Raise our Conscience against the Killing of RTI Activists
Saturday, June 30, 2012

നഗരക്കാഴ്ചകള്‍


അവന്‍ ട്രെയിനിലേക്ക് കയറിയപ്പോള്‍ എല്ലാവരുടെയും വദനങ്ങളില്‍ പ്രകടമായ നീരസം ഉണ്ടായിരുന്നു. അവനു പ്രായം ഉദ്ദേശം ആറു വയസ്സുണ്ടാവും. ആകെയുള്ളത് പൊടിപടലങ്ങളും, ചെളിയും അതിര്‍ത്തി തീര്‍ത്ത ഒരു കുട്ടിനിക്കര്‍. തലമുടി, ചെളി നിറഞ്ഞു ജട പിടിച്ചിരിക്കുന്നു. എന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു സ്കൂളില്‍ വിടുകയും, വിദ്യാഭ്യാസം എന്ന ഫലവൃക്ഷം രുചിച്ചു തുടങ്ങുകയും ചെയ്ത പ്രായത്തില്‍ പെട്ട ഒരു മനുഷ്യ ജീവി. അവന്‍റെ കയ്യില്‍ ഒരു കമ്പി വളയമുണ്ട്. അത് വച്ച് ചില അഭ്യാസങ്ങള്‍ അവന്‍ കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ അതില്‍ ഒരു താല്പര്യവും പ്രകടപ്പിക്കുന്നില്ല. അവന്‍ തലകുത്തി മറിയുന്നതിനിടയില്‍ സമീപത്തെ ഇരിപ്പിടത്തില്‍ തല ഇടിച്ചെങ്കിലും, ഒരു ഭാവഭേദവും ആരുടേയും മുഖത്തില്ല. അവനില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും അവനെ കാണികളില്‍ നിന്ന് അകറ്റുന്നുണ്ട്. അവന്‍ ഒരു പാത്രവുമായി, നാണയത്തുട്ടുകള്‍ക്ക് വേണ്ടി കരുണയുള്ള കണ്ണുകള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന്‍ അവിടെ ഇറങ്ങി. എന്‍റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എന്‍റെ നയനങ്ങള്‍ അവനെ തന്നെ പരതിക്കൊണ്ടിരുന്നു. സ്റ്റേഷനു തൊട്ടടുത്ത് തന്നെയുള്ള ഒരു പടുത കൊണ്ടുള്ള മറയിലേക്ക് അവന്‍ നടന്നു നീങ്ങി. അവിടെ അവനെ പോലെ അനേകം കുഞ്ഞുങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുടുംബവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ചെറു സമൂഹം. ട്രെയിന്‍ജനാലയെന്ന കാരാഗ്രഹം എന്‍റെ കാഴ്ചയെ മറച്ചു തുടങ്ങി. എങ്കിലും ആ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ആ മധ്യവയസ്കനെ ഞാന്‍ മറക്കില്ല. അയാള്‍ ആ ഭിക്ഷാലയത്തിന്‍റെ നടത്തിപ്പുകാരനാവും.  അനേകം കുഞ്ഞുങ്ങളാണ് വ്യക്തമല്ലാത്ത ഒരു ഭാവിയിലേക്ക് അവിടെ നിന്ന് ചുവടു വച്ചിറങ്ങുന്നത്.

അതിനു ഉദ്ദേശം രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ്സ്‌ അവെന്യൂ മാള്‍. ബി.എം.ഡബ്ല്യൂവും, ഓഡിയും, ബെന്‍സും സമ്പന്നമാക്കിയ കാര്‍ പാര്‍ക്കിംഗ്. വിദേശ നിര്‍മിത സ്പ്രേകളുടെ സൌരഭ്യവുമായി ധാരാളം യുവാക്കളും, കൌമാരക്കാരും. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാന്‍ മടിക്കുന്ന ഒരു ജനസമൂഹം. എല്ലാവരും തിരക്കിലാണ്. വിദേശ നിര്‍മിത ബ്രാണ്ടുകളുടെ ഷോപ്പുകളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ചെന്നൈയിലെ അഴുക്ക് ചാലുകള്‍ അതിനുള്ളില്‍ ദര്‍ശിക്കാനാവുന്നില്ല. ആ വെള്ള മാര്‍ബിളും, അതിനുള്ളിലെ വ്യക്തികളും ഒരു കൃത്രിമ സന്തോഷമാണ് എന്നില്‍ നിറച്ചത്. അതിനുള്ളിലെ മനസാക്ഷി, നഗരത്തിന്‍റെ പൊതു മനസാക്ഷിയില്‍ നിന്നു വേറിട്ട്‌ നില്‍ക്കുന്നു. അതിനു പണത്തിന്‍റെ ആഢംബരമുണ്ട്, സുഗന്ധമുണ്ട്, എന്നാല്‍ അവിടെ മനുഷ്യത്വത്തിന്‍റെ സംതൃപ്തിയില്ല. ഒരു കച്ചവട സ്ഥാപനത്തില്‍ അത് പ്രതീക്ഷിക്കാനും പാടില്ല. സാമ്പത്തീക പുരോഗതിയോടൊപ്പം, വ്യക്തികളിലെ പണത്തിന്‍റെ അളവ് കൂടി വന്നു. ഉത്തരാധുനീക സമൂഹം എന്ന പേരില്‍ പടിഞ്ഞാറോട്ട് ഉറ്റു നോക്കുന്ന ഒരു വലിയ ജനവിഭാഗം നമ്മുടെയിടയില്‍ വളര്‍ന്നു കഴിഞ്ഞു.

മാളില്‍ നിന്ന് സന്ധ്യയായപ്പോള്‍ പുറത്തിറങ്ങി. അതിനുള്ളിലേക്ക് ഉറ്റുനോക്കുന്ന വലിയൊരു ജനവിഭാഗം മാളിനു പുറത്തുണ്ട്. അതില്‍ ഓട്ടോത്തൊഴിലാളികലുണ്ട്, ആലംബമില്ലാത്ത വന്ധ്യവയോധികരുണ്ട്, ഭ്രാന്തന്മാരുണ്ട്, തെരുവുകുട്ടികളും, പട്ടികളുമുണ്ട്, തിളങ്ങുന്ന വസ്ത്രങ്ങളുമായി രാത്രിയെ പ്രഭാതമാക്കുന്ന സ്ത്രീകളുമുണ്ട്. എല്ലാവര്‍ക്കും ഒരു ചിന്തയും പ്രതീക്ഷയും, നാണയം അഥവാ രൂപ. ഇവര്‍ക്കിടയിലൂടെ, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്നാ മനോഭാവത്തോടെ പോകുന്ന അനേകരെയും കണ്ടു. മാളില്‍ നിന്ന് ആളുകള്‍ പകുതി കഴിച്ചു വലിച്ചെറിയുന്ന കെ.എഫ്.സി.യുടെ എച്ചിലുകളുമായി വണ്ടി ഇവര്‍ക്കിടയിലൂടെ നീങ്ങുന്നതും കണ്ടു. ചിലര്‍ ഭക്ഷണം സ്റ്റാറ്റസിന്‍റെ ഭാഗമാക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അത് ജീവന്‍ പിടിച്ചു നിര്‍ത്തുവാന്‍ മാത്രമുള്ളതാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം ഗുണ്ടകളും പിടിച്ചുപറിക്കാരുമുണ്ട്. നഗരത്തില്‍ മൊത്തം മാലിന്യവും നിറഞ്ഞിരിക്കുന്നു.

രാത്രി, ഭക്ഷണം ചെന്നൈയില്‍ നിന്നു തന്നെ ആക്കി. സ്റ്റേഷന്‍റെ പുറത്തു നൂറു കണക്കിന് ആളുകള്‍ മയങ്ങുന്നുണ്ട്. അതിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നു. പലതും കൂട്ടിവായിക്കുമ്പോള്‍ വിചിത്രമായി തോന്നി. യുവാക്കള്‍ സിനിമ തിയേറ്ററില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍, ആലംബമില്ലാതെ അനേകം വ്രദ്ധര്‍ നഗര പ്രാന്തങ്ങളില്‍ സഞ്ചരിക്കുന്നു. നഗരം ഒരു തിരക്കഥയുടെ ഭാഗമാണ്. നാടകീയത തീരെയില്ലാതെ, അന്ത്യം കാത്തുകിടക്കുന്നൊരു തിരക്കഥ. അതില്‍ അനേകം നായകരുണ്ട്, വില്ലന്മാരും. വെളിച്ചം കുറഞ്ഞു തുടങ്ങി, എന്‍റെ ട്രെയിനും പുറപ്പെട്ടു. പകല്‍ നിര്‍ത്തിയിട്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍ ട്രെയിനില്‍ കയറി, ബാസ്റ്റ്യന്‍. അവന്‍ ചാടി മറിയുന്നതിനിടയില്‍ അവന്‍റെ തുടയിലെ അടികൊണ്ടു കരുവാളിച്ച പാട് ഞാന്‍ ശ്രദ്ധിച്ചു. അഭ്യാസങ്ങലെല്ലാം കഴിഞ്ഞു, രാവിലത്തേതു പോലെതന്നെ അവന്‍ നിരാശനായി ട്രെയിനില്‍ നിന്നിറങ്ങി, അടുത്ത വണ്ടിയും, നാണയവും കാത്തു സ്റ്റേഷനില്‍ നില്‍പുറപ്പിച്ചു.. പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇന്‍സപ്ഷനില്‍ നിന്നുള്ള ഒരാശയം കടമെടുത്താല്‍, എന്‍റെ ഈ നഗരക്കാഴ്ചകള്‍ ഒരു സ്വപ്നമാണെങ്കില്‍, പ്രതീക്ഷയറ്റ ബാസ്റ്റ്യനും, അല്പായുസ്സിയായ ധനവും സ്വപ്നത്തിലെ സ്വപ്നമാവുമോ?

Monday, June 18, 2012

അയാള്‍


അയാള്‍ എന്‍റെ ബോധമണ്ഡലത്തിലേക്ക് അതിക്രമിച്ചു കയറിയത് അതിദ്രുതമായിരുന്നു. യാത്രകളില്‍ ഞാന്‍ പ്രധാനമായും കാത്തുസൂക്ഷിക്കുന്നത് എന്‍റെ ഏകാന്തതയും, ഓര്‍മകളുമാണ്. അവയിലേക്ക് എത്തിനോക്കാന്‍ സുഹൃത്തുക്കളല്ലാതെ ആരെയും ഞാന്‍ അനുവദിക്കാറുമില്ല. നിരന്തരം ശല്യമുണ്ടാക്കുന്ന ചില കുടിയന്മാര്‍ക്കുള്ള മറുപടി ബാലെയിലെ പോലെ മൂകാഭിനയം മാത്രമാണ്. ചിലര്‍ അതില്‍ കൂടുതല്‍ ക്ഷോഭിക്കാറുണ്ട്. ചിലര്‍ മടുത്തു നിര്‍ത്തി പോകാറുമുണ്ട്. അതിര്‍വരമ്പുകളിലേക്ക് അനുവാദമില്ലാതെ എത്തുന്നവരോട് പ്രതികരണം ആവശ്യമാണ്‌.

പതിവു പോലെയുള്ള എന്‍റെ ഒരു യാത്രയില്‍, ഞാന്‍ ചിന്തകളില്‍ വ്യാപരിച്ചിരിക്കുന്നു. അതില്‍ ഞാന്‍ ആനന്ദം കണ്ടെത്താറുണ്ട്. "നിങ്ങള്‍ എങ്ങോട്ടാണ്?" ഉയര്‍ന്ന ശബ്ദത്തില്‍ എന്‍റെ സമീപമിരുന്ന ചെരുപ്പക്കാരന്‍ സംസാരിക്കുകയാണ്. ബസ്‌ കൊട്ടാരക്കര വിട്ടു കോട്ടയത്തിനുള്ള യാത്രയില്‍. ഞാന്‍ പ്രതികരിക്കാതെ എന്‍റെ അനിഷ്ടം പ്രകടിപ്പിച്ചു. അയാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഒരു മറുപടിക്കായി സാഹചര്യവും നിര്‍ബന്ധിച്ചു തുടങ്ങി. "കോട്ടയത്തേക്ക്", ഞാന്‍ പതിയെ അറിയിച്ചു. "എവിടുന്നാ?" ഉദ്ദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന അയാള്‍ ഒരു കുടിയനല്ല. എനിക്ക് ഈ സംഭാഷണങ്ങളില്‍ താല്പര്യവുമില്ല. പിന്നെ എന്തിനു അയാള്‍ എന്നെ നിര്‍ബന്ധിക്കുന്നു? അയാളുടെ ശബ്ദം പതിവിലും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പരിസരത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.

"തിരുവനന്തപുരത്തുന്നാ", ഞാന്‍ ഒരു മറുപടി കൃത്രിമമായി സൃഷ്ടിച്ചു. "അതിനു ഇവിടുന്നാണോ കയറുന്നെ?", കടന്നു പോകുന്ന കൊട്ടാരക്കര ചൂണ്ടി അയാള്‍ ചോദിച്ചു. ഞാന്‍ അതിനു മുന്‍പേ ബസ്സില്‍ കയറിയെങ്കിലും അയാളുടെ അടുത്തു ഇരുന്നത് കൊട്ടാരക്കരയിലാണ്. അതാവും അയാളുടെ ചോദ്യത്തിനുള്ള പ്രചോദനം."പിന്നെ എവിടെ നിന്നു കയറണം?", ഞാന്‍ അനിഷ്ടം മറച്ചില്ല. അത് അയാള്‍ക്കും മനസ്സിലായെന്നു തോന്നുന്നു. അയാള്‍ ഒരു ക്ഷമാപണ ഭാവത്തോടെ കൊട്ടാരക്കരക്കു മുന്‍പു കാണാത്തതിനാലാണ് ചോദ്യം ഉന്നയിച്ചത് എന്ന് അറിയിച്ചു. കയറിയ സ്ഥലം ഞാനും അറിയിച്ചു. പിന്നീടയാള്‍ ജോലി സ്ഥലമാണ് തിരക്കിയത്. മറുപടി പറഞ്ഞു എന്‍റെ അനിഷ്ടം ഉയര്‍ന്നു വന്നു.

ഉത്തരങ്ങളില്ലാത്തവരുടെ പ്രധാന ആയുധം നിരന്തരമായ ചോദ്യങ്ങളാണ്. ഞാന്‍ അയാളോടും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ആള്‍ ഫിസിക്സില്‍ phd ചെയ്യുകയാണെന്നും, അവസാന പ്രബന്ധം പ്രസിദ്ധീകരിക്കാറായെന്നും, ഒരു iit വിദ്യാര്‍ത്ഥിയാണെന്നുമുള്ള വിവരം കേട്ടതോടെ യഥാര്‍ത്ഥത്തില്‍ ചെറുതായത് ഞാനാണ്. അയാളുടെ വിനയം കൂടി മനസ്സിലാക്കിയതോടെ എന്‍റെ ഏകാന്തത എന്നില്‍ നിന്നു പിന്‍വലിഞ്ഞു തുടങ്ങി. ഇത്ര പ്രഗല്‍ഭനായ ഒരു വ്യക്തിയോടാണല്ലോ ഞാന്‍ ഇത്ര നേരം പ്രതികരിക്കാതിരുന്നത്.

ഞങ്ങള്‍ സുഹൃത്തുക്കളാകാന്‍ സമയം ഏറെ എടുത്തില്ല. വണ്ടി സ്ഥലങ്ങള്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ സംഭാഷണങ്ങളിലൂടെ കാലങ്ങളെ പിന്നിലാക്കി കൊണ്ടിരുന്നു. ബസ്‌ ഓരോ സ്റ്റാന്‍റ് പിന്നിടുമ്പോഴും അയാളുടെ ജീവിതകാലഘട്ടം ഓരോന്നായി ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. എനിക്കു ഇതില്‍ ഉണ്ടായിരുന്നത് ഒരു ശ്രോദ്ധാവിന്‍റെ വേഷം മാത്രം. അയാള്‍ ജീവിതത്തിനോ, കാലത്തിനോ ഒരു മറയും കൊടുത്തിരുന്നില്ല. ഞാന്‍ ആളുകളെ എന്നില്‍ നിന്നു അകറ്റി നിര്‍ത്തികൊണ്ടിരുന്നപ്പോള്‍, അതിന്‍റെ വിരുദ്ധമായ ഒരു സമീപനമായിരുന്നു അയാളുടേത്.

വണ്ടി ചെങ്ങന്നൂര്‍ എത്തിയിരിക്കുന്നു. അയാളിപ്പോള്‍ അയാളുടെ കോളേജ് കാലഘട്ടത്തിലാണ്. ഒരു വിജയിയുടെ കഥയാണ്‌ ഞാന്‍ അയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കോളേജ് കാലഘട്ടത്തില്‍ അയാള്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും, അതു പഠന കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു. സാധാരണമായൊരു സംഭവത്തെ അത്ര ലാഘവത്തോടെ എടുക്കാന്‍ അയാളുടെ മനസ്സു ഒരുക്കമായിരുന്നില്ല. താമസിയാതെ വളരെ വേഗം സ്വഭാവവും, വ്യക്ത്തിത്വവും മാറുന്ന ട്വിന്‍ പേഴ്സണാലിറ്റി എന്നൊരു മാനസീക രോഗത്തിന് അയാള്‍ അടിപ്പെട്ടു. ഇതൊക്കെ സംഭവിക്കുന്നത് iit പഠനകാലത്തും. രണ്ടു വര്‍ഷത്തോളം ഒരു മനശാസ്ത്രജ്ഞന്‍റെ അടുത്തു ചികല്‍സ. ചെറിയൊരു പനി വരെ മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കുന്നൊരു തലമുറയെ കണ്ടു ശീലിച്ച എനിക്കു അയാള്‍ പുതിയൊരനുഭവമായിരുന്നു. ആദ്യമായി കാണുന്ന എന്നോട് അയാള്‍ എല്ലാ വിവരങ്ങളും പങ്കു വച്ചു.

രണ്ടു വര്‍ഷത്തോളം പഠനം മുടങ്ങി. iitയില്‍ തിരിച്ചെത്തിയ ഉടനെ അസുഖം വീണ്ടും കണ്ടതിനെ തുടര്‍ന്ന് അമ്മ കൂടെ വന്നു നില്‍കേണ്ടിയും വന്നു. എല്ലാവരും ഒരു മാനസീക രോഗി എന്ന നിലയില്‍ കണ്ടിരുന്ന ആ കാലത്തെ അയാള്‍ വെറുക്കുന്നുണ്ട്. അതു പറയുമ്പോള്‍ അയാളുടെ കണ്ണ് നനഞ്ഞിട്ടില്ലേ? ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹപാഠികളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും മൂലം അയാള്‍  MSc ക്ലാസ്സില്‍ പത്താമനായി വിജയിച്ചു. ഇപ്പോള്‍ അവിടെ തന്നെ phdയും കഴിയാറായിരിക്കുന്നു. ഇപ്പോള്‍ ആ കണ്ണുകളില്‍ വേദനയുടെ നനവില്ല, വിജയത്തിന്‍റെ തിളക്കം മാത്രം. തന്‍റെ മനോരോഗത്തെ പോലും മറച്ചു പിടിക്കാത്ത അയാള്‍ എന്‍റെ മറ്റൊരു അധ്യാപകനായി മാറിയിരുന്നു.

വണ്ടി ചെങ്ങനാശ്ശേരി പിന്നിട്ടു കഴിഞ്ഞു. കോട്ടയത്തിനു ഇനി അര മണിക്കൂറില്‍ താഴെ മാത്രം. പഴകി ദ്രവിച്ച ഓര്‍മകളുമായി ഞാന്‍ വന്നിറങ്ങുന്ന സ്ഥലത്ത് ഇന്നെനിക്കുള്ളത് പുതുമയുള്ള ഒരു ജീവിതവും, സുഹൃത്തുമാണ്.  ഞാന്‍ എന്‍റെ ജീവിതം ഹ്രസ്വമായി വിവരിച്ചു. എന്നാല്‍ അതില്‍ പ്രയാസങ്ങള്‍ തീരെ കുറവ്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായവന്‍ വെട്ടിപിടിക്കുമ്പോള്‍ അതിലെന്തു പുതുമ? അയാള്‍ തന്‍റെ രോഗത്തോട്, സാഹചര്യത്തോട്, സഹതാപത്തോട് എല്ലാം പൊരുതി വിജയം എന്ന് പൊതുവില്‍ വിചാരിക്കപെടുന്നിടത്തു എത്തി നില്‍ക്കുന്നു. വണ്ടി കോട്ടയം സ്റ്റാന്‍റിലേക്ക് കയറി. ചായ കുടിക്കാന്‍ അഞ്ചു മിനിട്ട് വണ്ടി നിര്‍ത്തി. അയാള്‍ യാത്ര പറഞ്ഞു കോട്ടയത്തെ ഇരുട്ടിലൂടെ നടന്നു മറഞ്ഞു. എന്‍റെ സ്വന്തമായ ഏകാന്തതയെയും, ചിന്തകളെയും എന്നെ തിരികെ ഏല്‍പ്പിച്ചിട്ട്.

Sunday, June 10, 2012

പത്മനാഭപുരം കൊട്ടാരത്തിലൂടെ


പ്രതാപശാലികളായിരുന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ ഈറ്റില്ലമായിരുന്ന പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിക്കുക എന്നത് വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു. പല നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അവിടം ഇപ്പോഴും മനോഹരമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ ദാസന്മാര്‍ വസിക്കുന്നിടം എന്നതില്‍ നിന്നാണ് കൊട്ടാരത്തിനു ആ പേരു ലഭിച്ചത്. ചരിത്രാനുഭവ യാത്രക്ക് എന്നോടൊപ്പമുണ്ടായിരുന്നത് സഹമുറിയനായ നിതിന്‍. ഞങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ ശേഷം ഉടനെ തന്നെ ഞങ്ങള്‍ പാസ്സെടുത്തു കൊട്ടാരത്തില്‍ പ്രവേശിച്ചു. തറകളുടെ സംരക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ ചെരുപ്പുകള്‍ക്ക് വിലക്കുണ്ട്. തമിഴ്‌ നാട്ടില്‍ ആണെങ്കിലും കൊട്ടാരം നില്‍ക്കുന്ന സ്ഥലം കേരളത്തിന്‍റെതാണ്. 


തിരുവോണ തോണി
കുതിരക്കാല്‍  വിളക്ക്
കൊട്ടാരം ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും. അത് ആഢംബരം കൊണ്ടല്ല. മറിച്ച്, അതിന്‍റെ പ്രൌഢി കൊണ്ടാണ്. കൊട്ടാരത്തിനു ചുറ്റുമുള്ള വിശാലമായ പഠിപ്പുര അതിഥികളെ സ്വാഗതം ചെയ്യുന്നു. പഠിപ്പുരയില്‍ നിന്നു കൊട്ടാരത്തിന്‍റെ പൂമുഖത്തേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. അവിടെ തൂങ്ങി കിടക്കുന്ന കുതിരക്കാല്‍ വിളക്കുകള്‍ പുരാതന കാലത്തെ ശില്‍പികളുടെ കലാവൈഭവം പ്രകടമാക്കുന്നു. കൂടാതെ അതിഥികളെ രാജാവ് സ്വീകരിച്ചിരുത്തിയിരുന്ന പൂമുഖ കട്ടിലും, രാജാവിന് തിരുവോണ നാളുകളില്‍ സമ്മാനമായി ലഭിച്ചിരുന്ന തിരുവോണ തോണികളുടെ മാതൃകയും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

കൊട്ടാരം 1601ല്‍ ഇരവി വര്‍മ കുലശേകര പെരുമാളാണ് പണികഴിപ്പിച്ചത്. തായ്‌ കൊട്ടാരം 1550കളില്‍ തന്നെ ഉണ്ടെന്നു വിശ്വസിക്കപെടുന്നു. മാര്‍ത്താണ്ട വര്‍മ മഹാരാജാവ് 1750ല്‍ കൊട്ടാരം പുതുക്കിപണിയുകയും രാജ്യം പത്മനാഭനു കാഴ്ച സമര്‍പ്പിക്കുകയും ചെയ്തു. 1795ല്‍ ആണ് കൊട്ടാരം തിരുവനന്തപുരത്തെ കവടിയാറിലേക്ക് മാറ്റുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകം ഇന്നും അതെ കെട്ടുറപ്പോടെ തന്നെ നിലകൊള്ളുന്നു. രാജശാസനകളുടെ അലയൊലികള്‍ ഇന്നും അവിടെ ശ്രവിക്കാം.


മന്ത്രശാല
പൂമുഖത്തു നിന്ന് നമ്മള്‍ പ്രവേശിക്കുന്നത് മന്ത്രശാലയിലേക്കാണ്. രാജാവ് മന്ത്രിസഭാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെയാണ്‌. ഇത് പൂമുഖത്തിന്‍റെ നേരെ മുകള്‍ നിലയിലാണ്. കോണിപടികള്‍ പുരാതന കേരള നിര്‍മാണ രീതിയായ വീതി കുറച്ച് ഉയരം കൂട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ കയറാന്‍ ലേശം ബുദ്ധിമുട്ടും. മന്ത്രശാലയിലെ തറ കറുത്ത് തിളങ്ങുന്നുണ്ട്. ചകിരി, മുട്ട വെള്ള തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇതിന്‍റെ നിര്‍മാണ രീതി ഇന്ന് അജ്ഞാതമാണ്. നിര്‍മാണ പ്രത്യേകത കൊണ്ടും, തടികളുടെ ആധിക്യം കൊണ്ടും നട്ടുച്ചക്ക് പോലും കുളിര്‍മ അനുഭവപ്പെടും. ഇവിടെ നിന്ന് നേരെ ചെല്ലുന്നത് രാജാക്കന്മാര്‍ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്ന വിശാലമായൊരു ഹാളിലേക്കാണ്. തിരുവതാംകൂര്‍ രാജാക്കന്മാര്‍ ദാനധര്‍മരായിരുന്നതിനാല്‍ അവിടെ ദിനപ്രതി അനേകര്‍ വിശപ്പകറ്റിയിരുന്നു. ഇന്നവ ആളും അനക്കവും ഒഴിഞ്ഞു സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. 

രാജകട്ടില്‍ 
ഇവിടെ നിന്നു നമ്മള്‍ ചെന്നെത്തുന്നത് ഉപ്പിരിക്ക മാളികയിലെക്കാണ്. ഇതാണ് കൊട്ടാരത്തിന്‍റെ കേന്ദ്രഭാഗം. ഇതിന്‍റെ ഒന്നാം നിലയിലാണ് കൊട്ടാരത്തിന്‍റെ ധനകാര്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. മച്ചിലെ കൊത്തുപണികള്‍ ലോകോത്തരമാണ്. രണ്ടാം നിലയിലായി രാജാവിന്‍റെ കിടപ്പുമുറി സ്ഥിതി ചെയ്യുന്നു. 64 കൂട്ടം മരുന്നു ചെടികളുടെ തടി കൊണ്ടാണ് ആ കട്ടില്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഇവ ഡച്ച് കച്ചവടക്കാര്‍ രാജാവിന് സമ്മാനിച്ചതാണ്. ഇതിന്‍റെ അടുത്തായി തന്നെ വാളുകളും കുന്തങ്ങളും സൂക്ഷിക്കാനുള്ള ആയുധപുരകളും ഉണ്ട്. ജനാധിപത്യവും വിദ്യാഭ്യാസവും നല്‍കിയ ധൈര്യത്തില്‍ ഞാന്‍ ആ കട്ടിലില്‍ സ്പര്‍ശിച്ചു. ഒരു കാലത്തു പ്രജകള്‍ നോക്കുവാന്‍ പോലും പേടിച്ചിരുന്നിടം, ഇന്ന് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായിരിക്കുന്നു. മൂന്നാം  നിലയിലായി രാജാവിന്‍റെ വിശ്രമ, പഠന മുറികള്‍ സ്ഥിതി ചെയ്യുന്നു. മുകള്‍ നിലയാണ് ഉപ്പിരിക്ക മാളിക എന്ന പേരില്‍ അറിയപ്പെടുന്നത്. അത് പദ്മനാഭന്‍റെ വാസ സ്ഥലമായാണ് കരുതി പോരുന്നത്. 


 ബെല്‍ജിയം കണ്ണാടി
ക്ലോക്ക് ടവര്‍ 
ഉപ്പിരിക്ക മാളികയില്‍ നിന്നു നമ്മള്‍ പ്രവേശിക്കുന്നത് തായ് കൊട്ടാരത്തിലെക്കാണ്. അമ്മ മഹാറാണിയുടെ കൊട്ടാരമാണ് തായ്‌ കൊട്ടാരം. അത് പുരാതന ശൈലിയിലുള്ള ഒരു നാലുകെട്ടാണ്. റാണിമാര്‍ ഒരുങ്ങാന്‍ ഉപയോഗിച്ചിരുന്ന ബെല്‍ജിയം കണ്ണാടിയും, സാമഗ്രികളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പുരാതന കക്കൂസുകളും ഒരു കോട്ടവും പറ്റാതെ സംരക്ഷിച്ചു പോരുന്നുണ്ട്. അമ്മമാഹാറാണിയുടെ കിടപ്പറയുടെ സമീപത്തായി വളരെ വിശാലമായ ആയുധപുരയാണ്. അവിടെ നിന്നു നോക്കിയാല്‍ കൊട്ടാരത്തിന്‍റെ മുക്കും മൂലയും കാണാനാവും. അതിനാല്‍ തന്നെ രാജാവിന്‍റെ വിശ്വസ്തരാന് അവിടെ നിരീക്ഷണ ജോലി നടത്തിയിരുന്നത്. തായ്‌ കൊട്ടാരത്തില്‍ തന്നെയുള്ള ഏകാന്ത മണ്ഡപത്തില്‍ ഒറ്റ പ്ലാവിന്‍ തടിയില്‍ നിര്‍മിച്ച കൊത്തുപണികള്‍ നിറഞ്ഞ അനേകം തൂണുകള്‍ കാണാനാവും. 300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ക്ലോക്ക് ടവറില്‍ സമയം ഇപ്പൊഴും കൃത്യമാണ്.

അമ്പാരി മുഖപ്പ്
അവിടെ നിന്നു നമ്മള്‍ കൊട്ടാരത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നൊരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ തിരുവതാംകൂര്‍ രാജചരിത്രം അവിടെ വിവരണം ചെയ്യുന്നുണ്ട്.  രാജാവ് അമ്പലത്തിലെ ഉല്‍സവത്തിന് കുതിരയോട്ടം ആസ്വദിച്ചിരുന്ന അമ്പാരി മുഖപ്പ് അവിടെയായി സ്ഥിതി ചെയ്യുന്നു. ആന സവാരിക്ക് ഉപയോഗിക്കുന്ന അമ്പാരിയുടെ സാദൃശ്യമാണ് പേരിനു കാരണം. സ്ത്രീകള്‍ക്ക് പൊതു ജന സമ്പര്‍ക്കം നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൊട്ടാരം. അതിനാല്‍ തന്നെ അവര്‍ക്ക് പുറം ലോകം കാണുവാന്‍ പ്രത്യേകം ജനലുകളും സ്ഥലങ്ങളും ഉണ്ട്.              ഇന്ദ്രവിലാസം 
കുളക്കടവ്
ഇത് നേരെ എത്തിചേരുന്നിടം ഇന്ദ്ര വിലാസമാണ്. രാജാവിന്‍റെ അതിഥി മന്ദിരമാണിത്. വിദേശ വാസ്തുനിര്‍മാണ ശൈലി ഇവിടെ പ്രകടമാണ്. കൊത്തുപണികളിലും, പടികളിലും, വാതിലുകളിലും ഇത് ദര്‍ശിക്കാം. അവിടെ നിന്നു ഹെറിട്ടേജ്‌ മ്യൂസിയത്തിലെക്കാന് നാം എത്തുന്നത്. രാജാവിന്‍റെ മൂത്ത അമ്മാവന്‍റെ ഗ്രഹമാണിവിടം. മണിച്ചിത്രത്താഴ് സിനിമയില്‍ പ്രാധാന്യമുള്ള അനേകം രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. കൊട്ടാരത്തിന്‍റെ കുളക്കടവും, കുളിമുറികളും സമീപത്തു തന്നെയാണ്. ഉപയോഗം നിലച്ചതിനാല്‍ ജലം മലിനമാണ്. കൊട്ടാരത്തിന്‍റെ കിണറും അവിടെ തന്നെയാണ്. വര്‍ഷങ്ങളുടെ ഓര്‍മകളും പേറി ഒരു ചന്തന മരം വഴിയില്‍ കാണികളെ സ്വാഗതം ചെയ്യുന്നുണ്ട്. 

രഹസ്യ വഴി
നവരാത്രി മണ്ഡപം
നവരാത്രി മണ്ഡപം നവരാത്രി ആഘോഷങ്ങള്‍ക്കായി മാര്‍ത്താണ്ട വര്‍മ നിര്‍മിച്ചതാണ്. കല്‍ത്തൂണുകളും, തിളങ്ങുന്ന തറയും അതിരു പാകിയിരിക്കുന്നിടം. സ്ത്രീകള്‍ക്കു പരിപാടികള്‍ വീക്ഷിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരിക്കുന്നു. കൊട്ടാരത്തിന്‍റെ അടുക്കള ഇതിനു ശേഷമാണ്. അനേകം അടുപ്പുകള്‍ കാണാം നമുക്കവിടെ. അടുക്കളയുടെ സമീപത്തു കൂടെ നമ്മള്‍ കൊട്ടാരത്തിന്‍റെ പുറത്തേക്കെത്തുന്നു. തൊട്ടടുത്തായി ഒരു സ്മാരകം സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്നുണ്ട്. പുരാതന ശില്പങ്ങള്‍, വിളംബരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, ശിക്ഷാരീതികള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാജാവിനും അടുത്ത കുടുംബാങ്ങള്‍ക്കും കിലോമീറ്ററുകള്‍ അകലെയുള്ള ചാരോട്ടു കൊട്ടാരത്തിലേക്ക് പോകാനുള്ള ഒരു രഹസ്യ വഴിയും കൊട്ടാരത്തില്‍ ഉണ്ട്. കാണികള്‍ക്ക് അതിലേക്കു പ്രവേശനമില്ല. 

ഞങ്ങള്‍ പുറത്തെക്കെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങളെപോലെ അനേകം സഞ്ചാരികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. തെരുവു കച്ചവടക്കാര്‍ ഉത്സാഹപൂര്‍വം അവരുടെ അന്നത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ പുറത്തുകൂടെ കൊട്ടാരം ഒന്നുകൂടി ചുറ്റി കണ്ടു. വര്‍ഷങ്ങള്‍ പിന്നിലേക്കു പോയിരുന്നെങ്കിലെന്നു ഞാന്‍ അറിയാതൊന്നാശിച്ചു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ ചരിത്രത്തില്‍ നമുക്കഭിമാനിക്കാം. കാരണം അതു നമ്മുടെ തന്നെ പൈതൃകമാണ്.