Raise our Conscience against the Killing of RTI Activists




Tuesday, March 15, 2011

നായകന്‍റെ മായകള്‍


പലതരം കിളികളെക്കുറിച്ചു നിങ്ങള്‍ കേട്ട് കാണും. ചെറിയ കുരുവി മുതല്‍ അങ്ങ്, വലിയ പരുന്തു വരെ. അതിനാല്‍ തന്നെ വന്‍ അബദ്ധങ്ങള്‍ പറ്റുന്നവരെ പരുന്ത്‌ എന്ന് വിളിക്കുന്ന ഒരു പാരമ്പര്യവും ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. അങ്ങനെ പരുന്തായ, എന്‍റെ  ഒരു സുഹൃത്താണ് ഈ സംഭവത്തിലെ നായകന്‍.

പ്രണയിക്കുന്നവരോട് എന്നും വാല്സല്യവും, മമതയും വച്ച് പുലര്‍ത്തിയിരുന്നു നമ്മുടെ നായകന്‍. പ്രണയ വിജയത്തിനായി ദൂത് പോവുക, പരസ്പരം മുട്ടിച്ചു കൊടുക്കുക തുടങ്ങിയവയൊക്കെ തന്‍റെ കടമാകളായാണ് നായകന്‍ കണക്കാക്കിയിരുന്നത്. ഇതുവരെ ആരും നായകനെ പ്രണയിക്കാതതുകൊണ്ടാണെന്നും, അതല്ല നായകന്‍ പ്രോപോസ് ചെയ്ത ഒരു കുട്ടി ചെകിട് നോക്കി ഒന്ന് പൊട്ടിച്ചത് കൊണ്ടാണ് നായകന്‍ ഇങ്ങനെ ആയി മാറിയതെന്നും ശത്രുക്കള്‍ പറഞ്ഞു പരത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ അതൊന്നും കാര്യമായി എടുത്തിട്ടില്ല.

ഈ സംഭവം നടക്കുന്നത് നായകന്‍റെ കമ്പനിയിലാണ്. നായകന്‍റെയും എന്‍റെയും പൊതു സുഹൃത്തായ ഒരു മൂന്നാമന് (തല്‍ക്കാലം അവനെ രാജു എന്ന് വിളിക്കാം)  കമ്പനിയിലെ തന്നെ സുന്ദരിയും സുശീലയും(?) ആയ മായ എന്ന പെണ്‍കുട്ടിയോട് കടുത്ത പ്രണയം. ആദ്യാനുരാഗമായിരുന്നതുകൊണ്ട് ആദ്യ സംഭാഷണത്തില്‍ തന്നെ രാജു കുട്ടിയോട് തന്‍റെ വിങ്ങല്‍ വെളിപ്പെടുത്തി. ഏതെങ്കിലും ഒരു വിങ്ങലിനായി കാത്തിരുന്ന ആ കുട്ടി തന്‍റെതും കൂടി കൂട്ടി അതിനെ ഒരു വലിയ വിങ്ങലാക്കി മാറ്റി.. പിന്നിട് നടന്ന പ്രണയ വേലിയേറ്റത്തില്‍ റോസാപ്പൂക്കള്‍, കത്തുകള്‍, ഫോണ്‍ വിളികള്‍ തുടങ്ങിയവയെല്ലാം യഥേഷ്ടം കൈ മാറ്റം ചെയ്യപ്പെട്ടു. നമ്മുടെ നായകന്‍റെ കരം ഇതിനെല്ലാം പുറകിലുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജുവും മായയും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഒരാള്‍ ഈഴവയും മറ്റൊരാള്‍ നായരുമായി പോയതുകൊണ്ട് വീട്ടുകാര്‍ ഇടഞ്ഞു. ഇവര്‍ കല്യാണം കഴിച്ചാല്‍ രാക്ഷസ വംശമാവും ജനിക്കുക എന്നത് പോലെയായിരുന്നു വീട്ടുകാരുടെ പെരുമാറ്റം. വീട്ടുകാരെ പിണക്കാന്‍ താല്പര്യമില്ലതിരുന്ന രാജുവും, മായയും ആകെ വൈക്ലഭ്യതിലായി. ഇരുവരും കട്ട സെന്റി. വെള്ളമടി, വീടിവലി, ഉറക്കമില്ലായ്മ, സംസാരമില്ലായ്മ, തുടങ്ങിയ സദ്ഗുണങ്ങള്‍ രാജു ശീലിച്ചപ്പോള്‍ ഫാനില്‍ കെട്ടിയ കയര്‍ നോക്കിയിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, പെട്ടെന്ന് കോപിക്കുക തുടങ്ങിയവയൊക്കെ മായക്കുട്ടിയും ശീലിച്ചു. ഇതൊക്കെ കണ്ടു ഒരാള്‍ക്ക്‌ മാത്രം സഹിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ നായകന്.

നായകന്‍ ഫോണെടുത്തു. രാജുവിന്‍റെ വീട്ടില്‍ സംഭവം അറിയിച്ചു. കല്യാണം നടത്തി കൊടുത്തില്ലെങ്കില്‍ മകന്‍ കൈ വിട്ടു പോകുമെന്നുഒരു താങ്ങും താങ്ങി. എവിടെ???? ഇതിനപ്പുറം കണ്ട മട്ടില്‍ രാജുവിന്‍റെ അച്ഛന്‍ പറഞ്ഞു, "അവന്‍ അങ്ങനെ ആയെങ്കില്‍ അത് നിങ്ങള്‍ സുഹൃത്തുക്കളുടെ കുഴപ്പമാണ്. നിങ്ങളെല്ലാമാണ് അവനെ വഷളാക്കിയത്." ഇതിനു സമാനമായ ഒരു മറുപടി പെണ്‍കുട്ടിയുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞ അവളുടെ കൂട്ടുകാര്‍ക്കും കിട്ടി. നായകന്‍റെ പേരും എഴുതി വച്ച് രാജു ആത്മഹത്യ ചെയ്യുന്നതായി സ്വപ്നം കണ്ടു ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുന്നത് വരെയായി നായകന്‍റെ അവസ്ഥ. ഒടുവില്‍ നായകന്‍ ആ തീരുമാനം എടുത്തു, ഇവരെ എങ്ങനെയെങ്കിലും കെട്ടിക്കുക.

അനേകം സിനിമകളില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവുമായി നായകനും കൂട്ടരും ഒരു ദിവസം രാജുവിന്‍റെ കല്യാണത്തിനായി നിശ്ചയിച്ചു. അന്നെ ദിവസം രാവിലെ രാജു സധൈര്യം പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കികൊണ്ട് വരികയും രജിസ്റ്റര്‍ ആഫീസില്‍ പോയി കല്യാണം നടത്തുകയും ചെയ്തു. കല്യാണം ഒക്കെ കഴിഞ്ഞ നിലക്ക് ഇനി വീട്ടുകാര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല എന്നാ തന്ത്രപരമായ കണക്ക് കൂട്ടലില്‍ എത്തിയ നായകന്‍, അവരെ നേരെ പെണ്ണിന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. കല്യാണം കഴിഞ്ഞ വിവരവും, രാജുവും മറ്റും പെണ്‍കുട്ടിയുടെ വീട്ടിലേക്കു എത്തുന്ന വിവരവും രാജുവിന്‍റെ വീട്ടിലും അറിയിച്ചിരുന്നു.

ഉദ്ദേശം രണ്ടു മൂന്നു മണിക്കൂറത്തെ യാത്രക്ക് ശേഷം സംഘം പെണ്‍വീട്ടില്‍ എത്തി. നോക്കിയപ്പോള്‍, വഴിയില്‍ മുറ്റത്തോട് ചേര്‍ന്ന് രാജുവിന്‍റെ അച്ഛനും നിലയുറപ്പിച്ചട്ടുണ്ട്. കാറില്‍ നിന്നിറങ്ങുന്ന ദമ്പതികളെ ഇരു അപ്പന്മാരും വാരി പുണരുന്നതും, രണ്ടു കുടുംബങ്ങള്‍ ഒന്നാവുന്നതും, ഇതിനെല്ലാം കാരണക്കാരനായ നായകനെ എല്ലാവരും ആശ്ലെഷിക്കുന്നതും ഓര്‍ത്തു നായകന്‍റെ മനസ്സ് കുളിരണിഞ്ഞു. മനസ്സിലെ കുളിരിനെ കീറി മുറിച്ചു കൊണ്ട് പെണ്‍വീട്ടില്‍ നിന്നൊരു ശബ്ദം.

"കേറി പോടീ വീട്ടില്‍." ഇതെന്താ എന്ന് നായകനും കൂട്ടരും ചിന്തിച്ചപ്പോഴേക്കും, മായ വീട്ടിലേക്ക്‌ ഓടുന്നതാണ് നായകന്‍ കണ്ടത്. അതിനൊപ്പം തന്നെ രാജുവിന്‍റെ അപ്പനും അപ്പുറം നിന്ന് അലറി, "വാടാ എന്‍റെ ഒപ്പം". രാജു അപ്പന്‍റെ ഒപ്പവും ഓടി. ഇതൊക്കെ കണ്ടു, താനാണോ സ്വപ്നത്തില്‍ എന്ന മട്ടില്‍ നായകന്‍ തന്‍റെ കൂട്ടരേ നോക്കി. അപ്പോഴേക്കും അവിടെ കൂടി നിന്ന നാട്ടുകാര്‍ നായകനെയും കൂട്ടരെയും വളഞ്ഞു. " നിയൊക്കെ കൂടി കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് വിളിചിറക്കും ഇല്ലെട. വഴി തെറ്റിക്കാന്‍ നടക്കുന്നു ഓരോരുതന്മാര്‍". ഇത്രയും കേട്ട ഓര്‍മയെ ഉള്ളു. ഒന്ന് രണ്ടെണ്ണം പുറത്തു വാങ്ങിച്ചതും ഓര്‍മയുണ്ട്. അപ്പോഴേക്കും ശരീരം സ്വാഭാവീകമായ പ്രതികരണം തുടങ്ങിയിരുന്നു, നമ്മുടെ പതിനെട്ടാമത്തെ അടവ്. നൂറു മയില്‍ ഓട്ടം.

അതില്‍ പിന്നെ പ്രണയം എന്ന ആന ചുഴിയില്‍ നമ്മുടെ നായകന്‍ ഒരിക്കലും തലയിട്ടിട്ടില്ല. ആള്‍ ഇപ്പോള്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ പ്രൊജക്റ്റ്‌ ലീഡര്‍ ആണ്. പ്രണയിയിക്കുന്നവരെ കണ്ടാല്‍ രണ്ടെണ്ണം പൊട്ടിച്ചു പായിച്ചു വിടും ഇപ്പോള്‍. നമ്മുടെ രാജുവിനും കുട്ടിക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നറിയേണ്ടേ. അവര്‍ അവരുടെ വീട്ടുകാര്‍ കണ്ടു പിടിച്ച ഒരു വിവാഹം ഒക്കെ കഴിച്ചു ലോകത്തിന്‍റെ രണ്ടു കോണില്‍ ജീവിക്കുന്നു. നായകന്‍ ഇടയ്ക്കിടയ്ക്ക് ഇതിനെപറ്റി ഓര്‍ത്തു നെടുവീര്‍പ്പിടും. പിന്നെ സ്വയം പരിതപിക്കും, "എല്ലാം മായ.".

3 comments:

  1. നൂറു മയില്‍ ഓട്ടം.
    നൂറു മൈല്‍ ഓട്ടം...അല്ലേ?

    നായകനു പ്രാണ വേദന ...
    മറ്റുള്ളവര്‍ക്ക് വീണവായന.

    ആശംസകള്‍ ....
    വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റുക ......

    ReplyDelete
  2. എല്ലാം മായ...

    ReplyDelete