തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗങ്ങളായ വെള്ളയമ്പലവും, വഴുതക്കാടും. ഭരണ സിരാകേന്ദ്രങ്ങളുടെ മൂക്കിന്‍ തുമ്പത്തുള്ള സ്ഥലങ്ങള്‍. ജംക്ഷനു ഒത്തനടുക്കുള്ള സാല്‍വ ഡൈന്‍ ഹോട്ടല്‍. നല്ല വലിപ്പവും, തിരക്കുമുള്ളിടം. എന്നെ പോലെ അനേകം യുവാക്കള്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി എത്തുന്നിടം. കഴിഞ്ഞ ആഴ്ച സച്ചിന്‍ എന്ന ചെറുപ്പക്കാരന്‍ മൂന്നു ഷവര്‍മ മേടിച്ചതും ഇവിടെ നിന്നു തന്നെ. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണം നിമിത്തം അവന്‍ മരണപ്പെട്ടു. ഒപ്പം ഭക്ഷ്യവിഷബാധയേറ്റു പത്തിരുപതു പേര്‍ ആശുപത്രിയില്‍. വിഷബാധയുണ്ടാക്കിയ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്തു മണിക്കൂറിനകത്ത് മസിലുകളെ തളര്‍ത്തുകയും, പരസഹായമില്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഈ വാര്‍ത്തകളൊക്കെ അറിഞ്ഞു സംസ്ഥാനം ഞെട്ടി. ഒട്ടും വൈകിയില്ല, അന്വേഷണ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ഞെട്ടിക്കുന്ന വിവരം. രാജ്ഭവന്‍റെ തൊട്ടടുത്ത്, ജംക്ഷനിലെ പ്രധാന സ്ഥലത്ത് വര്‍ഷങ്ങളായി നല്ല തിരക്കോടു കൂടി പ്രവര്‍ത്തിക്കുന്ന സാല്‍വ ഡൈനു ലൈസെന്‍സ് ഇല്ല.
അതു കഴിഞ്ഞു തുടങ്ങി അടുത്ത പ്രഹസനം. എറണാകുളം ജില്ലയില്‍ ഷവര്‍മ എന്ന ഭക്ഷണം നിരോധിച്ചു. വിഷബാധ ഷവര്‍മ മൂലമല്ലെന്നും, അതുണ്ടാക്കിയ പദാര്‍ത്ഥങ്ങളിലെ മായം മൂലമാണെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ കസേരകളില്‍ ഇരിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍, ഈ അറബികളൊക്കെ വയറ്റിലസുഖം വന്നു എപ്പോഴേ സ്ഥലം കാലിയാക്കിയേനെ. അതിനു പിന്നാലെ ഷവര്‍മ ആരാധകരുടെ ചീത്ത വിളി. വയറിളകി മരണമടഞ്ഞ സച്ചിനെ പറ്റി, "അവനൊക്കെ മൂലം ഇപ്പൊ ഭക്ഷണം പോലും കിട്ടാതായി" എന്ന വാക്യം ഒരാള്‍ പറഞ്ഞത് എന്‍റെ തൊട്ടടുത്ത് നിന്നാണ്. അവന്‍ മൂന്നെണ്ണം മേടിച്ചു എന്നതിനായി അടുത്ത കുറ്റം. അങ്ങനെ ചിലരുടെയെങ്കിലും മനസ്സില്‍ ഇപ്പോഴും പ്രതി സ്ഥാനത്ത് സച്ചിനുണ്ട്. ഏതിനും രണ്ടഭിപ്രായമുള്ള നാടിനെയാണല്ലോ ദൈവം എടുത്തു മടിയില്‍ വച്ചിരിക്കുന്നത്.
ഭക്ഷണം കഴിച്ചു ആളു മരിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു മോചിതരായപ്പോഴാണ് ഇതൊക്കെ പരിശോധിക്കാന്‍ ഇവിടെ ആരാണുള്ളത് എന്നതിനെ പറ്റി ജനം ചിന്തിച്ചത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് (ഞാന്‍ ഈ സംഭവത്തിനു മുമ്പ് വരെ ഇങ്ങനെയൊരു വകുപ്പിനെ പറ്റി കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല) ഉദ്യോഗസ്ഥന്മാര്‍ സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ റെയ്ഡോടു റെയ്ഡ് . ഇപ്പോള്‍ തന്നെ ഏതാണ്ട് നൂറ്റന്‍പതോളം ഹോറെലുകള്‍ പൂട്ടിച്ചു കഴിഞ്ഞു എന്നാണു വിവരം. അപ്പോള്‍ അവിടെ നിന്നു ഇത്ര നാള്‍ ഭക്ഷണം കഴിച്ചവര്‍ വിഷമാണ് വാങ്ങി കഴിച്ചിരുന്നതല്ലേ അര്‍ഥം. ഈ ഉദ്യോഗസ്ഥര്‍ റെയ്ഡിനു പോകുന്നത് ക്രിസ്മസിന്‍റെ കാരോള്‍ സംഘങ്ങള്‍ പോകുന്നത് പോലെയും. ഒരറ്റത്ത് പരിശോധന തുടങ്ങുമ്പോഴേ മറ്റുള്ളവര്‍ പഴകിയ ഭക്ഷണം മാറ്റിയിരിക്കും. പിന്നെ ആര്‍ക്കോ വേണ്ടി ഇവര്‍ ഇങ്ങനെ റെയ്ഡ് ചെയ്തു കൊണ്ടേയിരിക്കുന്നു.
റെയ്ഡ് ഒക്കെ വളരെ നല്ല കാര്യം തന്നെ. പക്ഷെ, ഇതിലൊന്നും തുടര്‍നടപടികളിലേക്ക് പോകാന്‍ ആരും തയാറാകുന്നില്ല എന്നത് വാസ്തവം. 2003-2012 വരെയുള്ള കണക്കെടുത്താല്‍, മായം ലാബില്‍ തെളിയിക്കപ്പെട്ട കേസുകളില്‍ പോലും 25ശതമാനത്തില്‍ താഴെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോള്‍ ഇവര്‍ ഇത്ര കഷ്ടപ്പെട്ടു റെയ്ഡ് നടത്തുന്നത് എന്തിനു? ഏകദേശം 250ഓളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരെയാണ് ജനം ശമ്പളം കൊടുത്തു നിലനിര്‍ത്തുന്നത്. മിക്ക നേരവും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന എന്‍റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ ഒരു ഹോട്ടലില്‍ പോലും ഇവരിലാരെങ്കിലും പരിശോധന നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. ആകെയുള്ള ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവരുടെ സേവനം നാടിനു ആവശ്യമുണ്ടോ? അയ്യോ പറയാന്‍ പാടില്ലല്ലോ, സര്‍വീസില്‍ കയറിയാല്‍ പിന്നെ പിരിച്ചുവിടല്‍ എന്ന പദം പോലും ജാമ്യം കിട്ടാത്ത കുറ്റമാണ്. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ടും വലിയ പ്രയോജനം ഇല്ല.
റെയ്ഡുകളില്‍ ധാരാളം നക്ഷത്ര ഹോട്ടെലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ അവര്‍ക്കെല്ലാം വാണിംഗ് മാത്രം. വഴിവക്കിലെ കടകളില്‍ ഇതിലും മികച്ച നിലവാരമുള്ള ഭക്ഷണം പിടിച്ചെടുത്തവ പോലും അടപ്പിച്ചു. അതെന്താ പണക്കാര്‍ക്ക് വയറ്റിലസുഖം വരില്ല എന്നോ മറ്റോ ഉണ്ടോ? ഇതില്‍ നിന്നു തന്നെ ഇത് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്നുള്ളത് വ്യക്തം. അവര്‍ ദിവസേന കാണുന്ന കടകള്‍ അടപ്പിച്ചാലല്ലേ ഉദ്യോഗസ്ഥന്മാര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിചാരിച്ചു നമ്മുടെ ജനങ്ങള്‍ മണ്ടന്മാരാകൂ. ഇതൊക്കെ കണ്ടു, നമ്മളാണോ വിഡ്ഢികള്‍ അതോ ആരോഗ്യ വകുപ്പുകാരാണോ വിഡ്ഢികള്‍ എന്നൊരു സന്ദേഹത്തിലാണ് ഞാന്‍.
വ്യക്തിപരമായ അഭിപ്രായത്തില്‍, ഭക്ഷ്യമായം മൂലം മരണത്തിനു കേസെടുക്കുമ്പോള്‍, പ്രതിപ്പട്ടികയില്‍ അതാത് സ്ഥലത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരെ കൂടി പ്രതി ചേര്‍ക്കണം. കാരണം, സാല്‍വാ കഫെ ഉടമ ചെയ്തത് പോലെ തന്നെയുള്ള കുറ്റം അവരും ചെയ്തിട്ടുണ്ട്. പിന്നെ അവരെ മാത്രം എന്തിനു ഒഴിവാക്കുന്നു? നമ്മുടെ ജനത ശരിക്കും മരവിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം കാണാപ്പാഠമാണ് അവര്‍ക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂലം എന്തെങ്കിലും ദുരന്തം തടയാം എന്നൊരു വിചാരം ഇന്ന് ആര്‍ക്കും ഉണ്ടെന്നു കരുതുന്നില്ല. ദുരന്തമുണ്ടായാല്‍ ഉടനടി ഉണരുകയും, അതിലും വേഗത്തില്‍ ഉറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അവര്‍ ശീലിച്ചു കഴിഞ്ഞു. ബോട്ട് ദുരന്തങ്ങള്‍ മുതല്‍, വിഷമദ്യം, സ്ഫോടനങ്ങള്‍ തുടങ്ങി അത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടു ശീലിച്ചു കഴിഞ്ഞു. സെന്‍സേഷണലിസത്തിനു പുറകെ മാത്രം പോകുന്ന മാധ്യമങ്ങളും സംഭവങ്ങളുടെ ഗ്ലാമര്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ ആണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, അഴിമതി തടയുവാനും, ഉദ്യോഗസ്ഥരെ പിരിച്ചു വിടുവാനും ഒരു ഭരണഘടനാ സ്ഥാപനം സ്ഥാപിക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണഘടനാ ശില്പികള്‍ക്കില്ലാതെ പോയി. സര്‍ക്കാരുകള്‍ ഇനി അതൊരിക്കലും കൊണ്ട് വരുവാനും പോകുന്നില്ല. രാജ്യത്ത് നിയമങ്ങള്‍ അധികാരമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണ്. അത് അധികാരത്തിനു മുമ്പില്‍ പല വിധത്തിലും കുമ്പിടുന്നു. നമ്മുടെ തന്നെ ചിന്താഗതിയില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിലും മായം. എന്‍റെ പരിചയക്കാരന്‍റെ പച്ചക്കറി തോട്ടത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെക്കാവാശ്യമുള്ള പച്ചക്കറിയും, മാര്‍ക്കറ്റിലേക്കുള്ളതും പ്രത്യേകമായാണ് വളര്‍ത്തുന്നത്. മാര്‍ക്കറ്റിലേക്കുള്ളതില്‍ അടിക്കുന്ന വിഷാംശം അതിഭീകരവും. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം പ്രത്യേകിച്ച് ആലോചിക്കാനില്ല.
ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭാഗമായി എന്നതില്‍ അഭിമാനിക്കാറുണ്ട് നമ്മള്‍ പലപ്പോഴും. എന്നാല്‍, ഇവിടുത്തെ ജനാധിപത്യം ഭാഗികമാണ് എന്നാണു എന്‍റെ അഭിപ്രായം. അത് ജനതയ്ക്ക് തങ്ങളുടെ അഭിപ്രായം എവിടെ വേണമെങ്കിലും വ്യക്തമാക്കാം എന്നതില്‍ ഒതുങ്ങുന്നു. അവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുന്നതിലോ, സേവനങ്ങള്‍ നല്‍കുന്നതിലോ നമ്മുടെ രാജ്യം ഒരു ജാനാധിപത്യ രാജ്യത്തിന്‍റെ പടിവാതില്‍ക്കല്‍ പോലും എത്തിയിട്ടില്ല. പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമുക്ക് പല വികസിത രാജ്യങ്ങളെയും മാതൃകയാക്കാം. ഞാനും തുല്യനാണ് എന്ന് സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവനും തോന്നുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാകുന്നുള്ളു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന ഈ തലമുറയില്‍ അടുത്ത ദുരന്തത്തിനായി ആകാംക്ഷയോടെ നമുക്ക് കാത്തിരിക്കാം.
പറഞ്ഞിട്ട് കാര്യമില്ല...എന്തും നടക്കുമിവിടെ
ReplyDeleteഇതിനാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അല്ലെങ്കിൽ മാനേജ്മെന്റ് ഡിസാസ്റ്റർ എന്നു പറയുന്നത്. ആണ്ടുതോറും വഞ്ചിമുങ്ങി അനേകം പാവങ്ങൾ മരിക്കും. സർക്കാർ അൻവേഷണ കമ്മീഷനെ നിയമിക്കും. പത്രങ്ങൾ ചരിത്രാതീതകാലം മുതൽക്കുള്ള കണക്കുകൾ നിരത്തും. പിന്നെ ജനമത് മറക്കും. ഇവിടെയും അതുതന്നെ. നിത്യേന ഓഫീസർമാർ ചെയ്യേണ്ട ജോലിയാണ് ഒരു ചെറുപ്പക്കാരൻ മരണപ്പെട്ടെതോടെ സർക്കാരിനും മാധ്യമങ്ങൾക്കുമൊക്കെ ഓർമ്മ വന്നത്.
ReplyDeleteനല്ല ലേഖനം, നല്ല ഭാഷ. ധാർമ്മികരോഷം അൽപ്പം കൂടി ആകാമായിരുന്നു.
ഇവിടെ ഇതും ഇതിലപ്പുറവും നടക്കും.. ഇതൊക്കെയേ നടക്കു..!! റെയ്ഡ് കാണിച്ചുള്ള ഉമ്മാക്കിയും ആഘോഷങ്ങളും രണ്ട് ദിവസം കഴിയുമ്പോൾ തനിയെ പത്തി മടക്കും..!! അദ്ദാണ് ദൈവത്തിന്റെ സ്വന്തം നാട്..!!
ReplyDeletenannayitunde.............
ReplyDeletenannayitunde.............
ReplyDeleteഭക്ഷ്യവിഷബാധയേറ്റ കേരളം enna talakettilulla ee lekhanathile thangalude tharmika roshathee nangal mukthakandam prasamsikunnu.......deivathinte sontham natilli nadakunna etharam paisachikamaya pravathikale niruupanam cheyunna thangalee polullavar keralathinte abhimanaamanennu nangal manasilakkunnu........ apollum oru samsayam nangalude manasil pinneum bakiiii aranu etinokee utharavadii ?????????????????????????????????? enganeyoru lekhanam kondu ee samvidhanathe mattimarikkan thangalkuu pattumennu thangal visvasikunnundo !!!!!!! enkil eta nangal keraleyar thangalude pinnaleeee.............
ReplyDelete