Raise our Conscience against the Killing of RTI Activists




Sunday, March 4, 2012

നദീസംയോജന പദ്ധതിയും തിരുവാതിര ഞാറ്റുവേലയും


പുരാതന കാലത്ത് കേരളത്തില്‍ നടന്ന ഒരു സംഭവമുണ്ട്. വാസ്കോ ഡ ഗാമ രണ്ടാം വട്ടവും കേരളത്തില്‍ എത്തിയ സമയം. അക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്തവ്യഞ്ജനമായ, കറുത്ത സ്വര്‍ണ്ണം എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന, കുരുമുളക് ചെടി കേരളത്തില്‍ നിന്ന് യൂറോപ്പിലെക്കു കടത്തുകയുയായിരുന്നു ഗാമയുടെ ലക്‌ഷ്യം. അതിനായി കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയായിരുന്ന മങ്ങാട്ടച്ചനുമായി ഗാമ രഹസ്യ ഉടമ്പടി ഉണ്ടാക്കുകയും, അതു വഴി കൈക്കലാക്കിയ ചെടിയുടെ ഇല യൂറോപ്പിലെക്കു കടത്തുകയും ചെയ്തു. വിവരമറിഞ്ഞ് ക്ഷുഭിതനായ സാമൂതിരി മങ്ങാട്ടച്ചനെ വിളിപ്പിച്ചു കാര്യം തിരക്കി. അപ്പോള്‍ മങ്ങാട്ടച്ചന്‍ പറഞ്ഞത്, "വെറ്റില മാത്രമേ കൊടുത്തുവിട്ടുള്ളു, തിരുവാതിര ഞാറ്റുവേല കൊടുത്തുവിട്ടില്ല തിരുമേനി" എന്നാണ്. തിരുവാതിര ഞാറ്റുവേല എന്നാല്‍ നമ്മുടെ കാലാവസ്ഥ എന്ന് വ്യംഗ്യം. നമ്മുടെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മാത്രം വളരുന്ന ഒരു ചെടിയുടെ ഇല കൈമാറി താന്‍ ഗാമയുടെ കൂട്ടരേ പറ്റിക്കുകയായിരുന്നു എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ കാലാവസ്ഥക്കും, ഭൂപ്രകൃതിക്കും, മലയാളിയുടെ ആത്മാഭിമാനത്തിന്‍ മേലുള്ള സ്ഥാനത്തെ പറ്റി പുരാതന കാലം മുതല്‍ക്കെ അവന്‍ ബോധവാനായിരുന്നു.

ഭൂപ്രകൃതിയില്‍ അഹങ്കരിക്കുന്ന മലയാള മനസ്സിന്‍റെ മേലുള്ള ഒരു പ്രഹരമാണ് അടുത്ത കാലത്ത് ഉയര്‍ന്നു വന്ന നദിസംയോജന പദ്ധതി. പതിവില്‍ കവിഞ്ഞ രാഷ്ട്രീയ, സാമൂഹിക ബോധം പുലര്‍ത്തുന്ന അവന്‍ പ്രകൃതി സംരക്ഷണ പരിശ്രമങ്ങളില്‍ കാര്യമായി സമയം ചിലവഴിക്കാറില്ല. അവകാശമായി പകര്‍ന്നു കിട്ടിയ സ്വത്ത് അനുഭവിക്കുന്ന ജന്മിയെ പോലെ അവനും അനേകം കാര്യങ്ങളില്‍ മനസ്സിനെ വ്യാപരിപ്പിക്കുന്നു. മാറിയ സാമോഹീക അവസ്ഥയില്‍ അവനെ നേരിട്ട് ഉടനടി ബാധിക്കുന്ന കാര്യങ്ങളിലോഴികെ മറ്റൊന്നിലും അവന്‍ ക്രിയാത്മകമായി പ്രതികരിക്കില്ല എന്നത് ഖേദകരം. സ്വയം അടിച്ചേല്‍പ്പിക്കുന്ന ഈ ദീര്‍ഘവീക്ഷണമില്ലായ്മ പല ഘട്ടങ്ങളിലും കേരളത്തിനു വിനയായിട്ടുണ്ട്.

നദീ സംയോജനം എന്നത് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ രൂപപ്പെട്ട ഒരു ആശയമാണ്. സ്വതന്ത്ര ഭാരതത്തില്‍, പദ്ധതി ഗൌരവമായി മുന്നോട്ടു വയ്ക്കപ്പെടുന്നത് 1972ലെ ഗംഗ കാവേരി ബന്ധിപ്പിക്കല്‍ പദ്ധതി വഴിയാണ്. 1977ല്‍ ബ്രഹ്മപുത്ര, ഗംഗ നദികളെ സംയോജിപ്പിക്കുന്ന കനാല്‍ പദ്ധതിയും മുന്നോട്ടുവയ്ക്കപ്പെട്ടു. മധ്യ ദക്ഷിണ മേഘലകളിലെ നദികളെ ബന്ധിപ്പിക്കാനുള്ള മറ്റൊരു പദ്ധതിയും കൂടി വിഭാവനം ചെയ്യുകയുണ്ടായി. 2002ല്‍ വാജ്‌പേയി സര്‍ക്കാരിന്‍റെ കാലത്താണ് പദ്ധതി ഗൌരവമായ ചര്‍ച്ചകളിലേക്കും, ആവിഷ്കരണ ഘട്ടത്തിലെക്കും നീങ്ങിയത്.

പ്രധാനമായി ഹിമാലയന്‍ മേഘല, ഉപദ്വീപ് മേഘല എന്ന് തരം തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഘലകളിലെ നദികളുടെ സംയോജനമാണ് ഇതിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. 14 പദ്ധതികളാണ് ഹിമാലയന്‍ മേഘലയില്‍ ലക്ഷ്യമിടുന്നതെങ്കില്‍, 16 എണ്ണമാണ് ഉപദ്വീപ് മേഘലയില്‍ ലക്‌ഷ്യം വയ്ക്കുന്നത്. ഇതില്‍ കേരളത്തിലേതു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികളെ ദിശമാറ്റി കിഴക്കോട്ടൊഴുന്ന നദികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉപദ്വീപ് പദ്ധതികളുടെ പ്രധാന ഉദ്ദേശം. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിക്ക് കൂടുതല്‍ ജലം, കൂടുതല്‍ കുടിവെള്ളം, ജലവൈദ്യുത പദ്ധതികള്‍, തൊഴില്ലിലായ്മ പരിഹാരം, നദീ സഞ്ചാരം, ദേശീയ ഏകീകരണം എന്നിവയാണ് പദ്ധതിയുടെ ഗുണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവ വളരെ ഗുണപരമായ കാര്യങ്ങളാണെങ്കിലും, ഫലം കാണുമോ എന്നത് പഠനത്തിനു വിധേയമാണ്.

വെള്ളപ്പൊക്ക നിയന്ത്രണം ഇതുകൊണ്ട് ഫലവത്താകുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ഇന്ത്യയില്‍ പ്രധാനമായി വെള്ളപ്പൊക്കമുണ്ടാകുന്ന നദികള്‍ ഗംഗയും ബ്രഹ്മപുത്രയുമാണ്. 100 മീറ്റര്‍ വീതിയും, 10 മീറ്റര്‍ ആഴവുമുള്ള ഇപ്പോള്‍ വിഭാവനം ചെയ്യുന്ന കനാല്‍ വെച്ച്, 50000 ഘനയടി ജലം ഒരു നിമിഷത്തില്‍ പ്രവഹിക്കുന്ന ഗംഗയിലെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ല. ഈ കനാലിലൂടെ പരമാവധി കൊണ്ടുപോകാന്‍ സാധിക്കുന്നത് ഒരു സെക്കന്റില്‍ 1500 ഘനയടി വെള്ളം മാത്രമാണ്. തന്നെയുമല്ല, ജലം കുറവുള്ള വേനല്‍കാലത്ത്, ഈ കനാലുകള്‍ രണ്ടു നദികളുടെയും നാശത്തിനും, അതുവഴി ഇതിനെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളുടേയും നാശത്തിനും വഴി വെയ്ക്കും.

ഇതുമൂലമുണ്ടാകുന്ന മറ്റൊരു വിപത്ത് തീരപ്രദേശങ്ങള്‍ക്കാണ്. തീരപ്രദേശങ്ങളിലെ ഉപ്പുരസം നിയന്ത്രിച്ചു നിര്‍ത്തുന്നത്, അതിലൂടെ ഒഴുകി കടലില്‍ പതിക്കുന്ന നദികളാണ്. അവ അതുവഴി ഒരു ജീവചക്രം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ നദികള്‍ മരിക്കുന്നതോടെ തീരപ്രദേശങ്ങളിലെ ഉപ്പുരസം ക്രമാതീതമായി ഉയരാനും, അതുവഴി അവിടങ്ങളിലെ അനീമിയയും, ശിശു മരണ നിരക്കും ഉയരാനും സാധ്യതയുണ്. കാലക്രമേണ അവ ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുത്തുവാനും സാധ്യത നിലനില്‍ക്കുന്നു. കൂടാതെ നദികള്‍ കൂട്ടിയോജിപ്പിക്കുന്നത് മൂലം, ചില പ്രത്യേക ആവാസ വ്യവസ്ഥകളില്‍ മാത്രം നിലനില്‍ക്കുന്ന പല അപൂര്‍വ ജലജീവികളും അപ്രത്യക്ഷമാകും. ജൈവ വൈവിധ്യത്തില്‍ അഭിമാനിക്കുന്ന ഭാരതത്തിന്‍റെ മേല്‍ അറിഞ്ഞു കൊണ്ട് വീഴ്ത്തുന്ന ഒരു പോറലാവും അത്. ഈ പദ്ധതിയില്‍, പല നദികളില്‍ നിന്നും വെള്ളം പമ്പ് ചെയ്തു വേണം മറ്റു നദികളില്‍ എത്തിക്കുവാന്‍. തന്നെയുമല്ല, ഇതിനായി ഇപ്പോള്‍ കണക്കാക്കുന്നത് അഞ്ചു ലക്ഷം കോടി രൂപയാണ്. നമ്മുടെ എത്രയോ വികസന പദ്ധതികള്‍ ഇതുവഴി നടപ്പാക്കാനാവും. ജലം വഴിതിരിച്ചു വിടുന്നത് ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളെയും ബാധിക്കും. കാരണം ഗംഗ പോലുള്ള പല വന്‍ നദികളും ബംഗ്ലാദേശുള്‍പ്പെയുള്ള പല രാജ്യങ്ങളിലൂടെ കടന്നു പോകുന്നവയാണ്.

ഈ പദ്ധതി ലക്ഷ്യമിടുന്ന ദേശീയ ഏകീകരണത്തിനു പകരം നേരെ വിപരീത ഫലമാണ് ഉളവാക്കുക. പല സംസ്ഥാനങ്ങളും, ഇതിനെതിരായും, അനുകൂലമായും നിലപാടുകള്‍ വ്യക്തമാക്കി കഴിഞ്ഞു. അതുവഴി  സംസ്ഥാനങ്ങള്‍ക്കിടയിലും, ജനങ്ങള്‍ക്കിടയിലും, ഇത് വിഭാഗീയത വളര്‍ത്തി തുടങ്ങിയിരിക്കുന്നു. ഇതില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭാരതത്തിന്‍റെ ഏകത്വത്തിന് തന്നെ വിഘാതമായേക്കാം. കാരണം ജലം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പെടുന്നു. അതിനു ഒരു കൃത്രിമ ക്ഷാമാമുണ്ടാകുന്ന അവസ്ഥയിലുള്ള പല പ്രതികരണങ്ങളും, ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടുള്ളതാവും. ഇതിനേക്കാള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് മഴവെള്ള സംഭാരണമാണെന്നു ഞാന്‍ കരുതുന്നു. ചെലവ് ഇതിന്‍റെ അടുത്തെങ്ങും വരാത്ത മഴവെള്ള സംഭരണം മൂലം ഭൂഗര്‍ഭ ജലത്തിന്‍റെ ആഴം കുറയുകയും, മൊത്തത്തില്‍ ജല ലഭ്യത കൂടുകയും ചെയ്യും.

ഭാരതത്തില്‍ ഇതുകൊണ്ടുള്ള ബഹളങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, കേരളത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. പുണ്യ നദികളായ പമ്പയും, അച്ഛന്‍കോവിലും, മദ്ധ്യകേരളത്തിന്‍റെ സമൂഹീക, സാമ്പത്തീക, ആത്മീയ മേഘലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇവ ചെന്ന് ചേരുന്നത് വേമ്പനാട് കായല്‍ വഴി കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട്ടിലേക്കാണ്. വേമ്പനാട്ടു തടാകം അതിന്‍റെ ജലസമ്പത്ത് മൂലം രംസര്‍ സൈറ്റ് എന്ന പദവി ലഭിച്ചിട്ടുള്ള പ്രദേശമാണ്. തടാകത്തില്‍ ശുദ്ധജല ഒഴുക്ക് കുറയുന്നത്, കൂടുതല്‍ ഉപ്പുവെള്ളം തടാകത്തിലേക്ക് കയറുന്നതിനും, അതുവഴി ജല സമ്പത്തിന്‍റെ സമ്പൂര്‍ണ്ണ നാശത്തിനും വഴിവെയ്ക്കും. മണ്ണില്‍ ഉപ്പുരസം കൂടുന്നത് മൂലം നെല്‍കൃഷി നശിക്കുകയും, അതുവഴി പ്രദേശവാസികളുടെ വരുമാനമാര്‍ഗം തന്നെ നിലക്കുകയും ചെയ്യും. പമ്പാ അച്ചന്‍കോവില്‍ ആറുകള്‍ വേനല്‍ക്കാലത്ത് വറ്റാറുള്ള നദികളാണ്. അതിനാല്‍ തന്നെ അതിലെ ജലം വഴി തിരിച്ചു വിടുന്നത് ആത്മഹത്യാപരമായിരിക്കും. തന്നെയുമല്ല, ഫലഭൂയിഷ്ടമായ റിവര്‍ സെഡിമെന്റുകള്‍ മദ്ധ്യകേരളത്തിന്‍റെ ആകെ ഫലഭൂയ്ഷ്ടിയെ തന്നെ ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ അഭാവം നദീതടങ്ങളിലെ കൃഷിയേയും ബാധിക്കും. നദികള്‍ വഴി തിരിക്കുന്നതിനു പ്ലാന്‍ ചെയ്തിരിക്കുന്ന കനാലുകളും ടണ്ണലുകളും നമ്മുടെ ജൈവസമ്പന്നമായ കോന്നി- അച്ചന്‍കോവില്‍ വനമേഘലയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ഇവ പശ്ചിമഘട്ട മലനിരകളിലെ സ്വാഭാവീക നദീ ഒഴുക്കിനെ സാരമായി ബാധിക്കും. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം, ഐക്യരാഷ്ട്ര സംഘടന, ജൈവവൈവിധ്യമുള്ള  ലോകത്തെ 20 ബയോസ്പോടുകള്‍ തിരഞ്ഞെടുത്തതില്‍ ഒന്ന് ഭാരതത്തിന്‍റെ പശ്ചിമഘട്ട മലനിരകളാണ്. പല വികസിത രാജ്യങ്ങളും, മറ്റു രാജ്യങ്ങളുടെ ബയോസ്പോട്ട് സംരക്ഷണത്തിന് വേണ്ടിപ്പോലും, കോടിക്കണക്കിനു ഡോളര്‍ ചിലവഴിക്കുമ്പോള്‍, അറിഞ്ഞുകൊണ്ട് നാം നമ്മെ നശിപ്പിക്കുകയല്ലേ ഇവിടെ ചെയ്യുന്നത്.

എവിടെയും പ്രശ്നക്കാര്‍ ചോദ്യങ്ങളും, അതുയര്‍ത്തുന്നവരുമാണ്, വിശേഷിച്ചും ഉത്തരമില്ലാത്തതാണെങ്കില്‍. പ്രസിദ്ധ മാസികയായ നാഷണല്‍ ജ്യോഗ്രഫിക്, ജീവിതകാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് ഇവിടുത്തെ പൌരബോധാമോ, രാഷ്ട്രീയബോധമോ കണ്ടിട്ടല്ല, വിദേശികള്‍ പോലും കൊതിക്കുന്ന ഒരു പ്രകൃതിയുള്ളതുകൊണ്ട് മാത്രമാണ്. സാംസ്കാരീക ബോധമില്ലാത്ത ജനതയേക്കാള്‍ മോശായിരിക്കും, പുഴകളും, കാടും നഷ്ടപ്പെടുന്ന കേരളം. കേരളത്തിന്‍റെ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്‍റെ മാത്രം ആവശ്യമല്ല, അത് ലോകത്തിന്‍റെതുകൂടിയാണ്. തിരുവാതിര ഞാറ്റുവേല അന്യം നില്‍ക്കുന്നൊരു നാട്ടില്‍ നമുക്കഭിമാനിക്കാന്‍ എന്തിരിക്കുന്നു?

(പല ആശയങ്ങളും പങ്കു വച്ചതിനു ഉറ്റ സുഹൃത്ത് അനന്ദുവിനോട് കടപ്പാട്)

3 comments:

  1. നദീ സംയോജനം കടുത്ത പാരിസ്ഥിക പ്രശ്നങ്ങൾക്ക് ഹേതുവാകും. മഞ്ഞ് മലകളെല്ലം ഒരുകിയൊലിക്കും. നദി വരണ്ട പ്രദേശങ്ങളിലൂടെ ഒഴുകുമ്പോൾ ധാരാളം ജല നഷ്ടമുണ്ടായി ജല ദൌർലഭ്യം സംജാതമാകും. നദീ സംയോജനം നടക്കുമെന്ന് തോന്നുന്നില്ല. നടന്നാൽ കൂടുതൽ നഷ്ടം സംഭവിക്കാനിടയുള്ള ഒരു സംസ്ഥാനം കേരളമാകുമെന്ന് തോന്നുന്നു.

    ReplyDelete
  2. ഭാരതത്തില്‍ ഇതുകൊണ്ടുള്ള ബഹളങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, കേരളത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. പുണ്യ നദികളായ പമ്പയും, അച്ഛന്‍കോവിലും, മദ്ധ്യകേരളത്തിന്‍റെ സമൂഹീക, സാമ്പത്തീക, ആത്മീയ മേഘലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇവ ചെന്ന് ചേരുന്നത് വേമ്പനാട് കായല്‍ വഴി കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട്ടിലേക്കാണ്. .....

    കുറെ നല്ല വിവരങ്ങള്‍ നല്കുന്ന പോസ്റ്റ്

    ReplyDelete