Raise our Conscience against the Killing of RTI Activists
Sunday, May 20, 2012

ഒരു കൌണ്‍സിലിംഗ് അനുഭവം


ഇവിടെ ഞാന്‍ ഒരു മനശാസ്ത്ര കൌണ്‍സിലര്‍ ആണ്. സ്ഥലം തിരുവനന്തപുരത്തെ ഒരു പ്രശസ്ഥ ഡീ-അഡിക്ഷന്‍ കേന്ദ്രം. മദ്യപാനത്തില്‍ നിന്നു വിടുതല്‍ നേടാന്‍ ആഗ്രഹിക്കുന്ന ധാരാളം വ്യക്തികള്‍ സ്ഥാപനത്തിലുണ്ട്. ജീവിതങ്ങള്‍ കഥകളാണെങ്കില്‍, അതില്‍ പ്രത്യേകതയുള്ളതാവും ഇവരുടെ കഥകള്‍. ജീവിതത്തിന്‍റെ ഒരു ഇരുണ്ട മുഖം ഇവരില്‍ കൂടുതല്‍ ദര്‍ശിക്കാം. രഘു അക്കൂട്ടത്തില്‍ ഒരുവന്‍. കാഴ്ചയില്‍ തികച്ചും സാധാരാണക്കാരന്‍. അസഹ്യമായ മദ്യപാനം മൂലം കുടുംബാംഗങ്ങളാണ് സ്ഥാപനത്തില്‍ എത്തിച്ചത്. കൂടുതല്‍ വ്യക്തമാക്കിയാല്‍, സ്വന്തം ഭാര്യ തന്നെ. വയസ്സ് പത്തെഴുപതിനു മുകളില്‍ കാഴ്ചയില്‍ തന്നെ ഉറപ്പിക്കാം. ചെറിയ കുറ്റിത്താടി നരച്ചിട്ടുണ്ട്. കണ്ണുകളിലെ തീക്ഷണത മദ്യം ചുവപ്പിച്ചിട്ടുണ്ട്. ചുവടുകള്‍ ഉറപ്പിക്കാന്‍ തന്നെ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ അയാളെ മെയില്‍ നഴ്സുമാര്‍ താങ്ങിയെടുത്തു അഡ്മിറ്റ്‌ ചെയ്തു. സ്ഥാപനത്തിലെ, മറ്റൊരു സാധാരണ ദിനം കൂടി കടന്നു പോയി.

ചികല്‍സയുടെ ഭാഗമായി മദ്യത്തിന്‍റെ അളവ് സാവധാനം കുറച്ചു കൊണ്ടുവരും. കൂടെ മരുന്നുകളും, ഇട വിട്ടുള്ള കൌണ്‍സിലിങ്ങുകളും. അതാണ് ഒരു സാധാരണ മദ്യപാനിക്ക് സ്ഥാപനം കല്‍പ്പിക്കുന്ന ശിക്ഷാവിധി. രഘുവും അതിന്‍റെ ഭാഗമായി. എന്നാല്‍ അയാള്‍ക്ക്‌ മദ്യപാനം കുറയ്ക്കുവാന്‍ സാധിക്കുന്നില്ല. കുറയ്ക്കുമ്പോള്‍ അയാള്‍ അതിഭയങ്കരമായി അലമുറയിടുകയും, ബഹളം വയ്ക്കുകയും ചെയ്യുന്നു. ബലപ്രയോഗത്തിലൂടെ മാത്രമാണ് അയാള്‍ അടങ്ങുന്നത്. കൌണ്‍സിലിങ്ങിനായി ചെന്ന എനിക്ക് നിരാശനായി പലവട്ടം മടങ്ങേണ്ടി വന്നു. അയാള്‍ എനിക്കൊരു പ്രത്യേക കേസായി മാറുകയായിരുന്നു. അയാള്‍ ബോധാമനസ്സിനെ ഭയപ്പെടുന്നുണ്ട്. അത് അയാളെ വേട്ടയാടുന്നു. ഓര്‍മകളാവാം അയാളെ നിരന്തരമായി മുറിപ്പെടുത്തുന്നത്. അതല്ലാതെ സുബോധമുള്ള ഒരു വ്യക്തിക്കും ഇങ്ങനെയാകുവാന്‍ സാധിക്കില്ല. മനസ്സിനെ ബലപ്പെടുത്താന്‍ കൌണ്‍സിലിങ്ങാണ് മെച്ചം. മദ്യം ഒരു ദിവസത്തെക്ക് ബലമായി കുറയ്ക്കുവാന്‍ ശുപാര്‍ശ ചെയ്തു ഞാന്‍ മടങ്ങി.

രഘു വിതുമ്പി ഇരിക്കുകയാണ്. അല്പം മദ്യം കൊടുക്കുന്നുണ്ട്. എന്നാല്‍ അയാള്‍ അതില്‍ അടങ്ങുന്ന മട്ടില്ല. "താങ്കളുടെ ഭൂതകാലം താങ്കളെ വേട്ടയാടുന്നുണ്ട്. പങ്കു വയ്ക്കാന്‍ സാധിച്ചാല്‍ എനിക്കു താങ്കളെ സഹായിക്കാന്‍ കഴിയും". അതിനുള്ള മറുപടി ഒരു അലര്‍ച്ചയും. "തനിക്കു ജീവിതം എന്താണെന്നറിയുമോ? ഞാനാരെന്നറിയുമോ? സംസാരിക്കാന്‍ വന്നിരിക്കുന്നു. എടോ ഞാന്‍ കൊന്നിട്ടുണ്ട്. ഒന്നും രണ്ടുമല്ല, ഏഴുപേരെ". ഇത്തവണ ഞെട്ടിയത് ഞാനും, എന്‍റെ സഹപ്രവര്‍ത്തകരും. അയാള്‍ക്ക്‌ സാധാരണ അളവില്‍ തന്നെ മദ്യം ശുപാര്‍ശ ചെയ്തു, ഞാന്‍ മുറി വിട്ടു പുറത്തിറങ്ങി. പകുതി ബോധാവസ്ഥയില്‍ അയാള്‍ പറഞ്ഞത് സത്യമോ, മിഥ്യയോ? മിഥ്യ എങ്കില്‍ അയാള്‍ എന്തിനപ്രകാരം പറയണം?. അയാള്‍ എന്തിനു വര്‍ത്തമാന കാലത്തില്‍ നിന്നൊളിച്ചോടുന്നു? അയാളുടെ ജീവിതം ഒരു പ്രത്യേകതയുള്ള തിരക്കഥയാവും. അതില്‍ അയാള്‍ വില്ലനോ നായകനോ? ഇത്തവണ ചിന്തയില്‍ അകപ്പെട്ടത് ഞാനായിരുന്നു.

അയാളുടെ ഭാര്യയെ സ്ഥാപനത്തിലേക്ക് വരുത്തി. എനിക്കയാളെ മനസ്സിലാക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനുള്ള ഒരേയൊരു മാര്‍ഗം അയാളുടെയും, ഓര്‍മകളുടെയും സഹധര്‍മിണിയും. കാരണം ചോദിച്ച ഞാന്‍ കേട്ടത് ഞാട്ടിക്കുന്ന ചില സത്യങ്ങള്‍. അയാള്‍ പറഞ്ഞതു സത്യമായിരുന്നു. തലസ്ഥാനത്തെ ഒരു പ്രമുഖ കൊട്ടേഷന്‍ സംഘത്തിലെ അംഗമായി തുടങ്ങി, തലവനായി വിരമിച്ചു. നടത്തിയിരിക്കുന്നത് ഏഴു കൊലകള്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വലംകൈ ആയതിനാല്‍ നിയമം അയാളെ അറച്ചു നിന്നു. ജരാനരകള്‍ ബാധിച്ചപ്പോള്‍ മദ്യത്തില്‍ അഭയം. ഒടുവില്‍ അത് മാത്രമായപ്പോള്‍ സ്ഥാപനത്തില്‍ എത്തപ്പെട്ടു. സത്യങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ എന്‍റെ നെറ്റിയിലാണ് വിയര്‍പ്പു തുള്ളികള്‍ ഉണ്ടായത്. അവര്‍ക്കും അയാളില്‍ പ്രതീക്ഷയില്ല. കുടുംബ ചിലവിനു പാര്‍ട്ടി സഹായങ്ങള്‍ നല്‍കി വരുന്നു. അവര്‍ പടികളിറങ്ങി പോകുമ്പോള്‍ അയാളുടെ മുറിയുടെ പരിസരത്തേക്ക് പോലും നോക്കിയില്ല.

സ്വന്തം ശരീരത്തില്‍ അമിതമായി അഹങ്കരിച്ചിരുന്നവന്‍. അതിനെ അന്യരുടെ ശരീരം വെട്ടിനുറുക്കാന്‍ ഉപയോഗിച്ചിരുന്നവന്‍. അയാള്‍ സഹായം അര്‍ഹിക്കുന്നില്ല. എന്നാലും, അയാളെ കാലം ചില സത്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതു അയാളുടെ പ്രവര്‍ത്തികളില്‍ നിന്നു വായിച്ചറിയാം. ഒരിക്കലും യഥാര്‍ത്ഥ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതു വ്യക്തികളോ, നിയമോ അല്ലെന്നു ഞാന്‍ കരുതുന്നു. അതു കാലമാണ്. നിസ്സഹായതയുടെ മൂടുപടമണിഞ്ഞു, മനസ്സാക്ഷി വിധി പ്രഖ്യാപിക്കുന്നു. ഏതൊരു മനുഷ്യമൃഗത്തിനും, ഒരു മാനുഷീക വശമുണ്ടാവും. എന്നാല്‍, വിശ്വാസങ്ങളോ, പ്രത്യയശാസ്ത്രങ്ങളോ, ബന്ധങ്ങളോ അയാളുടെ മാനുഷീക വശത്തിനു തടയിടുന്നു. ആ തടയെ കാലത്തിന്‍റെ സഹായത്തോടെ മനസ്സാക്ഷി പൊളിക്കുന്നു. നിരാലംബരും, ആശക്തരുമായ പലരും അയാളുടെ വാളിനിരയായി. പലരെയും കുടുംബത്തിന്‍റെ മുന്‍പില്‍ തന്നെ നുറുക്കി. അതില്‍ നിന്നു ലഭിച്ച മദ്യവും, പണവും, മദിരാക്ഷിയും കുറ്റബോധത്തെ മറച്ചു. എന്നാല്‍ അത്ര നാള്‍? ആര്‍ക്കും അബോധമനസ്സിന്‍റെ നിസ്സഹായതയെ തടുക്കാനാവില്ല. കുറ്റബോധത്തില്‍ നിന്നു പൊതുവില്‍ ഇത്തരക്കാര്‍ അവസാന നാളുകളില്‍ മുക്തരാകാറില്ല.

അയാള്‍ സ്ഥാപനത്തില്‍ വന്നിട്ട് മാസം ഒന്നായിരിക്കുന്നു. അല്‍പം സുബോധമുണ്ടെന്നു തോന്നിയ ഒരു ദിവസം, ഞാന്‍ അയാളുടെ അടുത്തു ചെന്നു. അയാളുടെ മുഖത്തേക്കു നോക്കിയിരുന്നു. അയാള്‍ കണ്ണുകള്‍ വെട്ടിമാറ്റുന്നുണ്ട്. "താങ്കളുടെ ജീവിതം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഇതില്‍ നിസ്സഹായനാണ്. എന്‍റെ പക്കല്‍ പ്രതിവിധി ഒന്നും തന്നെയില്ല." കണ്ണീര്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു. "സാറേ, ഞാന്‍ ഏഴുപേരെ കൊന്നിട്ടുണ്ട്. ഞാന്‍ ഒന്നും എന്‍റെ ആവശ്യത്തിനായി ചെയ്തതല്ല. അത് ഒന്നിനും ഒരു ന്യായീകരണവുമല്ല. എന്നാലും എനിക്കു സഹിക്കാന്‍ സാധിക്കാത്തത്, ഞാന്‍ അവസാനം നടത്തിയ കൊലപാതകമാണ്. ഒരു പതിനേഴുകാരനെയാണ് ഞാന്‍ ആ രാത്രി വീട്ടുകാരുടെ മുന്‍പില്‍ വച്ച് പല കഷണങ്ങളാക്കിയത്. അവന്‍റെ രക്തം അവന്‍റെ പിതാവിന്‍റെ മുഖത്തേക്കൊഴുക്കി ഞങ്ങള്‍ തിരികെ വന്നു. എന്നാല്‍, കൊല്ലുന്നതിനു തൊട്ടു മുമ്പുള്ള അവന്‍റെ മുഖത്തെ ആ ദൈന്യതയും, നിസ്സഹായാവസ്ഥയും, എനിക്കു മറക്കാന്‍ കഴിയുന്നില്ല സാറേ,". ഞാന്‍ മുറിയില്‍ നിന്നു പതിയെ പുറത്തേക്കിറങ്ങി. ആ പയ്യന്‍ മരിച്ചിട്ടില്ല. അയാളില്‍ ജീവിക്കുന്നു. തന്‍റെ കൊലപാതകത്തിനുള്ള പ്രതികാരം ചെയ്യുകയാണ് ആ പയ്യന്‍. അവന്‍ അയാളെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നു. അന്ന് സ്ഥാപനത്തില്‍ സൈക്യാട്രിസ്റ്റിന്‍റെ വിസിറ്റുള്ള ദിവസമായിരുന്നു. അദ്ദേഹത്തോടു ഞാന്‍ രഘുവിന്‍റെ കേസ് ചര്‍ച്ച ചെയ്തു. സൈക്യാട്രിസ്റ്റിനും അറിവുള്ള കേസായിരുന്നു അത്.  "അയാളുടെ മദ്യപാനം തടയേണ്ട. അയാളെ രക്ഷപെടുത്താന്‍ ഇനി ആര്‍ക്കും സാധിക്കില്ല. അയാള്‍ ഓര്‍മകളില്‍ നിന്നു ഒളിച്ചോടി മരണത്തെ പുല്‍കികൊള്ളട്ടെ", അദ്ദേഹം അറിയിച്ചു. ഞാന്‍ വരാന്തയിലൂടെ നടന്നു പോകുമ്പോള്‍, അസിസ്റ്റന്‍റ്, രഘുവിനുള്ള ഡിസ്ച്ചാര്‍ജ്‌ നോട്ടീസുമായി എതിരെ വരുന്നുണ്ടായിരുന്നു.

Wednesday, May 9, 2012

ശരത്തുമോന്‍ വീണ്ടും റോക്ക്സ്


ശരത്തുമോന് പണത്തിന്‍റെ ആവശ്യം വരിക പെട്ടെന്നാണ്. ഇഷ്ടപ്പെട്ട സാധനങ്ങള്‍ അപ്പോള്‍ തന്നെ സ്വന്തമാക്കുക എന്നൊരു ശീലമാണ് ഇതിനു കാരണം. സ്വന്തമാക്കിയാലും ഉപയോഗം കാര്യമായി ഉണ്ടാവില്ല. റൂമില്‍ തുരുമ്പെടുത്തു കിടക്കുന്ന വയലിന്‍, മാറാല പിടിച്ച 5.1 ഫിലിപ്സ് സ്പീക്കര്‍ എന്നിവ ഉദാഹരണങ്ങളാണ്. എന്നാലും ശരത്തുമോന്‍ ഇപ്പോഴും സാധനങ്ങള്‍ വാങ്ങിക്കൊണ്ടേയിരിക്കുന്നു. ശരത്തുമോന് ഒരു പതിനായിരം രൂപയുടെ ആവശ്യം വന്നത് പെട്ടെന്നാണ്. ഏതോ ചപ്പടാ സാധനം മേടിക്കാനായിരുന്നു പതിവു പോലെ ഇതും. ഫോറിന്‍ സ്പ്രേയും, തിളങ്ങുന്ന ജുബ്ബയും ധരിച്ചു നടക്കുന്ന സജീഷാണ് കൂട്ടത്തിലെ ലോക ബാങ്ക്. വീട്ടില്‍ മുടിഞ്ഞ പൈസയാണെന്നാണ് അവന്‍ സ്വയം വിശേഷിപ്പിക്കാറ്. ഒരു കൊച്ചു പ്രാഞ്ചിയേട്ടന്‍. പൈസയുടെ ബുദ്ധിമുട്ട് ശരത്തുമോന്‍ സജീഷിനെ ധരിപ്പിച്ചു. ഉടന്‍ സജീഷ് തന്‍റെ atm കാര്‍ഡ്‌ എടുത്തു ശരത്തിനു കൊടുത്തു. രാജസ്ഥാനിലെ മണ്ണ് പോലെ വിണ്ടു കീറിയ ഒരെണ്ണം. എന്നിട്ട് സജീഷ് അറിയിച്ചു, "അളിയാ പൊട്ടിയിരിക്കയാ. സൂക്ഷിച്ചു കൊണ്ടോണെ" .മരിച്ച വീട്ടിലെ വേദ പുസ്തക വായന പോലെ സജീഷ് ഇത് പല കുറി ആവര്‍ത്തിച്ചപ്പോള്‍ ശരത്തുമോന്‍ പറഞ്ഞു," എടാ കാര്യം മനസ്സിലായി. ഒന്ന് നിര്‍ത്തുവോ". സ്വര്‍ണ്ണം കള്ളന്‍ കൊണ്ട് പോയ ഉത്തരേന്ത്യക്കാരി പിശുക്കി തള്ളയെ പോലെ സജീഷ് തന്‍റെ കസേരയില്‍ നിര്‍മഗ്നനായി ചാഞ്ഞിരുന്നു.


ശരത്തുമോന് മുടിഞ്ഞ ബുദ്ധിയാ. അവന്‍റെ കൂട്ടുകാരന്‍ കോലേഷ്‌ എന്നറിയപ്പെടുന്ന ഹരീഷിനു അതിലും ബുദ്ധിയാ. ഇവര്‍ രണ്ടും കൂടിയാണ് പൈസ എടുക്കാന്‍ പോകുന്നത്. ബുദ്ധിമാനായ ശരത്തുമോന്‍, ആ കാര്‍ഡ് എടുത്തു തന്‍റെ പാന്റിന്‍റെ പുറകിലെ പോക്കറ്റില്‍ ഇട്ടു. എന്നിട്ട് ഹരീഷിനെയും കൂട്ടി ബുള്ളറ്റില്‍ atmലേക്ക്. എത്തിയ ശേഷം പോക്കറ്റില്‍ കാര്‍ഡ്‌ എടുക്കാന്‍ കൈ ഇട്ട ശരത്തുമോന് കാര്‍ഡിന്‍റെ കുറച്ചു കഷണങ്ങളാണ് കിട്ടിയത്. രംഗം കട്ട ഡെസ്പ്. ഹരീഷും ശരത്തും  തീര്‍ത്തും വിഷണ്ണരായി atm മെഷിനിലെക്കും നോക്കി സമയം കളഞ്ഞു. പെട്ടെന്നാണ് ഹരീഷിനു ഒരു ഐഡിയ. അവനു ഒടുക്കത്തെ ബുദ്ധിയാണെന്നു ആദ്യമേ പറഞ്ഞല്ലോ. ഭാഗ്യത്തിന് atm കാര്‍ഡിന്‍റെ കഷണത്തിലെ കറുത്ത മാഗ്നെറ്റിക് സ്ട്രിപ്‌ കീറിയിട്ടുണ്ടായിരുന്നില്ല. അവന്‍ ശരത്തിനോട് പറഞ്ഞു, "എടാ നീ ആ സ്ട്രിപ്‌ മാത്രം മെഷിനില്‍ ഇട്ടാല്‍ മതി. അതിലാണ് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്." ശരത്തുമോന്‍ ആരാധനയോടെ ഹരീഷിനെ നോക്കിയപ്പോള്‍, അവന്‍ സലിം കുമാറിന്‍റെ "ഇതൊക്കെ എന്ത്" സ്റ്റയിലില്‍ തിരിച്ചു ഒരു നോട്ടം. അതിനു ശേഷം ഇതു നടക്കുമോ എന്ന് ഹരീഷിനോട് ചോദിച്ചെന്ന ഒറ്റ കുറ്റമേ ശരത് മോന്‍ ചെയ്തുള്ളൂ. പിന്നീട് atmന്‍റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെ പറ്റി സുദീര്‍ഘമായ ഒരു പ്രഭാഷണ പരമ്പര തന്നെ അവിടെ അരങ്ങേറി. ഒടുവില്‍ ഗതികെട്ട ശരത് മോന്‍, മണിക്കൂറുകള്‍ കഴിഞ്ഞ ഹിസ്റ്ററി ക്ലാസ്സില്‍ ഒരു വിദ്യാര്‍ഥി ചോദിച്ചത് പോലെ ചോദിച്ചു, "സാര്‍ ഒരു ബ്രേക്ക്‌.""ശരി നീ സ്ട്രിപ്‌ ഇട്", ഹരീഷ ഉത്തരവിട്ടു. 


സ്ട്രിപ്‌ അടങ്ങിയ കാര്‍ഡിന്‍റെ ഭാഗം മെഷിനില്‍ ഇട്ടതും, പിന്നീട് അവിടെ കേട്ടത് ഉയര്‍ന്ന ഒരു നിലവിളി ശബ്ദമാണ്. മെഷിനാണ് ഒച്ചയുണ്ടാക്കുന്നത്. അവര്‍ സ്ട്രിപ്‌ തിരിച്ചെടുക്കാന്‍ നോക്കിയെങ്കിലും അത് മെഷിനില്‍ ലോക്ക് ആയിരിക്കുകയാണ്. atm സെക്യൂരിറ്റി ഉടന്‍ atmനകത്തെക്ക് കുതിച്ചു. ബാങ്ക് അടുത്തായിരുന്നതിനാല്‍, നിലവിളി ശബ്ദം കേട്ട് അവരും എത്തി. മാനേജര്‍ അവരോടു ചോദിച്ചു, "ആരുടെ കാര്‍ഡാണ് ലോക്ക് ആയിരിക്കുന്നത്?" സംഭവം അവരുടെ രണ്ടിന്‍റെയും അല്ലെന്ന ഗ്രഹിച്ച മാനേജര്‍ ഒരു മോഷണ ശ്രമം സംശയിച്ചു. യാഥാര്‍ത്ഥ ഉടമ വന്നിട്ടേ അവരെ വിടൂ എന്നായി ബാങ്ക്. ഉടനെ തന്നെ ശരത്തുമോന്‍ സജീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തില്ലാതിരുന്ന സജീഷ് സ്ഥലത്തെത്തിയപ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. സജീഷിന്‍റെ സ്റ്റെയിറ്റ്മെന്‍റില്‍ അവര്‍ മോചിപ്പിക്കപ്പെട്ടു. കാര്യം പോറല്‍ പറ്റാതെ രക്ഷപ്പെട്ടെങ്കിലും ഹരീഷിന്‍റെ ബുദ്ധിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അവന്‍ നിര്‍ലോഭം അനേകര്‍ക്ക് അത് വാരി വിളമ്പിക്കൊണ്ടിരിക്കുന്നു. ശരത്തുമോന്‍ ഒരു വന്‍ പ്രസ്ഥാനമായി വളരുകയും ചെയ്തിരിക്കുന്നു. പാവം സജീഷ് മാത്രം തന്‍റെ മുഷിഞ്ഞ, തിളങ്ങുന്ന ജുബ്ബയും മുറുകെ പിടിച്ചു പണം കടം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.