"വര്‍ഗ്ഗീയതയുടെ നിറമെന്താണു ബാബൂജി?", തെക്കന്‍ ഗുജറാത്തിലെ സോമനാഥ് കടല്‍ക്കരയില്‍, അസ്തമയ സൂര്യന്‍റെ ചുമപ്പിനെ സാക്ഷി നിര്‍ത്തി സാം ചോദിച്ചു. "അതു തന്നെ", സൂര്യന്‍റെ, ചുവപ്പിന്‍റെ പ്രഭയെ ചൂണ്ടിക്കാട്ടി ബാബൂജി അറിയിച്ചു. "അത് അല്‍പം താത്വികമായിപ്പോയല്ലോ", സാം പ്രതികരിച്ചു. "കൊന്നൊടുക്കാന്‍ ഭ്രാന്തു പൂണ്ടു തെരുവില്‍ അലയുന്ന ദൈവങ്ങള്‍ക്കു മറ്റെന്തു നിറം കൊടുക്കാനാവും? വര്‍ഗ്ഗീയതയ്ക്കു ദൈവങ്ങളെ കൂട്ടു പിടിക്കുന്നതു തന്നെ ഭ്രാന്ത്. പിശാചുക്കളും ദൈവത്തില്‍ നിന്നു തന്നെ ഉണ്ടായതാണെന്നൊരു സങ്കല്‍പ്പമുണ്ട്. അതിനെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ സമൂഹത്തില്‍ ഇന്നു നടക്കുന്നുള്ളൂ, അഥവാ മാധ്യമങ്ങളില്‍ വരുന്നുള്ളൂ. മീഡിയായ്ക്കും അവരുടെ നിലനില്‍പ്പു ഒരു പ്രശ്നമല്ലേ. " തന്‍റെ കയ്യിലുള്ള കടലപ്പൊതിയില്‍ നിന്നു ഏതാനും വറുത്ത കടല ബാബൂജിയുടെ കയ്യിലേക്കു സാം കൈമാറി. ബാബൂജി ചോദിച്ചു, "അതു പോട്ടെ, ഇന്നു നിനക്കു ഓര്‍മ്മകളുടെ വേദനയാണോ, പ്രതീക്ഷയുടെ സന്തോഷമാണോ ഉള്ളത്?". "ഇവയ്ക്കിടയില്‍ ഒരു നേര്‍ രേഖയിലൂടെ പോകനല്ലേ ബാബൂജി എന്നെ പഠിപ്പിച്ചിട്ടുള്ളത്. അന്നും, ഇന്നും ഞാന്‍ അവയ്ക്കു മദ്ധ്യത്തില്‍ തന്നെ". കടല്‍ക്കരയില്‍ അനേകം കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്. സാമും, ബാബൂജിയും മിക്കവാറും ഈ കടല്‍ക്കരയില്‍ സായാഹ്നം ചിലവഴിക്കാറുണ്ട്. താത്വിക ചിന്തകളും, അവലോകനങ്ങളുമായി അവരുടെ സായാഹ്നങ്ങള്‍ അങ്ങനെ നീണ്ടു പോകാറുമുണ്ട്. എന്നാല്‍ ഇന്നത്തെ സന്ധ്യയ്ക്കു ഒരു പ്രത്യേകതയുണ്ട്. അവന്‍ LLB പരീക്ഷ ഒന്നാം ക്ലാസ്സില്‍ പാസ്സായി കഴിഞ്ഞുള്ള ആദ്യ സന്ധ്യയാണത്.
പിറ്റേന്നു അവന്‍റെ മനസ്സു കലുഷിതമായിരുന്നു. അപ്പച്ചന്‍ സെബാസ്റ്റ്യനും, അമ്മ അന്നയും ജീവനോടെ കത്തിക്കപ്പെടുന്ന, മറവിയുടെ ചാലുകള്‍ക്കു ഇന്നും വിട്ടു കൊടുക്കാത്ത, കുട്ടിക്കാലത്തെ ആ രംഗം സാമിനെ അസ്വസ്ഥമാക്കി. അങ്ങനെയുള്ള സായാഹ്നങ്ങളില്‍ അവന്‍ ഒറ്റയ്ക്ക് കടല്‍ക്കരയില്‍ വന്നിരിക്കും. ബാബൂജിക്കും അതറിയാം. അലറിയടിച്ചു കരയിലേക്കു തള്ളിവരുന്ന തിരകള്‍, നിസ്സഹായമായി പിന്‍വലിയുന്ന നിരന്തരമായ ആ രംഗങ്ങള്‍ അവന്‍ നോക്കിയിരുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനെ ജീവനോടെ എങ്ങനെ കത്തിച്ചു കളയാന്‍ സാധിക്കുമെന്നതു ഇന്നും അവനു ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണ്, അതും സമാധാനത്തിന്‍റെ പ്രതീകമായ ദൈവത്തിന്‍റെ പേരില്‍. അവന്‍റെ പഴമയുടെ ഏടുകളില്‍, സോമനാഥ് ടൌണിലെ സെന്‍റ് മേരീസ് സ്കൂളിലെ അദ്ധ്യാപകരായ അപ്പച്ചന്‍റെയും അമ്മയുടെയും മായാത്ത രൂപങ്ങളുണ്ട്. അപ്പച്ചന്‍ വാങ്ങിത്തന്നിരുന്ന വില കൂടിയ മുട്ടായിയുടെയും, അമ്മ സ്നേഹപൂര്‍വ്വം വിളമ്പിയിരുന്ന കൊണ്ടാട്ടത്തിന്‍റെയും, ഇന്നും വായില്‍ വെള്ളമൂറിക്കുന്ന രുചിയുണ്ട്. അയല്‍വാസികളുടെ സ്നേഹമസ്രണമായ മുഖങ്ങളുണ്ട്.
അന്നു, അവന്‍റെ അമ്മ പതിവിലും ഭയചകിതയായിരുന്നു. തെരുവിലെങ്ങും ആക്രോശങ്ങളും രോദനങ്ങളും. അഗ്നിയുടെ മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ തെരുവിനെ അലങ്കോലമാക്കി. അമ്മ വന്ന പാടെ അവനെയും കൊണ്ടു വീട്ടില്‍ നിന്നിറങ്ങി. കുറച്ചകലെയുള്ള പാട്ടിയുടെ വീട്ടില്‍ അവനെ കൊണ്ടു ചെന്നാക്കി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന പാട്ടിയുടെ കാലില്‍ അമ്മ വീഴുന്നത് ഇപ്പോഴും അവന്‍റെ മനസ്സിലുണ്ട്. തിരികെ അമ്മയുടെ കൂടെയിറങ്ങണമെന്നു വാശി പിടിച്ച അവനെ അമ്മ അത്യന്തം ക്ഷോഭത്തോടെയാണ് അന്നു ശകാരിച്ചത്. തിരികെ പോകുമ്പോള്‍ അമ്മ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ തുടച്ചിരുന്നു. വീടിനുള്ളില്‍ നിന്നു അപ്പച്ചനെയും അമ്മയെയും ആളുകള്‍ വലിച്ചു മുറ്റത്തേക്കു കൊണ്ടുപോകുന്നതു വിദൂരതയില്‍ നിന്നു അവന്‍ നോക്കി കണ്ടു. തീ നാളങ്ങളില്‍ മാംസം കരിയുന്ന ഗന്ധം കലര്‍ന്നപ്പോള്‍ അവന്‍ പാട്ടിയുടെ വീട്ടില്‍ നിന്നിറങ്ങി ഓടി. ആ ഓട്ടം കിലോമീറ്റെറുകള്‍ അകലെയുള്ള രാമകൃഷ്ണ മിഷനിലെ, സ്വാമി ശീര്‍ഷാനന്തയുടെ മുന്നിലാണ് ചെന്നു നിന്നത്. നിന്നു എന്നതു അസത്യമാവും. ക്ഷീണിച്ചു വീഴുകയായിരുന്നു എന്നതാണ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നത്. അവന്‍റെ കഴുത്തിലെ കൊന്ത, സ്വാമിക്കു ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി. ഒട്ടും സമയം പാഴാക്കാതെ സ്വാമി അവനെ എടുത്തു ആശ്രമത്തിലേക്കു കൊണ്ടു പോയി. ആദ്യമേ തന്നെ കൊന്ത ഊരി പെട്ടിയില്‍ വച്ചു.
മുഖത്തു വീണ തണുത്ത ജല കണങ്ങള്‍ കാണാമറയത്തിരുന്ന അവന്‍റെ ബോധത്തെ തിരികെയെത്തിച്ചു. "പേടിക്കേണ്ട. മോനെ ഇവിടെയാരും ഒന്നും ചെയ്യില്ല.", കാവി വസ്ത്രം കണ്ടു ഭയചകിതനായ അവന്‍റെ കുഞ്ഞു നേത്രങ്ങള്‍ നോക്കി സ്വാമി പറഞ്ഞു. "എന്താണ് സംഭവിച്ചത്?", സ്വാമി ആരാഞ്ഞു. നിഷ്കളങ്ക മനസ്സുകള്‍ക്കു മറയില്ല. സംഭവിച്ചത് അവതരിപ്പിച്ച അവന്‍ ഏങ്ങി ഏങ്ങി കരഞ്ഞു. "ഇന്നു മുതല്‍ ഞാന്‍ സാമിന്‍റെ ബാബൂജിയാണ്. ഒരു അച്ഛനെ ദൈവം എടുത്തപ്പോള്‍, മറ്റൊരച്ഛനെ അവിടുന്നു തന്നെന്നു കരുതിക്കൊള്ളൂ. തല്‍ക്കാലം പേരു പുറത്തു, മാറ്റി പറഞ്ഞാല്‍ മതി. ഇവിടെ തന്നെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഉണ്ട്. അവിടെ നിന്നു സാമിനു പഠിക്കുകയും ചെയ്യാം." സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കെല്‍പ്പില്ലാതിരുന്ന അവന്‍ സ്വാമിജിയുടെ നിര്‍ദ്ദേശം അതേ പടി സ്വീകരിച്ചു. ബന്ധങ്ങളുടെ പുതിയൊരു അധ്യായത്തിനാണ് അന്നു തിരശീല ഉയര്‍ന്നത്.
സാം പന്ത്രണ്ടില്‍ പഠിക്കുമ്പോഴാണു അവന്‍റെ മാതാപിതാക്കളുടെ കൊലപാതക കേസ് കോടതി വിചാരണക്കെടുക്കുന്നത്. എല്ലാ ഹിയറിങ്ങുകള്‍ക്കും ബാബൂജി അവനെ മുടങ്ങാതെ കൊണ്ടു പോയി. അവനു നീതി ലഭിക്കണമെന്ന അടങ്ങാത്ത ആവേശം ബാബൂജിക്കും ഉണ്ടായിരുന്നു. ആദ്യമൊക്കെ കൌതുകമായിരുന്ന വക്കീലന്മാരുടെ കറുത്ത ഗൌണുകളെ, അവന്‍ ആരാധനയോടെ നോക്കി കാണുവാന്‍ തുടങ്ങി. തികച്ചും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു വര്‍ഗ്ഗീയ ലഹളയിലാണ് തന്‍റെ മാതാപിതാക്കളുടെ ജീവന്‍ പൊലിഞ്ഞതെന്ന സത്യം കോടതി മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു. അവന്‍റെ സാക്ഷി മൊഴികള്‍, ലോകത്തിനു കുറ്റക്കാരാരെന്നു വ്യക്തമായി കാണിച്ചു കൊടുത്തു. അവന്‍ സ്വാമിജിയുടെ സംരക്ഷണയിലാണു എന്നത് അവനെ ഉപദ്രവിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കി. "ബാബൂജി, ഞാന്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയുടെ LLB കോഴ്സിനു ചേരട്ടെ?", ഒരു സായാഹ്നത്തില്‍ കടല്‍ക്കരയില്‍ വച്ചു അവന്‍ ചോദിച്ചു. "അന്യര്‍ക്കു സഹായമേകുന്ന ഒരു വ്യക്തിയായി നീ മാറണമെന്നു മാത്രമേ എനിക്കാഗ്രഹമുള്ളു. ആഗ്രഹങ്ങളില്‍ നിന്നു തീരുമാനങ്ങള്‍ ഉണ്ടാകട്ടെ. തീരുമാനങ്ങളില്‍ നിന്നു പ്രവര്‍ത്തികളും", ബാബൂജിയുടെ വാക്കുകള്‍ കടല്‍ക്കരയില്‍ അലയടിച്ചു.
കടല്‍ക്കരയിലെ സായാഹ്നങ്ങളില്‍ അവര്‍ തമ്മില്‍ പലപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള മതപരമായ വാദപ്രതിപാദങ്ങളും നടന്നിരുന്നു. ബൈബിളും, ഗീതയും, ഖുര്‍ ആനും മറ്റു മത ഗ്രന്ഥങ്ങളും വച്ചു അവര്‍ അവയെ അടുത്തറിയാന്‍ ശ്രമിച്ചു. പലപ്പോഴും തര്‍ക്കങ്ങളും പിണക്കങ്ങളും ഉണ്ടായി. എന്നാല്‍ അവയൊന്നും ഒരു വറുത്ത കടലപ്പൊതി കൈമാറുന്നതിനപ്പുറം നീണ്ടില്ല. ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും ആ കടല്‍ക്കരയില്‍ ദിവസങ്ങളോളം ചുറ്റിയടിച്ചു. ബാബൂജിയുമായുള്ള സമ്പര്‍ക്കത്തിലൂടെ കൈ വന്ന അഭൂതപൂര്‍വമായ തത്വചിന്തകള്‍ അവന്‍റെ പഠനത്തെയും സഹായിച്ചു. അവരിരുവരും "കെയറിംഗ് ഇന്ത്യ" എന്നൊരു സംഘടനയിലെ അംഗങ്ങളുമായിരുന്നു. മത സംഘര്‍ഷങ്ങള്‍ രാജ്യത്തു ഉടലെടുക്കുന്നിടത്തെല്ലാം അവര്‍ കടന്നു ചെന്നു. കടല്‍ക്കരയില്‍ നബിയും, കൃഷ്ണനും, ക്രിസ്തുവും, ബുദ്ധനുമെല്ലാം കടലപ്പൊതിയും കൈമാറി വിശേഷങ്ങള്‍ പങ്കിട്ടു ചിരിച്ചുല്ലസിച്ചു നടന്നു നീങ്ങുന്ന മനോഹര ദൃശ്യം അവിടങ്ങളില്‍ ഇവര്‍ പകര്‍ന്നു നല്‍കി.
"വൈകിട്ടു നിന്നെ കാണാതെ വന്നപ്പോഴേ ഞാന്‍ ഊഹിച്ചു, നീ ഇവിടെ കാണുമെന്ന്." പരിചിതമായ ആ ശബ്ദം ഓര്‍മ്മകളില്‍ നിന്നും സാമിനെ തിരികെ കടല്‍ക്കരയിലേക്കു കൊണ്ടുവന്നു. ബാബൂജി
തുടര്‍ന്നു, "ഓര്‍മ്മകള്‍ കഥകളാണ്. അതില്‍ പ്രചോദനം നല്കുന്നവ മാത്രമേ വീണ്ടും വായിക്കാവൂ. ശേഷിച്ചവ കടലിന്‍റെ ആഴങ്ങളില്‍ മൂടണം". "ബാബൂജിയെ കണ്ടില്ലെങ്കില്‍ ഇന്നു ഞാന്‍ എവിടെയെത്തിയേനെ എന്നാലോചിക്കുകയായിരുന്നു. ഭൂമിയിലേക്കു ദൈവങ്ങള്‍ ഇറങ്ങി വരുമെന്നു പറയുന്നത് എത്ര ശരി", സാം പറഞ്ഞു. "അഭിനന്ദനങ്ങളോ, പ്രോത്സാഹനങ്ങളോ പ്രതീക്ഷിക്കുന്നവന്‍ മൂഢന്‍. ഈശ്വരന്‍ എന്നോടു കല്‍പ്പിച്ചതു ഞാന്‍ ചെയ്യുന്നു. ഇതു തന്നെ നീയും ചെയ്യുക.",ബാബൂജി അറിയിച്ചു. "ശര്‍മാജി, നമ്മുടെ പൊതി കിട്ടിയില്ല.", സാം, സ്ഥലത്തെ കടല വില്‍പ്പനക്കാരില്‍ പ്രധാനിയായ ശര്‍മാജിയോടു പരാതിപ്പെട്ടു. സാമിനും, ബാബൂജിക്കുമുള്ള ഓരോ പൊതികള്‍ ശര്‍മ എന്നും മാറ്റി വയ്ക്കും. അവര്‍ ആ കടലയും കൊറിച്ചു, കരയെ നിരന്തരം പ്രണയിക്കുന്ന കടല്‍ക്കാറ്റുമേറ്റു തീരത്തുകൂടി നടന്നു.
സബര്‍മതി എക്സ്പ്രസ്സിലെ ഒരു ബോഗി ചുട്ടെരിക്കപ്പെട്ടെന്നും, അന്‍പതിനു മുകളില്‍ സംഘ പ്രവര്‍ത്തകര്‍ വെന്തെരിഞ്ഞു എന്നുമുള്ള വാര്‍ത്ത പിറ്റേന്നു നാട്ടില്‍ പരന്നു. മറവിക്കു വിട്ടുകൊടുക്കാത്ത ആ രംഗങ്ങള്‍ വീണ്ടും സാമിന്‍റെ കണ്മുന്നിലെത്തി. നിരത്തുകള്‍ വിജനമായി. ആളുകള്‍ ആക്രോശിച്ചു നിരത്തിലൂടെ പാഞ്ഞു. തലേന്നു വരെ തോളില്‍ കൈ ഇട്ടിരുന്നവര്‍ വെട്ടി കൊല്ലുവാന്‍ വാളെടുത്തു. പലരുടെയും ജീവിതങ്ങള്‍ അഗ്നി നാളങ്ങളില്‍ അസ്തമിച്ചു. സ്ത്രീകളും, പെണ്‍കുഞ്ഞുങ്ങളും ക്രൂരമായി വ്യഭിചരിക്കപ്പെട്ടു. ഒരു ജനതക്കു സ്വന്തം നാട്ടില്‍ ജീവിതം നിഷേധിക്കപ്പെട്ടു. അന്നും പതിവു പോലെ സാമും ബാബൂജിയും കടല്‍ക്കരയില്‍ ഒത്തുകൂടി. സാമിന്‍റെ കൈവശം അന്നുണ്ടായിരുന്നതു ഒരു ബൈബിള്‍ മാത്രം. ശാന്തമായ കടല്‍ക്കരയില്‍ ആകെ കേള്‍ക്കാനുണ്ടായിരുന്നത് തിരകളുടെ രോഷ പ്രകടനം മാത്രം. സാമിനെയും ഭയം വിഴുങ്ങി തുടങ്ങി. സമാധാനം പ്രസംഗിക്കുന്നവരും തെരുവില്‍ വാളിനിരയായി. "മനസ്സു സംഘര്‍ഷ ഭരിതമാണ്. നീ ബൈബിള്‍ ഒന്നു വായിക്കു", ബാബൂജി പറഞ്ഞു.
സാം കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു ബൈബിള്‍ തുറന്നു. അവനു ലഭിച്ചതു സാമുവേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ പതിനേഴാം അധ്യായമാണ്. ആട്ടിടയനായ ദാവിദ് മഹാപോരാളിയായ ഗോലിയാത്തിനെ നേരിടുന്നതായിരുന്നു ആ രംഗം. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, "ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുന്നേ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യനു പുച്ഛം തോന്നി. എന്തെന്നാല്‍ അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍ മാത്രമായിരുന്നു. ഗോലിയാത്തു ചോദിച്ചു, "എന്‍റെ നേരെ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ?. ഞാന്‍ നിന്‍റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും." അവന്‍ ദേവന്മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. ദാവീദ് പ്രതിവചിച്ചു, "വാളും, കുന്തവും, ചാട്ടൂളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍സേനകളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നാമത്തിലാണു വരുന്നത്. കര്‍ത്താവ് ഇന്നു നിന്നെ എന്‍റെ കയ്യില്‍ ഏല്‍പ്പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്നു ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്‍റെതാണ്. അവിടുന്നു നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കും". തന്നെ നേരിടാന്‍ ഗോലിയാത്ത് അടുക്കുന്നതു കണ്ടു ദാവീദ് അവനെ എതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയില്‍ നിന്നു ഒരു കല്ലെടുത്തു കവണയില്‍ വച്ചു, ഗോലിയാത്തിന്‍റെ നെറ്റിക്കു ആഞ്ഞെറിഞ്ഞു. കല്ലു നെറ്റിയില്‍ തന്നെ തറച്ചു കയറി. അവന്‍ മുഖം കുത്തി നിലം പതിച്ചു. അങ്ങനെ ദാവിദ് കല്ലും കവണയുമായി ഗോലിയാത്തിനെ നേരിട്ട്, അവനെ എറിഞ്ഞു വീഴ്ത്തി." സാം ബൈബിള്‍ മടക്കി ചിന്താമഗ്നനായി.
"സ്നേഹമെന്ന കല്ല് ആശയമെന്ന കവണയില്‍ വച്ചു മതഭ്രാന്ത് പിടിച്ച ഗോലിയാത്തുമാരെ നേരിടാന്‍ നീ മുന്നണിയിലേക്കിറങ്ങുക. നിന്‍റെ കൂടെ സമാധാനത്തിന്‍റെ ശക്തിയുണ്ടാകും", ബാബൂജിയുടെ വാക്കുകള്‍ പിന്നണിയിലുയര്‍ന്നു.
ഭ്രാന്താണ് മുഴുത്ത ഭ്രാന്ത് ... ജാതീ മതം .... അതിനു വേണ്ടിയുള്ള തമ്മില്‍ത്തല്ലല്‍ .
ReplyDeleteഎന്നാണ് മനുഷ്യന്‍ മനുഷ്യനെ മനസിലാക്കുക
ദനീഷ് പറഞ്ഞതാണ് ശരി - വര്‍ഗ്ഗീയതയ്ക്കു ദൈവങ്ങളെ കൂട്ടു പിടിക്കുന്നതു തന്നെ ഭ്രാന്ത് -
ദൈവം സ്നേഹമാണ്.
കലാപത്തിന്റെ നേതാവാണ് നമ്മുടെ അടുത്ത പ്രധാനമന്ത്രി !!!!!!!!
കഥ ഉയരങ്ങളെ തൊടുന്നുവല്ലോ
ReplyDeleteഇഷ്ടമില്ലാത്തവയെയെല്ലാം നിഗ്രഹിക്കുക, എന്നിട്ട് ചോരക്കൈ കഴുകി ചെങ്കോൽ ചുഴറ്റുക!
ReplyDeleteആർക്കുവേണ്ടിയാണ് മനുഷ്യരിങ്ങനെ പരസ്പരം?
മൂഡന്മാൻ, കിരാതന്മാർ....
ആരെയും നോവിക്കാതെ ജീവിക്കാൻ പഠിക്കട്ടെ നാം!