സിനിമക്കുള്ളിലെ ജീവിതങ്ങളുടെ കഥകള്‍ കാണിക്കുന്ന സിനിമകള്‍ തമ്മിലുള്ള അകലം, അടുത്ത കാലത്തായി കുറഞ്ഞു വരുന്നതായി തോന്നുന്നു. ഉദയനാണ് താരത്തില്‍ സംവിധായകനാണ് വിഷയമായതെങ്കില്‍, ബെസ്റ്റ് ആക്ടറില്‍ അത് നടനിലേക്കും, വെള്ളരിപ്രാവുകളുടെ ചങ്ങാതിയില്‍ അത് ഫിലിം പ്രോസസ്സിങ്ങിലെക്കും മാറി. ഇവിടെ പ്രധാന വിഷയമാകുന്നത് നിര്‍മാതാവാണ്. കലാപരമായി യാതൊന്നും സിനിമക്ക് നല്‍കുന്നില്ല എന്ന് കലാജീവികള്‍ മുറവിളി കൂട്ടുന്ന നിര്‍മാതാവു, വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് സിനിമയിലുള്ള പങ്കു വെളിച്ചത്തേക്ക് കൊണ്ടുവരുവാന്‍ ഈ ചിത്രം ശ്രമിക്കുന്നു. ഇത്തരം സിനിമകള്‍ കലാപരമായി പിന്നിട്ടു നിന്നാലും, ഇവ കുറച്ചു അറിവ് പകര്‍ന്നു നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ എന്നും മോഹിപ്പിച്ചിട്ടുള്ള, ഇന്നും മോഹിപ്പിക്കുന്ന ഒരു വ്യവസായത്തെ അടുത്തറിയാനുള്ള അവസരവും, ഭാവനയില്‍ ഉടലെടുക്കുന്ന ഒരു ലോകം ശീതീകരിച്ച ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലുള്ള പരിശ്രമവും ഇവ പങ്കു വയ്ക്കുന്നുണ്ട്. ഇവിടെ നായക കഥാപാത്രം നിര്‍മ്മാതാവാകുമ്പോള്‍ പറയാനുള്ളതും ഏറെയാവും. .സിനിമയും മറ്റെല്ലാ വ്യവസായങ്ങളെയും പോലെ ഒരു വ്യവസായം തന്നെയാണ്. മറ്റുള്ളവയില്‍ നിന്ന് ഒരു വ്യത്യാസം മാത്രം. ഒരു വൈദ്യന്‍ രോഗികളോടോ, ബിസ്സിനസുകാരന്‍ ഉപഭോക്താവിനോടോ മാത്രം സംവദിക്കുമ്പോള്‍, എല്ലാത്തരം വ്യക്തികളോടും സിനിമ ഒരേസമയം സംവദിക്കുന്നുണ്ട്. ഒരു കാലത്ത് ചെറുകഥകള്‍ കയ്യടക്കിയിരുന്ന ഒരു സ്ഥാനം. അതിനാല്‍ തന്നെയാണ് സിനിമയോട് വ്യക്തികള്‍ക്ക് ഒരു സ്നേഹക്കൂടുതല്‍.
തികച്ചും സത്യസന്ധനും, സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, നിറഞ്ഞ ആത്മവിശ്വാസമുള്ളവനുമായ മുല്ലശ്ശേരി മാധവന്‍ കുട്ടി എന്ന കഥാപാത്രം, തികച്ചും അപരിചിതമായ സിനിമാ മേഘലയില്‍ നിര്‍മാതാവായി രംഗ പ്രവേശം ചെയ്യുന്നതും, അത് മൂലം കുടുംബത്തിലും ജീവിതത്തിലും സംഭവിക്കുന്ന പ്രശ്നങ്ങളും, അവ തരണം ചെയ്യുന്നതുമാണ് കഥാതന്തു. ഇത്രയും വിവരിച്ചതില്‍ നിന്നും സിനിമ എങ്ങനെയാണ് തുടങ്ങുന്നതെന്നും, പുരോഗമിക്കുന്നതെന്നും, അവസാനിക്കുന്നതെന്നും പതിറ്റാണ്ടുകളായി മലയാള സിനിമയെ സ്നേഹിക്കുന്ന വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. ഇത് തന്നെയാണ് സിനിമയുടെ പരാജയം, അഥവാ തിരക്കഥാകൃത്ത് സ്വാതി ഭാസ്കറിന്‍റെ പരാജയം. എത്ര മികച്ച കഥയാണെങ്കിലും പരമ്പരാഗത വഴികളിലൂടെ നടന്നാല്‍ അതിനൊരു സ്വീകാര്യതയുണ്ടാവില്ല. കാരണം അതെങ്ങനെയാണ് പോവുന്നതെന്നും, എവിടെ ചെന്നെത്തുമെന്നും സാമാന്യ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ മനസ്സിലാവും. ഇനിയും മനോഹരമാക്കി അവതരിപ്പിക്കാവുന്ന ഒരു കഥയായിരുന്നു കുമാര്‍ നന്ദയുടെത് എന്ന് ഞാന്‍ കരുതുന്നു. അവിശ്വസനീയമായ രീതിയില്‍ കഥയില്‍ ഉള്‍ചേര്‍ക്കുന്ന ഗതി മാറ്റങ്ങളും, പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിഞ്ഞവര്‍, നായകന്‍റെ ഗുണഗണങ്ങള്‍ മനസ്സിലാക്കി പെട്ടെന്ന് ഒരു ദിവസം സുഹൃത്തുക്കളാവുന്നതുമായ രീതികള്‍ ദയവു ചെയ്തു തിരക്കഥാകൃത്തുക്കള്‍ മാറ്റണം. ഗ്രാമത്തിലെ ചായക്കടയും, അവിടെയുള്ള കുശലം പറച്ചിലും മടുത്തു തുടങ്ങിയ സിനിമാ പ്രേക്ഷകര്‍ക്ക് ഇത്തരം രീതികളും അരോചകമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സിനിമ ഒരിക്കലും ജീവിതമല്ല, ഇതിന്‍റെ രണ്ടിന്‍റെയും മധ്യത്തില്‍ ഒരു നാടകീയത ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിനെ പ്രേക്ഷകനറിയാതെ കഥയിലെക്കാവാഹിക്കുന്നവന്‍ നല്ല തിരക്കഥാകൃത്ത്. ഇതില്‍ സ്വാതി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം.
തിരക്കഥ മികച്ചു നിന്നില്ലെങ്കിലും, കിട്ടിയതിനെ കോര്‍ത്തിണക്കി മനോഹരമായി അവതരിപ്പിക്കുവാന്‍ കുമാര്‍ നന്ദ എന്ന സംവിധായകന് കഴിഞ്ഞു എന്നതു തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ തെളിവാണ്. അതിനാലാവാം സിനിമ ബോറാവാതെ മുന്നോട്ടു പോവുന്നത്. വികാര വിക്ഷോഭങ്ങള്‍ ദ്രുതഗതിയില്‍ മാറി മറിയുന്ന ഏതാനും രംഗങ്ങള്‍ അല്പം മാറ്റാമായിരുന്നു എന്ന് തോന്നി. അമ്മ മരിക്കുന്നതറിഞ്ഞുള്ള മാധവന്‍കുട്ടിയുടെ പ്രതികരണം, സുരാജിന്‍റെ റോള്‍ എന്നിവ ഉദാഹരണം. പുരഷന്മാര്‍ അലമുറയിടുന്ന സീനുകള്‍ നടകീയമാവാന്‍ സാധ്യത വളരെ കൂടുതലാണ്. ആദ്യപകുതിയില്‍ അല്പം താളം തെറ്റുന്ന കഥ രണ്ടാം ഭാഗത്തില്‍ അതിന്‍റെ നഷ്ടപ്പെട്ടു പോയ താളം കണ്ടെത്തുന്നുണ്ട്. ചില കഥാപാത്രങ്ങളുടെ അവതരണം മികച്ചതായി തോന്നി. ജനാര്‍ദ്ദനന്‍റെയും, ഇന്ദ്രന്‍സിന്‍റെയും റോള്‍ ഇതില്‍ പെടും.
അനൂപ് മേനോന്‍ നല്ലൊരു അഭിനേതാവാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. തുടക്കത്തില്‍ കുടുംബത്തോടുള്ള സ്നേഹ പ്രകടനം, അമ്മ മരിച്ചതിനോടുള്ള പ്രതികരണം എന്നിവയില്‍ അല്പം നാടകീയത തോന്നിയെങ്കിലും, ബാക്കി അവസരങ്ങളിലെല്ലാം അഭിനയം മികച്ചു തന്നെ നിന്നു. മുന്‍ മിസ്സ് കേരള മല്‍സരത്തില്‍ റണ്ണര്‍ അപ്പ് ആയ സോണാല്‍ ദേവരാജ് എന്ന നായികക്ക്, മറ്റെല്ലാ നായക സിനിമകളില്‍ എന്നതു പോലെ തന്നെ ഒരു സഹനടിയുടെ അവസരമേ സിനിമ നല്‍കുന്നുള്ളൂ. ജനാര്‍ദ്ദനന്‍റെ കഥാപാത്രവും, അഭിനയവും മികച്ചു നിന്നു. രംഗങ്ങള്‍ കുറവെങ്കിലും അതിന്‍റെ സ്വാധീനം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്നസെന്റും മികച്ച അഭിനയം കാഴ്ച വെച്ചു. സുരാജിനും, ബാലയ്ക്കുമൊക്കെ സിനിമയില്‍ തലകാണിക്കുക എന്ന ജോലിയെ ഉള്ളു. ലളിത ചേച്ചി മികച്ച അഭിനയം കാഴ്ച വെച്ചു. ഹരിശ്രീ അശോകനും, നിഷാന്ത് സാഗറും ശരാശരിയില്‍ ഒതുങ്ങി.
ശരാശരിയിലും മികച്ച ഒരു പ്രകടനമാണ് ശിവറാം എന്ന ക്യാമറാമാന്‍ നടത്തിയത്. മിക്കവാറും ഫ്രെയിമുകള്‍ മികച്ചതാണ്. അവസാനം, ലാബിന് പുറത്തു നായകന്‍ ഇരിക്കുന്ന ഒരു രംഗം അദ്ദേഹം മികച്ചതാക്കി. എന്നാല്‍ ഡിം ലൈറ്റ് ഫ്രെയിമുകളില്‍ അദ്ദേഹം അല്പം കൂടി ശ്രദ്ധിക്കണമെന്ന് തോന്നുന്നു. മനോഹരമാക്കിയാലും, മോശമാക്കിയാലും അതിന്‍റെ അതിര്‍ത്തികളിലേക്ക് പോവുന്ന ഒരു മേഘലയാണ് അത്. അനീഷ് കൊല്ലത്തിന്‍റെ കലാ സംവിധാനത്തില്‍ ചില പോരായ്മകള്‍ പ്രകടമായുണ്ടായിരുന്നു. പോളിഷ്ട് ടൈല്‍സ് ഇട്ട ആളനക്കമൊന്നുമില്ലാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഏജീസ് ഓഫീസിന്‍റെ ഉള്‍വശം ഒരു വില്ലേജ് ഓഫീസ് പോലെയാക്കിയത് എന്നിവ ഉദാഹരണം. രതീഷ് വേഗ ഈണമിട്ട ഗാനം നല്ലതായി അനുഭവപ്പെട്ടു. പ്രജീഷിന്‍റെ എഡിറ്റിങ്ങും ശരാശരിയില്‍ ഒതുങ്ങുന്നു. ഇന്ദ്രന്‍സ് അണിയിച്ചൊരുക്കിയ വേഷങ്ങളും, സിനിമയുടെ ഔദ്യോഗീക വെബ്സൈറ്റും നന്നായി.
"സിനിമ ഒരു സുന്ദരിയാണ്. അത് നമ്മെ എപ്പോഴും മോഹിപ്പിക്കും. അതിനെ ഒരു നിര്‍മ്മാതാവിന് പല രീതിയില്‍ ഉപയോഗിക്കാം, അതിനെ കമുകിയാക്കാം, ഭാര്യയാക്കാം, വേണമെങ്കില്‍ വേശ്യയുമാക്കാം. എന്നാല്‍ ഒരു നല്ല നിര്‍മാതാവ് എപ്പോഴും അതിനെ ഒരു വേശ്യയായെ കാണാവൂ". സിനിമയില്‍ ജനാര്‍ദ്ദനന്‍ നായകന് നല്‍കുന്ന ഒരു ഉപദേശമാണ്. ആലോചനയില്‍ അതൊരു സത്യമായി തോന്നി. തിരക്കഥാക്രിത്തോ, സംവിധായകനോ, മറ്റു കലാപ്രവര്‍ത്തകരോ ഭാര്യയായോ, കാമുകിയായോ കാണുന്ന സിനിമയെ ഒരു വേശ്യയായി നിര്‍മാതാവ് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്. ഈ സത്യം മനസ്സിലാക്കി തന്നതാണ് സിനിമയുടെ വിജയം. പരാജയം ഞാന്‍ മുകളില്‍ സൂചിപ്പിച്ച തിരക്കഥയും. സിനിമയെ വേശ്യാലയങ്ങളാക്കുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നുണ്ടോ?
review nice. but film pakka bore ayirunnu enikk.. onnum ishtaayilla
ReplyDelete