Raise our Conscience against the Killing of RTI Activists
Sunday, September 4, 2011

പ്രണയം ഒരു സിനിമാനുഭവംവിസ്മൃതിയിലായ വസ്തുതകള്‍ നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാലഘട്ടമാണ് വാര്‍ദ്ധക്യം. ശരീരത്തിന് യോജിക്കാത്തൊരു മനസ്സുമായാവും ഭൂരിഭാഗം പേരും ഈ കാലം ചിലവിടുന്നത്. ഓര്‍മകളിലെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുകയും , അതിലാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലം. വാര്‍ദ്ധക്യം എന്നത് നാമോരോരുത്തരുടെയും ഭാവി കൂടിയാണ്. അപ്പോഴുണ്ടാകുന്ന പ്രണയവും, വിചാരങ്ങളുമെല്ലാം സുന്ദരമായിരിക്കാം, ഒരു പക്ഷെ ചെറുപ്പകാലത്തേക്കാള്‍ സുന്ദരം.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രണയവും, സൌഹ്രദവും, അവരുടെ ജീവിതാസ്വാദനവുമാണ് കഥയുടെ ഇതിവൃത്തം. ബ്ലെസ്സിയുടെ കഥയും, തിരക്കഥയും, സംവിധാനവും തന്നെയാണ് സിനിമയുടെ അടിത്തറ. ബ്ലെസി സിനിമകളില്‍ സാധാരണയായി ഉണ്ടാകാറുള്ള സന്താപം എന്ന വികാരത്തിനപ്പുറം, പ്രതീക്ഷ, സൌഹ്രദം, പ്രണയം, എന്നീ വികാരങ്ങള്‍ ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കുവെക്കുന്നുണ്ട്. ഇത് അഭിനേതാക്കളുടെയല്ല, മറിച്ചു സംവിധായകന്‍റെ സിനിമയാണെങ്കില്‍, ബ്ലെസ്സിയുടെ പ്രതിഭ അതിനു പിന്നില്‍ പ്രകടമാണ്. പല സംഭാഷണങ്ങളും മനസ്സില്‍ തറക്കുന്നതും, ഒരു പുനര്‍ ചിന്തക്ക് പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതുമാണ്. പുരാതന കാലം മനോഹരമായി സൃഷ്ടിച്ചത് മുതല്‍, അഭിനേതാക്കളുടെ മിതത്വം, മൌനത്തിനു പോലും സിനിമയിലുള്ള സ്ഥാനം, എന്നിവയിലെല്ലാം സംവിധായകന്‍റെ പ്രതിഭ പ്രകടമാണ്. പ്രണയത്തില്‍ തുടങ്ങി, പ്രതീക്ഷ, സൌഹ്രദം എന്നീ വികാരങ്ങള്‍ സംയോജിപ്പിച്ചു, സന്താപത്തില്‍ തീരുന്നൊരു തിരക്കഥയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.  വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലുകളും,  അതില്‍ സൌഹ്രദത്തിനുള്ള സ്ഥാനവും, ഒരു പങ്കാളിയുടെ ആവശ്യകതയും, ജീവിതം മുന്നോട്ടു നയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും, മക്കളില്‍ നിന്നുള്ള സ്നേഹവും എല്ലാം ഈ തിരക്കഥ പ്രേക്ഷകനുമായി പങ്കു വെക്കുന്നുണ്ട്.  കടല്‍ എന്ന തീമാണ് സിനിമയില്‍ ആദ്യാവസാനം നിലകൊള്ളുന്നത്.  വളരെ വേഗം അവസ്ഥകള്‍ മാറി മറിയുന്ന കടലിനു മനുഷ്യ വികാരങ്ങള്‍ക്ക് പ്രാധാന്യമുള്ള തിരക്കഥയില്‍ ഇടം കണ്ടെത്താന്‍ എളുപ്പമാണ്. കടല്‍പ്പാലം, കാറ്റ് എന്നിവയ്ക്കൊക്കെ നായക തുല്യമായ പ്രാധാന്യമാണ് സംവിധായകന്‍ സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. 

അഭിനയം എല്ലാവരും വളരെ മികച്ചതാക്കി. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ, അനൂപ്‌ മേനോന്‍ എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ അതി മനോഹരമാക്കി. ഒരു രംഗത്തില്‍ പോലും ആരും ഓവര്‍ അഭിനയം നടത്തിയില്ല. അനുപം ഖേര്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക്‌ സ്ക്രീനില്‍ ഒരിടത്ത് പോലും വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല. പകരം സ്ക്രീനില്‍ നിറഞ്ഞു നിന്നത് അച്യുതന്‍ മേനോന്‍ എന്ന കഥാപാത്രമാണ്. കണ്ണാശുപത്രിയിലെ രംഗങ്ങളും, ഫുട്ബോള്‍ കളിയും, അനൂപ്‌ മേനോനുമായുള്ള രംഗങ്ങളും അദ്ദേഹം അതി മനോഹരമാക്കി. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ തന്‍റെ മാത്യൂസ്‌ എന്ന തളര്‍ന്നു കിടക്കുന്ന അധ്യാപക വേഷത്തെ അവിസ്മരണീയമാക്കി. തളര്‍ന്നു ഇരിക്കുന്ന അദ്ദേഹം ക്ഷോഭിക്കുന്ന ഒരു രംഗത്തില്‍, വായുടെ നിയന്ത്രണം ഇല്ലാത്ത വശത്ത് കൂടെ ഉമിനീര്‍ ഇറ്റു വീണത്‌, അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാന കാലത്തെയും ഭൂത കാലത്തെയും ഓര്‍മകള്‍ക്കിടയില്‍ പതറുന്ന ഒരു വ്യക്തിത്വമായി ജയപ്രദയുടെ ഗ്രേസ് എന്നാ കഥാപാത്രവും ആദ്യാവസാനം സിനിമയില്‍ നിറഞ്ഞു നിന്നു. യുവതാരങ്ങള്‍ക്കിടയില്‍ പ്രതിഭയുള്ള ഒരു അഭിനേതാവാണ് അനൂപ്‌ മേനോന്‍. തന്‍റെ ധാരണകള്‍ എല്ലാം തെറ്റായിരുന്നു എന്നറിയുന്ന രംഗങ്ങളില്‍ പോലും അനൂപ്‌ മേനോന്‍ അഭിനയത്തിലെ മിതത്വം കൈവിട്ടിട്ടില്ല. അഭിനേതാക്കള്‍ തങ്ങളുടെ ഭാഗം മികച്ചതാക്കിയതിനാല്‍, പ്രേക്ഷകന്‍ സിനിമയിലെ വികാരങ്ങളിലേക്ക് വളരെ വേഗം ലയിക്കുവാന്‍ സാധിച്ചു.

സതീഷ്‌ കുറുപ്പിന്‍റെ ചായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. കഥ അല്പം കാവ്യാത്മകമായാണ് മുന്നോട്ടു പോകുന്നത്. അതിനു യോജിക്കുന്ന രീതിയിലുള്ള തീമുകലാണ് കുറുപ്പിന്‍റെ ഫ്രെയിമുകളില്‍ ഉള്ളത്. അത് കടലായും, പ്രഭാതമായും, മാരുതനായുമെല്ലാം ഫ്രെയിമുകള്‍ക്കിടയില്‍ മാറുന്നുണ്ട്. ഒരു മിസ്റ്റിക്കല്‍ ടച്ച്‌ പ്രേക്ഷകനു ഫീല്‍ ചെയ്യും. ചാപ്പെലിനുള്ളിലെ ഒരു ഷോട്ടിലെ ലൈറ്റിംഗ് പാറ്റെണ്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. രാജ മുഹമ്മദിന്‍റെ എടിറ്റിങ്ങും മനോഹരമാണ്. സിനിമ അല്പം സ്ലോ മൂവിംഗ് ആണെങ്കിലും, പ്രധാന കഥാ തന്തുവില്‍ നിന്നു ഒരിടത്ത് പോലും വഴുതി പോകാതെ എഡിറ്റര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രംഗങ്ങള്‍ക്കിടയില്‍ ഒരിടത്തു പോലും പൊടുന്നനെയുള്ള വികാര മാറ്റം ഇല്ലാതെ ഒരുക്കിയതിനാല്‍, പ്രേക്ഷകര്‍ക്കു ലയിച്ചിരുന്നു കാണാനാവും. ജയചന്ദ്രന്‍റെ സംഗീതവും ബാക്ക് ഗ്രൌണ്ട് സ്കോറും ഓ.ന്‍.വിയുടെ വരികളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ശ്രേയ ഘോഷ്വാലിന്‍റെ പാട്ടില്‍ ഈ പാട്ടില്‍ എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോവുന്നുണ്ട്. ബാക്ക്ഗ്രൌണ്ട് സ്കോര്‍ ചിത്രത്തില്‍ നല്ലൊരു മൂഡ്‌ സൃഷ്ടിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിനെന്നോണം പ്രാധാന്യവും ഇതിനു കൈ വരിക്കാന്‍ സാധിച്ചു. രഞ്ജിത്ത് അമ്പാടിയുടെ മെയ്ക്ക് അപ്പും സമീറയുടെ വസ്ത്രാലങ്കാരവും മികച്ചു നിന്നു.

ചലച്ചിത്രം എന്നത് വിനോദ ഉപാധിയെക്കാളുപരി, ആശയ സംവേദനത്തിനുള്ള ഒരു ഉപാധിയാണ്. സംവിധായകന്‍ തിരക്കഥാകൃത്തിനോടും, അഭിനേതാക്കളോടും, മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം സൃഷ്ടിക്കുന്ന സങ്കല്‍പ്പ ലോകം പ്രേക്ഷകനുമായി ചില ആശയങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. പ്രേക്ഷക ചിന്ത എത്രത്തോളം ഈ സങ്കല്‍പ്പ ലോകത്ത് എത്തിച്ചേര്‍ന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരിലേക്ക് എത്തപ്പെടുന്ന ആശയങ്ങളും. അതിനാല്‍ തന്നെ പ്രേക്ഷക വിചാരങ്ങളെ തങ്ങളിലേക്ക് എത്തിക്കുക എന്നത് സംവിധായകന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇങ്ങനെ നോക്കിയാല്‍ സംവിധായകന്‍ ബ്ലെസി പ്രണയം എന്ന ചിത്രത്തില്‍ വിജയിച്ചിരിക്കുന്നു. ഞാനുള്‍പ്പെടെ തിയറ്ററില്‍ സിനിമ കഴിഞ്ഞപ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ആളുകള്‍ അതിനു തെളിവാണ്. സിനിമ കഴിഞ്ഞു മഴ ചാറി നില്‍ക്കുന്ന വഴികളിലൂടെ തിരികെ നടക്കുമ്പോള്‍ ഞാനും ചിന്തിച്ചു, " വാര്‍ദ്ധക്യത്തെ ഞാനും ഭയപ്പെടുന്നുണ്ടോ?"

6 comments:

 1. നല്ലത് പോലെ പറഞ്ഞിരിക്കുന്നു.. ഇന്ന് ഈ സിനിമ കാണാൻ ഒരു പ്ലാൻ ഉണ്ട്.. പിന്നെ ഡാനിഷേ കുറച്ച് നാളായി സിനിമ റിവ്യൂസ് മാത്രേ ഉള്ളല്ലോ..

  ReplyDelete
 2. ഓഹ് സോറി... ഇടത് വശത്തെ ഗാഡ്ജറ്റിന്റെ ടൈറ്റിൽ ഇപ്പോഴാ ശ്രദ്ധിച്ചത്.. :-)

  ReplyDelete
 3. കണ്ടു. വാര്‍ധക്യം ശാരീരികമെന്നതിനേക്കാള്‍ മാനസികമാണെന്ന് പറഞ്ഞുതരുന്ന ഒരു ചിത്രം.

  ReplyDelete
 4. നല്ല നിരൂപണം, 'പ്രണയ'ത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 5. കൊള്ളാം. നല്ല അഭിപ്ര്രയങ്ങള്‍ , പക്ഷെ പ്രണയം ഇത് വരെ കാണാന്‍ സാധിച്ചില്ല .

  ReplyDelete