യുവതാരങ്ങള്‍ അതാ ചിരിയുടെ മാലപ്പടക്കവുമായി വരുന്നു എന്നൊക്കെയുള്ള വിശേഷണങ്ങളുമായി ഇറങ്ങിയ സമീപകാല ചലച്ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. പക്ഷെ, അതൊരു നനഞ്ഞൊട്ടിയ പടക്കമായിരുന്നു എന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചാണ്, യുവാക്കളുടെ ആ സിനിമ കാണുവാന്‍ ഞാന്‍ ഇറങ്ങി തിരിച്ചത്. ഇങ്ങനെയും "തമാശ" അവതരിപ്പിക്കാം എന്നൊരു പുതിയ അറിവാണ് ഈ സിനിമ പ്രേക്ഷകരിലേക്കു തരുന്നത്. ഇതൊക്കെ കോമെഡി ആണോ എന്നു ആര്‍ക്കെങ്കിലും പടം കണ്ടിട്ടു സംശയം തോന്നിപ്പോയാല്‍, അവരെ തെറ്റു പറയാനെ പറ്റില്ല.
M A നിഷാദ് ആണ് സിനിമയുടെ സംവിധായകന്‍. ദോഷം പറയരുതല്ലൊ, സിനിമയുടെ പേര് എഴുതി കാണിക്കുന്നതു നല്ല വൃത്തിയായിട്ടാണ്. അതു കഴിഞ്ഞു തുടങ്ങുകയായി പൂരം. സൂക്ഷിക്കുക, കുളത്തില്‍ മുതലയുണ്ട് എന്നൊക്കെ പറയുന്നതു പോലെ, മുകേഷ് ഒരാവശ്യവുമില്ലാതെ വന്നു പറയുന്നു "വന്‍ കോമെഡി കാണാന്‍ ഒരുങ്ങിക്കൊള്ളു" എന്ന് . കോമെഡി കണ്ടാല്‍ ഉടനെ ചിരിക്കാന്‍ പാകത്തിന് ആകാംക്ഷാപൂര്‍വം ഇരിക്കുകയണ്. ആദ്യത്തെ 5 മിനിറ്റില്‍ തന്നെ മനസ്സിലായി, ഇതു വെറും പൊട്ടാസു വെടിയാണെന്ന്.
സിനിമയില്‍ കൈലേഷും ആസിഫ് അലിയും ഉറ്റ സുഹൃത്തുക്കളാണ്. സിനിമയുടെ ഒരു പ്രത്യേകത, ഉദ്ദേശം എല്ലാ ഷോട്ടിലും തന്നെ ഇവരും, ഇവരുടെ ലൌവേഴ്സ് ആയ റീമ കല്ലുങ്കലും, അര്‍ച്ചനയും ഉണ്ട് എന്നതാണ്. പക്ഷെ എന്തിനാണ് എന്നു എനിക്കു അത്രക്കങ്ങു മനസ്സിലായില്ല. ആസിഫ്, പടമെടുക്കനുള്ള പണത്തിനായി കൈലേഷിന്‍റെ ചേട്ടനായ പ്രഭു അറിയാതെ, കൈലേഷിനെ ഒരൊ കെണിയില്‍ ചാടിക്കുന്നതാണ് പടത്തിന്‍റെ ഇതിവൃത്തം. ഒരു ആവശ്യവുമില്ലാത്ത ഒരു കുക്കിന്‍റെ റോളില്‍ സുരാജും പ്രത്യക്ഷപ്പെടുന്നുണ്ട്. ദോഷം പറയരുതല്ലൊ, തമാശ പറയാന്‍ സുരാജ് തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഭീമന്‍ രഘു ഒരു തടിയന്‍ പൊട്ടനായിട്ടും അഭിനയിക്കുന്നു.
സിനിമയുടെ മറ്റൊരു ഹയ് ലൈറ്റാണ് മമ്മൂട്ടി. സിനിമ ചിത്രീകരിക്കുന്ന സമയത്ത്, മമ്മൂട്ടി വളരെ ഒരു നിര്‍ണായക റോളിലാണ് വരുന്നതെന്നു സംവിധായകന്‍ പറയുന്നതു ചാനലില്‍ ഞാന്‍ കണ്ടിരുന്നു. മമ്മൂട്ടിയുടെ റോളൊക്കെ വളരെ സീരിയസായാണ് സംവിധയകന്‍ ഉദ്ദേശിച്ചതെങ്കിലും, അതു കണ്ടപ്പോഴാണ് ശരിക്കും ചിരി വന്നത്. മമ്മൂട്ടി ഒരു പോഷ് കാറില്‍ വരുന്നു, പിന്നെ ഒരു ബൈകില്‍ വരുന്നു, ബൈക്ക് ചെരിക്കുന്നു, പൊകുന്നു. ഇടക്കു മമ്മൂട്ടി ചുമ്മാ ആരെയൊക്കെയൊ പറന്നടിക്കുന്നു. പിന്നെ കുറച്ചു സമയം സ്ളോ മോഷനില്‍ നടക്കുന്നു.ഈ സിനിമയില്‍ മമ്മൂട്ടി( ഇതില്‍ നടനായിട്ടു തന്നെയാണ്) ആസിഫ് അലിക്കു, തന്‍റെ സിനിമക്കു ഡെയിറ്റ് കൊടുക്കുന്നു എന്നതാണ് കഥയുമായുള്ള ഏക ബന്ധം. അതിനാണ് ഈ കോലാഹലമെല്ലാം. മമ്മൂട്ടി വരുമ്പോഴുള്ള ബാക്ക്ഗ്രൌണ്ട് സ്ക്കോര്‍ ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്. ഇതൊക്കെ കണ്ടാല്‍ പിന്നെ മമ്മൂട്ടി ജന്‍മത്തില്‍ ഇവര്‍ക്കൊന്നും ഡെയിറ്റ് കൊടുക്കില്ല.
അതൊക്കെ പോട്ടെ, ആദ്യ പകുതിയില്‍ കുറച്ചു റൊമാന്‍സും പിന്നെ കുറച്ചു ഇന്‍ട്രൊഡക്ഷനുമായി, കഥ എന്താണെന്ന് മനസ്സിലായിരുന്നു. രണ്ടാം പകുതി നടക്കുന്നതു മുഴുവന്‍ ഒരു വീടിനുള്ളിലാണ്. അതില്‍ നമ്മുടെ താരം എത്തുന്നു. ഉര്‍വശി. പ്രഭുവും വീട്ടില്‍ എത്തുന്നു. പിന്നെ ആകെ പാടെ അവിടെ ഒരു പുകയാണ്. ഇടക്കു നായികമാര്‍ ഇണ്റ്റര്‍ചെയിഞ്ച് ആവുന്നു, ഇടക്കു ഒരുത്തിയെ കാണാതാവുന്നു, ഇതു വിശ്വസിപ്പിക്കാന്‍ പ്രഭുവിനോടു പറയുന്ന നുണയും എല്ലാം കഴിയുമ്പോള്‍, എതാണ്ട് കുഴമ്പു പരുവത്തില്‍ ഒരു കഥ മുന്നില്‍ തെളിയും. വീട്ടില്‍ വേലക്കാരിയായി എത്തുന്ന ഉര്‍വശിയാണ് എറ്റവും അസഹനീയം. ഉര്‍വശി മുഴുവന്‍ സമയവും കോട്ടൊക്കെ ഇട്ടാണ് നടക്കുന്നത്. ഈ വേലക്കാരികള്‍ ഇപ്പൊള്‍ ഇതൊക്കെയാണാവൊ വേഷം. തന്നെയുമല്ല, അസ്സഹനീയമായ ഉര്‍വശിയുടെ കൊഞ്ചലും കുഴയലുമൊക്കെയായി പ്രേക്ഷകരെ ഒരു പ്രത്യേക മാനസീകാവസ്ഥയിലേക്കു സംവിധായകന്‍ ഈ സമയങ്ങളില്‍ കൊണ്ടു പോവുന്നുണ്ട്.
പടം 2 മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ എല്ലാം മിക്സായി, നായികമാര്‍ ഒക്കെ ആരാണെന്നു കണ്‍ഫ്യൂഷനായി. ആകെ ആള്‍മാറാട്ടം മാത്രം. ഇതിനിടക്കു ജനാര്‍ദ്ദനന്‍, ഒരു ഉണ്ടയില്ലാ വെടി പൊട്ടിക്കാന്‍ എത്തുന്നുണ്ട്. ഉറക്കം മൂലം, ഞാന്‍ ഇടക്കു പോയി മുഖമൊക്കെ കഴുകി ഫ്രഷായി വന്നു. ചുറ്റും നോക്കി മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ കണ്ടു നിര്‍വൃതിയടഞ്ഞു. വാച്ചില്‍ നോക്കി നോക്കി, ഒടുവില്‍ പടം തീരാറായപ്പൊള്‍ ഒരു ആവശ്യവുമില്ലാതെ, പടം തീര്‍ന്നു എന്നും പറഞ്ഞു മമ്മൂട്ടി വീണ്ടും. പടം കഴിഞ്ഞപ്പോള്‍, അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു രക്ഷപ്പെടുന്ന പോലെ ഓടി പുറത്തേക്ക്.
പ്രീയ വായനക്കാരോട്, ഇതു കാണാന്‍ പോകുന്ന പണം വല്ല നേര്‍ച്ചക്കുറ്റിയിലുമിട്ടാല്‍ അല്‍പം പുണ്യമെങ്കിലും ലഭിക്കും. ഇതിന്‍റെ തിരക്കഥാകൃത്ത് ഒരു മഹാന്‍ തന്നെ, ഇങ്ങനെയും ഒരുക്കാമെന്നു നമുക്കു കാണിച്ചു തന്നു. ഈ കോമെഡി പടത്തില്‍, മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങള്‍ ഒഴികെ, ഒരു രംഗങ്ങളിലും എനിക്കു ചിരി വന്നില്ല. അവസാനമായി നിര്‍ത്തുന്നതിനു മുമ്പ് സംവിധായകനോട് ഒരു വാക്ക്, നമ്മുടെ ശത്രു രാജ്യങ്ങളോടു പോലും ഇങ്ങനെ ചെയ്യരുത്.
എടാ ബ്ലഡിഫൂള്‍.. ഈ സിനിമയാണല്ലേ നീ നല്ലതാണെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിക്കാന്‍ നോക്കിയത്! എന്തായാലും 'ത്രില്ലര്‍' കണ്ടല്ലോ.. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒന്ന് പോടാ മോനേ ദിനേശാ..
ReplyDelete