Raise our Conscience against the Killing of RTI Activists




Sunday, January 15, 2012

സ്കൂളിലേക്ക് ഒരു മടക്ക യാത്ര


അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്മസ് കാലമായത് കൊണ്ട് കൂട്ടുകാര്‍ക്ക് നാട്ടില്‍ പഞ്ഞമുണ്ടായിരുന്നുമില്ല. പഠിച്ച സ്കൂള്‍ ഒന്ന് സന്ദര്‍ശിക്കാനുള്ള തീരുമാനമെടുക്കുന്നത് പെട്ടെന്നായിരുന്നു. സ്കൂള്‍ കാലത്തെ ഉറ്റ ചങ്ങാതിമാരായിരുന്ന തോമ്മന്‍റെയും, ജിമ്മിയുടെയും ഒപ്പമായിരുന്നു മുട്ടത്തുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ എന്ന ഓര്‍മ്മകളുടെ വസന്തത്തിലേക്ക് കാറോടിച്ചു ഞങ്ങള്‍ പോയത്. അവധിക്കാലമായതിനാല്‍ സ്കൂളില്‍ ആരെയും പ്രതീക്ഷിച്ചിരുന്നില്ല. ഓര്‍മകള്‍ക്കു മുന്നില്‍ പ്രതീക്ഷകള്‍ക്ക് എന്ത് സ്ഥാനം?

ഉദ്ദേശം മൂന്നു മണിയോടെയാണ് ഞങ്ങള്‍ സ്കൂള്‍ മുറ്റത്തെത്തുന്നത്. സ്കൂളിനടുത്തു, ജിമ്മിച്ചനെ പറ്റിച്ചു ഷേക്ക്‌ കുടിച്ചിരുന്ന കൊച്ചു കടക്കു പകരം ഇന്നവിടെ ഒരു വലിയ കെട്ടിടം. ചുറ്റുപാടും വേറേയും കുറെയധികം കടകള്‍ വന്നിരിക്കുന്നു. വൈകിട്ട് ആര്‍ത്തിയോടെ കയറിയിരുന്ന ചായ ഷോപ്പും കാണ്മാനില്ല. സ്കൂള്‍ പരിസരങ്ങള്‍ക്കും, പഠന കാലത്ത് വളരെയെധികം പ്രാധാന്യം ഉണ്ടല്ലോ. കാലം കുറച്ചധികം മാറ്റങ്ങള്‍ അവിടെ വരുത്തിയിരിക്കുന്നു. സ്കൂള്‍ മുന്‍വശത്ത് ഒരു ചെറിയ പൂന്തോട്ടം ഉണ്ടായതൊഴിച്ചാല്‍ സ്കൂളിനു വലിയ മാറ്റം കാണുവാനില്ല, ചുറ്റുപാടും പഴയ പോലെ കാട് പിടിച്ചു തന്നെ കിടക്കുന്നു. സ്കൂളിലേക്കുള്ള റോഡ്‌ ടാര്‍ ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ച പോലെ സ്കൂള്‍ നിശ്ചലമായിരുന്നില്ല. കുറച്ചു ക്ലാസ്സുകളില്‍ അദ്ധ്യായനം ഉണ്ട് എന്നറിയാന്‍ കഴിഞ്ഞു. അവിടെയുള്ള അധ്യാപികയെയും കണ്ടു മുട്ടി. കാലത്തിന്‍റെ വിടവ് പരിചിത മുഖങ്ങളെ വേദിയില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്നു. സോളിമോന്‍ സാറിനും, അമ്മായി ടീച്ചര്‍ക്കും, ടെസ്സി ടീച്ചര്‍ക്കും, ബിനോയ്‌ സാറിനും വേണ്ടി തിരഞ്ഞ കണ്ണുകള്‍ക്ക്‌ കാണാനായത് ആളൊഴിഞ്ഞ കോണുകള്‍ മാത്രം. ഏവരുടെയും വിവരം ആ അദ്ധ്യാപികയോടു തിരക്കി, ഞങ്ങള്‍ സ്കൂളിലൂടെ നടന്നു, ലക്ഷ്യങ്ങളില്ലാതെ. പഠിച്ച ക്ലാസ്സുകളിലൂടെ ഒരു മടക്കയാത്ര. ആരെയും കണ്ടെത്താനോ, തിരിച്ചു പിടിക്കാനോ അല്ല. പോയ കാലത്തിന്‍റെ സ്മരണകള്‍ക്ക് വേണ്ടി മാത്രം.

സ്കൂളാകെ മുഷിഞ്ഞിരിക്കുന്നു. അകലെ ക്ലാസ്സുകളില്‍ നിന്ന് അദ്ധ്യായനത്തിന്‍റെ ശബ്ദം വരുന്നുണ്ട്. അതിനു കുട്ടിയായിരിക്കുന്ന എന്‍റെ മണമുണ്ട്, രൂപമുണ്ട്, അവ ഓര്‍മിപ്പിക്കുന്നത് പോയ കാലത്തെയല്ല, മറിച്ചു എന്നെ തന്നെയാണ്. ഞങ്ങള്‍ അവസാന വര്‍ഷം ചിലവഴിച്ച പന്ത്രണ്ടാം ക്ലാസിലേക്ക് ചെന്നു. ക്ലാസ് റെപ്പായി അരുണ്‍ ഉണ്ടായിരുന്ന ക്ലാസ്. ഡോണും, ജിമ്മിയും, തൊമ്മനും, എല്ലാം അതിരുകള്‍ പാകിയിരുന്ന ക്ലാസ്. വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന എത്രയോ പേര്‍ ശരാശരിയിലും നിന്ന് താഴേക്കു പോയിരിക്കുന്നു. പരാജയം കുറിച്ചിരുന്ന കുറെ പേര്‍ ഉയര്‍ന്ന നിലകളില്‍ എത്തുകയും ചെയ്തു. അല്ലെങ്കിലും, പ്രവചിക്കാന്‍ നമുക്കെങ്ങനെ കഴിയും. പഠനമാണ് ലോകം എന്ന നാളുകളില്‍ നിന്ന് ഞാന്‍ ഒരു സാധാരണക്കാരന്‍റെ കുപ്പായം അണിഞ്ഞിരിക്കുന്നു ഇന്ന്.

ഞങ്ങള്‍ പുറത്തേക്കു നടന്നു. മോഡല്‍ പരീക്ഷയില്‍ മൊട്ട കിട്ടിയ കെമിസ്ട്രി ലാബ് മുന്നില്‍ നിന്ന് എന്നെ പരിഹസിക്കുന്നു. അതിലിപ്പോഴും ജലം ടീച്ചറുടെ ശബ്ദം കേള്‍ക്കാം. കാലം എത്ര പോയാലും അവരെയൊന്നും മറക്കാന്‍ കഴിയുന്നില്ല. കലോല്‍സവ വേദി കെട്ടിപ്പൊക്കിയിരുന്ന സ്ഥലത്ത് ഞങ്ങള്‍ എത്തി. കലാകാരന്മാരായി ജൂബിനും, അരുണും എല്ലാം വിലസിയിരുന്നിടം. ആരോരുമറിയാതെ, കളര്‍ വസ്ത്രങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളെ കാണാന്‍ കിട്ടിയിരുന്ന അപൂര്‍വ ഇടങ്ങളില്‍ ഒന്ന്. ഓര്‍മകളില്‍, ജൂബിന്‍ അവിടെ പ്രസംഗം പറയുകയാണ്, അരുണ്‍ പരിപാടികള്‍ അവതരപ്പിക്കുകയും, അതിന്‍റെ ഒരു കോണില്‍ ഞാനുമുണ്ട്, എല്ലാം കേട്ടുകൊണ്ട്. സ്കൂളിന്‍റെ ഓര്‍മകളിലൂടെ ഒരു വട്ടം ഞങ്ങള്‍ നടന്നിരിക്കുന്നു. അതില്‍ പ്രണയമുണ്ട്, വഴക്കുകളുണ്ട്, കണ്ണീരുണ്ട്, പഠനമുണ്ട്, വിജയത്തിന്‍റെ സന്തോഷങ്ങളുണ്ട്, പരാജയത്തിന്‍റെ അപകര്‍ഷതാബോധവും.

ഞങ്ങള്‍ തുടര്‍ന്ന് പോയത് കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്ന മുട്ടം ഗ്രൌണ്ടിലേക്കാണ്. അവിടെയും മാറ്റങ്ങള്‍ തല പൊക്കിയിരിക്കുന്നു. മണ്‍കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും മറ്റും എത്തിയിരിക്കുന്നു. ഞാന്‍ എന്നും അതില്‍ ഒരു കാണി മാത്രമായിരുന്നു. ഇന്നും അതെ. പോയ കാലം കൂട്ടുകാരുടെയോപ്പം നോക്കി കണ്ടു. ഞങ്ങളും കുറച്ചു സമയം കൊണ്ട് പഴയ സ്കൂള്‍ ചങ്ങാതിമാര്‍ ആയി തുടങ്ങി. തമാശയും, ഗോസിപ്പും, ചൊറിയലുകളും അങ്ങനെ എല്ലാം എല്ലാം. അസ്തമയ സൂര്യന്‍ ചുവപ്പ് വെളിച്ചം വിതറി തുടങ്ങി. വീട്ടിലെ ആറു പേരില്‍ നിന്ന് ഞാന്‍ സ്കൂളിലെ ആയിരങ്ങളില്‍ ഒരുവനായി, അവിടെനിന്നു കലാലയങ്ങളിലെ പതിനായിരങ്ങളില്‍ ഒരുവനായി, ഇപ്പോള്‍ പണിയെടുക്കുന്ന കൊടിക്കണക്കിനാളുകളില്‍ ഒരുവനായി, തികച്ചും സാധാരണക്കാരനായി മാറിയിരിക്കുന്നു. ഞാന്‍ ലോകം എന്ന ചിന്തയും  ഇക്കാലയളവില്‍ കുറഞ്ഞു വന്നു. അതിനെയായിരിക്കാം വിദ്യാഭ്യാസമെന്നു വിവക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് ശേഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇതിലൂടെ കടന്നു പോയിരിക്കുന്നു, ഇതിലും മികച്ച സ്വപ്നവുമായി. അവ നിറവേറ്റി അവര്‍ തിരിച്ചെത്തട്ടെ. കാലം പഠിപ്പിക്കുന്ന സത്യങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ. എന്‍റെ അധ്യാപകരെ എന്നെങ്കിലും കാണാനാവുമെന്ന പ്രതീക്ഷിയില്‍ ഞങ്ങള്‍ തൊമ്മന്‍റെ കാറില്‍ കയറി. ഓര്‍മകളുടെ ലോകത്ത് നിന്നും, ഉത്തരവാദിത്വങ്ങളുടെ ലോകത്തേക്ക് ആ വണ്ടി പുറപ്പെട്ടപ്പോള്‍, അസ്തമയ സൂര്യന്‍ യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു.
"വര്‍ത്തമാനകാലം തന്‍ മൂല്യം ആരറിയുന്നു സോദരാ?"

Saturday, January 7, 2012

കാമം തെരുവുകളിലേക്ക് നീങ്ങുമ്പോള്‍


അവള്‍ ജനിച്ചത്‌ ബംഗാളിലായിരുന്നു. കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട് മറ്റെല്ലാവരെയും പോലെ അവളെയും തുടക്കത്തില്‍ അമ്പരപ്പിച്ചു. സ്വന്തം കാമുകനെ തേടിയാണ് അവള്‍, സഹോദരന്‍റെയും മറ്റും കൂടെ ഇവിടേയ്ക്ക് എത്തിയത്. ഒരു രാത്രിയില്‍ അവര്‍ക്ക് യാത്ര ചെയ്യുവാനായി ഒരു ലോറിക്കാരന്‍ സഹായം വാഗ്ദാനം ചെയ്യുന്നു. ബന്ധുക്കള്‍ ഉള്ളതിനാല്‍ അവള്‍ക്കു സുരക്ഷിതത്വ ബോധം അനുഭവപ്പെട്ടിരിക്കണം. ലോറിയില്‍ താമസിയാതെ മൂന്നാല് ആളുകള്‍ വന്നു കയറുന്നു. അവര്‍ അവളുടെ ബന്ധുക്കളെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം റോഡില്‍ ഇറക്കി വിടുന്നു. ലോറിയില്‍ അവളുടെ മാനം കത്തിക്കപ്പെടുന്നു. ആവശ്യശേഷം ഉടു തുണി പോലും കൊടുക്കാതെ അവളും റോഡരുകിലേക്ക്. നാട്ടുകാര്‍ അവളെ വസ്ത്രം ഉടുപ്പിച്ചു ആശുപത്രിയിലാക്കുന്നു. അവളുടെ സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു ഇന്ന്. എന്ത് ചെയ്യണമെന്നു നിരക്ഷരരായ ആ ബംഗാളി ബന്ധുക്കള്‍ക്കും അറിവില്ല. കോഴിക്കോടെ മെഡിക്കല്‍ കോളേജില്‍ അവള്‍ ആരെ കാണുമ്പോഴും രക്ഷിക്കണേ എന്ന് വിളിച്ചു കരയുന്നു. നമ്മുടെ ഒരു ജനപ്രധിനിധികളോ പൌര പ്രമുഖരോ ഇങ്ങനെ ഒരു ജീവിതത്തെ പറ്റി പ്രതികരിക്കുന്നില്ല. ഇരുട്ടിലായ മൂന്നു ജീവിതങ്ങള്‍ അവിടെ കഴിയുന്നു.

ഇനി രംഗം മദ്ധ്യ കേരളത്തില്‍. ഇവിടെ അവള്‍ വീട്ടമ്മയാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. ഭാര്യയാണ്. ഒരു വിവാഹ ആലോചനയുമായി ഇംഗ്ലണ്ടിലുള്ള ഒരു ഗൃഹസ്ഥന്‍ വിളിക്കുമ്പോള്‍, ഫോണ്‍ എടുക്കുന്നത് അവള്‍. കാലം ചെല്ലുന്തോറും വിളികളുടെ എണ്ണം കൂടുന്നു. അവര്‍ പ്രണയബദ്ധരാണെന്നു തിരിച്ചറിയുന്നു. അയാള്‍ ഭാര്യയെ വിട്ടു ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നു. ഇരുവരും ചേര്‍ന്ന് അവളുടെ ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി ഉറക്കുന്നു. ഭാര്യ കഴുത്തില്‍ ചുറ്റിയ കയര്‍ മുറുക്കുന്നത് ജാരനായ അയാള്‍‍. മറ്റൊരു ജീവിതം അവിടെ ബലി കഴിക്കപ്പെടുന്നു.

നമ്മുടെ ചുറ്റിലും സമീപ കാലത്ത് നടന്ന രണ്ടു സംഭവങ്ങള്‍ മുകളില്‍ കുറിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഈ നാട്ടിലാണ് കാമം എന്ന വികാരത്തിന് ജീവനേക്കാള്‍ വിലയുള്ളത് എന്ന് തോന്നുന്നു. ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറുകയാണോ എന്നും ഞാന്‍ സംശയിക്കുന്നു. ഇവയൊക്കെ മൃഗീയ മനസ്സുള്ള ഏതാനം പേരുടെ ചെയ്തികളായി എഴുതിത്തള്ലാന്‍ ആവുമോ, അതോ ഇവ നമ്മുടെ ചിന്താഗതികളില്‍ വരുന്ന ഒരു മാറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണോ? ചിന്താഗതികളില്‍ മാറ്റം വരുന്നതായി തന്നെ ഞാന്‍ കരുതുന്നു. വ്യക്തികളെ പോലും ഭോഗ്യ വസ്തുക്കളായി കാലം(?) മാറ്റിയിരിക്കുന്നു. മുകളില്‍ കുറിച്ച ബംഗാളി പെണ്‍കുട്ടിയുടെ കാര്യത്തില്‍ പൊതു സമ്മതര്‍ ആരും പ്രതികരിച്ചില്ലെന്നത് ഖേദകരം. ഒരു പക്ഷെ സൌമ്യയെക്കാള്‍ മോശമായ ഒരു അവസ്ഥയിലാണ് ആ കുട്ടി എന്ന് ഞാന്‍ പറയും. കാരണം അവള്‍ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം ഇനി ജീവിച്ചു തീര്‍ക്കുക എന്ന കടമ കൂടി കിടക്കുന്നു. ക്രിക്കറ്റ്‌ കളി കാണുമ്പോഴും, ഒളിമ്പിക്സിലും മാത്രമേ നമുക്ക് ഭാരതീയര്‍ എന്ന വികാരം വരൂ. കഴിഞ്ഞു കഴിയുമ്പോള്‍ നീ എനിക്ക് വെറും അയാള്‍ മാത്രം.

പ്രണയത്തിന്‍റെ സാവകാശത്തിലേക്കെത്താന്‍ പോലും ഇന്ന് നമുക്ക് സമയമില്ല. എല്ലാവരും തിരക്കിലാണ്, ഏവര്‍ക്കും വിദ്യാഭ്യാസവും കൂടിയിരിക്കുന്നു. ഇതിന്‍റെയൊക്കെ കാരണങ്ങള്‍,  ഏറ്റവും നന്നായി അറിയുക ചിന്തിക്കുന്ന ഒരു സമൂഹത്തിനാവും. ഒരേയൊരു ജീവിതം ആഘോഷിച്ചു തീര്‍ക്കാനുള്ള ഉത്സാഹത്തില്‍ മറ്റു ജീവനുകള്‍ കൂടി ചുറ്റിലുമുണ്ട് എന്ന ചിന്ത ഗുണം ചെയ്യും. നമ്മെ പോലെ അനേകര്‍ ഇവിടെ ജീവിച്ചിരുന്നു. ചക്രവര്‍ത്തിമാര്‍ മുതല്‍ പട്ടിണി പാവങ്ങള്‍ വരെ. ഏവരുടെയും അവസാനം ഒരേ പോലെ ആയി എന്നതാണ് ഇവിടെ ചിന്തനീയമായുള്ള ഒരു വസ്തുത. വൈകൃതങ്ങള്‍ എന്ന് പേരില്‍ ഒരു കാലത്ത് പടിക്കു പുറത്തു നിര്‍ത്തിയിരുന്നവ ഇന്ന് അന്തസ്സിന്‍റെ അടയാളങ്ങള്‍ ആവുന്നുണ്ടോ?

മൂന്നാറില്‍ ഒരു പതിനാലു വയസ്സുകാരന്‍ ഒരു പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു മരത്തിന്‍റെ പൊത്തില്‍ ഒളിപ്പിച്ച സംഭവം നടന്നിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. പതിനാലു വയസ്സുകാരന്‍ വരെ ഇങ്ങനെ ചിന്തിച്ചു എങ്കില്‍ അതില്‍ ഞാനും നീയും ഉള്‍പ്പെടുന്ന സമൂഹത്തിനു കൂടി ഉത്തരവാദിത്വം ഉണ്ടു തന്നെ. വൈകൃതങ്ങള്‍ നമ്മെയും വരിഞ്ഞു മുറുക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കുവാനാണ് കാലം എന്നോടും നിന്നോടും ആവശ്യപ്പെടുന്നത്. അവള്‍ കുറ്റം ചെയ്യുന്നു എന്ന് പറയുന്നവരോട് യേശു പറയുന്ന ഒരു വാക്യമുണ്ട്. "സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്‍റെ കണ്ണിലെ കരട് എടുക്കുന്നതെങ്ങനെ?" ഇത് ഇന്നും പ്രസക്തമാണ്. കാരണം സമൂഹം എന്ന് പറയുന്നത് അയാളും അവളും മാത്രമല്ല, ഞാനും നീയും കൂടി ഉള്‍പ്പെടുന്നതാണ്.

Sunday, January 1, 2012

ജോസേട്ടന്‍റെ വീഡിയോ പിടിത്തം


സ്ഥലത്തെ പ്രധാന ഡ്രൈവറാണ് ജോസേട്ടന്‍. ഈ സംഭവം നടക്കുന്നത് 1989ല്‍ ആണ്. ആധുനീകത പതിയെ നാട്ടിന്‍പുറത്തെക്ക് എത്തിനോക്കി തുടങ്ങിയ സമയം. വിവാഹങ്ങള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് താരം. പണക്കാരുടെ കല്യാണത്തിന് പ്രൌഢി കാണിക്കാനായാണ് പ്രധാനമായും വീഡിയോഗ്രാഫര്‍മാര്‍ വരുന്നത്. തൊടുപുഴയില്‍ തന്നെ ആകെ രണ്ടു വീഡിയോക്കാരെ ഉള്ളു. ഇന്നത്തെ സിനിമക്കാരേക്കാള്‍ ജാടയാണ് അന്ന് വീഡിയോക്കാര്‍ക്ക്. അവര്‍ക്കുള്ള വണ്ടി, ഭക്ഷണം തുടങ്ങി എല്ലാം വീട്ടുകാര്‍ ഏറ്റാല്‍ പോലും ഒരു മിനിമം സ്റ്റാറ്റസിനു താഴെയുള്ള കല്യാണങ്ങള്‍ക്ക് അവര്‍ പോവില്ല.

അങ്ങനെയിരിക്കെയാണ് ആ കല്യാണം ഉറച്ചത്. വധു അമേരിക്കയില്‍ ഡോക്ടര്‍. വരന്‍ അന്നത്തെ എഞ്ചിനീയറും. പൈസക്ക് പൈസ, പ്രൌഢിക്ക് പ്രൌഢി. അന്ന് ജോസേട്ടനുള്ളത് ഒരു ജീപ്പാണ്. വാടകക്ക് നാട്ടില്‍ കിട്ടുന്നതും മൂന്നു ഗിയറുള്ള ജീപ്പാണ്. കാറൊക്കെ അപൂര്‍വ വസ്തുക്കളാണ്. വീട്ടുകാര്‍ ജോസേട്ടന്‍റെ ജീപ്പില്‍ നേരെ തൊടുപുഴയിലെ പ്രബലനായ വീഡിയോഗ്രാഫറുടെ അടുത്തേക്ക് ബുക്കിങ്ങിനായി പുറപ്പെട്ടു.  രക്ഷയില്ല, പുള്ളിക്ക് അന്നു ബുക്കിംഗ് ഉണ്ട്. ഉടനെ തന്നെ വീട്ടുകാര്‍ തൊടുപുഴയില്‍ ഉള്ള രണ്ടാമത്തേതും അവസാനത്തേതുമായ വീഡിയോക്കാരന്‍റെ അടുത്തേക്ക് വിട്ടു. അദ്ദേഹം അന്ന് ഫ്രീ ആണ്. പുള്ളിക്കാരന്‍ ജോസേട്ടന്‍റെ ജീപ്പോക്കെ ഒന്ന് പരിശോധിച്ചു. ജീപ്പില്‍ കൈവരിയുള്ളത് കൊണ്ട് ഷൂട്ടിങ്ങിനു ഈ വണ്ടി നന്നായിരിക്കുമെന്ന് വീഡിയോഗ്രാഫര്‍ അഭിപ്രായപ്പെട്ടു. വീട്ടുകാര്‍ കല്യാണ ദിവസം, ആ വണ്ടി തന്നെ വിട്ടുകൊള്ലാമെന്നു സമ്മതിക്കുകയും ചെയ്തു. കൃത്യം ഒന്‍പതു മണിക്ക് വണ്ടി സ്റ്റുഡിയോയില്‍ എത്തണമെന്ന നിര്‍ദ്ദേശത്തോടെ ആ യോഗം അവസാനിച്ചു.

കല്യാണ ദിവസം വന്നെത്തി. ഇരു വീട്ടുകാര്‍ക്കും കൂടി ആകെ ഒരു വീഡിയോക്കാരനാണ് ഉള്ളത്. അത് കൊണ്ട് തന്നെ ആദ്യം പെണ്‍വീട്ടില്‍  പോയി അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വീഡിയോ പിടിച്ച ശേഷം നേരെ ചെറുക്കന്‍ വീട്ടിലേക്കു പോകാമെന്നാണ് പ്ലാന്‍. അങ്ങനെ കൃത്യം ഒന്‍പതു മണിക്ക് ജോസേട്ടന്‍ ജീപ്പുമായി സ്റ്റുഡിയോയില്‍ എത്തി. അന്ന് വീഡിയോയുടെ കൂടെ ഒരു ജനറേറ്റര്‍ കൂടി ഉണ്ടാവും. പെട്ടെന്നുള്ള വൈദ്യുതാഘാതങ്ങളില്‍ നിന്ന് ഉപകരണത്തെ രക്ഷിക്കാനാണത്. അക്കാലത്ത് വലിയ വിലപിടിപ്പുള്ളതാണ് വീഡിയോ ഉപകരണം. സ്റ്റുഡിയോയില്‍ നിന്ന് ആ ഭീമന്‍ ജനറേറ്റര്‍ ജോസേട്ടന്‍ പൊക്കി ജീപ്പില്‍ കയറ്റി. എന്നിട്ട് വധുവിന്‍റെ വീട്ടിലേക്കു യാത്രയായി.

വധുഗൃഹം വരെ റോഡില്ല. വഴിയില്‍ ജീപ്പ് ഒതുക്കി. ഇറങ്ങിയ ഉടനെ ആ ജനറേറ്റര്‍ എടുത്തു തന്‍റെ പുറകെ വരാന്‍ ജോസെട്ടനോട് വീഡിയോഗ്രാഫര്‍ ആജ്ഞാപിച്ചു. അതില്‍ അല്‍പം അഭിമാന ക്ഷതം തോന്നിയ ജോസേട്ടന്‍, തന്നോട് വണ്ടിയുടെ കാര്യമേ പറഞ്ഞിട്ടുള്ളുവെന്നു പറയുകയും അതിനു സാധ്യമല്ലെന്നും തിരിച്ചടിച്ചു. ഉരുളക്കുപ്പേരി പോലെ മറുപടി വാങ്ങിയ വീഡിയോക്കാരന്‍ ക്ഷുഭിതനായി. അയാള്‍ വീട്ടില്‍ നിന്ന് വേറെ കുറച്ചു പേരെ വിട്ടു ആ ജനറേറ്റര്‍ പൊക്കിക്കൊണ്ട് പോയി.

പെണ്‍വീട്ടിലെ വീഡിയോ പിടിത്തം അവസാനിച്ചു. വീഡിയോക്കാരന്‍ നേരെ ജോസേട്ടന്‍റെ ജീപ്പിലേക്ക്. പുള്ളിയുടെ മുഖം കോറുകൊട്ട പോലെ വീര്‍ത്തിരിക്കുകയാണ്. വണ്ടിയില്‍ കയറി ഇരുന്ന ശേഷമാണ് പാന്റ്റില്‍ അല്‍പം ഗ്രീസ് പറ്റിയിരിക്കുന്നത് വീഡിയോക്കാരന്‍ ശ്രദ്ധിച്ചത്. ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി അയാള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. വണ്ടിയില്‍ നിന്നാണ് ഗ്രീസ് പറ്റിയതെന്ന് ആക്ഷേപിച്ചു ജോസെട്ടനോട് കയര്‍ത്തു. തന്‍റെ വണ്ടിയില്‍, പുറമേ എവിടെയെങ്കിലും ഗ്രീസിന്‍റെ ഒരു പോറലെങ്കിലും കാണിച്ചു തന്നാല്‍ അയാള്‍ പറയുന്നത് ചെയ്യാമെന്നായി ജോസേട്ടന്‍. പുള്ളി വണ്ടിക്കു ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അവര്‍ നേരെ വരന്‍റെ ഭവനത്തിലേക്ക് യാത്രയാരംഭിച്ചു. വണ്ടിയില്‍ തികഞ്ഞ നിശബ്ദദ മാത്രം.

വരന്‍റെ ഭവനത്തില്‍ എത്തിയ ഉടനെ വീഡിയോക്കാരന്‍ ചാടിയിറങ്ങി വരന്‍റെ അപ്പന്‍റെ അടുത്തു പോയി തനിക്ക് ഒരു കാര്‍ ഏര്‍പ്പാടാക്കിയാലെ വീഡിയോ പിടിക്കൂ എന്ന് പ്രഖ്യാപിച്ചു. അമ്പരന്നു പോയ അപ്പന്‍ കാര്യമന്വേഷിക്കുകയും, അയാള്‍ ചോദിച്ചിട്ടല്ലേ ആ ജീപ്പു തന്നെ വിട്ടു തന്നതെന്ന് തിരക്കുകയും ചെയ്തു. വീഡിയോക്കാരന്‍ കൂടുതലൊന്നും കേള്‍ക്കാന്‍ തയാറായില്ല. കാര്‍ കിട്ടിയില്ലെങ്കില്‍ താന്‍ ഇറങ്ങുകയാണെന്നു കൂടി അയാള്‍ പ്രഖ്യാപിച്ചതോടെ രംഗം വഷളായി. ആ പ്രദേശത്തെങ്ങും മറ്റൊരു വീഡിയോക്കാരന്‍ ഇല്ലാത്തതു കൊണ്ട് വീട്ടുകാരന്‍ ഭീഷണിക്കു വഴങ്ങി. അന്ന് കാര്‍ എന്നത് ഒരു അപൂര്‍വ വസ്തുവാണെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ. അവര്‍ ആ നാട് മുഴുവന്‍ അലഞ്ഞു ഒരു കാര്‍ ഒപ്പിച്ചു. ജോസെട്ടനോട് അവിടെയുള്ള കുറച്ചു ആളുകളെയും കൊണ്ട് പള്ളിയിലേക്ക് പോയ്ക്കൊള്ലാന്‍ അപ്പന്‍ പറയുകയും ചെയ്തു. അതനുസരിച്ച് ജോസേട്ടന്‍ ആളുകളേയും കൂട്ടി പള്ളിയിലെത്തി.

പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുകയാണ്. ജോസേട്ടന്‍ ഇടക്കൊന്നു പള്ളിക്ക് പുറത്തേക്ക് ഇറങ്ങി. ആ സമയത്ത് നമ്മുടെ വീഡിയോക്കാരന്‍ ജോസേട്ടന്‍റെ പക്കലേക്ക് വന്നിട്ട് പറഞ്ഞു, "ചങ്ങാതി ക്ഷമിക്കണം." അതൊന്നും കുഴപ്പമില്ലെന്ന് ജോസേട്ടന്‍ പറഞ്ഞു. "നിങ്ങളെ അപമാനിച്ചത് കൊണ്ടാണ് എനിക്കങ്ങനെ സംഭവിച്ചത്.", അയാള്‍ തുടര്‍ന്നു. കാര്യമറിയാതെ ജോസേട്ടന്‍ നിന്നു. ജോസേട്ടന്‍റെ ഭാവം കണ്ടു അയാള്‍ ചോദിച്ചു, " അല്ല ചങ്ങാതി അപ്പൊ താന്‍ ഒന്നും അറിഞ്ഞില്ലേ. കണ്ടില്ലേ എന്‍റെ പാന്‍റും ഷര്‍ട്ടും  കീറിയിരിക്കുന്നത്." എന്തു പറ്റിയെന്ന ജോസേട്ടന്‍റെ ചോദ്യത്തിനു മുന്‍പില്‍ അയാള്‍ ഒരു ചമ്മലോടെ വിശദീകരിച്ചു. "പള്ളിയിലേക്ക് വരുന്ന വഴി ആ കാര്‍ സ്പീഡില്‍ ഒരു വളവു വീശിയതാ. ഡോര്‍ പറിഞ്ഞു ഞാനും ക്യാമറയും താഴെ. ദാ ഇങ്ങനെ പൊക്കി പിടിച്ചത് കൊണ്ട് ക്യാമറയ്ക്കു ഒന്നും പറ്റിയില്ല." അയാള്‍ ആംഗ്യം കാണിച്ചു വിശദീകരിച്ചു. "അതുകൊണ്ട് ചങ്ങാതി കല്യാണത്തിനു ശേഷം ദയവായി എന്നെ ഒന്ന് വീട്ടില്‍ എത്തിക്കണം". ചിരിക്കണോ, സങ്കടം ഭാവിക്കണോ എന്ന സന്ദേഹത്തിലായി ജോസേട്ടന്‍. ഒടുവില്‍ ഒരു ചെറു ചിരിയോടെ ആ അപേക്ഷ സ്വീകരിച്ചു. കാലം ഏറെ കഴിഞ്ഞു. ഇന്ന് ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പത്തിരുപതു വര്‍ഷം മുമ്പ് തുടങ്ങിയ ആ സൌഹൃദം ഇന്നും ഒരു ഉലച്ചിലും തട്ടാതെ നിലനില്‍ക്കുന്നു.

എല്ലാവര്‍ക്കും  പുതുവത്സരാശംസകള്‍