Raise our Conscience against the Killing of RTI Activists




Sunday, October 20, 2013

മരിച്ചവന്‍റെ കുപ്പായം


"സമര്‍പ്പണം : എന്നെ കാത്തിരിക്കുന്ന എന്‍റെ മരണത്തിന്", യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പിന്നിലുള്ള പൊടി പിടിച്ച അലമാരകളിലൊന്നില്‍ ആ പി.എച്ച്.ഡി തീസിസ്‌ കണ്ടെത്തിയപ്പോഴുണ്ടായിരുന്ന ജൊനാഥന്‍റെ സന്തോഷം സാവധാനം ആകാംക്ഷയ്ക്കു വഴിമാറി. ആരെങ്കിലും സ്വന്തം തീസിസ്‌ മരണത്തിനു സമര്‍പ്പിക്കുമോ? ലോകത്തുണ്ടായിട്ടുള്ള പല പ്രഗത്ഭരും സാമാന്യ ജനത്തിനു ഭ്രാന്തന്മാരായിരുന്നതു പോലെ ഡോ.കര്‍ത്തായും അല്‍പ്പം എക്സെന്‍ട്രിസിറ്റി പ്രകടിപ്പിച്ചിരുന്നിരിക്കാം. ഭ്രാന്തമായ വിചാരങ്ങളുടെ കൂടിച്ചേരലാണു ബുദ്ധിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങളായുള്ള തിരച്ചിലിനൊടുവിലാണു എണ്‍പതുകളുടെ അവസാനം രചിക്കപ്പെട്ട, കര്‍ത്തായുടെ, ഭാരതസമൂഹത്തിലെ മരണ ആചാരങ്ങള്‍ എന്ന തീസിസ് കണ്ടെടുക്കാനായത്. അയാള്‍ ആ പുസ്തകവുമായി ലൈബ്രറിയിലെ കസേരയിലേക്കു നടന്നു. മേശപ്പുറത്തു നിരന്നു കിടന്നിരുന്ന മാസികകളുടെ മുകളിലേക്കു പഴകിയ ആ പുസ്തകത്തില്‍ നിന്നും പൊടിപടലങ്ങള്‍ അടര്‍ന്നു വീണു. കാലപ്പഴക്കത്തില്‍ അതിലെ പല കടലാസുകളും വിണ്ടു കീറിയിരുന്നു.

പുസ്തകം ഒന്നു മറിച്ചു നോക്കിയതിനു ശേഷം ജൊനാഥന്‍ അയാളുടെ ഗവേഷണ ഗൈഡായ ഡോ.സ്വാമിയുടെ അരികിലേക്കു പോയി. സ്വാമിയാണു കര്‍ത്തായുടെ തീസിസ്‌ ജൊനാഥനോടു കണ്ടു പിടിക്കാന്‍ പറഞ്ഞത്. പതിവിലും പ്രസന്നമായ അയാളുടെ മുഖം കണ്ടു സ്വാമി ചോദിച്ചു, "എന്താണു ജൊനാഥന്‍, പതിവില്ലാത്ത സന്തോഷത്തിലാണല്ലോ". "അതെ സാര്‍. ആ തീസിസ്‌ ഞാന്‍ കണ്ടു പിടിച്ചു. കുറെ തപ്പി", അയാള്‍ പറഞ്ഞു. "കൊള്ളാം. ഭാരതത്തിലെ പുനര്‍ജന്മ വിശ്വാസങ്ങളെ പറ്റിയുള്ള തന്‍റെ ഗവേഷണത്തിനു കര്‍ത്തായുടെ പ്രബന്ധം സഹായിക്കും. കാര്യം ഞങ്ങള്‍ ഒരേ സമയമാണു ഗവേഷണം നടത്തിയതെങ്കിലും ഇപ്പോള്‍ അയാള്‍ എവിടെയാണെന്നു ഒരു വിവരവുമില്ല. മിക്കവാറും വല്ല വിദേശ രാജ്യങ്ങളിലുമായിരിക്കും. ആള്‍ നല്ല ബ്രില്ലയന്റ്റ് ആയിരുന്നു. അയാളെ നേരിട്ടു കണ്ടെത്തി സംസാരിക്കാന്‍ സാധിച്ചാല്‍ വളരെ നല്ലതായിരിക്കും. തല്‍ക്കാലം താന്‍ ആ പ്രബന്ധം ആഴത്തില്‍ മനസ്സിലാക്ക്. കര്‍ത്താ മാസങ്ങളോളം പലയിടങ്ങളിലും പോയി താമസിച്ചു ഉണ്ടാക്കിയതാണത്. പല മരണ ആചാരങ്ങളെയും അവയുടെ അര്‍ത്ഥങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും. അടുത്ത ആഴ്ച നമുക്കിതിനെപറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാം", ഡോ.സ്വാമി ഇന്നല്‍പ്പം തിരക്കിലാണെന്നു തോന്നുന്നു. ജൊനാഥന്‍ മുറിക്കു പുറത്തിറങ്ങി.

തനിക്കു ലഭിച്ച അമൂല്യ വസ്തുവിനെപ്പോലെ അയാള്‍ ആ പ്രബന്ധം കൈകാര്യം ചെയ്തു. അതില്‍ പ്രധാനമായും പല ആദിവാസി വിഭാഗങ്ങളിലെ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പറ്റിയാണു പ്രതിപാദിച്ചിരുന്നത്. ഓരോ ആചാരങ്ങളെയും, അവയുടെ അര്‍ത്ഥങ്ങളെയും കുറിച്ചു വളരെ ആഴത്തില്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതിലൂടെ മരണത്തിനു തത്വചിന്താധിഷ്ടിതമായ ഒരു ഉത്തരം നല്‍കുവാനായിരിക്കാം കര്‍ത്ത ശ്രമിച്ചിരിക്കുന്നത്. താളുകള്‍ക്കിടയിലൂടെ കണ്ണോടിച്ചപ്പോഴാണു, പ്രബന്ധ രചനാ സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു മരണാന്വേഷണ അനുഭവങ്ങള്‍ എന്ന പേരില്‍ കര്‍ത്താ രചിച്ച പുസ്തകം ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതു ജൊനാഥന്‍ ശ്രദ്ധിക്കുന്നത്. ആ പുസ്തകം അന്വേഷിച്ചു അയാള്‍ പല പുസ്തക സ്ടാളുകളിലും അലഞ്ഞെങ്കിലും ലഭിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണു അയാള്‍ ഡി.സി. ബുക്സിനു കത്തയച്ചത്. ആവശ്യത്തിനു കോപ്പികള്‍ വിറ്റഴിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പുസ്തകത്തിന്‍റെ പ്രസാധനം നിര്‍ത്തി വച്ചു എന്നുള്ള മറുപടിയാണു പുസ്തക കമ്പനിയില്‍ നിന്നും തിരികെ ലഭിച്ചത്. ഗവേഷണ ആവശ്യത്തിനാണെന്നും, ഏതെങ്കിലും കോപ്പികള്‍ നിലവിലുണ്ടെങ്കില്‍ അയച്ചു തരണമെന്നുമുള്ള ജൊനാഥന്‍റെ ആവശ്യം അവസാനം ഫലം കണ്ടു. പുസ്തക കമ്പനിയില്‍ നിന്നും പഴയ ഒരു പുസ്തകം ബുക്ക്‌ പോസ്റ്റായി അയാളെ തേടിയെത്തി. കര്‍ത്തായുടെ ചിത്രം അതില്‍ അയാള്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പ്രബന്ധത്തോടൊപ്പം അയാള്‍ ആ പുസ്തകവും പഠന വിധേയമാക്കി. ജൊനാഥന്‍ പുസ്തകത്തിന്‍റെ ആമുഖം വ്യക്തമായി വായിച്ചു, "നമ്മുടെ സമൂഹത്തില്‍ ഇത്രയധികം വിചിത്രമായ  മരണാനുഷ്ടാനങ്ങള്‍ നിലവിലുണ്ടെന്നത് എനിക്കു പുതിയൊരു അറിവായിരുന്നു. മരണവുമായി ബന്ധപ്പെട്ടു ഭാരതത്തിലെ പല സ്ഥലങ്ങളില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളെ പഠന വിധേയമാക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശ്യമെങ്കിലും, അവ എന്നെത്തന്നെ മാറ്റി മറിച്ചു കളഞ്ഞു. മരണത്തിനു മാത്രം ഒരു മിസ്റ്റിക്ക് ശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെയാവാം അവ മനുഷ്യനു പൂര്‍ണ്ണമായും പിടി തരാതെ ഒളിഞ്ഞു നടക്കുന്നത്. പല വിധ വിശ്വാസങ്ങളില്‍ എവിടെയെങ്കിലും യഥാര്‍ത്ഥ മരണം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അവയെ മനസ്സിലാക്കാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്."

പല അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള ആ പുസ്തകത്തിന്‍റെ ആരംഭ ഭാഗങ്ങളില്‍, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളുടെ ചടങ്ങുകളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളാണു പ്രതിപാദിച്ചിരുന്നത്. ഇവയെ പറ്റി നല്ല ഒരു ബോദ്ധ്യം ജൊനാഥനു ഉണ്ടായിരുന്നതിനാല്‍, ഈ അദ്ധ്യായങ്ങള്‍, അയാളില്‍ താല്‍പ്പര്യം ജനിപ്പിച്ചില്ല. പുസ്തകത്തിന്‍റെ താളുകള്‍ അയാള്‍ അതിവേഗം മറിച്ചു വിട്ടു. ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളുടെ ചടങ്ങുകളും അതിനു വേണ്ടി വന്ന യാത്രകളെ പറ്റിയും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. വിചിത്ര അനുഷ്ടാനങ്ങലുള്ള ശൈവ സന്യാസിമാരെപ്പറ്റിയുള്ള ഭാഗം അയാളെ ആകര്‍ഷിച്ചു. ശവങ്ങളുടെ മാംസം കഴിക്കുക എന്നതു അവര്‍ക്കിടയില്‍ ചില വിഭാഗങ്ങളിലുണ്ടെന്നു പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. അതിനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും, എന്തിനുവേണ്ടി അവര്‍ അപ്രകാരം ചെയ്യുന്നു എന്നും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ വായിച്ചപ്പോള്‍, കര്‍ത്താ ഈ പ്രബന്ധത്തിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനമാണ് അയാളുടെ മനസ്സിലൂടെ പോയത്.

പുസ്തകത്തിന്‍റെ അവസാന ഭാഗങ്ങളിലാണു പുറം ലോകത്തിനു അധികം അറിവില്ലാത്ത ആദിവാസി ഗോത്രങ്ങളുടെ മരണാനുഷ്ടാനങ്ങളെ പറ്റി പ്രതിപാദിക്കുന്നത്. ഡോ.കര്‍ത്താ അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "എന്‍റെ പ്രൊഫസര്‍ ഡോ.രംഗനാഥന്‍ പറഞ്ഞപ്പോഴാണു, വയനാടന്‍ പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്ന ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിചിത്രമായ അനുഷ്ടാനങ്ങള്‍ മരണവുമായി ബന്ധപ്പെട്ടുണ്ടെന്നു ഞാന്‍ അറിയുന്നത്. ഇവയെപ്പറ്റി കൂടുതലറിയാന്‍ വയനാട്ടിലെ ഫോറസ്റ്ററായ സന്തോഷിനെ എനിക്കു പരിചയപ്പെടുത്തി തന്നതും പ്രൊഫസര്‍ തന്നെ. മഴക്കാലമായിരുന്നതിനാല്‍, വയനാട്ടിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ചുരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു കിടന്നിരുന്നു. സന്തോഷ്‌, ചുരത്തിനു മുകളില്‍ത്തന്നെ കാത്തു നിന്നിരുന്നതു വലിയ അനുഗ്രഹമായി. ദീര്‍ഘ യാത്രയുടെ ക്ഷീണം ശമിപ്പിക്കാന്‍ ഞങ്ങള്‍ മുത്തങ്ങയിലുള്ള ഫോറസ്റ്റ്‌ ബംഗ്ലാവിലേക്കു പോയി. രാത്രിയുടെ തണുപ്പിനെയും, മഴയെയും ശമിപ്പിക്കാന്‍ അല്‍പ്പം മദ്യ സേവ നടത്തിയെങ്കിലും, ഞങ്ങളുടെ സംഭാഷണങ്ങള്‍ പ്രധാനമായും ആദിവാസി വിഭാഗങ്ങളെ പറ്റിയായിരുന്നു. സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചിലവിടുമ്പോഴും, അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരായി ഇവര്‍ തുടരുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം തികച്ചും വിരോധാഭാസകരമായി. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ആദിവാസികളെ പരിചയപ്പെടുന്നതിനു വേണ്ടി അവരുടെ കുടിയിലേക്കു യാത്രയായത്. 

സന്തോഷിനു ആദിവാസികളുടെയിടയില്‍ പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അവരുടെ മൂപ്പന്‍റെ അടുത്ത സുഹൃത്തായിരുന്നതോ, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതോ ആവാം കാരണം. ഓല മേഞ്ഞ കുടിലുകളും, നിരക്ഷരരായ മനുഷ്യരും ഞങ്ങളെ സ്വാഗതം ചെയ്തു. മനുഷ്യര്‍ എന്ന് വിളിക്കാമെങ്കിലും, അവര്‍ അനുഭവിക്കുന്ന യാതൊരുവിധ സൌകര്യങ്ങളോ, അവകാശങ്ങളോ ആദിവാസികള്‍ക്കുള്ളതായി തോന്നിയില്ല. മൂപ്പനാണു കുടിയിലെ അവസാന വാക്ക്. കാട്ടില്‍ നിന്നു കണ്ടെത്തുന്ന തേന്‍ പ്രധാന വരുമാന മാര്‍ഗ്ഗവും. കാട്ടുകിഴങ്ങും, അരുവിയിലെ വെള്ളവും അവര്‍ ഭക്ഷണമാക്കുന്നു. സ്ത്രീകളില്‍ പലരും മാറു മറച്ചിട്ടില്ല. അവരെ പറ്റി പഠിക്കാന്‍ നാട്ടില്‍ നിന്നു വന്ന ഗവേഷകനാണെന്നും, എല്ലാ വിധ സൌകര്യങ്ങളും നല്‍കണമെന്നും, മൂപ്പനോടു സന്തോഷ്‌ പറഞ്ഞു. നേരം വൈകിയപ്പോള്‍ ഞങ്ങള്‍ തിരികെ ഗസ്റ്റ് ഹൌസിലേക്ക് പോന്നു. പഠന വിഷയം മരണമായിരുന്നതിനാല്‍, എന്‍റെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തികള്‍ മരണത്തെ പേടിക്കുമ്പോള്‍ അതിനു വിപരീതമായി മരണത്തെയും കാത്തു ഞാന്‍ ആ ഗസ്റ്റ് ഹൌസില്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിയേ, അവരുടെയിടയിലെ യുവത്വത്തിന്‍റെ പ്രതീകമായ കേളുവുമായി ഞാന്‍ സൗഹൃദത്തിലായി. പിന്നീട് എനിക്കാവശ്യമായ സഹായങ്ങളും, വിവരങ്ങളും നല്‍കിയിരുന്നത് അവനായിരുന്നു. ഞാന്‍ മുത്തങ്ങയിലെത്തി ഒരു മാസത്തിനു ശേഷമാണു അവിടെ ഒരു മരണം നടക്കുന്നത്. അറിഞ്ഞയുടന്‍, ഞാന്‍ രണ്ടു മൂന്നു ദിവസത്തെക്കാവശ്യമായ സാധനങ്ങളുമായി, കേളുവിനൊപ്പം വനത്തിലേക്കു പോയി.  

കുടിയിലെ തലമുതിര്‍ന്ന അംഗമായ ജാനുവാണു മരിച്ചിരിക്കുന്നത്. കാര്യമായ വിലപിക്കലുകളോ, അലമുറയിടലോ അവിടെ കണ്ടില്ല. പുനര്‍ജന്മത്തില്‍ ശക്തമായി വിശ്വസിക്കുന്നതു കൊണ്ടാവാം ഇങ്ങനെ. മരിച്ചവരുടെ പാപങ്ങള്‍ തീരാന്‍, അവരെ കഴുകന്മാര്‍ ഭക്ഷിക്കണമെന്നാണു, അവരുടെ വിശ്വാസം. അതിനാല്‍ തന്നെ മരണ ശേഷം ശരീരങ്ങള്‍ വൃത്തിയാക്കി, വസ്ത്രങ്ങള്‍ മാറ്റി അവിടുത്തെ പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നു. മാംസം ചീയുന്ന ഗന്ധം, അവയുടെ യജമാനന്മാരായ കഴുകന്മാരെ വിളിച്ചു വരുത്തും. അവസാനം അവിടെ എല്ലുകള്‍ മാത്രം അവശേഷിക്കുന്നു. ആഴ്ചകള്‍ക്കു ശേഷം അവര്‍ ആ എല്ലുകള്‍ മറ്റൊരിടത്തു നിക്ഷേപിക്കുന്നു. വിചിത്രമായ മറ്റൊരാചാരം, മരണത്തോടനുബന്ധിച്ചു ബന്ധുക്കളായ പുരുഷന്മാര്‍ അവരുടെ കൈവിരലുകള്‍ മുറിക്കുന്നുവെന്നതാണ്. ഓരോ മരണത്തിനും ഓരോ വിരലുകളായി മുറിക്കുന്നു. കൈകള്‍ കൂട്ടികെട്ടിയ ശേഷം, വാളുപയോഗിച്ചാണു മുറിക്കുന്നത്. ഹൃദയഭേദകമായ ദൃശ്യമായിരുന്നെങ്കിലും അവയെ എതിര്‍ക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അവരെ പറ്റി പഠിക്കുവാന്‍ വേണ്ടി മാത്രം വന്ന വ്യക്തിയാണല്ലോ. 

ഈ ചടങ്ങുകള്‍ അവസാനിച്ചു ഞാന്‍ തിരികെ പോകാന്‍ നില്‍ക്കുമ്പോഴാണു, മറ്റൊരു ആദിവാസി വിഭാഗമായ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിലെ മൂപ്പന്‍ മരിച്ച വിവരം കേളു എന്നോടു പറയുന്നത്. തനിമയും, വ്യക്തിത്വവും വളരയധികം കാത്തു സൂക്ഷിക്കുന്ന അവര്‍, പുറം ദേശക്കാരെ അവരുടെയിടയിലേക്കു തീരെ അടുപ്പിക്കാറില്ല, പലപ്പോഴും അവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മൂപ്പന്‍റെ ശവമടക്കു വളരെ പ്രത്യേകതകളോടു കൂടിയതാനെന്നും, കണ്ടിട്ടേ പോകാവൂ എന്നും കേളു നിര്‍ബന്ധിച്ചു. ഉള്ളില്‍ ചെറിയ ഭയം നിലനിന്നിരുന്നതിനാല്‍, ഞാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, അയാള്‍ കൊണ്ടുപോകാമെന്നറിയിച്ചപ്പോള്‍, ഞാന്‍ യാത്രയ്ക്ക് തയാറായി. ഒരു പക്ഷെ, പുറം ലോകത്തു നിന്നു ആദ്യമായൊരാള്‍ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിടയില്‍ കടക്കാന്‍ പോകുന്നു. ഇതെന്‍റെ പ്രബന്ധത്തിനൊരു മുതല്‍ക്കൂട്ടാവും. 

കേളുവെന്ന ഒറ്റയൊരാളുടെ പരിശ്രമം കൊണ്ടാണു എനിക്കവിടെ പ്രവേശനം കിട്ടിയതെന്നു എടുത്തു പറയണം. അവന്‍ അര മുക്കാല്‍ മണിക്കൂറോളം അവരുടെ തനതു ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവര്‍ എന്നെ പ്രവേശിപ്പിച്ചെങ്കിലും, കാര്യമായ ഒരു സഹകരണവും കാണിച്ചില്ല. അവന്‍ മാത്രമായി എന്‍റെ ഏക ആശ്രയം. അവിടെ കണ്ട ചില കാഴ്ചകള്‍ കരളലിയിക്കുന്നതായിരുന്നു. മൂപ്പന്‍ മരിച്ചു കഴിഞ്ഞാല്‍ ശവ ശരീരം വിവസ്ത്രമാക്കിയ ശേഷം, അവര്‍ താല്‍ക്കാലികമായി കുഴിച്ചു മൂടും. അതിനു ശേഷം കുടിയില്‍ നിന്നൊരു കന്യകയെ മൂപ്പന്‍റെ പര ലോകത്തെ സേവകിയായി തിരഞ്ഞെടുക്കുന്നു. ഇത്രയും ചടങ്ങുകള്‍ ഞാന്‍ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. കടന്നു വന്നപ്പോള്‍ കണ്ട കാവലോടെയുള്ള പെണ്‍കുട്ടിയാണു ആ കന്യകയെന്നു ഞാന്‍ പിന്നീടാണു തിരിച്ചറിഞ്ഞത്. അവളെ നിര്‍ബന്ധിപ്പിച്ചു കൂടിയ അളവില്‍ മദ്യം സേവിപ്പിക്കുന്നുണ്ടായിരുന്നു. 

അതിനു ശേഷം അവള്‍ ഓരോ വീട്ടിലും പോയി അനുവാദം വാങ്ങണം. വീട്ടിലുള്ള ഓരോ പുരുഷന്മാരും അവളെ പീഢിപ്പിക്കും. ഞാന്‍ മൂപ്പനെ സ്നേഹിക്കുന്നെന്നു പറയുക എന്നും പറഞ്ഞാണു ഈ ചടങ്ങ്. ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി അത്യന്തം വഷളായി വരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ സാവധാനം എന്‍റെ കാഴ്ചയില്‍ നിന്നും മായ്ച്ചു. എനിക്കു ചുറ്റും നിരന്നിരുന്ന കുന്തങ്ങള്‍ അതു മായ്പ്പിച്ചു കളഞ്ഞു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പിന്നീടവളെ പത്തു ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ കാണുന്നത്. അവളെ മൂപ്പന്‍റെ, അല്ലെങ്കില്‍ മരിച്ചവന്‍റെ കുപ്പായമായാണ് അവര്‍ പരിഗണിക്കുന്നത്. പത്താം ദിവസം, മൂപ്പന്‍റെ അടക്കിയ മൃതദേഹം മണ്ണില്‍ നിന്നും മാന്തി പുറത്തെടുത്തു. ചീഞ്ഞു തുടങ്ങിയിരുന്ന ആ ശരീരം അസഹ്യമായ ദുര്‍ഗന്ധം പുറപ്പെടുവിച്ചു. പെണ്‍കുട്ടിയെ ആ ശരീരത്തോടു കൂട്ടികെട്ടി കുപ്പായമാക്കി. അതിനു ശേഷം മണ്ണിട്ടു മൂടി. ആ രംഗങ്ങള്‍ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും എനിക്കു കഴിയുന്നില്ല. ഒരു കൊലപാതകം കാണുന്നതിന്‍റെ ദൈന്യത അവിടെ ആരുടെ മുഖത്തും പ്രകടമായില്ല. പെണ്‍കുട്ടിയുടെ കുടുംബമാണെന്നു തോന്നുന്നു, ഒരു കുടുംബം മാത്രം മാറി നിന്നു വ്യസനിക്കുന്നുണ്ടായിരുന്നു. ജീവിക്കുന്നവര്‍ മരിച്ചവന്‍റെ കുപ്പായമാകുന്ന വിചിത്രമായ ആ കാഴ്ച എനിക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ചീഞ്ഞളിഞ്ഞ ആ മൃതശരീരം ദൂരെ മാറി നിന്ന എന്നെക്കൊണ്ടു വരെ ശര്‍ദ്ദിപ്പിച്ചെങ്കില്‍, ഒരു പെണ്‍കുട്ടിയോടു അവര്‍ക്കിതു എങ്ങനെ ചെയ്യാനാവും?"

ജൊനാഥന്‍ സാവധാനം ആ പുസ്തകം അടച്ചു. പ്രത്യേകമായൊരു മാനസീകാവസ്ഥയിലായിരുന്ന അയാള്‍ ഡോ. കര്‍ത്തായെ കണ്ടെത്താന്‍ ആഗ്രഹിച്ചു. യൂണിവേഴ്സിറ്റിയില്‍ കര്‍ത്തായുടെ വിലാസം തിരഞ്ഞെങ്കിലും, ലഭിച്ചില്ല. അയാള്‍ രാജ്യത്തിനു പുറത്തെവിടെയെങ്കിലുമായിരിക്കുമോ എന്ന സംശയത്തില്‍ ഇന്‍റെര്‍നെറ്റില്‍ പരതിയെങ്കിലും, അവിടെ നിന്നും മറുപടി ലഭിച്ചില്ല. ചുരുക്കത്തില്‍ കര്‍ത്തായെ പറ്റി ഇന്നാര്‍ക്കും വലിയ വിവരമില്ല. പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സന്തോഷ്‌, വനംവകുപ്പില്‍ നിന്നും വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇത്ര പ്രഗല്ഭനാണെന്നു, ജൊനാഥന്‍റെ ഗൈഡായ സ്വാമി വരെ പറയുന്ന കര്‍ത്താ, ഏതെങ്കിലും ഉയര്‍ന്ന നിലയിലായിരിക്കുമെന്നത് ഉറപ്പാണ്. വിദേശ സര്‍വകലാശാലകളുടെ അദ്ധ്യാപക പട്ടികയില്‍ പരതിയെങ്കിലും, അവിടെയും നിരാശയായിരുന്നു ഫലം.

ആഴ്ചകള്‍ക്കു ശേഷമാണു പണ്ടു കര്‍ത്താ സഞ്ചരിച്ച വഴികളിലൂടെ ഒന്നു കൂടി യാത്ര ചെയ്യാന്‍ ജൊനാഥന്‍ തീരുമാനിക്കുന്നത്. ഇതിനു സ്വാമിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വാമിയുടെ കത്തിന്‍റെ ബലത്തില്‍, വയനാടു വനംവകുപ്പില്‍ നിന്നും, ജൊനാഥനു എല്ലാ വിധ പിന്തുണയും ലഭിച്ചു. കര്‍ത്താ, പുസ്തകത്തില്‍ പറയുന്നതിനു വിരുദ്ധമായി, ബൊഹീമിയന്‍ ആദിവാസികള്‍ പുറം ലോകവുമായി നന്നായി ഇടപഴകുന്നു എന്ന വിവരമാണു, വനം വകുപ്പില്‍ നിന്നും ജൊനാഥനു ലഭിച്ചത്. "കര്‍ത്തായ്ക്കു തെറ്റി പോയതായിരിക്കാന്‍ സാദ്ധ്യതയില്ല. ചിലപ്പോള്‍, മറ്റെവിടെയെങ്കിലുമുള്ള ബോഹീമിയക്കാരെപ്പറ്റിയായിരിക്കാം, കര്‍ത്താ പ്രതിപാദിച്ചത്", ജൊനാഥന്‍ മനസ്സില്‍ ഓര്‍ത്തു‌. 

ഉള്‍വനത്തിലായിരുന്നെങ്കിലും, കര്‍ത്താ പ്രതിപാദിക്കുന്നതു പോലെയുള്ള ഒരു ലോകമായിരുന്നില്ല ജൊനാഥനെ വരവേറ്റത്. അവിടെ ഒരു ട്രൈബല്‍ സ്കൂള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ മാറു മറച്ചിരുന്നു. ആളുകള്‍ക്കു മലയാളം സംസാരിക്കാന്‍ അറിയാമായിരുന്നു. "മൂപ്പന്‍ മരിച്ചു കഴിയുമ്പോള്‍, പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആചാരം ഇപ്പോഴുമുണ്ടോ?", സമീപത്തു കണ്ട മദ്ധ്യവയസ്കനായ ഒരു ആദിവാസിയോടു അയാള്‍ ചോദിച്ചു. "അതെല്ലാം പെരിയമൂപ്പന്‍ നിര്‍ത്തിച്ചാച്ച്". "പെരിയമൂപ്പന്‍ യാര്?", ജൊനാഥന്‍ വീണ്ടും ചോദിച്ചു. "വര്‍ഷങ്ങള്‍ക്കു മുമ്പു ചത്തു പോയി", ആദിവാസി നടന്നകന്നു. ജൊനാഥന്‍ അവിടെ മുഴുവന്‍ നടന്നു കണ്ടു. കൂട്ടത്തില്‍ സ്കൂളിലും അയാള്‍ കയറി. അതിന്‍റെ ഒരു വശത്തായി, പൊടി പിടിച്ച ഒരു ചിത്രത്തിന്‍റെ ചുവട്ടില്‍ ചെറിയ അക്ഷരത്തില്‍ ഡോ. ഡി. കര്‍ത്താ എന്നു രേഘപ്പെടുത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോടു ഇതാരാണെന്നു അയാള്‍ ചോദിച്ചു. "പെരിയമൂപ്പന്‍". പറഞ്ഞശേഷം അവന്‍ കളിക്കാനായി ഓടി പോയി. മരിച്ചവരുടെ കുപ്പായങ്ങള്‍ക്കു മുകളില്‍ ജീവിക്കുന്നവരുടെ കുപ്പായമായി ആ സ്കൂളും അതിലെ കൊച്ചു ചിത്രവും നിലകൊണ്ടു. 

"കര്‍ത്താ സാര്‍ എങ്ങനെ ഇവരുടെ പെരിയമൂപ്പനായി?", ജൊനാഥന്‍ വനം വകുപ്പിലെ കീപ്പറായ പിള്ളച്ചേട്ടനോടു അന്വേഷിച്ചു. പത്തറുപതു വയസ്സായ പിള്ള, വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. "കര്‍ത്താ സാര്‍ രണ്ടാമതു ഇവിടെ വന്നു കുട്ടികള്‍ക്കു അക്ഷരം പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. ആദ്യം ഭയങ്കര എതിര്‍പ്പായിരുന്നു. സാറിനെ കൊല്ലാന്‍ വരെ ആദിവാസികള്‍ ഒരുങ്ങി. പക്ഷെ മറ്റൊരു ഗോത്രത്തിലെ കേളു എന്നൊരു ആദിവാസിയുടെ സഹായം സാറിനുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നു പോകെ, അവരുടെ രോഷം കുറഞ്ഞു വന്നു.  അവര്‍ പതിയെ നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചു. പുറമേക്കുള്ള കച്ചവടങ്ങളും മറ്റും തുടങ്ങിയതോടെ അവരുടെ ജീവിത രീതിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പലപ്പോഴും ചൂഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്ന ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ചു സാര്‍ അവര്‍ക്കൊരു കൂട്ടായ്മയുണ്ടാക്കി. കൈത്തൊഴിലുകള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും, പലപ്പോഴും പുറമേ നിന്നും ഡോക്ടര്‍മാരെ കൊണ്ടുവന്നു ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ത്താ സാര്‍ അവരുടെ പെരിയ മൂപ്പനായി വളരുകയായിരുന്നു. ഇപ്പോഴത്തെ മൂപ്പന്‍റെ അപ്പന്‍ മരിക്കുമ്പോഴാണു പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആ ചടങ്ങിനെതിരെ കര്‍ത്താ ശബ്ദമുയര്‍ത്തിയത്. വിദ്യാഭ്യാസം ഒരു സമൂഹത്തെ എങ്ങനെ മാറ്റുമെന്നതിന്‍റെ നേര്‍ക്കാഴ്ചയായി ബൊഹീമിയന്‍ സമൂഹം."

ഒരാഴ്ചയോളം വനാന്തരങ്ങളില്‍ കഴിഞ്ഞ ജൊനാഥന്‍ തിരികെയുള്ള യാത്രയില്‍ നന്നേ ക്ഷീണിതനായിരുന്നു. എന്നിരിക്കിലും അയാളുടെ മനസ്സില്‍ തീക്ഷ്ണമായ ചിന്തകള്‍ മാറി മറിഞ്ഞു. ആരും നോക്കാതെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ കോണുകളില്‍ മാറാല പിടിച്ചു കിടക്കുന്ന അനേകം പ്രബന്ധങ്ങള്‍ അയാള്‍ കണ്ടിരിക്കുന്നു. എന്നാല്‍ അവയില്‍ പലതും കര്‍ത്തായുടെ ജീവിതം പോലെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ, നന്മയുടെ വിത്തു പാകിയ അമൂല്യങ്ങളായ ജ്ഞാത്തിന്‍റെ ഉറവിടങ്ങളാണ്. ആ യാത്ര പഠനത്തിനപ്പുറമുള്ള ചില തീരുമാനങ്ങളിലേക്കാണു അയാളെ നയിച്ചത്. ആ തീരുമാനങ്ങളില്‍ പല മുഖങ്ങളും ചിരിച്ചു, മുകളില്‍ ദൈവവും, കീഴെ കുറച്ചു മനുഷ്യരും.

***********************

വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പ്രബന്ധത്തിന്‍റെ അവസാന ഘട്ട രചനാ വേളയില്‍ ജൊനാഥന്‍ കുറിച്ചു.
"സമര്‍പ്പണം- ഒരു ജനതയ്ക്കു മരിച്ചവന്‍റെ കുപ്പായം മനസ്സിലാക്കികൊടുത്ത, പുറം ലോകത്തിനു ഇന്നും അജ്ഞാതനായ ഡോ. ഡി. കര്‍ത്തായ്ക്ക്."