തമിഴ്നാട്ടിലെ കാഞ്ചി ജില്ലയിലുള്ള തിരുക്കഴുകുണ്ട്രം എന്ന സ്ഥലത്തെ, വളരെ പ്രശസ്ഥരായിരുന്ന അശോകന്‍, പുഷ്പ്പാഞ്ചലി ഡോക്ടര്‍ ദമ്പതിമാരുടെ മകനായിരുന്നു ഹിതേന്ദ്രന്‍. അവന്‍റെ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞിരുന്ന സമയത്താണ്, അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുതി ആ ജീവന്‍ പൊലിഞ്ഞത്. അന്നൊരു സെപ്റ്റംബര്‍ 20 ആയിരുന്നു. മറ്റേതൊരു റോഡ് അപകടവും പോലെ ഓര്‍മ്മയില്‍ നിന്നു പൊവേണ്ട ഈ സംഭവം, ഒരു ചരിത്രവും, അനേകര്‍ക്കു പ്രതീക്ഷയുമായത്, ആ ദമ്പതികള്‍ നിര്‍ണ്ണായക സമയത്തെടുത്ത ഒരു തീരുമാനം മൂലമാണ്. ഒപ്പം മറ്റു പലരും ആ തീരുമാനം നടപ്പിലാക്കാന്‍ സഹായിച്ചതുകൊണ്ടും. ഉപബോധമനസ്സിലേക്കു കടന്നിരുന്ന ആ സംഭവം പിന്നെയും തൊട്ടുണര്‍ത്തിയത്, ഞാന്‍ കണ്ട ട്രാഫിക് എന്ന സിനിമയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ, അതിന്‍റെ തനിമയും വൈകാരികതയും ഒട്ടും ചോരാതെ എങ്ങനെ പ്രേക്ഷകരില്‍ എത്തിക്കാം എന്ന് ആ സിനിമ കാണിച്ചു തന്നു.
ആദ്യമായി തന്നെ എടുത്തു പറയേണ്ടതു ആ ചിത്രത്തിന്‍റെ തിരക്കഥയാണ്. നല്ല നല്ല പരീക്ഷണങ്ങള്‍ക്കു ഞങ്ങള്‍ തയ്യാര്‍ എന്നു വീണ്ടും ബോബിയും സഞ്ജയും പ്രഖ്യാപിക്കുന്നു ഇതിലൂടെ. ഒപ്പം തന്നെ രാജേഷ് പിള്ളയെന്ന സംവിധായകന്‍റെ കരസ്പര്‍ശവും. പല ജീവിതങ്ങളെ, എങ്ങനെ തന്‍മയത്വം ചോരാതെ കൂട്ടിയിണക്കാം എന്നിവര്‍ തെളിയിച്ചു. പല ജീവിതങ്ങള്‍ ഒരു ട്രാഫിക് സിഗ്നലില്‍ ഒന്നിക്കുന്നു. പിന്നീടു അവര്‍ ഒരു ലക്ഷ്യത്തിനായി മുന്നേറുന്നു. പ്രേക്ഷകരുടെ വൈകാരികതയെ തൊട്ടുണര്‍ത്തുന്ന വളരെയേറെ രംഗങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തിരക്കഥയെ, തന്‍റെ വൈഭവം കൊണ്ട് രാജേഷ് പിള്ളയും, അഭിനയം കൊണ്ടു നടീനടന്‍മാരും മികച്ചതാക്കാന്‍ മത്സരിച്ചിരിക്കുന്നു. സായി കുമാറിന്‍റെയും, ആസിഫ് അലിയുടെയും, അനൂപ് മേനോന്‍റെയും അഭിനയം എടുത്തു പറയേണ്ടതാണെന്നു തോന്നുന്നു.
മഹേഷ് നാരായണന്‍റെ എഡിറ്റിംഗ് വളരെ മികച്ചതു എന്നുതന്നെ പറയാം. അപകടത്തിന്‍റെ തീവ്രത പ്രതിഫലിപ്പിച്ച, വ്യക്തികളുടെ ആകാംക്ഷയെ, വികാരങ്ങളെ ഒപ്പിയെടുത്ത സൈജു ഖാലിദ് എന്ന ക്യാമറമാന്‍ ഒരു പുത്തന്‍ താരോദയമാണ്. മെജോക്കും, സാംസണും പാട്ടുകളുടെ കാര്യത്തിലും അഭിമാനിക്കാം, എല്ലാറ്റിലുമുപരിയായി ഇങ്ങനെയൊരു ശ്രമത്തിനു പിന്തുണ നല്‍കിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവിനും.
ഹിതേന്ദ്രന്‍റെ യഥാര്‍ത്ഥ ജീവിതം, ഒരു വര്‍ഷം മുമ്പ് മനോരമ സപ്പ്ളിമെണ്റ്റില്‍ വന്നതു വായിച്ചിരുന്നു. അന്നതിനെ ഒരു വായനക്കാരന്‍റെ കണ്ണിലൂടെയാണ് കണ്ടതെങ്കില്‍, ഇന്നു ആ സംഭവങ്ങളോടൊപ്പം സഞ്ചരിക്കാന്‍ എനിക്കു സാധിച്ചു. ഓരോ രംഗങ്ങളിലും യഥാര്‍ത്ഥ വ്യക്തികളെ സ്വയം പ്രതിഷ്ഠിച്ചു നോക്കി. ഒരേച്ചു കെട്ടലും തോന്നിയില്ല എന്നതിനാല്‍ തന്നെ, സംഭവങ്ങളൊടു നീതി പുലര്‍ത്തി എന്നു നിസ്സംശയം പറയാം. സ്വന്തം മകന്‍റെ ഹൃദയം ദാനം ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷങ്ങളില്‍, അവനും ജീവനുണ്ടാകും. ഏതൊരു കുടുംബത്തിനും താങ്ങാനാവുന്നതിനപ്പുറത്തെ ഒരു തീരുമാനം. പക്ഷേ, അവര്‍ അതിനു സമ്മതിച്ചപ്പോള്‍, ഒരു പ്രത്യേകതയുമില്ലാതെ കടന്നുപോകെണ്ടിയിരുന്ന എതാനും നിമിഷങ്ങള്‍ , അത് ഓര്‍മിക്കപ്പെട്ടു.
ഇവര്‍ മാത്രമല്ല. അന്നു ഹൃദയം എടുത്ത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേയും, തിരിച്ചു പിടിപ്പിക്കാന്‍ ശസ്ത്രക്രീയ നടത്തിയ ചെന്നൈയിലെ തന്നെ ഫ്രോണ്ടിയര്‍ ആശുപത്രിയിലെയും സര്‍ജന്‍മാരും അവരുടെ തീരുമാനത്തെ പിന്താങ്ങി. അന്നു, ഒരു മണിക്കൂറിലേറെ നേരമെടുക്കുന്ന ചെന്നൈയിലെ യാത്രയെ, വെറും 11 മിനിറ്റുകൊണ്ടു ലക്ഷ്യ സ്ഥാനത്തെത്തിച്ച പോലീസ് കോണ്‍സ്റ്റബിള്‍ മോഹനനും, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് കമ്മീഷണര്‍ റെഡ്ഡിയും, എത്രയോ വലിയൊരു സേവനമാണ് ചെയ്തത്. ഇവര്‍ക്കു പിന്നിടേണ്ട ദുര്‍ഘടങ്ങളെ, സിനിമ മുന്നില്‍ വരച്ചു കാണിക്കുന്ന പോലെ തൊന്നി.
ബാംഗ്ളൂരുള്ള ശേഖര്‍-മഞ്ജുള ദമ്പതികളുടെ 11 വയസ്സുകാരി അഭിരാമി ഇന്നു സന്തോഷകരമായ ജീവിതം നയിക്കുകയാണ്. അവളുടെയുള്ളില്‍ മിടിക്കുന്നതു ഹിതേന്ദ്രന്‍റെ ഹൃദയമാണ്. അവള്‍ മാത്രമല്ല, മറ്റ് 5 ജീവിതങ്ങള്‍ കൂടി ഹിതേന്ദ്രണ്റ്റേതായി പുഞ്ചിരിക്കുന്നുണ്ട്. അവന്‍റെ മാതപിതാക്കള്‍, ഹൃദയം മാത്രമല്ല, കരളും, കിഡ്നിയും, കണ്ണുകളും കൂടാതെ ബോണ്‍ മാരോയും ദാനം ചെയ്തിരുന്നു. അവര്‍ക്കു ഹിതേന്ദ്രനു പകരം 6 മക്കളുണ്ട് ഇന്ന്. സ്വന്തം മകന്‍റെ ഹൃദയവും വഹിച്ചു കൊണ്ടുള്ള വണ്ടി അവരുടെ മുന്നിലൂടെ പോകുമ്പോള്‍ ആ മാതാപിതാക്കള്‍ എങ്ങനെ താങ്ങിയെന്നതു ആലോചിക്കാന്‍ പൊകുമാകുന്നില്ല. നിശബ്ദമായ പ്രവര്‍ത്തനങ്ങളാണ് സംഭാഷണത്തേക്കാള്‍ ആയിരം മടങ്ങു ശക്തം.
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയാലും, ജീവിതത്തില്‍ നിര്‍ണായകമാവുന്നതു തീരുമാനങ്ങളെടുക്കുന്ന ഏതാനും നിമിഷങ്ങളാവും. ആ നിമിഷങ്ങളാണ് നമ്മെ പ്രത്യാശയുടേയൊ, നിരാശയുടെയൊ പ്രതീകങ്ങളാക്കുന്നത്. ഒരു വിലപ്പെട്ട ജീവനെയും, അവന്‍റെ മാതാപിതാക്കളെയും, ഈ സിനിമ യാഥാര്‍ത്ഥ്യത്തോടെ എന്നെ ഒര്‍മ്മിപ്പിച്ചെങ്കില്‍, ഇതൊരു വിജയമെന്നു ഞാന്‍ പറയും. രാവിലെ ദുഖപൂരിതമായ അപകടം നടന്നിടത്തു കൂടി ഏതാനം മണിക്കൂറുകള്‍ കഴിയുമ്പോള്‍, ശ്രീനിവാസന്‍ പ്രത്യാശയൊടെ പോകുന്നിടത്ത്, പടം തീര്‍ന്നുവെങ്കില്‍, അശോകന്‍ പുഷ്പാഞ്ജലി ദമ്പതികളുടെ കഥ ഇപ്പൊഴും തുടരുന്നു. സ്വന്തം മകന്‍റെ പേരില്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ച്, റോഡ് അപകടങ്ങളെ പറ്റിയും, അവയവ ദാനത്തെപറ്റിയും, ആളുകളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു അവര്‍. "അവരാണ് താരം", എന്‍റെ മനസ്സു മന്ത്രിച്ചു. സിനിമ തീര്‍ന്നപ്പോഴുണ്ടായ നിറഞ്ഞ കയ്യടിയില്‍ ഹിതേന്ദ്രന്‍റെ ആത്മാവും സന്തോഷിച്ചിരിക്കണം. കാരണം അത്, അവനും കൂടി അവകാശപ്പെട്ടതാണല്ലോ.
nice post!
ReplyDeletenjnm traffic kandu.. !
thanx 4 sharng the info!
നേരത്തെ കണ്ണനും ഷൈനും ഇപ്പോള്‍ ദേ ദീപക്കും അതിനെ തന്നെ പറയുന്നു. എങ്കില്‍, അതിനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം..!!!
ReplyDeleteenikk ath onnu kaanaan kayinjilla ath kanditt ninnod samvadikkaam
ReplyDelete