"Dr.ALEX 32 M MAS ERS",
അതിരാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍, ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ വണ്ടിയിലെ ചാര്‍ട്ടില്‍ ഞാന്‍ ഒരു വട്ടം കൂടി നോക്കി. കഞ്ഞി പശയുടെ ദുര്‍ബലമായ പിടുത്തത്തില്‍ നിന്നും അതിന്‍റെ പല ഭാഗങ്ങളും വിട്ടു പോന്നിരുന്നു. മയക്കത്തിന്‍റെ ആലസ്യം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ലെങ്കിലും, ട്രെയിനിന്‍റെ നീണ്ട ഹോണ്‍ മുഴക്കം പെട്ടികള്‍ വേഗത്തില്‍ പ്ലാറ്റ്ഫോമിലേക്കു ഇറക്കി വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രിയിലെ വണ്ടിയിലുള്ള കുടുക്കമോ, പുലര്‍ച്ചെയുള്ള എഴുന്നേല്‍പ്പോ കാരണമെന്നറിയില്ല, തല ഇപ്പോഴും പൂര്‍ണ്ണമായി പ്രവര്‍ത്തനനിരതമാകാന്‍ വിസമ്മതിക്കുന്നു. പെട്ടികള്‍ കണ്ടിട്ടാവണം, ഒന്നു രണ്ടു ചുവന്ന കുപ്പായക്കാര്‍ എന്‍റെ അടുത്തേക്കു ഓടി വരുന്നത്. അവരുടെ സേവനം നിരസിക്കുമ്പോഴുള്ള ഉത്സാഹം, പിന്നീടു പെട്ടി നിരക്കി നീക്കുമ്പോള്‍ ലേശം പോലും ഉണ്ടായിരുന്നില്ല. കറ പറ്റിയ കുപ്പായവും, കുട്ടി നിക്കറും ധരിച്ചു സ്റ്റേഷന്‍റെ വശത്തു നില്‍ക്കുന്ന ആ ശോഷിച്ച രൂപം കണ്മുന്നില്‍ പെടുന്നത് തികച്ചും ആകസ്മികമായാണ്. പെട്ടിയുടെ ഭാരവും, അതിനും മുകളില്‍ പടര്‍ന്നു പന്തലിച്ച അലസതയും അവന്‍റെ സഹായം തേടാന്‍ എന്നെ പ്രേരിപ്പിച്ചു. സഹായം നല്‍കുന്ന വ്യക്തിയോടുള്ള സാമാന്യ മര്യാദയുടെ ഭാഗമായി ഞാന്‍ അവന്‍റെ പേര് ചോദിച്ചു. "അരുണ്‍", അനന്തമായി കിടക്കുന്ന ട്രാക്കുകളില്‍ കണ്ണും നട്ടു അലസമായി അവന്‍ പറഞ്ഞു. "എത്ര വയസ്സായി?", ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു. "എട്ട്". ചോദ്യത്തിനു മാത്രം ഉത്തരം എന്നതാണോ അവന്‍റെ രീതി. "സ്കൂളില്‍ ഒന്നും പോകുന്നില്ലേ?". ഒന്നു ചിരിക്കാന്‍ വേണ്ടി മാത്രം അവന്‍ ആദ്യമായി എന്‍റെ മുഖത്തു നോക്കി. "ഇപ്പോള്‍ പഠിച്ചില്ലെങ്കില്‍ പിന്നീടു ദുഖിച്ചിട്ടു കാര്യമില്ല." "പഠിക്കാന്‍ ആഗ്രഹമുണ്ടു സാര്‍. രണ്ടാം ക്ലാസ്സു വരെ പോയി. അമ്മ പോയപ്പോ പഠിത്തോം നിര്‍ത്തി. വീട്ടില്‍ വേറെ ആരുമില്ല." പ്രീ പെയ്ഡ് ഓട്ടോ കൌണ്ടര്‍ വരെ അവന്‍ എന്‍റെ പെട്ടി എത്തിക്കുവാന്‍ സഹായിച്ചു. ഓട്ടോയില്‍ കയറുമ്പോള്‍ ഒരു നൂറു രൂപ അവന്‍റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ പറഞ്ഞു, "പഠനം കൈവിടരുത്."
ഉണരാന്‍ മടിക്കുന്ന നഗരത്തിലൂടെ ബസ്സ് സ്റ്റാന്‍റ് ലക്ഷ്യമാക്കി ഓട്ടോ സഞ്ചരിച്ചു. എന്നെ ഞാനാക്കുവാന്‍ സഹായിച്ച ഭൌതീക സാഹചര്യങ്ങള്‍, എനിക്കു ലഭിക്കാനിടയായ ഭാഗ്യത്തെക്കുറിച്ചു ഞാന്‍ വീണ്ടും വീണ്ടും ചിന്തിച്ചു. എന്‍റെ കുട്ടിക്കാലവും, അരുണിനെയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതു അവ മാത്രമാണ്. ബസ്സ് സ്റ്റാന്റിൽ കുട്ടിക്കാനം ബോര്‍ഡും ധരിച്ചു മൂക്കുന്തിയ ഒരു കിഴവന്‍ ബസ്സ് യാത്രക്കാരെയും പ്രതീക്ഷിച്ചു കിടപ്പുണ്ട്. അതിലെങ്ങും ആരെയും കാണ്മാനില്ല. കൌണ്ടറില്‍ നിന്നും ബസ്സു പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ കൂടുതലുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ ഒരു ചൂടു ചായയില്‍ അഭയം പ്രാപിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ചൂടന്‍ കാലി ചായ ഊതിയൂതി ശബ്ദമുണ്ടാക്കി കുടിച്ചപ്പോഴുണ്ടായ ആനന്ദം, അതൊരു വിദേശ മലയാളിക്കേ മനസ്സിലാവൂ. ചായ ആസ്വദിച്ച ശേഷം, പെട്ടികളും ചുമന്നു ഞാന്‍ ബസ്സില്‍ കയറി. പത്തു നാല്‍പ്പതു വയസ്സു പ്രായം തോന്നിക്കുന്ന, തൊപ്പി വച്ച ഒരു മധ്യവയസ്കന്‍റെ അരികിലായി ഞാന്‍ ഇരിപ്പിടം പിടിച്ചു. തൊട്ടു മുന്നിലെ സീറ്റില്‍ ഒരു യുവാവും യുവതിയും, സാമിപ്യം ആസ്വദിച്ചു കൊണ്ടും, പരിപോഷിപ്പിച്ചു കൊണ്ടും ഇരുന്നിരുന്നു. മുന്നിലെ സീറ്റില്‍ ഒരു വയസ്സന്‍ കാരണവരും ഉണ്ട്. യുവാക്കളുടെ ഒരു ആറംഗ സംഘവും അല്‍പ സമയത്തിനകം ബസ്സില്‍ കയറി. മൂകമായ ബസ്സിനെ യുവ ശബ്ദങ്ങള്‍ തട്ടിയുണര്‍ത്തി. സമയം പോകെ ആളുകള്‍ ബസ്സില്‍ നിറഞ്ഞു തുടങ്ങി. ഒടുവില്‍ ബസ്സില്‍ നില്‍ക്കാനും സ്ഥലമില്ലാത്ത അവസ്ഥ സംജാതമായി. വേനലില്‍ ചുട്ടു പഴുത്തു നില്‍ക്കുന്ന മണല്‍ത്തരികള്‍ക്കു മഴയുടെ കാഹളം പോലെ, ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ കയറി. മുന്നില്‍ നിന്നായി ഡബിള്‍ ബെല്‍ മുഴങ്ങി. "എങ്ങോട്ടാണ്?", വശത്തു നിന്നു കണ്ടക്ടര്‍ ചോദിച്ചു. "കുട്ടിക്കാനം". "എഴുപതു രൂപ.", "എത്താന്‍ എത്ര സമയം എടുക്കും?" "ഒരു മൂന്നര മണിക്കൂര്‍". കണ്ടക്ടര്‍ തിരക്കിലൂടെ മുന്നിലേക്കു ഊളിയിട്ടു ഊളിയിട്ടു കടന്നു പോയി. തലേന്നത്തെ ഉറക്ക ക്ഷീണം കൊണ്ടോ എന്തോ, ഞാനും അറിയാതെ മയക്കത്തിലേക്കു ഊളിയിട്ടു.
അതിശക്തമായ എന്തോ ഒന്നു എന്നെ എടുത്തെറിയുന്നു എന്ന ഞെട്ടലിലാണ് ഞാന്‍ കണ്ണുകള്‍ മിഴിച്ചത്. യഥാര്‍ത്ഥ ലക്ഷ്യസ്ഥാനം ബോധമണ്ഡലത്തിലേക്കെത്താന്‍ പിന്നെയും സമയമെടുത്തു. ഇത്രനേരവും, ഓരോ വളവിലും എന്‍റെ ആക്രമണം സഹിച്ച് സമീപം ഇരുന്നിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു, അയാള്‍ തിരിച്ചും. മുന്നിലുള്ള യുവതിയും, യുവാവും കയറിയപ്പോഴുള്ളതിനേക്കാള്‍ അല്‍പ്പം കൂടി ചേര്‍ന്നാണോ ഇരിക്കുന്നതു എന്നൊരു സംശയവും ഇല്ലാതില്ല. വണ്ടിയിലെ തിരക്കു അശ്ശേഷം കുറഞ്ഞിരിക്കുന്നുവെന്നതു സന്തോഷം നല്‍കിയ വിവരമാണ്. ഞാന്‍ വേഗം വാച്ചിലേക്കു കണ്ണോടിച്ചു. പുറപ്പെട്ടിട്ടു ഒന്നര മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. പുറകില്‍ യുവസംഘത്തിന്‍റെ പാട്ടു മല്‍സരം നടക്കുന്നു. ഞാനും അതില്‍ സാവധാനം താളം പിടിച്ചു. "എങ്ങോട്ടാണ്?", ഞാന്‍ വശത്തിരുന്ന മദ്ധ്യവയസ്കനോടു ചോദിച്ചു. അയാള്‍ കേട്ടില്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ ചോദ്യം ഒന്നു കൂടി ആവര്‍ത്തിച്ചു. "കുട്ടിക്കാനം". അയാള്‍ ആ മറുപടി പറഞ്ഞ ഭാവത്തില്‍, ആവശ്യമില്ലാതെ സ്വകാര്യതയില്‍ ഇടിച്ചുകയറാതെ വായടച്ചു ഇരുന്നു കൂടെ എന്നുള്ള സന്ദേശം വ്യക്തമായി അടങ്ങിയിരുന്നു. "അല്ലെങ്കിലും എനിക്കിതു വേണം", ഞാന്‍ ആത്മവിമര്‍ശനം നടത്തി.
വണ്ടി മലനിരകള്‍ നിരങ്ങി നിരങ്ങി കയറുകയാണ്. മൂക്കുന്തിയ ആ കേളവനു സാധിക്കാവുന്നതിലും അധികമാണു ഈ ജോലിയെന്നു വ്യക്തമായും ഓര്‍മ്മപ്പെടുത്തുന്ന ചില ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്കു എഞ്ചിന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഡിസംബര്‍ മാസം, അതിന്‍റെ സ്വതസിദ്ധമായ വെള്ള പുതപ്പു കൊണ്ടു മലനിരകളെ മറച്ചു തുടങ്ങിയിരിക്കുന്നു. സമയം പത്തു മണിയായെങ്കിലും, വണ്ടിയെ കീറിമുറിച്ചു പായുന്ന ഇളംകാറ്റിനു, പുലര്‍ച്ചയുടെ കുളിര്‍മ ഇനിയും വിട്ടു മാറിയിട്ടില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു കടക്കുന്നതു പാപമാണെന്നറിയാമായിരുന്നിട്ടു കൂടി കണ്ണുകള്‍ മുന്നിലിരിക്കുന്ന ദമ്പതികളുടെ ഇടയിലേക്കു എന്‍റെ അനുവാദം വാങ്ങാതെ പലപ്പോഴും സഞ്ചരിച്ചു. പുറകിലുള്ള പാട്ടു മല്‍സരം, അതിന്‍റെ എല്ലാവിധ ശക്തിയും, ആവേശവും കൈവരിച്ചു നടക്കുന്നുണ്ട്. ബാഹ്യ സാഹചര്യങ്ങളെല്ലാം എന്നെ വീണ്ടും ഒരു മലയാളിയാക്കി മാറ്റി. ബസ്സു കുട്ടിക്കാനം ലക്‌ഷ്യം വച്ചാണു യാത്ര ചെയ്തിരുന്നതെങ്കിലും, ഞാന്‍ ചിന്തകളെ താല്‍ക്കാലികമായി ഭൂതകാലം തിരയുന്ന ഒരു പേടകത്തില്‍ കയറ്റിയിരുത്തി.
ഗോമസ്സ് അച്ചന്‍, തന്‍റെ എല്ലാ പ്രൌഡിയും പ്രതാപത്തോടും കൂടി കോട്ടയത്തെ സെയിന്‍റ് ജോസഫ്സ് അനാഥ മന്ദിരം നയിച്ചിരുന്നു. നാട്ടുകാരെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പറയട്ടെ, ഞാന്‍ ബാല്യകാലം ചിലവഴിച്ച അനാഥമന്ദിരത്തിന്‍റെ ഡയറക്ടര്‍ ആണു അച്ചന്‍. അച്ചന്‍റെ ക്ഷോഭവും, ശകാരവും എല്ലാം ചൂരലിന്‍റെ രൂപത്തില്‍ പുറത്തു വരുന്നതു, മാര്‍ക്കു കുറയുമ്പോള്‍ മാത്രമാണ്. "നിനക്കൊക്കെ എന്തിന്‍റെ കേടാണെടാ ഇവിടെയുള്ളത്? നാലു നേരം മൂക്കു മുട്ടെ തിന്നാന്‍ കിട്ടുന്നില്ലേ. ഇരുന്നു പഠിച്ചാലെന്താ?". ഈ വാചകങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ കേട്ടവരാരും പിന്നീടൊരിക്കലും അതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതിനൊപ്പം തന്നെ തുടയില്‍ പതിക്കുന്ന ചൂരല്‍ വടിയുടെ സ്നേഹസ്പര്‍ശം, ഉറക്കത്തില്‍ പോലും പഠനത്തിന്‍റെ ആവശ്യകതയെ പറ്റി ഓര്‍മ്മകള്‍ ജനിപ്പിക്കും. "ചായ കുടിക്കാം, പത്തു മിനിറ്റുണ്ട്.", കണ്ടക്ടറുടെ ഒട്ടും ഗാംഭീര്യമില്ലാത്ത ആ ശബ്ദം പുറകില്‍ നിന്നുത്ഭവിച്ചു, വണ്ടിയില്‍ ചുറ്റി സഞ്ചരിച്ചു.
കയറ്റത്തിലെ ഒരു വളവിലാണു വണ്ടി നിര്‍ത്തിയിരിക്കുന്നത്. അവിടെ ആകെ ഒരു ചായക്കടയേ ഉള്ളു. യുവസംഘം ഇറങ്ങി ഫോട്ടോ എടുക്കുവാന്‍ ഓടി. കാമുകനും, കാമുകിയും പ്രണയം നുകര്‍ന്നു ബസ്സില്‍ തന്നെ ഇരിക്കുകയാണ്. ഞാനും, എന്‍റെ സമീപമിരിക്കുന്ന മധ്യവയസ്കനും, മറ്റു അഞ്ചാറു പേരും, ചായക്കടയിലെത്തി. തണുപ്പത്തു, ചൂടു ചായ നല്‍കിയ ഒരു സുഖം. തമിഴ്നാട്ടിലെ ചൂടും, പൊടിയും, വരള്‍ച്ചയും അനുഭവിച്ചു, ഇത്ര മനോഹരമായ ഒരു നാടു വിട്ടു, ഞാനെന്തിനു അവിടെ പോയി കിടക്കണം? മദ്ധ്യവയസ്കന്‍ പോക്കറ്റില്‍ നിന്നു പൈസ എടുത്തപ്പോള്‍ മറ്റൊരു കടലാസു കൂടി താഴെ ചാടി. അയാള്‍ അതു കണ്ടില്ലെന്നു തോന്നുന്നു. ഞാന്‍ അതെടുത്തു, "RCC പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്" എന്ന തലക്കെട്ടിനടിയിലായി, കുറച്ചു മരുന്നുകളുടെ പേരു വിവരം ഉണ്ടായിരുന്നു. "താങ്കളുടെയാണെന്നു തോന്നുന്നു", ഞാന്‍ കടലാസു തിരികെ ഏല്‍പ്പിച്ചു കൊണ്ടു പറഞ്ഞു.
അല്‍പ നേരത്തിനു ശേഷം വീണ്ടും ഡബിള്‍ ബെല്‍ മുഴങ്ങി. ദീര്‍ഘ നേരത്തെ ഇരുപ്പിനു ശേഷം വീണുകിട്ടിയ ചെറിയൊരു ഇടവേള ആളുകളെ ഉന്മേഷവാന്മാരാക്കിയിരുന്നു. "ഞാനൊരു ഡോക്ടറാണ്. ക്യാന്‍സറിനു ഇപ്പോള്‍ ചികല്‍യൊക്കെയുണ്ട്. പേടിക്കാനില്ല". സമീപമിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ അതിനു മറുപടിയെന്നോണം തലയിലെ തൊപ്പിയൂരി. രോമകൂപങ്ങളുടെ നേര്‍ത്ത അംശം പോലും ഇല്ലാതിരുന്ന ആ മൂര്‍ദ്ധാവ്, അയാള്‍ കടന്നുപോയിട്ടുള്ള ചികല്‍സയെക്കുറിച്ചു എനിക്കു ചെറിയൊരു രൂപം നല്‍കി. "നാലാം സ്റ്റേജിലുള്ള ഒരു ക്യാന്‍സര്‍ രോഗിക്കു എന്തു ചികല്‍സയാണുള്ളത്? എനിക്കായി പ്രത്യേകിച്ചു ആശ്വാസവചനങ്ങള്‍ ഒന്നും ആവശ്യമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെയാണ്, RCCയുടെ പാലിയേറ്റീവ് യൂണിറ്റില്‍ നിന്നും ഞാന്‍ സ്വയം ഇറങ്ങി പോന്നത്. ഇപ്പോള്‍ അവര്‍ അവിടെ എന്നെ അന്വേഷിക്കുന്നുണ്ടാവും. ഭൂമിയില്‍ ഇത്ര നല്ല സ്ഥലങ്ങളുള്ളപ്പോള്‍, അവസാനം നമ്മള്‍ എന്തിനു മരുന്നു മണക്കുന്ന ആ അടഞ്ഞ മുറിയിലാക്കുന്നു? വേദനഹാരികള്‍ ഞാന്‍ എടുത്തിട്ടുണ്ട്. യൂണിറ്റിലുള്ള നടക്കാന്‍ ആരോഗ്യമുള്ള എല്ലാവരും ഇങ്ങനെയൊന്നു കൊതിക്കുന്നുണ്ട്. പക്ഷെ, അതിനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ലല്ലോ." ഇതിനു എനിക്കു പ്രത്യേകിച്ചു മറുപടിയൊന്നുമുണ്ടായില്ല. അല്‍പ നേരത്തിനു ശേഷം, അയാള്‍ സ്വയം പരിചയപ്പെടുത്തി, "എന്‍റെ പേരു സുനില്‍. സ്ഥലം കൊല്ലത്തിനടുത്തു കുണ്ടറയാണ്. ഡോക്ടറുടെ പേരെന്താണ്?", ഞാന്‍ പറഞ്ഞു, "അലക്സ്. കോട്ടയത്തെ ഒരു അനാഥ മന്ദിരത്തില്‍ വളര്‍ന്നു. ഇപ്പോള്‍ മദ്രാസില്‍ ഹൃദ്രോഗവിദഗ്ദനായി ജോലി ചെയ്യുന്നു.". "ഒരു അനാഥ മന്ദിരത്തില്‍ നിന്നും ഹൃദ്രോഗവിദഗ്ദനിലേക്കോ? സാര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നു." "ഒരു അസുഖത്തെ, അതിന്‍റെ ഭീഷണിയെ, അല്‍പം വില പോലും നല്‍കാതെ പഴംചാക്കിനു തുല്യം പുറത്തേക്കു വലിച്ചെറിയുന്ന ആ മനസ്സു കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു.", ഞാന്‍ പറഞ്ഞു. പിന്നീടു സുനിലിനോടു സംസാരിക്കാന്‍ ഒന്നുമുണ്ടായില്ല. അയാളും പുറത്തെ മഞ്ഞു മൂടിയ മലനിരകളിലേക്കു കണ്ണും നട്ടിരുന്നു. ബസ്സ് മണിക്കൂറുകളായി അതിന്‍റെ കിതപ്പു തുടങ്ങിയിട്ട്. ആളുകളെ മുകളിലേക്കെത്തിക്കാന്‍ അനുസ്യൂതം അതു കഷ്ടപ്പെടുന്നുണ്ട്.
ഞാന്‍ ഓര്‍മ്മകളില്‍ വീണ്ടും ഗോമസ് അച്ചന്‍റെ തറവാട്ടു മുറ്റത്തെത്തി. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം, അച്ചന്‍ എന്‍റെ അടുക്കല്‍ വന്നു, "നീ ഒരു ഡോക്ടറായി കാണണമെന്നാണു എന്‍റെ ആഗ്രഹം. അനാഥാലയത്തിനു, അന്യ സംസ്ഥാനങ്ങളില്‍ വിട്ടു പൈസ കൊടുത്തു പഠിപ്പിക്കാന്‍ കഴിയില്ല എന്നു നിനക്കറിയാമല്ലോ. നീ എന്‍ട്രന്‍സ് എഴുതി തന്നെ സീറ്റ് മേടിക്കണം. നിന്‍റെ കഴിവിനുള്ള ഒരു അംഗീകാരം കൂടിയാവും അത്. നിനക്കു അതിനു കഴിയും.", അച്ചന്‍ എന്‍റെ തോളില്‍ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു. ചൂരലു കൊണ്ടല്ലാതെ ആ വൈദീകന്‍ ആദ്യമായായിരുന്നു എന്നെ സ്പര്‍ശിക്കുന്നത്. കുട്ടികള്‍ക്കു പ്രായമാവുമ്പോള്‍ അവരെ സ്വയം പര്യാപ്തരാക്കാന്‍ അച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. പഠിക്കാന്‍ മോശമായവര്‍ക്കു അച്ചന്‍ തന്നെ എന്തെങ്കിലും കൈ തൊഴിലിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്കു ബാഗുമായി ഞാന്‍ ഇറങ്ങുമ്പോള്‍, അച്ചന്‍ പറഞ്ഞു, "ഇവിടുത്തെ കാര്യങ്ങള്‍ ഇനി നിന്നെ ഒരിക്കലും അലട്ടരുത്. അതിനു ഞാനും മറ്റച്ചന്മാരും ഉണ്ട്. നീ അന്തസ്സുള്ള ഒരു ജീവിതത്തിനു വേണ്ടി പോരാട്ടം തുടങ്ങാന്‍ പോകുന്നു. അതു നിനക്കു ജന്മം തന്നു തെരുവിലേക്കു വലിച്ചെറിഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ്. നീ ഇവിടെയുള്ള നിന്‍റെ അനുജന്മാര്‍ക്കു എന്നും ഒരു പ്രചോദനമായി നിലകൊള്ളണം. നീ മറ്റുള്ളവരെപോലെ എന്നും എന്‍റെ പ്രാര്‍ത്ഥനയിലുണ്ടാവും. തിരിച്ചും പ്രാര്‍ത്ഥിക്കണം." അച്ചന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠനത്തിലെ ഓരോ ഘട്ടത്തിലും എന്നെ മുന്നോട്ടു നയിച്ചു.
വിറയ്ക്കുന്ന ഒരു കര സ്പര്‍ശം എന്‍റെ ശ്രദ്ധയെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചു. "ഞാന്‍ മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല, ഈ അസുഖം എങ്ങനെയെങ്കിലും ഭേദമാക്കാന്‍ പറ്റുമോ ഡോക്ടര്‍." സുനിലിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാവമാറ്റമായിരുന്നു അത്. അയാളുടെ രോഗ വിവരത്തിന്‍റെ രേഘകള്‍ നോക്കിയ ശേഷം ഞാന്‍ പറഞ്ഞു, "ബുദ്ധിമുട്ടാണ്." ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വെറുക്കുന്ന നിമിഷങ്ങളാണിവ. കാര്‍ഡിയോളജി ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുവാന്‍ ഒരു പ്രധാന കാരണവും, ഇത്തരം മാറാരോഗങ്ങളുടെ കുറവായിരുന്നു. പുറകില്‍ വിദ്യാര്‍ത്ഥി സംഘങ്ങളില്‍ നിന്നായി, സിഗററ്റിന്‍റെ പുക ഉയര്‍ന്നു. കൂട്ടത്തില്‍ വലിക്കാത്ത ഒരുത്തനെ നിര്‍ബന്ധിക്കുകയാണെന്നു തോന്നുന്നു, "ജീവിതം എന്‍ജോയ് ചെയ്യളിയാ. ഒരു പഫ് എടുത്തു നോക്ക്. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പഴാ. " സിഗരറ്റ് പുക ബുസ്സിലാകെ അസ്വസ്ഥതയുണ്ടാക്കി. താമസിയാതെ കണ്ടക്ടര്‍ അവരെ വിലക്കുന്നതും കേട്ടു. "മരണത്തിനുള്ള കാരണം അന്വേഷിച്ചു വേവലാതി പൂണ്ടു നടക്കുന്ന ഒരു പഥികനാണു ഞാന്‍." സന്ദര്‍ഭത്തിനു യോജിക്കുമോ എന്നു നോക്കാതെ ഞാന്‍ സുനിലിന്‍റെ അടുത്തു കാവ്യാത്മകമായി പറഞ്ഞു. ഇതു അയാളില്‍ ചെറിയൊരു ചിരി പടര്‍ത്തി. "താങ്കള്‍ കുട്ടിക്കാനം വരെ ഉണ്ടാകുമോ?", ഞാന്‍ ചോദിച്ചു. "അങ്ങനെ ഇന്ന സ്ഥലമെന്നൊന്നുവില്ല. വഴിയില്‍ നല്ല ഒരു സ്ഥലം കണ്ടാല്‍ അവിടെ ഇറങ്ങും. ബാക്കി അപ്പോള്‍", അയാള്‍ പറഞ്ഞു. വണ്ടി യാത്ര തുടങ്ങിയിട്ടു മൂന്നു മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. "enjoy the life as it comes", പുറകില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വരികള്‍ ഉയര്‍ന്നു.
ഇടയ്ക്കിടയ്ക്കു ഉറക്കത്തിന്‍റെ ഉള്‍വിളികള്‍ തലയില്‍ എത്തുന്നുണ്ട്. ഞാന്‍ വീണ്ടും ഒന്നു മയങ്ങി. ചെവിയിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ തടയാന്‍ കമ്പിളി പുതച്ചാണ് ഉറക്കം. പത്തു, പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും, സുനില്‍ എന്നെ തട്ടിയുണര്‍ത്തി, "സാര്‍ ഈ സ്ഥലം കണ്ടോ. എത്ര മനോഹരമായിരിക്കുന്നു." പല വര്‍ണ്ണ ഇലകളുമായി പൈന്‍ മരങ്ങള്‍ ചുറ്റിലും. വിരളമായി, അവിടിവിടെ ടൂറിസ്റ്റ് വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്നു എഴുന്നേല്‍ക്കാന്‍ തയ്യാറെടുത്തുകൊണ്ടു പറഞ്ഞു, "ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയാ. പരസ്പരം ഇനി കാണില്ല. പ്രാര്‍ത്ഥനകളില്‍ എന്നെ കൂടി ഓര്‍മ്മിക്കണം". "എനിക്കു ഒരാശംസയും നേരുന്നില്ലേ?", ഞാന്‍ വെറുതെ സുനിലിന്‍റെ അടുക്കല്‍ ചോദിച്ചു. "സാറിനു, ഇതുപോലെ മനോഹരമായ ഒരു സ്ഥലത്തു, ശുദ്ധ വായു ശ്വസിച്ചു, വേദനരഹിതമായ ഒരു മരണമുണ്ടാകട്ടെ." ഞാന്‍ അതു കേട്ടു ചിരിച്ചു, "ലോകത്തു ഏതൊരു വ്യക്തിക്കും ലഭിക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ ഭാഗ്യം.", ഞാന്‍ മനസ്സില്‍ പറഞ്ഞു. കുട്ടികളെ പോലെ വിടര്‍ന്ന കണ്ണുകളുമായി അയാള്‍ ആ പൈന്‍ മരങ്ങള്‍ക്കിടയിലേക്കു ഇറങ്ങി, . ഡബിള്‍ ബെല്‍ മുഴങ്ങി. "ജീവിതം എത്ര സുന്ദരം, മനോഹരം", വിദ്യാര്‍ത്ഥികള്‍ സന്തോഷ ലഹരിയിലാണെന്നു തോന്നുന്നു. "കുട്ടിക്കാനം എത്താന്‍ എത്ര സമയം കൂടി എടുക്കും?", ഞാന്‍ കണ്ടക്ടറോടു ചോദിച്ചു. "ഒരു പത്തു മിനിറ്റു സാര്‍", അയാള്‍ പറഞ്ഞു. മുന്നിലുള്ള യുവാവും, യുവതിയും ചുറ്റുമുളള തണുപ്പിനെ ആസ്വദിക്കുകയാണ്. അവസാനം, ആ കിളവന്‍ ബസ്സ്, ഞങ്ങളെയും വഹിച്ചു കൊണ്ട്, കുട്ടിക്കാനം ബസ്സ് സ്റ്റാന്റിൽ എത്തി. ബസ്സില്‍ അവസാന സിംഗിള്‍ ബെല്‍ മുഴങ്ങി. എല്ലാവരും ഇറങ്ങി. സമയം ഉച്ചക്കു പന്ത്രണ്ടു കഴിഞ്ഞു. യുവാക്കളുടെ സംഘവും, ദമ്പതികളും എല്ലാവരും തിരക്കിലാണ്. നിമിഷ നേരം കൊണ്ടു അവര്‍ ആളുകള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നു. ഞാന്‍ സാവധാനം മുന്നില്‍ പോയി, ഇത്രയം ദൂരം എന്നെ വഹിച്ചു കൊണ്ടു വന്ന വണ്ടിയുടെ, ശ്വാസോച്ഛ്വാസം നടന്നിരുന്ന മൂക്കില്‍ ഒന്നു തലോടി. കുട്ടിക്കാനത്തെ തണുപ്പിനിടയിലും വണ്ടിയുടെ ഉള്ളിലെ ചൂടു ഞാന്‍ അറിഞ്ഞു. സാവധാനം ഞാന്‍ ടൌണിലേക്കു നടന്നു.
"പാസ്റ്ററല്‍ സെന്‍റര്‍ വരെ ഒന്നു പോകണം". ടൌണില്‍ മുന്‍വശത്തായി കിടന്നിരുന്ന ഒരു ഓട്ടോക്കാരനോടായി ഞാന്‍ പറഞ്ഞു. രണ്ടു കിലോമീറ്ററിനു അയാള്‍ അമ്പതു രൂപ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചു. സാവധാനം, പൂന്തോട്ടങ്ങള്‍ അതിര്‍ത്തി പാകിയിരിക്കുന്ന ആ കെട്ടിടത്തിലേക്കു ഞാന്‍ എത്തിച്ചേര്‍ന്നു. അച്ചന്മാര്‍ വിശ്രമജീവിതം നയിക്കുന്നിടമാണു ഇവിടം. "ഫാദര്‍ ഗോമസിനെ ഒന്നു കാണണം", ഞാന്‍ അവിടെ കണ്ട ഒരു കന്യാസ്ത്രീയോടായി പറഞ്ഞു. "ആരു വന്നെന്നു പറയണം", അവര്‍ ചോദിച്ചു. "അലക്സ് വന്നെന്നു പറഞ്ഞാല്‍ മതി." സിസ്റ്റര്‍ സാവധാനം അകത്തേക്കു പോയി. ഒരു മനുഷ്യായുസ്സു മുഴുവന്‍ ദൈവത്തെ സേവിച്ച ശേഷം, അവിടുത്തിങ്കലേക്കു പോകാനുള്ള വഴി തുറക്കാനുള്ള പ്രാര്‍ത്ഥനയുമായി, വീടിന്‍റെ അവിടിവിടെ പ്രായം ചെന്ന ധാരാളം അച്ചന്മാര്‍ ഇരിക്കുകയും, നടക്കുകയും ചെയ്യുന്നുണ്ട്. ആ പ്രദേശം മനോഹരമാണ്, ശാന്തവുമാണ്. ആര്‍ക്കും വേവലാതിയില്ല, തിരക്കുമില്ല. കിട്ടുന്നതിനെ അവിടെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. മരണം ഒരു സാധാരണ സംഭവവുമാണ്. ഓരോരുത്തരും താന്താങ്ങളുടെ ദിനങ്ങള്‍ എണ്ണി കഴിയുന്നു. "എടാ നീ വന്നോ?", പരിചയമുള്ള ആ ശബ്ദത്തിനു അല്‍പ്പം ഇടര്‍ച്ച വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു മാറ്റമൊന്നുമില്ല. ചക്രക്കസേരയിലാണു സഞ്ചാരം. ഉരുട്ടിക്കൊണ്ടു വന്ന കന്യാസ്ത്രീയോടായി, അച്ചന്‍ പറഞ്ഞു, "എന്‍റെ ശിഷ്യനാ. ഇപ്പോ മദ്രാസില്‍ ഡോക്ടറാ." തങ്ങളെ സന്ദര്‍ശിക്കാന്‍ ആരെങ്കിലും എത്തുന്നതു പ്രായമായവര്‍ക്കു അഭിമാനം നല്‍കുന്ന കാര്യമാണ്. "ഞാന്‍ നാളയെ പോകുന്നുള്ളൂ അച്ചാ". അച്ചന്‍റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. എനിക്കുള്ള മുറി നിമിഷ നേരം കൊണ്ടു തയ്യാറായി. ആയ കാലത്തെ സല്‍പ്രവര്‍ത്തനങ്ങള്‍ നിമിത്തം, ധാരാളം ഉയര്‍ന്ന നിലയിലുള്ള സന്ദര്‍ശകരുള്ള വ്യക്തിയാണു ഫാദേര്‍ ഗോമസ്. ഞാന്‍ ഒന്നു കുളിച്ചു ഫ്രെഷ് ആകുവാനായി മുറിക്കുള്ളിലേക്കു പോയി.
അച്ചനോടൊപ്പം ഉച്ചഭക്ഷണം കഴിക്കവേ ഞാന്‍ ചോദിച്ചു, "നമുക്കു ഉച്ചക്കു ശേഷം ഒന്നു പുറത്തു പോയാലോ". പുറമേയ്ക്കു പോകുന്നതു അച്ചനും വളരെ താല്‍പ്പര്യമുള്ള കാര്യമാണ്. ഉച്ചയ്ക്കു ഒന്നു മയങ്ങിയ ശേഷം, നാലു മണിയോടെ ഞങ്ങള്‍ സെന്‍ററിലെ വണ്ടിയുമായി പുറപ്പെട്ടു. ഞാനാണ് ഓടിച്ചത്. പുല്‍ച്ചെടികള്‍ ഭൂമിയെ മറച്ച ഒരു കുന്നിന്‍ ചെരുവില്‍ ഞാന്‍ വണ്ടി നിര്‍ത്തി. അച്ചനെ വണ്ടിയില്‍ നിന്നിറക്കി, ചക്രക്കസേരയില്‍ ഇരുത്തി. ഞാന്‍ ആ മൊട്ടക്കുന്നിലൂടെ അച്ഛനെയും കൊണ്ടു സഞ്ചരിച്ചു. കുന്നിന്‍റെ ഏറ്റവും ഉയരത്തില്‍ ഞാന്‍ കസേര നിര്‍ത്തി. മൂടല്‍ മഞ്ഞു നിറഞ്ഞ തണുത്ത ഇളം കാറ്റു പ്രദേശമാകെ പൊതിഞ്ഞു, ഞാന്‍ ചോദിച്ചു, "എന്‍റെ അച്ഛനും അമ്മയും ആരാണെന്നു അച്ചനറിയുമോ?". "എന്തു പറ്റി വര്‍ഷങ്ങള്‍ക്കു ശേഷം പൈതൃകം അന്വേഷിക്കാന്‍?", അച്ചന്‍ ചോദിച്ചു. "അവരുടെ മുന്നില്‍ പോയി നില്‍ക്കാന്‍. നിങ്ങള്‍ ഉപേക്ഷിച്ച ആ പോടികുഞ്ഞു ഇത്രയും വളര്‍ന്നു എന്നു പറയാന്‍.", എന്‍റെ ശബ്ദം കനത്തിരുന്നു. കുറച്ചു നേരം അച്ചന്‍ ആലോചിച്ചിരുന്നു, ഓര്‍മ്മകള്‍ക്കായി ആ മനസ്സു പരതുന്ന പോലെ. "നിന്നെ എനിക്കു അനാഥ മന്ദിരത്തിന്‍റെ വാതില്‍ക്കല്‍ നിന്നാണു ലഭിച്ചത്. മഴ തോര്‍ന്ന ആ രാത്രിയില്‍ ഞാന്‍ ഗേറ്റ് അടക്കാനായി പുറത്തു കടന്നതാണ്. ഒരു ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ അവിടെ കേട്ടു. നീ അല്‍പ്പം പോലും മഴ നനഞ്ഞിരുന്നില്ല. അതിനര്‍ത്ഥം നിന്നെ മാറോടണച്ചു സംരക്ഷിച്ചു കൊണ്ടു നിന്‍റെ അമ്മ പരിസരത്തെവിടെയോ നിന്നിരുന്നു. ഞാന്‍ ചുറ്റും നോക്കിയെങ്കിലും ആരെയും കാണാനായില്ല. അല്‍പം ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നതു പിന്നീടു ഞാന്‍ കണ്ടു. അവരെ വിളിച്ചെങ്കിലും, വിളി കേള്‍ക്കാത്തതായി ഭാവിച്ചു അവര്‍ വിദൂരതയിലേക്കു നടന്നു നീങ്ങി." അച്ചന്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "അര്‍ത്ഥശൂന്യമായ ഭൂതകാലം അന്വേഷിച്ചു സമയം കളയുന്നവനല്ല, അര്‍ത്ഥസംപുഷ്ടമായ ഭാവി കണ്ടെത്തുന്നവനാണു യഥാര്‍ത്ഥ വിജയി." പിന്നീടു അതേ പറ്റി ഒന്നും ചോദിക്കുവാന്‍ എനിക്കുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്‍ മടങ്ങി.
പിറ്റേന്നു എന്‍റെ വകയായി പ്രത്യേക പരിശോധന ആശ്രമത്തിലെ എല്ലാ അന്തേവാസികള്‍ക്കും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇറങ്ങുന്നതിനു മുമ്പായി അച്ചന്‍ പറഞ്ഞു, "വര്‍ഷങ്ങളുടെ പൈതൃകം അവകാശപ്പെടാനുണ്ടെങ്കിലും, ഒരാളെ പോലും ജീവിത ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ അവനെക്കൊണ്ടു ദൈവത്തിനും, ലോകത്തിനും എന്തു പ്രയോജനം?" ഒന്നു നിര്‍ത്തിയ ശേഷം അച്ചന്‍ തുടര്‍ന്നു, "നീ ഇടയ്ക്കൊക്കെ ഇവിടെ വരണം". ആ കരങ്ങളില്‍ ഒന്നു ചുംബിച്ചു, ഞാന്‍ സെന്‍ററില്‍ നിന്നു പടിയിറങ്ങി. ഇന്നു എന്‍റെ മേല്‍ പരിപൂര്‍ണ്ണ അവകാശമുള്ള ഒരേയൊരു കൈകളാണവ. തിരികെ ബസ്സ് സ്റ്റാന്റിൽ മൂക്കുന്തിയ ആ പഴഞ്ചന്‍ ബസ്സ് ഒരു മടക്കയാത്രക്കു തയ്യാറായി കിടപ്പുണ്ടായിരുന്നു. തലേന്നു കണ്ട യുവതി ഇന്നു മറ്റൊരുവന്‍റെ ഒപ്പം ടൌണിലൂടെ നടന്നു പോകുന്നത് ബസ്സിലിരുന്നു ഞാന്‍ കണ്ടു. മടക്കയാത്രയില്‍ ആ പൈന്‍ മരങ്ങള്‍ക്കിടയില്‍ ഞാന്‍ സുനിലിനെ തിരഞ്ഞെങ്കിലും, കാറ്റത്തു ഇളകിയാടുന്ന മരങ്ങളും, ഏതാനും ടൂറിസ്റ്റു വണ്ടികളും മാത്രമാണു കാണാനായത്. മടക്കയാത്ര ഏതാണ്ടു മുഴുവനായും ഞാന്‍ ഉറക്കത്തിനു സമര്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍, ഏറെ നേരത്തെ തിരച്ചിലിനിടയില്‍ ഞാന്‍ അരുണിനെ കണ്ടെത്തി. പെട്ടി എടുക്കാന്‍ അവന്‍ എന്നെ സഹായിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്, ഒരു കവര്‍ ഞാന്‍ അവനെ ഏല്‍പ്പിച്ചു. സാവധാനം അവന്‍ അതു പൊട്ടിച്ചു. അതില്‍ ഒരെഴുത്തും, മദ്രാസിലേക്കു ഒരു ടിക്കെറ്റുമായിരുന്നു. ആ എഴുത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു, "നാളത്തെ വണ്ടിയില്‍ മദ്രാസിലേക്കുള്ള ടിക്കറ്റ് ഇതിലുണ്ട്. അവിടെയെത്തിയാല്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. എന്നെ ഗോമസ് അച്ചന്‍ വളര്‍ത്തിയതു പോലെ നിന്നെ ഞാന്‍ വളര്‍ത്തും. ഒടുവില്‍, ഞാന്‍ എന്‍റെ ഭാവിയെ കണ്ടെത്തിയിരിക്കുന്നു, തികച്ചും അര്‍ത്ഥസംപുഷ്ടമായ എന്‍റെ ഭാവിയെ." ട്രെയിനിന്‍റെ ചൂളം വിളി ഉയരുമ്പോള്‍, അവന്‍റെ കണ്ണുകള്‍ നിറയുന്നത് പ്ലാറ്റ്ഫോമിലെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.