Raise our Conscience against the Killing of RTI Activists




Friday, December 21, 2012

സിന്ദൂര


മഴ ഇനിയും തോര്‍ന്നിട്ടില്ല. പിരിയാനാവാത്ത കമിതാക്കളെ പോലെ ഇലകളെ ജല കണങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. മണ്ണിന്‍റെ മാറിലേക്ക് പതിക്കാനുള്ള മഴയുടെ ആവേശം അന്നമ്മയെ സന്തോഷിപ്പിച്ചു. മഴ കണ്‍ നിറയെ കാണാന്‍ അവര്‍ക്ക് എന്നും ആവേശമാണ്. മഴയുടെ കുളിര്‍മയാണോ, ശബ്ദമാണോ, ഗന്ധമാണോ എന്നറിയില്ല, ഏതോ ഘടകം അവരെ മഴയുമായി ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. വൃദ്ധസദനത്തിന്‍റെ മുഷിഞ്ഞ അന്തരീക്ഷത്തിലും അവര്‍ ആനന്ദം കണ്ടെത്തുന്നത് ഇങ്ങനെ ചില ഘടകങ്ങളിലാണ്. സദനത്തോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിലെ വെണ്ടയും, വഴുതനുമെല്ലാം അന്നമ്മയെ പോലെ തന്നെ മഴയെ ആസ്വദിക്കുകയാണ്. കാര്‍മേഘങ്ങള്‍ സൂര്യനെ കറുത്ത വലയങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്നു. അവയ്ക്കിടയിലൂടെ എത്തിനോക്കുവാന്‍ സൂര്യന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരെ സന്തോഷിപ്പിച്ചു.

പ്രായം പത്തെഴുപതു കടന്നെങ്കിലും പ്രായാധിക്യത്തിന്‍റെ യാതൊരു പ്രയാസങ്ങളും ആ ശരീരത്തെ ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വൃദ്ധസദനത്തിലെ കുട്ടിയാണ് അന്നമ്മ. മുരിക്കന്‍ തറവാടിന്‍റെ ഗുണമാണ് തന്‍റെ പ്രസരിപ്പെന്നാണ് അവരുടെ വാദം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ പ്രൊഫസ്സറായിരുന്ന തട്ടേല്‍ വര്‍ക്കി സാറിന്‍റെ ഭാര്യയാണ് അവര്‍. ഒരേയൊരു മകന്‍ അമേരിക്കയില്‍. സാര്‍ കൂടി കളമോഴിഞ്ഞതോടെ അന്നമ്മ നാട്ടില്‍ ഒറ്റക്കായി. അവരെ കൂടെ കൊണ്ട് പോകുന്നതില്‍ നിന്നും സാമ്പത്തിക ബാധ്യതകള്‍, മകന്‍ സണ്ണിയെ വിലക്കി. കപ്പൂച്ചിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വൃദ്ധ സദനത്തിലേക്ക് അവര്‍ മാറ്റപ്പെട്ടു. ഒരു ആയുസ്സിന്‍റെ പ്രതിഫലം അവര്‍ അവിടെ കൈപറ്റി തുടങ്ങി. മക്കള്‍ ചിത്രങ്ങളാക്കാന്‍ വെമ്പുന്ന അനേകരെ അവര്‍ അവിടെ കണ്ടു. അവര്‍ സുഹൃത്തുക്കളായി. അമ്മമാര്‍ അവര്‍ക്ക് മക്കളായി. പച്ചക്കറി തോട്ടം അന്നമ്മയുടെ ആശയമായിരുന്നു. ഫിലോമിനയും, ഗ്രേസിയും അതിനു പൂര്‍ണ്ണ പിന്തുണ നല്‍കി. ഇന്ന് സദനത്തിലേക്കും, മഠത്തിലേക്കുമുള്ള മുഴുവന്‍ പച്ചക്കറികളും അവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

"അന്നാമ്മച്ചി ജനലരുകില്‍ തന്നെ കാണുമെന്ന് തോന്നിയിരുന്നു. വാ, വന്നു ചായ കുടിക്ക്" സിസ്റ്റര്‍ അനീറ്റയാണ്. പഞ്ചവാദ്യം മേളസ്ഥാനത്തു നിന്നു താഴും പോലെ മഴയും കെട്ടടങ്ങി കൊണ്ടിരുന്നു. "ഈ മഴയൊക്കെയാണ് എന്‍റെ സന്തോഷം സിസ്റ്ററേ‍. ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത കുട്ടിക്കാലവുമായി നമ്മെ കൂട്ടിയിണക്കുന്ന സന്തോഷങ്ങള്‍. അന്നും ഇന്നും അതിനൊരു മാറ്റവുമില്ല". സൂര്യന്‍ കാര്‍മേഘത്തോടു പരാജയം സമ്മതിച്ചു തുടങ്ങിയപ്പോള്‍, അടുക്കളയിലെ കുഞ്ഞന്‍ മെഴുകു തിരികള്‍ അവയെ പരാജയപ്പെടുത്തി. അവ മെസ്സ് ഹാളിനു പ്രകാശം പകര്‍ന്നു. "ഇരുട്ടും മുമ്പ് നമുക്ക് പോയി ആ വഴുതനങ്ങ പറിച്ചു വരാം". മറ്റൊരു ദിനം കൂടി ഇരുട്ടിന്‍റെ ആക്രമണത്തിനു കീഴടങ്ങാന്‍ തുടങ്ങിയിരുന്നു.

പുലര്‍ച്ചെയുള്ള പള്ളിയില്‍ പോക്ക് അന്നമ്മ മുടക്കാറില്ല. കര്‍ത്താവിനെ കാണുക എന്നതുപോലെ തന്നെ തന്‍റെ പ്രീയതമനെ കാണുക എന്നതും അവരുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സമീപത്തുള്ള കല്ലറകള്‍ ഇലകള്‍ വീണു മുഷിഞ്ഞിരുന്നപ്പോള്‍, വര്‍ക്കി സാറിന്‍റെ കല്ലറ മാത്രം നിത്യം പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു. അതിലവര്‍ സന്തോഷവും, അതിലുപരി അഭിമാനവും കണ്ടെത്തിയിരുന്നു. മാഷ്‌ ഒരിക്കലും അവരെ പിരിഞ്ഞിരുന്നില്ല. അന്നും പതിവു പോലെ പുലര്‍ച്ചെ അഞ്ചിന് അവര്‍ എഴുന്നേറ്റു. തലേന്നത്തെ മഴയുടെ ഈര്‍പ്പവും, കുളിര്‍മയും മുറിയാകെ വ്യാപിച്ചിരുന്നു. അതില്‍ നിന്നു രക്ഷ നേടുവാന്‍ അവര്‍ ഒരു ചായയെ ആശ്രയിച്ചു. "അന്നാമ്മച്ചി കുര്‍ബ്ബാനക്ക് സമയമായി". ഇലകളില്‍ നിന്നു ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ വീണ്ടും അവരെ പ്രകൃതിയുമായി രമിപ്പിച്ചു തുടങ്ങിയിരുന്നു. അമ്മമാരും, അഞ്ചാറു അന്തേവാസികളും പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെട്ടു. മഴയുടെ ആധിക്യം കൊണ്ടോ എന്തോ, അന്ന് അന്തേവാസികളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു.

തിരികെ വരുമ്പോള്‍ ഗ്രേസിയാണ്‌, കവലയിലുള്ള തയ്യല്‍ക്കടയിലെ പുതിയ സാരി അന്നമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഗ്രേസിക്കു പരിചയമുള്ള കടയാണ്. ഓര്‍മ്മകള്‍ കൂട്ടിയിണക്കാന്‍ വല്ലപ്പോഴും മക്കള്‍ വരുമ്പോള്‍ പ്രതിഫലം സ്വീകരിക്കുന്ന സ്ഥലം. "നമുക്കൊന്നു കയറി നോക്കാം", ഗ്രേസിയുടെ നിര്‍ബന്ധത്തിനു അന്നമ്മ വഴങ്ങി.  സാരി അന്നമ്മക്കും ഇഷ്ടമായി. രണ്ടായിരം രൂപ എന്ന ഉയരമേറിയ കടമ്പക്കു മുന്നില്‍ അവര്‍ നിലംപതിച്ചു. "ആ ബോര്‍ഡര്‍ കറുത്ത നൂലായിരുന്നേല്‍ കൂടുതല്‍ നന്നായേനെ." ഇറങ്ങാന്‍ നേരം കടയുടമ റോസിയോടായി അന്നമ്മ ഒരു അഭിപ്രായം പങ്കുവച്ചു. പിന്നീടുള്ള ആലോചനയില്‍ അതു റോസിക്കും നല്ലതായി തോന്നുകയും, അവര്‍ ചെറിയൊരു ഭാഗം ബോര്‍ഡര്‍ കറുത്ത നൂലാക്കി നോക്കുകയും ചെയ്തു.

ഓര്‍മ്മകളില്‍ നിന്നു എന്തോ തികട്ടി വരും പോലെ. അത് ആഗ്രഹമാണോ, ചിന്തയാണോ, അതോ താല്‍പര്യങ്ങളാണോ? അന്നു മുഴുവനും അന്നമ്മ ചിന്തയിലമര്‍ന്നു. ആര്‍ത്തു പെയ്യുന്ന ഇടവപ്പാതിക്കും അവരുടെ ചിന്തകളെ വഴി തിരിക്കാന്‍ സാധിച്ചില്ല. അവര്‍ ഓര്‍മകളില്‍ ഒരു ഉല്‍ഖനനം നടത്തുകയാണ്. ലക്‌ഷ്യം അവരെ മോഹിപ്പിക്കുന്ന ആ വസ്തുത കണ്ടെത്തുകയും. തയ്യല്‍ കടയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അവരെ തയ്യല്‍ എന്ന കല വീണ്ടും ഭ്രമിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ചെറുപ്പത്തില്‍ ധാരാളം തയ്ക്കുകയും, അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു അവര്‍. സാഹചര്യങ്ങളുടെയോ, കാലത്തിന്‍റെയോ സമ്മര്‍ദ്ദത്തിനു അവര്‍ അവരുടെ മോഹങ്ങള്‍ അടിയറ വച്ചു. എന്നാല്‍ ഇന്നവ കുഴിതോണ്ടി പുറത്തെത്തിയിരിക്കുന്നു. തയ്ക്കാനുള്ള ഒരു അടങ്ങാത്ത ആവേശം അവരെ ബാധിച്ചു തുടങ്ങി. എന്നാല്‍ പ്രായം, സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അവരെ സ്വയം പിന്തിരിപ്പിച്ചു കൊണ്ടുമിരുന്നു. പിറ്റേന്നു അവര്‍ക്ക് പള്ളിയില്‍ പങ്കു വയ്ക്കാന്‍ പുതിയൊരു വിഷയം കിട്ടിയിരുന്നു. മാഷിനോട് ചോദിച്ചിട്ട് മാഷും ഒന്നും മിണ്ടുന്നില്ല. പൂര്‍ണ്ണമായ ശൂന്യതയില്‍, ലക്‌ഷ്യം കണ്ടെത്താന്‍ സാധിക്കുന്നില്ല. ആശയക്കുഴപ്പത്തില്‍ നടന്ന അന്നമ്മയുടെ ശ്രദ്ധയെ ഗ്രേസിയാണ്‌ തലേന്നത്തെ തുണിക്കടയിലേക്കു തിരിച്ചത്. ആ സാരി കറുത്ത ബോര്‍ഡറില്‍ പൂര്‍വ്വധികം ശോഭയില്‍ മിന്നുന്നു. "ഇപ്പൊ അതിനെന്തൊരു ഭംഗി", ഗ്രേസിക്കു ആഹ്ലാദം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല. ആ സാരി അന്നമ്മയ്ക്കൊരു ഉത്തരമായിരുന്നു, രണ്ടു ദിവസമായി മനസ്സില്‍ തികട്ടിക്കൊണ്ടിരുന്ന ഒരു സംശയത്തിനുള്ള ഉത്തരം.

"ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി മനസ്സില്‍ ഒരു തോന്നല്‍, വീണ്ടും തയ്ച്ചാലോ എന്ന്. സമയം കളയാന്‍ ഉപയോഗപ്രദമായ ഒരു മാര്‍ഗമല്ലേ.". മദര്‍ ജസീന്തക്ക് ഈ ആശയത്തോടു ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. അന്തേവാസികളെക്കൊണ്ട് ഉപയോഗപ്രദമായ രീതിയില്‍ സമയം ചിലവഴിപ്പിക്കുവാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. മോട്ടോര്‍ കടുപ്പിച്ച ഒരു തയ്യല്‍ മെഷീന്‍ സദനത്തിലെത്താന്‍ ഒട്ടും താമസമുണ്ടായില്ല. പച്ചക്കറി കൃഷി കൂടാതെ സദനത്തിന്‍റെ രണ്ടാമത്തെ തൊഴില്‍ ഉദ്യമം. സദനത്തിന്‍റെ ഏകാന്തതയിലേക്ക് മെഷീന്‍റെ കട കട ശബ്ദം അതിക്രമിച്ചു കയറി. അതിന്‍റെ ചക്രങ്ങള്‍ ഒരു സൈക്കിള്‍ അഭ്യാസിയുടെ ചക്രങ്ങള്‍ കണക്കെ നിര്‍ത്താതെ ചലിച്ചു. അന്നമ്മയുടെ ഈ ഉദ്യമത്തിനു ഗ്രേസിയും, ഫിലോമിനയും എല്ലാ വിധ പിന്തുണയും നല്‍കി. ആവശ്യമുള്ള എല്ലാ സാധനങ്ങളും അവര്‍ കവലയിലെ തയ്യല്‍ കടയില്‍ നിന്നും മറ്റും വാങ്ങി നല്‍കി. ഒരു ചുരിദാറിന് സാവധാനം അവരുടെ കരങ്ങളില്‍ ജീവന്‍ വച്ചു വന്നു. അതിനെ അവര്‍ സ്വന്തം മകളെ പോലെ സ്നേഹിച്ചു. ബ്രൌണ്‍ നിറത്തില്‍ കറുത്ത കരയോടു കൂടിയ ചുരിദാര്‍. ഇടവപ്പാതിയോ, തണുപ്പോ അന്നമ്മയുടെ ശ്രദ്ധയെ കവര്‍ന്നില്ല. രണ്ടു മൂന്നു മാസം കഴിയേ, ആരും കണ്ണുവച്ചു പോകുന്ന ഒരു ചുരിദാര്‍ വൃദ്ധസദനത്തില്‍ പിറന്നു വീണു.

അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും അന്നമ്മയുടെ കഴിവിനുള്ള സ്വാഭാവീകമായ പ്രതിഫലം മാത്രമായിരുന്നു. അന്നമ്മയെക്കാള്‍ സന്തോഷം ഗ്രേസിക്കും, ഫിലോമിനക്കുമായിരുന്നു. അവര്‍ ആ ചുരിദാര്‍ റോസിയുടെ തയ്യല്‍ കടയില്‍ പ്രദര്‍ശിപ്പിച്ചു. ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്നമ്മ എന്ന പേര്‍ ആദ്യമായി സ്വന്തം നിലക്ക് പുറം ലോകം അറിഞ്ഞു. വീണ്ടും വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വന്നു. കച്ചവടാടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങാനുള്ള പ്രായവും, പണവും അന്നമ്മയെ കൈ വിട്ടിരുന്നു. അവരുടെതായി അടുത്ത ഒരു ചുരിദാറും ഒരു മാസത്തിനകം കടയില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ക്കിടയില്‍ അന്നമ്മ ബ്രാന്‍ഡ്‌ എന്നൊരു പുതിയ ബ്രാന്‍ഡ്‌ പ്രചരിച്ചു തുടങ്ങിയിരുന്നു.

"അന്നാമ്മച്ചിയുടെ ഈ കഴിവുകള്‍ മറ്റുള്ളവരെയും പഠുപ്പിച്ചാല്‍ വളരെ നല്ലതായിരിക്കില്ലേ." സിസ്റ്റര്‍ അനീറ്റയാണ് ഈ ആശയം പങ്കു വച്ചത്. സദനത്തിന്‍റെ പടിഞ്ഞാറു വശത്തായി ഒരു ഷീറ്റിട്ട കെട്ടിടം സാവധാനം തലയുയര്‍ത്തി. അവിടെ മെഷീനുകള്‍ വന്നു, നൂല്‍ വന്നു, മോട്ടോര്‍ വന്നു. തയ്യല്‍ പഠനത്തിനായി ഒന്നു രണ്ടു യുവതികളും. അവര്‍ ഒരുമിച്ചു തയ്ച്ചു തുടങ്ങി. ആ കെട്ടിടം സദാ ഉണര്‍ന്നിരുന്നു. യുവതികളുടെ എണ്ണം കൂടി വന്നു. സിന്ദൂര എന്ന പേരില്‍ അവര്‍ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡ്‌ രംഗത്തിറക്കി. പരസ്യങ്ങളോ, ക്യാന്‍വാസിംഗുകളോ ഇല്ലാതെ പരിചയക്കാര്‍ വഴി വിപണനം. ടൌണിലെ രണ്ടു തുണിക്കടയിലേക്കും സപ്ലൈ ഉണ്ട്. പരമ്പരാഗത രീതിയില്‍ നിന്നു ഓരോ ഉല്‍പ്പന്നവും വ്യത്യസ്ഥമായിരിക്കാന്‍ അന്നമ്മ ശ്രദ്ധിച്ചിരുന്നു. വര്‍ഷം ഒന്നു കടന്നു പോകവേ, അന്നമ്മ മഠത്തിന്‍റെ അനുമതിയോടെ പ്രസ്ഥാനത്തെ സഹകരണ രീതിയിലേക്കു മാറ്റി. ലാഭവും നഷ്ടവും, ബ്രാണ്ടുമെല്ലാം അവിടെ പണിയെടുക്കുന്ന യുവതികളുടെ സ്വന്തം. അനേകം യുവതികളുടെ വിവാഹത്തിനാവശ്യമായ പണം സിന്ദൂര സ്വരൂപിച്ചു. യുവതികളെ സദനത്തിന്‍റെ കൊച്ചു ഷെഡ്ഡിനു താങ്ങാവുന്നതിലും അപ്പുറമായി. എല്ലാവരും പിരുവിട്ടു, കുറച്ചു സ്ഥലം വാങ്ങി. നാട്ടിലെ ധാരാളം സന്മനസ്സുകള്‍ ഈ നല്ല പ്രസ്ഥാനത്തിന് സാമ്പത്തിക പിന്തുണയുമായി രംഗത്തു വന്നു. വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു സിന്തൂരയ്ക്കു മേല്‍നോട്ടം വഹിച്ചിരുന്നത്. അന്തേവാസികളിലും അതു പുതിയൊരു പ്രസരിപ്പുണ്ടാക്കി. അവരുടെയെല്ലാമായ ആ പ്രസ്ഥാനം വളരുകയായിരുന്നു. അവരുടെ സ്വന്തം സിന്ദൂര.

കയ്യെഴുത്തുകള്‍ക്കു പകരം സിന്ദൂരയുടെ പരസ്യങ്ങള്‍ അച്ചടിയിലേക്ക് മാറി, അവിടെ നിന്ന് ഫ്ലെക്സിലേക്കും. വര്‍ഷം മൂന്നാലു കഴിഞ്ഞിരിക്കുന്നു. കുടുംബശ്രീ പോലെ, ആളുകള്‍ സിന്ദൂരയുടെ ഉല്പന്നങ്ങള്‍ ചോദിച്ചു വാങ്ങി തുടങ്ങി. പൊടി പിടിച്ച അനേകം ജീവിത വിളക്കുകള്‍ കരിയിട്ടു തേച്ചു മിനുക്കപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്‍റെ ചിറകുകള്‍ സാവധാനം വ്യാപിച്ചു. അന്യ ജില്ലകളിലും സിന്ദൂരക്ക് വേരുകള്‍ ഉണ്ടായി. ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളെല്ലാം കേന്ദ്രീകൃതമായി വിപണനം ചെയ്യണമെന്നു അന്നമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ദൂരയുടെ വാഹനങ്ങള്‍ വസ്ത്രങ്ങളുമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു. വൃദ്ധസദനത്തിലെ അമ്മച്ചിമാര്‍ വര്‍ദ്ധിത ഉത്സാഹത്തോടെ അതിനു നേതൃത്വം വഹിച്ചു വന്നു.

"ജീവിതത്തില്‍ ഇനിയെന്ത് എന്നു ഞാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നു. ബാല്യവും, കൌമാരവും, വിദ്യാഭ്യാസത്തിനും, യൌവ്വനം ഭര്‍ത്താവിനും, വാര്‍ദ്ധക്യം ആദ്ധ്യാത്മികതയ്ക്കും വേണ്ടി ചിലവഴിക്കുന്ന മറ്റേതൊരു സാധാരണ സ്ത്രീയെ പോലെ തന്നെയാവും എന്‍റെയും ജീവിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു." 2000ത്തിലെ ബിസ്സ്നെസ്സ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് അന്നമ്മ തുടര്‍ന്നു. ചടങ്ങുകള്‍ കവര്‍ ചെയ്യുവാന്‍ ദേശീയ മാധ്യമങ്ങള്‍ പോലും മല്‍സരിച്ചു. "ബൈബിളിലെ താലന്തുകളുടെ ഉപമ പലപ്പോഴും എന്നെ ചിന്തിപ്പിക്കുകയും, അതോടൊപ്പം ദുഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൃദ്ധസദനത്തിലെ ജീവിതം എന്നെ പലപ്പോഴും ചിന്തിപ്പിച്ചു. തന്നിലേക്ക് പോലും തിരിഞ്ഞു നോക്കാന്‍ സമയമില്ലാതെ പായ്യുന്ന മനുഷ്യന്‍റെ ജീവിത ശൂന്യതയെക്കുറിച്ച്, സ്നേഹത്തിന്‍റെ ആപേക്ഷികതയെക്കുറിച്ച്, ആത്മീയതയുടെ അന്തസത്തയെക്കുറിച്ച്, ഇങ്ങനെ പലതിനെ കുറിച്ചും. എന്നാല്‍ ഇവയെല്ലാം പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ പോലെ എന്നില്‍ ഒരു ചലനവുമുണ്ടാക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. മഴയെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു. ഇലകളില്‍ തട്ടി ചിതറി വീഴുന്ന മഴത്തുള്ളികളോട് എനിക്ക് എന്നും അഭിനിവേശമായിരുന്നു. എന്നാല്‍ ഇന്ന് അവയെക്കാള്‍ അധികം ഞാന്‍ എന്‍റെ സിന്ദൂരയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന്‍റെ നിയന്ത്രണം വൃദ്ധസദനത്തിലുള്ള അമ്മച്ചിമാരുടെ കയ്യിലാണ്. എന്നാല്‍ പ്രസ്ഥാനത്തിന്‍റെ ഓഹരികളെല്ലാം തൊഴിലെടുക്കുന്ന യുവതികളുടെ പേരിലും. ഇതിനോടൊപ്പം ഞങള്‍ക്ക് ഒരു കൊച്ചു ബാങ്കു കൂടിയുണ്ട്. യുവതികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ നിന്നു വായ്പയെടുക്കാം. ജോലി ചെയ്തോ, പണമായോ അവര്‍ക്ക് ആ സംഖ്യ തിരിച്ചടക്കാം. തുടക്കത്തില്‍ പലരും എന്നോട് ചോദിച്ചു, ഞാന്‍ എന്താണ് ഇതില്‍ നിന്നു നേടിയതെന്ന്". അവര്‍ പ്രസംഗം ഒന്നു നിര്‍ത്തി സദസ്സിനെ നോക്കി. "സ്വന്തമായി ഞാന്‍ ഇതില്‍ നിന്നു ഒന്നും നേടിയില്ല എന്നതു തന്നെയാണ് ഇതില്‍ നിന്നുള്ള എന്‍റെ ഏറ്റവും വലിയ നേട്ടം.". നിര്‍ത്താത്ത കരഘോഷം ഹാളില്‍ നിന്നു മുഴങ്ങി.

-----------------------------------------------------------
വര്‍ഷങ്ങള്‍ കടന്നു പോയി. മഴ തോര്‍ന്ന ആ സായാഹ്നത്തില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സണ്ണി അമ്മയെ കാണാന്‍ എത്തി. മഴത്തുള്ളികള്‍ ആ കല്ലറയില്‍ നിന്നും വിട്ടു പോകാന്‍ വിസമ്മതിക്കുന്ന പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അവ അയാളുടെ രൂപം വികൃതമാക്കി പ്രതിഫലിപ്പിച്ചു. ജീവിതം അയാളെയും പലതും പഠുപ്പിച്ചുണ്ടാകാം. കണ്ണുകളടച്ചു അയാള്‍ പ്രാര്‍ത്ഥിച്ചു. മഴത്തുള്ളികളെ പോലെ കണ്ണുനീര്‍ തുള്ളികളും അയാളില്‍ പറ്റി പിടിച്ചിരുന്നു. കുളിരു കോരുന്ന ആ സായാഹ്നത്തില്‍ അയാള്‍ അമ്മയുടെ കാല്‍ക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു. അവ അയാളോട് താല്‍പര്യമില്ലാത്ത പോലെ ഇളകിയാടി പല വിക്രത രൂപങ്ങള്‍ ജനുപ്പിച്ചു. തിരികെ പോരുമ്പോള്‍ അയാള്‍ കല്ലറയിലേക്ക് തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു,


"ഒരു സ്ത്രീ വൃദ്ധസദനത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും സ്വപ്‌നങ്ങള്‍ നെയ്തു. അവരുടെയൊപ്പം അനേകരും. ആ സ്വപ്‌നങ്ങള്‍ അനേകര്‍ക്ക് വഴികാട്ടിയായി. അവരുടെ ആശയങ്ങള്‍ അനേകരെ സാമ്പത്തികമായി സ്വതന്ത്രരാക്കി."

അന്നമ്മ വര്‍ക്കി.
ജനനം: 28-9-1932
മരണം: 24-12-2009