2011 മാര്‍ച്ച് 31
സരോജിനി ടീച്ചര്‍ അന്ന് മറ്റേതൊരു ദിവസവും പോലെ പുലര്‍ച്ചെ എഴുന്നേറ്റു. വീട്ടില്‍ ഭക്ഷണം തയാറാക്കി. കുളിച്ചു, സ്ക്കൂളില്‍ പോകുവാന്‍ തയ്യാറായി. മക്കള്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇന്ന് ടീച്ചറുടെ അവസാന സര്‍വീസ് ദിവസമാണ്. എന്നിരുന്നാലും അവര്‍ക്കു പ്രത്യേകത ഒന്നും തോന്നിയില്ല. പ്രഭാത ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ച ശേഷം സ്കൂളിലേക്ക് പുറപ്പെട്ടു. ടീച്ചര്‍ എന്‍റെ അയല്‍വാസിയാണ്. ചെറുപ്പം മുതല്‍ തന്നെ പരിചയവുമുണ്ട്. അടുത്തു തന്നെയുള്ള സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളിലാണ് അവര്‍ പഠിപ്പിക്കുന്നത്. കാലത്തിന്‍റെ ഗതിയോഴുക്ക് ഇന്ന്‍ അവരെ റിട്ടയര്‍മെന്റിന്‍റെ പടിവാതില്‍ക്കല്‍ എത്തിച്ചിരിക്കുന്നു.
ടീച്ചര്‍ സ്കൂളിലെത്തി. എത്രയോ വര്‍ഷം താന്‍ കണ്ടു ശീലിച്ച കാഴ്ചകള്‍, നടന്നു പഴകിയ വഴികള്‍, എന്നിരിക്കിലും എല്ലാത്തിലും ഒരു പുതുമ തോന്നി. കാലം പഴമയെ നവീകരിക്കുന്നുണ്ടോ എന്നവര്‍ സംശയിച്ചു. ഓര്‍മ്മകള്‍ പലപ്പോഴും കയറിവരുന്നത് അപ്രതീക്ഷിതമായാണ്. താന്‍ സ്ക്കൂളില്‍ ജോയിന്‍ ചെയ്ത ദിവസം മുതലുള്ള പത്തുമുപ്പതു വര്‍ഷങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. അതിനു വേദന നിറഞ്ഞ ഒരു സംതൃപ്തിയുടെ ഗന്ധമുണ്ടായിരുന്നു. തന്‍റെ മുന്നിലൂടെ കാലം കടത്തിവിട്ട ആയിരക്കണക്കിന് കുട്ടികള്‍ ഇന്നെവിടെയാവും? ഭൂതകാലത്തില്‍ നിന്നും ഇന്നിന്‍റെ സമയത്തേക്ക് എത്തിച്ചേരുവാന്‍ അവര്‍ ഏറെ സമയം എടുത്തു.
മറ്റദ്ധ്യാപകര്‍ എത്തിച്ചേരുന്നതേയുള്ളൂ. ഈ വര്‍ഷം സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നത് ടീച്ചര്‍ മാത്രമേയുള്ളൂ. അതിനാല്‍ തന്നെ എല്ലാവരും ടീച്ചറോട് പ്രത്യേക താല്പര്യത്തോടെ കുശലം ചോദിക്കുന്നുണ്ട്. സമയം, സമാപ്തിയുടെ കവചകുണ്ടലങ്ങള്‍ അതാതു സമയത്തു ചിലരെ അണിയിക്കുന്നു. പ്രധാനാധ്യാപകന്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അദ്ദേഹം വരുവാന്‍ സമയമെടുക്കും. സര്‍വീസ് കാലയളവില്‍ വ്യക്തിപരമായി അകന്നവര്‍ വരെ അടുത്തു വന്നു സംസാരിക്കുന്നുണ്ട്. വിടവാങ്ങല്‍, ആളുകളെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്ന് ടീച്ചര്‍ സംശയിച്ചു.
പ്രധാനാധ്യാപകന്‍ എത്തിച്ചേര്‍ന്നു. ഉടന്‍ തന്നെ സ്റ്റാഫ് മീറ്റിങ്ങും ആരംഭിച്ചു. വിരമിക്കുന്ന ടീച്ചര്‍ക്ക് അനുമോദനം അര്‍പ്പിക്കുക എന്ന അജണ്ട മാത്രമേ ഉള്ളു. സ്റ്റാഫ് അംഗങ്ങള്‍ എല്ലാവരും മംഗളകരമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം ആശംസിച്ചു. ടീച്ചര്‍ മറുപടി പ്രസംഗത്തിനായി എഴുന്നേറ്റു, എല്ലാവരും ചെയ്തു തന്ന സഹായങ്ങള്‍ ടീച്ചര്‍ സ്മരിച്ചു. പ്രസംഗം എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. ജീവിതത്തിന്‍റെ അദ്ധ്യായങ്ങളുടെ സമാപന വാക്കായ നന്ദിയും പറഞ്ഞു അവര്‍ പ്രസംഗം അവസാനിപ്പിച്ചു. മീറ്റിംഗ് സമാപിച്ചു. എല്ലാവരും പുറത്തേക്കിറങ്ങി. ടീച്ചറിന്‍റെയൊപ്പം വണ്ടിയിലേക്ക്. ടീച്ചര്‍ തന്‍റെ സ്കൂളിനെ തിരിഞ്ഞു നോക്കിയില്ല, പുറത്തേക്കുള്ള വഴി സാകൂതം വീക്ഷിച്ചിരുന്നു.
വീട്ടില്‍ മക്കള്‍ ഭര്‍ത്താവിന്‍റെയൊപ്പം ടീച്ചറെയും സഹപ്രവര്‍ത്തകരെയും പ്രതീക്ഷിച്ചു ഭക്ഷണവും തയാറാക്കി കാത്തിരിപ്പുണ്ട്. സഹപ്രവര്‍ത്തകരെല്ലാം വീട്ടിലേക്കു പ്രവേശിച്ചു. കുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെട്ടു. താമസിയാതെ ഭക്ഷണം വിളമ്പി തുടങ്ങി. കൂട്ടത്തില്‍ യുവ അധ്യാപകര്‍ തമാശയൊക്കെ പറഞ്ഞു ഭക്ഷണം ആസ്വദിച്ചപ്പോള്‍, മുതിര്‍ന്നവര്‍ ചിലരെങ്കിലും ചിന്താമഗ്നരായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വീണ്ടും അരമണിക്കൂര്‍ കൂടി വീട്ടില്‍ തങ്ങി. ഒടുവില്‍ അവര്‍ യാത്ര പറഞ്ഞിറങ്ങി. എല്ലാവരും സന്തോഷമായി കൈ കൊടുത്തു. അതിനിടയിലൂടെ, പലരും നര്‍മം അവതരിപ്പിച്ചു. കൂട്ടച്ചിരിക്കിടയില്‍ കാണികള്‍ വണ്ടിയിലേക്ക് കയറി. അവര്‍ക്ക് ടീച്ചര്‍ നിറഞ്ഞ മനസ്സോടെ യാത്രയയപ്പ് നല്‍കി. കാലം പരിചിതമാക്കിയ അപരിചിത മുഖങ്ങള്‍ ടീച്ചറെ വിട്ടു യാത്രയായി. കാലത്തിന്‍റെ സംഭാവനകള്‍ കാലം തന്നെ തിരിച്ചെടുത്തു.
സരോജിനി ടീച്ചര്‍ സരോജിനിയായി എന്ന സത്യം ബോധമനസ്സു അംഗീകരിച്ചെങ്കിലും, മനസ്സിന്‍റെ ഉള്ളറകള്‍ അതു അംഗീകരിക്കുന്നുണ്ടായിരുന്നില്ല. സത്യം ബോധ്യമായി മാറുവാന്‍ സമയമെടുക്കുമായിരിക്കും. ടീച്ചര്‍ വേഷമോക്കെ മാറ്റി. അവരുടെ ചുറ്റുപാടുകള്‍ വീണ്ടും സാധാരണമായി. "റിട്ടയര്‍മെന്റുകള്‍, കാലം അതിവേഗം മുന്നോട്ടു പോകുന്നുവെന്ന് നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു" എന്നാ പ്രധാനാധ്യാപകന്‍റെ വാക്കുകള്‍ ടീച്ചറുടെ ചിന്തക്ക് വിഷയമായി. താനും വാര്‍ധക്യത്തെ പുല്‍കിയിരിക്കുന്നു. ഇനി തന്നില്‍ നിന്ന് മറ്റാരും അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. തന്‍റെ സമയം വിലപിടിപ്പില്ലാതായി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി ഒരു ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു, "ഇനി എന്ത്?". ചിന്തകള്‍ കാടുകയറി തുടങ്ങിയിരുന്നു.
2011 ഏപ്രില്‍ 1
മകളുടെ ശബ്ദം കേട്ടാണ് ടീച്ചര്‍ അന്നെഴുന്നേറ്റത്. സമയം വൈകിയിരിക്കുന്നു. വളരെ വേഗം ടീച്ചര്‍ ഭക്ഷണം പാകപ്പെടുത്തുവാന്‍ ആരംഭിച്ചു. വിരമിക്കല്‍ എന്ന ബോധ്യത്തിലേക്ക് മനസ്സ് ഉണരുവാന്‍ സമയമെടുത്തു. അല്‍പ സമയം അവിടെ നിന്ന ടീച്ചര്‍ പതിയെ മുറ്റത്തേക്കിറങ്ങി. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമായി, മകന്‍ ജോലി സ്ഥലത്തേക്കു പോകുവാന്‍ തയ്യാറായി ഇരിപ്പുണ്ട്. ടീച്ചര്‍ പതിയെ ആകാശത്തേക്ക് നോക്കി. അവിടെ ഒരു പുതിയ സൂര്യന്‍ ഉദിക്കുന്നുണ്ടായിരുന്നു.
അസ്തമനത്തോടൊപ്പം ഉദയവും. ജീവിതം ഇങ്ങിനെയാണ്. ഒമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് കെ. എസ്. ഇ. ബി. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോന്ന രംഗം മനസ്സിലെത്തി
ReplyDelete