Raise our Conscience against the Killing of RTI Activists




Friday, December 31, 2010

ട്രെയിന്‍ നമ്പര്‍ 16327 കോര്‍ബാ-തിരുവനന്തപുരം എക്സ്പ്രസ്സ്‌ (ചെന്നൈ വഴി)

                        ഭാരതീയരെല്ലാം യാത്രയിലാണ്‌. ആയതിനാല്‍ ഇന്ത്യന്‍ റെയില്‍വേയില്‍, ആഘോഷ കാലങ്ങളില്‍ ഒരു കണ്‍ഫേര്‍മഡ്‌ ടിക്കറ്റ്‌ കിട്ടുന്നതും കേരള സര്‍ക്കാരിന്‍റെ ക്രിസ്തുമസ്‌ ബമ്പര്‍ എടുക്കുന്നതും ഒരു പോലെയാണ്‌, പ്രത്യേകിച്ചും ഒരാഴ്ച മുമ്പൊക്കെയാണ്‌ ബുക്ക്‌ ചെയ്യുന്നതെങ്കില്‍. പിന്നെ തത്കാല്‍ എന്നൊരു സാധനം അവര്‍ ഇറക്കിയിട്ടുണ്ട്‌. അതിലുള്ള എണ്ണിപ്പറക്കിയ അപ്പം ചുട്ട പോലെയുള്ള സീറ്റുകള്‍, സ്പിരിറ്റ്‌ ആവിയാകുന്നതിനേക്കാള്‍ വേഗത്തില്‍ തീരുന്നതിനാല്‍ സാധാരണക്കാര്‍ക്ക്‌ എന്നും കിട്ടാക്കനിയാണ്‌. ചുരുക്കത്തില്‍ മുമ്പു പറഞ്ഞ പോലെ ട്രെയിനിലെ ഒരു സീറ്റ്‌, അടിച്ച ലോട്ടെറിക്കു തുല്യം.

                         അപ്രതീക്ഷിതമായി വന്ന ജോലിത്തിരക്കു മൂലം കഴിഞ്ഞ ക്രിസ്തുമസ്‌ കാലത്തു ചെന്നൈയില്‍ നിന്നും, ഇതു പോലെ ഒരാഴ്ച മുമ്പ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കിളി ആയവരാണ്‌ ഞാനും, കൂടെ ജോലി ചെയ്യുന്ന സുജിത്തും, പിന്നെ സീനിയര്‍ ആയ കരുണാകരന്‍ മാഷും. തത്കാല്‍ എടുക്കാന്‍ ക്യൂവില്‍ മൂന്നാമത്‌ ആയിരുന്നെങ്കിലും, അതിന്‍റെ തൊലി പോലും കിട്ടിയില്ല. രാവിലെ 4 മണിക്കു എണീറ്റു ഉറക്കം കളഞ്ഞതു മിച്ചം. ജോലിക്കൊക്കെ നല്ല കൃത്യ നിഷ്ടയായതിനാല്‍ ഇതു പോലത്തെ അനുഭവങ്ങള്‍ ധാരാളമുള്ള സാറന്‍മാര്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ഉണ്ട്‌. ഞങ്ങള്‍ ഈ വിഷയത്തില്‍ വിദഗ്ദരോടു അഭിപ്രായം തേടി. അവരുടെ വക ഒരു കിടിലന്‍ ഐഡിയ. ചെന്നൈയില്‍ അര്‍ദ്ധരാത്രി എത്തുന്ന ഒരു ദീര്‍ഘദൂര വണ്ടിയുണ്ട്‌. അധികമാര്‍ക്കും ഇതിനെപ്പറ്റി അറിയാന്‍ വഴിയില്ല. ജനറല്‍ ടിക്കറ്റ്‌ എടുക്കുക, എന്നിട്ടു TTയെ കണ്ടു പൈസ കൊടുത്തു സീറ്റ്‌ മേടിക്കുക. കിട്ടിയ ഉപദേശമനുസരിച്ചു ഞങ്ങള്‍ സ്റ്റേഷനിലേക്കു പുറപ്പെട്ടു.

                         ചെന്നൈയില്‍ നിന്നു അര്‍ദ്ധരാത്രി പുറപ്പെടുന്ന കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സാണ്‌ ലക്ഷ്യം. പതിവു പോലെ സ്റ്റേഷന്‍ അന്നും, ബഹളമയവും വൃത്തികേടുമായിരുന്നു. ട്രെയിന്‍ എത്താറായതോടെ ഞങ്ങള്‍ 3 കിളികള്‍ TTമാരെ തപ്പി നടപ്പു തുടങ്ങി. ചെന്നൈയില്‍ നിന്നു TTമാര്‍ മാറിക്കേറും. കയറാനുള്ള TTമാര്‍ പ്ളാറ്റ്ഫോമില്‍ തന്നെ നില്‍പ്പുണ്ട്‌. അവര്‍ സിക്കിം, ഭൂട്ടാന്‍ എന്നൊക്കെ വിളിച്ചു പറയുമ്പോലെ നോ ടിക്കറ്റ്‌, നോ ടിക്കറ്റ്‌ എന്നും പറഞ്ഞു പ്ളാറ്റ്ഫോമിലൂടെ നടക്കുന്നു. ആഫ്രിക്കയില്‍ നിന്നും മറ്റും ഭക്ഷണവും വെള്ളവും തേടി ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികളെ കാണുന്നതു പോലെയാണ്‌ പൊതുവേ TTമാര്‍ റിസര്‍വേഷന്‍ ഇല്ലാതെ പുറകെ നടക്കുന്ന ജനറലുകളെ കാണാറ്‌. ഞങ്ങളുടെ ശ്രമവും പാളി. പക്ഷെ, വല്യ തിരക്കില്ല, ഞങ്ങള്‍ ആശ്വസിച്ചു.

                      രാത്രി 11:45. ട്രെയിന്‍ വന്നു നിന്നു. ഞങ്ങള്‍ നോക്കിയപ്പോഴതാ തൃശൂര്‍ പൂരത്തിന്‌ ആളു കൂടുമ്പോലെ അവിടുന്നും ഇവിടുന്നുമൊക്കെ ആളുകള്‍ പാഞ്ഞു വരുന്നു.  അറിയാതെ ഉള്ളില്‍ നിന്നും ഒരു വിളി, ഈശ്വരാ. നാട്ടില്‍ cpmകാര്‍ വില്ലേജ്‌ ഓഫിസറെ തടഞ്ഞു വച്ചു ഖൊരാവൊ ചെയ്തു കാര്യം നടത്തുമ്പോലെ, ആളുകള്‍ TTമാരെ വളഞ്ഞു. സീറ്റ്‌ കൊടുത്താലെ അവര്‍ക്കും ട്രെയിനില്‍ കയറാന്‍ പറ്റു എന്ന അവസ്ഥ. ഇത്രയും പേരെ മാറ്റാന്‍ അവിടെയുള്ള 2 ഈര്‍ക്കിളി പോലീസ്‌ വിചാരിച്ചിട്ട്‌ നടന്നില്ല. ഗത്യന്തരമില്ലാതെ TTമാര്‍ സീറ്റ്‌ അലോട്ടു ചെയ്തു തുടങ്ങി. എല്ലാവരും TTയുടെ നേരെ ടിക്കറ്റും പൊക്കി നില്‍പ്പാണ്‌. പെട്ടെന്നാണ്‌ അതു സംഭവിച്ചത്‌. ആള്‍ക്കൂട്ടത്തില്‍ ഏതൊ വിരുതന്‍ എന്‍റെ ടിക്കറ്റ്‌ അടിച്ചു മാറ്റി. അപ്പോഴാണ്‌ അലോട്ട്‌ ചെയ്ത ഒരു ടിക്കറ്റ്‌ ഞാന്‍ TTയുടെ കൈയില്‍ കണ്ടത്‌. അതും തട്ടി ഞാന്‍ ട്രെയിനിലേക്ക്‌. മൊത്തം തിക്കും തിരക്കും ആയതിനാല്‍ എന്തു നടക്കുന്നു എന്നു ആളുകള്‍ക്കു വല്യ രൂപമില്ല. അടിച്ചു മോനെ അടിച്ചു, എനിക്കു കിട്ടിയതു ഒരു 2 ടയിര്‍ AC ടിക്കറ്റ്‌. കിട്ടിയ തക്കത്തിനു ഞാന്‍ സീറ്റില്‍ കയറി ഉറക്കം തുടങ്ങി.

                              സീറ്റ്‌ പെട്ടെന്നു തീര്‍ന്നു. മുജന്‍മ പാപങ്ങള്‍ മൂലമോ മറ്റോ, സുജിത്തും മാഷും ടിക്കറ്റ്‌ കിട്ടാത്തവരുടെ കൂട്ടത്തില്‍ പെട്ടു. അവര്‍ ജനറലില്‍ കയറി. അതിണ്റ്റകത്താകെ ബീഹാറികളും ഒറീസ്സക്കാരും മലന്നും, കമിഴ്‌ന്നും, തറയിലുമൊക്കെയായി കിടന്നിട്ട്‌, ഒരു സൂചി കുത്താനുള്ള സ്ഥലമില്ല മിച്ചം. വളരെ പണിപ്പെട്ട്‌, അവര്‍ രണ്ടു കാലു കുത്താനുല്ല സ്ഥലം ഒപ്പിച്ചു. തമിള്‍ മക്കളുടെ തള്ളു തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

                       വണ്ടി സേലം എത്തിയപ്പോള്‍, ഒന്നു ചൊറിയാനായി കാലൊന്നു പൊക്കിയതാണ്‌ നമ്മടെ സുജിത്‌. അതാ ആ സ്ഥലത്ത്‌ ഒരുത്തന്‍ ഇരിപ്പുറപ്പിച്ചു. പോയില്ലേ, സുജിത്‌ ഒറ്റക്കാലനായി. വരുന്നതു വരട്ടെ എന്നും പറഞ്ഞു അവനും മാഷും സ്ളീപ്പറില്‍ കയറി. കുറെ ബെര്‍ത്തുകല്‍ വെറുതെ കിടക്കുന്നതു കണ്ട്‌ അവരുടെ കണ്ണു തള്ളി. ഉടനെ തന്നെ മാഷ്‌, മുകളിലൊരു ബെര്‍ത്തില്‍ കയറി കിടപ്പായി. പേടി മൂലം സുജിത്‌ ഒരു സീറ്റിന്‍റെ മൂലക്കിരുന്നു. TT കണ്ടുപിടിച്ചാല്‍, ഉറങ്ങുന്ന അത്രയും വല്യ കുറ്റമല്ല ഇരിക്കുന്നത്‌. വണ്ടി സേലം വിട്ടു. സമയം വെളുപ്പിനു 3:30 കഴിഞ്ഞു. പയ്യെ ഉറക്കം പിടിച്ചപ്പോള്‍, അതാ തോളില്‍ ഒരു കൈ. "ടിക്കറ്റ്‌, ടിക്കറ്റ്‌?". കയ്യിലിരുന്ന ജനറല്‍ ടിക്കറ്റ്‌ ഭവ്യതയോടെ എടുത്തു കൊടുത്തു. ഒട്ടും താമസിച്ചില്ല, അടിച്ചു ഫൈന്‍ 300 രൂപ. അങ്ങനെ അതും പൊയി. അപ്പോഴും, മാഷ്‌ മുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

                     കോയമ്പത്തൂര്‍ എത്തിയപ്പോള്‍, സുജിത്‌ വണ്ടിയില്‍ നിന്നുമിറങ്ങി 3 ടയിര്‍ ACയിലെ TTയെ കണ്ടു കാലു പിടിച്ച്‌ ഒരു വിധത്തില്‍ സീറ്റ്‌ ഒപ്പിച്ചു. സമയം വെളുപ്പിനു 6 മണിയായി. ഉറങ്ങാനുള്ള ആവേശവുമായി പാഞ്ഞു സീറ്റില്‍ ചെന്നപ്പോഴാണു, കിട്ടിയത്‌ ഒരു മിഡില്‍ ബെര്‍ത്താണെന്നു മനസ്സിലായത്‌. രാവിലെയായതു കൊണ്ടു അതു മലര്‍ത്തിയിരുന്നു. മുകളിലൊക്കെ വേറെ ആളുകള്‍ ഉറങ്ങുന്നുമുണ്ട്‌. വീണ്ടും കിളി. ഗത്യന്തരമില്ലാതെ അവിടെ ഇരുന്നു. ഏകദേശം, അങ്കമാലി വരെ അവിടെ ഇരുന്നുറങ്ങി.

                    അപ്പോഴാണ്‌ ഞാന്‍ 2 ടയിര്‍ ACയില്‍ ഉള്ളത്‌ സുജിത്തിനു കത്തിയത്‌. അവന്‍ എന്‍റെ അടുത്തു വന്നു. ഞാന്‍ എര്‍ണാകുളത്തു ഇറങ്ങുകയാണ്‌. അവന്‍ എന്‍റെ സീറ്റില്‍ കയറി കര്‍ട്ടന്‍ ഒക്കെ വലിച്ചിട്ടു ഉറങ്ങാന്‍ തുടങ്ങി. ഞാന്‍ എര്‍ണാകുളത്ത്‌ ഇറങ്ങി. വണ്ടി ഉദ്ദേശം തൃപ്പൂണിത്തുറ എത്തിയപ്പോഴാണ്‌, വണ്ടിയില്‍ സ്ക്വാഡ്‌ കയറുന്നത്‌. 3 ടയിര്‍ ACയുടെ ടിക്കറ്റും വച്ചു 2 ടയിറില്‍ കിടന്നുറങ്ങിയതിന്‌ അടുത്ത 300ഉം പൊടിഞ്ഞു. അതിന്‍റെ ടിക്കറ്റ്‌ എന്‍റെ കയില്‍ ആയിപ്പോയി. ഗതി കെട്ട സുജിത്‌, വീണ്ടും പോയി തന്‍റെ സീറ്റില്‍ ഇരുന്നു. ദേഷ്യവും സങ്കടവും എല്ലാം കാരണം പിന്നെ ഉറങ്ങിയില്ല. തിരുവനന്തപുരം വരെ അവിടെ ഇരുന്നു.

                  ക്രിസ്തുമസ്‌ തലേന്നു വീട്ടിലെത്തിയ അവന്‌, ക്ഷീണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെന്ന പാടെ കയറി കിടന്നു ഒറ്റ ഉറക്കം. പിന്നെ, ക്രിസ്തുമസിന്‍റെ അന്നു ഉച്ചക്കാണ്‌ കക്ഷി എഴുന്നേല്‍ക്കുന്നത്‌. അങ്ങനെ അതും കുളം. അതു കൊണ്ടു തന്നെ, പിന്നീടു റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ കയറുക എന്നതു, കോഴിക്കാഷ്ടം കാണുന്ന കോഴി കണക്കെ ആയി അവനു. ഇത്തവണ ക്രിസ്തുമസിനു അവന്‍, 2 മാസം മുമ്പു തന്നെ കുറെ ദിവസങ്ങളിലേക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടു. ഞാനും, മറ്റൊരു സുഹൃത്തും ഇത്തവണ കിളികളായി പറന്നപ്പോള്‍, അവന്‍ 2 ടയിര്‍ ACയിലെ രാജാവായിരുന്നു, കിരീടം വെക്കാത്ത രാജാവ്‌.

Friday, December 24, 2010

ഓര്‍മ്മകളുടെ ഒരു ക്രിസ്തുമസ്‌ കാലം കൂടി

                    

                      ക്രിസ്തുമസ്‌ കാലമാണ്‌ വര്‍ഷത്തില്‍ ഏറ്റവും സന്തോഷമുള്ള കാലം, പ്രത്യേകിച്ച്‌ ചെറുപ്പത്തില്‍. നഗരത്തെ ചുറ്റിയുള്ള ടൌണ്‍ കരോളും, നക്ഷത്രങ്ങളും, സംഗീതവും, അലങ്കാര ദീപങ്ങളും, പുല്‍ക്കൂടും, വീടുകളിലൂടെ രാത്രിയുള്ള കരോളും, ക്രിസ്തുമസ്‌ ട്രീയും, ഒക്കെയായി ഒരു കുട്ടിയും നഷ്ടപെടുത്താന്‍ ആഗ്രഹിക്കാത്ത കാലം. അന്നത്തെ വിശേഷ ഐറ്റങ്ങളായ പാലപ്പവും, കൊഴിക്കറിയുമൊക്കെ എന്നും വായില്‍ വെള്ളമൂറിക്കും. രാത്രിയുള്ള

                          ക്രിസ്തുമസ്‌ കാലത്ത്‌ പുല്‍ക്കൂടു മത്സരം സംഘടിപ്പിക്കാറുണ്ട്‌. പള്ളിയോടനുബന്ധിച്ചാണ്‌ മത്സരങ്ങള്‍ നടക്കാറ്‌. ഞാന്‍ 6 ല്‍ പഠിക്കുന്ന കാലം. എന്‍റെ അന്നത്തെ ഇടവകയായ കലയന്താനി പള്ളിയും മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം 1001 രൂപ. കേട്ടപ്പോള്‍ മുതല്‍ അതു മേടിച്ചെടുക്കാന്‍ പരിശ്രമവും തുടങ്ങി. പള്ളിയിലച്ചന്‍റെ കയ്യില്‍ നിന്നു സമ്മാനം മേടിക്കുന്നതൊക്കെ ഞാന്‍ അഭിമാനപൂര്‍വം സ്വയം സങ്കല്‍പ്പിച്ചു.

                            യുവാക്കളുടെ സംഘടനയായ യുവദീപ്തിയിലെ ചേട്ടന്‍മാരാണ്‌ മാര്‍ക്കിടാന്‍ വരുന്നത്‌. യുവദീപ്തിയുടെ അന്നത്തെ സെക്രട്ടറി സജി ചേട്ടനും, കൂട്ടരുമായി എനിക്ക്‌ അടുത്ത സൌഹൃദം ഉണ്ടായിരുന്നു. അങ്ങനെ, മാര്‍ക്കിടാന്‍ പോയപ്പൊള്‍ അവര്‍ എന്നെയും കൂടെ കൂട്ടി. മത്സരത്തില്‍ പങ്കാളിയായതു കൊണ്ടോ, ഒരു ശരാശരി ഇന്ത്യക്കാരനായതു കൊണ്ടൊ എന്തോ, മറ്റുള്ളവരുടെ പുല്‍ക്കൂടൊന്നും എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല, എന്‍റെ ഇഷ്ടത്തിനു തീരെ വിലയില്ലെങ്കില്‍ പോലും.

                        ചിലവ, കമ്മിറ്റിയംഗങ്ങള്‍ക്കു നന്നായി ബോധിച്ചുവെന്നു എനിക്കു മനസ്സിലായി. സമ്മാനം കൈ വിടാന്‍ സാധ്യതയുണ്ട്‌. കുറേ കഴിഞ്ഞു പുല്‍ക്കൂടൊക്കെ പരിശോധിച്ച്‌ എന്‍റെ വീട്ടിലും എത്തി. എല്ലാവരും നല്ല കമ്പനിയാണ്‌. പുല്‍ക്കൂടൊക്കെ വേഗം കണ്ടു. അതു കൊണ്ടൊന്നും സമ്മാനം കിട്ടില്ലെന്നു എനിക്കു മനസ്സിലായി. ആരും കാണതെ ഞാന്‍ പൊയി ഫ്രിഡ്ജിലിരിക്കുന്ന ചോക്ളേറ്റ്‌ കേക്ക്‌ എടുത്തുകൊണ്ടു വന്നു കമ്മിറ്റിയംഗങ്ങള്‍ക്കു നല്‍കി. ക്രിസ്തുമസിനു പ്രത്യേകമായി മെടിച്ചു വച്ചതായിരുന്നു അത്‌. അതിന്‍റെ അവസാന തരിയും വടിച്ചു നക്കി കമ്മിറ്റി അംഗങ്ങള്‍ എഴുന്നേറ്റു. കുടിക്കാന്‍ സ്പെഷ്യല്‍ ഓറഞ്ച്‌ ജ്യൂസും.

                      ഞങ്ങള്‍ അങ്ങനെ ഇടവകയിലെ വീടുകളൊക്കെ കറങ്ങി. സുന്തരിമാരുള്ള വീടുകളില്‍ ചെല്ലുമ്പോള്‍ സ്പെഷ്യല്‍ ച്യോദ്യാവലിയൊക്കെയുണ്ട്‌, എന്തു മെറ്റീരിയല്‍ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, മേടിച്ചതാണൊ/ ഉണ്ടാക്കിയതാണൊ തുടങ്ങി നിരവധി ചോദ്യങ്ങള്‍. അവസാനം ക്രിസ്തുമസ്‌ ദിനത്തില്‍ പുല്‍ക്കൂടു മത്സരത്തിന്‍റെ സമ്മാനം പ്രഖ്യാപിച്ചു. വീണ്ടും പവനായി ശവമായി. സമ്മാനം പോയിട്ടു ആദ്യ പത്തിണ്റ്റകത്തു പോലുമില്ല. കേക്കിനെ ചൊല്ലി പൂര വഴക്കു വീട്ടില്‍ നിന്നു കിട്ടിയതു മാത്രം മിച്ചം.

                     അന്നതെ യാത്രകളെല്ലാം മനോഹരങ്ങളായിരുന്നു. എല്ലാ വീടുകളിലും പോയി പടക്കം പൊട്ടിച്ച്‌ കരോളിനായി ആളുകളെ ഉണര്‍ത്തുന്നതും, ക്രിസ്തുമസ്‌ പപ്പയായി വേഷമിട്ടു നടക്കുന്നതും, പുല്‍ക്കൂടൊരുക്കുന്നതും, പള്ളിയിലെ അലങ്കാരങ്ങള്‍ ഒരുക്കുന്നതുമെല്ലാം. ഇതിനൊക്കെയുള്ള പ്രതിഫലമായി ക്രിസ്തുമസ്‌ ദിനത്തില്‍ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന പൊറോട്ടയും ബീഫ്‌ കറിയും, ആഞ്ഞാഞ്ഞു കഴിക്കുമ്പോഴുള്ള സംതൃപ്തി ഇന്നു മുന്തിയ ഹോട്ടലുകളില്‍ നിന്നു കഴിച്ചാല്‍ പോലും കിട്ടില്ല.

                    ക്രിസ്തുമസുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ വളരെ കൂടുതലാണ്‌. ഈ ഒര്‍മ്മകളും പ്രതീക്ഷകളുമാവാം നമ്മെ ഇന്നും മുന്നോട്ടു നയിക്കുന്നത്‌. അല്‍പ സമയത്തിനകം ക്രിസ്തുവിന്‍റെ വരവറിയിച്ചുകൊണ്ടുള്ള പള്ളി മണികള്‍ മുഴങ്ങും. നിന്നേക്കാള്‍ വലുതായി നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നു പറഞ്ഞവന്‍റെ ജന്‍മദിനത്തില്‍, ആ സന്തേശം മനസ്സിലേറ്റുന്നവര്‍ ഭാഗ്യവാന്‍മാര്‍. ഒര്‍മ്മകളുടെ ഈ മഞ്ഞു കാലത്ത്‌ എല്ലാവര്‍ക്കും ഒരു സമൃദ്ധമായ ക്രിസ്തുമസ്‌ നേരുന്നു.

Sunday, December 12, 2010

Good probability puzzle

If a stick is broken into 3 pieces, what is the probability that these pieces can form the sides of a triangle?
How?
(NOTE: In a triangle, the sum of any two sides will be greater than the third side)

Answers are expected as comments

Saturday, December 4, 2010

ചരിത്രമുറങ്ങുന്ന ചന്ദ്രഗിരി

                ചരിത്രത്തില്‍ ചന്ത്രഗിരിക്കുള്ള സ്ഥാനം ചെറുതല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭാരതത്തിലെ വളരെ ചുരക്കം സ്ഥലങ്ങളില്‍ ഒന്നാണ്‌ ആന്ധ്ര പ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചന്ത്രഗിരി. ഒരു കാലത്ത്‌ വിജയനാഗര സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം. വളര്‍ച്ചകളിലൂടെയും തളര്‍ച്ചകളിലൂടെയും കടന്നു പോയിട്ടുള്ള ആ മണ്ണ്‌ ഇപ്പൊള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചരിത്രാന്വേഷകര്‍ക്കു തീര്‍ച്ചയായും ധാരാളം സാധ്യതകള്‍ തുറന്നിടുന്നു അവിടം.

                ആന്ധ്ര പ്രദേശിലെ ഞങ്ങളുടെ ജോലി സ്ഥലത്ത്‌ നിന്നും, ഒരു ഒഴിവു ദിവസമാണ്‌ ചന്ത്രഗിരി കോട്ടയും, അനുബന്ധ സ്മാരകങ്ങളും കാണാനായി പുറപ്പെട്ടത്‌. കേരളത്തോട്‌ സാദൃശ്യം തോന്നുന്ന മനോഹരമായ സ്ഥലങ്ങളാണ്‌ പോകുന്ന വഴിയില്‍ ഇരുവശവും. മനോഹരമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി ഫോട്ടോയൊക്കെ എടുത്താണ്‌ യാത്ര. സുഹൃത്തുക്കളോടൊപ്പമുള്ള ആ യാത്ര മനോഹരമായിരുന്നു. ഉദ്ദേശം 2 മണിക്കൂറ്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

                   ചന്ത്രഗിരിയുടെ കേന്ദ്ര ഭാഗങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ ചുറ്റുമുള്ള ഒരു മലക്കു മുകളിലൂടെയാണ്‌ കോട്ട പണിതിരിക്കുന്നത്‌. രണ്ടു നിരകളായി കോട്ടകള്‍ സ്ഥിതി ചെയ്യുന്നു. നമ്മുടെ പാരമ്പര്യത്തിന്‍റെ  ഊര്‍ജ്ജം വിളിച്ചോതുന്ന തരത്തിലാണ്‌ കോട്ടകളുടെ പ്രവേശന കവാടം ഉണ്ടാക്കിയിരിക്കുന്നത്‌. കാലമിത്ര കഴിഞ്ഞിട്ടും, അതിപ്പോഴും മാറ്റമില്ലാതെ അങ്ങനെ തന്നെ. കവാടങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ അകത്തേക്കു നീങ്ങി. ഉദ്ദേശം മുക്കാല്‍ കിലോമീറ്റര്‍ അകത്തായാണ്‌ ക്ഷേത്രങ്ങളും കൊട്ടാരവുമെല്ലാം ഉള്‍പ്പെടുന്ന പ്രാചീന ചന്ത്രഗിരി പട്ടണം.

                  1000AD ല്‍ നരസിംഹ യാദവരായ ചക്രവര്‍ത്തിയാണ്‌ കോട്ടകള്‍ പണിതതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1565AD യിലെ തളിക്കോടു യുദ്ധത്തോടെയാണ്‌ രാജ്യത്തിന്‍റെ തലസ്ഥാനം ഹമ്പിയില്‍ നിന്നു ചന്ത്രഗിരിയിലെക്കു മാറ്റുന്നത്‌. അതിനു ശേഷം വന്ന വെങ്കടപ്പടിദേവ മഹാരായ, കോട്ടയെ ശക്തിപ്പെടുത്തുകയും ധാരാളം ക്ഷേത്രങ്ങള്‍ പണിയുകയും ചെയ്തു. 1646 മുതല്‍ ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ അധീനതയിലായിരുന്ന ഇവിടം 1782ല്‍ മൈസൂറ്‍ രാജാക്കന്‍മാര്‍ കീഴ്പ്പെടുത്തുകയും പിന്നിടു ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കൈകളില്‍ എത്തുകയുമായിരുന്നു.

                   വിജയനാഗര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ രാജ്‌ മഹളാണ്‌ സ്ഥലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഈ പ്രദേശങ്ങള്‍ വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊട്ടാരം മുഴുവന്‍ കല്‍പാളികളാലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ എന്നതു ശ്രദ്ധേയമായ ഒരു വസ്തുതയാണ്‌. കട്ടിളപ്പടികലും, മേല്‍ക്കൂരകളും, എന്തിനേറെ പറയുന്നു, മുകള്‍ നിലകളെ താങ്ങി നിര്‍ത്തുന്ന ബീമുകള്‍ വരെ കല്‍പ്പാളികളാണ്‌. ആ കാലത്തും, ഇതിന്‍റെ സാങ്കേതികവിദ്യ നമുക്കുണ്ടായിരുന്നു. രാജ്‌ മഹളിനുള്ളില്‍ പുരാതന കാലത്തെ ശൈവ, വൈഷ്ണവ, ജൈന മത പശ്ചാത്തലങ്ങളുടെ ദേവി ദേവ വിഗ്രഹങ്ങളാണ്‌ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്‌. 2ആം നൂറ്റാണ്ടു BCയിലേതെന്നു കരുതപ്പെടുന്ന ഒരു ശിവ ലിംഗമാണ്‌ പ്രധാന ആകര്‍ഷണം. ഉദ്ദേശം എല്ലാ പ്രതിമകളുടെയും തല അറുക്കപ്പെട്ട നിലയിലാണ്‌. ഗോല്‍ക്കൊണ്ട സുല്‍ത്താന്‍മാരുടെ ആക്രമണ കാലത്താണ്‌ ഇതു സംഭവിച്ചതെന്നു ഗൈഡ്‌ വിശദീകരിച്ചു.

                   രാജ്‌ മഹളിന്‍റെ മുകള്‍ നിലയില്‍ പണ്ടു കാലത്തെ പലതരം ആയുധങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അന്നത്തെ രാജ, റാണിമാരുടെയും വിഷ്‌ണുവിന്‍റെ പല അവതാരങ്ങളുടെയും വെങ്കല ശില്‍പങ്ങള്‍ ഉണ്ട്‌. അന്നത്തെ വാളിന്‍റെ അംശമുള്ള മനുഷ്യ എല്ലുകളുടെ ഭാഗങ്ങളും അവിടെയുണ്ട്‌. അവരെയൊക്കെ മരണത്തിനിടയാക്കിയ രാജ ശാസനം എന്തായിരിക്കും എന്നു ഞാന്‍ ഓര്‍ത്തുപോയി. രാജവിന്‍റെ ദര്‍ബാര്‍ ഹാളും സിംഹാസനവും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. 1800കളിലെ ബ്രിട്ടീഷ്‌ കാലത്തുള്ള ഇംഗ്ളീഷിലെഴുതിയ മുദ്ര പത്രങ്ങളാണ്‌ എനിക്കു താല്‍പര്യം തോന്നിയ മറ്റൊന്ന്‌. രാജ്‌ മഹളിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു.

                     റാണിമാരുടെ താമസ സ്ഥലമായിരുന്ന റാണി മഹള്‍ അടുത്തു തന്നെയാണ്‌. അതു താരതമ്യേന ചെറുതാണ്‌. തന്നെയുമല്ല അതു പഴയതിന്‍റെ ഒരു മാതൃക പുനശൃഷ്ട്ടിച്ചതാണ്‌. മല മുകളിലെ കോട്ടകളിലേക്കുള്ള പ്രവേശനം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്‌. അവിടെ വര്‍ദ്ധിച്ചു വന്ന ആത്മഹത്യകളാണ്‌ കാരണം. ആകാംക്ഷ മൂലം ഞങ്ങള്‍, കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ച്‌ അല്‍പ ദൂരം മുകളിലെത്തിയപ്പോഴെക്കും താഴെ നിന്ന മറ്റുള്ളവര്‍ കണ്ടു പിടിച്ചതിനാല്‍ തിരിച്ചിറങ്ങേണ്ടി വന്നു. മല മുകളിലെക്കു കയറാനായി കല്‍പ്പാളികള്‍ കൊണ്ടു നടയും നിര്‍മ്മിച്ചിട്ടുണ്ട്‌. കൊട്ടാരത്തിന്‍റെ കിണറും മല്ലയുദ്ധങ്ങള്‍ നടന്നിരുന്ന സ്ഥലങ്ങളും ആകര്‍ഷകമാണ്‌. സമീപത്തുള്ള കുറച്ചു പുരാതന ക്ഷേത്രങ്ങള്‍ കൂടി സന്തര്‍ശിച്ച്‌, ഞങ്ങള്‍ മടക്ക യാത്രക്കൊരുങ്ങി. മലമുകളിലെ കല്‍ ഗോപുരങ്ങള്‍ പൊയ കാലത്തിന്‍റെ ആഢ്യത്വത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

                     സന്ധ്യക്കു കൊട്ടാരവും പരിസരവും വര്‍ണ വെളിച്ചത്തില്‍ വിളങ്ങി. മറ്റൊരു രാജ്യങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത പ്രൌഢമായ ഒരു പാരമ്പര്യത്തിലേക്കാണ്‌ ഈ യാത്ര എന്നെ നയിച്ചത്‌. ഒന്നും ആത്യന്തികമല്ല എന്നൊരു സത്യവും ചരിത്രം നാമ്മെ പഠിപ്പിക്കുന്നു. ഒരു കാലത്ത്‌ ആളുകള്‍ പരിസരത്തു വരാന്‍ പോലും പേടിച്ചിരുന്ന കൊട്ടാരങ്ങള്‍, ഇന്നു വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. ഇവിടെ മാറ്റം സംഭവിച്ചത്‌ കാലത്തിനു മാത്രം. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടു. എന്‍റെ മനസ്സിലെ കൊട്ടാരത്തില്‍, കാലം പഴയതായിരുന്നു, അവിടെ ചക്രവര്‍ത്തിയുണ്ടായിരുന്നു, ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു, കൂടാതെ കോട്ടകളില്‍ ഭടന്‍മാരുടെ വ്യൂഹം കാവലിനും.