ഞായറാഴ്ച ദിവസങ്ങളില്‍ എന്‍റെ ദിനച്ചര്യകളെ സമ്പന്നമാക്കുന്നത് ഞായറാഴ്ച കുര്‍ബാനയും, അതിനു ശേഷം സെമിത്തേരിയില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഏതാനം മിനിറ്റു നേരത്തെ പ്രാര്‍ത്ഥനയുമാണ്. പാരമ്പര്യത്തില്‍ അടിയുറച്ച ഈ ഒരു പ്രക്രിയ കൈമോശം വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സെമിത്തേരിയില്‍ കുടുംബ കല്ലറയുടെ മുന്നിലാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രധാനമായും മരിച്ച വല്യപ്പച്ചന്‍റെയും, അമ്മച്ചിയുടെയും രൂപമാണ് മനസ്സില്‍ വരുന്നതെങ്കിലും, പ്രാര്‍ത്ഥനയില്‍ എല്ലാവരെയും ഓര്‍മ്മിക്കാറുണ്ട്. സെമിത്തേരിയില്‍ കുടുംബക്കല്ലറയുടെ സമീപത്തായി അല്‍പ സമയം ചിലവിടുന്നത് നന്മ നിറഞ്ഞ ഒരു അനുഭവവുമാണ്. ഞാനും അവസാനം ചെന്നെത്തേണ്ട കല്ലറയാണ് മുന്നിലുള്ളതെന്ന വിചാരം, പലപ്പോഴും ചിന്തകളിലേക്കും വഴി തെളിക്കാറുണ്ട്. ജീവിതത്തില്‍ സമയമില്ലാതെ പായുന്ന തലമുറയുടെ പ്രതീകമായ ഞാന്‍, ഏറ്റവും കൂടുതല്‍ സമയം ഭാവിയില്‍ ചിലവഴിക്കാന്‍ പോകുന്നിടത്ത്, കുറച്ചു സമയം വെറുതെ ചിലവഴിക്കും. തികഞ്ഞ നിശബ്ദതയും, ഏകാന്തതയുടെ ഗദ്ഗദങ്ങളും മാത്രം കൂട്ടിനുള്ള അവിടം, വിചാരങ്ങളെ തൊട്ടുണര്‍ത്തും. ജീവിതപ്രയാണത്തിന്‍റെ അര്‍ത്ഥശൂന്യതയെ, ജനനവും മരണവും രേഘപ്പെടുത്തിയ ഓരോ കല്ലറയും ഓര്‍മിപ്പിക്കുന്നുണ്ട്.
"കൊച്ച് എവിടുത്തെയാ?". പതിവ് പോലെ ഞായറാഴ്ച, ഒരു സുഹൃത്തിനൊപ്പം കുര്‍ബാനയ്ക്ക് ശേഷം സെമിത്തേരിയില്‍ പ്രാര്‍ത്ഥനാപൂര്‍വം സമയം ചിലവിടുമ്പോഴാണ് ഈ ശബ്ദം എന്നിലേക്ക് വന്നത്. ചിന്തകളില്‍ മുഴുകാറുള്ള എനിക്ക് അത് അല്‍പം ആലോസരമുണ്ടാക്കി. നോക്കിയപ്പോള്‍, കല്ലറയുടെ അടുത്തു തന്നെയുള്ള മറ്റൊരു കല്ലറയിലെ മണ്ണ് എടുത്തു മാറ്റുകയായിരുന്ന വെടി കുഞ്ഞാണ് കക്ഷി. മരിച്ചടക്കുള്ള ദിവസങ്ങളില്‍ അടക്കിനു മുമ്പായി കുടുംബക്കല്ലറയിലെ മണ്ണ് മാറ്റാറുണ്ട്. സുഹൃത്ത് വഴി ഞാനും കുഞ്ഞിനെ പരിചയപ്പെട്ടു. പള്ളിയിലെ എല്ലാമെല്ലാമാണ് കുഞ്ഞെങ്കിലും, എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. പള്ളിയില്‍ കതിനാ പതിവായി പൊട്ടിക്കുന്നതില്‍ നിന്നാണ് വെടി കുഞ്ഞ് എന്ന പേര് ലഭിച്ചത്. കുഞ്ഞും സഹായിയും കല്ലറയില്‍ ഇറങ്ങി നിന്ന് മണ്ണ് കോരുകയാണ്. പതിവിലും സന്തോഷത്തിലാണ് കുഞ്ഞ്. അടക്കുള്ള ദിവസങ്ങളില്‍ കുഞ്ഞിനു ചാകരയാണ്. തലേന്ന് തുടങ്ങുന്ന കുപ്പി പൊട്ടിക്കല്‍, പിറ്റേന്നു മാത്രമേ കഴിയൂ.
അവര്‍ തമാശ പറഞ്ഞു മണ്ണ് കോരുകയാണ്. ഞാന്‍ അല്‍പ സമയം പോയി അത് നോക്കി നിന്നു. ഓരോ കൊട്ട മണ്ണും പുറത്തേക്കു വരുമ്പോള്‍, മനസ്സില്‍ ഒരു ഭീതി. തികഞ്ഞ ഏകാന്തതയുടെ പുറത്താണ് ഇവര്‍ തൂമ്പാ വയ്ക്കുന്നത്. അല്പം കഴിഞ്ഞപ്പോള്‍, തൂമ്പാ അടിയിലുണ്ടായിരുന്ന പെട്ടിയില്‍ മുട്ടി. ഞാന്‍ എന്തോ പുറകോട്ടു മാറി. ചെറുപ്പത്തില്‍, ആരും കാണാതെ സംഘം ചേര്‍ന്ന് പള്ളിയിലെ അസ്ഥിക്കുഴി പൊക്കി നോക്കുമായിരുന്നത് ഓര്‍ത്തു പോയി. അതിലുള്ള തലയോട്ടികള്‍ അന്ന് കൌതുകമുള്ള കാഴ്ചകളായിരുന്നെങ്കില്‍, ഇന്ന് കാലം എന്‍റെ ചിന്തകളെ കൂടുതല്‍ പക്വമാക്കിയിരിക്കുന്നു. പൊന്നു പോലെ സൂക്ഷിക്കുന്ന എന്‍റെ മുഖവും ഒരിക്കല്‍ തലയോട്ടിയായി, അടുത്ത തലമുറയ്ക്ക് കൌതുകമായി നിലകൊള്ളും. അവര്‍ സൂക്ഷിച്ചു കല്ലറയിലെ പഴയ പെട്ടി പൊക്കി മാറ്റുന്നുണ്ട്.
വടക്കേലെ ത്രേസ്യ ചേടത്തി അന്ന് അതിരാവിലെയാണ് മരിച്ചത്. ബോണ്‍ ക്യാന്‍സറായി അഞ്ചാറു മാസമായി ചികല്‍സയിലായിരുന്നു. ജീവിതത്തിന്‍റെ കാലാവധി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിയേണ്ടി വന്ന ദൌര്‍ഭാഗ്യവതികളില്‍ ഒരാള്‍. ഏതൊരു മനുഷ്യനും തകരുന്ന ഒരു നിമിഷമാവും അത്. ചുറ്റുമുള്ള സഹതാപങ്ങള്‍ പിന്നീട് അവരെ ഇഞ്ചിഞ്ചായി കൊല്ലുന്നു. രോഗത്തിന്‍റെ ഭാഗമായി കനത്ത വേദനയും അനുഭവിക്കേണ്ടി വന്നു അവര്‍ക്ക്. ആകെയുള്ളത് സ്ക്കൂളിലും കോളേജിലുമായി പഠിക്കുന്ന ഒരു മകനും, മകളും. വെള്ളം മഞ്ഞുതുള്ളികളായി പെയ്തിറങ്ങിയ ഒരു പ്രഭാതത്തില്‍ അവരും യാത്രയായി, കാലം നല്‍കുന്ന അനാഥത്വം മക്കളുടെ ചുമലില്‍ ഏല്‍പ്പിച്ചുകൊണ്ട്. സമയം ഉച്ചയായി. സംസ്കാര ശുശ്രൂഷകള്‍ വീട്ടില്‍ നിന്നാരംഭിച്ചു.
പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ദേഹം എന്‍റെ കുടുംബക്കല്ലറയുടെ അടുത്തുള്ള കല്ലറയിലേക്ക് എടുത്തു. സംസ്കാര ശുശ്രൂഷയുടെ അന്ത്യമായി. വൈദീകന്‍ ചേടത്തിയുടെ മുഖം വെളുത്ത തൂവാല കൊണ്ട് മൂടി. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും" എന്ന വാക്യങ്ങള്‍, മരിച്ചവരെക്കാള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലല്ലേ. മക്കളുടെ കരച്ചില്‍ ഉച്ചസ്ഥായിലായി. കൂടെയുണ്ടായിരുന്നവര്‍, അമ്മയെ കെട്ടി പിടിച്ചു കരഞ്ഞിരുന്ന മക്കളെ പിടിച്ചു മാറി, ശവം കല്ലറയിലേക്കിറക്കി. ഒരു വ്യക്തിക്ക് ഏറ്റവും അവസാനമായി കിട്ടുന്ന ബഹുമതിയായ ഒരു പിടി മണ്ണും വാരിയിട്ട്, ആളുകള്‍ സാവധാനം യാത്രയായിത്തുടങ്ങി. ആളുകളുടെ എണ്ണം കുറഞ്ഞു വന്നു. ബന്ധുക്കളും, മക്കളും മാത്രം അവസാനം അവശേഷിച്ചു. വെടി കുഞ്ഞും സഹായിയും രംഗപ്രവേശം ചെയ്തു. അവര്‍ കല്ലറയില്‍ മണ്ണ് നിറച്ചു തുടങ്ങി. സമയം പോകെ, കാണികളുടെ വേദിയില്‍ കാല്‍പാടുകള്‍ മാത്രം ശേഷിച്ചു. അവര്‍ ഇരുവരും തമാശകളൊക്കെ പങ്കു വെച്ച് കല്ലറ മണ്ണിട്ട് നിറച്ചു കൊണ്ടിരുന്നു. പള്ളിയില്‍ നിന്നു മരണസൂചകമായുള്ള മണികള്‍ മുഴങ്ങി.
സമയം ഒരരമണിക്കൂര്‍ കഴിഞ്ഞു. പള്ളി വീണ്ടും അണിഞ്ഞൊരുങ്ങി തുടങ്ങി. ആളുകള്‍ക്ക് കുടിക്കുവാനുള്ള വെള്ളവും, അലങ്കരിക്കാന്‍ പുഷ്പങ്ങളും എത്തി കഴിഞ്ഞു. ഒരു വിവാഹ ചടങ്ങിനുള്ള വേദിയാണ് അവിടം. പള്ളി പരിസരങ്ങളില്‍ പതിയെ സന്തോഷം നിറഞ്ഞു തുടങ്ങി. മറ്റൊരു കൂട്ടം ആളുകളും അവിടെ ഒത്തു കൂടിക്കഴിഞ്ഞു. താമസിയാതെ വരനും വധുവും വീട്ടുകാരും എത്തി. വൈദീകനും പ്രാര്‍ത്ഥനാപൂര്‍വം അള്‍ത്താരയിലേക്ക്. വിവാഹ ശുശ്രൂഷകള്‍ ആരംഭിച്ചു. സന്തോഷപൂര്‍വ്വം വരനും വധുവും കൈകള്‍ ചേര്‍ത്തു പിടിച്ചു ദൈവത്തിന്‍റെ മുന്‍പില്‍ പ്രതിഞ്ജാ വാചകങ്ങള്‍ ചൊല്ലി. " ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും, ദുഖത്തിലും..." സെമിത്തേരിയില്‍ കല്ലറയില്‍ മണ്ണ് നിറഞ്ഞു കഴിഞ്ഞിരുന്നു. സ്ലാബു സിമിന്‍റ് തേച്ചുറപ്പിച്ച ശേഷം കുഞ്ഞും സഹായിയും പുറത്തേക്ക്. അവരുടെ ആഘോഷം തുടങ്ങാന്‍ പോകുന്നതേയുള്ളു. ക്ഷണനേരത്തില്‍ വികാരങ്ങള്‍ മാറി മറിയുന്ന ഒരു സാധാരണ മനുഷ്യ മനസ്സിന് തുല്യമായിരുന്നു ആ പള്ളിയും, പരിസരങ്ങളും. ചടങ്ങിനു ശേഷം വിവാഹ ഭക്ഷണത്തിനായി ആളുകള്‍ പുറത്തേക്കിറങ്ങുമ്പോള്‍ സമീപത്തായി കണ്ണുനീര്‍ വീണുണങ്ങിയ മണ്ണും കിടക്കുന്നുണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി, മനുഷ്യന്‍റെ അഹങ്കാരങ്ങളെ പുച്ഛിച്ചു കൊണ്ടു ആ പള്ളി മണിയും.
എന്റെയും സ്വഭാവം ഇത് തന്നെയാ വല്യപ്പനെ കാണാന്‍ കല്ലറക്കല്‍ പോയി ഇരിക്കും
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
"വടക്കേലെ ത്രേസ്യ ചേടത്തി" നിനക്കൊക്കെ സൗകര്യം പോലെ കൊല്ലാനുള്ളതാണോടാ? :-) ടൈറ്റില്‍ കണ്ടപ്പോള്‍ ഒന്ന് ശങ്കിച്ചുവെങ്കിലും സംഗതി കൊള്ളാം..
ReplyDeleteGood one Mr. DKD :)
ReplyDelete"..ജീവിതത്തിന്‍റെ കാലാവധി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിയേണ്ടി വന്ന ദൌര്‍ഭാഗ്യവതികളില്‍ ഒരാള്‍. ഏതൊരു മനുഷ്യനും തകരുന്ന ഒരു നിമിഷമാവും അത്. ചുറ്റുമുള്ള സഹതാപങ്ങള്‍ പിന്നീട് അവരെ ഇഞ്ചിഞ്ചായി കൊല്ലുന്നു"
ReplyDeleteഈ വരികൾ വല്ലാതെ ഇഷ്ടപെട്ടു. വികാരങ്ങൾ മാറി മറയുന്ന ഒരു മനുഷ്യമനസിനു തുല്യമാണു പള്ളിയും. നല്ല നിരീക്ഷണം, ഡാനിയെൽ! പക്ഷെ, അതു തന്നെയല്ലേ വേണ്ടതും? ഒരു മരണത്തിനു ശേഷം രണ്ടാഴ്ചത്തേയ്ക്ക് ആ പള്ളിയിൽ വിവാഹകർമ്മങ്ങൾ നടത്തില്ല എന്നു പറഞ്ഞാൻ എന്താകും അവസ്ഥ?
അഭിനന്ദനങ്ങൾ!
(അവസാന ഖണ്ഡികയിൽ ഒരു വലിച്ചുനീട്ടൽ തോന്നിച്ചു.)