Raise our Conscience against the Killing of RTI Activists




Saturday, May 21, 2011

എണ്ണപ്പനകളുടെ തണലില്‍


തിരക്കാര്‍ന്ന ജീവിതത്തിനിടയില്‍ മാനസീകോല്ലാസത്തിനുള്ള വളരെ നല്ല മാര്‍ഗങ്ങളിലൊന്നാണ് യാത്രകള്‍. അവ നമ്മെ നമ്മുടെ പ്രകൃതിയിലെക്കും, പഴമയിലെക്കും, വിസ്മയങ്ങളിലെക്കും നയിക്കും. ഏകാന്ത യാത്രകള്‍ നമ്മെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കുമ്പോള്‍, സംഘം ചേര്‍ന്നുള്ള യാത്രകള്‍ ജീവിതത്തിലെ വളരെ കുറച്ചു മാത്രം ലഭിക്കുന്ന, ഓര്‍മകളില്‍ സൂക്ഷിച്ചു വെക്കാവുന്ന സമയങ്ങളായി നിലനില്‍ക്കും. ഇത്തവണത്തെ യാത്ര തോടുപുഴക്കടുത്തു വെട്ടിമറ്റത്തുള്ള എണ്ണപ്പനത്തോട്ടത്തിലെക്കായിരുന്നു. തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 15km അകലെയാണ് ഈ തോട്ടം. കൂടെയുള്ളത് യാത്രകളിലെ സന്തത സഹചാരികളായ ജിതിനും വിഷ്ണുവും. ഉച്ച തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു.

അധികം വൈകാതെ ഞങ്ങള്‍ തോട്ടത്തില്‍ എത്തിച്ചേര്‍ന്നു. കേരള കൃഷി വകുപ്പിന്‍റെ കീഴിലാണ് തോട്ടം പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കുമറിയാവുന്നത് പോലെ എണ്ണപ്പനകള്‍ എണ്ണയുടെ ഏറ്റവും വലിയ ഉറവിടമാണ്. എണ്ണപ്പനകളുടെ കുരുവില്‍ നിന്നാണ് പാം ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വിറ്റാമിന്‍ Aയും Eയും നല്ല അളവിലുള്ള പാം ഓയിലില്‍, നല്ല അളവില്‍ സാറ്റുറേറ്റടും  അണ്‍സാറ്റുറേറ്റടുമായ ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. 70കളില്‍ സ്ഥാപിതമായതാണ് വെട്ടിമറ്റത്തെ ഈ തോട്ടം.


പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതിലുപരിയായി, ഇതുവരെ നേരിട്ട് കാണാത്ത ഒരു വൃക്ഷം അടുത്തു പരിചയപ്പെടുക, കുറച്ചു സമയം സ്വസ്ഥമായി എണ്ണപ്പനകളുടെ ചുവട്ടിലിരുന്ന്  സൊറ പറയുക എന്നിവയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യങ്ങള്‍. ഇവിടെ പ്രവേശനം സൌജന്യമാണ്. തോട്ടത്തില്‍ കയറിയപ്പോള്‍ തന്നെ കണ്ണെത്താ ദൂരത്തോളം എണ്ണപ്പനകള്‍ നിരന്നു നില്‍ക്കുന്ന സുന്ദര കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എണ്ണപ്പനകളുടെ കീഴെ കളകള്‍ ഒന്നും വളരാതെ പച്ചപ്പുല്ല് പാകിയിരിക്കുന്നതുകൊണ്ട്, ആ കാഴ്ചയുടെ സൌന്ദര്യം ഇരട്ടിച്ചതായി തോന്നി.


തോട്ടത്തിനിടയിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ ടാറിട്ട റോടുമുണ്ട്. ഞങ്ങള്‍ കുറെ നേരം വണ്ടിയില്‍ തോട്ടത്തിനുള്ളിലേക്ക് പോയി. പിന്നെ വാഹനം സൈഡില്‍ ഒതുക്കി, നടത്തം ആരംഭിച്ചു. ആ കാഴ്ചകളും അനുഭൂതിയും ജീവിതത്തില്‍ ആദ്യമായത് കൊണ്ടോ എന്തോ, വല്ലാത്ത ഒരു വശ്യത അനുഭവപ്പെട്ടു. നടക്കുമ്പോള്‍ ഞങ്ങള്‍ സൌഹാര്‍ദ്ദപരമായ കളിയാക്കലുകളും, അടിയും വഴക്കുമോക്കെയായി കുട്ടിക്കാലത്തെ കുറച്ചു സമയങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരല്ല. മറിച്ചു സ്കൂളിലെ ആ പഴയ കാലം, ഞങ്ങള്‍ കാള ജിമ്മിയും, പെരുമ്പാമ്പ് വിഷ്ണുവും, നത്തോലി ഡാനിഷുമായിരുന്നു. വിശാലമായ തോട്ടത്തില്‍ ഞങ്ങളും, തലയുയര്‍ത്തി നില്‍ക്കുന്ന എണ്ണപ്പനകളും മാത്രം. കുറച്ചു സമയം അവിടെ ഇരുന്നു വിശ്രമിക്കുകയും ചെയ്തു.

തോട്ടത്തിലെ തൊഴിലാളികളും അതിനുള്ളില്‍ തന്നെയാണ് താമസം. ക്രിസ്മസ് കഴിഞ്ഞ സമയമായിരുന്നത് കൊണ്ട്, അവിടെ അനേകം പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളും കാണുവാന്‍ സാധിച്ചു. അവയുടെയൊക്കെ മുന്നില്‍ നിന്ന് ഭാവികാലത്തു കൂടെ കൊണ്ട് നടക്കാനുള്ള ഓര്‍മകള്‍ക്ക് വേണ്ടി നിറയെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അവരുടെ അവസ്ഥകള്‍ മോശമാണെങ്കിലും, ഓരോ കുടിലും ഭാവിയെ ഉറ്റുനോക്കുന്ന പ്രതീകങ്ങളായിരുന്നു. കൊട്ടാരങ്ങള്‍ കുടിലുകളാകുമ്പോള്‍, ഈ കുടിലുകളും ഒരു പക്ഷെ കൊട്ടാരങ്ങളാകുമായിരിക്കും.


തിരികെ പോകാനുള്ള സമയമായെന്നു അറിയിച്ചു കൊണ്ട് സൂര്യ പ്രകാശം മങ്ങി തുടങ്ങി. കിളികളുടെ ആരവവും ഉയര്‍ന്നു തുടങ്ങി. ഇതൊക്കെ എത്ര കണ്ടു എന്ന തലയെടുപ്പോടെ എണ്ണപ്പനകള്‍ ഒരു മാറ്റവുമില്ലാതെ അപ്പോഴും. ഞങ്ങളും തിരികെ യാത്ര തുടങ്ങി. തൊട്ടു പുറത്തു തന്നെയാണ് വെട്ടിമറ്റം ജംഗ്ഷന്‍‍. മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി വളരെയേറെ സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുണ്ട്‌ ഇവിടം. ഗ്രാമത്തിന്‍റെ സൌന്ദര്യവുമായി അവിടെ ഒരു ചായക്കടയും, അതില്‍ മനസ്സ് തുറന്നു ചിരിക്കുകയും സംവദിക്കുകയും ചെയ്യുന്ന കുറച്ചു പേരും. വേറെ വലിയ കടകള്‍ ഒന്നുമില്ല. ഞങ്ങളും ഓരോ ചായ കുടിച്ചു ഗ്രാമത്തിന്‍റെ അതിഥികളായി. ഭാരതത്തിന്‍റെ ആത്മാവാവിനെ ഇവിടങ്ങളിലെ കണ്ടെത്താന്‍ കഴിയു എന്ന് ഗാന്ധിജി പറഞ്ഞത് എത്ര ശരി. നമ്മുടെയെല്ലാം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമീണനുണ്ട്. പ്രകൃതിയിലെ പച്ചപ്പ് കണ്ടാല്‍ സന്തോഷിക്കുകയും, മനസ്സ് തുറന്നു സംവദിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഗ്രാമീണന്‍. അവന്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിയിരുന്നു. സങ്കല്‍പ്പ ലോകത്ത് നിന്നും ഉണരേണ്ട സമയവും അതിക്രമിച്ചിരുന്നു. ഞങ്ങള്‍ തിരികെ യാത്രയായി. കൈമുതലായി കൂടെയുണ്ടായിരുന്നത് നശിക്കാത്ത ഓര്‍മകളും എടുത്ത ചിത്രങ്ങളും മാത്രം.

5 comments:

  1. നല്ല വിവരണം..ഒന്നുംകൂടി നീളം കൂട്ടാമായിരുന്നു

    ReplyDelete
  2. കൊള്ളാം. അന്നത്തെ അനുഭവങ്ങള്‍ അതേപടി വിവരിച്ചിരിക്കുന്നു :)

    ReplyDelete
  3. വളരെ ലളിതമായ വിവരണ ശൈലി, എന്തോ ഒന്ന് കൂടി പറയാന്‍ ബാക്കിവേചിരിക്കുന്നത് പോലെ അനുഭവപെടുന്നുണ്ട് .. അതി മനോഹരമായിട്ടുണ്ട് ..

    ReplyDelete
  4. വിവരണം ഇഷ്ടായി, ചിത്രങ്ങളും...

    ReplyDelete
  5. ദേ ഈ ഡയലോഗ്‌ കലക്കി....
    "നമ്മുടെയെല്ലാം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമീണനുണ്ട്. പ്രകൃതിയിലെ പച്ചപ്പ് കണ്ടാല്‍ സന്തോഷിക്കുകയും, മനസ്സ് തുറന്നു സംവദിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഗ്രാമീണന്‍. "

    ReplyDelete