ഫോണിന്‍റെ തുടര്‍ച്ചയായ ശബ്ദവീചികള്‍ പുലര്‍ച്ചെ തന്നെ എന്‍റെ ഉറക്കത്തെ അലോസരപ്പെടുത്തി. ഏതോ മായാ ലോകത്തു നിന്നും ബോധം വീണ്ടും സാവധാനം യാഥാര്‍ത്ഥ്യത്തിലെക്കുയര്‍ന്നു. "രാഘവേട്ടാ, നിങ്ങളെവിടാണ്? കളക്ട്രെറ്റ് മാര്‍ച്ചിനു കാണുന്നില്ലല്ലോ", ലോക്കല്‍ സെക്രട്ടറി ദിനേശനാണു മറുപുറം. "ദിനേശാ, ഞാനൊന്നു കൊല്ലം വരെ പോവുന്നു", എന്‍റെ ശബ്ദത്തില്‍ ഉറക്കച്ചടവുകള്‍ കലര്‍ന്നിരുന്നു. "നിങ്ങളുടെ ഇത്തരം സ്വകാര്യ പരിപാടികള്‍ കാലേക്കൂട്ടി പാര്‍ട്ടിയെ അറിയിക്കെണ്ടേ? അതിനനുസരിച്ചല്ലേ, നമുക്കു പ്രക്ഷോഭ പരിപാടികളിലെ ആളുകളുടെ ഏണ്ണം നിജപ്പെടുത്താന്‍ സാധിക്കൂ. ഒരു ഉത്തരവാദിത്വപ്പെട്ട മെമ്പറായ രാഘവേട്ടന്‍ കൂടി ഇങ്ങനെ തുടങ്ങിയാല്‍. കൊല്ലത്തൊക്കെ പോകുമ്പോള്‍ സ്വയം സൂക്ഷിക്കാന്‍ മറക്കേണ്ട. പാര്‍ട്ടിയാല്‍ സംരക്ഷിക്കപ്പെടുന്നവനാണു നിങ്ങളെന്നു അറിയാമല്ലോ. അറിയിച്ചിരുന്നെങ്കില്‍ സുരക്ഷിതമായൊരു യാത്രാസൌകര്യം നമ്മള്‍ ഒരുക്കുമായിരുന്നില്ലേ?", ദിനേശന്‍റെ ശബ്ദം അല്‍പം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷോഭിച്ചു എന്നു പറയാനാവില്ല. അല്ലെങ്കിലും പാര്‍ട്ടിയിലെ ഒരു സീനിയര്‍ മെമ്പറായ രാഘവനോടു ആരും അങ്ങനെ ദേഷ്യം കാണിക്കാറില്ല, അഭിപ്രായങ്ങള്‍ ചോദിക്കുക മാത്രമേ ചെയ്യൂ. അതു അദ്ദേഹം ഒരു ബുദ്ധിജീവിയായതു കൊണ്ടല്ല, മറിച്ചു ബഹുമാനം മൂലം മാത്രം. വേഗത്തില്‍ പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ജനലിലൂടെ നല്ലൊരളവു കാറ്റ് അകത്തു പ്രവേശിക്കുന്നുണ്ട്. ഞാന്‍ സാവധാനം പുറം കാഴ്ചകളിലേക്കു മുഖമമര്‍ത്തി, അല്‍പ്പാല്‍പ്പമായി വീണ്ടും ഉറക്കത്തെ പുല്‍കി.
മായാലോകം വീണ്ടും എനിക്കു ചുറ്റും നിറങ്ങള്‍ പടര്‍ത്തി. യൌവ്വനത്തിന്‍റെ, കൌമാരത്തിന്‍റെ എഴുവര്‍ണ്ണങ്ങളുള്ള ലോകം. ചിന്തയും, ബുദ്ധിയും അതിരുകളില്ലാതെ പാറി നടക്കാന്‍ വെമ്പുന്ന കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജു പഠന കാലം. ആ കാലഘട്ടത്തില്‍ മനസ്സു സ്വാഭാവീകമായും സമത്വത്തിന്‍റെയും, സഹവര്‍ത്തിത്വത്തിന്‍റെയും അനുകരണങ്ങള്‍ നല്‍കിയ വിപ്ലവ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കപ്പെട്ടു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എഫ്.ഐയുടെ ക്യാമ്പസ് യൂണിയനിലെ സജീവാംഗം. പഠനത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു മുന്‍ഗണന നല്‍കിയിരുന്ന ചിന്താഗതി. സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനവും, മേധാവിത്വവും മൂലം ക്യാമ്പസ്സില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ബാച്ചിലെ രഘുനന്ദന്‍ മതാധിഷ്ടിത പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ കോളേജില്‍ ആരംഭിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മുതലാണു പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്. പ്രശ്നങ്ങള്‍ ഏറിയും, കുറഞ്ഞും, കോളേജിനെ എന്നും പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്നു.
വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഡി,എഫ്,ഐയുടെ പ്രവര്‍ത്തകരെ ആക്രമിക്കുവാന്‍ കുറച്ചു ഗുണ്ടകള്‍ ഹോസ്റ്റലിനുള്ളിലേക്കു എത്തിയതു ഒരു ജൂണ്‍ മാസ രാത്രിയിലായിരുന്നു. രാത്രിയിലും തോരാതെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചു, ഹോസ്റ്റലിന്‍റെ ഇരുമ്പു ഗേറ്റുകള്‍ തള്ളിത്തുറന്നു അവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെ വെട്ടി. ഒന്നോ രണ്ടോ പേരുടെ കൈകള്‍ അടര്‍ന്നപ്പോഴുണ്ടായ നിലവിളിയില്‍ ഹോസ്റ്റല്‍ ഉണര്‍ന്നു. ഓരോ മുറികളിലായി സ്വരൂപിച്ചിരുന്ന വടിവാളും, കത്തികളുമായി വിദ്യാര്‍ത്ഥി സംഘം പുറത്തേക്കൊഴുകി. നാലുപാടും ചിതറിയ ഗുണ്ടകളെ അവര്‍ പിന്തുടര്‍ന്നു. നിലാവെളിച്ചം പോലും ആവുന്നത്ര ലഭിക്കാതിരുന്ന ആ രാത്രിയില്‍ മതിലിനിടയില്‍ ഒരു ഗുണ്ടയെ അവര്‍ തളച്ചു. അയാളുടെ മുഖം അത്ര കാണാനാവുമായിരുന്നില്ല. "രാഘവാ വെട്ടി കൊല്ലെടാ ആ പന്നിയെ", യൂണിറ്റ് സെക്രട്ടറി അലറുകയായിരുന്നു. മഴവെള്ളത്തില്‍ സാവധാനം രക്തത്തിന്‍റെ ചുവപ്പു കലര്‍ന്നു. ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി എഴുന്നേറ്റൂ. യുവത്വത്തിന്‍റെ മുഴുവന്‍ സമാധാനവും നഷ്ടപ്പെടുത്തിയ, ഞാന്‍ ബോധപൂര്‍വ്വം മറവിക്കു വിട്ടുനല്‍കിയ ആ ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേക്കു വീണ്ടും എത്തിത്തുടങ്ങി. ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍, മനസ്സിനു പഴയ ശക്തിയില്ലായിരുന്നിരിക്കാം.
അന്നു രാത്രി കൊല്ലപ്പെട്ടതു രഘുനന്ദനാണെന്നു പിറ്റേന്നു മാത്രമാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനാണു കൊലയാളിയെന്നു അപ്പോഴേക്കും കോളേജില്‍ പ്രചരിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എന്‍റെ രക്തത്തിനായി പായുമ്പോഴാണു പഠനം തല്‍ക്കാലം മതിയാക്കി ഒരു പാര്‍ട്ടി ഗ്രാമത്തിന്‍റെ സംരക്ഷണത്തിലേക്കു മാറാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. കൊലക്കേസും പാര്‍ട്ടി ഇടപെട്ടു മരവിപ്പിച്ചു. വിറപ്പിക്കേണ്ടവരെ വിറപ്പിക്കാനും, സന്തോഷിപ്പിക്കേണ്ടവരെ സന്തോഷിപ്പിക്കുവാനും, നശിപ്പിക്കേണ്ടവരെ നിഷ്കരുണം നശിപ്പിക്കുവാനും വേണ്ടുവോളമറിയാവുന്ന ഒരു പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലേക്കു അത്രയൊന്നും എത്തി നോക്കുവാന്‍ ശത്രുക്കള്‍ക്കായില്ല.
"ചായ കുടിക്കാന്‍ പത്തു മിനിറ്റുണ്ട്", അറിയിച്ച ശേഷം കണ്ടക്ടര്‍ പുറത്തേക്കിറങ്ങി. ബസ്സു തൃശ്ശൂര്‍ എത്തിയിരിക്കുന്നു. പുലര്‍ച്ചെ കയറിയതിനാല്‍ എനിക്കു വിശന്നും തുടങ്ങി. ബസ്സ് സ്റ്റാന്‍ഡില്‍ തന്നെയുള്ള ശക്തി ഹോട്ടലില്‍ നിന്നു മസാല ദോശയും, ചായയും കുടിച്ചു ഞാന്‍ സാവധാനം പുറത്തേക്കിറങ്ങി. സ്റ്റാന്‍ഡിനു മുന്നിലെ ചെങ്കൊടി, തെളിഞ്ഞ ആകാശത്തു പാറി നില്‍ക്കുന്നുണ്ടായിരുന്നു. എന്‍റെ കൈകള്‍ മുഷ്ടി ചുരുട്ടി അറിയാതെ ആകാശത്തേക്കുയര്‍ന്നു. ചെറുപ്പം മുതലുള്ള ശീലമാണ്. എന്‍റെ ജീവിതം തന്നെ ആ പതാകയില്‍ അലിഞ്ഞിരിക്കുന്നു. ബസ്സില്‍ അധികം താമസിയാതെ ഇരട്ട മണിശബ്ദം മുഴങ്ങി.
ഞാന്‍ കേളപ്പേട്ടനെയും, ദേവകിച്ചേച്ചിയെയും പരിചയപ്പെട്ടതു ആ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. അവരെ പോലെ, പാര്‍ട്ടി പറയുന്നതു അക്ഷരം പ്രതി അനുസരിക്കുന്ന ഒട്ടനവധി ആത്മാക്കള്‍ അവിടെയുണ്ടായിരുന്നു. പാര്‍ട്ടി തന്നെയായിരുന്നു അവരുടെ അന്നദാതാവും, സംരക്ഷകനും. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരായ ആ ഗ്രാമത്തില്‍ ആധുനീകം എന്ന് വിളിക്കാവുന്ന ഒരു സൌകര്യവും ഉണ്ടായിരുന്നില്ല. അവരുടെയിടയില്‍ പ്രവര്‍ത്തിച്ചും, പണിയെടുത്തും സല്‍പ്പേരു സമ്പാദിച്ചെങ്കിലും, പാര്‍ട്ടി പദവികളില്‍ അധികം ഉയരാന്‍ സാധിച്ചില്ല. ദേവകിയുടെ മകള്‍ അഞ്ജനയുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്തതും പാര്‍ട്ടി തന്നെ. എന്തിനും, ഏതിനും ആ സംഘടിത ശക്തി ഒപ്പമുണ്ടായിരുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴുണ്ടാകുന്ന ആ ശക്തി, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും പ്രതീക്ഷയാണ്. ഈ പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന ചിന്ത മുഴുമുപ്പിക്കാന്‍ പോലും എന്നെക്കൊണ്ടു സാധിക്കില്ല. ബസ്സു എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുവാന്‍ അര മണിക്കൂറോളം വണ്ടി നിര്‍ത്തി. ദീര്‍ഘമായ യാത്ര കൈ കാലുകളെ തളര്‍ത്തിയിരിക്കുന്നു. പല ശരീരഭാഗങ്ങളും മരച്ചിരുന്നു. പുറത്തിറങ്ങി കൈകള്‍ വിടര്‍ത്തി ഞാന്‍ ക്ഷീണത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഭക്ഷണ ശേഷം തിരികെയെത്തി അല്‍പ സമയം കണ്ണുകള്‍ അടച്ചു അവയ്ക്കു ഞാന്‍ വിശ്രമം അനുവദിച്ചു.
തിരികെ ബസ്സില്‍ കയറി അല്‍പ സമയത്തിനകം മുപ്പതുകള്‍ പിന്നിട്ട ഒരു യുവാവു സമീപത്തു തിക്കിത്തിരക്കിയിരുന്നു. തീരെ മര്യാദയില്ലാത്ത പ്രകൃതം. സമീപമിരിക്കുന്ന എന്നോടു അല്‍പം പോലും മാന്യത കാണിക്കാതെയാണു അയാള്‍ ഇരുന്നത്. അയാള്‍ സ്വല്‍പ്പം കറുത്തിട്ടാണ്. മുഖത്തെ താടി തീരെ വെട്ടിയൊതുക്കാതെ അയാള്‍ അയാളോടു തന്നെ ദേഷ്യം പ്രകടിപ്പിച്ചു. ഞാന്‍ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചെങ്കിലും, മറുപടി ലഭിച്ചില്ല. അയാള്‍ ടിക്കറ്റ് എടുത്തതില്‍ നിന്നും, കൊല്ലം വരെ അയാള്‍ മാത്രമാണു എന്‍റെ സഹയാത്രികന്‍ എന്നതു വ്യക്തമായി. ഇനിയും നാലഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ദീര്‍ഘനേരമായി ഒറ്റയ്ക്കുള്ള യാത്ര എന്നെ തളര്‍ത്തിത്തുടങ്ങിയിരുന്നു. "കൊല്ലത്താണോ വീട്?", ഞാന്‍ അയാളെ പരിചയപ്പെടാന്‍ ഒരു ശ്രമം നടത്തി. അയാളുടെ പരുഷമായ നോട്ടം, പരിചയപ്പെടാനുള്ള എന്‍റെ എല്ലാ ആവേശവും ശമിപ്പിച്ചു. "ഇങ്ങനെയും മനുഷ്യരുണ്ടോ?", ഞാന്‍ ആത്മഗതം ചെയ്തു. വിരസത അകറ്റാന്‍ ഞാന്‍ വീണ്ടും പുറംകാഴ്ചകളില്‍ മുഴുകി.
വണ്ടി ആലപ്പുഴ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണു ഒന്നു വലിക്കണമെന്ന ആഗ്രഹം കലശലായത്. പത്തു മിനുട്ടോളം സ്റ്റോപ്പുണ്ടെന്നു കണ്ടക്ടര്‍ അറിയിക്കുകയും ചെയ്തു. വിരസത അകറ്റാനുള്ള എന്‍റെ ഏറ്റവും പ്രീയപ്പെട്ട ഒറ്റമൂലിയാണ് ബീഡിവലി. അതിനായി എപ്പോഴും ഒരു പായ്ക്കറ്റ് ബീഡി കൂടെയുണ്ടാവും. ആകാശത്തേക്കും, വായുവിലേക്കുമുയരുന്ന പുകച്ചുരുളുകള്‍, കവിതയും, കഥയും പോലെ മറ്റൊരു മനുഷ്യ കലാസൃഷ്ടിയാണെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. പുരുഷന്മാരുടെ ടോയിലെറ്റിന്‍റെ ഭാഗത്തു മാറി നിന്നു ബീഡി വലിക്കുമ്പോഴാണു, പതുങ്ങിയ ആ ശബ്ദം ഞാന്‍ കേട്ടത്. "ചേട്ടാ ഒരു പഫ് എടുത്തോട്ടെ? വല്ലാത്ത ക്ഷീണം". തിരിഞ്ഞു നോക്കിയപ്പോള്‍, സദാ അരസികനായി കാണപ്പെട്ട എന്‍റെ സഹയാത്രികനാണു അത്. എന്നാല്‍ ഇപ്പോള്‍ അയാളുടെ മുഖത്തു അത്ര ദേഷ്യ ഭാവം കാണുന്നില്ല. "വേണമെങ്കില്‍ ഒരു ബീഡി തന്നെ തരാം", എന്‍റെ സ്നേഹമാസൃണമായ വാഗ്ദാനത്തിനു അയാള്‍ തലയാട്ടി. താമസിയാതെ അവിടെ നിന്നു ഇരട്ട പുകച്ചുരുളുകള്‍ ഉയര്‍ന്നു. അവ വായുവില്‍ വച്ചു കൂടിക്കലര്‍ന്നു.
ബസ്സു യാത്ര പുറപ്പെട്ടപ്പോള്‍, അയാള്‍ എന്നെ പരിചയപ്പെട്ടു. പുകച്ചുരുളുകള്‍ക്കു വായുവില്‍ മാത്രമല്ല, മനുഷ്യരിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നു എനിക്കു മനസ്സിലായി. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ഞാന്‍ പങ്കു വച്ചില്ല. അത്തരം വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കുന്നത് ഒരു ഗുണവും നല്‍കുന്നില്ല എന്നതാണ് അനുഭവം. "താങ്കളുടെ പേരെന്താണ്? എന്തു ചെയ്യുന്നു?", ഞാന്‍ അയാളെ പരിചയപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. "എന്‍റെ പേരു രാമചന്ദ്രന്‍. കൊല്ലത്തു കുണ്ടറയാണു സ്ഥലം. നാട്ടില്‍ അല്ലറ ചില്ലറ ചെറിയ ബിസിനസ്സ് പരിപാടികളൊക്കെയായി പോകുന്നു", അയാള്‍ പറഞ്ഞു. "ഭാര്യയും കുട്ടികളുമൊക്കെ?", എന്‍റെ ചോദ്യത്തിനു അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇനിയും ആയിട്ടില്ല. അതിനെപറ്റിയൊന്നും ഇതുവരെ കാര്യമായി ആലോചിച്ചു തുടങ്ങിയില്ല". "ബിസിനസ്സ് തിരക്കുകളാവുമല്ലേ?", ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നാല്‍ അതിനു അയാള്‍ക്കു മറുപടിയൊന്നുമുണ്ടായില്ല. "ചേട്ടന്‍റെ കുടുംബമൊക്കെ എന്തു ചെയ്യുന്നു?", അയാള്‍ തിരികെയും ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. "ഭാര്യ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. രണ്ടു പെണ്‍കുട്ടികളാണ്. അവര്‍ കോഴിക്കോട് ഡിഗ്രിക്കു പഠിക്കുകയാണ്", ഇതും പറഞ്ഞു ഞാന്‍ പെഴ്സില്‍ നിന്നും കുടുംബ ഫോട്ടോയെടുത്തു അയാളെ കാണിച്ചു. ഇളയ മോളുടെ കോളേജ് പ്രവേശന സമയത്തു, ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ എടുപ്പിച്ചതാണ്. എന്‍റെ മനസ്സു പോലെ എപ്പോഴും കൂടെയുണ്ടാവും ആ മുഖങ്ങളും. "നല്ല കുടുംബം. അസൂയ തോന്നുന്നു", അയാള്‍ ഇതു പറയുമ്പോഴും ഫോട്ടോയില്‍ നിന്നു കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. "ഇത്ര വ്യസനിക്കാന്‍ തനിക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ", ഞാന്‍ പ്രതികരിച്ചു.
ബസ്സു ലക്ഷ്യത്തിലേക്കു എത്തുന്നതനുസരിച്ചു, ഞങ്ങളുടെ സൌഹൃദവും പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ചു. അയാളുടെ മുഖത്തു തുടക്കത്തിലുണ്ടായിരുന്ന ദേഷ്യഭാവം ഇപ്പോള്‍ തീരെ കാണാനാവുന്നില്ല. ചര്‍ച്ചകള്‍ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലൂടെ കടന്നു പോയി. അയാള്‍ എന്‍റെ കുടുംബത്തെക്കുറിച്ചറിയാന്‍ നല്ല ഉത്സാഹം കാണിച്ചു. "അപ്പനും അമ്മയുമൊക്കെ എന്തു ചെയ്യുന്നു?", ഞാന്‍ വളരെ സാധാരണ മട്ടില്‍ ചോദിച്ചതാണെങ്കിലും, അയാളുടെ മുഖം വിഷാദപൂരിതമായി. "അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണു എന്നെ വളര്‍ത്തിയത്. ഞങ്ങള്‍ ഇരട്ട സഹോദരങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരാന്‍ നിരക്ഷരയായ ഒരു സ്ത്രീക്കു ഒരിക്കലും സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസം നേടാന്‍ എനിക്കായില്ല. പ്രായമായപ്പോള്‍ ഓരോ തൊഴില്‍മേഘലകളിലേക്കു ഞങ്ങള്‍ തന്നെ ഇറങ്ങുകയായിരുന്നു". "ആ ചോദ്യം വേണ്ടിയിരുന്നില്ല. പ്രത്യേകിച്ചു, വണ്ടി കൊല്ലം അടുക്കാറായ സ്ഥിതിക്ക്", ഞാന്‍ മനസ്സില്‍ പരിതപിച്ചു.
അസ്തമയ സൂര്യന്‍റെ കിരണങ്ങളാല്‍ അലംകൃതമായിരുന്ന കൊല്ലം സ്റ്റേഷനിലേക്കു വണ്ടി പ്രവേശിച്ചു. ഞങ്ങള്‍ ഇരുവരും ഇറങ്ങി. "പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഇനിയും എവിടെയെങ്കിലും വച്ചു കാണാം", കൈ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങളുടെ വഴികള്‍ ഇനി വ്യത്യസ്തങ്ങളാണ്, ലക്ഷ്യങ്ങളും. പ്രായമായ അമ്മയെ സംരക്ഷിക്കാനായിരിക്കാം അയാള്‍ പോവുന്നത്. ഞാന്‍ എന്‍റെ ഭൂതകാല ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാനും, പറ്റുമെങ്കില്‍ ഈ വൈകിയ വേളയിലെങ്കിലും അവയ്ക്കു പരിഹാരം ചെയ്യാനും. ഫലം ഉറപ്പില്ലാത്ത ഒരു പ്രവര്‍ത്തിക്കിറങ്ങുന്നതിനു മുമ്പുള്ള ഒരു ചങ്കിടിപ്പ്, അത് എന്നില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. കൊല്ലം ടി.കെ.എം. കോളേജ് ലക്‌ഷ്യം വച്ചു ഞാന്‍ അടുത്ത വണ്ടിയില്‍ കയറി.
കോളേജു കവലയില്‍ എത്തുമ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ കോളേജു കെട്ടിടം ഏകദേശം മുപ്പതു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ നേരിട്ടു കാണുന്നത്. പരിസരങ്ങള്‍ക്കു മാറ്റമുണ്ടെങ്കിലും, കോളേജിനു കാര്യമായ ഒരു മാറ്റവും ദൃശ്യമായില്ല. പഠന കാലത്തു താമസിച്ചിരുന്ന എസ്.എസ്. ലോഡ്ജില്‍ ഞാന്‍ മുറിയെടുത്തു. ദീര്‍ഘയാത്രയുടെ ക്ഷീണം അകറ്റാനുള്ള ഒരു കുളിയും കഴിഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി. ഒരു കാലത്തു ഞാന്‍ ചിലവഴിച്ച സ്ഥലങ്ങള്‍ ഒന്നു കൂടെ സമാധാനമായി കാണുവാനും, ചില വിവരങ്ങള്‍ ശേഖരിക്കുവാനും, കോളേജിനു ചുറ്റുപാടും ഞാന്‍ നടന്നു, ഒന്നല്ല പലവട്ടം. എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഹോസ്റ്റല്‍, ഒരു അപരിചിതന്‍റെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പുറമേ നിന്നു കണ്ടു. മങ്ങിയ വെളിച്ചത്തില്‍ കോളേജു മതില്‍ പണ്ടത്തെതുപോലെ ഒന്നു കൂടി ചാടികടക്കാന്‍ മനസ്സു താല്പ്പര്യപ്പെട്ടു. മനസ്സിനെ പൂര്‍ണ്ണമായും അനുസരിക്കുന്ന പ്രായത്തില്‍ നിന്നു ശരീരം വിടുതല്‍ പ്രാപിച്ചു തുടങ്ങിയിരുന്നതിനാല്‍, അത്തരം കാര്യങ്ങള്‍ക്കു ശ്രമിച്ചില്ല. നടന്നു മടുത്തപ്പോള്‍ ഞാന്‍ ഗോപിയേട്ടന്‍റെ ഹോട്ടലിലേക്കു കയറി. പണ്ടു മുതലേ അവിടെയുള്ളയാളാണു ഗോപിയേട്ടന്‍. അത്ര അത്യാധുനീക ഹോട്ടലൊന്നുമല്ല, മറിച്ചു ഒരു സാധാരണ ഭക്ഷണശാല എന്നു പറയാം.
"ഗോപിയേട്ടാ, ഒരു കുറ്റി പുട്ടും, കടലക്കറിയും", പേരു വിളിക്കുന്നതു കേട്ട് ആ വയസ്സന്‍ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി. അയാളുടെ ഓര്‍മ്മകളുടെ ശേഖരിണിയില്‍ ഇങ്ങനെയൊരു മുഖം കണ്ടെത്താനാവാഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, മുഖത്തു ഒരു അപരിചിതത്വം ശേഷിച്ചു. ഭക്ഷണം കൊണ്ടു വരുമ്പോള്‍ അയാള്‍ ചോദിച്ചു, "ആരാണെന്നു അത്ര മനസ്സിലായില്ല". "ഞാന്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ്. വീണ്ടും, പഠിച്ച സ്ഥലങ്ങള്‍ ഒന്നു കൂടി കാണാനായി വന്നതാണ്". ഗോപിയേട്ടന്‍റെ മുഖത്തു സന്തോഷം വിടര്‍ന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഇങ്ങനെ അവിടെ വരാറുണ്ട്. വരുമ്പോഴെല്ലാം ചില്ലറ കയ്യില്‍ തടയാറുമുണ്ട്. ഭക്ഷണ ശേഷം അയാള്‍ക്കു ഇരുനൂറു രൂപയുടെ നോട്ടുകള്‍ കൈമാറിക്കൊണ്ടു ഞാന്‍ ചോദിച്ചു, "പണ്ടു ഇവിടെ കോളേജു ഹോസ്റ്റലില്‍ വെട്ടി കൊല്ലപ്പെട്ട ഒരു രഘുനന്ദനെ ഓര്‍മ്മയുണ്ടോ? ഏകദേശം പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്". അയാള്‍ അപ്പോള്‍ തന്നെ പറഞ്ഞു, "അതെങ്ങനെ മറക്കാനാവും. അതിനു ശേഷം ഇവിടെ കലാപമല്ലായിരുന്നോ, കലാപം. ഒരു മാസത്തോളം ഇവിടുത്തെ ഒരു കടയും തുറന്നിട്ടില്ല. അല്ല എന്തേ ഇപ്പൊ ഇതു ചോദിക്കാന്‍?". "അല്ല, ഞാന്‍ ആ സമയമാണ് ഇവിടെ പഠിച്ചിരുന്നത്. രഘുനന്ദന്‍റെ വീടെവിടെയാണെന്നു ഗോപിയേട്ടനു അറിയാമോ?", ഞാന്‍ ചോദിച്ചു. "അതു നമ്മടെ കുണ്ടറക്കപ്പുറം വാഴക്കാലായിലാണു. വര്‍ഗീയ പാര്‍ട്ടിയുടെ വല്യ പ്രവര്‍ത്തകനായിരുന്നല്ലോ പുള്ളി. പുള്ളിയുടെ ഭാര്യയേയും, മക്കളെയും അതു കഴിഞ്ഞു ആ പാര്‍ട്ടി ഏറ്റെടുത്തു. അവരൊക്കെ ഇപ്പോള്‍ അതിന്‍റെ സജീവ പ്രവര്‍ത്തകരാണ്", അയാള്‍ അറിയിച്ചു. ഗോപിയേട്ടനു സലാം കൈമാറി ഞാന്‍ കടയില്‍ നിന്നിറങ്ങി.
രഘുനന്ദന്‍ ലാട്ടറല്‍ എന്‍ട്രി ആണെന്നറിയാമായിരുന്നെങ്കിലും, അയാള്‍ക്കു ഭാര്യയും, മക്കളുമുള്ള കാര്യം ഇപ്പോഴാണു ഞാന്‍ അറിയുന്നത്. ഞാന്‍ വന്നതിനു എന്താണെങ്കിലും ഒരര്‍ത്ഥമുണ്ടായെന്നു ഞാന്‍ ആശ്വസിച്ചു. അതു പോലെ ഞാന്‍ ചെയ്തതിന്‍റെ ആഴവും, പരപ്പും വളരെ വലുതാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധവും. പിന്നീടു അധിക സമയം അവിടെ ചുറ്റി തിരിയാതെ, ഞാന്‍ തിരികെ ലോഡ്ജിലെ മുറിയിലെത്തി. സുഖകരമായ ഒരു നിദ്ര പ്രതീക്ഷിച്ചു കട്ടിലില്‍ കിടന്നു. പഴയ ഓര്‍മ്മകള്‍ എന്‍റെ ചിന്തയെ വേട്ടയാടിക്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്കു നിപതിച്ചു. പിറ്റേന്നു പുലര്‍ച്ചെ ഞാന്‍ വഴക്കാലായിലേക്ക് പുറപ്പെട്ടു.
വഴക്കാലായില്‍ രഘുനന്ദന്‍റെ വീടു കണ്ടെത്താന്‍ അല്‍പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രതീക്ഷിച്ച പോലെ നന്നേ ചെറിയ ഒരു ഭവനമാണു എന്നെ എതിരേറ്റത്. കാളിംഗ് ബെല്‍ കേട്ടിട്ട് പത്തന്‍പതു വയസ്സായ ഒരു സ്ത്രീ കതകു തുറന്നു. തലയില്‍ അങ്ങിങ്ങായി നരയുടെ നേര്‍ത്ത പൊട്ടുകള്‍ കാണാം. "രഘുനന്ദന്‍റെ ഭാര്യ?", എന്‍റെ സംശയ ഭാവം കണ്ട അവര്‍ ഭാര്യയാണ് എന്നറിയിച്ചു. ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരാതിയ ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും നിശബ്ദത പറന്നു. ഒടുവില്‍ അവരാണു അതിനു വിരാമമിട്ടത്. "ആരാണ്?", അവര്‍ ചോദിച്ചു. എന്‍റെ ശബ്ദത്തെ വര്‍ദ്ധിച്ച ഉമ്മിനീര്‍ ഗദ്ഗദമാക്കി മാറ്റി. ബാഗില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ ഒരു പൊതി അവര്‍ക്കു കൈമാറിക്കൊണ്ടു ഞാന്‍ പറഞ്ഞു, "സഹോദരി, പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു വിവരമില്ലായ്മയുടെ നാളുകളില്‍ ഞാന്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു തെറ്റു ചെയ്തു. എന്‍റെ ജീവിതം കൊണ്ടുള്ള ഒരു ചെറിയ പരിഹാരമാണിത്". ഞാന്‍ പുറത്തേയ്ക്കു നടക്കുമ്പോള്‍ അവരെ തിരികെ നോക്കിയില്ല. അഥവാ തിരകെ നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി സ്ഥബ്ധയായി നില്‍ക്കുന്നത് കഥാകാരന്‍ ഇപ്പോള്‍ കാണുന്നു.
എന്‍റെ മനസ്സിന്‍റെ വലിയൊരു ഭാരമിറങ്ങിയിരുന്നു. അന്നു രാത്രിയിലെ കണ്ണൂര്‍ എക്സ്പ്രസ്സിനാണു ടിക്കറ്റു ബുക്കു ചെയ്തിരിക്കുന്നത്. ശാന്തമായ മനസ്സുമായി ഏതാനും മണിക്കൂറുകള്‍ ആ ലോഡ്ജില്‍ താമസിച്ച ശേഷം രാത്രി ഏഴു മണിയോടെ ബില്‍ സെറ്റില്‍ ചെയ്തു ഞാന്‍ പുറത്തേക്കിറങ്ങി. കോളേജിനു പുറകിലുള്ള വിജനമായ വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. പുറമേ എന്തോ കൊണ്ടു മുറിയുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടി തിരിഞ്ഞത്. "എന്‍റെ അപ്പനെ കൊന്നിട്ടു നീ അങ്ങു തിരിച്ചു പോകാമെന്നു കരുതിയല്ലേ. വെട്ടി കൊല്ലെടാ ഈ പന്നിയേ", ശരീരത്തില്‍ അങ്ങിങ്ങു പാറുന്ന വാളിന്‍റെ ശീല്‍ക്കാരത്തില്‍ എന്‍റെ ബോധം മറഞ്ഞു തുടങ്ങി. വെട്ടുന്ന ഇരട്ട സഹോദരനെയും, അയാളുടെ കൂട്ടാളികളെയും തടയുന്ന രാമചന്ദ്രനെ ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ലെങ്കിലും, രാമചന്ദ്രന്‍റെ കയ്യിലും വാളുണ്ടായിരുന്നു. "വേണ്ടടാ. ഇയാളെ എനിക്കറിയാം. വെട്ടല്ലേ", എന്ന രാമചന്ദ്രന്‍റെ ശബ്ദം അപ്പോഴും കേള്‍വി ശക്തി ശേഷിച്ചിരുന്ന എന്‍റെ കാതുകളില്‍ മുഴങ്ങി. സമയം കടന്നുപോകെ, ചോരയില്‍ കുളിച്ചൊരു ജഢം അനാഥപ്രേതമായി കോളേജു പരിസരത്തു കിടന്നു. ആ ചോരയില്‍ അപ്പനും, അമ്മയും, രണ്ടു പെണ്മക്കളുമടങ്ങുന്ന ഒരു കുടുംബ ചിത്രവും പുതഞ്ഞു കിടന്നു. പരിസരത്തുള്ള, വിപ്ലവത്തിന്‍റെ രക്തം കലര്‍ന്ന ചെങ്കൊടി, അപ്പോഴും ഉയര്‍ന്നു പാറിക്കൊണ്ടിരുന്നു. പല കഥകളും അതില്‍ ആരംഭിക്കുന്നു. അതില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.