നിറയെ സ്വപ്നങ്ങളുമായി കോഴിക്കോട് ജില്ലയില്‍ ജീവിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് അരുണ്‍ ജോര്‍ജ്. അനേകം യുവാക്കളെ പോലെ ഒരു ബൈക്ക് അപകടത്തില്‍ അവനു മസ്തിഷ്ക മരണം സംഭവിക്കുന്നു. ഒരു മാതാപിതാക്കളും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാവും തങ്ങളുടെ മക്കളുടെ മരണം. എന്നാല്‍, ഈ പ്രതിസന്ധിയില്‍ അരുണിന്‍റെ പിതാവ് പതറിയില്ല. അവയവ ദാനതിനുള്ള സമ്മതം അദ്ദേഹം ആശുപത്രിയെ ഉടനടി അറിയിച്ചു. അരുണിന്‍റെ വ്രക്കകളും, കരളും, കണ്ണുകളും ഇന്ന് അഞ്ചു പേര്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമായി നിലനില്‍ക്കുന്നു.
വ്രക്ക തകരാറിലായ ബത്തേരി സ്വദേശി മഞ്ജുവിനെ ഉടനടി വിളിച്ചു വരുത്തി ശസ്ത്രക്രീയ നടത്തി. അവയവ ദാനത്തിനുള്ള ഓഫീസ് തുറക്കുന്ന, പകല്‍ സമയം വരെ കാത്തുനില്‍ക്കാതെ ഉടനെ തന്നെ ശസ്ത്രക്രീയക്ക് വേണ്ട സൌകര്യമൊരുക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രവീന്ദ്രനും ഇന്നത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥനായി. രാത്രി തന്നെ തലശ്ശേരി സ്വദേശി വിനെഷിന്‍റെ വ്രക്ക മാറ്റിവെക്കല്‍ ശസ്ത്രക്രീയയും നടന്നു. കരള്‍ പ്രത്യേക വാഹനത്തില്‍ അമൃത ആശുപത്രിയിലേക്കും, കണ്ണുകള്‍ നേത്ര ബാങ്കിലേക്കും മാറ്റി. അരുണ്‍ ഇന്ന് പലരിലൂടെ തന്‍റെ വിധിയെ മാറ്റിയിരിക്കുന്നു.
കാലം മോശമായി, മോശമായി എന്ന് ശൂന്യതയിലേക്ക് സംസാരിക്കുക മാത്രം ചെയ്യുന്നവരില്‍ നിന്ന് ഭിന്നമായി നില്‍ക്കുന്നു അരുണിന്‍റെ മാതാപിതാക്കള്‍. അവര്‍ പറയുന്നത്, മറ്റാരെയും നോക്കി മാതൃക കാട്ടാനല്ല, മറിച്ചു തങ്ങളെ തന്നെയാണ്. മക്കള്‍ക്ക് നല്ല സാക്ഷ്യം നല്‍കുന്ന കാര്‍ന്നവന്മാര്‍ നിറഞ്ഞു നിന്ന ഒരു കാലത്തില്‍ നിന്ന് ഇപ്പോള്‍ എത്രയോ പിന്നോട്ട് പോയിരിക്കുന്നു. തങ്ങള്‍ വീട്ടില്‍ ഇല്ല, തുടങ്ങിയ കൊച്ചു കൊച്ചു കള്ളങ്ങള്‍ മക്കളെ പറഞ്ഞു ശീലിപ്പിക്കുകയല്ലേ ഇന്ന് മാതാപിതാക്കള്‍. വിതക്കുന്നതേ കൊയ്യൂ എന്നത് ഇന്നും പ്രസക്തമായ ഒരു വചനം. വിളവു മോശമാകുന്നെങ്കില്‍, വിതക്കാരന് അതിലെ പങ്കു വളരെ വലുതാണ്. അതിന്‍റെ ഫലം അനുഭവിക്കുന്നതോ സമൂഹവും. സമൂഹത്തില്‍ അത് വീണ്ടും തുടര്‍ച്ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
അല്‍പായുസ്സുള്ള വികാരങ്ങള്‍ക്ക് വേണ്ടി പായുന്നവരല്ലേ നമ്മള്‍. സന്തോഷമായാലും, സങ്കടമായാലും ഇതിനൊന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം ആയുസ്സില്ല എന്നിരുന്നാലും, വീണ്ടും വീണ്ടും മനസ്സിനെ സന്തോഷിപ്പിക്കാനും, ഉല്ലസിപ്പിക്കാനും നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആത്മീയതക്കു വേണ്ടി, ദിവസത്തില്‍ നിമിഷങ്ങള്‍ പോലും മാറ്റി വെക്കാന്‍ നമ്മള്‍ മടിക്കുന്നു. നഷ്ടപ്പെട്ടത് തിരികെ കണ്ടെത്തുന്നവന്‍റെ സന്തോഷം, ആത്മീയത പ്രദാനം ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ വെറുതെയിരുന്നു ആലോചിക്കാറുണ്ട്. പല വിധ അളവ് കോളുകള്‍ വച്ചും, ജീവിതത്തിന്‍റെ പകുതി ഭാഗം പിന്നിട്ടു കഴിഞ്ഞു. സ്കൂള്‍ കാലഘട്ടത്തില്‍, കോളേജ് ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം തേടി. കോളേജ് പഠന കാലത്ത്, അത് കഴിഞ്ഞു ജോലി കിട്ടുമ്പോഴാണെന്നു തെറ്റിദ്ധരിച്ചു. തീര്‍ച്ചയായും വിവാഹ ശേഷമല്ല എന്ന് മനസ്സിലാക്കുന്നു. സന്തോഷത്തിന്‍റെ വഴികള്‍, ഇപ്പോള്‍ തിരികെ കുട്ടികാലത്തേക്ക് യാത്ര ചെയ്യുന്നു. പ്രായത്തിന്‍റെ നിഷ്കളങ്കത മാത്രമായിരുന്നോ അന്നത്തെ സമ്പാദ്യം. മറ്റെല്ലാ അളവ് കോളുകള്‍ വച്ചും ഞാന്‍ ഇപ്പോള്‍ മുന്നിലത്രേ. അവയിലേക്ക് എത്താനായിരുന്നോ ഞാന്‍ ഇത്രയും ദൂരം യാത്ര ചെയ്തത്?
നമുക്ക് ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന കാലം നമ്മള്‍ അമ്മയുടെ ഉദരത്തിലിരുന്ന കാലമാവും. അവിടെ നിന്ന് പുറത്തെത്തുന്ന മനുഷ്യന്‍ അതുപോലെയുള്ള സന്തോഷത്തിനും, സമാധാനത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ തന്നെ. എന്നാല്‍ അവ ഒരിടത്തു നിന്നും ലഭിക്കുന്നുമില്ല. ചിലയിടങ്ങള്‍, അതിനോട് സാമ്യമുള്ളവ എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ മുന്നോട്ടു എന്ന് വിചാരിക്കുന്ന കുറച്ചു കാലങ്ങള്‍, വിശേഷിച്ച് അവസാന കാലങ്ങള്‍, നമ്മള്‍ പിന്നോട്ട് യാത്ര ചെയ്തു തുടങ്ങുന്നു. അനശ്വരമായ സമാധാനം, ചിലപ്പോള്‍ മരണ ശേഷം ലഭിക്കുമെന്നും ഇതിലൂടെ കണക്ക് കൂട്ടാം. മരണം എന്നാ പ്രതിഭാസം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാത്തിടത്തോളം, മറ്റെന്തു കണ്ടെത്തിയിട്ടും അവന്‍ നിസ്സഹായന്‍ തന്നെ. തിരക്കുകള്‍ വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടി നാമെല്ലാം എത്തുന്നിടം ഒന്ന് തന്നെ.
അല്‍പ സമയത്തിന് ശേഷം ക്രിസ്മസിന്‍റെ വരവറിയിച്ചു കൊണ്ടുള്ള പള്ളിമണികള്‍ മുഴങ്ങും. സന്ദേശങ്ങള്‍ ലോകമെങ്ങും നല്‍കപ്പെടും. യഥാര്‍ത്ഥത്തില്‍ സന്ദേശം നല്‍കുന്നത് അരുണിന്‍റെ മാതാപിതാക്കളെ പോലുള്ള വരാണ്. ഒരു വാക്യം പോലും സംസാരിക്കാതെ അവര്‍ സന്ദേശം നല്‍കികഴിഞ്ഞിരിക്കുന്നു. ആര്‍ത്തിരമ്പുന്ന കടലും ചിലപ്പോള്‍ ശാന്തമാകാറുണ്ട്. വീണ്ടും അല്‍പായുസ്സിയായ ഒരു സന്തോഷ ആഘോഷത്തിനാണോ നമ്മള്‍ തിരി കൊളുത്താന്‍ പോകുന്നത്. അതോ നീണ്ടു നില്‍ക്കുന്ന തിരിച്ചറിവിനോ? നമ്മില്‍നിന്നാരംഭിച്ചു, നമ്മില്‍ തന്നെ അവസാനിക്കേണ്ട ഒന്നാണോ ജീവിതം?
നല്ല ചിന്തകള്‍. ആശംസകള്‍. ക്രിസ്തുമസിനും പുതുവര്‍ഷത്തിനും.
ReplyDeleteമനുഷ്യ ദൈവം എന്നൊന്ന് ഉണ്ടെങ്കില്‍ അത് ഇവരെ പോലെ ഉള്ളവരാണ്...അല്ലാതെ...
ReplyDeleteആ മാതാപിതാക്കള്‍ക്ക് സലുട്ട്......
മകന്റെ ഓര്‍മ്മകളില്‍ മരിക്കാതെ മരിച്ചു ജീവിക്കാന്‍ അവര്‍ക്കി ഇട വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു...