സ്ഥലത്തെ പ്രധാന ഡ്രൈവറാണ് ജോസേട്ടന്‍. ഈ സംഭവം നടക്കുന്നത് 1989ല്‍ ആണ്. ആധുനീകത പതിയെ നാട്ടിന്‍പുറത്തെക്ക് എത്തിനോക്കി തുടങ്ങിയ സമയം. വിവാഹങ്ങള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് താരം. പണക്കാരുടെ കല്യാണത്തിന് പ്രൌഢി കാണിക്കാനായാണ് പ്രധാനമായും വീഡിയോഗ്രാഫര്‍മാര്‍ വരുന്നത്. തൊടുപുഴയില്‍ തന്നെ ആകെ രണ്ടു വീഡിയോക്കാരെ ഉള്ളു. ഇന്നത്തെ സിനിമക്കാരേക്കാള്‍ ജാടയാണ് അന്ന് വീഡിയോക്കാര്‍ക്ക്. അവര്‍ക്കുള്ള വണ്ടി, ഭക്ഷണം തുടങ്ങി എല്ലാം വീട്ടുകാര്‍ ഏറ്റാല്‍ പോലും ഒരു മിനിമം സ്റ്റാറ്റസിനു താഴെയുള്ള കല്യാണങ്ങള്‍ക്ക് അവര്‍ പോവില്ല.
അങ്ങനെയിരിക്കെയാണ് ആ കല്യാണം ഉറച്ചത്. വധു അമേരിക്കയില്‍ ഡോക്ടര്‍. വരന്‍ അന്നത്തെ എഞ്ചിനീയറും. പൈസക്ക് പൈസ, പ്രൌഢിക്ക് പ്രൌഢി. അന്ന് ജോസേട്ടനുള്ളത് ഒരു ജീപ്പാണ്. വാടകക്ക് നാട്ടില്‍ കിട്ടുന്നതും മൂന്നു ഗിയറുള്ള ജീപ്പാണ്. കാറൊക്കെ അപൂര്‍വ വസ്തുക്കളാണ്. വീട്ടുകാര്‍ ജോസേട്ടന്‍റെ ജീപ്പില്‍ നേരെ തൊടുപുഴയിലെ പ്രബലനായ വീഡിയോഗ്രാഫറുടെ അടുത്തേക്ക് ബുക്കിങ്ങിനായി പുറപ്പെട്ടു. രക്ഷയില്ല, പുള്ളിക്ക് അന്നു ബുക്കിംഗ് ഉണ്ട്. ഉടനെ തന്നെ വീട്ടുകാര്‍ തൊടുപുഴയില്‍ ഉള്ള രണ്ടാമത്തേതും അവസാനത്തേതുമായ വീഡിയോക്കാരന്‍റെ അടുത്തേക്ക് വിട്ടു. അദ്ദേഹം അന്ന് ഫ്രീ ആണ്. പുള്ളിക്കാരന്‍ ജോസേട്ടന്‍റെ ജീപ്പോക്കെ ഒന്ന് പരിശോധിച്ചു. ജീപ്പില്‍ കൈവരിയുള്ളത് കൊണ്ട് ഷൂട്ടിങ്ങിനു ഈ വണ്ടി നന്നായിരിക്കുമെന്ന് വീഡിയോഗ്രാഫര്‍ അഭിപ്രായപ്പെട്ടു. വീട്ടുകാര്‍ കല്യാണ ദിവസം, ആ വണ്ടി തന്നെ വിട്ടുകൊള്ലാമെന്നു സമ്മതിക്കുകയും ചെയ്തു. കൃത്യം ഒന്‍പതു മണിക്ക് വണ്ടി സ്റ്റുഡിയോയില്‍ എത്തണമെന്ന നിര്‍ദ്ദേശത്തോടെ ആ യോഗം അവസാനിച്ചു.
കല്യാണ ദിവസം വന്നെത്തി. ഇരു വീട്ടുകാര്‍ക്കും കൂടി ആകെ ഒരു വീഡിയോക്കാരനാണ് ഉള്ളത്. അത് കൊണ്ട് തന്നെ ആദ്യം പെണ്‍വീട്ടില്‍ പോയി അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വീഡിയോ പിടിച്ച ശേഷം നേരെ ചെറുക്കന്‍ വീട്ടിലേക്കു പോകാമെന്നാണ് പ്ലാന്‍. അങ്ങനെ കൃത്യം ഒന്‍പതു മണിക്ക് ജോസേട്ടന്‍ ജീപ്പുമായി സ്റ്റുഡിയോയില്‍ എത്തി. അന്ന് വീഡിയോയുടെ കൂടെ ഒരു ജനറേറ്റര്‍ കൂടി ഉണ്ടാവും. പെട്ടെന്നുള്ള വൈദ്യുതാഘാതങ്ങളില്‍ നിന്ന് ഉപകരണത്തെ രക്ഷിക്കാനാണത്. അക്കാലത്ത് വലിയ വിലപിടിപ്പുള്ളതാണ് വീഡിയോ ഉപകരണം. സ്റ്റുഡിയോയില്‍ നിന്ന് ആ ഭീമന്‍ ജനറേറ്റര്‍ ജോസേട്ടന്‍ പൊക്കി ജീപ്പില്‍ കയറ്റി. എന്നിട്ട് വധുവിന്‍റെ വീട്ടിലേക്കു യാത്രയായി.
വധുഗൃഹം വരെ റോഡില്ല. വഴിയില്‍ ജീപ്പ് ഒതുക്കി. ഇറങ്ങിയ ഉടനെ ആ ജനറേറ്റര്‍ എടുത്തു തന്‍റെ പുറകെ വരാന്‍ ജോസെട്ടനോട് വീഡിയോഗ്രാഫര്‍ ആജ്ഞാപിച്ചു. അതില്‍ അല്‍പം അഭിമാന ക്ഷതം തോന്നിയ ജോസേട്ടന്‍, തന്നോട് വണ്ടിയുടെ കാര്യമേ പറഞ്ഞിട്ടുള്ളുവെന്നു പറയുകയും അതിനു സാധ്യമല്ലെന്നും തിരിച്ചടിച്ചു. ഉരുളക്കുപ്പേരി പോലെ മറുപടി വാങ്ങിയ വീഡിയോക്കാരന്‍ ക്ഷുഭിതനായി. അയാള്‍ വീട്ടില്‍ നിന്ന് വേറെ കുറച്ചു പേരെ വിട്ടു ആ ജനറേറ്റര്‍ പൊക്കിക്കൊണ്ട് പോയി.
പെണ്‍വീട്ടിലെ വീഡിയോ പിടിത്തം അവസാനിച്ചു. വീഡിയോക്കാരന്‍ നേരെ ജോസേട്ടന്‍റെ ജീപ്പിലേക്ക്. പുള്ളിയുടെ മുഖം കോറുകൊട്ട പോലെ വീര്‍ത്തിരിക്കുകയാണ്. വണ്ടിയില്‍ കയറി ഇരുന്ന ശേഷമാണ് പാന്റ്റില്‍ അല്‍പം ഗ്രീസ് പറ്റിയിരിക്കുന്നത് വീഡിയോക്കാരന്‍ ശ്രദ്ധിച്ചത്. ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി അയാള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. വണ്ടിയില്‍ നിന്നാണ് ഗ്രീസ് പറ്റിയതെന്ന് ആക്ഷേപിച്ചു ജോസെട്ടനോട് കയര്‍ത്തു. തന്‍റെ വണ്ടിയില്‍, പുറമേ എവിടെയെങ്കിലും ഗ്രീസിന്‍റെ ഒരു പോറലെങ്കിലും കാണിച്ചു തന്നാല്‍ അയാള്‍ പറയുന്നത് ചെയ്യാമെന്നായി ജോസേട്ടന്‍. പുള്ളി വണ്ടിക്കു ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവര്‍ നേരെ വരന്‍റെ ഭവനത്തിലേക്ക് യാത്രയാരംഭിച്ചു. വണ്ടിയില്‍ തികഞ്ഞ നിശബ്ദദ മാത്രം.
വരന്‍റെ ഭവനത്തില്‍ എത്തിയ ഉടനെ വീഡിയോക്കാരന്‍ ചാടിയിറങ്ങി വരന്‍റെ അപ്പന്‍റെ അടുത്തു പോയി തനിക്ക് ഒരു കാര്‍ ഏര്‍പ്പാടാക്കിയാലെ വീഡിയോ പിടിക്കൂ എന്ന് പ്രഖ്യാപിച്ചു. അമ്പരന്നു പോയ അപ്പന്‍ കാര്യമന്വേഷിക്കുകയും, അയാള്‍ ചോദിച്ചിട്ടല്ലേ ആ ജീപ്പു തന്നെ വിട്ടു തന്നതെന്ന് തിരക്കുകയും ചെയ്തു. വീഡിയോക്കാരന്‍ കൂടുതലൊന്നും കേള്‍ക്കാന്‍ തയാറായില്ല. കാര്‍ കിട്ടിയില്ലെങ്കില്‍ താന്‍ ഇറങ്ങുകയാണെന്നു കൂടി അയാള്‍ പ്രഖ്യാപിച്ചതോടെ രംഗം വഷളായി. ആ പ്രദേശത്തെങ്ങും മറ്റൊരു വീഡിയോക്കാരന്‍ ഇല്ലാത്തതു കൊണ്ട് വീട്ടുകാരന്‍ ഭീഷണിക്കു വഴങ്ങി. അന്ന് കാര്‍ എന്നത് ഒരു അപൂര്‍വ വസ്തുവാണെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ. അവര്‍ ആ നാട് മുഴുവന്‍ അലഞ്ഞു ഒരു കാര്‍ ഒപ്പിച്ചു. ജോസെട്ടനോട് അവിടെയുള്ള കുറച്ചു ആളുകളെയും കൊണ്ട് പള്ളിയിലേക്ക് പോയ്ക്കൊള്ലാന്‍ അപ്പന്‍ പറയുകയും ചെയ്തു. അതനുസരിച്ച് ജോസേട്ടന്‍ ആളുകളേയും കൂട്ടി പള്ളിയിലെത്തി.
പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുകയാണ്. ജോസേട്ടന്‍ ഇടക്കൊന്നു പള്ളിക്ക് പുറത്തേക്ക് ഇറങ്ങി. ആ സമയത്ത് നമ്മുടെ വീഡിയോക്കാരന്‍ ജോസേട്ടന്‍റെ പക്കലേക്ക് വന്നിട്ട് പറഞ്ഞു, "ചങ്ങാതി ക്ഷമിക്കണം." അതൊന്നും കുഴപ്പമില്ലെന്ന് ജോസേട്ടന്‍ പറഞ്ഞു. "നിങ്ങളെ അപമാനിച്ചത് കൊണ്ടാണ് എനിക്കങ്ങനെ സംഭവിച്ചത്.", അയാള്‍ തുടര്‍ന്നു. കാര്യമറിയാതെ ജോസേട്ടന്‍ നിന്നു. ജോസേട്ടന്‍റെ ഭാവം കണ്ടു അയാള്‍ ചോദിച്ചു, " അല്ല ചങ്ങാതി അപ്പൊ താന്‍ ഒന്നും അറിഞ്ഞില്ലേ. കണ്ടില്ലേ എന്‍റെ പാന്‍റും ഷര്‍ട്ടും കീറിയിരിക്കുന്നത്." എന്തു പറ്റിയെന്ന ജോസേട്ടന്‍റെ ചോദ്യത്തിനു മുന്‍പില്‍ അയാള്‍ ഒരു ചമ്മലോടെ വിശദീകരിച്ചു. "പള്ളിയിലേക്ക് വരുന്ന വഴി ആ കാര്‍ സ്പീഡില്‍ ഒരു വളവു വീശിയതാ. ഡോര്‍ പറിഞ്ഞു ഞാനും ക്യാമറയും താഴെ. ദാ ഇങ്ങനെ പൊക്കി പിടിച്ചത് കൊണ്ട് ക്യാമറയ്ക്കു ഒന്നും പറ്റിയില്ല." അയാള്‍ ആംഗ്യം കാണിച്ചു വിശദീകരിച്ചു. "അതുകൊണ്ട് ചങ്ങാതി കല്യാണത്തിനു ശേഷം ദയവായി എന്നെ ഒന്ന് വീട്ടില്‍ എത്തിക്കണം". ചിരിക്കണോ, സങ്കടം ഭാവിക്കണോ എന്ന സന്ദേഹത്തിലായി ജോസേട്ടന്‍. ഒടുവില്‍ ഒരു ചെറു ചിരിയോടെ ആ അപേക്ഷ സ്വീകരിച്ചു. കാലം ഏറെ കഴിഞ്ഞു. ഇന്ന് ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പത്തിരുപതു വര്‍ഷം മുമ്പ് തുടങ്ങിയ ആ സൌഹൃദം ഇന്നും ഒരു ഉലച്ചിലും തട്ടാതെ നിലനില്‍ക്കുന്നു.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍
" അന്ന് വീഡിയോയുടെ കൂടെ ഒരു ജനറേറ്റര്‍ കൂടി ഉണ്ടാവും. പെട്ടെന്നുള്ള വൈദ്യുതാഘാതങ്ങളില്‍ നിന്ന് ഉപകരണത്തെ രക്ഷിക്കാനാണത് "
ReplyDeletein which college u studied that Generators are used to protect from power surges?
ഇതാണോ നീ പഠിച്ച എലെകട്രോനിക്സ് എഞ്ചിനീയറിംഗ് ?
വൈദ്യുതാഘാതങ്ങളില്‍ doesn't mean power surges dear friend. it simply means power cut. Is there any other device to supply power????
ReplyDeleteload shedding inu malayalam ennathaade.. Thaalkalika Vydhyutha vichedanam ennu paryayan pattumo? aaghatham ennal shock ennanu...
ReplyDelete