Raise our Conscience against the Killing of RTI Activists
Sunday, July 24, 2011

മരണാസന്ന അനുഭവങ്ങള്‍

ഭൂരിഭാഗം ജനങ്ങള്‍ക്കും ഭയമുളവാക്കുന്ന ഒരു പ്രതിഭാസമാണ് മരണം. മനസ്സ് അല്ലെങ്കില്‍ ബോധ മണ്ഡലം എന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനഫലമാണെന്നും, അതിനാല്‍ തന്നെ തലച്ചോറിനു നാശം സംഭവിച്ചാല്‍ അത് നശിക്കുമെന്നും, ആയതിനാല്‍ മരണത്തോടെ നമ്മുടെ മനസ്സാക്ഷിയും നശിക്കുമെന്നും ശാസ്ത്രം വിലയിരുത്തുന്നു. എന്നാല്‍ അതിനെ ഖണ്ഡിക്കുന്ന ചില അനുഭവങ്ങള്‍ അനേകര്‍ക്ക് ഉണ്ടാകുന്നു. അതിനാല്‍ തന്നെ അവയെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയുണ്ടായി. മരണത്തോട് അനുബന്ധിച്ചു വ്യക്തികളില്‍ ഉണ്ടാകുന്ന മാനസീക അനുഭവങ്ങളെ near death experiences (NDE) എന്ന് വിളിക്കുന്നു. ഈ വ്യക്തികള്‍ പലരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് NDEയെ പറ്റി ലോകം അറിയുന്നത്. ഇവിടെ മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലിനിക്കല്‍ മരണം അഥവാ മസ്തിഷ്ക മരണമാണ്. ശാസ്ത്ര ലോകത്തില്‍ നല്ലൊരു പങ്ക് ഇതിനെ ഹാലൂസിനെറി അനുഭവങ്ങളായി കാണുന്നു.

NDEയില്‍ ഗവേഷകരെ അമ്പരപ്പെടുത്തിയ ഒരു ഘടകം, ലോകത്തെല്ലായിടത്തുമുള്ള വ്യക്തികള്‍ക്കും, സമാനമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത് എന്നതാണ്. അതിനാല്‍ അവര്‍ ഇത്തരം അനുഭവങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലാണ് അനുഭവങ്ങള്‍ വ്യക്തികളില്‍ സംഭവിക്കുന്നത്.
 • ടെലിപതിക് രൂപത്തില്‍ സന്ദേശങ്ങള്‍ കിട്ടുന്നു.
 • താന്‍ മരിച്ചിരിക്കുന്നു എന്ന് വ്യക്തികള്‍ക്ക് അനുഭവപ്പെടുന്നു.
 • വളരെയധികം ശാന്തിയും, സമാധാനവും, വേദനയില്‍ നിന്നുള്ള മുക്തിയും, നല്ല ചിന്തകളും കൈ വരുന്നു.
 • താന്‍ തന്‍റെ ശരീരത്തില്‍ നിന്ന് പുറത്തു കടന്നതായി അനുഭവപ്പെടുക. ഇതിനെ out of body experience എന്ന് വിളിക്കുന്നു. ഇതില്‍ ചിലര്‍ക്ക് തങ്ങളുടെ ശരീരം ശസ്ത്രക്രീയ ചെയ്യപ്പെടുന്നതും കാണാനാവും.
 • താന്‍ ഒരു ഇരുണ്ട വഴിയിലൂടെ അഭൌമമായ പ്രകാശത്തിലേക്ക് പോകുന്നതായി തോന്നുക. ഇതിനെ tunnel experience എന്ന് വിളിക്കുന്നു.
 • അഭൌമമായ പ്രകാശത്തിലേക്ക് എത്തി ചേരുക. പ്രകാശവുമായി സംസാരിക്കുക. ഈ അവസ്ഥയില്‍ വ്യക്തികള്‍ക്ക് പരമമായ ശാന്തിയും, സമാധാനവും ലഭിക്കുന്നതായി രേഘപ്പെടുത്തിയിട്ടുണ്ട്.
 • മുന്‍പ് മരണമടഞ്ഞവരെ കാണാനാവുക.
 • അവിടെ വച്ച് ജീവിതത്തെ പറ്റി ഒരു വിലയിരുത്തല്‍ നടക്കുന്നു. അതില്‍ ജീവിതത്തില്‍ ചെയ്ത പ്രധാന കാര്യങ്ങള്‍ ദര്‍ശിക്കാനാവുന്നു. 
 • ജീവിതത്തെ പറ്റിയും പ്രപഞ്ചത്തെപറ്റിയും മനസ്സിലാക്കാന്‍ സാധിക്കുന്നു.
 • ജീവിതത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരു തീരുമാനം എടുക്കപ്പെടുന്നു.
 • തിരികെ ഒരു അതിര്‍ത്തിയില്‍ എത്തുന്നതായി തോന്നുന്നു. 

ഗവേഷണത്തില്‍ ഉദ്ദേശം 60% വ്യക്തികള്‍ out of body experience കൈവരിച്ചപ്പോള്‍ 10% വ്യക്തികള്‍ക്ക് മാത്രമാണ് അഭൌമമായ പ്രകാശത്തിന്‍റെ അനുഭവം ഉണ്ടായത്. ഹൃദയാഘാതം, ഡീപ്പ് കോമ, ബ്രെയിന്‍ ഹാമെറേജ്‌ തുടങ്ങി അനേകം മരണ സമാന അവസ്ഥകളില്‍ NDE അനുഭവപ്പെട്ടിട്ടുണ്ട്.

2008ഇല്‍ ഉദ്ദേശം 1500 ഹ്രദ്രോഗികളില്‍, NDE പഠനം നടത്തിയ Dr. Sam Parniaയുടെ ഗവേഷണ ഫലം അദ്ദേഹം 2010ല്‍ പുറത്തുവിടുകയുണ്ടായി. അദ്ദേഹത്തിന്‍റെ പഠനമനുസരിച്ച്, മരണം എന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞും, അല്‍പ സമയത്തേക്ക് മാനസീക ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടരും. മരണം എന്നത് തലച്ചോറിന്‍റെ മൊത്തത്തിലുള്ള സ്ട്രോക്ക് ആണ്. അതിനാല്‍ തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും പടിപടിയായിട്ടാണ് ഇല്ലാതെയാവുന്നത്. ആ സമയത്തുള്ള മാനസീക പ്രവര്‍ത്തനങ്ങളാവാം NDEയില്‍ കലാശിക്കുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. NDEയെ പറ്റി ശാസ്ത്രീയമായ പഠിക്കുന്നത് International Association for Near-death Studies (IANDS) എന്ന സംഘടനയാണ്. അവരുടെ  Journal of Near-Death Studies എന്ന പ്രസിദ്ധീകരണത്തില്‍ ധാരാളം NDEകളെ ശാസ്ത്രീയമായി വിലയിരിത്തിയിട്ടുണ്ട്. ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളില്‍ ധാരാളം NDEകള്‍ കണ്ടെത്താനായിട്ടുണ്ട്. 2005ല്‍ ഓസ്ട്രേലിയയില്‍ ഹൃദ്രോഗികളില്‍ നടത്തിയ ഒരു സര്‍വേയില്‍ 18% വ്യക്തികള്‍ക്ക് NDE അനുഭവമുള്ളതായി കണ്ടെത്തുകയുണ്ടായി.

മറ്റൊരു തിയറി അനുസരിച്ച്, NDE സമയത്ത്, തലച്ചോര്‍ അതിന്‍റെ മുഴുവന്‍ ഓര്‍മയും മരണ സമാനമായ ഒരു അനുഭവത്തിന് വേണ്ടി പരിശോദിക്കും, ഈ പരിശോധന കൈക്കുഞ്ഞായ കാലം വരെ നീളും. ആയതിനാലാണ് വിസ്മ്രിതിയിലായ പല കാര്യങ്ങളും ആ സമയത്ത് ഓര്‍മ കിട്ടുന്നത്. ഓര്‍മയില്‍ നിന്ന് കണ്ടെടുത്ത കാര്യങ്ങള്‍ മനസ്സാക്ഷി, മുന്‍പു ഉണ്ടായിട്ടുള്ള മരണ സമാനമായ ഒരു അനുഭവത്തെ എങ്ങനെ അതിജീവിക്കാം എന്നതിന് വേണ്ടി വിലയിരുത്തും. പ്രശ്നത്തിന്‍റെയും, ചുറ്റുപാടുകളുടെയും ഒരു മാനസീക വിലയിരുത്തല്‍ തലച്ചോര്‍ നടത്തുന്നത് കൊണ്ടാണ്  out of body experience ഉണ്ടാവുന്നത്. തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും, ഓര്‍മയില്‍ രേഘപ്പെടുത്തപ്പെട്ട വിവരങ്ങളില്‍ നിന്നും, തന്നെ കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചും, സ്വപ്ന സമാനമായ ഒരു അനുഭവം ഉണ്ടാക്കുന്നു. മരണത്തിലൂടെയോ, മരണ സമാനമായ അവസ്ഥകളിലൂടെയോ കടന്നു പോയവര്‍ക്കാണ് NDE അനുഭവപ്പെട്ടിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്‍റെയോ, പരമമമായ ആനന്ദം ഉണ്ടാകുന്നതിന്‍റെയോ കാരണമായി ചൂണ്ടിക്കാട്ടുന്നത്, തലച്ചോര്‍ ഈ സമയത്ത്, പഞ്ചേന്ദ്രിയങ്ങളെ ആശ്രയിക്കാതെ, expectational processing നടത്തുന്നത് കൊണ്ടാണ് എന്നാണ് 

NDEയിലൂടെ കടന്നു പോയവര്‍ക്ക്, ശേഷ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഉയര്‍ന്ന ആത്മ വിശ്വാസം, വര്‍ദ്ധിച്ച സഹജീവികളോടുള്ള അനുകമ്പ, സ്നേഹം, അറിയുവാനുള്ള താല്‍പ്പര്യം, ഉയര്‍ന്ന ആത്മീയത, പാരിസ്ഥിക സ്നേഹം എന്നിവ ഇവരില്‍ പ്രകടമാകുന്നു. കൂടാതെ ഇവര്‍ മദ്യത്തോടും, മയക്കുമരുന്നിനോടും വര്‍ദ്ധിച്ച വിരക്തിയും പ്രകടമാക്കുന്നു. NDE, ഒരു ദൈവീക പ്രവര്‍ത്തനമായി, ദൈവ വിശ്വാസികള്‍ കണക്കാക്കുന്നു.

വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പലതും NDEയില്‍ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓസ്ട്രേലിയയില്‍ ഉണ്ടായ ഒരു NDEയില്‍ തന്നെ സര്‍ജറി ചെയ്യാനുപയോഗിച്ച, ഇത് വരെ അവര്‍ കണ്ടിട്ടില്ലാത്ത ഉപകരണം, രോഗി തിരിച്ചറിഞ്ഞു. നെതര്‍ലാണ്ട്സില്‍, ഡീപ്പ് കോമയില്‍ ആയിരുന്ന ഒരു രോഗിയുടെ ഹൃദയ ശാസ്ത്രക്രീയക്കിടയില്‍, പ്രാധനമായി സഹായിച്ച നഴ്സിനെ രോഗി ശാസ്ത്രക്രീയക്ക്‌ ശേഷം തിരിച്ചറിയുക യുണ്ടായി, കൂടാതെ നേഴ്സ് ചെയ്ത കാര്യങ്ങള്‍ രോഗി വിശദീകരിക്കുകയും ചെയ്തു. മറ്റൊരു കേസില്‍, ശാസ്ത്രക്രീയക്കിടയില്‍ അല്‍പ സമയം തന്‍റെ EEG നിലച്ചത് രോഗി പിന്നീട് ചൂണ്ടി കാണിക്കുകയുണ്ടായി.

പൂര്‍ണമായി NDE വിശദീകരിക്കാന്‍ ഇതുവരെ ഒരു തിയറിക്കും സാധിച്ചിട്ടില്ല. മനസ്സാക്ഷി തലച്ചോറിനു പുറത്തു സ്ഥിതി ചെയ്യുന്നു എന്നൊരു നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേരുന്നത് . മനസ്സാക്ഷിക്ക്, തലച്ചോറില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു. തലച്ചോര്‍ പൂര്‍ണ്ണമായി മരണമടഞ്ഞ ശേഷം ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍, ശാസ്ത്ര സമൂഹത്തിനു ഇന്നും ഒരു പ്രഹേളികയാണ്. നമുക്ക് മുകളില്‍ ഒരു ശക്തിയുണ്ടെന്നും, അതിന്‍റെ ഒരംശമാണ് നമ്മുടെ മനസ്സാക്ഷി എന്നും ഞാന്‍ കരുതുന്നു. മരണത്തിലൂടെ നാമെല്ലാം കടന്നു പോകും. എത്തുന്നത് ഇത് പോലെ ഒരു അഭൌമീക പ്രകാശത്തിനു മുന്നിലാണെങ്കില്‍, നമ്മുടെ ജീവിതങ്ങള്‍ അവിടെ വിലയിരുത്തലിനു വിധേയമായാല്‍, നമ്മുടെ പ്രവര്‍ത്തികളെ ന്യാകീരിക്കാന്‍ നമുക്ക് സാധിക്കുമോ?

Sunday, July 17, 2011

കരിങ്കല്‍ ക്വാറികള്‍ ഭരിക്കുന്ന നാട്ടില്‍

നിലവും വയലും പിതാവില്‍ നിന്ന് അവകാശമായി കിട്ടിയിരുന്ന മക്കള്‍ പണ്ടു കാലങ്ങളില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സന്തോഷിക്കുക പാറയുള്ള ഭൂമി അവകാശമായി കിട്ടുന്ന മക്കളാണ്. കൂണുകള്‍ പോലെ അടുത്ത കാലത്തായി പൊങ്ങി വരുന്ന, ജന ജീവിതത്തെ താറുമാറാക്കുന്ന കരിങ്കല്‍ ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ കാരണം. നെടുകെയും, ഉന്നതിയിലെക്കും വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ക്ക്, കല്ലുകളോടും മെറ്റലുകളോടുമുള്ള താല്‍പ്പര്യവും ദിനപ്രതി ഏറി വരുന്നു. അതിനാല്‍ തന്നെ നഗരങ്ങളോട് ചേര്‍ന്നുള്ള കുന്നുംപ്രദേശങ്ങള്‍ ഇന്ന് അതിവേഗം അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.

വളരെയധികം പാരിസ്ഥിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ് ക്വാറികള്‍. പൊടിപടലവും, കനത്ത നടുക്കവും തുടങ്ങി ഇവയുടെ സാമൂഹിക പ്രശ്നങ്ങളും വളരെ വലുതാണ്‌. അതിനാല്‍ തന്നെ ജനവാസം കുറഞ്ഞ, ചുറ്റും വളരെയധികം സ്ഥലം ക്വാറി ഉടമക്ക് സ്വന്തമായുള്ള സ്ഥലങ്ങളില്‍ മാത്രമേ ക്വാറികള്‍ തുടങ്ങാവൂ എന്നാണു നിയമം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നുള്ള നല്ലൊരു ശതമാനം ക്വാറികളും ജനവാസ മേഘലകളിലാണ് നിലകൊള്ളുന്നത്. സമീപവാസികളെ നിത്യരോഗികളാക്കിയും, അവരുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തിയും, ഇവ നിലകൊള്ളുന്നു. സമാധാനപരമായി ജീവിക്കാനും, ശ്വസിക്കാനുമുള്ള അവകാശത്തെ വരെ ഇവ ചോദ്യം ചെയ്യുന്നു.

ഒരു ക്വാറി തുടങ്ങുന്നതിനായുള്ള നിയമപരമായ ആവശ്യകതകള്‍ ഇവയാണ്. ദേശീയ നിയമമനുസരിച്ച് ക്വാറിയും മനുഷ്യവാസമുള്ള വീടുകളും തമ്മില്‍ 200 മീറ്ററിലധികം ദൂരം ഉണ്ടായിരിക്കണം. സമീപത്തെ ഭവനങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇടവരുത്തുന്ന രീതിയില്‍, ഉറവകളുടെ സ്ഥാനം തെറ്റിക്കുന്ന വിധത്തില്‍ ശക്തിയുള്ള സ്ഫോടനങ്ങള്‍ നടത്തരുത്. പാറമടക്ക് ചുറ്റും 3 മീറ്ററെങ്കിലും ഉയരത്തില്‍ വേലി കെട്ടി സമീപ സ്ഥലങ്ങളെ സംരക്ഷിക്കണം. പൊതു ജനങ്ങള്‍ക്ക്‌ സൂചന നല്‍കുന്ന വിധത്തില്‍ പ്രമുഖ സ്ഥലങ്ങളില്‍ വ്യക്തമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ക്വാറിക്ക് ചുറ്റും മരങ്ങള്‍ നട്ടു natural wall സൃഷ്ടിച്ചിരിക്കണം. പൊടിപടലങ്ങള്‍ കുറക്കുവാനാണിത്. എന്നാല്‍ ഇതില്‍ പാലിക്കപ്പെടുന്നവ തുലോം കുറവാണ്.

ഒരു ക്വാറി തുടങ്ങുന്നതിനു വേണ്ട ലൈസെന്‍സുകള്‍ ഇവയാണ്. മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ നിന്നും, ഈ ഖനനം മൂലം സമീപത്തെ ഉറവകള്‍ക്കും ഭൂമിക്കും നാശമുണ്ടാകില്ല എന്ന് ഉറപ്പാക്കിയ ശേഷം നല്‍കുന്ന ലൈസെന്‍സ്. എക്സ്പ്ലോസീവ്സ്‌ വകുപ്പില്‍ നിന്നും സ്ഫോടക വസ്തുക്കളുടെ ഉപയോഗം പഠിച്ച ശേഷം നല്‍കുന്ന ലൈസെന്‍സ്. അടുത്തതായി വേണ്ടത് ബ്ലാസ്റ്റ്മാന്‍ ലൈസെന്‍സ് ആണ്. സ്ഫോടനങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനം കഴിഞ്ഞ ബ്ലാസ്റ്റ്മാന്‍റെ കീഴില്‍ മാത്രമേ പാറ പോട്ടിക്കലുകള്‍ നടത്താവൂ എന്ന് നിയമം. എല്ലാ വിധ പ്രാഥമീക ആരോഗ്യ സംവിധാനങ്ങളും ഒരുക്കിയെന്ന DMOയുടെ ലൈസെന്‍സ് ആണ് അടുത്തതായി വേണ്ടത്. മലിനീകരണം പരിധിക്കുള്ളിലെന്നു പരിശോധിച്ച് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്‌ നല്‍കുന്ന ലൈസെന്‍സും അത്യാവശ്യമാണ്. മേല്‍പ്പറഞ്ഞ ലൈസെന്‍സുകള്‍ എല്ലാം പരിശോധിച്ച ശേഷം പഞ്ചായത്താണ് പ്രവര്‍ത്തന ലൈസെന്‍സ് നല്‍കുന്നത്. ഭൂരിഭാഗം ക്വാറികളിലും ഇന്ന് പഞ്ചായത്ത് നല്‍കുന്ന ലൈസെന്‍സുകള്‍ മാത്രമേ നിലവിലുള്ളൂ.

ഈ ക്വാറികള്‍ നിയമത്തെ വെല്ലുവിളിച്ചു ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം അഴിമതിയാണ്. ഓരോ ക്വാറികളും തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത് വില്ലേജ് ഓഫീസര്‍ നല്‍കുന്ന, പരിസരവാസികള്‍ ഇല്ലായെന്നും, സ്ഥലം തരിശല്ല എന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ആണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, വില്ലേജ് ഓഫീസര്‍മാരുടെ പ്രധാന വരുമാന ശ്രോതസും ഇന്ന് ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. രണ്ടോ മൂന്നോ സര്‍ട്ടിഫിക്കറ്റുകളോടെ തന്നെ ഒരു ജീവിതകാലത്തേക്കുള്ള വരുമാനം പലര്‍ക്കും ലഭിക്കുന്നുണ്ട്. നിയമങ്ങള്‍ നടപ്പാകാതെ വരുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം നശിക്കുന്നു. ജനജീവിതത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏറ്റവും വലിയ വിപത്തു ഈ അഴിമതി തന്നെ. അടുത്തിടെ ഒരു പ്രമുഖ ആഗോള ബ്രാന്‍ഡിന്‍റെ CEO‌, അമേരിക്കന്‍ ചാനെലായ CNNനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി, ലോകത്ത് മറ്റു പ്രമുഖ രാജ്യങ്ങളിലെല്ലാം, അവര്‍ക്ക് ഏറ്റവും മല്‍സരം നേരിടേണ്ടി വരുന്നത് നവീനമായ സാങ്കേതികവിദ്യകളില്‍ നിന്നും, സഹ ബ്രാന്‍ഡുകളില്‍ നിന്നുമാണെങ്കില്‍, ഇന്ത്യയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് സര്‍ക്കാരുകളുടെ അടിക്കടിയുള്ള പോളിസി മാറ്റലുകളെയും, അഴിമതിയെയുമാണ്. നമ്മുടെ രാജ്യം ലോകത്ത് ഏറ്റവും കൂടുതല്‍ നിയമങ്ങളുള്ള ഒരു രാജ്യമായി മാറുന്നുവെങ്കില്‍, അധികാരികള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ക്വാറികളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇതിലെ പ്രധാന ആകര്‍ഷക ഘടകം. കേന്ദ്ര പൊല്യൂഷന്‍ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം ചിലവെല്ലാം കഴിഞ്ഞു 13 ലക്ഷം രൂപയാണ് ഒരു ക്വാറി ഉടമക്ക് ലഭിക്കുക. ഔദ്യോഗീക കണക്ക് ഇതാണെങ്കില്‍, ശരിക്കും ലഭിക്കുന്നത് എത്ര ഭീമമായിരിക്കും. നമ്മുടെ ഗ്രാമത്തിലുള്ള ഒരു ക്വാറി നടത്തിപ്പുകാരന്‍ ആ സ്ഥലം ഉടമക്ക് പ്രതിമാസം വാടക ഇനത്തില്‍ കൊടുക്കുന്നത് 3.5 ലക്ഷം രൂപയാണ്. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ക്വാറി നടത്തിപ്പുകാരുടെ സംഘ ബലവും ശക്തിയുമെല്ലാം. എന്‍റെ ഗ്രാമത്തിലെ ഓരോ പഞ്ചായത്ത് മെമ്പര്‍ക്കും പ്രതിമാസം ആയിരക്കണക്കിന് രൂപ ക്വാറിയുടമകള്‍ നല്‍കുന്നു എന്നറിയുമ്പോള്‍ ഞെട്ടുന്നത് ഞങ്ങള്‍ നാട്ടുകാരാണ്. സര്‍ക്കാരിനും, അതു വഴി പൊതു ജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ട തരിശു ഭൂമിയിലാണ് ക്വാറികളില്‍ ഭൂരിഭാഗം എന്ന് കൂടി മനസ്സിലാക്കുക. 

എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഘലയിലാണ് എന്‍റെ ഗ്രാമം. വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാവുന്ന കല്ലൂര്‍ക്കാട്‌ മുടി ഉള്‍പ്പെടുന്ന ഈ പഞ്ചായത്തില്‍, ജന സാന്ദ്രത വളരെയേറെ നിലനില്‍ക്കുന്ന ഈ പഞ്ചായത്തില്‍, ഇന്ന് 13 ക്വാറികളാണ് തലങ്ങും വിലങ്ങും കുന്നുകള്‍ ഇടിച്ചു നിരത്തുന്നത്. ഇതിന്‍റെ പൊടിപടലം ഞങ്ങളുടെ ഗ്രാമത്തെ മലീമസമാക്കിയിരിക്കുന്നു. സ്കൂള്‍ സമയത്തു പോലും ഇടതടവില്ലാതെ പോടിയുയര്‍ത്തി പായുന്ന ടിപ്പെറുകള്‍ ഇന്ന് ഗ്രാമത്തിന്‍റെ നിത്യ കാഴ്ച്ചയായിരിക്കുന്നു.  ഗ്രാമത്തിന്‍റെ പച്ചപ്പും, സ്വച്ഛതയും സാവധാനം നഷ്ടമാകുന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു. ഗ്രാമത്തിലെ മലകള്‍ വികസനത്തിന് വേണ്ടി പറിച്ചു നടപ്പെടുമ്പോള്‍ ഗ്രാമത്തിന്‍റെ ജീവതാളം തെറ്റുന്നത് വേദനയോടെ മനസ്സിലാക്കുന്നു. ഇന്ന് ഗ്രാമത്തിന്‍റെ ഉണര്‍ത്തുപാട്ടും, ജീവ ശബ്ദവും സ്ഫോടനങ്ങളത്രേ. ഒരു ജനത ഇതിനെതിരെ സംഘടിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമം പുറത്തുനിന്നുള്ള രാത്രിഞ്ചരന്മാര്‍ക്ക് വിറ്റ് കാശാക്കിയ എല്ലാവര്‍ക്കുമെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്ന, എന്‍റെ ഗ്രാമത്തിലെ പാറമട വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിനു എന്‍റെ അഭിവാദ്യങ്ങള്‍. സമൂഹീക പ്രശ്നങ്ങള്‍ എന്നെ ബാധിക്കില്ല എന്നാ അമൂല്‍ ബേബി സംസ്കാരത്തില്‍ വളര്‍ന്ന ഞാന്‍ ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടക്കുന്ന ജീവനത്തിന് വേണ്ടിയുള്ള സമരങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കരയുന്നവര്‍ക്ക് മാത്രം പാലുള്ള രാജ്യത്ത് ഞങ്ങളുടെ ഗ്രാമവും കരഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തെ ഞങ്ങള്‍ സംരക്ഷിക്കും. നിങ്ങളുടെ ഗ്രാമത്തെയോ?

Tuesday, July 12, 2011

വാനരന്മാരുടെ ലോകം

സീന്‍ ഒന്ന്: സമയം ഉദ്ദേശം വൈകുന്നേരം മൂന്നര കഴിഞ്ഞു. ചെറുതായി മഴ ചാറുന്നുണ്ട്. ഓഫീസിലെ ആളുകളെല്ലാം ചായകുടിയുമൊക്കെയായി തിരക്കിലാണ്. പുറത്തേക്കിറങ്ങാനായി പ്രധാനാമായി ഒരു വാതിലാണുള്ളത്. മറ്റുള്ളവ തുറക്കാറില്ല. ആ പ്രധാന വഴി വാനരന്മാര്‍ തടഞ്ഞിരിക്കുന്നു. നന്നേ ആക്രമണോത്സുകത പ്രകടപ്പിച്ച അവ, മനുഷ്യ കോലത്തിലുള്ള എന്തിനെ കണ്ടാലും ആക്രമിക്കാനായി ചാടി അടുക്കുന്നുമുണ്ട്. മനുഷ്യ വാസം കുറഞ്ഞ മേഘലയിലാണ് ഓഫീസ് എന്നതിനാല്‍, ഓഫീസ് പരിസരത്ത് വാനരന്മാരുടെ എണ്ണം വളരെയധികമാണ്. അതിനാല്‍ തന്നെ ഓഫീസ് സ്റ്റാഫുകള്‍ നന്നേ പരിഭ്രാന്തരുമാണ്. ചിലര്‍ ഉള്ള ധൈര്യം സംഭരിച്ച്, വഴിയെ നടക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതിനാല്‍ തിരിഞ്ഞോടേണ്ടി വന്നു. വഴിയുടെ അപ്പുറവും ഇപ്പുറവും ഉള്ളവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. സമയം കഴിയുന്തോറും ഇവയുടെ ആക്രമണോത്സുകത കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഇതിനിടയില്‍, ധൈര്യം സംഭരിച്ചു വഴിയെ കുറച്ചു മുന്നോട്ടു പോയ ഒരു വ്യക്തിയാണ് ഒരു ചെറു കുരങ്ങന്‍ അടി കിട്ടി വഴിയില്‍ വീണു കിടക്കുന്നത് അറിയച്ചത്. അതിനു അടി കിട്ടിയത് എങ്ങനെ എന്നതും അജ്ഞാതമായിരുന്നു. ആളുകള്‍ വാതിലുകള്‍ കുറ്റിയിട്ടും ഒച്ചയുണ്ടാക്കിയും സ്വയം സുരക്ഷ ഉറപ്പാക്കി.

സീന്‍ രണ്ടു: സമയം നന്നേ മുന്നോട്ടു പോയി. അവര്‍ പിന്തിരിയുന്ന ലക്ഷണമില്ല. അതിനാല്‍ തന്നെ ഓഫീസിനകത്തുള്ള ഫയര്‍ ഫോഴ്സിനെ വിളിച്ചു. പാമ്പോ മറ്റോ ആണെങ്കില്‍ പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്നും, എന്നാല്‍ കുരങ്ങന്മാര്‍ ആയതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നുമുള്ള ഒരു മറുപടി ലഭിച്ചു. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കുന്നില്ല എന്നറിയിച്ചപ്പോള്‍, മണി മുഴക്കി യന്ത്രവും ആളുകളും പുറപ്പെട്ടു. ഫയറുകാര്‍ കമ്പും കോലുമോക്കെയായി പലവഴി ഇരച്ചു കയറി വഴിയിലുള്ള കുരങ്ങന്മാരെ വിരട്ടി. എന്നാല്‍ വാനരന്മാര്‍ അല്പം ദൂരത്തേക്ക് പോകുന്നതല്ലാതെ, ഫയറുകാര്‍ പോയിക്കഴിയുമ്പോള്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചെത്തുന്നത്. ഇതിനിടയില്‍ ബുദ്ധിമാനായ ഒരു ഫയറുകാരന്‍, വഴിയില്‍ വീണു കിടന്നിരുന്ന കുരങ്ങനെ, താഴെ നിലത്തേക്കിട്ടു. അല്‍പ സമയത്തെ വിഫല ശ്രമത്തോടെ ഫയറുകാര്‍ പിന്‍വാങ്ങുകയായി.

സീന്‍ മൂന്ന്: അക്ഷമരായ ഓഫീസ് സ്റ്റാഫുകള്‍ തന്നെ കുരങ്ങന്മാരെ വിരട്ടല്‍ ഏറ്റെടുത്തു. പത്തലും മറ്റുമായി കുറെയധികം പേര്‍ വഴിയിലേക്കിറങ്ങി. ആ തക്കത്തിന് ഞാനും ഓടി പുറത്തു കടന്നു. ഇവര്‍ വിരട്ടുമ്പോഴും, വാനരന്മാര്‍ ദൂരത്തേക്ക് മാറുന്നുണ്ടായിരുന്നില്ല. കൌതുകവും, ആകാംക്ഷയും മൂലം ഞാന്‍ പുറത്തു പറമ്പില്‍ ദൂരെയായി മാറി നിന്ന് അടിയേറ്റു വീണ കുരങ്ങന് എന്ത് സംഭവിക്കുന്നു എന്ന് വീക്ഷിച്ചു. സമയം കടന്നു പോകവേ, ഒരു വലിയ കുരങ്ങു ഇതിനെ മാറോട് ചേര്‍ത്ത് എടുത്തു. അത് അമ്മയാവണം. ശേഷം അതിനെ ദൂരെ മാറി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി. പരിക്കു പറ്റിയതിനെ ഒരു അരഭിത്തിയിലേക്ക് ഉയര്‍ത്താനായി കുരങ്ങന്‍റെ അടുത്ത ശ്രമം. ചെറു കുരങ്ങു തല മാത്രം അനക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട്, മൂന്നാല് കുരങ്ങമാര്‍ അരഭിത്തിയുടെ മുകളില്‍ അണിനിരന്നു. തൂങ്ങി കിടക്കുന്ന ഒരു വള്ളിയിലേക്ക് ചെറു കുരങ്ങനെ അമ്മ ചേര്‍ത്ത് പിടിപ്പിച്ചു. മുകളിലുള്ള കുരങ്ങന്മാര്‍ വള്ളി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. അല്‍പ സമയത്തിന് ശേഷം അമ്മ തന്നെ, മാറോട് ചേര്‍ത്ത് അതിനെ ഉയര്‍ത്തി അരഭിത്തിയില്‍ വയ്ച്ചു.

സീന്‍ നാല്: മറ്റു കുരങ്ങന്മാര്‍ സാവധാനം പിന്‍വാങ്ങി. അമ്മയും പരിക്ക് പറ്റിയതും കൂടാതെ മറ്റൊരു കുരങ്ങും, മാത്രം അരഭിത്തിയുടെ മുകളില്‍ ശേഷിച്ചു. മറ്റേതു അച്ഛനാവണം. നഷ്ടം ആ കുടുംബത്തിന് മാത്രമാണല്ലോ. അച്ഛന്‍ ഇടയ്ക്കിടയ്ക്ക്, മുഖം പൊത്തി ഇരിക്കുകയും, ഭിത്തിയില്‍ തല ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കു തന്‍റെ ഭാവിയായ മകനെ നോക്കും. അമ്മ അപ്പോഴും അതിനെ പിടി വിടാതെ നിസ്സംഗതയോടെ ദൂരേക്ക്‌ നോക്കി ഇരിക്കുന്നുണ്ട്. അച്ഛന്‍ വളരെ നേരം കൈ കൊണ്ട് കണ്ണുകള്‍ അടച്ചിരുന്നു. വികാരങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കും ഉണ്ടായിരിക്കണം. മുകളില്‍ നിന്ന് ആളുകളുടെ ആക്രമണം കനത്തപ്പോള്‍, കുരങ്ങന്മാര്‍ പ്രത്യേക ഒരു ശബ്ദം പുറപ്പെടുവിച്ചു. പ്രതിധ്വനി പോലെ ആ ശബ്ദം പല സ്ഥലങ്ങളില്‍ നിന്ന് മുഴങ്ങി. താമസിയാതെ നൂറു കണക്കിന് വാനരന്മാരാണ് സ്ഥലത്തെത്തിയത്. ആളുകളാണ് അപ്പോള്‍ പേടിച്ചു മാളങ്ങളില്‍ ഒളിച്ചത്. അതോടെ കുറെ വാനരന്മാര്‍ തിരികെ പോയി. ശേഷിക്കുന്നവര്‍ എന്തിനോ വേണ്ടി പരിക്ക് പറ്റിയ കുരങ്ങന്‍റെ അടുത്ത് അണിനിരന്നു.

സീന്‍ അഞ്ച്: വാനരന്മാരുടെ വാസസ്ഥലം കെട്ടിടത്തിന്‍റെ മുകളിലാണ്. ഈ ചെറു കുരങ്ങനെ അമ്മ അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. അച്ഛന്‍ തൊട്ടു പിറകില്‍ തന്നെയുണ്ട്. സഹായികള്‍ ചുറ്റിലും. സ്വന്തം കുഞ്ഞിനെ ചുറ്റി പിടിച്ചു, അമ്മ ഒരു പൈപ്പിലേക്ക് കയറി. അച്ഛന്‍ പൈപ്പിന്‍റെ കുറച്ചു താഴെയായി നിലയുറപ്പിച്ചു. കുഞ്ഞു പൈപ്പില്‍ ഉരയാതെ വളരെ സാവധാനം അമ്മ അതിനെ എടുത്തുയര്‍ത്തി. അമ്മ മുകളിലേക്ക് നീങ്ങുന്നതനുസരിച്ചു അച്ഛനും മുകളിലേക്ക് കയറുന്നുണ്ട്. മുകളിലെത്താറായപ്പോള്‍ താഴേക്കു വീഴാന്‍ പോയ കുഞ്ഞിനെ അമ്മ തന്‍റെ കാലുകള്‍ കൊണ്ട് ഇറുക്കി പിടിക്കുന്നത്‌ ഇപ്പോഴും എന്‍റെ ഓര്‍മയിലുണ്ട്. മുകളില്‍ അമ്മയെയും കുഞ്ഞിനേയും പിടിച്ചുയര്‍ത്താന്‍ മൂന്നാല് കുരങ്ങന്മാര്‍ അണിനിരന്നു കഴിഞ്ഞിരുന്നു. അവര്‍ കൈ നീട്ടി അവരെ എടുത്തു പൊക്കി. അച്ഛനും ഞൊടിയിട കൊണ്ട് മുകളിലെത്തി. അവരെല്ലാം കൂടി കുഞ്ഞിനെ തലോടുകയും മറ്റും ചെയ്യുന്നുണ്ട്. അമ്മ അപ്പോഴും തന്‍റെ പിടി വിട്ടിരുന്നില്ല.  അപ്പോഴേക്കും കുഞ്ഞിന്‍റെ ചലനം നിലച്ചിരുന്നു. സമയം പോകവേ അവിടെയും വാനര്‍ന്മാരുണ്ടേ എണ്ണം കുറഞ്ഞു തുടങ്ങി. അല്പസമയത്തേക്ക് കൈ വിട്ടു പോയ സഞ്ചാര സ്വാതന്ത്ര്യം ആളുകള്‍ തിരികെ എടുത്തിരുന്നു. കാത്തിരിക്കുന്നവരുടെ സമീപത്തേക്ക് വ്യക്തികളും യാത്രയായി തുടങ്ങി. അവസാനം ആ പൈപ്പിന്‍റെ മുകളില്‍ അമ്മയും കുഞ്ഞും അച്ഛനും മാത്രം അവശേഷിച്ചു. വിദൂരതയിലേക്ക് നോക്കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നിസ്സംഗത,  അത് ആരെയും സങ്കടപ്പെടുത്തും. കുറെ സമയം ഞാന്‍ ആ രംഗം നോക്കി നിന്നു. പുറമേ നിന്ന് നോക്കുന്ന ഏതൊരാള്‍ക്കും മറ്റുള്ളവരുടെ ജീവിതങ്ങള്‍, ഫ്രെയ്മുകള്‍ മാത്രമാണ്. എപ്പോഴോ ഒരു തുള്ളി സങ്കടം ഇറ്റു വീണു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ തന്നെ അനുഭവങ്ങളുടെ ബിംബങ്ങളാണ്. ഞാന്‍ തിരികെ പോകുമ്പോഴും അമ്മ ചലനമറ്റ ആ കുഞ്ഞിന്‍റെ പിടി വിട്ടിട്ടുണ്ടായിരുന്നില്ല. പിറ്റേന്ന് ഓഫീസിലെത്തിയ ഞാന്‍ ആദ്യം പോയത് ആ പൈപ്പിന്‍റെ മുകള്‍ നോക്കാനായിരുന്നു. എന്നാല്‍ അപ്പോഴേക്കും അവിടം ശൂന്യമായി കഴിഞ്ഞിരുന്നു.

Sunday, July 3, 2011

മലങ്കരയില്‍ ഒരു മഴയത്ത്‌


മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള യാത്രകള്‍ ഒരു പ്രത്യേക ആനന്ദമാണ്. അതില്‍ നാം കണ്ടുമുട്ടുന്ന സ്ഥലങ്ങള്‍, പ്രകൃതി, എന്തിനു ആളുകള്‍ വരെ നമ്മെ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തും. എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനപരമായുള്ള, ഭാവിയില്‍ ഇനിയെന്ത് എന്നുള്ള ആകാംക്ഷയാണ് നമ്മെ ഇത്തരം യാത്രകളില്‍ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിലെ നാളുകള്‍ ഓര്‍മ്മപ്പുസ്തകത്തില്‍ വരുമ്പോള്‍ സുഗന്ധമുള്ള ഏതാനും താളുകള്‍ ഇവ പ്രധാനം ചെയ്യും. ഇത്തരം യാത്രകളില്‍ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ തടസ്സങ്ങള്‍ കൂടുതലായിരിക്കുകയും ചെയ്യും. 

ഒരു ശനിയാഴ്ച സായാഹ്നത്തില്‍ വളരെ യാദൃച്ഛികമായാണ് ഞാനും സുഹൃത്തും കൂടി ഒരു യാത്ര പുറപ്പെടുന്നത്. ലക്‌ഷ്യം പഠിച്ചിരുന്ന സ്കൂള്‍ പരിസരങ്ങള്‍ ഒന്ന് കൂടി കാണുക, ആ പഴയ നാട്ടു വഴികളിലൂടെ സഞ്ചരിക്കുക, ഓര്‍മ്മകളുടെ വഴിയെ ഒന്ന് തിരികെ സഞ്ചരിച്ചു നൊസ്റ്റാള്‍ജിയ എന്ന മനോഹര വികാരം ഒന്നാസ്വദിക്കുക മുതലായവയും. ഇത്തരം ഓര്‍മ്മ പുതുക്കലുകള്‍ക്ക് മനോഹരമായൊരു ഗന്ധമുണ്ട്, കഴിഞ്ഞു പോയ, തിരിച്ചുപിടിക്കാനാവാത്ത കുട്ടിക്കാലത്തിന്‍റെ ഗന്ധം. അതിനാല്‍ തന്നെ സ്കൂളില്‍ ഞങ്ങളുടെ അടുത്ത  സുഹൃത്തായിരുന്ന, സ്കൂളിന്‍റെ തന്നെ അടുത്ത് താമസിക്കുന്ന മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടുവാന്‍ തീരുമാനിച്ചു. 

തികച്ചും അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട അവന്‍ ആദ്യമൊന്നു അമ്പരന്നു പോയി. ഞങ്ങളുടെ യാത്രാ ലക്ഷ്യമറിയിച്ചപ്പോള്‍ അവനും ഞങ്ങളോടൊപ്പം ഇറങ്ങി. അവനാണ് സ്കൂളിന്‍റെ അടുത്തുതന്നെയുള്ള മലങ്കര എന്ന സ്ഥലത്തേക്ക് ആക്കാം യാത്ര എന്നറിയിച്ചത്. വളരെ പ്രശസ്തമായ, ധാരാളം ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുള്ള സ്ഥലമാണ് മലങ്കര. ഞങ്ങളുടെ യാത്രാ ലക്‌ഷ്യം മാറുവാന്‍ പിന്നെ താമസമുണ്ടായില്ല. അവന്‍റെ വീട്ടില്‍ നിന്ന് നടക്കുവാനുള്ള ദൂരമേയുള്ളൂ മലങ്കരക്ക്. അങ്ങനെ മഴക്കാലത്തെ, പെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളെ സാക്ഷിയാക്കി ഞങ്ങള്‍ യാത്ര ആരംഭിച്ചു. 

ഇടുക്കിയുടെ കവാടമായ തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 10 കിലോമീറ്റര്‍ അകലെയാണ് മലങ്കര. മലങ്കരയില്‍ പ്രശസ്തമായുള്ളത് ജലസേചനത്തിനുപയോഗിക്കുന്ന ഡാമും, അനുബന്ധ പ്രകൃതിഭംഗിയുമാണ്. മൂലമറ്റത്തെ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറത്തു വരുന്ന ജലമാണ് മലങ്കരയില്‍ സംഭരിക്കപ്പെടുന്നത്. മലങ്കര റബ്ബര്‍തോട്ടത്തിലൂടെയാണ് ഡാമിലെതാന്‍ സാധിക്കൂ. റബ്ബര്‍ മരങ്ങളുടെ ഇരുട്ടും, സായാഹ്നതയും, കാര്‍മേഘങ്ങളും എല്ലാം കൂടി വളരെ ഇരുണ്ട ഒരന്തിരീക്ഷമാണ് സൃഷ്ടിച്ചത്. ഒരിരുപതു മിനുറ്റത്തെ നടത്തത്തിന് ശേഷം ഞങ്ങള്‍ ഡാമില്‍ എത്തി ചേര്‍ന്നു. 

ഡാമിലേക്ക് ഞങ്ങളെ എതിരേറ്റത് കനത്ത മഴയാണ്. ഡാമിന്‍റെ ഭയാനകതയോ, വലിപ്പമോ അല്ല മലങ്കരയുടെ പ്രത്യേകത, മറിച്ചു ആ കൊച്ചു ഡാം ചെറു വനവുമായി കൂടി ചേര്‍ന്ന് നില്‍ക്കുന്ന പ്രകൃതി തന്നെയാണ്. കെട്ടി നില്‍ക്കുന്ന ജലം മറ്റെല്ലായിടങ്ങളും എന്നപോലെ ചെറു ഭീതി ഉണ്ടാക്കുന്നുമുണ്ട്. കനത്ത മഴയില്‍ ഞങ്ങള്‍ ഡാമിനുള്ളിലേക്ക് കയറി. ഇടിമിന്നല്‍ ധാരാളമായി ഉണ്ടായിരുന്നതിനാലും, സമയം നന്നേ വൈകിയിരുന്നതിനാലും  ഗാര്‍ഡ് ഉള്ളിലേക്ക് പോകാന്‍ അനുവദിച്ചില്ല.  പുറത്തു അല്‍പ സമയം ചിത്രങ്ങള്‍ എടുത്തും ഭംഗി ആസ്വദിച്ചും ഞങ്ങള്‍ ചിലവിട്ടു. ഡാമിന്‍റെ വശത്ത് നിന്ന് നോക്കിയാല്‍ മനോഹരമായ മല നിരകള്‍ മേഘങ്ങളാല്‍ മൂടി നില്‍ക്കുന്നത് കാണാം. തോട്ട് വശങ്ങളിലായി ചെറു പുല്‍മേടുകളുമുണ്ട്. എന്നാല്‍ അന്നത്തെ സായാഹ്നം മനോഹരമാക്കിയത് മഴ മാത്രമായിരുന്നു. 

സമയം പോകുന്തോറും മഴയുടെ ശക്തി വര്‍ധിച്ചു വന്നു. ഡാമിന്‍റെ അടുത്ത് തന്നെ മണ്ണിട്ട്‌ പുതിയ ഒരു വഴി നിര്‍മിച്ചിട്ടുണ്ട്. പ്രകൃതിയുടെ മേലുള്ള കയ്യേറ്റത്തിന്‍റെ ഒരാവിഷ്കാരം ഇവിടെയും കാണുവാന്‍ സാധിച്ചു. ആ വഴി ഡാമിന്‍റെ ഓരത്ത് കൂടിയാണ് പോകുന്നത്. ഞങ്ങളും ആ വഴിയെ നടന്നു. കുട കൊണ്ടൊന്നും തടുക്കാനാവാത്ത വിധത്തില്‍ മഴ അതിന്‍റെ ആക്രമണം വിപുലപ്പെടുത്തുകയാണ്. എന്നാലും മേല്‍ സൂചിപ്പിച്ചതുപോലെ, യാത്രകളെല്ലാം ഒരു അനുഭൂതിയാണ്, ആസ്വദിക്കാവുന്ന അനുഭൂതി. 

സൂര്യന്‍ തന്‍റെ പതിവ് സഞ്ചാരം വിഘാതമില്ലാതെ തുടര്‍ന്നു. വെളിച്ചം കുറഞ്ഞു വന്നു. ഞങ്ങള്‍ക്കും തിരികെ പോകേണ്ട സമയമായി. തിരികെ ഡാമിന് അരികിലൂടെ നടക്കുമ്പോള്‍ അതിന്‍റെ മധ്യത്തില്‍, ആ കനത്ത മഴയില്‍ ഏതാനം കുട്ടികള്‍ കുളിക്കുന്നത് ആശ്ചര്യപൂര്‍വ്വം നോക്കി നിന്നു. അവര്‍ക്ക് ഏതു പുഴകളും നിസ്സാരമായിരിക്കും എന്ന് തോന്നി. ഡാമിലെ ജലം കൃഷി സ്ഥലങ്ങളിലേക്കുള്ള ഒഴുക്ക് തുടര്‍ന്നു കൊണ്ടെയിരുന്നു, എത്രയോ വര്‍ഷങ്ങളായി തുടരുന്നൊരു പ്രതിഭാസം. ആകാശം ഭൂമിയിലേക്ക്‌ പെയ്തിറങ്ങിയ ആ ദിവസം, അവാച്യമായൊരു സംതൃപ്തിയാണ് പ്രദാനം ചെയ്തത്. പ്രകൃതിയുടെ തന്മയത്വം ദര്‍ശിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന ഒരു സംതൃപ്തി. ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ റോഡുകള്‍ ആകമാനം വെള്ളക്കെട്ടുകള്‍ നിറഞ്ഞിരുന്നു. ആ മനോഹര ദിവസം അവസാനിക്കുമ്പോഴും മഴ തോര്‍ന്നിട്ടുണ്ടായില്ല. അന്നത്തെ യാത്രയിലെ വില്ലന്‍ മഴയായിരുന്നു, ഒപ്പം നായകനും.