Raise our Conscience against the Killing of RTI Activists




Monday, June 18, 2012

അയാള്‍


അയാള്‍ എന്‍റെ ബോധമണ്ഡലത്തിലേക്ക് അതിക്രമിച്ചു കയറിയത് അതിദ്രുതമായിരുന്നു. യാത്രകളില്‍ ഞാന്‍ പ്രധാനമായും കാത്തുസൂക്ഷിക്കുന്നത് എന്‍റെ ഏകാന്തതയും, ഓര്‍മകളുമാണ്. അവയിലേക്ക് എത്തിനോക്കാന്‍ സുഹൃത്തുക്കളല്ലാതെ ആരെയും ഞാന്‍ അനുവദിക്കാറുമില്ല. നിരന്തരം ശല്യമുണ്ടാക്കുന്ന ചില കുടിയന്മാര്‍ക്കുള്ള മറുപടി ബാലെയിലെ പോലെ മൂകാഭിനയം മാത്രമാണ്. ചിലര്‍ അതില്‍ കൂടുതല്‍ ക്ഷോഭിക്കാറുണ്ട്. ചിലര്‍ മടുത്തു നിര്‍ത്തി പോകാറുമുണ്ട്. അതിര്‍വരമ്പുകളിലേക്ക് അനുവാദമില്ലാതെ എത്തുന്നവരോട് പ്രതികരണം ആവശ്യമാണ്‌.

പതിവു പോലെയുള്ള എന്‍റെ ഒരു യാത്രയില്‍, ഞാന്‍ ചിന്തകളില്‍ വ്യാപരിച്ചിരിക്കുന്നു. അതില്‍ ഞാന്‍ ആനന്ദം കണ്ടെത്താറുണ്ട്. "നിങ്ങള്‍ എങ്ങോട്ടാണ്?" ഉയര്‍ന്ന ശബ്ദത്തില്‍ എന്‍റെ സമീപമിരുന്ന ചെരുപ്പക്കാരന്‍ സംസാരിക്കുകയാണ്. ബസ്‌ കൊട്ടാരക്കര വിട്ടു കോട്ടയത്തിനുള്ള യാത്രയില്‍. ഞാന്‍ പ്രതികരിക്കാതെ എന്‍റെ അനിഷ്ടം പ്രകടിപ്പിച്ചു. അയാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഒരു മറുപടിക്കായി സാഹചര്യവും നിര്‍ബന്ധിച്ചു തുടങ്ങി. "കോട്ടയത്തേക്ക്", ഞാന്‍ പതിയെ അറിയിച്ചു. "എവിടുന്നാ?" ഉദ്ദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന അയാള്‍ ഒരു കുടിയനല്ല. എനിക്ക് ഈ സംഭാഷണങ്ങളില്‍ താല്പര്യവുമില്ല. പിന്നെ എന്തിനു അയാള്‍ എന്നെ നിര്‍ബന്ധിക്കുന്നു? അയാളുടെ ശബ്ദം പതിവിലും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പരിസരത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.

"തിരുവനന്തപുരത്തുന്നാ", ഞാന്‍ ഒരു മറുപടി കൃത്രിമമായി സൃഷ്ടിച്ചു. "അതിനു ഇവിടുന്നാണോ കയറുന്നെ?", കടന്നു പോകുന്ന കൊട്ടാരക്കര ചൂണ്ടി അയാള്‍ ചോദിച്ചു. ഞാന്‍ അതിനു മുന്‍പേ ബസ്സില്‍ കയറിയെങ്കിലും അയാളുടെ അടുത്തു ഇരുന്നത് കൊട്ടാരക്കരയിലാണ്. അതാവും അയാളുടെ ചോദ്യത്തിനുള്ള പ്രചോദനം."പിന്നെ എവിടെ നിന്നു കയറണം?", ഞാന്‍ അനിഷ്ടം മറച്ചില്ല. അത് അയാള്‍ക്കും മനസ്സിലായെന്നു തോന്നുന്നു. അയാള്‍ ഒരു ക്ഷമാപണ ഭാവത്തോടെ കൊട്ടാരക്കരക്കു മുന്‍പു കാണാത്തതിനാലാണ് ചോദ്യം ഉന്നയിച്ചത് എന്ന് അറിയിച്ചു. കയറിയ സ്ഥലം ഞാനും അറിയിച്ചു. പിന്നീടയാള്‍ ജോലി സ്ഥലമാണ് തിരക്കിയത്. മറുപടി പറഞ്ഞു എന്‍റെ അനിഷ്ടം ഉയര്‍ന്നു വന്നു.

ഉത്തരങ്ങളില്ലാത്തവരുടെ പ്രധാന ആയുധം നിരന്തരമായ ചോദ്യങ്ങളാണ്. ഞാന്‍ അയാളോടും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ആള്‍ ഫിസിക്സില്‍ phd ചെയ്യുകയാണെന്നും, അവസാന പ്രബന്ധം പ്രസിദ്ധീകരിക്കാറായെന്നും, ഒരു iit വിദ്യാര്‍ത്ഥിയാണെന്നുമുള്ള വിവരം കേട്ടതോടെ യഥാര്‍ത്ഥത്തില്‍ ചെറുതായത് ഞാനാണ്. അയാളുടെ വിനയം കൂടി മനസ്സിലാക്കിയതോടെ എന്‍റെ ഏകാന്തത എന്നില്‍ നിന്നു പിന്‍വലിഞ്ഞു തുടങ്ങി. ഇത്ര പ്രഗല്‍ഭനായ ഒരു വ്യക്തിയോടാണല്ലോ ഞാന്‍ ഇത്ര നേരം പ്രതികരിക്കാതിരുന്നത്.

ഞങ്ങള്‍ സുഹൃത്തുക്കളാകാന്‍ സമയം ഏറെ എടുത്തില്ല. വണ്ടി സ്ഥലങ്ങള്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ സംഭാഷണങ്ങളിലൂടെ കാലങ്ങളെ പിന്നിലാക്കി കൊണ്ടിരുന്നു. ബസ്‌ ഓരോ സ്റ്റാന്‍റ് പിന്നിടുമ്പോഴും അയാളുടെ ജീവിതകാലഘട്ടം ഓരോന്നായി ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. എനിക്കു ഇതില്‍ ഉണ്ടായിരുന്നത് ഒരു ശ്രോദ്ധാവിന്‍റെ വേഷം മാത്രം. അയാള്‍ ജീവിതത്തിനോ, കാലത്തിനോ ഒരു മറയും കൊടുത്തിരുന്നില്ല. ഞാന്‍ ആളുകളെ എന്നില്‍ നിന്നു അകറ്റി നിര്‍ത്തികൊണ്ടിരുന്നപ്പോള്‍, അതിന്‍റെ വിരുദ്ധമായ ഒരു സമീപനമായിരുന്നു അയാളുടേത്.

വണ്ടി ചെങ്ങന്നൂര്‍ എത്തിയിരിക്കുന്നു. അയാളിപ്പോള്‍ അയാളുടെ കോളേജ് കാലഘട്ടത്തിലാണ്. ഒരു വിജയിയുടെ കഥയാണ്‌ ഞാന്‍ അയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കോളേജ് കാലഘട്ടത്തില്‍ അയാള്‍ ഒരു പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും, അതു പഠന കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു. സാധാരണമായൊരു സംഭവത്തെ അത്ര ലാഘവത്തോടെ എടുക്കാന്‍ അയാളുടെ മനസ്സു ഒരുക്കമായിരുന്നില്ല. താമസിയാതെ വളരെ വേഗം സ്വഭാവവും, വ്യക്ത്തിത്വവും മാറുന്ന ട്വിന്‍ പേഴ്സണാലിറ്റി എന്നൊരു മാനസീക രോഗത്തിന് അയാള്‍ അടിപ്പെട്ടു. ഇതൊക്കെ സംഭവിക്കുന്നത് iit പഠനകാലത്തും. രണ്ടു വര്‍ഷത്തോളം ഒരു മനശാസ്ത്രജ്ഞന്‍റെ അടുത്തു ചികല്‍സ. ചെറിയൊരു പനി വരെ മറ്റുള്ളവരില്‍ നിന്നു മറച്ചു വയ്ക്കുന്നൊരു തലമുറയെ കണ്ടു ശീലിച്ച എനിക്കു അയാള്‍ പുതിയൊരനുഭവമായിരുന്നു. ആദ്യമായി കാണുന്ന എന്നോട് അയാള്‍ എല്ലാ വിവരങ്ങളും പങ്കു വച്ചു.

രണ്ടു വര്‍ഷത്തോളം പഠനം മുടങ്ങി. iitയില്‍ തിരിച്ചെത്തിയ ഉടനെ അസുഖം വീണ്ടും കണ്ടതിനെ തുടര്‍ന്ന് അമ്മ കൂടെ വന്നു നില്‍കേണ്ടിയും വന്നു. എല്ലാവരും ഒരു മാനസീക രോഗി എന്ന നിലയില്‍ കണ്ടിരുന്ന ആ കാലത്തെ അയാള്‍ വെറുക്കുന്നുണ്ട്. അതു പറയുമ്പോള്‍ അയാളുടെ കണ്ണ് നനഞ്ഞിട്ടില്ലേ? ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹപാഠികളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും മൂലം അയാള്‍  MSc ക്ലാസ്സില്‍ പത്താമനായി വിജയിച്ചു. ഇപ്പോള്‍ അവിടെ തന്നെ phdയും കഴിയാറായിരിക്കുന്നു. ഇപ്പോള്‍ ആ കണ്ണുകളില്‍ വേദനയുടെ നനവില്ല, വിജയത്തിന്‍റെ തിളക്കം മാത്രം. തന്‍റെ മനോരോഗത്തെ പോലും മറച്ചു പിടിക്കാത്ത അയാള്‍ എന്‍റെ മറ്റൊരു അധ്യാപകനായി മാറിയിരുന്നു.

വണ്ടി ചെങ്ങനാശ്ശേരി പിന്നിട്ടു കഴിഞ്ഞു. കോട്ടയത്തിനു ഇനി അര മണിക്കൂറില്‍ താഴെ മാത്രം. പഴകി ദ്രവിച്ച ഓര്‍മകളുമായി ഞാന്‍ വന്നിറങ്ങുന്ന സ്ഥലത്ത് ഇന്നെനിക്കുള്ളത് പുതുമയുള്ള ഒരു ജീവിതവും, സുഹൃത്തുമാണ്.  ഞാന്‍ എന്‍റെ ജീവിതം ഹ്രസ്വമായി വിവരിച്ചു. എന്നാല്‍ അതില്‍ പ്രയാസങ്ങള്‍ തീരെ കുറവ്. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായവന്‍ വെട്ടിപിടിക്കുമ്പോള്‍ അതിലെന്തു പുതുമ? അയാള്‍ തന്‍റെ രോഗത്തോട്, സാഹചര്യത്തോട്, സഹതാപത്തോട് എല്ലാം പൊരുതി വിജയം എന്ന് പൊതുവില്‍ വിചാരിക്കപെടുന്നിടത്തു എത്തി നില്‍ക്കുന്നു. വണ്ടി കോട്ടയം സ്റ്റാന്‍റിലേക്ക് കയറി. ചായ കുടിക്കാന്‍ അഞ്ചു മിനിട്ട് വണ്ടി നിര്‍ത്തി. അയാള്‍ യാത്ര പറഞ്ഞു കോട്ടയത്തെ ഇരുട്ടിലൂടെ നടന്നു മറഞ്ഞു. എന്‍റെ സ്വന്തമായ ഏകാന്തതയെയും, ചിന്തകളെയും എന്നെ തിരികെ ഏല്‍പ്പിച്ചിട്ട്.

3 comments:

  1. ചിലര്‍ അങ്ങിനെയാണ് അവരുടെ മനസ്സ് തുറന്ന പുസ്തകം ആയിരിക്കും .ചിലര്‍ സ്വയം ഉള്‍വലിഞ്ഞു കൊണ്ടിരിക്കും. ഞാനും നീയും പോലെ ആശംസകള്‍

    ReplyDelete
  2. പിൻവലിഞ്ഞ് സ്വന്തം ചിന്തയിൽ മുഴുകിയിരിക്കാനാണ് ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നത്.അല്ലാത്തവർ കുടിയന്മാരായിരിക്കും. അല്ലെങ്കിൽ പ്രസന്നമായ മനസ്സുള്ളവർ..

    ReplyDelete
  3. പിന്‍വലിയുന്ന സ്വഭാവമാണെനിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്ന്, വലിയ ശബ്ദത്തില്‍ നിന്ന്, തിരക്കില്‍ നിന്ന്, സംഭാഷണത്തില്‍ നിന്ന്. ബ്ലോഗില്‍ വന്നതില്‍ പിന്നെയാണ് ഇത്രയെങ്കിലും വാക്കുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. നിങ്ങള്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ആ യുവാവ് വീണ്ടും എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നു

    ReplyDelete