Raise our Conscience against the Killing of RTI Activists




Saturday, June 30, 2012

നഗരക്കാഴ്ചകള്‍


അവന്‍ ട്രെയിനിലേക്ക് കയറിയപ്പോള്‍ എല്ലാവരുടെയും വദനങ്ങളില്‍ പ്രകടമായ നീരസം ഉണ്ടായിരുന്നു. അവനു പ്രായം ഉദ്ദേശം ആറു വയസ്സുണ്ടാവും. ആകെയുള്ളത് പൊടിപടലങ്ങളും, ചെളിയും അതിര്‍ത്തി തീര്‍ത്ത ഒരു കുട്ടിനിക്കര്‍. തലമുടി, ചെളി നിറഞ്ഞു ജട പിടിച്ചിരിക്കുന്നു. എന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു സ്കൂളില്‍ വിടുകയും, വിദ്യാഭ്യാസം എന്ന ഫലവൃക്ഷം രുചിച്ചു തുടങ്ങുകയും ചെയ്ത പ്രായത്തില്‍ പെട്ട ഒരു മനുഷ്യ ജീവി. അവന്‍റെ കയ്യില്‍ ഒരു കമ്പി വളയമുണ്ട്. അത് വച്ച് ചില അഭ്യാസങ്ങള്‍ അവന്‍ കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ അതില്‍ ഒരു താല്പര്യവും പ്രകടപ്പിക്കുന്നില്ല. അവന്‍ തലകുത്തി മറിയുന്നതിനിടയില്‍ സമീപത്തെ ഇരിപ്പിടത്തില്‍ തല ഇടിച്ചെങ്കിലും, ഒരു ഭാവഭേദവും ആരുടേയും മുഖത്തില്ല. അവനില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും അവനെ കാണികളില്‍ നിന്ന് അകറ്റുന്നുണ്ട്. അവന്‍ ഒരു പാത്രവുമായി, നാണയത്തുട്ടുകള്‍ക്ക് വേണ്ടി കരുണയുള്ള കണ്ണുകള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന്‍ അവിടെ ഇറങ്ങി. എന്‍റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എന്‍റെ നയനങ്ങള്‍ അവനെ തന്നെ പരതിക്കൊണ്ടിരുന്നു. സ്റ്റേഷനു തൊട്ടടുത്ത് തന്നെയുള്ള ഒരു പടുത കൊണ്ടുള്ള മറയിലേക്ക് അവന്‍ നടന്നു നീങ്ങി. അവിടെ അവനെ പോലെ അനേകം കുഞ്ഞുങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുടുംബവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ചെറു സമൂഹം. ട്രെയിന്‍ജനാലയെന്ന കാരാഗ്രഹം എന്‍റെ കാഴ്ചയെ മറച്ചു തുടങ്ങി. എങ്കിലും ആ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ആ മധ്യവയസ്കനെ ഞാന്‍ മറക്കില്ല. അയാള്‍ ആ ഭിക്ഷാലയത്തിന്‍റെ നടത്തിപ്പുകാരനാവും.  അനേകം കുഞ്ഞുങ്ങളാണ് വ്യക്തമല്ലാത്ത ഒരു ഭാവിയിലേക്ക് അവിടെ നിന്ന് ചുവടു വച്ചിറങ്ങുന്നത്.

അതിനു ഉദ്ദേശം രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ്സ്‌ അവെന്യൂ മാള്‍. ബി.എം.ഡബ്ല്യൂവും, ഓഡിയും, ബെന്‍സും സമ്പന്നമാക്കിയ കാര്‍ പാര്‍ക്കിംഗ്. വിദേശ നിര്‍മിത സ്പ്രേകളുടെ സൌരഭ്യവുമായി ധാരാളം യുവാക്കളും, കൌമാരക്കാരും. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാന്‍ മടിക്കുന്ന ഒരു ജനസമൂഹം. എല്ലാവരും തിരക്കിലാണ്. വിദേശ നിര്‍മിത ബ്രാണ്ടുകളുടെ ഷോപ്പുകളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ചെന്നൈയിലെ അഴുക്ക് ചാലുകള്‍ അതിനുള്ളില്‍ ദര്‍ശിക്കാനാവുന്നില്ല. ആ വെള്ള മാര്‍ബിളും, അതിനുള്ളിലെ വ്യക്തികളും ഒരു കൃത്രിമ സന്തോഷമാണ് എന്നില്‍ നിറച്ചത്. അതിനുള്ളിലെ മനസാക്ഷി, നഗരത്തിന്‍റെ പൊതു മനസാക്ഷിയില്‍ നിന്നു വേറിട്ട്‌ നില്‍ക്കുന്നു. അതിനു പണത്തിന്‍റെ ആഢംബരമുണ്ട്, സുഗന്ധമുണ്ട്, എന്നാല്‍ അവിടെ മനുഷ്യത്വത്തിന്‍റെ സംതൃപ്തിയില്ല. ഒരു കച്ചവട സ്ഥാപനത്തില്‍ അത് പ്രതീക്ഷിക്കാനും പാടില്ല. സാമ്പത്തീക പുരോഗതിയോടൊപ്പം, വ്യക്തികളിലെ പണത്തിന്‍റെ അളവ് കൂടി വന്നു. ഉത്തരാധുനീക സമൂഹം എന്ന പേരില്‍ പടിഞ്ഞാറോട്ട് ഉറ്റു നോക്കുന്ന ഒരു വലിയ ജനവിഭാഗം നമ്മുടെയിടയില്‍ വളര്‍ന്നു കഴിഞ്ഞു.

മാളില്‍ നിന്ന് സന്ധ്യയായപ്പോള്‍ പുറത്തിറങ്ങി. അതിനുള്ളിലേക്ക് ഉറ്റുനോക്കുന്ന വലിയൊരു ജനവിഭാഗം മാളിനു പുറത്തുണ്ട്. അതില്‍ ഓട്ടോത്തൊഴിലാളികലുണ്ട്, ആലംബമില്ലാത്ത വന്ധ്യവയോധികരുണ്ട്, ഭ്രാന്തന്മാരുണ്ട്, തെരുവുകുട്ടികളും, പട്ടികളുമുണ്ട്, തിളങ്ങുന്ന വസ്ത്രങ്ങളുമായി രാത്രിയെ പ്രഭാതമാക്കുന്ന സ്ത്രീകളുമുണ്ട്. എല്ലാവര്‍ക്കും ഒരു ചിന്തയും പ്രതീക്ഷയും, നാണയം അഥവാ രൂപ. ഇവര്‍ക്കിടയിലൂടെ, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്നാ മനോഭാവത്തോടെ പോകുന്ന അനേകരെയും കണ്ടു. മാളില്‍ നിന്ന് ആളുകള്‍ പകുതി കഴിച്ചു വലിച്ചെറിയുന്ന കെ.എഫ്.സി.യുടെ എച്ചിലുകളുമായി വണ്ടി ഇവര്‍ക്കിടയിലൂടെ നീങ്ങുന്നതും കണ്ടു. ചിലര്‍ ഭക്ഷണം സ്റ്റാറ്റസിന്‍റെ ഭാഗമാക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അത് ജീവന്‍ പിടിച്ചു നിര്‍ത്തുവാന്‍ മാത്രമുള്ളതാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം ഗുണ്ടകളും പിടിച്ചുപറിക്കാരുമുണ്ട്. നഗരത്തില്‍ മൊത്തം മാലിന്യവും നിറഞ്ഞിരിക്കുന്നു.

രാത്രി, ഭക്ഷണം ചെന്നൈയില്‍ നിന്നു തന്നെ ആക്കി. സ്റ്റേഷന്‍റെ പുറത്തു നൂറു കണക്കിന് ആളുകള്‍ മയങ്ങുന്നുണ്ട്. അതിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നു. പലതും കൂട്ടിവായിക്കുമ്പോള്‍ വിചിത്രമായി തോന്നി. യുവാക്കള്‍ സിനിമ തിയേറ്ററില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍, ആലംബമില്ലാതെ അനേകം വ്രദ്ധര്‍ നഗര പ്രാന്തങ്ങളില്‍ സഞ്ചരിക്കുന്നു. നഗരം ഒരു തിരക്കഥയുടെ ഭാഗമാണ്. നാടകീയത തീരെയില്ലാതെ, അന്ത്യം കാത്തുകിടക്കുന്നൊരു തിരക്കഥ. അതില്‍ അനേകം നായകരുണ്ട്, വില്ലന്മാരും. വെളിച്ചം കുറഞ്ഞു തുടങ്ങി, എന്‍റെ ട്രെയിനും പുറപ്പെട്ടു. പകല്‍ നിര്‍ത്തിയിട്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍ ട്രെയിനില്‍ കയറി, ബാസ്റ്റ്യന്‍. അവന്‍ ചാടി മറിയുന്നതിനിടയില്‍ അവന്‍റെ തുടയിലെ അടികൊണ്ടു കരുവാളിച്ച പാട് ഞാന്‍ ശ്രദ്ധിച്ചു. അഭ്യാസങ്ങലെല്ലാം കഴിഞ്ഞു, രാവിലത്തേതു പോലെതന്നെ അവന്‍ നിരാശനായി ട്രെയിനില്‍ നിന്നിറങ്ങി, അടുത്ത വണ്ടിയും, നാണയവും കാത്തു സ്റ്റേഷനില്‍ നില്‍പുറപ്പിച്ചു.. പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇന്‍സപ്ഷനില്‍ നിന്നുള്ള ഒരാശയം കടമെടുത്താല്‍, എന്‍റെ ഈ നഗരക്കാഴ്ചകള്‍ ഒരു സ്വപ്നമാണെങ്കില്‍, പ്രതീക്ഷയറ്റ ബാസ്റ്റ്യനും, അല്പായുസ്സിയായ ധനവും സ്വപ്നത്തിലെ സ്വപ്നമാവുമോ?

5 comments:

  1. ഒരോ നഗരത്തിലുമുണ്ട് ഒരു നേരം വയറ് നിറക്കാൻ വേണ്ടി എച്ചിൽ പാത്രങ്ങളിൽ ഇറങ്ങുന്നവ, വിളക്കുകാലിൻ ചുവട്ടിൽ ഉറങ്ങന്നുവരും

    ReplyDelete
  2. മകനേ, ഇതിന്ത്യയുടെ ഭൂപടം...

    ReplyDelete
  3. ഡാനിഷേ, സംഗതി കൊള്ളാം, പക്ഷേ, ഇങ്ങനെയുള്ള നിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ഒരേ ഭാഷ, ഒന്നു മാറ്റി പിടിച്ചുനോക്കൂ.

    ReplyDelete
  4. സന്ദീപിനോട് യോജിക്കുന്നു.


    "ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന്‍ അവിടെ ഇറങ്ങി. എന്‍റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍."
    യെന്തിരന്‍ കണ്ടിരിന്നോ? World's most advanced, intelligent robot, പേര്: ചിട്ടിബാബു! അതുപോലെയായി 'ബാസ്റ്റ്യന്‍'.

    ReplyDelete