കുംഭമാസ സൂര്യാസ്ത്രങ്ങളെ കീഴ്പെടുത്താന്‍ വീടിന്‍റെ മേല്‍ക്കൂരയെ ആശ്രയിച്ചൊരു ദിവസമാണു അവന്‍ എന്‍റെയടുക്കല്‍ ആദ്യം വരുന്നത്. മുഷിഞ്ഞ, കറുപ്പില്‍ ചുവന്ന വരയന്‍ ഷര്‍ട്ടും, റെയില്‍വേയിലെ ക്ലീനര്‍മാരെ അനുസ്മരിപ്പിക്കുന്ന നീല പാന്ടുമാണു വേഷം. വിയര്‍പ്പുത്തുള്ളികള്‍ മേലാസകലം പൊടിയുന്നുണ്ട്. സ്വകാര്യതയിലേക്ക് അറിയിക്കാതെ കയറി വരുന്ന ഒരു അപരചിതനോടുള്ള അമ്പരപ്പും, നീരസവും മുഖത്തു പ്രകടിപ്പിച്ചു നിന്ന എന്നോടവന്‍ പറഞ്ഞു, "സിസ്റ്റര്‍ സജീന, സിസ്റ്റര്‍ സജീന, ആന്ധ്ര." അപ്പോള്‍ ആള്‍ ഒരു അപരിചിതനല്ല. നാട്ടിലെ സാമൂഹിക നവോദ്ധാനവും, അവകാശ ബോധവും മൂലം ഇടത്തരക്കാരെല്ലാം അന്തരിച്ചു പോയപ്പോള്‍ തൊടിയിലെ തെങ്ങിനും, വാഴയ്ക്കും, ഇഞ്ചിക്കുമിടയിലൂടെ കളകള്‍ പടര്‍ന്നു കയറി. കായ്ഫലങ്ങള്‍ സമയത്തെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായപ്പോഴാണു, ഞാന്‍ ആന്ധ്രയിലുള്ള എന്‍റെയൊരു ബന്ധുവായ സജീനയോടു, പറ്റിയ ഒരു പണിക്കാരനെ നാട്ടിലേക്കു വിടാന്‍ പറഞ്ഞത്. അവന്‍ വെയിലും കൊണ്ടു വീട്ടു മുറ്റത്തു തന്നെ നില്‍ക്കുകയാണ്. "പെരെന്നാ?", ചോദ്യം ആദ്യം ഗ്രഹിച്ചില്ലെങ്കിലും, ആംഗ്യങ്ങളെ കൂട്ടു പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു, "സുബ്ബ റാവു". "സുബ്ബ റാവുവോ, അതെന്തു പേരാ. വിളിക്കാന്‍ പാടാണല്ലോ", എന്‍റെ മനസ്സിലൂടെ തെക്കന്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ ചിന്തകള്‍ കടന്നു പോയി. "ഉന്നെ ഞാന്‍ ബാബുന്നു വിളിക്കാം, ബാബു." എന്‍റെ ആംഗ്യങ്ങള്‍ കൊണ്ടാണ് അവന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നു തോന്നുന്നു. ബാബുവിനു കിഴക്കു വശത്തെ ചായ്പ്പു, സാധനങ്ങള്‍ വെയ്ക്കുവാനായി കാണിച്ചു കൊടുത്തിട്ടു ഞാന്‍ സാവധാനം തൊടിയിലേക്കിറങ്ങി. ഏകാധിപതികള്‍ കൊലയ്ക്കു മുമ്പ് ഇരകളോടു കാണിക്കുന്ന ഒരു പുച്ഛത്തോടെ ഞാന്‍ കളകളെ നോക്കി. വര്‍ദ്ധിച്ച വാല്‍സല്യത്തോടെ ജീവനത്തിനായി ക്ലേശിക്കുന്ന എന്‍റെ വിളകളെ തലോടി. അരുണന്‍, സഞ്ചരിക്കുന്ന എല്ലാത്തിനെയും വാനത്തുനിന്നു ലക്ഷ്യമിട്ടെങ്കിലും, അവന്‍റെ ഒരു രശ്മിക്കു പോലും എന്‍റെ മനസ്സിലെ വര്‍ദ്ധിച്ച ഉത്സാഹത്തെ കെടുത്താനായില്ല.
വീടും, വീടിനു ചുറ്റും പരന്നു കിടക്കുന്ന പറമ്പും അന്യം നിന്നു പോവുന്നൊരു കാലത്ത്, അത്തരത്തിലുള്ളൊരു വലിയ വസ്തുവിനു ഞാന്‍ അവകാശിയായിരുന്നു. പ്രായാധിക്യം മൂലം സര്‍ക്കാര്‍ ബഹുമാനപൂര്‍വ്വം വീട്ടിലിരുത്തുകയും, മക്കളെല്ലാം ഒരിക്കലും കയ്യെത്താന്‍ ഇടയില്ലാത്ത സൌഭാഗ്യം പ്രതീക്ഷിച്ചു അന്യ ദേശങ്ങളില്‍ ചേക്കേറുകയും ചെയ്തപ്പോഴാണു ഞാന്‍ ചുറ്റുപാടുമുള്ള തൊടിയിലേക്കിറങ്ങിയത്. പുരയിടത്തിനു പുറകിലൂടെയോഴുകുന്ന ചെറു അരുവി ഒരിക്കലും വറ്റാറില്ല. അയല്‍ നിലങ്ങളൊന്നും വിതയ്ക്കാറില്ലെങ്കിലും, നികത്താത്തതിനാല്‍ ഗ്രാമത്തിന്‍റെ ജലസംഭരണികളായി നിലകൊണ്ടു. വീടിനു മുന്നിലായി രണ്ടു മൂന്നു കിലോമീറ്റര്‍ അപ്പുറം സ്വാമിപ്പാറയും നിലനില്‍ക്കുന്നുണ്ട്. വശം ചെരിഞ്ഞു നില്‍ക്കുന്നൊരു കൊമ്പന്‍റെ രൂപത്തിലുള്ള ആ പാറക്കൂട്ടത്തിന്‍റെ നിഴല്‍ ചിലപ്പോഴെങ്കിലും വീടിനെ സൂര്യനില്‍ നിന്നും മറച്ചു കളയും. ഉപഗ്രഹ ചിത്രങ്ങളില്‍ പാറയ്ക്കു ചുറ്റും ഇടതൂര്‍ന്ന പച്ചനിറത്തില്‍ എന്‍റെ ഗ്രാമം സദാ കാണാനാവും. വര്‍ഷാവര്‍ഷം വരുന്ന വടക്കുകിഴക്കന്‍ മഴമേഘം പെയ്തൊഴിയുവാന്‍ ഇഷ്ടപ്പെടാതെ നാട്ടില്‍ ചുറ്റിത്തിരിയാറുണ്ട്. ആരോഗ്യകരമായ ഇളംനീല നിറത്തില്‍ വാനം പെരിയപ്പുറം ഗ്രാമത്തിനു മുകളില്‍ സന്തോഷം വര്‍ഷിച്ചു.
എന്നെപ്പോലെ നിര്‍ബന്ധിത വിശ്രമം ആസ്വദിക്കുന്ന അയല്‍പ്പക്കത്തെ ജോണി സാറും, ടീച്ചറുമാണു ചുറ്റുമുള്ള വിതയ്ക്കാത്ത നിലത്തിന്‍റെ കതിരു പറ്റേണ്ടിയിരുന്ന വിതക്കാര്‍. സ്വാമിപ്പാറയുടെ മുകളിലായി നാലഞ്ചു ആദിവാസി കുടുംബങ്ങളും പാര്‍ക്കുന്നുണ്ട്. ഒന്നു രണ്ടു തലമുറ മുന്‍പു വരെ അവര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആദിവാസികളായിരുന്നുവെങ്കിലും, പെരിയപ്പുറം സ്കൂളിനു സമൂഹത്തിലുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിന്‍റെ പ്രതിഫലനമെന്നോണം അവരെല്ലാം ഇപ്പോള്‍ ഏറെക്കുറെ നാട്ടുവാസികളായി കഴിഞ്ഞു. എന്നിരിക്കിലും, പഴമയുടെ ഭാണ്ഡം പേറി അവര്‍ക്കിടയില്‍ മൂപ്പന്‍ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നു. ആചാരങ്ങളില്‍ പലതിനെയും വര്‍ദ്ധിച്ച സാമൂഹിക ബോധം നശിപ്പിച്ചപ്പോള്‍ മൂപ്പന്‍റെ അധികാരത്തിനും വലിയ തോതില്‍ ഇടിവു സംഭവിച്ചു. ഇന്നതൊരു സാമ്പ്രദായിക ആചാരപ്പേരിലേക്കു ചുരുങ്ങിയിരിക്കുന്നു. മൂപ്പന്‍റെ ഏക മകന്‍ രഘുവാണ് ബാബു വരുന്നതിനു മുന്‍പു തോപ്പിലെ പണികള്‍ക്കു സഹായിച്ചിരുന്ന കയ്യാള്‍. വിനയവും, സംഘടനാ മികവുമുള്ള വ്യക്തി എന്നാവും ഇടതുപക്ഷ യുവജന സംഘടനാ നേതാവു കൂടിയായ രഘുവിനെപറ്റി ഗ്രാമത്തില്‍ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുക.
സ്വാമിപ്പാറയുടെ ചുവട്ടിലായുള്ള ചെറുകാടിനുള്ളില്‍, ആദിവാസികളുടെ പ്രധാന ആരാധന മൂര്‍ത്തിയായ തച്ചോട്ടു തേവരുടെ പ്രതിഷ്ഠയുള്ളതായി അവര്‍ വിശ്വസിച്ചു പോരുന്നു. പാറയെയും, അവരെയും, ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന തേവര്‍ ഉറക്കത്തിലാണെന്നും, ഉണര്‍ത്തിയാല്‍ ക്രമേണ അവര്‍ വംശമറ്റുപോവുമെന്നും ആദിവാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്നു. പുതുതലമുറയ്ക്കു വിശ്വാസങ്ങളില്‍ താല്‍പ്പര്യം കുറവാണെങ്കിലും, അവരും തേവര്‍ക്കെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാറില്ല. ആദിവാസികളുടെ പുണ്യസ്ഥലമായതിനാലും, തേവര്‍ ഉറക്കത്തിലാണെന്നു അവര്‍ വിശ്വസിക്കുന്നതിനാലും നാട്ടുകാരാരും അവിടെ പോവുകയോ, അതു വെട്ടിത്തെളിയ്ക്കുകയോ ചെയ്യാറില്ല. കാട്ടിനുള്ളിലെ അരയാല്‍ നൂറ്റാണ്ടിന്‍റെ പ്രാര്‍ത്ഥനകളും, പഴക്കവും പേറി ശിഖിരങ്ങള്‍ നിറഞ്ഞു ദേവസദൃശ്യമായ പ്രൌഢിയില്‍ നിലകൊണ്ടു. നാട്ടിലുള്ള മണ്ണിരയും, പാടങ്ങളില്‍ കണ്ടുവന്ന കൊറ്റിയും, നീര്‍ക്കോലിയുമെല്ലാം അവിടെ അഭയം തേടി. വൈക്കോല്‍ക്കൂനയില്‍ മുളച്ചുപൊന്തുന്ന വലിയ പാല്‍ക്കൂണ്‍ കര്‍ഷകനു നല്‍കുന്ന സന്തോഷം, കാടും, അതിലെ ജീവജാലങ്ങളും ദൈവത്തിനും നല്‍കി.
******************************
വസന്തം, ഗ്രീഷ്മം, ശരത്, വേനല്‍, മഴക്കാലങ്ങള്‍ ഒരു തവണ മാറിവന്നപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം, ബാബു, സംസാരിക്കാന്‍ തെറ്റില്ലാതെ മലയാളം ഉപയോഗിച്ചു തുടങ്ങിയെന്നതാണ്. "ഇത്തവണ തെങ്കാ കുറവാണ്." ഒരിക്കല്‍ അവന്‍ പറഞ്ഞു. "തെങ്കാ അല്ലെടാ, തേങ്ങാ, ങ്ങാ", അവന്‍റെ തലയില്‍ സ്നേഹത്തോടെ തലോടി ഞാന്‍ പറഞ്ഞു. "എല്ലാം വേഗത്തില്‍ പഠിക്കുന്നുണ്ട് പയ്യന്‍", അവനെ പറ്റി എനിക്കഭിമാനം തോന്നി. പോഷകാഹാരവും, കരുതലും ഒക്കെകൊണ്ടാവണം അവനു ഒരു മലയാളിത്തം കൈവന്നിട്ടുണ്ട്. കൂട്ടത്തില്‍ അവനെ ഞാന്‍ മലയാളം അക്ഷരങ്ങളും പഠിപ്പിച്ചു തുടങ്ങിയിരുന്നു. "ഇവന്‍ കൊള്ളാല്ലോ. ഇവനെ നമ്മുടെ പാര്‍ട്ടിയിലെക്കെടുത്താലോ? സമര്‍പ്പണ മനോഭാവമുള്ള യുവാക്കളെ പാര്‍ട്ടി കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമാണ്", പിരിവിനായി ഒരിക്കല്‍ വീട്ടിലെത്തിയ രഘു, ബാബുവിനെ കണ്ടു അഭിപ്രായപ്പെട്ടു.
നാട്ടിലെ പ്രമാണി കുടുംബക്കാരായ വാണിയംകുടിയില്‍ക്കാരുടെ കൈവശമാണു സ്വാമിപ്പാറയ്ക്കു ചുറ്റുമുള്ള ഭൂരിഭാഗം സ്ഥലവും സ്ഥിതി ചെയ്യുന്നത്. മൂന്നാലു തലമുറ മുന്‍പ് ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം കൈവശം വെച്ചിരുന്ന അവര്‍ അല്‍പമെങ്കിലും ക്ഷയിച്ചത് കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ശേഷമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ സ്ഥലം മേടിച്ച ശേഷം വാണിയംകുടിയില്‍ പോയപ്പോള്‍ അന്നത്തെ വല്യമ്മച്ചിയായ ഏലി എന്നെ പരിചയപ്പെടുത്തിയത് ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. "നമ്മുടെ അപ്പുറത്തെ ചായ്പ്പില്‍ കിടന്നിരുന്നതാ ഇവന്‍റെ അപ്പന്‍ തോമ്മാ. ഇന്നു നമ്മുടെ അടുത്തു സ്ഥലം മേടിക്കാന്‍ വിധത്തില്‍ വളര്‍ന്നിരിക്കുന്നു." ഔപചാരികതയുടെ പുറത്തു ലഭിച്ച കാപ്പി ഒന്നു രുചിച്ചു പോലും നോക്കാതെയാണു അന്നാ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏലി മരിച്ചു മണ്ണടിഞ്ഞെങ്കിലും, മരിക്കാതെ ഇങ്ങനെ എത്ര ഓര്‍മ്മകള്‍ മനസ്സില്‍ കിടക്കുന്നു, നീറ്റലും, സുഗന്ധവുമുള്ള എത്രയോ ഓര്‍മ്മകള്‍.
ഭൂമിയുടെ ശസ്ത്രക്രീയാ ഉപകരണികളായ വെടിമരുന്നും, ബുള്‍ഡോസറും മറ്റും നിരനിരയായി വാണിയംകുടിയിലേക്കു കയറിപ്പോയപ്പോള്‍ നാട്ടുകാര്‍ ഒട്ടൊന്നു അന്ധാളിച്ചു. പ്രമാണിമാരുടെ അടുക്കളക്കഥകളില്‍ തല്‍പ്പരരായി അനേകര്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും ഒരു ചായക്കുള്ള വക പോലും ലഭിച്ചില്ല. അനേകം ലോറികളും തറവാട്ടു മുറ്റത്തെത്തി. ദിവസങ്ങള്‍ക്കു ശേഷം പെരിയപ്പുറം ഒട്ടൊന്നു കുലുങ്ങി. പ്രകമ്പനങ്ങള്‍ ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. സ്വാമിപ്പാറയുടെ വശങ്ങളില്‍ നിന്നും കല്ലുകള്‍ ഇളകിത്തെറിച്ചു. നാടിന്‍റെ അടിത്തറ ഓരോ വെടിയിലും കുലുങ്ങി. നൂറ്റാണ്ടുകളായി നാടിനു കാവല്‍ നിന്ന പ്രകൃതിനിര്‍മ്മിത കോട്ട നൂതന ശാസ്ത്രസാങ്കേതികതയുടെ മുന്‍പില്‍ ആടിയുലഞ്ഞു. പ്രകമ്പനങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു വന്നു. ഉപഗ്രഹചിത്രങ്ങളില്‍ സ്വാമിപ്പാറയുടെ ചുറ്റുമുള്ള പച്ചപ്പു സാവധാനം നീങ്ങിത്തുടങ്ങിയിരുന്നു. അവ, ജന്മന പല്ലു കിളിര്‍ത്ത ഒരു ശിശുവിന്‍റെയോ, മുന്‍നിര പല്ലുകള്‍ നഷ്ടപ്പെട്ട ഒരു യുവാവിന്‍റെ ചിത്രമോ പോലെയുള്ള സൌന്ദര്യമില്ലായ്മ ജനിപ്പിച്ചു. ഉരുളുപൊട്ടി വരുന്ന പാറക്കൂട്ടങ്ങള്‍ക്കു മുന്നില്‍ പെട്ട കൂട്ടിലെ വളര്‍ത്തുകിളിയെപ്പോലെ കാട്ടിലെ അരയാലും, മറ്റു സസ്യങ്ങളും കാറ്റത്തു ചില്ലകള്‍ ചലിപ്പിച്ചു ശബ്ദമുണ്ടാക്കി.
ഭൂമി സൂര്യപ്രദിക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. കാലങ്ങള്‍ മാറിമറിഞ്ഞു. പടിഞ്ഞാറന്‍ കാറ്റു വീശുന്ന സായാഹ്നത്തിലാണു ബാബു ഒരു തേങ്ങയുമായി എന്‍റെ അടുക്കല്‍ വരുന്നത്. "എന്താണെന്നറിയില്ല, ഇത്തവണ തേങ്ങയൊക്കെ ചെറുതായിരിക്കുന്നു. ഈ തെങ്ങില്‍ മാത്രമല്ല, ഒരുമാതിരി എല്ലാത്തിലും ഇതേ വലിപ്പമാണ്." തേങ്ങയുടെ കൂമ്പു കണ്ട ഞാന്‍ നന്നേ ഞെട്ടി. "ഈശ്വരാ മണ്ഡരി". "എടാ നീ തെങ്ങില്‍ കയറി എല്ലാത്തിന്‍റെയും കൂമ്പു നോക്കിക്കേ. എന്തെങ്കിലും ചെള്ലോ, ചെറു ജീവിയെയോ കാണുന്നുണ്ടോയെന്നു?", അവനെയും കൂട്ടി ഞാന്‍ അടുത്തു കണ്ട ഒരു തെങ്ങിന്‍ ചുവട്ടിലെക്കോടി. തെങ്ങില്‍ കയറിയ അവന്‍, ഒരു ചെറു വണ്ടിനെയും കൂട്ടി താഴേക്കിറങ്ങി വന്നു. "ഇതു പോലെ കുറേയെണ്ണമുണ്ട്. കൂമ്പിലാ എല്ലാം കൂടിയിരിക്കുന്നത്", അവന്‍ പറഞ്ഞു. തോപ്പിലെ തെങ്ങുകളില്‍ നല്ലൊരു ശതമാനത്തെയും മണ്ഡരി ബാധിച്ചു കഴിഞ്ഞു. കൃഷി ഉദ്യോഗസ്ഥന്‍ മരുന്നു തരുമ്പോള്‍ സൂചിപ്പിച്ചു, "അധികം പ്രതീക്ഷ വെയ്ക്കേണ്ട. ബാധിച്ച തെങ്ങുകള്‍ പോവാനാണു സാധ്യത. മരുന്നു തളിച്ചുവെച്ചാല്‍ പിടിക്കാത്ത തെങ്ങുകളെങ്കിലും രക്ഷപ്പെടും." പടിഞ്ഞാറന്‍ കാറ്റു നാട്ടിലുടനീളം വീശിത്തുടങ്ങിയിരുന്നു. പല തെങ്ങുകളും മണ്ടയോടെ നിലം പൊത്തി. മണ്ട പോയ പല തെങ്ങുകളും ഭൂമിയുടെ മാറിലേക്കു തുറക്കുന്ന ജലവാഹിനികള്‍ കണക്കെ മഴച്ചാര്‍ത്തും പ്രതീക്ഷിച്ചു മാനത്തെയ്ക്കു നോക്കി നിന്നു. ബാക്കിയുള്ളവ വാനം ഉന്നം വെച്ച പീരങ്കികള്‍ കണക്കെ പടിഞ്ഞാറന്‍ കാറ്റിനോടു പട പൊരുതി പോര്‍ക്കളത്തില്‍ വീണു വീരമൃത്യു വരിച്ചു.
കനത്ത ശബ്ദവും, പൊടിയും കുലുക്കവും അസഹ്യമായപ്പോഴാണു നാട്ടുകാര്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടത്. തേവരു കാടു വെട്ടിനീക്കപ്പെടുന്നതില്‍ ആദിവാസികളും അസ്വസ്ഥരായിരുന്നു. പലപ്പോഴും, പാറക്കല്ലുകള്‍ ജോണിസാറിന്‍റെ വീട്ടുമുറ്റത്തു വരെ തെറിച്ചു വീണു. ആദിവാസി ഭവനങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പാറമട വിരുദ്ധ മുന്നണി നാടിന്‍റെ പ്രധാന സംഘടനയാകാന്‍ അല്‍പ സമയം പോലും എടുത്തില്ല. റെവന്യൂ വകുപ്പില്‍ സേവനം പൂര്‍ത്തിയാക്കിയ ഞാന്‍ അതിന്‍റെ കണ്‍വീനറും. പാറമടയ്ക്കു വേണ്ടിയാണെങ്കില്‍, പാറ പൊട്ടിക്കുന്നതിനൊപ്പം ചുറ്റുമുള്ള മണ്ണില്‍ അലക്സ് ആഴത്തില്‍ കുഴിക്കുന്നതെന്തിന് എന്നതു എന്നെ കുഴക്കി. വാണിയംകുടിയില്‍ അലക്സിനെ നാടിന്‍റെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു സംഘടന ആദ്യം ഏറ്റെടുത്ത ഉദ്യമങ്ങളില്‍ ഒന്ന്. പഴമയുടെ പ്രതാപം ലേശം പോലും ചോരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ആ തറവാട്ടിലേക്കു ഞങ്ങളെ സ്വാഗതം ചെയ്തത് അനേകം നാട്ടു വൃക്ഷങ്ങളുടെ ബോണ്‍സായി മാതൃകകളാണ്. അലക്സിന്‍റെ ഭാര്യ ലിസി പ്രദേശത്തെ തന്നെ വലിയ ബോണ്‍സായി കച്ചവടക്കാരിയാണ്. "കേറിയിരിക്ക്. എല്ലാരും കൂടി വിശേഷിച്ച്?", പറമ്പിലായിരുന്ന അലക്സ് ഞങ്ങളെ കണ്ടു കയറി വന്നു. "ഇവിടുത്തെ ഖനനത്തെപറ്റിയും, പാറമടയെപ്പറ്റിയും സംസാരിക്കാനായി വന്നതാണ്", ഞങ്ങള്‍ ശബ്ദത്തില്‍ തികഞ്ഞ ഭവ്യത പ്രകടിപ്പിച്ചു. "അതിപ്പോ സംസാരിക്കാന്‍ എന്നാ ഒള്ളതു?. എന്‍റെ സ്ഥലത്തു ഞാന്‍ ഒരു പാറമട തുടങ്ങി. അതിനു ചുറ്റുമുള്ള സ്ഥലവും എന്‍റെ തന്നെയാണ്. നിയമപരമായുള്ള അനുമതികളെല്ലാം നേടിയിട്ടുമുണ്ട്", അലക്സ് ഒരു വിജയിയുടെ ഭാവത്തില്‍ നിലകൊണ്ടു. "പാറമടയ്ക്കു വേണ്ടി മാത്രമാണെങ്കില്‍ അതിനു ചുറ്റും ഇങ്ങനെ കുഴിക്കുന്നതെന്തിനാണ്?", സംശയം ഉന്നയിച്ചത് കണ്‍വീനറായ ഞാനായിരുന്നു. "മണ്ണിനടിയിലെ പാറ കൂടി പൊട്ടിക്കാന്‍. അതിനു നിങ്ങള്‍ക്കെന്താ? ഇനി നിങ്ങളുടെ അനുമതിയും വേണോ?", അലക്സിന്‍റെ ശബ്ദം ഉയര്‍ന്നു വന്നു. "അതല്ല അലക്സെ, ഈ പാറമട കൊണ്ടു പരിസരവാസികള്‍ക്കൊക്കെ നിരവധി ബുദ്ധിമുട്ടുകളുണ്ട്", ഞാന്‍ അലക്സിനെ തിരികെ ചര്‍ച്ചയിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചു. "അതിപ്പോ സംസാരിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പാറമട നിര്‍ത്താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. മറ്റൊന്നും സംസാരിക്കാനില്ലെങ്കില്‍ നിങ്ങള്‍ക്കിറങ്ങാം", അയാളുടെ ശബ്ദം കനത്തു. "അതിപ്പോ നീ മാത്രം അങ്ങു തീരുമാനിച്ചാ മതിയോ? ഇവിടെ നാട്ടുകാര്‍ക്കൊന്നും കെടന്നുറങ്ങണ്ടേ", രഘുവില്‍ നിന്നും അത്തരം ഒരു സംഭാഷണം ശ്രവിച്ചു അലക്സിനെക്കാള്‍ ഞെട്ടിയതു ഞങ്ങളാണ്. ചെറു പുഞ്ചിരിയോടെയല്ലാതെ ഞങ്ങള്‍ അവനെ ഇതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.
"പാറമട നിര്‍ത്തിയില്ലെങ്കില്‍ നീ എന്നാ ചെയ്യുമെന്നാ പറഞ്ഞു വരുന്നേ?", അലക്സിന്‍റെ മറു ചോദ്യത്തോടെ സംഭാഷണം കൈ വിട്ടു പോവുകയാണോയെന്നു ഞങ്ങള്‍ സന്ദേഹിച്ചു. "തേവരു കാടും നശിപ്പിച്ചു നീ പാറമട നടത്തുന്നതു ഒന്നു കാണണമല്ലോ", മുന്നോട്ടാഞ്ഞ രഘുവിനെ തടഞ്ഞതു ഞങ്ങളു തന്നെയാണ്. സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ പരിസരത്തു സമാധാനം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം എനിക്കായിരുന്നു. പരാജയപ്പെട്ട ആദ്യ ഉദ്യമത്തിനൊടുവില്‍ തിരികെ പോരുമ്പോള്‍ ഞാന്‍ പരിസരങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ബോണ്‍സായി വൃക്ഷങ്ങളെ നോക്കി. അവയില്‍ പലതും മുന്നില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന പേരാലിനെയും, അരയാലിനെയും അസൂയയോടെ നോക്കുന്നതായി എനിക്കു തോന്നി. ഒപ്പം പാറമടയുടെ പരിസരത്തുള്ള മരങ്ങള്‍ വെട്ടി വീഴ്ത്തപ്പെടുമ്പോള്‍ ആശ്വസിക്കുന്നതായും. പൂര്‍ണ്ണവളര്‍ച്ചയെത്താതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പോലെ വാത്സല്യവും, കരുതലും നല്‍കാന്‍ പോന്ന ഒരച്ചനെയും, അമ്മയെയും പ്രതീക്ഷിച്ചു അവ ആ വീട്ടു മുറ്റത്തു നിലകൊണ്ടു.
ജനകീയപ്രശ്നങ്ങളുടെ അന്തിമപരിഹാരം സംഭവിക്കുന്നതു പലപ്പോഴും ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ, ആത്മീയ നേതാക്കന്മാരിലൂടെയോ അല്ല, മറിച്ചു ജനകീയാസൂത്രണത്തിന്‍റെ ഈറ്റില്ലങ്ങളിലൂടെയാണ്. ഞങ്ങള്‍ പെരിയപ്പുറം പഞ്ചായത്തു പ്രസിഡന്റ് രവീന്ദ്രനു മുന്നില്‍ സങ്കട ഹര്‍ജി ബോധിപ്പിച്ചു. "അതിപ്പോ, എല്ലാരും ഇങ്ങനെ പാറമടകള്‍ക്കെതിരായാല്‍ നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരിങ്കല്ലു എവിടെ നിന്നു കണ്ടെത്തും. റോഡു മുതല്‍ കെട്ടിടങ്ങള്‍ക്കു വരെ അതൊരു അത്യാവശ്യ വസ്തുവല്ലേ. ആര്‍ക്കും അല്‍പ്പം പോലും ബുദ്ധിമുട്ടു സഹിക്കാനും വയ്യ, ഒള്ള വികസനമെല്ലാം വേണം താനും", പരാതിയില്‍ രവീന്ദ്രന്‍ തന്‍റെ നിലപാടറിയിച്ചു. മാസാമാസം പതിനായിരങ്ങള്‍ വാണിയംകുടിയില്‍ നിന്നു "സന്തോഷം" സ്വീകരിച്ചിരുന്ന മെമ്പര്‍മാരില്‍ നിന്നും കൂടുതലൊന്നും ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. പഞ്ചായത്തു കെട്ടിടത്തില്‍ നിന്നും ഇറങ്ങുന്ന വഴി ഞാന്‍ രവീന്ദ്രനോടു പറഞ്ഞു, "പ്രസിഡന്റിന്‍റെയോ, ഒരൊറ്റ മെമ്പര്‍മാരുടെയോ വീടിനടുത്തു ഒരു പാറമട പോലും ഇല്ലാത്തതെന്തേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ എന്നാണല്ലോ". രവീന്ദ്രന്‍ നോക്കി ഇരുന്നതേയുള്ളു. പഞ്ചായത്തു വളപ്പിലെ പ്ലാവിന്‍ മുകളില്‍ അനേകം ഇത്തിള്‍ക്കണ്ണികള്‍ മുളച്ചു പൊങ്ങി നിന്നു. അവയില്‍ കീടങ്ങള്‍ മുട്ടയിട്ടു പെരുകി.
പനിച്ചുകിടന്ന ഒരിക്കലാണു ഞാന്‍ ബാബു താമസിക്കുന്ന ചായ്പ്പിലേക്കു ചെന്നത്. വീടിനോടു ചേര്‍ന്നാണെങ്കിലും പുറമേ നിന്നു മാത്രം പ്രവേശിക്കാനാവും വിധമാണതിന്‍റെ നിര്‍മ്മിതി. തലേന്നത്തെ മഴയ്ക്ക്, ജാതിയ്ക്കു തടമെടുക്കേണ്ടന്നു ഞാന്‍ ആവത് അവനോടു പറഞ്ഞതാണ്. എന്നെ കണ്ട അവന്‍ ബുദ്ധിമുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഞാന്‍ തടഞ്ഞു. അവന്‍ മുറി വൃത്തിയായി സൂക്ഷിച്ചിരുന്നു. മുറിയിലെ തടിക്കട്ടിലില്‍ പായ വിരിച്ചാണു ബാബു കിടക്കുന്നത്. ഭിത്തിയിലെ കൊളുത്തില്‍ അരിവാളും, ഷെല്‍ഫില്‍ വെട്ടുകത്തി, ചുറ്റിക തുടങ്ങി മറ്റു പണിയായുധങ്ങളും സൂക്ഷിച്ചിരിന്നു. കട്ടിലിനു മുകളിലായി ചില്ലുകുപ്പിയില്‍ ചത്ത മണ്ഡരി കീടങ്ങളെ സൂക്ഷിച്ചിരിക്കുന്നതാണ് എന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. "എന്തിനാടാ നീ ഇതൊക്കെ എടുത്തു വെച്ചിരിക്കുന്നത്?", ഞാന്‍ ആകാംക്ഷാപൂര്‍വ്വമാണ് ചോദിച്ചത്. "പ്രകൃതിയെ ആക്രമിക്കുന്ന കീടങ്ങളെ കൊന്നു കളയണം", അവന്‍റെ ശബ്ദത്തില്‍ അല്‍പം പോലും ക്ഷീണം അനുഭവപ്പെട്ടില്ല. കീടങ്ങളില്‍ പലതും അറിയാതെയാണെങ്കിലും ചെയ്ത കുറ്റത്തിന്‍റെ പ്രതിഫലനമെന്നവണ്ണം ദ്രവിച്ചു തുടങ്ങിയിരുന്നു. സായാഹ്ന മേഘങ്ങള്‍ക്കിടയില്‍ പതിവില്ലാംവണ്ണം കഴുകന്മാര്‍ പറക്കുന്നുണ്ടായിരുന്നു.
********************************
കാലത്തിന്‍റെ അച്ചുതണ്ടില്‍ സൂര്യനു ചുറ്റും ഭൂമി വീണ്ടും കറങ്ങി, ഒന്നല്ല, പലവട്ടം. വാണിയംകുടിയില്‍ പാറമട പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വാമിപ്പാറയെ വരിഞ്ഞു മുറുക്കിത്തുടങ്ങിയിരുന്നു. ആശയപരമായ പ്രതിഷേധങ്ങള്‍ക്കല്ല, സംഘടിത ശക്തിക്കാണു സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവുകയെന്നു പ്രഘോഷിച്ചു രഘുവും കൂട്ടരും, വാണിയംകുടിയില്‍ ആലക്സിനെ ഘൊരാവോ ചെയ്തു. മേഘങ്ങള്‍ പോലും മാറി നിന്ന ആ പകല്‍ മുഴുവന്‍ യുവാക്കള്‍ വാണിയംകുടിയില്‍ തറവാടിന്‍റെ ഗേറ്റിലൂടെയുള്ള പ്രവേശനം തടഞ്ഞു. ഇടതു പക്ഷ, വിപ്ലവ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഈ ഘൊരാവോയ്ക്കു സമര സമിതിയ്ക്കു നേരിട്ടു പങ്കുണ്ടായിരുന്നില്ലെങ്കിലും നിശബ്ദമായ പിന്തുണ നിര്‍ലോഭം ലഭിച്ചു. അന്നേ ദിവസം മുതല്‍ പാറമട താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ ശ്രമിച്ചിട്ടു നടക്കാഞ്ഞത്, ഒറ്റ പകല്‍ കൊണ്ടു രഘുവും കൂട്ടരും സാധിച്ചെടുത്തു. നക്ഷത്രങ്ങള്‍ തിളങ്ങി നിന്ന അന്നത്തെ രാത്രിയില്‍ സ്വാമിപ്പാറ പോലും സമാധാനമായി നിശ്വസിച്ചിരിക്കണം.
പിറ്റേന്നു, ഞാനും രഘുവും രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഞങ്ങള്‍ക്കു മുന്നില്‍ ഒരു ജീപ്പു വന്നു നിന്നത്. ആരാണെന്നു സൂക്ഷിച്ചു നോക്കുമ്പോഴേക്കും മുഖത്തടി കൊണ്ട് ഞാന്‍ വീണിരുന്നു. മണ്ണില്‍ കിടന്ന ഞാന്‍, വാളുകളുമായി അവര്‍ തലങ്ങും വിലങ്ങും രഘുവിനെ വെട്ടുന്നതു ഭയപ്പാടോടെ നോക്കി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ പൊയ്ക്കഴിഞ്ഞിരുന്നു. നിമിഷാര്‍ത്ഥത്തില്‍ ദുരന്തത്തിന്‍റെ തീവ്രത തിരിച്ചറിഞ്ഞ ഞാന്‍ അടുത്തു വന്ന ഒരു വണ്ടിയില്‍ രഘുവിനെയും കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. സമയത്തിന്‍റെ നിശ്ചലതയോ, ദൈവത്തിന്‍റെ കൃപയോ എന്നറിയില്ല, അടിയന്തരശസ്ത്രക്രീയക്കൊടുവില്‍ രഘു രക്ഷപ്പെട്ടു. കയ്യിലും, ശരീരത്തും അനേകം മുറിവുകളുമായി അയാള്‍ ആശുപത്രിയില്‍ സമയത്തോടു മല്ലിട്ടു. നേരം പുലര്‍ന്നു വരുമ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും എന്‍റെ ചെവിയിലെത്തി. അതേ രാത്രി ആരോ അലക്സിനെയും വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഒരു രാത്രിയില്‍, ഒരു ഗ്രാമത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിഷ്ഠൂരമായ രണ്ടു കൊലപാതക ശ്രമങ്ങള്‍. അതിലൊന്നു വിജയിക്കുകയും ചെയ്തു. കനത്ത ഭയാശങ്കയിലായതു ഗ്രാമവാസികളാണ്. എന്താണു സംഭവിക്കുന്നതെന്നു ആര്‍ക്കും ബോധ്യമുണ്ടായിരുന്നില്ല.
പോലീസ് വണ്ടികള്‍ പോലീസ് നായ്ക്കളെ പോലെ ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം ഓടി. രഘുവിനെ വെട്ടിയതു അലക്സ് ഏര്‍പ്പെടുത്തിയ സംഘമാണെന്നതിനു പോലീസിനു തെളിവുകള്‍ ലഭിച്ചെങ്കിലും, അലക്സിന്‍റെ കൊല ആരു നടത്തിയെന്നതു ദുരൂഹതയില്‍ നിലനിന്നു. രഘുവിന്‍റെ സുഹൃത്തുക്കളെ തുടക്കത്തില്‍ പോലീസ് സംശയിച്ചെങ്കിലും അവര്‍ക്കാര്‍ക്കും അതില്‍ പങ്കില്ലെന്നത് അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവണ്ണം സ്ഥിരീകരിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും, അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാഞ്ഞതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ക്കും തെളിയിക്കുവാന്‍ സാധിച്ചില്ല. വാണിയംകുടിയില്‍ ക്വാറി അലക്സിന്‍റെ ആത്മാവിനെയും പേറി, പ്രവര്‍ത്തനം നിലച്ചു ശാന്തമായി നിലകൊണ്ടു. അന്വേഷണത്തില്‍ മറ്റൊരു വാര്‍ത്ത കൂടി നാട്ടുകാര്‍ക്കു മുന്നില്‍ അവതരിച്ചു. ബഹുരാഷ്ട്ര മൈനിംഗ് കമ്പനിയായ എസ്.ബി.സിയുടെ പങ്കാളിയായിരുന്നു അലക്സ് എന്നതും, അവര്‍ക്കു വേണ്ടി അയാള്‍ നടത്തിയിരുന്നതു പാറമടയല്ല, മറിച്ചു വന്‍ തോതിലുള്ള ഗാര്‍നെറ്റ് ഖനനം ആയിരുന്നുവെന്നതും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കു നന്നേ സമയം വേണ്ടി വന്നു. തേവരു കാട്ടിനടിയില്‍ വിലപിടിപ്പുള്ള, ഗാര്‍നെറ്റിന്‍റെ വലിയ അളവിലുള്ള നിക്ഷേപം കമ്പനി കണ്ടെത്തിയിരുന്നു. പാറമട പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരുപാധിയായി മാത്രം പ്രവര്‍ത്തിച്ചു.
****************************
വര്‍ഷങ്ങള്‍ വീണ്ടും ഭൂമിയുടെ അച്ചുതണ്ടിലൂടെ കടന്നു പോയി. പുതിയ വിഷയങ്ങള്‍ ലഭിച്ചപ്പോള്‍ പെരിയപ്പുറക്കാരും അലക്സിന്‍റെ കൊലപാതകം മറന്നു. അയാളെ ഭാര്യയും, മക്കളും മാത്രമേ നെഞ്ചേറ്റിയിരുന്നുള്ളു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഒറീസ്സയിലേക്കു പോയ രഘുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചിട്ട് ഇന്നേയ്ക്കു വര്‍ഷം ഒന്നു പൂര്‍ത്തിയാവുന്നു. നാട്ടില്‍ അത്ര വലിയ വാര്‍ത്തയല്ലെങ്കിലും, അഞ്ചെട്ടു വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു, ബാബു കഴിഞ്ഞ മാസം നാട്ടിലേക്കു മടങ്ങി. അതിങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതു, അയാള്‍ പോയതു എന്നോടൊന്നു യാത്ര പോലും പറയാതെയാണു എന്നുള്ളതുകൊണ്ടാണ്. അവനെ, ഇത്ര നാള്‍ നിന്നതിന്‍റെ കൂലിയൊക്കെ കൊടുത്തു മാന്യമായി തിരികെ വിടണമെന്ന് ഞാന്‍ വിചാരിച്ചിരുന്നെങ്കിലും, പൊടുന്നനെയുള്ള പോക്ക് നെഞ്ചിലൊരു ചെറു കനലായി. അവന്‍റെ ചിരിക്കുന്ന മുഖം വേഗത്തിലൊന്നും മനസ്സില്‍ നിന്നു മാഞ്ഞില്ല. മൃതമായി കഴിഞ്ഞിരുന്ന കിഴക്കേ ചായ്പ്പില്‍ പല തവണ അതിനു ശേഷം അവനെ ഞാന്‍ പ്രതീക്ഷിച്ചു. വരുമെന്നുള്ള ഒരു പ്രതീക്ഷയായി അവന്‍ ഇപ്പോഴും എന്നില്‍ നിലനില്‍ക്കുന്നു.
വില്‍ക്കുവാനായി എടുത്ത പത്രക്കെട്ടിനുള്ളിലെ വര്‍ഷങ്ങള്‍ പഴകിയ കടലാസുകള്‍ക്കിടയില്‍ എസ.ബി.സി. കമ്പനിയെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത എന്‍റെ ശ്രദ്ധയില്‍ പെട്ടു. കിഴക്കന്‍ ഒറീസ്സയില്‍ കമ്പനിയുടെ ഖനന മേഘലയില്‍ മവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലിലും, ആക്രമണത്തിലും, പത്തോളം മവോയിസ്റ്റുകാര്‍ കൊല്ലപ്പെട്ടതായിട്ടായിരുന്നു ആ പഴകിയ വാര്‍ത്ത. എസ്.ബി.സി. എന്ന പേരു മൂലം മാത്രമാണു ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്. വായന മുഴുമുപ്പിച്ചു, പത്രക്കെട്ടുകള്‍ പുറത്തേയ്ക്കെടുക്കുമ്പോഴേയ്ക്കു, ഒരു പോലീസ് വാഹനം എന്‍റെ വീടിന്‍റെ ഗേറ്റിന്‍റെ അടുത്തു നിര്‍ത്തി വഴി ചോദിക്കുന്നതും, സാവധാനം വീടിന്‍റെ ദിശയിലേക്കു തിരിയുന്നതും കണ്ടു. മറ്റൊരു മണ്ഡരിയുടെ വരവറിയിച്ചു കൊണ്ട് നാട്ടില്‍ അപ്പോള്‍ പടിഞ്ഞാറന്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു.