Raise our Conscience against the Killing of RTI Activists




Wednesday, January 20, 2016

നാലു പെണ്ണുങ്ങള്‍

രാത്രിയില്‍ ഞാന്‍ കഞ്ചിക്കോട്ടേയ്ക്കു പുറപ്പെടുമ്പോള്‍ നിലാവെളിച്ചം ഭൂമിയില്‍ വീണുതുടങ്ങിയിട്ടെ ഉള്ളു. പാലക്കാടു ജില്ലയുടെ  അതിര്‍ത്തിയിലുള്ള ഈ ഗ്രാമം, രാത്രിവാണിഭങ്ങള്‍ക്കു പ്രശസ്തമാണ്. സംസ്ഥാനത്തേയ്ക്കു വന്നും പോയുമിരിക്കുന്ന ലോറി ഡ്രൈവര്‍മാരും, മറ്റു സഞ്ചാരികളുമെല്ലാം തങ്ങളുടെ ലൈംഗീക തൃഷ്ണകള്‍ക്കു സുരക്ഷിതമായൊരു ശമനം കണ്ടെത്താന്‍ ആശ്രയിക്കുന്ന അനേകം ആശാ കേന്ദ്രങ്ങള്‍ അവിടുണ്ട്. എന്‍റെ ജില്ലാതിര്‍ത്തിയില്‍ ഒരു വിധ നിയമ ലംഘനങ്ങളും വെച്ചു പൊറുപ്പിക്കില്ല എന്ന ഒരു യുവ IPSകാരന്‍റെ അഹങ്കാരമാണോ, വില്‍ക്കപ്പെടുന്ന സ്ത്രീ ശരീരങ്ങളെ അറസ്റ്റ് ചെയ്തു മാദ്ധ്യമ ശൃദ്ധയും, ഒരല്‍പ്പം മാനസീക സുഖവും അനുഭവിക്കാനുള്ള വെമ്പലാണോ എന്നെ നയിക്കുന്നതെന്നു ഇപ്പോഴും നിശ്ചയമില്ല. ഒപ്പമുള്ള പോലീസുകാര്‍ നടത്തിപ്പു കേന്ദ്രത്തില്‍ നിന്നും സ്ത്രീകളെ അറസ്റ്റു ചെയ്തു നീക്കുമ്പോള്‍‍,  ഇരുട്ടില്‍ മാത്രം ലൈംഗീക സുഖം അനുഭവിച്ചിട്ടുള്ള അനേകര്‍, അവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി. 

പോലീസുകാരന്‍  ഒരു മദ്ധ്യവയസ്കയെ എന്‍റെ മുന്നിലെത്തിച്ചു പറഞ്ഞു, "സര്‍, ഇവളാണു ഇതിന്‍റെ നടത്തിപ്പുകാരി". ആ  മുഖത്തു അല്‍പ്പം പോലും കുറ്റബോധമില്ലായിരുന്നു. "എന്താടി നിന്‍റെ പേര്?", എന്‍റെ ആക്രോശത്തിനു അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത ചോദ്യം ചോദിച്ചതും, അവളുടെ മുഖത്തു ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു, "നിനക്കു ചെവി കേട്ടുകൂടെടി തേവിടിശ്ശി?" വിക്കി വിക്കി അവള്‍ പറഞ്ഞു, "മീര". "നിന്‍റെയീ പരിപാടിയൊന്നും ഞാന്‍ ഇവിടെ ASP ആയിരിക്കുന്നിടത്തോളം കാലം നടക്കില്ല". ഷര്‍ട്ടിന്‍റെ ചുളിവു നേരെയാക്കി ഞാന്‍ പറഞ്ഞു. പോലീസുകാരന്‍ അവളെയും കൊണ്ടു പോകുമ്പോള്‍ സമീപത്തുള്ള മറ്റു രണ്ടു പോലീസുകാര്‍ പരസ്പരം കുശുകുശുക്കുന്നതു കേട്ടു, "പുത്തനച്ചി പുരപ്പുറം തൂക്കും. രണ്ടു മാസം കഴിയുമ്പോള്‍ ഇവളൊക്കെ ഒരു പോറലു പോലും ഏല്‍ക്കാതെ ഇറങ്ങി പോരും". എന്നെ അറിയാവുന്നതു എനിക്കു മാത്രമായിരുന്നതുകൊണ്ട് ഞാന്‍ ചിരിച്ചേയുള്ളു. തിരികെയുള്ള യാത്രയില്‍ ഞാന്‍ സ്വയം നല്‍കിയതു, ഇരുട്ടില്‍ നഗരത്തെ സംരക്ഷിക്കുന്ന ബാറ്റ്മാന്‍റെ രൂപമാണ്. റോഡരുകില്‍ അലഞ്ഞു നടക്കുന്ന അമ്പലക്കാളകള്‍ രാവേറെയായിട്ടും വിശ്രമിച്ചു തുടങ്ങിയിരുന്നില്ല.

രണ്ടു ദിവസം കഴിഞ്ഞെന്നു തോന്നുന്നു, എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയത് നിര്‍ത്താതെ ചിലയ്ക്കുന്ന ഫോണ്‍ ശബ്ദമാണ്. "എന്താമ്മേ?", ഞാന്‍ ചോദിച്ചു. "എടാ, ഇന്നു പത്രം വായിച്ചപ്പോഴാണ് അറിയുന്നത്, നമ്മുടെ കിഴക്കേടത്തെ സുലോചനയുടെ മകള്‍ മീരയെ നിന്‍റെ പോലീസ് അറസ്റ്റു ചെയ്തെന്നു". "ഏതു സുലോചന?", കേട്ടയുടന്‍ ഞാന്‍ ചോദിച്ചു. "എടാ, നമ്മുടെ വീട്ടില്‍ പണ്ടു പണിക്കു വന്നിരുന്ന സുലോചന". ഓര്‍മ്മകളുടെ പിന്നാമ്പുറത്തു ഞാന്‍ തള്ളിയിരുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സുലോചന എന്ന പേരു പൊങ്ങി വരാന്‍ സമയം കുറച്ചെടുത്തു. "ഓ, മീര സുലോചനേച്ചിയുടെ മകളാണോ?". അവളെ ചെറുതിലെ ഞാന്‍ കണ്ടിട്ടുണ്ട്. "അവളൊക്കെ കാണിച്ച പരിപാടിയെന്താന്നു അമ്മയ്ക്കറിയുമോ?", എന്‍റെ ധര്‍മ്മ ബോധം വീണ്ടും ഉണര്‍ന്നു. "ഞാനും പത്രത്തില്‍ വായിച്ചു. ഭര്‍ത്താവുപേക്ഷിച്ചു പോയതില്‍ പിന്നെ രണ്ടു കുഞ്ഞുങ്ങള്‍ക്കും, വയ്യാതിരിക്കുന്ന അച്ഛനും അവളയച്ചു കൊടുത്തിരുന്ന പൈസ മാത്രമായിരുന്നു ആശ്രയം. അതൊക്കെ ഇങ്ങനെ ദുര്‍മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കിയതാണെന്നറിഞ്ഞു അവര്‍ക്കും വല്ലാണ്ടു വിഷമമായി.  ആ കുഞ്ഞുങ്ങള്‍ ഇനിയെങ്ങനെ പുറത്തിറങ്ങും?. നമുക്കു വേണ്ടി കുറെ പണിത കുടുംബമല്ലേ. അത്യാവശ്യം സഹായമൊക്കെ ഞാന്‍ ചെയ്യാമെന്നു വിചാരിക്കുന്നു", അമ്മ പറഞ്ഞു. "ഈ പണിക്കൊക്കെ ഇറങ്ങിത്തിരിക്കും മുമ്പ് ഇതൊക്കെ ഓര്‍ക്കണമായിരുന്നു", ഞാനും തിരിച്ചടിച്ചു. അല്ലെങ്കിലും, ചെറുപ്പം മുതലേ ഞാന്‍ മാത്രമാണു ശരി, കുറുകെ നില്‍ക്കുന്നവരെല്ലാം ധാര്‍മികമായി തെറ്റുകാരാണ്. 

**************************************************
കടന്നുപോയ കാലം എനിക്കു സമ്മാനിച്ചതു ഒന്നു രണ്ടു നരച്ച മുടിയും, അല്‍പം മിതത്വവുമാണ്. ആംബുലന്‍സിനു കടന്നു പോകാന്‍ മന്ത്രി വാഹനത്തെ തടഞ്ഞതിനുള്ള ശകാരം അതിരാവിലെ വാങ്ങിയാണു അന്നത്തെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തടഞ്ഞ പോലീസുകാരെ വിളിച്ചു വരുത്തി മാപ്പെഴുതി മേടിക്കണമെന്നു മന്ത്രി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അതിനെ അര്‍ഹിക്കുന്ന ആദരവോടെ, മൂക്കു ചീറ്റിയ ടിഷ്യൂ കടലാസിനൊപ്പം വേസ്റ്റു ബാസ്കറ്റില്‍ തട്ടി, മുറിയില്‍ വിശ്രമിക്കുമ്പോഴാണു പതിവില്ലാത്തൊരു നമ്പറില്‍ നിന്നും കോള്‍ വരുന്നത്. വിളിച്ചതു എട്ടു മുതല്‍ കൂടെ പഠിച്ച ജെറാള്‍ഡും. "അളിയാ, നമുക്കെല്ലാവര്‍ക്കും വരുന്ന രണ്ടാം ശനിയാഴ്ച ഒന്നു കൂടിയാലോ?". "എവിടെ വെച്ച്?", ഞാന്‍ ചോദിച്ചു. "നമ്മുടെ സ്കൂളില്‍ തന്നെ", അവന്‍റെ മറുപടി എന്നെയും സന്തോഷിപ്പിച്ചു. എത്രയോ വര്‍ഷമായി, പഠിച്ച സ്കൂളിലൊന്നു പോയിട്ട്. ആ ഓര്‍മ്മകള്‍, ഞാന്‍ ആഗ്രഹിക്കുന്നതിലുപരി എന്നെ ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കു തോന്നി. 

പതിവിലും നേരത്തെ സ്കൂളില്‍ എത്തിയ എനിക്കായി കാത്തു നിന്നിരുന്നതു ഏകാന്തതയും, സ്കൂള്‍ മുറ്റത്തിനു നടുവിലുള്ള ആലിനെ തഴുകിപ്പോകുന്ന ഇളംകാറ്റും മാത്രമായിരുന്നു. വര്‍ഷങ്ങളോളം പ്രതീക്ഷയുടെയും, ഭീതിയുടെയും നാദമുയര്‍ത്തിയ സ്കൂള്‍മണി എന്‍റെ നേരെ കാറ്റത്തു മുഖം തിരിച്ചു നോക്കി. സ്കൂള്‍ മൈതാനത്തിനു സമീപമുള്ള കുളം, കുട്ടികളുടെ കാല്‍പ്പെരുമാറ്റത്തില്‍ ജനിക്കുന്ന ഓളങ്ങള്‍ക്കായി കൊതിക്കുന്നുണ്ടായിരുന്നു. ഇന്നവിടെ പൊടിപടലങ്ങളില്ല, ശബ്ദങ്ങളില്ല, ഓര്‍മ്മകളെ ഖനീഭവിപ്പിക്കുന്ന നിശ്ശബ്ദത മാത്രം. ഞാന്‍ എന്‍റെ വിദ്യാലയം ചുറ്റി നടന്നു കാണുന്നതിനിടയില്‍ പൂര്‍വ്വ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. എന്നെ ഈ വിദ്യാലയത്തിലേക്കു പുലര്‍കാലെ ആകര്‍ഷിച്ച അവളെ, ഞാന്‍ അവര്‍ക്കിടയില്‍ തിരഞ്ഞു. ബിബിനും, ഡോണയും, പ്രീതിയും, അരുണുമെല്ലാം വന്നിട്ടും ശാലിനി മാത്രം വന്നില്ല. അവളുടെ പ്രതിബിംബം എന്‍റെ ഓര്‍മ്മപ്പൂട്ടില്‍ നിന്നും പുറത്തു വരുവാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടായിരുന്നു.

ശാലിനി എന്‍റെ ക്ലാസ്സില്‍ എത്തുന്നതു ഏഴാം തരത്തിലാണ്. ശബ്ദം മാറി, നേര്‍ത്ത മീശ രോമങ്ങള്‍ തെളിഞ്ഞു വരുന്ന കാലം. ക്ലാസ്സില്‍ അവള്‍ വന്നു മുന്‍ ബെഞ്ചിലിരുന്നു. അവളെക്കാണുമ്പോള്‍ മാത്രം എന്‍റെയുള്ളില്‍ ഒരാന്തല്‍. എന്തിനു വേണ്ടിയെന്നു തിരിച്ചറിഞ്ഞില്ലെങ്കിലും, ഞാനത് ആസ്വദിച്ചിരുന്നു. കണ്ണുകളെ ആകര്‍ഷിക്കാനുള്ള മാന്ത്രിക ശക്തിയുണ്ടായിരുന്നു അവളുടെ ചിരികള്‍ക്ക്. അവളുടെ വീടിനു മുന്നിലൂടെ നടക്കുമ്പോള്‍ എന്‍റെ കാലുകളുടെ വേഗത തനിയെ കുറഞ്ഞു. എപ്പോഴൊക്കെയോ ഞാന്‍ അവളുടെ ജനലുകളിലേക്കു ഒളികണ്ണിട്ടു. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്കവളോടു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുന്നത്. ഞങ്ങളുടെ സൌഹൃദം വര്‍ദ്ധിച്ചതോടൊപ്പം ഉള്ളിലെ ആന്തല്‍ കുറഞ്ഞു വന്നു. വിദേശത്തുള്ള ചേച്ചി കൊടുത്ത മാലയും, വളയുമുള്‍പ്പെടെ ഞങ്ങള്‍ക്കു സംസാരിക്കാന്‍ വിഷയങ്ങള്‍ നൂറായിരമുണ്ടായിരുന്നു.  "എന്തോന്നെടെ ഒരുമാതിരി തൂങ്ങിയിരിക്കുന്നത്?", തോളില്‍ കുലുക്കിയുള്ള ജെറാള്‍ഡിന്‍റെ ചോദ്യമാണു സംഗമത്തിലേക്ക് എന്നെ ഉണര്‍ത്തിയത്. "എത്ര വര്‍ഷമായെടാ ഇവിടെയൊക്കെ വന്നിട്ട്. ഓരോന്നോര്‍ത്തിരുന്നു പോയി", ഞാന്‍ പറഞ്ഞു. ഉച്ചഭക്ഷണവും, വിശേഷങ്ങളുമെല്ലാം കേട്ട് അവിടെ നിന്നു തിരികെയിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. ആല്‍മരത്തില്‍ രാപ്പാര്‍ക്കാന്‍ അനേകം പക്ഷികള്‍ വന്നു തുടങ്ങിയിരുന്നു.

***************************************************
പരിക്ഷീണിതമായ മുഖവുമായി ആ മനുഷ്യന്‍ എന്‍റെ അടുക്കല്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലായിരുന്നു. കാത്തിരിക്കാന്‍ പറഞ്ഞു ഞാന്‍ ജോലികള്‍ തുടര്‍ന്നെങ്കിലും അയാളുടെ കണ്ണുകളില്‍ തളം കെട്ടിയിരുന്ന ദുഃഖം എന്‍റെ സ്വസ്ഥത നശിപ്പിച്ചു. ഫയലുകള്‍ മാറ്റിവെച്ചു ഞാന്‍ ആ മനുഷ്യന്‍റെ മുഖത്തേക്കു നോക്കി. "എന്‍റെ ഒരേയൊരു മകള്‍ പ്രീയ, അവളെ രണ്ടു ദിവസമായി കാണ്മാനില്ല", അയാളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. "എവിടെ വെച്ചാണു കാണാതായത്?", ഞാന്‍ ചോദിച്ചു. "പ്ലസ്‌ ടൂ പരീക്ഷ കഴിഞ്ഞു ഫലം കാത്തിരിക്കുകയായിരുന്നു അവള്‍‍. രണ്ടു ദിവസം മുമ്പ് അമ്പലത്തില്‍ പോകാനായി ഇറങ്ങിയതാണ്. പിന്നീട് തിരിച്ചു വന്നിട്ടില്ല. ഞങ്ങള്‍ ആവുന്നിടത്തൊക്കെ അന്വേഷിച്ചു. അവള്‍ ഇപ്പോള്‍ എവിടെയായിരിക്കുമോ ഈശ്വരാ"? എന്‍റെ മുന്നിലിരുന്നു ഗദ്ഗദപ്പെട്ട ആ മനുഷ്യനെ, ഞാന്‍ അന്വേഷിക്കാമെന്നു സമാശ്വസിപ്പിച്ചു തിരികെയയച്ചു. കാറ്റിന്‍റെ ശക്തി മൂലമോ, കുറ്റകൃത്യങ്ങളുടെ ഭാരം താങ്ങാനാവാതെയോ എന്നറിയില്ല, ഫയലിലെ പല കടലാസുകളും നിലത്തു ചിതറി വീണു കിടന്നിരുന്നു.

"സമയം വൈകുന്തോറും പ്രീയയെ തിരികെ കിട്ടാനുള്ള സാദ്ധ്യത മങ്ങും". അവളെ പറ്റി അന്വേഷിക്കാന്‍ ഉടനെ പുറപ്പെട്ടത്തിന്‍റെ കാരണം ഈ ചിന്തയായിരുന്നു. അവളുടെയും, അവളുടെ സുഹൃത്തുക്കളുടെയും വീട്ടിലേക്കുള്ള ആ യാത്ര പതിവുപോലെ എന്‍റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. പട്ടണത്തിന്‍റെ പുറംപകിട്ടെല്ലാം വിട്ടു ഗ്രാമത്തിന്‍റെ സ്വച്ഛതയിലേക്കു വണ്ടി പ്രവേശിച്ചപ്പോള്‍ ഞാനും മയങ്ങിത്തുടങ്ങി. ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ വേട്ടയാടിയെത്തി. സ്കൂളിലെ മണിയടിശബ്ദം വീണ്ടും ഉയര്‍ന്നു കേട്ടു. പത്താം തരം പിന്നിട്ടപ്പോള്‍ ശാലിനി അല്‍പം മോഡേണ്‍ ആയതായി എനിക്കു തോന്നി. ധാരാളം ആഭരണങ്ങളും, വ്യത്യസ്ഥതയാര്‍ന്ന വസ്ത്രങ്ങളുമെല്ലാം. വിദേശത്തുള്ള ചേച്ചി അവളെയും ഒരു വിദേശിയാക്കാന്‍ ശ്രമിക്കുന്ന പോലെ. വര്‍ഷങ്ങളുടെ സഹൃദം തന്ന സ്വാതന്ത്ര്യത്തില്‍ ഞാന്‍ എന്‍റെ ഉള്ളിലെ ആന്തല്‍ ഒരിക്കല്‍ അവളെ അറിയിച്ചു. അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, "എനിക്കു മറ്റൊരാളെ ഇഷ്ടമാണ്". അവളുടെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചതില്‍ എനിക്കു കുറ്റബോധം തോന്നി. അവിടെ നിന്നും നടന്നകലുമ്പോള്‍ എന്‍റെയുള്ളിലെ ആന്തല്‍ ഒരു ഭാരമായി വളര്‍ന്നു തുടങ്ങിയിരുന്നു. പിന്നിടു അധിക ദിവസം ഞാനവളെ കണ്ടിട്ടില്ല. അവള്‍ ഒളിച്ചോടിപ്പോയെന്നു അയല്‍പക്കത്തെ വസന്തേടത്തി പറഞ്ഞു ഞാനറിഞ്ഞു. ജീവിതത്തില്‍ പിന്നീടു പലപ്പോഴും ആ മുഖം പരതിയിട്ടുണ്ടെങ്കിലും ഇന്നും എനിക്കു പിടി തരാതെ കളിപ്പിക്കുന്നു അവള്‍. ഒരിക്കല്‍ മാത്രം അവളുടെ അപ്പനെ, അതിനു ശേഷം ഞാന്‍ സ്കൂളില്‍ കണ്ടു. ഓജസ്സു നഷ്ടപ്പെട്ടു, താടിരോമങ്ങള്‍ വളര്‍ന്ന ഒരു നടോടിയെ അയാള്‍ അനുസ്മരിപ്പിച്ചു. "സാര്‍, പ്രീയയുടെ വീടെത്തി", ഡ്രൈവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. 

പ്രീയയുടെ വീട്ടിലും, സുഹൃത്തുക്കള്‍ക്കുമിടയിലുള്ള അന്വേഷണത്തിലൂടെ ഒരു കാര്യം വ്യക്തമായി. അവള്‍ ഇഷ്ടത്തിലായിരുന്നു. ജെറി എന്നായിരുന്നു അയാളുടെ പേരെന്നു എന്നോടു പറയുന്നത് അവളുടെ ഉറ്റ സുഹൃത്താണ്. അയാള്‍ അവള്‍ക്കു ധാരാളം സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിരുന്നെന്നും, അത്തരത്തിലുള്ള ഒരു സമ്മാനം വാങ്ങുന്നതിനിടയില്‍ കടയില്‍ വെച്ചാണു പരിചയപ്പെട്ടതെന്നും ആ ഉറ്റസുഹൃത്തു എന്നോടു പറഞ്ഞു. പ്രീയ ജെറിയുടെയൊപ്പം പോയിരിക്കാമെന്നു ഞാന്‍ അവളുടെ അച്ഛനെ അറിയിച്ചു. അയാള്‍ അതിനോടിങ്ങനെയാണു പ്രതികരിച്ചത്, "പ്രണയം ഒരു തെറ്റല്ല. അതിനിടയിലെ വിവേകമില്ലായ്മയാണു തെറ്റ്‌, ഏറ്റവും വലിയ തെറ്റ്". സമ്മതത്തോടെയാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കുറ്റകരമാണ്. അതിനാല്‍ തന്നെ ജെറി കുറ്റവാളിയും. എന്‍റെ ലക്‌ഷ്യം പ്രീയയെക്കാളുപരി ജെറിയായി മാറി. അവളുടെ മൊബൈല്‍ ട്രെയ്സു ചെയ്യാന്‍ ഞാന്‍ ഉത്തരവു നല്‍കി. സൈബര്‍ സെല്ലില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്, പ്രീയ ഇന്നലെ മുഴുവന്‍ യാത്രയിലായിരുന്നു. പാലക്കാടു ജില്ലയുടെ ഒരു അതിര്‍ത്തിഗ്രാമത്തോടു അടുപ്പിച്ചു അവളുടെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരിക്കുന്നു. അതേ പാതയിലൂടെ ഞങ്ങളും യാത്ര തിരിച്ചു.

യാത്രയ്ക്കിടയില്‍ പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും അവളെ പറ്റി ഒരു വിവരവും ലഭിച്ചില്ല. വെയിലും, അലച്ചിലും എന്നെയും, കൂടെയുള്ള ടീമിനെയും മടുപ്പിച്ചിരുന്നു. അല്‍പ നേരത്തെ നിശബ്ദതയ്ക്കു ശേഷം കൂടെയുണ്ടായിരുന്ന വര്‍ഗ്ഗീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു, "ഇവന്മാരുടെ സ്ഥിരം പരിപാടിയാണു ഉയര്‍ന്ന വീട്ടിലെയാണെന്ന തോന്നലുണ്ടാക്കി സൌഹൃദം സ്ഥാപിക്കുന്നത്. ഒരു മേമ്പൊടിയായി അച്ഛനോ, പെങ്ങളോ വിദേശത്താണെന്നും അങ്ങു തട്ടും. പിന്നീട് അവര്‍ തന്നു എന്ന പേരിലാവും സമ്മാനങ്ങളെല്ലാം. ചിന്തിക്കാന്‍ ശേഷിയില്ലാതെ ഇതില്‍ വീഴുന്ന കൌമാരക്കാര്‍ പിന്നീടു ഇവരുടെ സമ്മാനങ്ങളാവും. ഇതൊക്കെ കഴിഞ്ഞാല്‍ ഇവന്‍റെയൊന്നും പോടി പോലും കിട്ടില്ല. മറ്റൊരു പേരില്‍ മറ്റൊരു നാട്ടിലാവും അടുത്ത തട്ടിപ്പ്. മൊബൈല്‍ സ്വിച്ച് ഓഫ്‌ ആയ സ്ഥലം വെച്ചു നോക്കുമ്പോള്‍ അവള്‍ കഞ്ചിക്കോടൊ, തമിഴ്‌നാട്ടിലോ ഉള്ള ഏതെങ്കിലും വേശ്യാലയത്തിലുണ്ടാവാനാണു സാദ്ധ്യത. ഒളിച്ചോടാന്‍ നിര്‍ബന്ധിക്കുമ്പോഴെങ്കിലും ഇവളുമാര്‍ക്കു മനസ്സിലാക്കി കൂടെ ഇവന്മാര്‍ക്കാവശ്യം പ്രണയമല്ല, കാമമാണെന്ന്? അല്ല, ഇതൊക്കെ ആരോടു പറയാന്‍." അയാള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഞങ്ങളുടെ വണ്ടി പാലക്കാടു ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കഞ്ചിക്കോട്ടെയും, പരിസരങ്ങളിലെയും പല വേശ്യാലയങ്ങളിലും തപ്പിയെങ്കിലും പ്രീയയെ കണ്ടെത്താനായില്ല. അവളെ അവര്‍ ഒളിപ്പിച്ചു കാണും, ചിലപ്പോ കടത്തിക്കാണും. കൂടെയുള്ളവര്‍ക്ക് അവളെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍, ഞാനവരെ തിരികെയയച്ചു . ആ സായാഹ്നത്തില്‍ ഞാനും, എന്‍റെ വാഹനവും, പ്രതീക്ഷകളുമെല്ലാം, പാലക്കാടുള്ള ഏതോ ഗ്രാമത്തില്‍ വെച്ചു ഒറ്റയ്ക്കായി. 

ഏകാന്തമായ യാത്രയാണ്. ലക്‌ഷ്യം നിശ്ചയമില്ല, അത്ര തന്നെ മാര്‍ഗ്ഗവും. റോഡിനു ചുറ്റും മരങ്ങള്‍ മാത്രം. യാത്ര തുടരുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. "എന്താമ്മേ?", പതിവില്ലാത്ത ഈ സമയത്ത് അമ്മ വിളിക്കുന്നതെന്തിനെന്നു ഞാന്‍ പരിഭ്രമിച്ചു. "എടാ ആ സുലോചനയുടെ തളര്‍ന്നു കിടന്നിരുന്ന ഭര്‍ത്താവു ഇന്നലെ രാവിലെ മരിച്ചു", എനിക്കു സുലോചന ആരെന്നു വ്യക്തമായില്ല. "എടാ നീ പണ്ട് അറസ്റ്റ് ചെയ്ത മീരയുടെ അമ്മ, ഇവിടെ പണിക്കു നിന്നിരുന്ന സുലോചന", അമ്മ തുടര്‍ന്നു,"അവള്‍ ജയിലില്‍ പോയതില്‍ പിന്നെ അവളുടെ കുട്ടികള്‍ക്കു അത്യാവശ്യം സഹായമൊക്കെ ചെയ്തിരുന്നതു ഞാനാണ്. മുത്തച്ഛന്‍ കൂടി പോയതോടെ അവര്‍ തീര്‍ത്തും ഒറ്റയ്ക്കായി. ഞാന്‍ അവരെ ഇങ്ങോട്ടു കൊണ്ടുവന്നു." "എങ്ങോട്ട്?", ഞാന്‍ ഒരു ഞെട്ടലോടെ ചോദിച്ചു. "നമ്മുടെ വീട്ടിലേക്ക്. ഇന്നലെ രാത്രി ഒരല്‍പ്പം ഭക്ഷണം ചോദിച്ചു ആ കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നിരുന്നു. പിന്നെ ഞാന്‍ അവരെ തിരികെ വിട്ടില്ല". "എന്നാലും?", ഞാന്‍ ചോദിച്ചു. "നമ്മുടെ വീടിനടുത്തു രണ്ടു കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചാല്‍ ഞാന്‍ പിന്നെ എന്ത് അമ്മയാണ്? മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ്. വിദ്യാഭ്യാസവും, ജാതിയും, മതവും, പണവും, ബാക്കിയെന്തും അതിനു ശേഷമേ വരൂ." മറ്റു വിശേഷങ്ങള്‍ അന്വേഷിച്ചു അമ്മ ഫോണ്‍ വെച്ചു. അസ്തമയ സൂര്യന്‍റെ രശ്മികള്‍ ഒരു നേര്‍രേഖയിലെന്ന പോലെ, വാഹനമോടിച്ചിരുന്ന എന്‍റെ മുഖത്തു പതിച്ചു.  

മുന്നില്‍ വഴി പലതായി തിരിയുന്നു. ഞാന്‍ വാഹനത്തിന്‍റെ വേഗത കുറച്ചു. സഹായത്തിനായി അവിടെയെങ്ങും മറ്റാരെയും കാണുന്നുമില്ല. ഞാന്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങി, ഒരു സിഗരറ്റ് എടുത്തു പുകച്ചു. സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. എന്‍റെ മുന്നില്‍ ചില മുഖങ്ങള്‍ തെളിഞ്ഞു വന്നു. മീരയുടെ, ശാലിനിയുടെ, പ്രീയയുടെ, എല്ലാറ്റിലും ഉപരിയായി എന്‍റെ സ്വന്തം അമ്മയുടെ. നിയമത്തിന്‍റെ പുസ്തകത്തില്‍ മുന്നോട്ടുള്ള വഴി വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, നീതിയുടെ പുസ്തകത്തില്‍ പലതിനും വ്യക്തത കുറവായിരുന്നു. ചിന്തകള്‍ പുകച്ചുരുളുകളായി മുകളിലേക്കുയര്‍ന്നു. അവയ്ക്കിടയില്‍ ഏതോ ഒരു നിമിഷം പ്രീയയ്ക്കു കൈവന്നത് ശാലിനിയുടെ രൂപം. ചുറ്റും ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. ഞാന്‍ ജീപ്പു മുന്നോട്ടെടുത്തു.