എറണാകുളംകാര്‍ക്ക് സ്വന്തം സ്ഥലം പോലെ തന്നെ പരിചയമായ മറ്റൊരു പേര് കൂടിയുണ്ട്. കായിക്ക. എറണാകുളത്തെ ബിരിയാണിയുടെ ഈറ്റില്ലം. ഉദ്ദേശം 61 വര്‍ഷമായി ചൂടാര്‍ന്ന ബിരിയാണിയുടെ ഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു കായിക്കയുടെ സ്വന്തം കായീസ് ബിരിയാണി കട. കഴിഞ്ഞ ദിവസങ്ങളിലോന്ന്‍
ഞാനും, സുഹൃത്തും കൂടി പ്രസിദ്ധമായ കായീസ് ബിരിയാണി ആസ്വദിക്കാന്‍ പുറപ്പെട്ടു.
എറണാകുളത്ത് TDM ഹാളിനും ദര്‍ബാര്‍ ഗ്രൌണ്ടിനും അടുത്തായാണ് കായീസ് കട സ്ഥിതി ചെയ്യുന്നത്. പാരമ്പര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പരസ്യങ്ങളാണ് നമ്മെ വരവേല്‍ക്കുക. വര്‍ഷങ്ങളായി കടയെ പറ്റി പ്രസിദ്ധ മാധ്യമങ്ങളിലും, ചാനെലുകളിലും വന്ന വാര്‍ത്തകളും, കട സന്ദര്‍ശിച്ച പ്രമുഖരുടെ അഭിപ്രായങ്ങളും കടയിലേക്ക് ആരെയും ഊഷ്മളമായി സ്വാഗതം ചെയ്യും. പ്രമുഖരില്‍, ചിത്രകാരന്‍ M.F. ഹുസൈന്‍ മുതല്‍ സുരേഷ് ഗോപി പോലുള്ള നടന്മാരും, M.T പോലുള്ള സാഹിത്യകാരന്മാരും ഉള്‍പ്പെടുന്നു. മീഡിയം വലിപ്പത്തിലുള്ള കട നന്നേ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
1949ല്‍ ആണ് ഫോര്‍ട്ട് കൊച്ചിക്കടുത്തായി കായിക്ക തന്‍റെ ബിരിയാണി കട തുറക്കുന്നത്. ദിവസവും ഉച്ചക്കും വൈകിട്ടും തുറക്കുന്ന കട, ഭക്ഷണം തീരുന്നത് വരെ പ്രവര്‍ത്തിക്കുന്നു. വളരെ ചെറിയ രീതിയില്‍ ആരംഭിച്ച കട, രുചി കൊണ്ടും കൈപ്പുണ്യം കൊണ്ടും പ്രശസ്തമാകുന്നതിനു അധികം കാലം വേണ്ടി വന്നില്ല. കായീസ് എന്നാല്‍ അക്കാലത്ത് കായിക്ക മാത്രമായിരുന്നു. കട ഇപ്പോള്‍ നടത്തുന്നത് അദ്ദേഹത്തിന്‍റെ മക്കളാണ്. 800നു അടുത്ത ആളുകള്‍ ഒരു ദിവസം കടയില്‍ വരുന്നു. ബിരിയാണിക്ക് പുറമേ, അവിടുത്തെ നെയ്ച്ചോറും, മട്ടണ്‍ കറിയും പ്രശസ്തമാണ്.
ഞങ്ങള്‍ കടയില്‍ ചെല്ലുമ്പോള്‍ ഉദ്ദേശം 15 ഓളം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ആയതിനാല്‍ ഞങ്ങള്‍ ക്യൂ ഒഴിവാക്കി AC ഭാഗത്തേക്ക് മാറി. നല്ല വൃത്തിയുള്ള അന്തരീക്ഷവും, സര്‍വീസും ആരെയും ആകര്‍ഷിക്കും. ഏറെ പ്രസിദ്ധമായ കായീസ് മട്ടണ്‍ ബിരിയാണി അപ്പോഴേക്കും തീര്‍ന്നിരുന്നു. ഓര്‍ഡര്‍ ചെയ്തു ഉദ്ദേശം 5 മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി മുന്നിലെത്തി. വിശപ്പ് മൂലം ആദ്യ കുറെ സമയം ആസ്വദിച്ചു കഴിക്കാന്‍ സാധിച്ചില്ല.
കായീസ് ബിരിയാണിക്ക് ടേസ്റ്റ് അല്പം വ്യത്യാസമുണ്ട്. അത് തന്നെ അതിന്‍റെ പ്രത്യേകതയും ആകര്‍ഷണവും. ബിരിയാണിയില്‍ കിസ്സ്മിസ്സിന്‍റെയോ അണ്ടിപ്പരിപ്പിന്‍റെയോ അതിപ്രസരമില്ല. ചിക്കന് മിതമായ കട്ടി മാത്രം. ചില സ്ഥലങ്ങളില്‍ ബിരിയാണി ചിക്കെന് വറുത്ത ചിക്കെന്‍റെത് പോലുള്ള കട്ടിയുണ്ട്. ആര്‍ക്കും ബിരിയാണിയില്‍ ഒരു കായീസ് സ്പര്‍ശം അനുഭവപ്പെടും. കൂടെ തൊട്ടു കൂട്ടാന്‍ ഈന്തപ്പഴം അച്ചാറും, സാലഡും, നാരങ്ങ അച്ചാറും. അളവിലും മിതത്വം ഉണ്ട്. അതിനാല്‍ തന്നെ സാധാരണ കഴിച്ചു കഴിയുമ്പോള്‍ അനുഭവപ്പെടുന്ന പോലെ വയര്‍ വല്ലാതെ നറഞ്ഞിരിക്കുന്നതായി തോന്നുകയുമില്ല. മികവ് മൂലം ഞങ്ങള്‍ ഒരെണ്ണം പാര്‍സല്‍ കൂടി മേടിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവും ആകര്‍ഷിച്ചത്, ഇത്ര നല്ല ബിരിയാണി ആയിരുന്നിട്ടും, നല്ല വൃത്തിയും വെടിപ്പും, ഒപ്പം acയില്‍ ആയിരുന്നിട്ടു പോലും 90രൂപയെ ബിരിയാണിക്കായുള്ളൂ എന്നതാണ്.
കഴിച്ചു പുറത്തിറങ്ങുമ്പോള്‍ കായിക്കടയെ പറ്റി സന്തോഷം തോന്നി. കഴുത്തറപ്പന്‍ പൈസ മേടിക്കാതെ, വൃത്തിയോടെ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലും കൈ മോശം വന്നിട്ടില്ല. കഴിച്ചു തിരികെയിറങ്ങുമ്പോഴും താഴെ ക്യൂ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. എറണാകുളംകാര്‍ക്ക് അഭിമാനമായി കായീസ് അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. തിരികെ നടക്കുമ്പോള്‍, ഇനിയും സന്ദര്‍ശിക്കേണ്ട സ്ഥലമായി കായീസിനെ മനസ്സ് ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു.
ഓക്കേ .. അടുത്ത തവണ ആവട്ടെ ...
ReplyDeleteഈ ലക്കം 'യാത്ര' യിലും ഇതേ ഹോട്ടലിനെക്കുറിച്ചോരു ലേഖനം ഉണ്ടല്ലോ (പേജ്) .ലക്കത്തില്‍ ആ ബിരിയാണിയുടെ റെസിപിയും ഉണ്ട് .ഇത്തരം കൂടുതല്‍ പരിചയപെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു. നന്ദി
ReplyDeleteകൊള്ളാമല്ലോ അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഒന്ന് ട്രൈ ചെയ്തു നോക്കണം
ReplyDeleteHi hi. Theetta piranthan aanalle! Biriyaniye pattiyum post:)
ReplyDeleteഎന്തായാലും ഇനി എറണാകുളത്ത് വരുമ്പോൾ കായിക്കാന്റെ ബിരിയാണി ഒന്ന് തിന്നിട്ട് തന്നെ ബാക്കി കാര്യം..അല്ല പിന്നെ..
ReplyDeleteആശംസകൾ
പോസ്റ്റ് വായിച്ചു. ഒരു ബിരിയാണി കഴിച്ച സുഖം!ആശംസകള്‍....
ReplyDeleteപുതിയ ഒരു ഹോട്ടല്‍ പരിചയപ്പെടുത്തിയതിനു നന്ദി... താങ്കളുടെ എഴുത്ത് വളരെ മനോഹരമാണ്...
ReplyDeleteഈ ബിരിയാണിയുടെ ക്ഷീണം നീ എത്ര നാള്‍ റസ്റ്റ് എടുത്താണ് മാറിയത്? :)
ReplyDelete