രാത്രിയുടെ യാമങ്ങളില്‍ കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനും പ്രതീക്ഷിച്ചു ഞാന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു. അവധിക്കാലമായതുകൊണ്ടാണെന്നു തോന്നുന്നു, കേരളത്തിലേക്കു ടിക്കെറ്റുകളൊന്നും ലഭ്യമല്ല. അതിനാല്‍ തന്നെ അര്‍ദ്ധരാത്രി വണ്ടിയില്‍ ടിക്കറ്റു തരപ്പെടുത്തുകയാണ് ഏക മാര്‍ഗ്ഗം. കമ്പനി വക വെള്ളമടി പാര്‍ട്ടിയുടെ ഹാങ്ങ് ഓവര്‍ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. അര്‍ദ്ധരാത്രിയോടെ, പ്രതീക്ഷയുടെ പാളങ്ങളില്‍ ആ വണ്ടി സ്റ്റേഷനില്‍ എത്തി ചേര്‍ന്നു. ac ബോഗികളില്‍ ടിക്കറ്റു തരപ്പെടുത്താന്‍ ശ്രമിച്ചതു വിഫലമായി. രണ്ടും കല്‍പ്പിച്ചു സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ടുമെന്‍റില്‍ ഞാന്‍ കയറി. സീറ്റു ലഭിച്ചപ്പോഴേക്കും തലയിലെ ലഹരിയുടെ താണ്ടവം ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. വണ്ടിയുടെ കുലുക്കം ഉറക്കത്തെ അശേഷം ശല്യപ്പെടുത്തിയില്ല. ലഹരിയും, ക്ഷീണവും അത്രമേല്‍ എന്നെ കീഴ്പെടുത്തിയിരുന്നു.
മുകള്‍ ബെര്‍ത്തിലായിരുന്നതിനാല്‍ തന്നെ, നന്നേ സൂര്യ പ്രകാശം ബോഗിക്കുള്ളില്‍ കയറിയപ്പോഴാണു എനിക്കു ബോധം വീണ്ടു കിട്ടിയത്. താഴേക്കു നോക്കിയ ഞാന്‍ ഇരുനിറത്തോടു കൂടിയ ഒരു പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും കണ്ടു. തലേന്നത്തെ മദ്യപാനത്തിന്‍റെ ആധിക്യം കൊണ്ടാണെന്നു തോന്നുന്നു, കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ട്. അധിക സമയം അവളെ ആസ്വദിക്കാന്‍ ശരീരം എന്നെ അനുവദിച്ചില്ല. വീണ്ടും ഉറക്കത്തിനു ഞാന്‍ കീഴടങ്ങി. വിശപ്പും, ക്ഷീണവും തമ്മിലുള്ള ഏറ്റു മുട്ടലില്‍ വിശപ്പു ജയിച്ചു തുടങ്ങിയപ്പോഴാണു എനിക്കു പിന്നീടു ബോധം വെച്ചത്. സമയം പതിനൊന്നര ആയിരിക്കുന്നു. പ്രാഥമീക കര്‍മ്മങ്ങള്‍ക്കുള്ള ഉള്‍വിളിയും കലശലായിത്തുടങ്ങി. ടൊയലെറ്റില്‍ നിന്നു പരമാവധി നന്നായി മുടിയൊക്കെ ചീകി പുറത്തിറങ്ങി. അവളുടെയൊപ്പം ഒരു ഉത്തരേന്ത്യക്കാരിയും, അമ്മയും, അപ്പൂപ്പനുമുണ്ട്. ചൂടു ചായയോടൊപ്പം സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍, കൂടെയുള്ള ഉത്തരേന്ത്യക്കാരി അവളുടെ കൂട്ടുകാരിയാണെന്നു എനിക്കു ബോധ്യപ്പെട്ടു. ഇടയ്ക്കിടയ്ക്കു ഞങ്ങളുടെ കണ്ണുകള്‍ സംഗമിക്കുന്നുണ്ടെങ്കിലും, അതിനു തീരെ സ്ഥിരത ലഭിക്കുന്നില്ല. അവളുടെ കുടുംബാംഗങ്ങളുടെ സംസാരത്തില്‍ എനിക്കു പ്രവേശനം ലഭിച്ചില്ല. പാലക്കാടു നിന്നു അമ്പിളി ചേച്ചിയും, മകന്‍ നാലു വയസ്സുകാരന്‍ രോഹിത്തും ട്രെയിനില്‍ കയറിയതോടെയാണു അവിടെ നടന്ന ഏക പക്ഷ സംസാരത്തിനു ഒരു വിരാമമായത്.
കുട്ടികളുടെ അടുത്തിറക്കുന്ന സ്ഥിരം സംഭാഷണങ്ങളിലൊന്നു ഞാന്‍ രോഹിത്തിനു നേരെ തൊടുത്തു. "ഏതു സ്കൂളിലാ പഠിക്കുന്നെ?", "ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍." ഉത്തരത്തിനു അല്‍പ്പം പോലും അമാന്തം ഉണ്ടായില്ല. "സൂസി ടീച്ചര്‍ പഠിപ്പിക്കുന്നുണ്ടോ?". അവന്‍ ആകെ സംശയ ഭാവത്തില്‍ അമ്മയെ നോക്കി. "ഞാന്‍ അവിടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്. എന്‍റെ ക്ലാസ്സ് ടീച്ചര്‍ സൂസി ടീച്ചറാണ്. അതുകൊണ്ടു ചോദിച്ചതാ", ഞാന്‍ പറഞ്ഞു "അതിനു, എന്‍റെ ക്ലാസ്സ് ടീച്ചര്‍ ലത ടീച്ചര്‍ ആണല്ലോ. സൂസി ടീച്ചര്‍ എന്നെ പഠിപ്പിക്കുന്നില്ല." അവന്‍റെ ഉത്തരം കേട്ടു, അമ്പിളി ചേച്ചിക്കും, അവള്‍ക്കും ചെറുതായി ചിരി പൊട്ടി. അവള്‍, ഞാനും രോഹിത്തും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുന്നതു ഞാന്‍ അറിഞ്ഞിരുന്നു. രോഹിത്ത് ഞങ്ങളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി മാറി. എല്ലാവരെയും അവന്‍ മാറി മാറി ഇരിപ്പിടമായി ഉപയോഗിച്ചു. അമ്പിളി ചേച്ചി ഇടയ്ക്കിടയ്ക്ക് അവനെ സ്വസ്ഥാനത്തിരുത്താന്‍ വിഫല ശ്രമം നടത്തുന്നുണ്ട്. "അല്ലേലും ഇവളുമാരുടെ മനസ്സില്‍ കയറി പറ്റാന്‍ പിള്ളേരാണു ഒരു നല്ല മാര്‍ഗ്ഗം", ഞാന്‍ മനസ്സില്‍ പറഞ്ഞു.
"മോന്‍ എന്തു ചെയ്യുന്നു?", എന്‍റെ ബഹുരാഷ്ട്ര കമ്പനിയുടെ ബാഗു കണ്ടിട്ടു അവളുടെ അമ്മ ചോദിച്ചു. "ഞാന്‍ ചെന്നൈയില്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു". "നാട്ടിലെവിടെയാണ്?", അമ്മ തുടർന്നു. "കോട്ടയത്തിനടുത്തു കുറവിലങ്ങാടാണ് വീട്. നിങ്ങള്‍ എവിടെ നിന്ന് വരുന്നു?", ഞാന്‍ അമ്മയോടു ചോദിച്ചു. "ഇന്‍ഡോറില്‍ ഒരു ബന്ധുവിന്‍റെ അടുത്തു പോയതാണ്. ചങ്ങനാശ്ശേരിയാണു വീട്.", അമ്മ പറഞ്ഞു. "ഇതു മക്കളാവുമല്ലേ?", അവളോടു സംസാരിക്കാനുള്ള ഒരു വഴി തെളിയുവാന്‍ ഞാന്‍ ചോദിച്ചു. "അതിലൊന്നു മകളാണ്, മീര. മറ്റേതു അവളുടെ കൂട്ടുകാരിയാണ്. ഒരുമിച്ചു പഠിച്ചതാണ്. അവളെ കൂടി ഇന്‍ഡോര്‍ യാത്രക്കു കൂട്ടി. രണ്ടും പിള്ളേരെപ്പോലെ എപ്പോഴും ഒരുമിച്ചേ നടക്കൂ.", അമ്മ ചിരിച്ചു. പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ അവളെ നോക്കി ചിരിച്ചു, അവള്‍ തിരിച്ചും. "മാസത്തിലൊന്നൊക്കെ നാട്ടില്‍ വരാറുണ്ടോ?", അമ്മ ചോദിച്ചു. "മിക്കവാറും വരാറുണ്ട്. കമ്പനിയില്‍ എന്തെങ്കിലും അത്യാവശ്യ പണികള്‍ വന്നാല്‍ മാത്രമേ അതിനു മുടക്കം വരാറുള്ളൂ". ആ സംഭാഷണങ്ങള്‍ അങ്ങനെ നീണ്ടു പോയി. രോഹിത്തിനെ കളിപ്പിക്കുന്നതിനിടയില്‍ അവള്‍ എന്‍റെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ട്. വീട്ടു കാര്യങ്ങളും, നാട്ടു കാര്യങ്ങളും അവയില്‍ നിറഞ്ഞു. അദ്ധ്യാപക കുടുംബമാണു അവളുടേത് . വണ്ടി കോട്ടയം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അവരെല്ലാം ചെറു മയക്കത്തിലായിരുന്നു. "അമ്മേ, ഞാന്‍ ഇറങ്ങുന്നു", അവരെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തി ഞാന്‍ പറഞ്ഞു. എന്‍റെ സംസാരം കേട്ടു അവളും ചാടിയെഴുന്നേറ്റു. ഞങ്ങളുടെ കണ്ണുകള്‍ അവസാനമായി ഒരിക്കല്‍ കൂടി തമ്മില്‍ കണ്ടു. ഞാന്‍ കോട്ടയത്തിന്‍റെ തിരക്കുകളിലേക്കു പടിയിറങ്ങി. ട്രെയിന്‍ മുന്നോട്ടു ചലിക്കവേ, എന്നെ യാത്രയാക്കാന്‍ അവള്‍ വാതിക്കല്‍ വന്നിരുന്നു.
അന്നു രാത്രിയില്‍ ഞാന്‍ സോഷ്യല്‍ സൈറ്റുകളില്‍ ആ മുഖം തിരഞ്ഞു. സ്ഥലവും, പേരും വച്ചു നോക്കിയിട്ടും എനിക്കു ആളെ കിട്ടിയില്ല. ഏറെ നേരത്തെ വിഫലശ്രമത്തിനൊടുവില്‍, ഞാന്‍ എന്‍റെ ഡയറിയിൽ 12-4-2012 എന്ന തിയതിക്കു താഴെ ഇങ്ങനെ കുറിച്ചു. "മറ്റൊരു പെണ്‍കുട്ടി കൂടി എന്നെ മോഹിപ്പിച്ചു കൊണ്ട് ഇന്നു കടന്നു പോയി. പേരു മീര. അവള്‍ ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. ഒന്നറിയാം, ആ ഇരു നിറം എന്നെ കീഴ്പെടുത്തിയിരുന്നു. അവളോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്‍റെ യാത്രയുടെ ലക്‌ഷ്യം എങ്ങോട്ടെന്നറിയാന്‍ എനിക്കാവുന്നില്ല. അവളെ ഒരിക്കല്‍ കൂടി കണ്ടു കിട്ടിയിരുന്നെങ്കില്‍....". പത്താം ക്ലാസ്സ് മുതല്‍ എന്‍റെ സഹയാത്രികരാണ് ഡയറികള്‍. അവയെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. മരിച്ചു മണ്ണടിയുന്ന ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍. അവയ്ക്കു വെള്ളവും, വളവും നല്‍കാന്‍. ഒടുവില്‍ അവയെ തീര്‍ത്തും ആരോഗ്യദൃഢഗാത്രരായ ഓര്‍മ്മകളായി മുന്നില്‍ നിര്‍ത്താന്‍. അവളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ഞാന്‍ ഡയറിയുടെ സഹായം തേടി.
ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം നാട്ടിലുള്ള സമയത്താണു പത്രത്തിലെ പ്രാദേശികം പേജില്‍ വന്ന ഒരു ഫോട്ടോ ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു ngo, ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിനു പഠനോപകരണങ്ങള്‍ സംഭാവന ചെയ്യുന്നതിന്‍റെ ഫോട്ടോയായിരുന്നു അത്. എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചതു അതിലെ പരിചിതമായ ഒരു മുഖമായിരുന്നു, വ്യക്തമായി പറഞ്ഞാല്‍ അവളുടെ മുഖം. "ആശ്വാസ്" എന്ന സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനെ പറ്റി ഒരു ചെറു കോളം വാര്‍ത്തയും പത്രം നല്‍കിയിരുന്നു. അവള്‍ ആ ഫോട്ടോയില്‍ എങ്ങനെ വന്നു എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു. വാര്‍ത്തയില്‍ അവരുടെ അഡ്രസ്സു നല്‍കിയിരുന്നു. അവളെ കാണുവാനുള്ള ആഗ്രഹം എന്നില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ടിച്ചു. വൈകുന്നേരം ബൈക്കുമായി ഞാന്‍ ടൌണിലേക്ക് പുറപ്പെട്ടു. ടൌണിന്‍റെ പ്രാന്ത പ്രദേശത്തുള്ള ഒരു ഒറ്റ മുറി കെട്ടിടമാണു ഓഫീസ്.
ഓഫീസിനുള്ളില്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിശ്വാസ കാഴ്ചകള്‍ കാണുന്നതിന്‍റെ അമ്പരപ്പ് അവളുടെ മുഖത്തു പ്രകടമായിരുന്നു. പരിചയ ഭാവം പ്രകടിപ്പിക്കാതെ ഞാന്‍ പറഞ്ഞു, "നിങ്ങളുടെ ngoയെ പറ്റി പത്രത്തില്‍ വായിച്ചു. കൂടുതലറിയാനായി വന്നതാണ്". "എന്നെ മനസ്സിലായില്ലേ. നമ്മള്‍ കഴിഞ്ഞ മാസം ചെന്നൈയില്‍ നിന്നു ട്രെയിനില്‍ ഒരുമിച്ചുണ്ടായിരുന്നു", അവള്‍ പറഞ്ഞു. മറവി അഭിനയിച്ചിരുന്ന ഞാന്‍ പതിയെ ഓര്‍മ്മകളെ ചികഞ്ഞെടുത്തു. സംശയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു, "മീര അല്ലേ. പെട്ടെന്നു ഓര്‍മ്മ വന്നില്ല. കൂട്ടുകാരി ഉത്തരേന്ത്യയിലേക്കു തിരികെ പോയോ?". "അവളു വന്നു ഒരാഴ്ചയ്ക്കുള്ളില്‍ പോയി. ഇനി അടുത്ത മാസം വരും", അവള്‍ പറഞ്ഞു. "അപ്പൂപ്പനോ?, ഞാന്‍ വീണ്ടും ചോദ്യങ്ങളുന്നയിച്ചു. "അപ്പൂപ്പനും, അമ്മയും സുഖായിരിക്കുന്നു". സംഭാഷണങ്ങള്‍ മന്തഗതിയിലായപ്പോള്‍, ഞാന്‍ വീണ്ടും ngoയെ പറ്റി സംശയമുന്നയിച്ചു. "ഞങ്ങള്‍ എഞ്ചിനീയറിംഗ് സഹപാഠികള്‍ തുടങ്ങിയതാണിത്. പത്രത്തില്‍ പറഞ്ഞിട്ടുള്ള പോലെ പാവപ്പെട്ട കുട്ടികള്‍ക്കു പഠന സഹായം നല്‍കുകയാണു മുഖ്യ ഉദ്ദേശം. സംഭാവനയായി പൈസ സ്വീകരിച്ച്, അതു വിതരണം ചെയ്യുന്ന ധാരാളം ngoകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഞങ്ങള്‍ സംഭാവനയായി, ആരില്‍ നിന്നും പൈസ സ്വീകരിക്കുന്നില്ല.", അവള്‍ പറഞ്ഞു.
"അപ്പോള്‍ നിങ്ങള്‍ സ്വന്തം പൈസ ഇട്ടാണോ ഇതു നടത്തുന്നത്? എങ്കില്‍ ഇതൊരു മണ്ടന്‍ ആശയമാണ്. അധിക കാലം ഇതു നിലനില്‍ക്കില്ല.", ഞാന്‍ പറഞ്ഞു. അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു," ഞങ്ങള്‍ ഇടുന്നതു ഞങ്ങളുടെ കഴിവുകളാണ്. എനിക്കു വരയ്ക്കാന്‍ താല്പര്യമുണ്ട്, സാമിനു ഫോട്ടോഗ്രഫിയിലും, കീര്‍ത്തിക്കു തയ്യലിലും കഴിവുകളുണ്ട്. ഞങ്ങളുടെ ഈ കഴിവുകള്‍ ഞങ്ങള്‍ വില്പനയ്ക്കു വയ്ക്കുന്നു. കൃത്യമായി പറഞ്ഞാല്‍, രണ്ടു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ഒരു പ്രദര്‍ശനം നടത്താറുണ്ട്. അതില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കും. ലഭിക്കുന്ന വരുമാനമെല്ലാം കുട്ടികള്‍ക്കാണ്", അവള്‍ പറഞ്ഞു. "ഇതു സേവനം ഉദ്ദേശിച്ചുള്ളതായതിനാല്‍, വില അല്‍പം കൂടുതലായിരിക്കും", അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. "അപ്പോള്‍ നിങ്ങള്‍ മൂവരുമാണ് ഇതിന്‍റെ പിന്നില്‍ അല്ലെ? നല്ല ഒരാശയം", ഞാന്‍ പറഞ്ഞു. "ഈയൊരു രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍, ഞങ്ങള്‍ക്കു ഞങ്ങളുടെ പഠനവും, ജോലിയുമൊന്നും ഒപ്പം കൊണ്ടു പോകുന്നതിനു ഒരു തടസ്സവുമില്ല", അവള്‍ അറിയിച്ചു. അല്‍പ നേരത്തിനു ശേഷം അവളെ ഒന്നു സന്തോഷിപ്പിക്കാനായി ഞാന്‍ പറഞ്ഞു, "എനിക്കു നിങ്ങളുടെ ഈ സംരംഭവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ട്. ഞാന്‍ ഒരു അയ്യായിരം രൂപ സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നു". അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, "ഞങ്ങള്‍ പൈസ ഇവിടെ മേടിക്കാറില്ലെന്നു ആദ്യമേ പറഞ്ഞല്ലോ. താല്‍പ്പര്യമുണ്ടെങ്കില്‍ പ്രദര്‍ശനത്തില്‍ താങ്കള്‍ക്കും പങ്കെടുക്കാം. അതിലൂടെ കുട്ടികളെ സഹായിക്കാം". ഞാന്‍ എന്‍റെ ഓഫീസ് വിലാസവും, ഫോണ്‍ നമ്പറും അവള്‍ക്കു കൊടുത്തു. "ഇതൊരു വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള കുട്ടിയാണല്ലോ." തിരികെയിറങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒരു മാസം കഴിയുന്നതിനു മുന്‍പു തന്നെ ആശ്വാസ് നടത്തുന്ന പ്രദര്‍ശനത്തിന്‍റെ ക്ഷണക്കത്തു ഓഫീസില്‍ എത്തി. പതിവായി രണ്ടാം ശനിയാഴ്ചകളിലാണു അവര്‍ പ്രദര്‍ശനം നടത്തുന്നത്. കോട്ടയത്തെ പ്രസ്സ് ക്ലബാണു പ്രദര്‍ശന വേദി. ഒന്നു രണ്ടു വില കൂടിയ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതൊഴിച്ചാല്‍ പ്രദര്‍ശന നഗരി ശാന്തമാണ്. "ഇതു എന്‍റെ സുഹൃത്താണ്." വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്ന സാമിനും, കീര്‍ത്തിക്കും മീര എന്നെ പരിചയപ്പെടുത്തി. "എല്ലാ ഉല്‍പ്പന്നത്തിനും അഞ്ഞൂറു രൂപയാണ്", അവള്‍ എന്‍റെ പക്കല്‍ പറഞ്ഞു. പ്രദര്‍ശന ഹാളില്‍ തിരക്കു നന്നേ കുറവാണ്. "മൂവരും നല്ല കഴിവുള്ളവരാണല്ലോ", പ്രദര്‍ശനം കണ്ടു ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു. കടല്‍ക്കരയിലെ, മഴയത്തുള്ള ഒരു സായാഹ്ന സൂര്യന്‍റെ ഫോട്ടോയും, ചിത്ര തുന്നലുകളോടു കൂടിയ ഒരു ടര്‍ക്കിയും, പല്ലു കൊഴിഞ്ഞ ഒരു അഞ്ചു വയസ്സുകാരിയുടെ നിഷ്കളങ്കത പ്രകടമാക്കുന്ന ഒരു ഓയില്‍ ചിത്രവും ഞാന്‍ മേടിച്ചു. "സേവനത്തിനു വേണ്ടിയല്ലായിരുന്നെങ്കില്‍ പോലും ഞാന്‍ ഇവ മേടിച്ചേനെ", ഇറങ്ങാന്‍ നേരം ഞാന്‍ പറഞ്ഞു. ആദ്യമായി അവള്‍ക്കു കൈ കൊടുത്തു ഞാന്‍ പ്രദര്‍ശന നഗരിയുടെ പടിയിറങ്ങി.
ആശ്വാസിന്‍റെ പ്രദര്‍ശനങ്ങളുടെ ക്ഷണക്കത്തുകള്‍ കൃത്യമായി എനിക്കെത്തി തുടങ്ങി. എല്ലാ പ്രാവശ്യവും, എനിക്കിഷ്ടപ്പെടുന്ന രണ്ടു മൂന്നെണ്ണം ഞാന്‍ വാങ്ങിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകരെ ഞാന്‍ ngoയ്ക്കു പരിചയപ്പെടുത്തി. കാലം കഴിയേ, അവര്‍ മൂവരും എന്‍റെ അടുത്ത സുഹൃത്തുക്കളായി മാറി. സാമും, കീര്‍ത്തിയും ഒരിക്കല്‍ ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ വന്നു കണ്ടിരുന്നു, ഉച്ചഭക്ഷണവും കഴിച്ചിട്ടാണു അവര്‍ മടങ്ങിയത്. ഞങ്ങള്‍ക്കിടയില്‍ ഫോണ്‍ സംഭാഷണങ്ങളും സാധാരണമായി തുടങ്ങിയിരുന്നു.
ഞാന്‍ അവളെ പരിചയപ്പെട്ടിട്ടു, ഇന്നേയ്ക്കു ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്ര നാളും ഇഴഞ്ഞു നീങ്ങിയ കാലം എന്തേ ഇപ്പോള്‍ ഇങ്ങനെ വേഗത കൂട്ടുന്നു? ഒരിക്കല്‍ ഓഫീസില്‍ വച്ചു അവള്‍ എന്നോടു ചോദിച്ചു, "ഞാന്‍ ഈ പ്രസ്ഥാനത്തില്‍ ഉള്ളതാണു തന്നെ ഇതിലേക്കു അടുപ്പിച്ചത് എന്നെനിക്കറിയാം. ഇപ്പോഴും അതു മാത്രമാണോ ഇതിലേക്കു അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം?", എന്‍റെ ചിന്തകള്‍ അവള്‍ വ്യക്തമായി മനസ്സിലാക്കുന്നുവെന്നതു എനിക്കു പുതിയൊരു തിരിച്ചറിവായിരുന്നു. "മീര പറഞ്ഞതു സത്യമാണ്. താനാണു എന്നെ ഈ പ്രസ്ഥാനവുമായി അടുപ്പിച്ചത്. അല്ലാതെ ഇങ്ങനെയൊരു പ്രസ്ഥാനം വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്നൊന്നും എനിക്കു വിശ്വാസമില്ല. ഇങ്ങനെ എത്ര പ്രസ്ഥാങ്ങള്‍ വന്നു പോയിരിക്കുന്നു.". അവള്‍ ഇതു കേട്ടു ചിരിച്ചുകൊണ്ടു ചോദിച്ചു, "താങ്കള്‍ക്കു അടുത്ത മാസം രണ്ടു ദിവസം അവധി എടുക്കാമോ? ഞങ്ങള്‍ക്കു താങ്കളെ കൊണ്ടു ഒരാവശ്യമുണ്ട്.". "താനുണ്ടെങ്കില്‍ എത്ര ദിവസം അവധിയെടുക്കാനും ഞാന്‍ തയ്യാര്‍", ഞാന്‍ പറഞ്ഞു. "അടുത്ത മാസത്തെ പ്രദര്‍ശനം നടത്താനുള്ള ചുമതല താങ്കളെ ഏല്‍പ്പിക്കാനാണു ആഗ്രഹം. നമ്മുടെ മൂവര്‍ സംഘം വിപുലപ്പെടുത്തി, അതില്‍ തന്നെ കൂടെ ഉള്‍പ്പെടുത്താന്‍ സാമും കീര്‍ത്തിയും കുറെ നാളുകളായി പറയുന്നു. ഞാനാണു എതിര്‍ത്തു നിന്നിരുന്നത്. സമയമായെന്നു എനിക്കും തോന്നുന്നു", അവള്‍ പറഞ്ഞു. "വളരെ സന്തോഷം", ഞാന്‍ പ്രതികരിച്ചു.
ഞാന്‍ നടത്തുന്ന പ്രദര്‍ശനം വിജയിപ്പിക്കുക എന്നതു എന്‍റെ അഭിമാന പ്രശ്നമായി. എന്‍റെ ചെന്നൈയിലും, നാട്ടിലുമുള്ള സുഹൃത്തുക്കളെയെല്ലാം ഞാന്‍ വിളിച്ചു പറഞ്ഞു. ഫ്ലക്സ് ബോര്‍ഡും, പോസ്റ്ററും നഗരത്തില്‍ തലയുയര്‍ത്തി. പതിവിലും കൂടുതല്‍ ആളുകള്‍ അന്നത്തെ പ്രദര്‍ശനത്തിനെത്തി. അന്നു മാത്രം ഞങ്ങള്‍ക്കു, ഒരു ലക്ഷത്തിലധികം രൂപ പിരിഞ്ഞു കിട്ടി. അതു വരെ കിട്ടിയതില്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു അത്. ഞാന്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി അവളുടെ മുന്നില്‍ നിന്നു. ലഭിച്ച പൈസയെല്ലാം പിറ്റേന്നു തന്നെ സമീപത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞായറാഴ്ചയായിരുന്നിട്ടു കൂടി അന്നു ആ ലോവേര്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. പഠനോപകരണങ്ങള്‍ ഓരോ കുട്ടിക്കും നല്‍കാന്‍ എന്നെയാണു ചുമതലപ്പെടുത്തിയിരുന്നത്. കുഞ്ഞുങ്ങളുടെ ഓരോ കണ്ണുകളിലും, പൊതിയിലുള്ളതു എന്ത് എന്നറിയാനുള്ള നിഷ്കളങ്കമായ ഒരു ആകാംക്ഷ ശേഷിച്ചിരുന്നു. ഘോരം ഘോരം പ്രസംഗങ്ങള്‍ നടക്കുമ്പോഴും, എന്‍റെ കണ്ണുകള്‍ ആ കുഞ്ഞുങ്ങളില്‍ തന്നെയായിരുന്നു. ഷര്‍ട്ടും, നിക്കറും ഷൂസും ധരിച്ചിരുന്ന എന്‍റെ സ്കൂള്‍ കാലത്തു നിന്നും തികച്ചും വിഭിന്നമായിരുന്നു അവിടെ ഞാന്‍ കണ്ട ഓരോ മുഖങ്ങളും. പലരുടെയും കുപ്പായങ്ങള്‍ പഴകിയും, ചെളി പുരണ്ടും, ചുളുങ്ങിയുമിരുന്നു. ദാരിദ്ര്യം എന്നതിനേക്കാള്‍ മാതാപിതാക്കളുടെയോ, സമൂഹത്തിന്‍റെയോ താല്‍പ്പര്യക്കുറവായിരിക്കാം കാരണമെന്നു ഞാന്‍ അനുമാനിച്ചു. ഞങ്ങള്‍ രണ്ടു കമ്പ്യൂട്ടറും വിദ്യാലയത്തിനു സംഭാവാന്‍ ചെയ്തു. എല്ലാപ്രാവശ്യവും ഉള്ളതു പോലെ ഇറങ്ങാന്‍ നേരം, ഞങ്ങള്‍ നാലുപേരും കുട്ടികളുടെ കൂടെ നിന്നൊരു ഫോട്ടോ എടുത്തു. എല്ലാ പ്രദര്‍ശനങ്ങളിലും, അതിനു മുന്‍പു സംഭാവന നല്‍കിയ സ്ഥലത്തെ ഫോട്ടോ പ്രദര്‍ശിപ്പിക്കാറുണ്ട്.
"ഇവ നമ്മുടെ ചിന്താഗതിയിലും മാറ്റം വരുത്തുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല.", അന്നത്തെ സായാഹ്നം മീരയോടൊപ്പം കടല്‍ക്കരയില്‍ ചിലവിടുമ്പോള്‍ ഞാന്‍ പറഞ്ഞു. "എനിക്കു ചുറ്റും ധാരാളം ചിരി ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഹാസ്യം മൂലമുള്ള ചിരികള്‍ മാത്രമായിരുന്നു. ആ കുഞ്ഞുങ്ങളുടെ ചിരി അതില്‍ നിന്നെല്ലാം എത്രയോ വിഭിന്നം. അവ മനസ്സു നിറഞ്ഞ സന്തോഷം മൂലമുള്ള ചിരികളാണ്. ഞാന്‍ കാണാനോ, പരിചയപ്പെടാനോ താല്‍പ്പര്യം കാണിക്കാതിരുന്ന ചിരികള്‍. കൊച്ചു മാറ്റങ്ങളാണു നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക, അല്ലെ?", അവളുടെ മുഖം സന്തോഷം മൂലം വിടര്‍ന്നു. സമ്മാനം സ്വീകരിച്ച ആ കുട്ടികളുടെ മുഖത്തോടു അവളുടെ മുഖവും താദാത്മ്യം പ്രാപിച്ചിരുന്നു. "ഇങ്ങനെയുള്ള ഒരു വ്യക്തിയെയാണു ഞാന്‍ ആഗ്രഹിച്ചിരുന്നതു, ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതു. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴേ അതു എനിക്കു പറ്റിയ മേഘലയല്ലെന്നു മനസ്സിലായിരുന്നു. അതിനാലാണു സോഷ്യല്‍ വര്‍ക്കില്‍ ഉപരിപഠനം തിരഞ്ഞെടുത്തത്. ഇപ്പോള്‍ അവസാന സെമസ്ടറാണ്", അവള്‍ പറഞ്ഞു. "ഭാവിയിലും ഇതു തുടരാന്‍ കഴിയുമെന്നു വിശ്വാസമുണ്ടോ?", ഞാന്‍ അവളോടു ചോദിച്ചു. "ചോദ്യത്തിന്‍റെ സാഗത്യം എനിക്കു മനസ്സിലായി". പുഞ്ചിരിച്ചു കൊണ്ട്, എന്നാല്‍ ഗൌരവം ഒട്ടും കൈ വിടാതെ അവള്‍ പറഞ്ഞു, "എന്നെ മനസ്സിലാക്കുന്ന ഒരാള്‍ വരട്ടെ. അപ്പോള്‍ നോക്കാം". "ഞാന്‍ ഒരു അപേക്ഷ തന്നാല്‍..". ഒരു നിറഞ്ഞ ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി. കടല്‍ക്കരയില്‍ അസ്തമയ സൂര്യന്‍ മറഞ്ഞു തുടങ്ങിയപ്പോഴും, കാറ്റിന്‍റെ ആവേശം ശമിച്ചിരുന്നില്ല. വലിയ തിരകള്‍ ഉണ്ടാക്കി അവ കരയിലേക്കു അഞ്ഞടിച്ചുകൊണ്ടിരുന്നു.
അന്നു രാത്രിയില്‍ ഞാന്‍ ഡയറിയില്‍ കുറിച്ചു. "രാഹുല്‍ മേനോന്‍റെ ജീവിതത്തിലെ രണ്ടാം ഭാഗം ഇന്നു തുടങ്ങുന്നു. കാണാതെ പോയ കാഴ്ച്ചകള്‍ക്കായി, അറിയാതെ പോയ അനുഭവങ്ങള്‍ക്കായി, അവളോടൊപ്പം...."
മനോഹരകഥ
ReplyDeleteനല്ല ആശയം
നല്ല ശൈലി
നല്ല ആവിഷ്കാരം
(കുട്ടികളോട് പറയാന്‍ ഒരു നമ്പര്‍ ഐറ്റം കിട്ടി, “ഞാനും രണ്ടാം ക്ലാസിലാ പഠിയ്ക്കുന്നത്”!!!)
നല്ല കഥ .. നല്ല ആശയങ്ങളും .. ഞാനും രണ്ടാം ക്ലാസിലാ പഠിക്കുന്നെ .. :P
ReplyDeleteകഥ നന്നായിട്ടുണ്ട്.
ReplyDeleteGud one :-)
ReplyDeleteലളിതം സുന്ദരം
ReplyDeleteഅല്ലേല്‍ ലളിതമായത് കൊണ്ട് സുന്ദരം
ഡാനിഷേ, കൊള്ളാം...നന്നായിട്ടുണ്ട്...keep the good work...
ReplyDeletenice story man. keep it up.
ReplyDeletenice one
ReplyDeletenalla story aanu
ReplyDeleteകൊള്ളാം .... നന്നായി എഴുതി.
ReplyDeleteI am so proud of you my son :)
ReplyDeleteDanish ..just read this now . Valare nannayittundu. Nammude Malayalam Manoj sir ne orthu.
ReplyDelete