Raise our Conscience against the Killing of RTI Activists




Monday, October 22, 2012

ആലപ്പുഴ ജലപ്പരപ്പില്‍ ഒരു ദിനം




"Here nature has spent up on the land her richest bounties". ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആലപ്പുഴ സന്ദര്‍ശിച്ച അന്നത്തെ വൈസ്രോയി ലോര്‍ഡ്‌ കഴ്സണ്‍, പ്രകൃതി ഭംഗി കണ്ടു അമ്പരന്നു പറഞ്ഞ വാക്കുകളാണ് മുകളില്‍ കുറിച്ചത്. കാഴ്ചകളുടെ ആവേശം അദ്ദേഹത്തിന്‍റെ സിരകളെ ബാധിച്ചുതുടങ്ങിയപ്പോള്‍, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു അദ്ദേഹം ഉദ്ഘോഷിച്ചു, "Venice of the east". അവ അലയൊലികളായി കായല്‍പ്പരപ്പുകളില്‍ അവശേഷിച്ചു. വിദേശികള്‍ക്കും, സ്വദേശികള്‍ക്കും ഒരുപോലെ പ്രീയപ്പെട്ട കേരളത്തിലെ സുന്ദരമായൊരു ഭൂപ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് കേവലം ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ആലപ്പുഴയുടെ സവിശേഷത ആരംഭിക്കുന്നു. ആറു നദികളുടെ സംഗമ സ്ഥലമായ വേമ്പനാട് കായലും, കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടും സ്ഥിതി ചെയ്യുന്നതും ഇതേ ജില്ലയില്‍ തന്നെ. ലഗൂണുകള്‍, കായലുകള്‍, തോടുകള്‍, കനാലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവിടം. ജലത്തിലാണ് ജീവന്‍ ഉണ്ടായതെങ്കില്‍, കേരളത്തില്‍ ജീവന്‍ ഉത്ഭവിച്ചിരിക്കുക ഇവിടെയാവാം.

ആലപ്പുഴയിലെ ജലജീവിതം ആസ്വദിക്കണമെങ്കില്‍ പുലര്‍ച്ചെ തന്നെ ആലപ്പുഴയില്‍ എത്തിച്ചേരണം. ഞാനും, എന്‍റെ സഹമുറിയന്‍ നിതിനും ഉള്‍പ്പെടുന്ന യാത്രാസംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് പുലര്‍ച്ചെ എട്ടു മണിയോടെ. പ്രധാനപ്പെട്ട സ്ഥലത്തിന്‍റെ ജീവനാടിയാണെങ്കിലും, തീര്‍ത്തും ശുഷ്കമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍‍. ഭക്ഷണമുള്‍പ്പെടെ, ഒന്നിനുമുള്ള സൗകര്യം സ്റ്റേഷനില്‍ ലഭ്യമല്ല. സ്റ്റേഷനില്‍ നിന്നും, പ്രൈവറ്റ് ബസില്‍ ഞങ്ങള്‍ ബോട്ടു ജട്ടി വരെ എത്തി. ആലപ്പുഴയില്‍ ബോട്ടു ജട്ടിയും, ksrtc സ്റ്റാന്‍റും സമീപങ്ങളിലായി സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ കുടിവെള്ളത്തിന് ദൌര്‍ലഭ്യമുള്ളതിനാല്‍, സഞ്ചാരികള്‍ ജലം കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ജലത്താല്‍ ചുറ്റപ്പെട്ട ഒരു നഗരത്തില്‍, കുടിവെള്ളത്തിനുള്ള ക്ഷാമം തികച്ചും വിരോധാഭാസം തന്നെ. ടൂറിസ്റ്റുകള്‍ക്കായി ktdcയുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യശേഷി തെളിയിച്ചു കൊണ്ട്, അനാധമായൊരു ഫാനും, കുറെ ഫയലുകളും മാത്രം ഞങ്ങളെ ഓഫീസില്‍ സ്വീകരിച്ചു.

ബോട്ട് ജട്ടിയുടെ സമീപത്തുകൂടെ നടക്കുമ്പോള്‍ താഴെ കായലില്‍, അനേകം ചെറു ബോട്ടുകള്‍ കാണാം. ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങള്‍ സീസണ്‍ അല്ലാത്തതിനാല്‍ പലതും റിപ്പയറിംഗ് തിരക്കുകളിലാണ്. അല്ലാത്തവ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍, എട്ടുപേര്‍ക്കിരിക്കാവുന്ന ഒരു ബോട്ട്, നാലു മണിക്കൂര്‍ നേരത്തേക്കു വാടകക്കെടുത്തു. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍. സീസണില്‍ ഇത് മണിക്കൂറില്‍ ആയിരത്തി ഇരുനൂറു വരെയാകുമെന്നു ബോട്ടുകാരന്‍ പിന്നീടു സൂചിപ്പിക്കുകയുണ്ടായി. ഡിസംബര്‍ ജനുവരിയും, ഓണക്കാലവുമാണ് അവിടെ സീസണ്‍. ഡ്രൈവര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു. കര കര ശബ്ദത്തോടെ അതു കനാലിലൂടെ സാവധാനം നീങ്ങി. ഡീസലും, എണ്ണയും വീണു കനാലിലെ ജലം മലിനമായിരുന്നു. വെള്ളത്തിന്‌ ഒഴുക്കില്ലാത്തതും മാലിന്യത്തിനു ആക്കം കൂട്ടി. സമയമിതു വരെ ആലപ്പുഴ എന്നതു കേരളത്തിലെ മറ്റേതു നഗരം പോലെയും സാധാരണമായിരുന്നു.

ഒരഞ്ചു മിനിറ്റുകൊണ്ട് തന്നെ ബോട്ട് കനാലില്‍ നിന്നു പുന്നമട കായലിലേക്ക് കടന്നു. കായലിന്‍റെ തീരങ്ങളില്‍, ഞണ്ടുകള്‍ കൂട്ടം കൂടി കിടക്കുന്നത് പോലെ നൂറുകണക്കിനു ഹൌസ് ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ യാത്ര പുറപ്പെടുന്നതും, അവസാനിപ്പിക്കുന്നതും അവിടെയാണ്. പകല്‍ ഒന്‍പതു മുതല്‍ അടുത്ത പകല്‍ ഒന്‍പതു വരെയാണ് അവയുടെ ദിവസങ്ങള്‍. അതിനാല്‍ തന്നെ പലതും സന്ദര്‍ശകരെ ഇറക്കുന്നതിന്‍റെയും, കയറ്റുന്നതിന്‍റെയും തിരക്കിലായിരുന്നു. അയ്യായിരം മുതല്‍ തുടങ്ങുന്നു അവയുടെ നിരക്കുകള്‍. ജലത്തിലുള്ള ഗൃഹങ്ങള്‍, കരയിലെ ഗൃഹങ്ങളെ കാഴ്ചയില്‍ നിന്നും മറച്ചു. ബോട്ടിലെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഗൈഡു കൂടിയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരംഭ-അവസാന സ്ഥലങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കായി വിവരിച്ചു. അനേകം തുഴക്കാരുടെ വിയര്‍പ്പും, വാശിയും ഏറ്റുവാങ്ങിയ അവിടം അടുത്ത മല്‍സരത്തിനെന്നവണ്ണം തയാറായിരുന്നു. അന്താരാഷ്‌ട്ര പ്രസിദ്ധമായ ആ വള്ളംകളി നേരില്‍ കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.

സമയവും ദൂരവും പോകെ, കേട്ടുവള്ളങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നമ്മുടെ വീടുകളിലെ സൈക്കിളുകള്‍ പോലെ അവിടെ വീടുകളിലെല്ലാം കൊച്ചു വള്ളങ്ങളുണ്ട്. പത്തറുപത് വയസ്സായ സ്ത്രീകള്‍ വരെ അവ തുഴഞ്ഞു വരുന്നത് തുടക്കത്തില്‍ ആശ്ചര്യം ജനിപ്പിച്ചെങ്കിലും, പിന്നീട് അവ സാധാരണം മാത്രമായി. ജലത്തിനു ചുറ്റും അവരുടെ ജീവിതം പരിണാമം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അലക്ക്, കുളി, മുതല്‍ വീട്ടാവശ്യങ്ങള്‍ക്ക് വരെ കായലില്‍ നിന്നു ആളുകള്‍ വെള്ളമെടുക്കുന്നുണ്ട്. പല വീടുകളുടെയും ഗേറ്റുകള്‍, കായലിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. പുന്നമട കായലിന്‍റെ ഓരങ്ങളില്‍ വാണിജ്യവല്‍ക്കരണം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ചുറ്റും സ്പാകളും, ഹോം സ്റ്റേകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജലത്തിലെ ഓളങ്ങളെയും, പായലുകളെയും കീറി മുറിക്കുവാന്‍ ഞങ്ങളുടെ ബോട്ട് കഷ്ടപ്പെടുന്നതായി തോന്നി. പുറമേക്ക് സൌന്ദര്യദായകമെങ്കിലും, ജലജന്യ ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ അവിടങ്ങളിലെ ജീവിതങ്ങളില്‍ വായിച്ചറിയാം.

കുട്ടനാടന്‍ പാടശേഖരങ്ങള്‍ സാവധാനം കണ്മുന്നിലേക്കെത്തിത്തുടങ്ങി. ജലനിരപ്പിനു കീഴെയായി പച്ചപ്പിന്‍റെ അനന്തമായ ഒരു വിരിപ്പ്. അവയ്ക്കിടയിലൂടെ ഒഴുകുന്ന ജല ചാലുകള്‍. അവ ആ നാടിനെ പോഷക സമൃദ്ധമാക്കുന്നു. ഭാരതത്തില്‍ ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, ലോകത്തു തന്നെ സമുദ്രനിരപ്പില്‍ നിന്നും കീഴെ കൃഷി നടക്കുന്ന വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ പെടുന്നു. ചേര ഭരണ കാലത്ത് രാജ്യത്തെ പ്രബലമായ ഒരു പ്രദേശമായിരുന്നു അവിടം. തീപിടുത്തത്തില്‍ തകര്‍ന്ന ഒരു വനമേഘലയുടെ സൂചന നല്‍കിക്കൊണ്ട് കുട്ടാനാടിന്‍റെ ആഴങ്ങളില്‍ ഇന്നും കരിയുടെ സാനിധ്യമുണ്ട്. ജനങ്ങളുടെ പ്രധാന കൃഷി നെല്‍കൃഷി തന്നെ. കേരളത്തിന്‍റെ ദുരിതഭാവിയുടെ പ്രതീകമായി അവിടെ പല പാടങ്ങളിലും കൃഷി ഇറക്കാതെ തരിശായി കിടക്കുന്നത് കാണാനായി. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പള്ളിത്താനം ലുക്ക്‌ മത്തായിയുടെ നേതൃത്വത്തില്‍, വേമ്പനാട് കായലില്‍ നിന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സൃഷ്ട്ടിച്ചെടുത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങളിലെ പല ബ്ലോക്കുകളും. സന്ദര്‍ശനത്തിനു വന്ന ഒരു ഉത്തരേന്ത്യന്‍ കുടുംബം കായലിന്‍റെ ഓരങ്ങളിലുള്ള ഒരു കള്ളു ഷാപ്പിലേക്ക് ബോട്ട് അടുപ്പിച്ചു കയറി.

ഞങ്ങള്‍ വേമ്പനാട് കായലിന്‍റെ തീരങ്ങളില്‍ സ്പര്‍ശിച്ചു. പുന്നമട കായല്‍ ചെസ്സിലെ തേരാളിയെങ്കില്‍ മന്ത്രിയാണ് വേമ്പനാട് കായല്‍. അതിന്‍റെ വന്യതയും, വശ്യതയുമാണ് വിദേശികളെ പോലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പുന്നമട കായലും, വേമ്പനാടിന്‍റെ ഒരു ഭാഗം തന്നെയാണ്. മൂവാറ്റുപുഴ, മീനച്ചില്‍, പമ്പ, അച്ചെന്‍കോവില്‍ തുടങ്ങിയ നദികളെല്ലാം എത്തിച്ചേരുന്നിടം വേമ്പനാട് തന്നെ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലിലൂടെ പകല്‍ മാത്രമേ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവൂ. സന്ധ്യ ആവുന്നതോടെ കരിമീന്‍, കൊഞ്ചു കൃഷിക്കാര്‍ കായലിന്‍റെ ആഴങ്ങളില്‍ നിന്നു പൊന്നു കൊയ്തെടുക്കും. കായല്‍, രാത്രിയില്‍ വലകള്‍ കൊണ്ടു നിറയും. യാത്രയില്‍, പ്രസിദ്ധമായ പാതിരാമണല്‍ ദ്വീപ് വിദൂരങ്ങളില്‍ കാണാനാവും. പേരിലെ വശ്യത മാത്രമേ ദ്വീപിനുള്ളു. കാടും ഇഴജെന്തുക്കളും നിറഞ്ഞ ഒരു പ്രദേശമാണ് അത്. സമയം ഉച്ചയോടടുത്തു. കെട്ടുവള്ളങ്ങള്‍ ഞങ്ങളുടെ സഞ്ചാര പാതകള്‍ അപഹരിക്കാന്‍ നിഷ്കളങ്ക ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിരന്തരമായ പാട ശേഖരങ്ങളും, വശങ്ങളിലുള്ള കേരവും, കേരളീയത വ്യക്തമാക്കുന്നു. കേട്ടുവള്ളങ്ങളുടെ ഓളങ്ങള്‍ ഞങ്ങളുടെ കൊച്ചോളങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുണ്ട്. കായലിലൂടെ മുന്നോട്ട് പോകുന്തോറും മനുഷ്യ വാസം കുറഞ്ഞു വരുന്നു. വീടുകളൊന്നും തന്നെ വശങ്ങളില്‍ കാണാനാവുന്നില്ല. ഈ ഏകാന്തതയും, പച്ചപ്പും ഇപ്പോള്‍ കേരളത്തില്‍ നിന്നു പോലും അന്യം നിന്നു കൊണ്ടിരിക്കുകയാണ്. കെട്ടുവള്ളങ്ങളില്‍ നിന്നും പ്ലാസ്റ്റിക്‌ കൂടുകളില്‍ കെട്ടി കായലിലേക്കിടുന്ന അവശിഷ്ടങ്ങള്‍ ടൂറിസം എങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിന് നേര്‍സാക്ഷ്യമായി.

ഞങ്ങള്‍ ബോട്ടു യാത്ര ആരംഭിച്ചിട്ട് രണ്ടു മണിക്കൂറോളം പിന്നിട്ടു കഴിഞ്ഞു. ബ്ലോക്കുകള്‍ക്കിടയിലെ ഒരു ജല നാല്‍ക്കവലയിലൂടെ ബോട്ട് നാണിച്ചു യാത്ര തുടര്‍ന്നു. ആളൊഴിഞ്ഞ ഒരു പാടശേഖര ബ്ലോക്കില്‍ ഡ്രൈവര്‍ വണ്ടി അടുപ്പിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശയെ തുടര്‍ന്നു പാടശേഖരങ്ങളുടെ അതിരുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ ദ്രുതം പുരോഗമിക്കുന്നുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കായലില്‍ നിന്നു മണ്ണെടുത്ത് അതിരുകളില്‍ നിക്ഷേപിക്കുകയാണ്. മണ്ണിനടിയിലെ കരിയുടെ നിക്ഷേപം വ്യക്തമായി കാണാം. ആ ബ്ലോക്കില്‍ ആളൊഴിഞ്ഞ പൂട്ടിയിട്ട നിലയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളി കാണാനായി. ഞങ്ങളല്ലാതെ വേറെ മനുഷ്യ ജീവികളെ അവിടെയെങ്ങും കാണാനായില്ല. ഞങ്ങള്‍ പള്ളിക്ക് ചുറ്റും നടന്നു. ആളൊഴിഞ്ഞ പള്ളി പരിസരങ്ങള്‍ പുല്ലുകള്‍ അവയുടെ കാല്‍ച്ചുവട്ടില്‍ ആക്കി കഴിഞ്ഞിരുന്നു. വള്ളിപ്പടര്‍പ്പുകളിലിരുന്നു കിളികള്‍ ശബ്ദമുണ്ടാക്കുന്നു. അതിരുകള്‍ പാകി നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകള്‍, ഞങ്ങളെ കണ്ടിട്ടെന്നവണ്ണം കാറ്റത്ത്‌, ഓലയടിച്ചു ശബ്ദമുണ്ടാക്കി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പള്ളിയുടെ ജനലിലൂടെ പൊടി പിടിച്ചു കിടക്കുന്ന വിശുദ്ധ രൂപങ്ങള്‍ കാണാം. അള്‍ത്താരയില്‍ നിന്നും ഒരു പൂച്ചക്കുട്ടി അതിന്‍റെ സ്വൈര്യ വിഹാരത്തിന് തടസ്സമുണ്ടാക്കിയത്തില്‍ പ്രതിഷേധിച്ചു ജനല്‍ വഴി പുറത്തേക്കോടി. ജനലിന്‍റെ ഒരു വശത്ത്, കത്തിതീരാറായ ഒരു മെഴുകുതിരി, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വയോധികനെ പോലെ, നാളം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നു. കാറ്റ് അതിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ താങ്ങിയും തലോടിയും കടന്നു പോകുന്നു. അല്‍പ സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരികെ ബോട്ടില്‍ കയറി. വള്ളിപ്പടര്‍പ്പുകളില്‍ ഒച്ചയുണ്ടാക്കിയിരുന്ന കിളികള്‍ പറന്നു പോകുന്നത് ഞങ്ങള്‍ ബോട്ടിലിരുന്നു കണ്ടു.

ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. സമയം ഉച്ചയോടടുത്തു. വന്ന വഴികളിലൂടെയുള്ള ഒരു മടക്കസഞ്ചാരം. കായലരുകില്‍ തന്നെയുള്ള ഒരു ഹോട്ടെലിന്‍റെ മുന്നില്‍ ഡ്രൈവര്‍ ബോട്ടടുപ്പിച്ചു. ഞങ്ങള്‍ തിരഞ്ഞെടുത്ത കരിമീനും, കൊഞ്ചും, മിനിറ്റുകള്‍ക്കുള്ളില്‍ മുന്നില്‍ പാകമായെത്തി. ഡ്രൈവറും ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചു. മുന്നിലെ കായലിലൂടെ കെട്ടുവള്ളങ്ങളില്‍ അനേകം കുടുംബങ്ങള്‍ സഞ്ചാരം തുടരുന്നുണ്ട്. കെട്ടുവള്ളങ്ങള്‍ തന്നെ പല വലിപ്പങ്ങളില്‍ ലഭ്യമാണ്. പതിനഞ്ചു കിടപ്പുമുറികള്‍ ഉള്ള ഇരുനില കെട്ടുവള്ളങ്ങള്‍ വരെ ഞങ്ങള്‍ കണ്ടു മുട്ടി. അവ ഞങ്ങളുടെ പാതയില്‍ നിന്നു വഴിമാറാന്‍ കൂട്ടാക്കാത്ത ഗജവീരന്മാരെ പോലെ നിലകൊണ്ടു. ഉദ്ദേശം രണ്ടു മണിയോടെ ഞങ്ങള്‍ തിരികെ യാത്രയാരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തി. ഡ്രൈവര്‍ക്ക് സലാം പറഞ്ഞു അടുത്ത യാത്രക്ക് ഞങ്ങള്‍ ഒരുങ്ങി. ആലപ്പുഴയില്‍ നിന്നു കോട്ടയത്തേക്കു സര്‍വീസ് ബോട്ടില്‍ ഒരു യാത്ര.

സര്‍ക്കാര്‍ ബോട്ട് സ്റ്റാന്‍റ് ജട്ടിയുടെ സമീപത്തു തന്നെയാണ്. കോട്ടയം എന്ന ബോര്‍ഡും ഉയര്‍ത്തി അഭിമാനപൂര്‍വ്വം ഒരുവന്‍ ജലത്തില്‍ നിലയുറപ്പിച്ചിരുന്നു. കൃത്യം രണ്ടരക്ക് തന്നെ ബോട്ട് യാത്ര ആരംഭിച്ചു. ഒരു സര്‍വീസ് ബോട്ടില്‍ അഞ്ചു ജീവനക്കാരുണ്ട്. രണ്ടു പേര്‍ ബോട്ടു കരയിലേക്ക് അടുപ്പിക്കാനും, ഒരാള്‍ ടിക്കെറ്റ് എടുക്കാനും, മറ്റൊരാള്‍ അടിയില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും, മറ്റൊരാള്‍ ബോട്ടിന്‍റെ മുകളില്‍ ബോട്ട് നിയന്ത്രിക്കാനും. ഞങ്ങള്‍ മുമ്പു സഞ്ചരിച്ച ബോട്ടിനെ അപേക്ഷിച്ചു, വളരെ ശക്തമായ എഞ്ചിനാണ് സര്‍വീസ് ബോട്ടിലുള്ളത്. കായലിന്റെ അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന സ്റ്റോപ്പുകളില്‍ നിന്നും ആളെ എടുക്കാന്‍, വളഞ്ഞും പുളഞ്ഞും ബോട്ടു കായലിലൂടെ മുന്നേറി. ബോട്ട് ഡ്രൈവര്‍ ആരെയെങ്കിലും കാണാതെ പോയെങ്കില്‍, കരയില്‍ നിന്നും ആളുകള്‍ കൂവി ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും കണ്ടു. സര്‍വീസ് ബോട്ട് കോട്ടയത്തേക്കുള്ള അതിന്‍റെ യാത്രാ മധ്യേ,  ടൂറിസ്റ്റ് ബോട്ടുകള്‍ പൊതുവില്‍ പോകാത്ത കുട്ടനാടിന്‍റെ ഹൃദയ ഭാഗങ്ങളിലേക്ക് പ്രവേശിച്ചു. മനുഷ്യ വാസത്തിന്‍റെ നേരിയ ലാഞ്ചന പോലും കാണിക്കാത്ത അനേകം പാടശേഖര ബ്ലോക്കുകള്‍. അവയില്‍ നിന്നും പണിക്കു ശേഷം ബോട്ടില്‍ കയറുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. കായലിലെ സ്വച്ഛമായ അന്തരീക്ഷം. നേരിയ കാറ്റ്. വശങ്ങളില്‍ വിശ്രമിക്കുന്ന കെട്ടുവള്ളങ്ങള്‍. ഇവയിലൂടെയാണ് ഞങ്ങളുടെ ബോട്ട് അതിന്‍റെ മുന്നോട്ടുള്ള ഗതി നടത്തുന്നത്. വേമ്പനാട്ടു കായലില്‍ നിന്നും ബോട്ട് ഒരു നദിയിലേക്ക് പ്രവേശിച്ചു. നദിക്കു കുറുകെയുള്ള നടപ്പാതകള്‍ ബോട്ട് വരുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് റെയില്‍വേ ക്രോസ്സുകളിലെ ബാറുകളെ ഓര്‍മിപ്പിച്ചു. സാവധാനം വശങ്ങളിലെ വീടുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടു ടാറിട്ട റോഡുകള്‍ കണ്ടു. കാറുകള്‍, ലോറികള്‍ക്കും ബസ്സുകള്‍ക്കും വഴിമാറി. ഞങ്ങളുടെ ബോട്ടും നഗരത്തിലേക്കു പ്രവേശിച്ചു. കറുത്ത ബോര്‍ഡില്‍ വെളുത്ത ചായം കൊണ്ടെഴുതിയ "കോട്ടയം" എന്ന വലിയ അക്ഷരങ്ങള്‍ ഞങ്ങളെ കരയിലേക്കു സ്വാഗതം ചെയ്തു.

5 comments:

  1. very nice narration. keep it up.

    ReplyDelete
  2. ഇതുവരെ പോയിട്ടില്ല
    ഇത് വായിച്ചപ്പോ ഒന്ന് പോകണമെന്ന് തോന്നുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഞാനും കുറെ കാലമായി ആഗ്രഹിച്ചതായിരുന്നു അവിടെ ഒന്ന് കറങ്ങണം എന്ന് .കഴിഞ്ഞ ആഴ്ച അത് നടന്നു അതോടെ ആലപ്പുഴയോടുള്ള ഇഷ്ടം തീര്‍ന്നു .കായല്‍ ഇപ്പോള്‍ മലിനമാണ്‌ വെള്ളം കണ്ടാല്‍ അറപ്പ് തോന്നും.ചെറിയ ബോട്ടുകള്‍/സര്‍വീസ് ബോട്ടുകള്‍ യാത്ര തുടങ്ങുന്ന ബസ് സ്റ്റാന്റിനടുത്തുള്ള കനാല്‍ വെള്ളം കറുപ്പ് നിറത്തില്‍ ദുര്‍ഗന്ധം പരത്തുന്ന അവസ്ഥയിലാണ്.കുട്ടനാട് ഭാഗത്ത് ഞാന്‍ കണ്ടത് നശിച്ച് തുടങ്ങുന്ന തെങ്ങുകളാണു.വഴിക്കു ഒരു ഷാപ്പില്‍ കയറി 'മധുരക്കള്ള് 'എന്ന് പറഞ്ഞ സാധനം വാങ്ങി,കുടിച്ചു നോക്കിയപ്പോള്‍ മനസിലായി പഞ്ചസാര വെള്ളം ആയിരുന്നു അതിലും നല്ലതെന്ന്.ഇനി ഞാന്‍ പോകാത്ത ഭാഗത്ത് എന്താണു സ്ഥിതി എന്നറിയില്ല.
    മുന്‍പ് പരിചയപ്പെട്ട ആ നാട്ടുകാരന്‍ പറഞ്ഞതു അവിടെയുള്ളവര്‍ കരിമീന്‍ കഴിക്കാറില്ല എന്നാണു.ടൂറിസത്തിലൂടെ എങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണു ഇന്ന് ആലപ്പുഴ.ബോട്ടുകളില്‍ നിന്നുള്ള ഡീസല്‍ കായലിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.എന്തായാലും അവിടെയുള്ള ചെറിയ തോടുകളിലൂടെ ചെറിയ വള്ളതില്‍ ഒരു യാത്ര എന്റെ സ്വപ്നമാണ്.

    ReplyDelete
  5. കൊള്ളാം ഡാനിഷ്... വളരെ നല്ല ഒരു യാത്രാവിവരണം. ആലപ്പുഴയിൽ ഞങ്ങളുടെ തറവാട് ഉണ്ടായിരുന്നതുകൊണ്ട് പണ്ട് വർഷത്തിൽ ഒരു ആലപ്പുഴസന്ദർശനമെങ്കിലും ഉണ്ടായിരുന്നു.. എന്നാൽ അന്ന് ഉണ്ടായിരുന്ന മനോഹാരിത ഇന്ന് കാണുവാൻ സാധിയ്ക്കുമോ എന്ന് സംശയമാണ്.. അതു പോലെ തന്നെയാണ് ആലപ്പുഴ-കോട്ടയം ബോട്ട് യാത്രയും... അതും ഏറെതവണ ആസ്വദിച്ചിട്ടുണ്ട്.. ആ ഓർമ്മകളിലേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കിനുള്ള അവസരമായി മാറി ഈ യാത്രാവിവരണം.. ഇനിയും ഇത്തരത്തിൽ മനോഹരമായ യാത്രകൾ ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു..
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete