"എന്നെ അന്വേഷിക്കേണ്ടതില്ല. ഞാന്‍ രഘുവിനൊപ്പം പോകുന്നു. സ്വന്തം മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടും അതിനെതിരു നില്‍ക്കുന്ന നിങ്ങള്‍ ഒരച്ചനാണോ? എനിക്കു നിങ്ങളോട് വെറുപ്പാണ്. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ. കോളേജില്‍ പോലും പോകാന്‍ സമ്മതിക്കാതെ എന്നെ വീട്ടില്‍ അടച്ചതിന് നിങ്ങളെ ഞാന്‍ സ്റ്റേഷനില്‍ കയറ്റും. എല്ലാറ്റിനും നിങ്ങള്‍ സമാധാനം പറയേണ്ടി വരും." കത്തു വായിച്ചു ഔസേപ്പ് സാര്‍ കസേരയിലേക്ക് ചാഞ്ഞു. പ്രഭാത കുര്‍ബാനക്കു പള്ളിയില്‍ പോയ മകളെ ഉച്ചയായിട്ടും കാണാത്തതിനാല്‍ അവളുടെ മുറി പരതുകയായിരുന്നു സാര്‍. വിറയ്ക്കുന്ന കരങ്ങളില്‍ ആ കത്തുമായി, സാറിന്‍റെ ശരീരം മാത്രം മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. മനസ്സ് എപ്പോഴേ കൂട് വിട്ടിരുന്നു. "നീ വായിച്ചോ നമ്മുടെ മോളുടെ കത്ത്?". ഉച്ചക്കഞ്ഞി വയ്ക്കുന്ന തിരക്കിലായിരുന്ന മേരി ടീച്ചര്‍ ആ വാക്കുകളോട് പ്രതികരിച്ചില്ല. "ദേ കെടക്കുന്നു നിന്‍റെ മോളുടെ വിശേഷം.", അയാളുടെ ഈ വാക്കുകളില്‍ പ്രതികരണമില്ലായ്മയോടുള്ള പ്രതികാരം കലര്‍ന്നിരുന്നു. ശബ്ദത്തിന്‍റെ ബാഹുല്യമാണോ, അതോ അതിലെ ഗദ്ഗദമാണോ ടീച്ചറുടെ ശ്രദ്ധയെ ക്ഷണിച്ചതെന്ന് അറിയില്ല. വിതുമ്പലുകളുടെ നിശബ്ദത വീടിനെ വിഴുങ്ങി കഴിഞ്ഞിരുന്നു.
ടോണി സ്കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴേക്കും സമയം സന്ധ്യയായിരുന്നു. വീട്ടിലെ അവസ്ഥ സന്തോഷകരമല്ലെന്നു പരിസരങ്ങളില്‍ നിന്നു തന്നെ അവന്‍ മനസ്സിലാക്കി. "ഇന്നെന്തു പ്രശ്നമാണോ ചേച്ചി വീട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്? ഒരിക്കലും സമാധാനം ലഭിക്കില്ലെ ഈശ്വരാ?". അവന്‍ വീട്ടിലെത്തിയതും, അച്ഛന്‍ അവനെ ചേര്‍ത്തു പിടിച്ചു. കര്‍ക്കശക്കാരനായ മാഷിനെ സംബന്ധിച്ചിടത്തോളം അതൊരു അസാധാരണ സംഭവമാണ്. അയാളും മാനസീകമായി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. "അവള്‍ പോയെടാ.". "എപ്പോള്‍?". "ഇന്ന് രാവിലെ പള്ളിയില്‍ പോയ ശേഷം തിരിച്ചു വന്നില്ല.". അവനതൊരു ആശ്വാസമായാണ് തോന്നിയത്. എത്രയോ നാളുകളായി ഒരു വീട്ടില്‍ രണ്ടു കുടുംബങ്ങളായുള്ള താമസം. രഘുവുമായുള്ള നിമ്മിയുടെ ബന്ധം ഒരു ബന്ധു മുഖേനയാണ് മാഷ് അറിയുന്നത്. അവള്‍ പതിവായി കോളേജില്‍ പോകുന്ന ബസ്സിന്‍റെ ഡ്രൈവറാണ് രഘു. അവള്‍ എങ്ങനെ ഒരു ബസ് ഡ്രൈവറെ പ്രണയിക്കുമെന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല. അരുതാത്ത പല സ്ഥലങ്ങളിലും അവരെ ഒരുമിച്ചു കണ്ടു എന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞപ്പോഴാണ് മാഷ് ഈ ബന്ധത്തെ കാര്യമായെടുത്തു തുടങ്ങിയത്. ചോദിച്ചപ്പോള്‍ നിമ്മി അതു നിഷേധിച്ചത്, മാഷിനെ വീണ്ടും സംശയത്തിലാക്കി. അയാള്‍ക്ക് മകളെ അത്ര കാര്യമായിരുന്നു. ടൂറിനെന്ന പേരില്‍ വീട്ടില്‍ നിന്നു പോയ അവള്‍ ഒന്നു രണ്ടു ദിവസം അവന്‍റെ കൂടെ താമസിച്ചു എന്ന് കൂടി കേട്ടതോടെ അയാള്‍ തളര്‍ന്നു. അന്നു വീട്ടിലെത്തിയ നിമ്മിയെ പുറത്തു പോകുന്നതില്‍ നിന്നും അയാള്‍ വിലക്കി.
അതോടെ കുടുംബത്തിനകത്തെ വീര്‍പ്പുമുട്ടലുകളും വളര്‍ന്നു. അവള്‍ ആരോടും മിണ്ടാതായി. ദിവസങ്ങളോളം അവള്‍ ഭക്ഷണത്തിനായി മാത്രം മുറിക്കു പുറത്തിറങ്ങുന്ന അവസ്ഥയില്‍ ജീവിച്ചു. വൈകുന്നേരങ്ങളില്‍ ഉച്ചത്തിലുള്ള മറ്റൊരു സന്ധ്യാ പ്രാര്‍ത്ഥന കൂടി വീട്ടില്‍ നിന്നുയര്‍ന്നു. കലഹങ്ങള്‍ പതിവായി. അവളുടെ മുറിയിലെ സാധനങ്ങള്‍ പലതും ദേഷ്യത്തിന് പാത്രമായി. നാളുകള്‍ കഴിയുമ്പോള്‍ അവള്‍ അവനെ മറക്കുമെന്ന് മാഷ് ആശിച്ചു. രഘുവിനുള്ള കത്തുകള്‍ വീട്ടുകാര്‍ അറിയാതെ, വഴിപോക്കര്‍ മുഖാന്തിരം അവള്‍ കൊടുത്തുവിട്ടു. സമാധാനം എന്തെന്നറിയാതെ മാസങ്ങള്‍ ആ വീട്ടുകാര്‍ ചിലവഴിച്ചു. അതിനാല്‍ തന്നെ അവള്‍ പോയി എന്ന വാര്‍ത്ത ടോണിക്കു ആശ്വാസകരമായിരുന്നു. "നിങ്ങള്‍ക്കു ഞാനില്ലേ. അവള്‍ പോണെങ്കില്‍ പോട്ടെ. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ", ടോണി തന്‍റെ കൊച്ചു വാക്കുകള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"കിഴക്കേടത്തെ ഔസേപ്പ് സാറില്ലേ, അയാളുടെ മകള്‍ ആ ഡ്രൈവര്‍ രഘുവിന്‍റെ കൂടെ ഒളിച്ചോടിയെന്നു.". "ആയ്യോ കഷ്ടം. എനിക്കപ്പഴെ തോന്നിയതാ". "അവരിരുവരേം പാര്‍ക്കില്‍ വെച്ചു കണ്ടൂന്ന് ഞാന്‍ പറഞ്ഞപ്പോ നിങ്ങളൊക്കെ എന്താ പറഞ്ഞത്?" "അല്ലേലും അവളുടെ മട്ടും നടപ്പുമൊക്കെ തീരെ മോശമായിരുന്നു. മാഷിതൊക്കെ എങ്ങനെ സഹിക്കുവോ ആവോ?" കഥകള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. എല്ലാം അറിയാമെങ്കിലും അവര്‍ മാഷിനെ കാണുമ്പോള്‍ ചോദിച്ചു, "മോളിപ്പോ എന്തു ചെയ്യുന്നു മാഷേ?, അവള്‍ക്കു സുഖമാണോ". ഔസേപ്പ് മാഷിന്‍റെ ശിരസ്സ് അവരുടെ പരിഹാസങ്ങള്‍ക്ക് മുന്നില്‍ കുനിഞ്ഞു. മാഷും ടീച്ചറും പൊതു പരിപാടികള്‍ക്കൊന്നും പോകാതായി.
അവളുടെ ഒളിച്ചോട്ടം കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി. "നമ്മുടെ കൊച്ചു ഒളിച്ചോടുമെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റണില്ല അളിയാ. നമ്മള്‍ എങ്ങനെ വളര്‍ത്തിയതാ അവളെ. ഇന്നലെ കണ്ട ഏതോ ഒരുത്തന്‍റെ കൂടെ അവളങ്ങനെ പോകുവോ?. അവളെ ബലം പ്രയോഗിച്ചോ, മോഹിപ്പിച്ചു മയക്കിയോ കൊണ്ട് പോയതാകാനാ സാധ്യത. നമ്മുടെ മോള്‍ അല്ലാതങ്ങനെ പോകില്ല അളിയാ. ". ടീച്ചറുടെ ആങ്ങള ബാസ്റ്റ്യന്‍ തന്‍റെ ദുഃഖം പങ്കു വച്ചു. സമുദ്രത്തിലേക്ക് എത്ര നദികള്‍ ഒഴുകിയാലും അതിനു മാറ്റമുണ്ടാകുന്നില്ല. "അപ്പോ അവളെഴുതിയ ഈ കത്തോ?", മാഷ് ആ കത്ത് ഉയര്‍ത്തി പിടിച്ചു ചോദിച്ചു. "മോഹിപ്പിച്ചു മയക്കിയാ, ഇതല്ല ഇതിനപ്പുറം വരെ ആളുകള്‍ എഴുതും. നമുക്കിതിന്‍റെ സത്യാവസ്ഥ അറിയണം അളിയാ. അളിയന്‍ പോലീസില്‍ ഒരു പരാതി കൊടുക്കണം. നമ്മുടെ കുട്ടിയുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കണം. ഇന്നത്തെ കാലമല്ലേ." കാര്യങ്ങളെ മറ്റൊരു വഴിക്ക് നോക്കി കാണാന്‍ ഈ വാക്കുകള്‍ മാഷിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ മകള്‍ മാഷ്ക്ക് അത്ര തെറ്റുകാരിയല്ല. ഇപ്പോള്‍ വില്ലന്‍ രഘുവാണ്. അവളെ അവന്‍ മാനസീകമായി തളര്‍ത്തി തട്ടികൊണ്ടുപോയതാണ്. സത്യം ഉള്ളില്‍ കിടന്നു പുച്ചിച്ചു ചിരിക്കുമ്പോഴും, അയാള്‍ തന്‍റെ പുതിയ ചിന്തകള്‍ കൊണ്ട് സത്യത്തെ കീഴടക്കാന്‍ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിലൂടെ അയാള്‍ സ്വയം അങ്ങനെ വിശ്വസിച്ചു തുടങ്ങി.
"എന്‍റെ മകള്‍ നിമ്മി ജോസെഫിനെ, ഈ മാസം 12ആം തിയതി മുതല്‍ വീട്ടില്‍ നിന്നു കാണുന്നില്ല. മുട്ടം പള്ളിയിലെ പ്രഭാത കുര്‍ബ്ബാനക്കായി, വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. കുന്നുമ്മേല്‍ മോഹനന്‍റെ മകന്‍ രഘു അവളെ തട്ടിക്കൊണ്ട് പോയതായി ഞാന്‍ സംശയിക്കുന്നു. ആയതിനാല്‍ അവളെ സുരക്ഷിതയായി കണ്ടെത്തി തിരികെ വീട്ടില്‍ എത്തിക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു. എന്ന്, കിഴക്കേടത്ത് ഔസേപ്പ് (ഒപ്പ്).". പോലീസ് സ്റ്റേഷനില്‍ ഈ പരാതിക്ക് കാര്യമായ സ്വീകാര്യത ഉണ്ടായിരുന്നില്ല. "ഇതു പോലെ എത്രയോ പെണ്ണുങ്ങള്‍ വീട്ടില്‍ നിന്നു ദിനം പ്രതി ഒളിച്ചോടുന്നു. ഇവരെയൊക്കെ കണ്ടു പിടിക്കലാണോ പോലീസിന്‍റെ പണി." എസ്.ഐയുടെ മറുപടിയില്‍ പരിഹാസം കലര്‍ന്നിരുന്നു. "പത്തു മുപ്പതു വര്‍ഷം സര്‍ക്കാരിനെ സേവിച്ച ഒരു അധ്യാപകനാണ് ഞാന്‍. എന്‍റെ മകള്‍ ഒളിച്ചോടുമെന്നു ഞാന്‍ കരുതുന്നില്ല. അവള്‍ക്കു ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളെയെല്ലാം ഞാന്‍ കോടതി കയറ്റും.", മാഷിന്‍റെ മുഖം ചുവന്നിരുന്നു "ഞങ്ങള്‍ അന്വേഷിക്കാം മാഷേ. ഇപ്പൊ ചെല്ല്. ഇവിടെ നൂറുകൂട്ടം പണിയുണ്ട്". ഔസേപ്പ് സാറിനെ കൂടുതല്‍ വിഷമിപ്പിക്കാതെ എസ്.ഐ യാത്രയാക്കി.
പിന്നീടുള്ള ദിവസങ്ങളിലൊന്നു. പ്രഭാതത്തിലുള്ള കോളിങ്ങ് ബെല്‍ കേട്ടു കതകു തുറന്ന മാഷ് കണ്ടത് ഒരു പോലീസ് കോണ്‍സ്റ്റബളിനെയാണ്. "കിഴക്കേടത്ത് ഔസേപ്പ് സാറല്ലേ.?". "അതെ". "സാര്‍ ഇന്നു സ്റ്റേഷന്‍ വരെ ഒന്നു വരണം. എസ്.ഐ പറഞ്ഞിട്ട് വന്നതാണ്." സന്ദേശം കൈമാറി, ഒരു ചായക്ക് പോലും കാത്തു നില്‍ക്കാതെ കോണ്‍സ്റ്റബിള്‍ യാത്രയായി. മാഷിനെ ചെറുതായി ആധി ബാധിച്ചു തുടങ്ങി. മകള്‍ക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ചിന്ത അയാളെ സാവധാനം കീഴടക്കി. "ആരാ വന്നത്?" അടുക്കളയില്‍ നിന്നു ടീച്ചര്‍ ആരാഞ്ഞു. "ഒന്ന് സ്റ്റേഷന്‍ വരെ ചെല്ലാന്‍ പറഞ്ഞതാ". വേഷമൊക്കെ മാറ്റി അയാള്‍ അപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി. "ഞാനപ്പോഴേ പറഞ്ഞില്ലേ സാറേ, ഇതു ഒളിച്ചോട്ടമാണെന്നു". കണ്ട പാടെ എസ്.ഐ അത്യുല്‍സാഹത്തില്‍ അറിയിച്ചു. "ഞങ്ങള്‍ അന്വേഷിച്ചു. അവളെ തട്ടി കൊണ്ട് പോയതൊന്നുമല്ല. സ്വമനസ്സാലെ ഇറങ്ങി പോയതാ. തൊടുപുഴ രജിസ്റ്റര്‍ ഓഫീസില്‍ കല്യാണത്തിനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, അവളിപ്പോ നിമ്മിയൊന്നുമല്ല, സ്വാതിയാണ്, സ്വാതി. പ്രായപൂര്‍ത്തിയായ അവര്‍ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.". അയാള്‍ ഒറ്റ ശ്വാസത്തില്‍ അറിയിച്ചു. അയാളും ഈ വാര്‍ത്തയില്‍ ചെറിയൊരാനന്ദം കണ്ടെത്തിയിരുന്നു. തന്‍റെ ഉയര്‍ച്ചയിലും, അന്യന്‍റെ താഴ്ചയിലും മാത്രമേ മനുഷ്യനു സന്തോഷം ലഭിക്കൂ എന്ന കാലം. മാഷിനു ആ വാര്‍ത്ത ഒട്ടും ശുഭകരമായിരുന്നില്ല.. "സാര്‍, ആ റൈറ്ററുടെ അടുത്തു ചെന്ന്‍, വിവരങ്ങളൊക്കെ അറിഞ്ഞിരിക്കുന്നു എന്ന നോട്ടീസില്‍ ഒരൊപ്പിട്ടട്ടു പൊക്കോളൂ.". " ഇനിയും പെണ്‍മക്കളുണ്ടേല്‍ ഒന്നു സൂക്ഷിച്ചു വളര്‍ത്തുന്നത് നല്ലതാ", മാഷു മുറി വിടുമ്പോഴേക്കും അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
സോമരാജന്‍ ഹൈക്കോടതിയിലെ ഒരു വക്കീലാണ്, മാഷിന്‍റെ മികച്ച ശിഷ്യന്മാരിലൊരാള്‍. "മാഷേ, നമുക്കൊരു ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്താലോ?.", ആഴ്ചകള്‍ക്കു ശേഷം മാഷിനെ കണ്ട സോമന്‍ ചോദിച്ചു. "അതെന്തു ഹര്‍ജിയാ സോമാ?". "അന്യാമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ കോടതി മുമ്പാകെ ഹാജരാക്കാനുള്ള നടപടി ക്രമത്തെ സൂചിപ്പിക്കുന്ന ഒരു ലാറ്റിന്‍ പദമാണ് ഹേബിയസ് കോര്‍പസ്. അത് വഴി നമുക്ക് നിമ്മിയെ കോടതി മുന്‍പാകെ വിളിച്ചു വരുത്താനാവും. മേരി ടീച്ചര്‍ വഴി ഹര്‍ജി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. അമ്മയോടുള്ള അടുത്ത ബന്ധം അവള്‍ക്കൊരു പുനര്‍വിജിന്തനത്തിനു പ്രചോദനം നല്‍കും. അവള്‍ കോടതിയില്‍ എത്തി നിങ്ങളെയൊക്കെ കാണുമ്പോള്‍ ഇങ്ങു പോരും മാഷേ. ഇങ്ങനെ എത്രയെണ്ണം ഞാന്‍ കണ്ടിരിക്കുന്നു." സോമന്‍റെ വാക്കുകള്‍ ടീച്ചര്‍ക്കും തെല്ലോരാശ്വാസം നല്‍കി. വിദ്യാഭ്യാസം പൂര്‍ത്തിയാകാത്ത തന്‍റെ മകളെ തിരിച്ചു നല്‍കണമെന്ന് കാണിച്ചു അവര്‍ ഹര്‍ജി ഫയല്‍ ചെയ്തു.
വെള്ളിയാഴ്ചകളില്‍ ഹൈക്കോടതിയിലെ പത്താം നമ്പര്‍ കോടതി മുറിയിലാണ് ഹേബിയസ് കോര്‍പ്പസ് കൈകാര്യം ചെയ്യുന്നത്. അനേകം പ്രതീക്ഷകള്‍ക്കും, വ്യസനങ്ങള്‍ക്കും വേദിയായിട്ടുണ്ട് അവിടം. ആ കോടതി മുറിയില്‍ ജഡ്ജിയുടെ റോള്‍ പരിമിതമാണ്. കക്ഷികളെ തന്‍റെ മുമ്പില്‍ വിളിച്ചുവരുത്തുന്നതില്‍ അതവസാനിക്കുന്നു. ഇവിടെ അപേക്ഷ സമര്‍പ്പിക്കുന്നതും, വിധി പ്രസ്ഥാവിക്കുന്നതും കക്ഷികള്‍ തന്നെ. വരുന്നതില്‍ നല്ലൊരു പങ്കു ഹര്‍ജികളും, പ്രണയത്തിന്‍റെയും, ഒളിച്ചോട്ടത്തിന്‍റെയും തല്‍ഭലമായി ഉണ്ടാകുന്നതാണ്. അങ്ങിങ്ങായി മാറാല പിടിച്ച ആ മുറി, മാറുന്ന മനുഷ്യ ബന്ധത്തിന്‍റെ പ്രതീകമെന്നോണം നിലകൊണ്ടു. പലപ്പോഴും ആ മുറിയിലെ കണ്ണ് മൂടിക്കെട്ടിയ നിയമത്തിന്‍റെ പ്രതിമ ബാഹ്യ വികാര വേലിയേറ്റങ്ങളില്‍ ആടിയുലഞ്ഞു.
വെള്ളിയാഴ്ച വളരെ നേരത്തെ തന്നെ പരാതിക്കാരി മേരി ടീച്ചറും, ഔസേപ്പ് സാറും കോടതിയിലെത്തി. ആളുകള്‍ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതര മണിയോടു കൂടി കോടതി മുറികള്‍ തുറന്നു തുടങ്ങി. ആകംക്ഷയുടെയും, പ്രതീക്ഷയുടെയും അണയാത്ത നെരിപ്പോടുമായി ആ അച്ഛനും, അമ്മയും കോടതി മുറിയില്‍ ഇരിപ്പുറപ്പിച്ചു. സോമരാജന്‍ താമസിയാതെ എത്തിച്ചേര്‍ന്നു. കോടതി മുറി കാണികളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. കോടതി പരിസരങ്ങളില്‍ ഉദ്യോഗസ്ഥരെത്തി, വക്കീലന്മാരെത്തി, ജഡ്ജിമാരെയും വഹിച്ചു കൊണ്ട് വാഹനങ്ങളും എത്തി. അവര്‍ പ്രതീക്ഷിച്ച മുഖം എവിടെയും കാണാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞപ്പോള്‍ രഘുവും നിമ്മിയും ബൈക്കില്‍ കോടതി പരിസരത്തേക്കെത്തുന്നത് അവര്‍ കണ്ടു. അമ്മ പരിസരം മറന്നു, മകളുടെ പക്കലേക്കോടി. ആളുകള്‍ നോക്കി നില്‍ക്കെ, അമ്മയുടെ കൈകള്‍ തട്ടി മാറ്റി അവള്‍ കോടതിയിലേക്ക് പ്രവേശിച്ചു. അവരുടെ പ്രായമായ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി.
സമയം പത്തരയോടടുത്തു. ജസ്റ്റിസുമാരായ പയസ് ജോസെഫും, കെ.പി. അബൂബക്കറും, ന്യായാസനങ്ങളിലേക്ക് പ്രവേശിച്ചു. കോടതി മുഴുവന്‍ അവരെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു. ബഹുമാനം പ്രദര്‍ശനമാവുമ്പോള്‍, നാട്യക്കാരനാണ് പ്രതിഫലം ലഭിക്കുന്നത്. ആദ്യത്തെ കേസായി കിഴക്കേടത്തു മേരിയുടെ കേസ് കോടതി പരിഗണിച്ചു. കേസ് ഫയളിലൂടെ കണ്ണോടിച്ച ജസ്റ്റിസുമാര്‍, നിമ്മിയെ സാക്ഷിക്കൂടിലേക്ക് വിളിച്ചു. "താങ്കളെ അന്യായമായി കുന്നുമ്മേല്‍ രഘു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു, കുട്ടിയുടെ അമ്മയും പരാതിക്കാരിയുമായ കിഴക്കേടത്തു വീട്ടില്‍ മേരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇത് സത്യമാണോ?", കോടതി നേരിട്ട് കക്ഷിയോട് ചോദിച്ചു. "രഘുവിന്‍റെ കൂടെ താമസിക്കാനുള്ളത് എന്‍റെ സ്വന്തം തീരുമാനമാണ്. അതില്‍ യാതൊരു ബാഹ്യ പ്രേരണയും ഇല്ല. ഞങ്ങള്‍ വിവാഹത്തിനായി നോട്ടീസ് കൊടുത്തിട്ടുള്ളതാണ്. നിയമപരമായ വിവാഹപ്രായം കഴിഞ്ഞ എനിക്ക് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ബഹുമാനപ്പെട്ട കോടതി ഞങ്ങളെ ഒന്നിച്ചു ജീവിക്കുവാന്‍ അനുവദിക്കണം.", അവളുടെ മറുപടി അതിദ്രുതമായിരുന്നു.
"നിമ്മി വിവാഹത്തോടനുബന്ധിച്ച് മതം മാറിയിരിക്കുന്നതായും, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍, പ്രണയത്തിന്‍റെ തീവ്രതയില്‍ ചുരുക്ക കാലത്തേക്ക് മനോഹരമായി അനുഭവപ്പെടുമെങ്കിലും, ദീര്‍ഘകാല ജീവിതത്തില്‍ അവ കയ്പ്പുനീരുകളായി ഭവിക്കും. ഒരു വ്യക്തിയുടെ ഭാവിക്ക്, വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൌവ്വനത്തിന്‍റെ പക്വതയില്‍ വിവാഹത്തെ പറ്റി ഒരു തീരുമാനമെടുക്കുന്നതല്ലേ ഉചിതം. ദിവസവും, വ്യത്യസ്ഥങ്ങളായ അനേകം ജീവിതങ്ങള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അവരുടെ അനുഭവങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇതു പറയുന്നത്.", കോടതി അവളെ ഒരു പുനര്‍വിജിന്തനത്തിനു പ്രേരിപ്പിച്ചു.
"ഈ പരാതിക്കാരിക്ക്, എന്‍റെ മേല്‍ പരാതി തരാന്‍ എന്തര്‍ഹതയുണ്ട്. അവരെന്‍റെ അമ്മയൊന്നുമല്ല. എന്‍റെ അമ്മ എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു പോയി.", അവളുടെ മറുപടി കേട്ട് ഞെട്ടിയത് കോടതിയാണ്. കോടതി മുറി അതിദ്രുതം നിശ്ചലമായി. ജസ്റ്റിസ് പയസ് തന്‍റെ തൂവാല എടുത്തു മുഖത്തെ വിയര്‍പ്പ് തുള്ളികള്‍ തുടച്ചു. മേരി ടീച്ചറുടെ കണ്ണില്‍ ജലം കെട്ടി നിന്നു. അതില്‍ നിന്ന് ഒരു തുള്ളി താഴെ വീഴാന്‍ ഏറെ ക്ലേശിക്കുന്നുണ്ടായിരുന്നു. മാഷും ഇത് കേട്ട് സ്ഥബ്ദനായി. കോടതി മേരി ടീച്ചറെ സാക്ഷി കൂട്ടിലേക്ക് വിളിപ്പിച്ചു. സ്വന്തം മാതൃത്വം കോടതിയില്‍ തെളിയിക്കേണ്ടി വന്ന ആ അമ്മ അവിടെ നിന്ന് വാവിട്ടു കരഞ്ഞു, നിലവിളിച്ചു. അവരാണ് യഥാര്‍ത്ഥ അമ്മ എന്നു മനസ്സിലാക്കാന്‍ കോടതിക്ക് അത് മാത്രം മതിയായിരുന്നു. എന്നാല്‍ നിയമത്തിനു ഈ ഹര്‍ജിയില്‍ ഉള്ള പങ്കു തുലോം ശുഷ്കമാണ്. കരച്ചിലിന്‍റെ ആധിക്യത്തിനിടയില്‍ നിന്നും, "നൊന്തു പ്രസവിച്ച", തുടങ്ങിയ കുറച്ചു വാക്കുകള്‍ പുറം ലോകം ശ്രവിച്ചു. കോടതി മുഴുവന്‍ ക്ഷമയോടെ അവരുടെ വാക്കുകള്‍ക്കായി നിലകൊണ്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍, വിതുമ്പലുകള്‍ക്കിടയിലൂടെ അവര്‍ പറഞ്ഞു. "ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭൂതമാണ് ഭാവിയാകുന്നത്. അതെ ആകൂ, ആകാവൂ. എനിക്കു പരാതിയില്ല.". പെണ്‍കുട്ടിയെ അവളുടെ താല്പ്പര്യ പ്രകാരം വിട്ടുകൊണ്ട് കോടതി, നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.
നിമ്മി രഘുവിന്‍റെയൊപ്പം ഉല്ലാസവതിയായി പോകുന്നത് കോടതി വരാന്തയിലിരുന്ന് അവര്‍ കണ്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ ടീച്ചര്‍ക്ക് ഏറെ നേരം അതു കണ്ടിരിക്കാന്‍ സാധിച്ചില്ല. കണ്ണീര്‍ ഒരു മറയാണ്, പല കാഴ്ചകളില്‍ നിന്നും, വിചാരങ്ങളില്‍ നിന്നും. തളര്‍ന്നു നില്‍ക്കുന്ന ആ അമ്മയുടെ കൈകളെ മറ്റൊരു കരം ശക്തിയില്‍ ചേര്‍ത്തു പിടിച്ചു. ടോണിയായിരുന്നു അത്. വാര്‍ദ്ധക്യം യൌവനത്തെ സാവധാനം പിന്തുടര്‍ന്നു. രഘുവും നിമ്മിയും അധിക ദൂരം പോകും മുമ്പ് തന്നെ ഒരു ശവസംസ്കാര പ്രദിക്ഷണം റോഡിനു എതിരെ വരുന്നതു കണ്ടു. അവര്‍ വണ്ടി വശത്തേക്കൊതുക്കി. ശവമഞ്ചത്തിനു മുകളില്‍ ഒരമ്മ വാവിട്ടു നിലവിളിക്കുന്നത് അവള്‍ കണ്ടു. മരിച്ചിരിക്കുന്നത് അവരുടെ മകളാണ്. മകളെയും കെട്ടിപിടിച്ചുള്ള ആ അമ്മയുടെ നിലവിളി, കോടതി മുറിയിലെ അവളുടെ അമ്മയുടെ നിലവിളിയായി അവള്‍ക്കു തോന്നി. പുറകിലുള്ള പ്രാര്‍ത്ഥനാസംഘത്തിന്‍റെ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും. നീ അളക്കുന്ന അളവുകോലു കൊണ്ടു തന്നെ നീയും അളക്കപ്പെടും."
കണ്ണീര്‍ ഒരു മറയാണ്
ReplyDeleteചിലപ്പോള്‍ അത് പുനര്‍ചിന്തനത്തിനുള്ള നല്ലൊരു ഉപാധിയും ആയിത്തീരും
നല്ല കഥയെഴുതി. ആശംസകള്‍
കഥ നന്നായിട്ടുണ്ട്.........അഭിനന്ദനങ്ങൾ
ReplyDeleteഡാനിഷേ...:-( ബാക്കി നേരില്‍...
ReplyDelete