു കൊണ്ടു പോയതിനു ശേഷമുള്ള ഭാഗങ്ങളിലെ രാമന്‍റെ അവസ്ഥ ശോചനീയമാണ്. നോവലിന്‍റെ അവസാനം സുനന്ദയുടെ വേര്‍പാടു സഹിക്കാനാവാതെ ഭ്രാന്തമായ മനസ്സോടു കൂടി അലയുന്ന രാമനെക്കൂടി പുനര്‍സൃഷ്ടിച്ചാലോ?".  അല്‍പ നിമിഷത്തെ ആലോചനയ്ക്കു ശേഷം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി രവി പറഞ്ഞു, "വായനക്കാര്‍ക്ക് എന്നും ദുഃഖം ഉളവാക്കുന്ന ഒരു മുഖമായിരിക്കും അത്. മാത്രമല്ല, അതു, ഏറെ സമയം എടുക്കുന്ന ഒരു പ്രക്രിയയും ആവും. കാരണം, നമ്മള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന രാമന്‍റെ മുഖത്തിന്‍റെ അടിസ്ഥാന ആകൃതിയില്‍ നിന്നു പുതിയതു വ്യതിചലിക്കാന്‍ പാടില്ല, എന്നാല്‍ അയാളുടെ മനസ്സിന്‍റെ വേദന കാഴ്ച്ചക്കാരിലേക്ക് എത്തുകയും വേണം. മാത്രവുമല്ല, നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമായ സുനന്ദയെ നമ്മള്‍ ഇതു വരെ നിര്‍മ്മിച്ചിട്ടില്ല. ഇരവിപുരത്തെ ആകെ മയക്കിയ സുനന്ദയെ പുനര്‍സൃഷ്ടിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ ഇന്നു വരെ കാണാത്ത ഒരു വശ്യത അതിനാവശ്യമാണ്. നമ്മുടെ സുനന്ദയും നോവലിലെ പോലെ ആളുകളുടെ മനസ്സുമായി നേരിട്ടു സംവദിക്കണം. അതിനായി കാതില്‍ വെള്ളിക്കമ്മലും, കാലില്‍ സ്വര്‍ണ്ണക്കൊലുസ്സും ധരിച്ച സുനന്ദയെ നമ്മള്‍ കൂടുതല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നോവലിന്‍റെ അവസാനം, ജന്മി അപഹരിച്ച സുനന്ദയ്ക്ക് എന്തു സംഭവിച്ചു എന്നു പറയാതിരിക്കുന്നതിലുമുണ്ട് നോവലിസ്റ്റിന്‍റെ ഒരു ബ്രില്യന്‍സ്", രവിയുടെ വാക്കുകള്‍ ഡാമിയന്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. കെട്ടിടത്തിന്‍റെ ഓല മേല്‍ക്കൂരയ്ക്കിടയിലൂടെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്. അതില്‍ ഒരു തുള്ളി രാമന്‍റെ ശില്പത്തിന്‍റെ കണ്ണുകളില്‍ വീണു ഒരു ചാല്‍ രൂപപ്പെടുത്തി താഴെക്കൊഴുകി.

"കഴിഞ്ഞില്ലേടാ ഇതു വരെ. മാസം കൊറേയായല്ലോ ഉളീം കൊട്ടുവടീം എടുത്തിട്ടുള്ള ഈ പരിപാടി തുടങ്ങിയിട്ട്", വര്‍ക്കിച്ചനാണു രാവിലെ തന്നെ ശബ്ദമുണ്ടാക്കുന്നത്. കാലങ്ങള്‍ക്കിപ്പുറമുള്ള ഇരവിപുരത്തിന്‍റെ മാറിയ മുഖങ്ങളില്‍ പ്രധാനി‍. "ശില്‍പ പാര്‍ക്കിന്‍റെ കോണ്‍ട്രാക്റ്റ് ഏറ്റെടുത്തു എന്നും പറഞ്ഞു ജീവിത കാലം മുഴുവന്‍ ഇവിടെയിരുന്നു കൊട്ടിക്കൊണ്ടിരിക്കാമെന്നു ഒരു നായിന്‍റെ മോനും വിചാരിക്കേണ്ട". വര്‍ക്കിച്ചന്‍ ഇങ്ങനെയാണ്. പലിശ വരുമാനം ജീവിത വിജയത്തിന്‍റെ അടിസ്ഥാനമാക്കിയതിനാല്‍, ആരോടു സംസാരിക്കുമ്പോഴും അസഭ്യം എന്നു സാധാരണക്കാര്‍ക്കു തോന്നുന്ന ചില പദപ്രയോഗങ്ങള്‍ പുറത്തു വരും. എന്നിരിക്കിലും അയാള്‍ക്ക്‌ അതൊരു അസഭ്യമല്ല. "ഇവന്മാരോടൊക്കെ ഇങ്ങനെയല്ലാതെ, പിന്നെ എങ്ങനെ പറയുമെന്നാ", തനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച മനസ്സാക്ഷിയോടു അയാള്‍ ഒരിക്കല്‍ തിരിച്ചു ചോദിച്ചു. 

"കഴിഞ്ഞു മുതലാളി. ഇനിയാകെ സുനന്ദയുടെ ശില്‍പം കൂടിയേ നിര്‍മ്മിക്കാനുള്ളു. അതിന്‍റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കഥാപാത്രമായതു കൊണ്ട് അതു നിര്‍മിക്കാന്‍ ചുരുങ്ങിയതു ആറു മാസമെങ്കിലും എടുക്കും. ഇതാണു സ്കെച്ച്", രവി ഉയര്‍ത്തിക്കാണിച്ച ചുളുങ്ങിയ നോട്ടുബുക്കിലെ ആ പേപ്പറില്‍ സുനന്ദയുടെ ആത്മാവു കുടികൊണ്ടിരുന്നു. എന്നാല്‍ വര്‍ക്കിച്ചന്‍ അതില്‍ തീരെ താല്‍പ്പര്യം കാണിച്ചില്ല. "നിയൊക്കെ ഇവിടെയിരുന്നു എന്നാ കാണിച്ചാലും കൊള്ളാം. സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു നയാ പൈസ നിനക്കൊന്നും കിട്ടുമെന്നു വിചാരിക്കെണ്ടാ", അയാള്‍ ഇറങ്ങാന്‍ നേരം പറഞ്ഞു. 

ഡാമിയനാണു സുനന്ദയെ നിര്‍മിക്കുവാനുള്ള നിയോഗം ഉണ്ടായിരുന്നത്. "നിന്‍റെയുള്ളില്‍ നടക്കാതെ പോയ ഒരു പ്രണയമുണ്ടെന്നു എനിക്കറിയാം. നിനക്കെ സുനന്ദയ്ക്കാവശ്യമായ വശ്യത വരുത്തുവാന്‍ സാധിക്കൂ", രവി എന്ന തമ്പിച്ചന്‍ ഡാമിയനോടായി പറഞ്ഞു. അയാള്‍ ദൈവത്തിന്‍റെ കരവിരുതോടെ ശിലയില്‍ നിന്നും സുനന്ദയെ നിര്‍മിച്ചു തുടങ്ങി. സുനന്ദയ്ക്കു മാത്രം പോര്‍ട്രെയിറ്റിനു പകരം മുഴു നീള ശില്‍പമാണ്‌ അവര്‍ ഉദ്ദേശിച്ചത്. ആറരയടി വലിപ്പമുള്ള ശിലാപാളിയില്‍ ഡാമിയന്‍റെ കയ്യുളി വീണു. കല്ലില്‍ ഉറങ്ങിക്കിടന സുനന്ദ പതിയെ മയക്കത്തില്‍ നിന്നും വിടുതല്‍ നേടി. മാസങ്ങള്‍ കടന്നു പോകെ മഴയത്തും, വെയിലത്തും അയാള്‍ ശില്‍പം നിര്‍മിച്ചു തുടങ്ങി. പലപ്പോഴും അയാള്‍ സുനന്ദയുടെ അച്ഛനായി, ജ്യേഷ്ടനായി, കാമുകനായി. ചിലപ്പോഴെങ്കിലും സുനന്ദയ്ക്കു മുകളില്‍ കൈകള്‍ വെയ്ക്കാന്‍ അയാള്‍ നാണിച്ചു. അയാള്‍ അവളെ ഒളിഞ്ഞു നോക്കി. ദൂരെ നിന്നുംനോക്കി അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിച്ചു. ഇത്ര മാത്രം അടുപ്പം ഒരു ശില്‍പത്തോടും അയാള്‍ക്കിതു വരെ തോന്നിയില്ല. 

മാസം നാലഞ്ചു കഴിയവേ ശില്‍പം ഏറെക്കുറെ പൂര്‍ണ്ണത പ്രാപിച്ചു. കണ്ണുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളു. ഡാമിയന്‍റെ ശില്‍പം കണ്ട രവി ഏറെക്കുറെ സ്തംഭിച്ചു. ഇത്ര ഭംഗിയുള്ള ഒരു ശില്‍പം അയാള്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അതൊരു ശില്‍പമാണെന്നു പോലും അയാള്‍ മറന്നു. അയാള്‍ കുറെ സമയം ആ സുന്ദരിയെ നോക്കി നിന്നു. രവിയുടെ വാക്കുകള്‍ കേട്ടു ശില്‍പം കാണാന്‍ ദൂരെ നാട്ടില്‍ നിന്നു പോലും ശില്‍പികള്‍ എത്തി. പലരും അവളെ കെട്ടി പിടിച്ചു. കവിളിലും, ചുണ്ടിലും ഉമ്മ വെച്ചു, മാറില്‍ കൈവിരലുകള്‍ ഓടിച്ചു. അവര്‍ക്കൊന്നും സുനന്ദയെ വിട്ടു പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആളുകള്‍ അധിക സമയം സുനന്ദയുടെ പക്കല്‍ ചിലവഴിക്കുന്നതു പലപ്പോഴും ഡാമിയനു അസഹ്യത ഉളവാക്കി. പലപ്പോഴും അയാള്‍ കോപാകുലനായി. അവള്‍ തന്‍റെയാണ് എന്നൊരു ബോധം അയാളെ നയിച്ചു തുടങ്ങി. ആരോടെന്നില്ലാതെ അയാള്‍ പലപ്പോഴും ദേഷ്യപ്പെട്ടു.

മനസ്സിലുള്ള പ്രണയം നഷ്ടപ്പെട്ടതു കൊണ്ടോ എന്തോ അയാള്‍ക്ക്‌ അവളുടെ കണ്ണുകള്‍ക്കു വശ്യത വരുത്തുവാന്‍ കഴിഞ്ഞില്ല. പല രീതിയില്‍ പുലരുവോളം അയാള്‍ ശ്രമിച്ചെങ്കിലും  കണ്ണുകള്‍ മാത്രം അവളുടെ ബാക്കിയുള്ള അഴകളവുകള്‍ക്കു യോജിച്ചില്ല. തനിക്കു ശില്‍പം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനു പലപ്പോഴും അയാള്‍ ശില്‍പത്തെ ശകാരിച്ചു, ഇടയ്ക്കിടയ്ക്കു അയാള്‍ വിങ്ങിപ്പൊട്ടി. വിഷമമകറ്റാന്‍ പലപ്പോഴും അയാള്‍ മദ്യപിച്ചു, മാനം നോക്കി കിടന്നു. ആറുമാസങ്ങള്‍ക്കിപ്പുറവും, വശ്യമല്ലാത്ത കണ്ണുകളും, ആരെയും മയക്കുന്ന ശരീരവുമായി അവള്‍ നിലകൊണ്ടു. 

ഷൈലോക്ക് കണ്ണുകളുമായാണു പുരോഗതി വിലയിരുത്താന്‍ വര്‍ക്കിച്ചന്‍ എത്തിയത്. "ആള്‍ക്കാരൊക്കെ നിന്‍റെ സുനന്ദയെ ഏറെ പുകഴ്ത്തുന്നുണ്ട്. എവിടെ? അവളെ ഞാനൊന്നു കാണട്ടെ. ഞാനല്ലേ അവള്‍ക്കു വേണ്ടി പണം മുടക്കുന്നത്". ഡാമിയന്‍ അയാളെ സുനന്ദയുടെ പക്കലേയ്ക്കു നയിച്ചു‌. അവളെക്കണ്ട വര്‍ക്കിച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവളുടെ സൌന്ദര്യം അയാളെ ആകര്‍ഷിച്ചു. ഏറെ നേരെം അയാള്‍ ശില്‍പം നോക്കി നിന്നു. അയാള്‍ അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. ആകര്‍ഷണം സഹിക്ക വയ്യാതെ  തറയി കിടന്ന ആ ശില്‍പത്തിന്‍റെ ഒപ്പം കിടന്നു. അയാളെ പിടിച്ചു മാറ്റാന്‍ ചെന്ന ഡാമിയനെ അയാള്‍ ചവിട്ടി പുറത്താക്കി. പുറത്തു വന്ന അയാള്‍ ഡാമിയനോടു പറഞ്ഞു, "ആ ശില്‍പം ഞാനെടുക്കുന്നു. നിനക്കാവശ്യമുള്ള പണം നല്‍കിയേക്കാം." അതിനു സമ്മതിക്കാത്ത ഡാമിയനെ അയാള്‍ അടിച്ചവശനാക്കി. അയാളുടെ കയ്യാളുകള്‍ സുനന്ദയെ കൊണ്ടുപോകുന്നതു കണ്ടു ഡാമിയന്‍ പുറകെ ഓടി. ഡാമിയന്‍റെ ശരീരത്തില്‍ വീണ്ടും വീണ്ടും ക്ഷതങ്ങള്‍ ഏറ്റു. കണ്‍പോളകളില്‍ നിന്നും രക്തം കണ്ണുനീര്‍ ചാലിലൂടെ പുറത്തു വന്നു. അവ മണ്ണില്‍ വീണലിഞ്ഞു. താമസിയാതെ അയാള്‍ ബോധരഹിതനായി.

ബോധം വീണ്ടെടുക്കുമ്പോഴും, അയാള്‍ അലറിക്കരഞ്ഞു. ഒന്നു രണ്ടു തവണ അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പലപ്പോഴും അയാള്‍ ഭ്രാന്തമായി അലറി. മനസ്സ് അയാളുടെ നിയന്ത്രണത്തിന്‍റെ കേട്ടു പാടുകള്‍ പൊട്ടിച്ചു പുറത്തു വന്നു തുടങ്ങിയിരുന്നു. മാനസീക ആശുപത്രികളിലെ ചികത്സകള്‍ക്ക് അയാളെ നേരെയാക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ തുറക്കുമ്പോഴെല്ലാം അതില്‍ വന്യമായ ഒരു ക്രോധം നിറഞ്ഞു നിന്നു. 

**********************************
ചുറ്റും ജലം. ഒന്നിന്‍റെയും അതിരു കാണാന്‍ സാധിക്കുന്നില്ല. താന്‍ ഈ ചെറുവള്ളത്തില്‍, കടലിന്‍റെ നടുവില്‍ എത്തിയതെങ്ങനെയെന്നു ഡാമിയന്‍ അത്ഭുതപ്പെട്ടു. ചുറ്റും വള്ളങ്ങളുമായി അനേകം പേരെ കാണുന്നുണ്ട്. ചിലരൊക്കെ ബോട്ടുകളും, അപൂര്‍വ്വം ചിലര്‍ ഉല്ലാസനൌകകളും ഓടിക്കുന്നുണ്ട്. ക്ഷോഭിക്കാത്ത കടലിലൂടെ കാറ്റുമേറ്റു അയാള്‍ ഏറെ ദൂരം സഞ്ചരിച്ചു. അയാള്‍ക്കു നേരിടാന്‍ സാധിക്കുന്ന ചെറിയ ഓളങ്ങള്‍ മാത്രമേ കടലില്‍ ഉള്ളൂ. ആകാശത്തു അനേകം പക്ഷികളുമുണ്ട്. വള്ളങ്ങളിലും, ബോട്ടുകളില്‍ നിന്നും ചിലരെങ്കിലും കിളികളുടെ കാലുകളില്‍ തൂങ്ങി ചെറു പറക്കലുകള്‍ നടത്തുന്നുമുണ്ട്. കടലില്‍ ഒഴുകി വരുന്ന ഏതാനും തടിക്കഷണങ്ങളും അയാള്‍ കണ്ടു. "കടലില്‍ മറിഞ്ഞ ഏതെങ്കിലും ബോട്ടിന്‍റെ അവശിഷ്ടങ്ങളാവും", അയാള്‍ ആത്മഗതം ചെയ്തു. തനിക്കു തുഴയാന്‍ ചെറിയ വള്ളം മാത്രമായതില്‍ അയാള്‍ അല്‍പം പോലും നിരാശപ്പെട്ടില്ല.

സമയം കടന്നു പോകെ, അയാള്‍ക്കു മുന്നില്‍ മനോഹരമായൊരു ദ്വീപു തെളിഞ്ഞു വന്നു. ധാരാളം ഫലവൃക്ഷങ്ങളും, മൃഗങ്ങളേയുമൊക്കെ കാണാനാവുന്നുണ്ട്. ദൂരെ നിന്നു നോക്കിയപ്പോള്‍ ചെറിയ പൊട്ടു പോലെ തോന്നിച്ച ദ്വീപിലെ മനുഷ്യര്‍ അടുത്തേയ്ക്കു വരുന്തോറും വളര്‍ന്നു വികസിച്ചു. ദ്വീപിന്‍റെ ഭംഗിയും കുറഞ്ഞു വന്നു. പലയിടങ്ങളിലും പുകപടലങ്ങളും, രക്തക്കറകളും അയാള്‍ കണ്ടു. ദ്വീപില്‍  അയാള്‍ വഞ്ചിയടുപ്പിച്ചു. ദ്വീപിനുള്ളില്‍ ധാരാളം ശില്‍പ്പങ്ങള്‍ അയാള്‍ കണ്ടു. മുന്നോട്ടു നടക്കവേ ഒരു ശില്‍പം അയാളെ തുറിച്ചു നോക്കി. അത്ഭുതം, അത്യത്ഭുതം, അതിനു വര്‍ക്കിച്ചന്‍റെ അതേ ഛായ. ഡാമിയന്‍ അതിനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഓടി നടക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു, കൂടെ കുറച്ചു സാധുക്കളെന്നു കാഴ്ചയില്‍ തോന്നുന്ന മദ്ധ്യവയസ്കരും, ഏതാനും വൃദ്ധരും. അവര്‍ ഒരു അത്ഭുതജീവിയെ പോലെ അയാളുടെ ചുറ്റും കൂടി. അല്‍പ സമയം കൂടി അവരുടെയൊപ്പം ചിലവഴിച്ച ഡാമിയന്‍ അവര്‍ക്കു യാത്ര പറഞ്ഞു തിരികെയിറങ്ങി. "അതു നമ്മുടെ ഡാമിയനല്ലേ.", കേട്ടു പരിചിതമായ ശബ്ദം ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ ഡാമിയനു ആളെ കാണുവാന്‍ സാധിച്ചില്ല. തിരികെ വഞ്ചി തുഴയുമ്പോഴും ആ ശബ്ദത്തിന്‍റെ ഉടമയെയാണു അയാള്‍ തിരഞ്ഞു കൊണ്ടിരുന്നത്.

അനേകം കടല്‍പ്പക്ഷികള്‍ ഒരേതാളത്തില്‍ ആകാശത്തിലൂടെ പറന്നു പോയി. തന്‍റെ സമീപമുള്ള തോണി വശ്യതയുള്ള ഒരു സ്ത്രീ തുഴയുന്നതു നന്നേ വൈകിയാണു ഡാമിയന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ തോണി അവളിലേക്കടുപ്പിച്ചു. ഇരുവരുടെയും വള്ളങ്ങളുടെ ഓളങ്ങള്‍ പരസ്പരം മുറിച്ചു കടന്നു പോയി. അയാള്‍ക്കു എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം വ്യക്തമായി കാണുവാന്‍ സാധിച്ചില്ല. "ദൈവമേ, എന്‍റെ കാഴ്ചയ്ക്കു എന്തു സംഭവിച്ചു. അവളുടെ അംഗലാവണ്യം മുഴുവന്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ പൂര്‍ണ്ണമായി കാണുവാന്‍ സാധിക്കാത്തതെന്തുകൊണ്ട്?", അയാള്‍ നിരാശനായിരുന്നെങ്കിലും, അവളില്‍ മുഴുകി തുടങ്ങിയിരുന്നു. അവളെ അയാള്‍ സ്പര്‍ശിച്ചു നോക്കി. അവളെ പിരിഞ്ഞിരിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ കാഴ്ചകള്‍ ആസ്വദിച്ചു മാനം നോക്കി കിടന്നു. ദയനീയമായ നിലവിളിയാണ് ഡാമിയന്‍റെ ശ്രദ്ധ വീണ്ടും അവളിലേയ്ക്കെത്തിച്ചത്. നോക്കുമ്പോള്‍ മുന്നിലുള്ള ഒരു ആഢംബരനൌകയിലേക്ക്, ബലമായി ആ സ്ത്രീയെ പിടിച്ചു കയറ്റുന്നതാണു അയാള്‍ കണ്ടത്. അവള്‍ വാവിട്ടു നിലവിളിച്ചു കൊണ്ടിരുന്നു. അവളുടെ ശബ്ദം ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. കരങ്ങള്‍ ബന്ധിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും അവള്‍ ചെറുക്കുന്നുണ്ട്.  ഡാമിയന്‍ ആ നൌകയ്ക്കു പിന്നാലെ തന്‍റെ വള്ളം തുഴഞ്ഞു. ഒരു തരാം ഭ്രാന്തമായ ആവേശത്തോടെ, അയാള്‍ക്കു സാധ്യമായ എല്ലാ ശക്തിയുമെടുത്തു തുഴഞ്ഞു. അയാള്‍ക്കു ഒരിക്കല്‍ പോലും നൌകയ്ക്കു അടുത്തെത്തുവാന്‍ സാധിച്ചില്ല. എങ്കിലും അയാളുടെ ആവേശം വര്‍ദ്ധിച്ചു വന്നു. അവളുടെ വിയോഗം അയാള്‍ക്കു ഭ്രാന്തമായ ശക്തി നല്‍കി. 

അയാളുടെ ഒരേയൊരു ശ്രദ്ധ ആ നൌകയില്‍ നിന്നും അവളെ മോചിപ്പിക്കുന്നതില്‍ മാത്രമായിരുന്നു. കടലില്‍ ഒറ്റപ്പെട്ട ഏതോ പ്രദേശത്തേയ്ക്കു നൌക അയാളെ നയിച്ചു. അയാള്‍ക്കു ചുറ്റുമുണ്ടായിരുന്ന വള്ളങ്ങളും, കപ്പലുകളും സാവധാനം മറഞ്ഞു. ഏറെ സമയത്തിനു ശേഷമാണു, താന്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നതു അയാള്‍ അറിയുന്നത്. പരന്നു കിടക്കുന്ന കടലിന്‍റെ ഭയാനകത അയാള്‍ അന്നറിഞ്ഞു. കടല്‍ത്തിരകളോ, ചുഴലിയോ അയാളെ ഇത്രയും ഭയപ്പെടുത്തിയിരുന്നില്ല. ശാന്തമായി കിടക്കുന്ന കടലില്‍ ദിക്കു കിട്ടാതെ അയാള്‍ അലഞ്ഞു. അയാള്‍ക്കു മുന്നിലൂടെ അനേകം മരത്തടികള്‍ ഒഴുകി വന്നു. താന്‍ ഏറെ ദൂരം പ്രാധാന പാതയില്‍ നിന്നും മാറിയിരിക്കുന്നു. കടല്‍ സാവധാനം പ്രക്ഷുബ്ധമായിത്തുടങ്ങി. കാറ്റു വീശിയടിച്ചു, ഓളങ്ങളുണ്ടായി. വള്ളം നേരെ നിര്‍ത്താന്‍ അയാള്‍ പണിപ്പെട്ടു. ഒടുവില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്നു. അയാള്‍ ജലത്തിലേയ്ക്കു മുങ്ങി താണു.

***********************************************
ശില്‍പം നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ, ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന, ഭ്രാന്തമായ കണ്ണുകളും,  ബോധരഹിതമായ മനസ്സുമുള്ള ഡാമിയനെ മടിയില്‍ കിടത്തി, സഹോദരിമാരായ ദയയും, ഡയാനയും, യേശുവിന്‍റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരായിരുന്നു. യേശുവിന്‍റെ മുഖം പതിവു പോലെ ശാന്തവും, തേജസ്സുറ്റും അനുഭവപ്പെട്ടു. മുന്നിലെ തിരി നാളങ്ങള്‍, കനത്ത കാറ്റില്‍ അതിന്‍റെ അസ്ഥിത്വം നിലനിര്‍ത്തുവാന്‍ പ്രയത്നിച്ചു. ദയ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ അനുജനു ഇതൊന്നും സംഭവിക്കുമായിരുന്നില്ല. എങ്കിലും അങ്ങേയ്ക്കു എല്ലാം സാധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു." യേശു അവളോടു പറഞ്ഞു, "നിന്‍റെ അനുജന്‍ എഴുന്നേല്‍ക്കും." യേശുവിന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നതു അവള്‍ കണ്ടു.  ഡയാന അയാളെ യേശുവിന്‍റെ രൂപത്തിനു മുന്നില്‍ താങ്ങിയിരുത്തിയിരുന്നു. 

****************************************************
"ഡാമിയനെ നീ പുറത്തു വരിക". സുദീര്‍ഘമായ മയക്കത്തില്‍ നിന്നും സാവധാനം ഡാമിയന്‍ കണ്ണുകള്‍ തുറന്നു. അയാള്‍ക്കു പരിസരം മനസ്സിലായില്ല. ചുറ്റു പാടും നിരന്നിരിക്കുന്ന ശവങ്ങളില്‍ നിന്നും അതു പാറ വെട്ടിയുണ്ടാക്കിയ ഒരു ശവക്കല്ലറയാണെന്നു അയാള്‍ അനുമാനിച്ചു. ചീഞ്ഞ ശവങ്ങള്‍ പുറപ്പെടുവിച്ച കടുത്ത ഗന്ധം അയാളുടെ നാസാഗ്രന്ധികളെ തളര്‍ത്തി. ജലത്തില്‍ മുങ്ങിത്താണ താന്‍ എങ്ങനെ ഈ ശവക്കല്ലറയില്‍ എത്തപ്പെട്ടുവെന്നു അയാള്‍ ശങ്കിച്ചു. കൈകളും കാലുകളും വരിഞ്ഞു കെട്ടപ്പെട്ടിരുന്നതിനാല്‍ ബുദ്ധിമുട്ടിയാണു അയാള്‍ നടന്നിരുന്നത്. കല്ലറയുടെ പുറത്തെയ്ക്കെത്തിയപ്പോള്‍ വീണ്ടും അയാള്‍ ശബ്ദം കേട്ടു. "അയാളുടെ കെട്ടുകള്‍ അഴിച്ചു വിടുക. അയാള്‍ പോകട്ടെ." ആളുകള്‍ കെട്ടഴിക്കുമ്പോള്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ഡാമിയന്‍ ചുറ്റുപാടും പരതി. തിരകെ നടന്നു തുടങ്ങിയിരുന്നതിനാല്‍  ഡാമിയനു അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായില്ല. എങ്കിലും അദ്ദേഹം നീണ്ട ലോഹ പോലെയൊരു വസ്ത്രമാണു ധരിച്ചിരുന്നത്. തോളിനു താഴെ വരെ നന്നേ ചുരുണ്ട മുടിയും ദൃശ്യമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ "ഗുരോ" എന്ന് വിളിച്ചു സാഷ്ടാംഗം പ്രണമിക്കുന്നതു ഡാമിയന്‍ കണ്ടു. 

അതിപുരാതനം എന്ന് തോന്നിപ്പിക്കുന്ന ഭൂപ്രദേശമാണു ചുറ്റിലും നിലനിന്നിരുന്നത്. ഡാമിയന്‍ ആശ്ചര്യത്തോടു കൂടി അവിടം ചുറ്റിക്കണ്ടു. അയാള്‍ക്കു അവിടുത്തെ സംസാരഭാഷ മനസ്സിലായില്ല. അയാള്‍ കടല്‍ത്തീരത്തെയ്ക്ക് നടന്നു. അത്ഭുതം! തകര്‍ന്ന അയാളുടെ വഞ്ചി അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡാമിയന്‍ വഞ്ചിയില്‍ കയറി. തന്‍റെ മുന്നിലൂടെ, തലേന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോകപ്പെട്ട സ്ത്രീ, അത്യധികം സന്തോഷവതിയായി വള്ളം തുഴഞ്ഞു പോകുന്നതു അയാള്‍ കണ്ടു. അന്നു കടല്‍ തീര്‍ത്തും ശാന്തമായിരുന്നു. ഡാമിയനു ദിക്കന്വേഷിച്ചു പിന്നീടു അല്‍പ്പം പോലും അലയേണ്ടി വന്നില്ല. അയാള്‍ അതിവേഗം പ്രധാന പാതയ്ക്കരുകില്‍ എത്തിച്ചേര്‍ന്നിരുന്നു. തലേന്നു കാതങ്ങള്‍ തുഴഞ്ഞ താന്‍ ഇത്ര വേഗം തിരിച്ചെത്തിയതെങ്ങനെ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. 

**************************************************
രണ്ടു കാര്യങ്ങള്‍ അന്നു ഭൂമിയില്‍ സംഭവിച്ചു. രാത്രിയുടെ യാമങ്ങളില്‍ കനത്ത ഒരു ഭൂകമ്പമുണ്ടായി. ആ ഭൂകമ്പത്തില്‍, വര്‍ക്കിച്ചന്‍ മുതലാളിയുടെ മുറിയിലുണ്ടായിരുന്ന സുനന്ദയുടെ ശില്‍പം നിലത്തു വീണു പല കഷണങ്ങളായി ഉടഞ്ഞു. പ്രാര്‍ത്ഥിച്ചു തളര്‍ന്നു മയങ്ങിയ ഡയാനയുടെ മടിയില്‍ നിന്നും ആ യാമങ്ങളില്‍ ഡാമിയന്‍ കണ്ണുകള്‍ തുറന്നു, തികച്ചും ശാന്തനായി.