Raise our Conscience against the Killing of RTI Activists




Sunday, January 9, 2011

വിവരാവകാശ നിയമം-ചില യാഥാര്‍ത്ഥ്യങ്ങള്‍

                        ഭാരതത്തിന്‍റെ പത്തറുപതു വര്‍ഷത്തെ ചരിത്രത്തില്‍ വന്നിട്ടുള്ള വളരെ സുപ്രധാനമായ നിയമങ്ങളിലൊന്നാണ്‌ വിവരാവകാശനിയമം. ഒരു ജനാധിപത്യ രാജ്യത്തില്‍, പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്‌ എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഇതുപോലയുള്ള മറ്റു നിയമങ്ങള്‍, വളരെ വിരളമാണെന്നു പറയാം. ഇതു പ്രകാരം ഏതൊരു പൌരനും, നിയമത്തില്‍ ഔദ്യോഗികമായി രഹസ്യാത്മകം എന്നു പറഞ്ഞിട്ടുള്ള കാര്യങ്ങളിലൊഴിച്ച്‌ സര്‍ക്കാരുദ്യോഗസ്ഥരില്‍ നിന്ന്‌ വിവരങ്ങള്‍ തേടാനുള്ള അവകാശമുണ്ടായിരിക്കുന്നതും, അവര്‍ അതു നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്‌. ഈ നിയമം ഇതിനോടകം തന്നെ അനേകം വിദേശ രാജ്യങ്ങളുടെ പ്രശംസക്കു പാത്രമാകുകയും ചെയ്തിട്ടുണ്ട്‌.  

                      മുംബൈ നഗരത്തില്‍ ജീവിച്ചിരുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു അമിത്‌ ജെതവ. അദ്ദേഹം കഴിഞ്ഞ ജൂലൈ 20നു മുംബൈയിലെ പ്രാന്തപ്രദേശങ്ങളില്‍ വച്ചു അതിദാരുണമായി കൊല ചെയ്യപ്പെട്ടു. ഇതുപോലെ തന്നെ മഹാരാഷ്ട്രയിലെ കോലാപൂരില്‍ വച്ചു, കഴിഞ്ഞ മേയ്‌ 31നു ദട്ട പാട്ടീലും, ഏപ്രില്‍ 21നു വിത്തല്‍ ഗീതും, അന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ വച്ചു കഴിഞ്ഞ ഏപ്രില്‍ 11നു സോള രംഗറാവുവും, ഫെബ്രുവരി 26നു അരുണ്‍ സാവന്തും, ഫെബ്രുവരി 14നു ബിഹാറില്‍ വച്ചു ശശിധര്‍ മിസ്രയും, ഫെബ്രുവരി 11നു ഗുജറാത്തില്‍ വച്ചു വിശ്രം ലക്ഷ്മണ്‍ ദോടിയയും, പൂനെയില്‍ വച്ചു ജനുവരി 13നു സതീശ്‌ ഷെട്ടിയും അതിദാരുണമായി കൊലചെയ്യപ്പെടുകയുണ്ടായി. സ്ഥലങ്ങളും, കൊല്ലപ്പെട്ട സമയവും എല്ലം വ്യത്യസ്ഥമാണെങ്കിലും ഇവര്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌, RTI നിയമം വച്ചു സര്‍ക്കാരിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരായിരുന്നു ഇവരെല്ലാം. എല്ലാവരുടെയും അന്ത്യം ഒരു പോലെയും.

                           ജനങ്ങള്‍ക്കല്ല പരമാധികാരം എന്നു വെളിവാക്കുന്ന ചില കാര്യങ്ങളാണ്‌ ഞാന്‍ എഴുതിയത്‌. അഴിമതി എന്ന ക്യാന്‍സര്‍ നമ്മെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നതിനു ചില സൂചകങ്ങള്‍ നല്‍കിയെന്നു മാത്രം. ജനങ്ങളുടെ പൊതുജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു ഇവയെല്ലാം. അയല്‍ക്കാരന്‍റെ കൂര കത്തി ചാരമായാലും, നമ്മുടേതു കത്തിയില്ലല്ലൊ എന്ന ചിന്താഗതിയിലേക്കു നാം എങ്ങനെയൊ എത്തിപ്പെട്ടു. നമ്മെ പുറമെ നിന്ന്‌ ആക്രമിക്കുന്ന ശത്രുക്കളേക്കാള്‍ എത്രയോ മടങ്ങു പേടിക്കേണ്ടിയിരിക്കുന്നു, നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഇത്തരം ദുഷ്പ്രവണതകളെ. പുറമെ നിന്നുള്ളവയേക്കാള്‍ നാം എപ്പോഴും പേടിക്കുന്നതു നമ്മുക്കുണ്ടാവുന്ന അസുഖങ്ങളല്ലേ. ചികത്സിച്ചില്ലെങ്കില്‍ അത്യന്തം അപകടകാരികളാവുന്ന ക്യാന്‍സറുകളെ.

                        ജെതവയുടെ ഫലപ്രദമായ ഇടപെടല്‍ മൂലം സംരക്ഷിത വനമേഖലകളിലുള്ള അനേകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സാധിചിരുന്നു. മുകളില്‍ പറഞ്ഞ എല്ലാവര്‍ക്കും ഇതു പോലെ നമുക്കുപകാരപ്രദമായ എന്തെങ്കിലും കഥകള്‍ പറയാനുണ്ടാവും. ആരുഷി വധത്തെ പറ്റിയും, ബിനായക്‌ സെന്നിന്‍റെ നീതി നിഷേധത്തെപറ്റിയും കണ്ണുനീര്‍ പൊഴിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, അടിവാരം വരെ തകര്‍ക്കാന്‍ പ്രാപ്തിയുള്ള ഇവര്‍ക്കെതിരെ ശബ്ദിച്ചും കാണുന്നില്ല. മുകളില്‍ പറഞ്ഞ എല്ലാവരുടെയും കേസന്വോഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ല എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു ഇവയെല്ലാം. ഒരു MLA = മണ്ടലത്തിലെ മുഴുവന്‍ ജനങ്ങള്‍, ഒരു CM = സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍, ഒരു PM = രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ എന്നൊരു അപകടകര സ്ഥിതി വിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നു. രാജ്യത്ത്‌, എക്സിക്യൂട്ടീവിനു കീഴില്‍ നിന്നു മാറി, അഴിമതി അന്വൊഷണത്തിനായി മറ്റൊരു ഏജന്‍സി ഉണ്ടാവേണ്ടത്‌ കാലത്തിന്‍റെ ആവശ്യമാണ്‌.

                       ഇപ്പോഴും സമയം വൈകിയിട്ടില്ല. ഇനിയും ഈ വിധി അനേകം RTI ആക്റ്റിവിസ്റ്റുകളുടെ മേല്‍ പ്രയൊഗിക്കപ്പെടാം. ഇവക്കെല്ലാം എതിരെ ഉയരേണ്ടതു ശബ്ദമാണ്‌, ഒരു ന്യൂനപക്ഷം ജനത്തിന്‍റെയെങ്കിലും ശബ്ദം. രാജാവു നഗ്നനാണെന്നു വിളിച്ചു പറഞ്ഞവന്‍റെ ശബ്ദം പോലെ, "നീ കുറ്റം ചെയ്യുന്നു" എന്നു യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രഖ്യാപിക്കുന്ന മനസ്സാക്ഷിയുടെ ശബ്ദം പൊലെ ഒന്ന്‌. ആ ശബ്ദമാകാന്‍ എനിക്കു സാധിച്ചിരുന്നെങ്കില്‍....

4 comments:

  1. അഴിമതിയില്ലാത്ത ഭരണം ഉപ്പില്ലാത്ത കഞ്ഞി പോലെ.. :)

    ReplyDelete
  2. ഭരണകൂട സ്ഥാപങ്ങള്‍ എല്ലാം തന്നെയും ജനതയ്ക്ക് മേല്‍ മര്‍ദ്ധകോപാധിയായി പ്രയോഗിക്കപ്പെടുന്നു. ചോദ്യം ചെയ്യപ്പെടുന്നവര്‍ അതെ പ്രയോക്താക്കളാല്‍ തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നു. മിക്കപ്പോഴും നമ്മെ നിശ്ശബ്ദരാക്കുന്നതും ഈ ഉള്‍ഭയം തന്നെ..!!!

    ReplyDelete
  3. "നീ കുറ്റം ചെയ്യുന്നു" എന്നു യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രഖ്യാപിക്കുന്ന മനസ്സാക്ഷിയുടെ ശബ്ദം പൊലെ ഒന്ന്‌"

    അങ്ങനെ ഉറക്കെ പറയണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്..ശരിക്കും മാറ്റം ആഗ്രഹിക്കുന്നവര്‍. പക്ഷെ
    അത് തുറന്നു പറഞ്ഞു സ്വന്തം ഭാവിയും ജീവിതവും തകര്‍ക്കണോ എന്നാ ചോദ്യത്തിന് മുന്‍പില്‍ നിശബ്ധരാകുകയാണ്
    ഭൂരിഭാഗവും. സ്വതം കുടുംബതിനോടുള്ള ബാധ്യത സമൂഹത്തിനോട് ഉള്ളതിനോടുല്ലതിനേക്കാള്‍ കൂടുതലാകുമ്പോള്‍...

    വേറിട്ട ഒരു ബ്ലോഗില്‍ വന്നതില്‍ സന്തോഷമുണ്ട്...DKD എഴുതിയ ഒരു കമന്റും കണ്ടതുകൊണ്ടാണ് ഇവിടെ എത്തിച്ചേര്‍ന്നത്.അവിടെ എന്റെ മറുപടിയും കാണാം... quo vadis വഴി..

    ഈ വേറിട്ട സ്വരം കൂടുതല്‍ ശബ്ദത്തില്‍ മുഴങ്ങട്ടെ..

    വീണ്ടും കാണാം..

    ReplyDelete
  4. "അഴിമതി എന്ന ക്യാന്‍സര്‍" - ഒരു ഉദാഹരണം പറഞ്ഞതാണ്. നന്നായിരിക്കുന്നു.പക്ഷേ, കുറച്ചുകൂടെ ശ്രദ്ധിക്കാം.

    ReplyDelete