Raise our Conscience against the Killing of RTI Activists




Tuesday, February 8, 2011

ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി.

                   "കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി 50 ശതമാനത്തോളം മഴ ലഭിച്ചു. ഒക്ടോബറില്‍ അവസാനിക്കാറുള്ള തുലാവര്‍ഷം ഡിസംബര്‍ വരെ നീണ്ടു നിന്നു. എന്നിരുന്നാലും ജനുവരി അവസാനമായപ്പോഴേക്കും ഉത്തര പാലക്കാടന്‍ മേഖലകളില്‍ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ കേരളത്തില്‍ കൂടുതലായി ലഭിച്ച മഴവെള്ളം ഇത്ര ചെറിയ കാലയളവിനുള്ളില്‍ എവിടെ പോയി? ഇതു ഏകദേശം മരുഭൂമിക്കു സമാനമായ ഒരു പ്രതിഭാസമാണ്‌." ഒരു പ്രശസ്ത പ്രകൃതി വാരികയില്‍, പ്രകൃതി ശാസ്ത്രജ്ഞന്‍ ഡോ. അനന്തക്രിഷ്ണണ്റ്റേതായി വന്ന ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജമയാണ്‌ മുകളില്‍ കൊടുത്തത്‌.

                   പച്ചപ്പിനും, പ്രകൃതി സൌന്തര്യത്തിനും പേരു കേട്ട നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയുള്ള ഈ വാക്കുകള്‍ ഏറെ ചിന്തനീയമാണ്‌. കാലാവസ്ഥാ മാറ്റം, താപ വ്യതിയാനം എന്നൊക്കെ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏറെ നാളായി. ആദ്യമൊക്കെ, വികസനത്തെ തടയിടാന്‍ വേണ്ടി പ്രകൃതി സ്നേഹികള്‍ എന്നു വിളിക്കപ്പെടുന്ന വികസനവിരുദ്ധര്‍ (ഞാന്‍ കണ്ടിരുന്നതു) നടത്തുന്ന കവല പ്രസംഗങ്ങള്‍ ആയാണ്‌ ഞാനും അതിനെ കണ്ടതു. എന്നാല്‍ വിവരമുള്ളവരോടു വാതു വയ്ക്കരുത്‌ എന്നു പറയുമ്പോലെ, അവരുടെ വാക്കുകള്‍ പതിയെ അര്‍ത്ഥവത്താകാന്‍ തുടങ്ങി. ഈ കഴിഞ്ഞ വര്‍ഷം, കാലാവസ്ഥയിലും കാലവര്‍ഷത്തിലുമൊക്കെ വന്ന മാറ്റം എല്ലാ കേരളീയര്‍ക്കും അനുഭവവേദ്യവുമാണ്‌.

                         മരുഭൂമി സമാനമായ ഒരു അവസ്ഥയിലേക്കാണ്‌ നമ്മുടെ മണ്ണു പോകുന്നത്‌ എന്നതാണ്‌ ഏറ്റവും ഞെട്ടിച്ച ഒരു വസ്തുത. ജലത്തെ നീരുറവകളാക്കി മാറ്റാനുള്ള ശക്തി നമ്മുടെ മണ്ണിനു കുറഞ്ഞു വരുന്നു എന്നല്ലേ ഇതു കാണിക്കുന്നതു. പലയിടങ്ങളിലും ഉറവകള്‍ താഴ്‌ന്നു പോകുന്നതും, ഗതി മാറിയൊഴുകുന്നതും സാധാരണ സംഭവമായിരിക്കുന്നു. അടുത്തിടെ UN പുറത്തുവിട്ട പഠനങ്ങളനുസരിച്ച്‌, കാലാവസ്ഥ വ്യതിയാനം ഏറ്റവും വേഗത്തില്‍ ബാധിക്കാനിടയുള്ള രാജ്യങ്ങള്‍ ഇന്ത്യയും, ബംഗ്ളാദേശുമാണ്‌. കടല്‍ നിരപ്പിലോ, അതിലും താഴെയൊ ധാരാളം കര പ്രദേശങ്ങള്‍ ഈ രാജ്യങ്ങളിലുണ്ട്‌.

                      നമ്മുടെ നിലനില്‍പ്പിനും, പുരോഗതിക്കും വികസനം വരണം. എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പ്‌ അതിലും പതിന്‍മടങ്ങു പ്രധാനം തന്നെ. അമ്മയില്ലാതെ കുഞ്ഞിനെന്തു നിലനില്‍പ്പ്‌. നശിപ്പിക്കുന്ന വനത്തിന്‍റെ ഇരട്ടി വച്ചു പിടിപ്പിക്കുക, മൊത്തം സ്ഥലത്തിന്‍റെ മൂന്നിലൊന്നെങ്കിലും വൃക്ഷങ്ങള്‍ നടുക തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള പല നിയമങ്ങലും ഇവിടെയും കര്‍ശനമായി നടപ്പാക്കണം. വണ്ടികളുടെയും വ്യവസായത്തിന്‍റെയും പുക, ചപ്പുചവറുകള്‍, വനനശീകരണം തുടങ്ങി ഇതിന്‍റെയൊക്കെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതു തന്നെ.

                      ഹിമാലയന്‍ മഞ്ഞുരുകുന്നതു മൂലം ഉത്തരേന്ത്യന്‍ നദികളുടെ ഗതി മാറ്റം, കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അനിയന്ത്രിത ബഹിര്‍ഗമനം മൂലമുണ്ടാകുന്ന ഗ്രീന്‍ഹൌസ്‌ ഇഫെക്റ്റും, തത്ഫലമായുണ്ടാകുന്ന താപ കൂടുതലും, അതു മൂലമുണ്ടാകുന്ന കൂടിയ മഴയും വെള്ളപ്പൊക്കവും, ഒപ്പം തന്നെ കൂടിയ ചൂടു കൊണ്ടു വരാന്‍ പോകുന്ന വരള്‍ച്ചയും, അന്തരീക്ഷത്തില്‍ ഏറോസൊളുകളുടെ വ്യാപനത്തിലുണ്ടാകുന്ന കുറവും തുടങ്ങി അനവധി കാര്യങ്ങള്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപ്‌ സമുഹങ്ങളുടെ സംരക്ഷകരായിരുന്ന കോറലുകളില്‍ 70% നശിച്ചു കഴിഞ്ഞു. വനങ്ങളുടെ നാശത്തിന്‍റെ കണക്കും, ഇതിനോടു കിട പിടിക്കുമെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു.

                       നമുക്കു സ്വന്തമായുള്ളതെന്നു ആകെ പറയാനുള്ളത്‌, നമ്മുടെ നാടാണ്‌. അതു നമ്മുടെ പ്രകൃതിയാണ്‌. ഒരു വംശത്തിനും ഒരു പരിധിയില്‍ കൂടുതല്‍ പ്രകൃതിയില്‍ നിലനില്‍പ്പില്ല, അത്‌ എത്ര ബുദ്ധിയുള്ള വംശമാണെങ്കിലും.വരും തലമുറക്കു കണ്ടു പരിചയിക്കാന്‍ നദികളും, മലകളും, വനങ്ങളും, മൃഗങ്ങളുമെല്ലാമുള്ള നമ്മുടെ ഇന്നത്തെ നാടിന്‍റെ ചിത്രങ്ങള്‍ മാത്രമായിരിക്കരുതു ഉണ്ടകാന്‍. ഒരിക്കലും വരില്ലെന്നു ഞാന്‍ വിശ്വസിച്ച കാലാവസ്ഥ പരിണാമത്തിലൂടെ എന്‍റെ നാടു കടന്നു പോകുമ്പോള്‍, പണ്ടു കവി പാടിയതു അറിയാതെ പാടി പോകുന്നു, "ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി." മലയാളികള്‍ പ്രകൃതി നശിപ്പിക്കുന്നു എന്നു പറയുമ്പോള്‍, ആ പറയുന്ന വ്യക്തിയും ഒരു മലയാളിയാണെന്നത്‌ മറക്കരുത്‌. മറ്റുള്ളവരല്ല, നീ എന്തു ചെയ്യുന്നു? അതാണ്‌ പ്രസക്തം. മുറ്റം ഞാന്‍ കോണ്‍ക്രീറ്റ്‌ ചെയ്യതെ സൂക്ഷിക്കും. പറമ്പിലുള്ള കുളവും, നീരുറവയും സംരക്ഷിക്കും. തരിശാക്കി ഒരിടവും ഇടാതിരിക്കാന്‍ ശ്രദ്ധിക്കും.ഇതാണ് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം.  ഈ യത്നത്തില്‍ നമുക്കൊന്നിച്ചു നില്‍ക്കാം. ഓര്‍ക്കുക, സമയം പൊയ്ക്കോണ്ടേയിരിക്കുന്നു.

2 comments:

  1. അധികാമാരും ശ്രദ്ധിക്കാത്ത , അല്ലെങ്കില്‍ അതിനു ശ്രമിക്കാത്ത ഒരു വിഷയം ... നമ്മുടെ കണ്ണുകള്‍ ഉറക്കെ തുറന്നു പിടിക്കേണ്ട ഒരു സത്യം.
    കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവും അധികം മഴയും വെള്ളപ്പൊക്കവും നേരിട്ട രാജ്യങ്ങളാണ് ബ്രസീല്‍ , ഓസ്ട്രേലിയ , തുടങ്ങിയവ .. ഓസ്ട്രേലിയ അവരുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു ദുരന്തം ആണ് പ്രലയതിലൂടെ അനുഭവിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തന്നെ ശക്തമായ ചുഴലി കൊടുങ്കാറ്റും (യാസി ) വീശിയടിച്ചു .. മഴയ്ക്ക് ശേഷം അടിച്ചു വീശിയ കാറ്റ് പക്ഷെ ചൂട് വിതറിയിരിക്കുന്നു !!! ചൂട് കാറ്റിനു ശേഷം ചിലയിടങ്ങള്‍ തരിശാവുകയും അത് വഴി തീ പിടുത്തവും സംഭവിച്ചിരിക്കുന്നു ... കഥ എന്നൊക്കെ ഇത് വായിക്കുമ്പോള്‍ തോന്നുമെങ്കിലും വളരെ അധികം ഗൌരവം ഈ വിഷയത്തില്‍ നമുക്ക് വേണം എന്നത് ഉറപ്പിക്കുന്നു. പ്രകൃതി ദുരന്തം എന്നത് മനുഷ്യ സൃഷ്ടി തന്നെ എന്നതില്‍ നമുക്കിടയില്‍ ഇനി തര്‍ക്കമില്ല ...

    ചിന്തനീയമായ ഈ പോസ്റ്റിനു വളരെ നന്ദി ....ഭാവുകങ്ങള്‍

    ReplyDelete
  2. നമുക്കു സ്വന്തമായുള്ളതെന്നു ആകെ പറയാനുള്ളത്‌ നമ്മുടെ നാടാണ്‌,നമ്മുടെ പ്രകൃതിയാണ്‌. ഒരു വംശത്തിനും ഒരു പരിധിയില്‍ കൂടുതല്‍ പ്രകൃതിയില്‍ നിലനില്‍പ്പില്ല അത് മനസ്സിലാക്കുമ്പോഴേക്കും നമ്മള്‍ ഒരുപാട് വയ്കി പോകും
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete