കണ്ണുകള്‍ ദൂരദര്‍ശിനികളാണ്. പുറംകാഴ്ചകളെ ആസ്വദിക്കാന്‍ ഇവ ചെറുപ്പം മുതലേ ഞാന്‍ ഉപയോഗിക്കാറുണ്ട്. എന്‍റെ പ്രധാന ആസ്വാദനങ്ങളിലൊന്നാണത്. കാഴ്ചകളിലെ ഓരോ മുഖങ്ങളും എന്‍റെ ഉപബോധമനസ്സുമായി സൌഹൃദത്തില്‍ ഏര്‍പ്പെടാറുണ്ട്, അവര്‍ അറിയാറില്ലെങ്കില്‍ പോലും. രാവിലെ പല്ലുതേയ്ക്കുമ്പോള്‍ മുതല്‍ രാത്രി ഉറക്കം പിടിക്കുന്നതിനു തൊട്ടു മുന്‍പു വരെ ഞാന്‍ പുറംകാഴ്ചകള്‍ ആസ്വദിക്കുന്നു. അതിനാല്‍ തന്നെ എന്‍റെ ബോധമണ്ഡലത്തിലെ പരിചിതമുഖങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടെന്നു തോന്നുന്നു. കാഴ്ചകളില്‍ പ്രധാനപ്പെട്ടവ അന്നന്നു എന്‍റെ ഡയറിപ്പുറങ്ങളിലും സ്ഥാനം പിടിക്കാറുണ്ട്. അവ പുറംകാഴ്ചകളില്‍ നിന്നും ഞാന്‍ ഒപ്പിയെടുത്ത എന്‍റെ അകംകാഴ്ചകളാണ്.
ബാങ്കിലെ ക്ലെര്‍ക്കായ അച്ഛന്‍റെ ഒരൊറ്റ ശമ്പളത്തില്‍ പുലരുന്ന ഞങ്ങളുടെ നാലംഗ കുടുംബത്തിന്‍റെ അവസ്ഥയാവാം പുറമേ കാണുന്ന ആഢംബരങ്ങളിലേക്കു എന്‍റെ കണ്ണുകളെ ആദ്യം ആകര്‍ഷിച്ചത്. സ്വന്തമായി ശ്രമിക്കാതെ എവിടെയും എത്താനാവില്ല എന്ന ബോധം കുഞ്ഞുന്നാളിലേ മനസ്സിലുറച്ചു. പഠനത്തോടു അന്നു തുടങ്ങിയ താല്‍പ്പര്യം ഇന്നു എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴും കുറഞ്ഞിട്ടില്ല. ചേച്ചി ഭര്‍ത്താവിനോടൊപ്പം സസുഖം വാണപ്പോള്‍, ഞാന്‍ അച്ഛനോടും അമ്മയോടുമൊപ്പം വീട്ടില്‍ തനിച്ചായി. പഠിച്ചു വന്ന സ്ഥലങ്ങളിലെല്ലാം മുന്‍നിരയിലായിരുന്നതിനാല്‍ പഠനം നിര്‍ത്തുവാന്‍ ലവലേശം മനസ്സനുവദിച്ചില്ല. രണ്ടു സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനു പ്രവേശനവും നേടിയിട്ടുണ്ട്. പോകണമെന്നു മനസ്സു കൊണ്ടു ഉറപ്പിച്ചു നില്‍ക്കുമ്പോഴാണു നിറഞ്ഞ പുഞ്ചിരിയുമായി പോസ്റ്റുമാന്‍ അന്നു വീട്ടില്‍ വന്നു കയറിയത്. "ചിലവു ചെയ്യണം. അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ ആണെന്നു തോന്നുന്നു." പി.എസ്.സിയില്‍ നിന്നുള്ള ഒരു കവര്‍ കൈമാറിക്കൊണ്ടു അയാള്‍ അറിയിച്ചു. അതിനു മുകളില്‍ അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ എന്നു എഴുതിയിരുന്നു. അയാള്‍ക്കു ഒരു നൂറു രൂപ കൈമാറി സന്തോഷപൂര്‍വ്വം കവര്‍ പൊട്ടിച്ചു. ട്രഷറി വകുപ്പില്‍ ക്ലെര്‍ക്കായാണു നിയമനം. അതിന്‍റെ പരീക്ഷ എഴുതിയതു പോലും ഞാന്‍ മറന്നു തുടങ്ങിയിരുന്നു.
"സര്‍ക്കാര്‍ ജോലി എന്നതു ചില്ലറ കാര്യമല്ല. ഇത്ര ചെറുപ്പത്തിലെ നീ ഇതു വാങ്ങിച്ചെടുത്തല്ലോ", വിവരം അറിഞ്ഞയുടന്‍ അയല്‍പ്പക്കത്തെ ലീല ചേച്ചി ഓടി വീട്ടില്‍ വന്നു. അച്ഛന്‍റെയും അമ്മയുടെയും വകയായി, വീട്ടില്‍ ആരു വന്നാലും നല്‍കുവാനായി സന്തോഷത്തിന്‍റെ ലഡ്ഢുകള്‍ നിരന്നിരിക്കുന്നുണ്ട്. "സര്‍ക്കാര്‍ ജോലി ഇത്ര വലിയ സംഭവമാണോ", ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും അതിനു പോകുന്നില്ലെന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഉപരിപഠനത്തിനു വേണ്ടിയുള്ള കാര്യങ്ങളില്‍ എന്‍റെ മനസ്സു കൂടുതല്‍ സമയം വ്യാപരിച്ചു. പി.എസ്.സിയില്‍ നിന്നും വന്ന ആ ഒരു കഷണം തുണ്ടു കടലാസ്സുണ്ടാക്കിയ ആരവങ്ങള്‍ അടങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോടു ചോദിച്ചു, "ഒരു ക്ലെര്‍ക്കു പോസ്റ്റു കിട്ടിയതിനു ആള്‍ക്കാര്‍ ഇത്ര അഭിനന്ദിക്കുന്നതെന്തിനാണ്"? "എടാ, എത്ര പേര്‍ കാത്തിരിക്കുന്നു ഒരു സര്‍ക്കാരുദ്യോഗത്തിനു വേണ്ടി. വര്‍ഷങ്ങള്‍ കളഞ്ഞിട്ടും കിട്ടാത്തവര്‍ അതിലുമേറെ. ശമ്പളവും പെന്‍ഷനുമൊക്കെയായി നിന്‍റെ ജീവിതം തന്നെ സുരക്ഷിതമായിരിക്കും", അമ്മ പറഞ്ഞു. "അമ്മ എന്താ ഈ പറഞ്ഞു വരുന്നത്, ഞാന്‍ ഈ പഠനവും കഴിഞ്ഞിട്ടു ഒരു ക്ലെര്‍ക്കു പണിക്കു പോകണമെന്നാണോ"?, എന്‍റെ ശബ്ദം അല്‍പം ഉയര്‍ന്നിരുന്നു. "നീ വന്നു കയറിയ ഐശ്വര്യത്തെ അപമാനിക്കരുത്. ചെറുപ്പത്തിലെ ഇത്ര അഹങ്കാരം നന്നല്ല. ഉപരിപഠനത്തിനു വേണ്ടിയല്ലേ നീ ഈ ബഹളങ്ങള്‍ ഉണ്ടാക്കുന്നത്. അതിനു വേണ്ടി എത്ര രൂപ ലോണ്‍ എടുക്കണം. ഇതൊക്കെ കഴിഞ്ഞു ജോലി കിട്ടിയില്ലെങ്കില്‍, വീടും പറമ്പുമുള്‍പ്പെടെ പോകില്ലേ. നിന്‍റെ അച്ഛന്‍ ഇത്ര നാളും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്താണിത്", അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. "അമ്മെ, എന്‍റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്. എന്താണു ചെയ്യേണ്ടതെന്ന ബോധവുമുണ്ട്. എനിക്കു ജോലി കിട്ടും", ഞാന്‍ തറപ്പിച്ചു പറഞ്ഞു. "അതു നിന്‍റെ വിശ്വാസം. വിശ്വാസങ്ങള്‍ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഒരു തീരുമാനത്തിനു മുന്‍പു നീ രണ്ടു വശങ്ങളും ആലോചിക്കണം", അമ്മ അറിയിച്ചു. പി.എസ്.സിയില്‍ നിന്നു വന്ന ആ കടലാസു അന്നു മുതല്‍ എന്‍റെ ഉറക്കം നശിപ്പിച്ചു തുടങ്ങി. അച്ഛന്‍ ഈ വാദപ്രദിപാദങ്ങളുടെ നടുവില്‍ ഒരു മൂകസാക്ഷിയായി പക്ഷം ചേരാതെ നിലകൊണ്ടു. അച്ഛന്‍റെ അഭിപ്രായം ഒരിക്കല്‍ പോലും അദ്ദേഹം പ്രകടിപ്പിച്ചില്ല.
സമീപത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഞാന്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ജോലിക്ക് പോകുന്നുണ്ട്. ദിവസങ്ങള്‍ കടന്നു പോകെ എന്‍റെ മനസ്സിലും സംഘര്‍ഷം വര്‍ദ്ധിച്ചു. ഉപരിപഠനത്തിനു ശേഷം ജോലി ലഭിക്കുമോ എന്നു എനിക്കും ആശങ്കയായി. എന്തെങ്കിലും കാരണവശാല്‍ ജോലി ലഭിച്ചില്ലെങ്കില്‍ എന്താകും. ഇതാകുമ്പോ നാട്ടില്‍ സ്വസ്ഥമായി കഴിയാം. എന്നാല്‍ മറുവശത്തു എഞ്ചിനീയറിംഗ് വരെ പഠിച്ചത് ഒരു ക്ലെര്‍ക്കു ജോലിക്കു വേണ്ടിയാണോ എന്നുള്ളതും സംഘര്‍ഷത്തിനിടയാക്കി. ഒരു തീരുമാനമെടുക്കേണ്ടേ ദിവസങ്ങള്‍ അടുത്തു വന്നു. എന്നാല്‍ മനസ്സിലെ ഇരുപക്ഷങ്ങളും ഒരു വെടി നിര്‍ത്തലിനു ഇനിയും തയ്യാറായിട്ടില്ല.
ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങിയതു എപ്പോള്‍ മുതലാണെന്നു വ്യക്തമായി ഓര്‍മ്മയില്ല. എന്‍റെ ദൂരദര്‍ശിനികളുടെ പരിചിത മുഖങ്ങളില്‍ പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സ്ഥിരമായി രാവിലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ നിന്നാണു ഞങ്ങള്‍ യാത്രയാകുന്നത്. ഇതു വരെ സംസാരിച്ചിട്ടില്ലെങ്കിലും എന്നും കാണുമ്പോള്‍ ഒരു പുഞ്ചിരി കൈമാറാന്‍ മറക്കാറില്ല. ആ ബസ്സ് സ്റ്റോപ്പില്‍ മറ്റു സ്ഥിരമുഖങ്ങളില്ല എന്നതാവാം അയാളിലേക്കു എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ഷര്‍ട്ട് ഇന്‍സേര്‍ട്ടു ചെയ്തു വൃത്തിയോടെ വേഷം ധരിച്ചു വരുന്ന അയാള്‍, ഏതോ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കാം. കണ്ണുകള്‍ പലപ്പോഴും കള്ളം പറയുന്നതു പോലെ, അയാള്‍ കാഴ്ചകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതുമാവാം. എന്തായാലും ദിവസവും അയാള്‍ക്കു കൈമാറുന്ന പുഞ്ചിരിക്കു മുടക്കം വരുത്താന്‍ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല.
സ്ഥിരമായി പുഞ്ചിരി വിതറുന്ന ആ മുഖം, കുറച്ചു നാളുകളായി ആശങ്കാകുലമായി കണ്ടതാണു അയാളുമായി സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കൈമാറുന്ന പുഞ്ചിരികള്‍ക്കു പലപ്പോഴും മടക്കം കിട്ടാറായി. "എന്തു പറ്റി?", ഒരിക്കല്‍ ഞാന്‍ അയാളുടെ പക്കലെത്തി ചോദിച്ചു. "ഞാന്‍ ഒരു മലകയറ്റ പ്രേമിയാണ് അനിയാ. എന്നോടൊപ്പം എന്‍റെ സുഹൃത്തുക്കളും ശനിയാഴ്ചകളില്‍ മല കയറാന്‍ വരാറുണ്ട്. ആനമുടി കയറണമെന്നാണു എന്‍റെ ആഗ്രഹം. അതിനായുള്ള വഴിയും എനിക്കറിയാം. അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്. കയ്യില്‍ മുറുക്കെ പിടിച്ചാല്‍ സുഹൃത്തുക്കള്‍ക്കും എന്നോടൊപ്പം സുരക്ഷിതമായി മലമുകളില്‍ എത്താനാവും. എന്നാലും അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകുമോ എന്ന്. സമീപത്തുള്ള ടാറിട്ട റോഡിലൂടെ കയറിയാല്‍ മതിയെന്നാണു അവര്‍ പറയുന്നത്. എന്നാല്‍ അതവിടെ എത്തിച്ചേരില്ലെന്നു എനിക്കുറപ്പാണ്. ഇതിന്‍റെ തര്‍ക്കം മൂലം ഞങ്ങള്‍ക്കു ഇതു വരെ മലകയറ്റം തുടങ്ങാന്‍ സാധിച്ചിട്ടില്ല. എല്ലാ ശനിയാഴ്ചകളിലും, ഞങ്ങള്‍ പകുതി വഴിയെത്തി തിരികെ പോരുന്നു. കുറെ ആഴ്ചകളായി എന്‍റെ മലകയറ്റം മുടങ്ങിയിട്ട്", അയാള്‍ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു. "എല്ലാ ആഴ്ചയും മലകയറ്റത്തിനു പോകുന്ന സുഹൃത്തുക്കളോ?", അയാളുടെ വിവരണം കേട്ടു ഞാന്‍ അമ്പരന്നു പോയി. "അനിയാ വണ്ടി വന്നു. ഞാന്‍ പോകുന്നു. എന്തെങ്കിലും പരിഹാരം കണ്ടെത്തിയാല്‍ പറഞ്ഞു തരണം", അയാള്‍ വണ്ടിയില്‍ കയറിക്കൊണ്ടു പറഞ്ഞു.
അന്നു വീട്ടിലെത്തി അച്ഛനോടും, അമ്മയോടുമെല്ലാം ഞാന്‍ അയാളെ പറ്റി പറഞ്ഞു. അവര്‍ക്കെല്ലാം അയാള്‍ ആശ്ചര്യമുണ്ടാക്കി. കിടക്കുമ്പോഴും അയാളെ പറ്റി മാത്രമാണു ഞാന്‍ ചിന്തിച്ചത്. പിറ്റേന്നു കാണുമ്പോഴും അയാള്‍ ദുഖിതനായിരുന്നു. "സ്നേഹിതാ, നിങ്ങള്‍ക്കു പോകേണ്ട വഴികള്‍ വ്യക്തമായി അറിയാമെങ്കില്‍ അതു സുഹൃത്തുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോരെ", ഞാന്‍ അയാളോടു ചോദിച്ചു. "പക്ഷെ അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകില്ലേ എന്നാണു അവര്‍ ചോദിക്കുന്നത്.", അയാള്‍ പറഞ്ഞു. "അവര്‍ക്കു ഭയം ജനിപ്പിക്കുന്നതു താങ്കളുടെ ആത്മവിശ്വാസക്കുറവാണ്. ലക്ഷ്യത്തെ പറ്റിയും അതു നേടാനുള്ള വഴികളെ പറ്റിയും വ്യക്തമായ ധാരണയുണ്ടെങ്കില്‍ കേള്‍ക്കുന്ന ആര്‍ക്കും സംശയം ജനിക്കില്ല. മലമുകളില്‍ എത്താനുള്ള താങ്കളുടെ ആഗ്രഹത്തെ പറ്റിയും, അതിനായി കയറുന്ന വഴികളെ പറ്റിയും താങ്കള്‍ അവരോടു സംസാരിക്കണം. താങ്കള്‍ക്കു അവരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, താങ്കളുടെ പദ്ധതികളില്‍ എവിടെയോ അവ്യക്തതയുണ്ടെന്നു സംശയിക്കാം. ആ അവ്യക്ത ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവണം താങ്കള്‍ ഇനി ശ്രമിക്കേണ്ടത്. ഇന്നു വീട്ടില്‍ പോയി, പോകാന്‍ ഉദ്ദേശിക്കുന്ന പാതയെ പറ്റിയും, അതിലോരോ സ്ഥലത്തു വരാന്‍ സാധ്യതയുള്ള ദുര്‍ഘടങ്ങളെ പറ്റിയും, അവയോരോന്നും എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും തീരുമാനിച്ചുറപ്പിക്കണം. താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കും. പിന്നെ ഭാവി എന്നതു അല്‍പം അപ്രതീക്ഷിതമാണ്. അതിനെപറ്റിയും സുഹൃത്തുക്കളോടു സംസാരിക്കണം", ഞാന്‍ പറഞ്ഞു. അയാളുടെ മുഖത്തു വിഷാദം സാവധാനം മാറിത്തുടങ്ങുന്നതു ഞാന്‍ ശ്രദ്ധിച്ചു.
പിറ്റേന്നു അയാള്‍ ബസ്സ് സ്റ്റോപ്പില്‍ വച്ചു എന്‍റെ പക്കലേക്കു ഓടി വന്നു പറഞ്ഞു, "അനിയന്‍റെ ഉപദേശം പോലെ ഞാന്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. അവര്‍ എന്‍റെ കൂടെ മല കയറാന്‍ വരാമെന്നു സമ്മതിച്ചു". ഞാനും അയാളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ഞാന്‍ ചോദിച്ചു, "താങ്കള്‍ എന്തു ചെയ്യുകയാണെന്നും, എവിടെയാണു താമസമെന്നും ഇതു വരെ ചോദിച്ചില്ലല്ലോ". അയാള്‍ അതിനു ദീര്‍ഘമായൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "അല്ല, അതിനെന്തിനാ താങ്കള്‍ ഇത്ര മാത്രം ചിരിക്കുന്നത്"? ഞാന്‍ വീണ്ടും ചോദ്യം ഉന്നയിച്ചു. അയാള്‍ അല്‍പം ആലോചിച്ച ശേഷം പറഞ്ഞു, "എനിക്കു സ്വന്തമായി ഒരു വ്യക്തിത്വമില്ല. അനിയനോടു ചേര്‍ന്നിരിക്കുമ്പോഴേ ഞാനുള്ളു". അയാള്‍ സാവധാനം മുന്നില്‍ നിന്നു മറഞ്ഞു. ആ ശബ്ദങ്ങള്‍ എന്‍റെ മനസ്സാക്ഷിയില്‍ മുഴങ്ങി.
പിന്നീടൊരിക്കലും ആ സ്റ്റോപ്പില്‍ ഞാന്‍ അയാളെ കണ്ടില്ല.