ഈയടുത്ത ദിവസങ്ങളിലൊന്ന്‍. ഞങ്ങളുടെ നാട്ടിലെ ഒരു വ്രദ്ധസദനതിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുവാന്‍ സാഹചര്യവശാല്‍ ഇടയായി. വര്‍ഷാ വര്‍ഷം കനത്ത പെയ്മെന്‍റ് മേടിക്കുന്ന നല്ല സൌകര്യങ്ങള്‍ ഉള്ള ഒരെണ്ണം. നമ്മുടെ നഗര പരിസരത്ത് ഇത് മൂന്നാമത്തേതാണ് എന്നതാണ് ശ്രദ്ധേയം. ഉദ്ഘാടനമോക്കെ കഴിഞ്ഞു ലഘു ഭക്ഷണ ശേഷം വിശ്രമിക്കുമ്പോള്‍ അവിടുത്തെ അന്തേവാസിയായ ഒരു അമ്മച്ചിയെ പരിചയപ്പെടാന്‍ ഇടയായി. അമ്മച്ചിയുടെ മകന്‍ അമേരിക്കയിലാണ്. "അവനങ്ങു അമേരിക്കയിലാ. വേഗം, വേഗം വരാന്‍ പറ്റുമോ? എന്നാലും ഉടനെ വരുമെന്ന് പറഞ്ഞിട്ടാ അവന്‍ പോയത്". അഭിമാനപൂര്‍വ്വം അമ്മച്ചി അത് പറയുമ്പോള്‍ ആ ശബ്ദത്തില്‍ ചെറിയ ഒരിടര്‍ച്ച ഉണ്ടായിരുന്നോ?
നമ്മുടെ സംസ്കാരത്തില്‍ പുതിയൊരു ഉല്‍പ്പന്നമാണ് പെയ്മെന്റോട് കൂടിയ വ്രദ്ധസദനങ്ങള്‍. പുതിയ ലോകത്തില്‍, പുതിയ ചിന്തകളുമായി മക്കള്‍ സമയമില്ലാതെ പാഞ്ഞു നടക്കുമ്പോള്‍, മറ്റൊന്നും ചെയ്യാന്‍ ശേഷിയില്ലാത്ത പ്രായമായ മാതാപിതാക്കള്‍ ഒരു ബാധ്യതയാവുന്നു. മറിച്ചു, അവര്‍ ഇത്തരം വ്രദ്ധസദനങ്ങളില്‍ ആണെങ്കില്‍ തങ്ങള്‍ക്കു അയല്‍ക്കാരുടെ മുന്നില്‍ തല കുനിക്കുകയും വേണ്ടാ, അവര്‍ ഒഴിവാവുകയും ചെയ്യും. തീര്‍ച്ചയായും നമ്മുടെ കാര്‍ന്നവന്മാരെ നമ്മുടെ വീടുകളില്‍ ശുശ്രൂഷിക്കെണ്ടതല്ലേ? അവരുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ ഒരു ഹോം നേഴ്സിനെയോ മറ്റോ വെക്കാന്‍ എന്താണ് ബുദ്ധിമുട്ട്?
നമ്മുടെ കാര്‍ന്നവന്മാര്‍ ഭാവിയിലെ നമ്മള്‍ തന്നെയാണ്. അവര്‍ നമ്മുടെ കുടുംബത്തിലെ ഭാഗം തന്നെ. പ്രതീക്ഷയോടെ നമ്മള്‍ ഭാവി തലമുറയെ നോക്കുമ്പോള്‍, പ്രതീക്ഷയില്ലെങ്കിലും അല്പം കരുണയോടെയെങ്കിലും നമ്മുടെ ഭൂത കാലങ്ങളിലെ വ്യക്തിത്വങ്ങളെ, നമുക്ക് നോക്കി കാണാവുന്നതാണ്. ഈ വ്യക്തിത്വങ്ങള്‍ ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്നെന്നും, അവരില്ലെങ്കില്‍ നമ്മള്‍ ഇല്ലായിരുന്നുവെന്നതും സത്യമാണ്. നമ്മുടെ സന്തോഷങ്ങളും, സങ്കടങ്ങളും, നൊമ്പരങ്ങളും, ഭയവും, അഭിമാനവുമായിരുന്നവര്‍. ഇന്നും അവരെ നമുക്കങ്ങനെ കരുതിക്കൂടെ?
സമയം, ക്ഷിപ്രനേരം കൊണ്ട് കാലത്തെ കീഴടക്കി പോകുമ്പോള്‍ നമുക്കും ചിന്തിക്കാം. അവര്‍ക്കായി കുറച്ചു സമയം നമുക്ക് മാറ്റി വെക്കാം, സന്തോഷങ്ങള്‍ പങ്കിടാം, കുറുമ്പ് കാട്ടാം. വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാം. ഇത്രക്കും സ്വാതന്തര്യത്തോടെ നമുക്ക് മറ്റാരുടെയടുത്തു ഇടപഴകാനാവും? ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷങ്ങള്‍. സമ്പന്ന ജീവിതങ്ങളില്‍ സന്തോഷമില്ലെങ്കില്‍ പിന്നെ ആ സമ്പത്തിന് എന്ത് വില? പണത്തിനു ഒരു വിലയുമില്ല എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങളിലൂടെയെങ്കിലും എല്ലാവരും കടന്നുപോയിട്ടുണ്ടാവും.
ജീവിതം കാലത്തിനു മായ്ക്കാവുന്ന പുസ്തകത്താളുകളാണ്. അവയുടെ തലക്കെട്ടുകള്‍ മാറി വന്നുകൊണ്ടിരിക്കും. താമസിയാതെ നമ്മുടെ പേരും അവിടെ വരും. നമ്മളും പ്രതീക്ഷിക്കും. ആരുമില്ലാത്ത ഒരവസ്ഥ ഉണ്ടാവല്ലെയെന്നു. ചെറുപ്പത്തിന്‍റെ ആരോഗ്യസ്ഥിതിയും, സാമ്പത്തിക ചുറ്റുപാടുകളും, ബന്ധങ്ങളും മൂലം നമ്മളാരും അങ്ങനെയൊരു കാലത്തെ പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ലെങ്കിലും, താമസിയാതെ വാര്‍ദ്ധക്യമെന്ന അവസ്ഥയിലേക്ക് നമ്മളും എത്തും. കാലം കഴിഞ്ഞുപോയാല്‍ പിന്നെ അതിനെപറ്റി സങ്കടപ്പെടാന്‍ മാത്രമേ ആവൂ. ഞാന്‍ ഇതെഴുതുന്ന നിമിഷവും വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലിലിരുന്നു ആ അമ്മച്ചി പ്രതീക്ഷിക്കുന്നുണ്ടാവും താന്‍ വളര്‍ത്തി വലുതാക്കിയ മകനെ. വരില്ല എന്നറിയാമെങ്കിലും...
അതെ,ഇന്നിന്റെ ഉത്സാഹത്തില്‍ നമ്മള്‍ നാളെകളും,ഇന്നലെകളും മറക്കുകയാണ്.
ReplyDeleteനല്ല പോസ്റ്റ്.
നന്നായിട്ടുണ്ട് ഡാനിഷ് ..
ReplyDeleteഇവരുടെ മക്കളുടെ ഗതി എന്താവുമോ എന്തോ അല്ലെ....നല്ല പോസ്റ്റ് ഡാനിഷ് ...ആശംസകള്‍
ReplyDeleteഒരു കണക്കിന് നല്ലതാ മിണ്ടാനും പറയാനും ആരുമില്ലാതെ ഒരു വലിയ വീട്ടില്‍ കഴിയുന്നതിലും ഭേദം അല്ലെ ഇത്
ReplyDelete