അന്നു പുലര്‍ച്ചെ തുടങ്ങിയ മഴ ഉച്ചയായിട്ടും തോര്‍ന്നിരുന്നില്ല. വാഴപ്പിള്ളി, വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ പള്ളിയും, പരിസരങ്ങളും മഴയത്തും തണുപ്പിലും വിറങ്ങലിച്ചു നിന്നു. നിരന്തരമായ പേമാരിയിലും, വിശുദ്ധന്‍റെ പ്രതിമ അതേ ഗാംഭീര്യത്തില്‍ നിലകൊണ്ടു. വ്യാളിയുടെ വായിലേക്കു കുന്തം കയറ്റുന്ന ആ പ്രതിമയിലൂടെ ജലകണങ്ങള്‍ ധാരയായി പ്രവഹിച്ചു. അകത്തു സങ്കീര്‍ത്തിയില്‍, ജെറി ധൂപക്കുറ്റി ഒരുക്കുന്നതിന്‍റെ തിരക്കിലായിരുന്നു. പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുന്നുണ്ട്. ധൂപക്കുറ്റിയിലെ ചിരട്ടക്കരിയില്‍ നിന്നുയര്‍ന്ന ചൂട്, അവനു താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. അതില്‍ കുന്തിരിക്കം വെന്തുരുകുമ്പോള്‍ ഉയരുന്ന സുഗന്തപൂരിയായ പുക സ്വര്‍ഗലോകം വരെ പ്രവഹിച്ചു. കപ്യാരായ ജെറി, ഇതുപോലെ എത്രയോ കുര്‍ബ്ബാനകള്‍ക്കു കുന്തിരിക്കം പുകച്ചിരിക്കുന്നു. വിവാഹ ശേഷം ദമ്പതികളും, ആഘോഷങ്ങളും പള്ളിയില്‍ നിന്നും മടങ്ങി. അവിടെ വിശുദ്ധനും, അച്ചനും, കപ്യാരും, നിശബ്ദതയും മാത്രം ശേഷിച്ചു.
"ഹൊ, എന്നാ മഴയാ അച്ചാ", പള്ളിവാതിലുകള്‍ അടച്ചു തിരികെയെത്തിയ ജെറി പറഞ്ഞു. "തകര്‍ത്തങ്ങനെ പെയ്യെട്ടെടാ. മഴ മാറുമ്പോള്‍, വസന്തം വരും, അതു കഴിയുമ്പോള്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും, തണുപ്പു പരക്കും, വേനല്‍ വരും. പൂര്‍ത്തിയാകാത്ത തിരക്കഥ കണക്കെ ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കയല്ലേ. ശേഷിക്കുന്ന മണിക്കൂറുകള്‍ കുറയുന്നു എന്നതിന്‍റെ ഓര്‍മ്മപെടുത്തലാണ് ഓരോ മഴയും. ഇതൊന്നും ചിന്തിക്കാതെയും, മനസ്സിലാക്കാതെയും, മഴയെയും വെയിലിനേയും കുറ്റം പറഞ്ഞും, ഒരു സമൂഹം നമുക്കു ചുറ്റും ജീവിക്കുന്നു". ഒന്നും മനസ്സിലാകാത്ത അവന്‍റെ മുഖം അറിയാതെ വിടര്‍ന്നു പോയി. "നിന്‍റെ ഡിഗ്രി പരീക്ഷ എങ്ങനുണ്ടായിരുന്നു?", അച്ചന്‍ ചോദിച്ചു. "അതു കുഴപ്പില്ലായിരുന്നു. ഞാന്‍ ഇതു കഴിയുമ്പോള്‍ പഠിത്തം നിര്‍ത്തുവാണ്. എനിക്കീ പള്ളിയേം, പുണ്യാളനേം ഒന്നും വിട്ടു പോവാന്‍ വയ്യ. ഞാന്‍ ഇവിടെത്തന്നെയങ്ങു കൂടാന്‍ പോകുവാ". "നിന്‍റെയീ തീരുമാനം ഒരു മണ്ടത്തരം എന്നേ ഞാന്‍ പറയൂ. പഠനത്തിന്‍റെ കാലത്തു അതു മടുത്താല്‍, ജോലി സമയത്തു ജോലിയും, വാര്‍ദ്ധക്യത്തില്‍ വാര്‍ദ്ധക്യവും നീ വെറുക്കും. പഠനം ഇപ്പോഴേ സാധിക്കൂ. അതു നീ ആവുന്നത്ര പഠിക്കണം. അപ്പനും, അമ്മയും ഇല്ലായെന്നോര്‍ത്തു നീ വിഷമിക്കേണ്ട. ചെലവു എത്ര വരുമെന്നു പറഞ്ഞാല്‍ മതി. ഞങ്ങളും ജീവിത കാലത്തു കുറച്ചു സത്ക്കര്‍മ്മങ്ങള്‍ ഒക്കെ ചെയ്യെട്ടെടാ", അച്ചന്‍ പ്രതികരിച്ചു. അവന്‍ തല കുലുക്കി.
സമയം സന്ധ്യയായി. പള്ളിയില്‍ പ്രാര്‍ത്ഥനാ മണി മുഴങ്ങി. ആ മുഴക്കം പ്രകൃതിയില്‍ നേര്‍ത്തു അലിഞ്ഞില്ലാതായി. പണ്ടു ആളുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ആ ശബ്ദം, ഇപ്പോള്‍ ഒരു ചലനവും ഉണ്ടാക്കാതെ ആളുകളുടെ ചെവിയിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആല്‍ബെര്‍ട്ടച്ചന്‍റെ സന്തതസഹചാരിയാണു ജെറി. പള്ളിമുറിയില്‍ നിന്നു പ്രാര്‍ത്ഥനാശബ്ദങ്ങളുയര്‍ന്നു. പ്രാര്‍ത്ഥനാമണിക്കൂറുകളില്‍, ആത്മീയമായ ഒരു സമാധാനം അവന്‍ അറിഞ്ഞു. "സമാധാനപരമായ ഒരു അവസ്ഥയെയായിരിക്കും ഈ സ്വര്‍ഗ്ഗം എന്നൊക്കെ പറയുന്നതു അല്ലെ അച്ചാ", അവന്‍ ചോദിച്ചു. "അപ്പോള്‍ നീ കാര്യങ്ങള്‍ പഠിച്ചു വരുന്നുണ്ട്", അച്ചന്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പതിവായി അവരൊരുമിച്ചാണു ഭക്ഷണം കഴിക്കുന്നത്. ഭക്ഷണ ശേഷം വീണ്ടും അവര്‍ സംസാരിച്ചിരിക്കാറുണ്ട്. അവന്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, സമയം ഒന്‍പതൊന്‍പതരയാവും. വീട്ടില്‍ ആരും കാത്തിരിക്കാനില്ലല്ലോ എന്നതാണു ഇതിനുള്ള അവന്‍റെ ന്യായം.
അവന്‍ വീട്ടിലേക്കു പോകുന്നതു, സെമിത്തേരിയുടെ സമീപത്തുകൂടിയാണ്. ഇടയ്ക്കിടക്കു കാണാറുള്ളതു പോലെ, അന്നും അവന്‍ അവിടെ ആളനക്കം അറിഞ്ഞു. മരിച്ചു മണ്ണടിഞ്ഞ കിഴക്കേക്കര ഔതച്ചേട്ടനും, കാപ്പില്‍ വര്‍ക്കി ചേട്ടനും കല്ലറകള്‍ക്കു മുകളിരുന്നു കുശലം പറയുന്നു. വേറെ കുറെ ആളുകളെയും അവിടെ കാണാനാവുന്നുണ്ട്. ഇടയ്‌ക്കൊക്കെ കാണാറുള്ളതിനാല്‍ ഈ കാഴ്ച അവനു ഭയം ജനിപ്പിച്ചില്ല. "എടാ കൊച്ചനെ, നീ ഇവിടെ മണി അടിച്ചു നില്‍ക്കാതെ, പോയി നാലക്ഷരം പഠിക്കെടാ. അടുത്ത മാസം എന്‍റെ മോന്‍ സാംകുട്ടി അമേരിക്കയില്‍ നിന്നും വരുന്നുണ്ട്. നന്നായി പഠിച്ചാല്‍ നിന്‍റെ കാര്യം ഞാന്‍ അവനോടു പറയാം", വെറ്റില മുറുക്കികൊണ്ടു, ഔതച്ചേട്ടന്‍ അവനോടു പറഞ്ഞു. "എനിക്കങ്ങനെ ആരുടേയും ശുപാര്‍ശയില്‍ പണിയെടുക്കണ്ടാ. അല്ല, നിങ്ങളൊക്കെ മരിച്ചു കഴിഞ്ഞിട്ടും എന്താ ഇവിടെ ചുറ്റിയടിച്ചു നില്‍ക്കണേ? ഞാന്‍ കുരിശു കാണിക്കണോ", അവന്‍ തമാശയായി ചോദിച്ചു. ഒന്നു നീട്ടിത്തുപ്പികൊണ്ടു ഔതച്ചേട്ടന്‍ പറഞ്ഞു, "ഒന്നു പോടാ കൊച്ചനെ, നീ ഞങ്ങളെ പേടിപ്പിക്കുവാ?", ഇതും പറഞ്ഞു അയാള്‍ ചിരിച്ചു, അതില്‍ അവിടെയുള്ള മറ്റുള്ളവരും പങ്കാളികളായി. "ഞാന്‍ വീട്ടില്‍ പോണു. സമയം കുറെയായി", അവന്‍ നടന്നു. "കുറച്ചു സമയം കഴിഞ്ഞിട്ടു പോകാമെടാ. ബാക്കിയുള്ളവര്‍ക്കാര്‍ക്കും ഞങ്ങളെ കാണാന്‍ പറ്റുന്നില്ല", അവന്‍ തിരികെ നടക്കുമ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു. ഈ കാഴ്ച്ചകളോടു, അവന്‍ അറിയാതെ തന്നെ അവന്‍റെ മനസ്സു സൗഹൃദം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചെറുപ്പകാലം മുതല്‍ കണ്ടു വളര്‍ന്ന പരിചിതമുഖങ്ങളോടു, അവനു അല്‍പ്പം പോലും ഭയം തോന്നിയില്ല. സമീപത്തു പള്ളിയുള്ളതും അവനൊരു ചെറു ധൈര്യം പകര്‍ന്നു. "അച്ചാ, ഞാന്‍ ഇന്നലെയും സെമിത്തേരിയില്‍ ആളുകളെ കണ്ടു", പിറ്റേന്നു പ്രഭാതകുര്‍ബ്ബാനയ്ക്കെത്തിയ അവന്‍ പറഞ്ഞു. "ഈയിടെയായി ഇതല്‍പ്പം കൂടുന്നുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍, നമുക്കു ആ പൈലി ഡോക്ടറെ ഒന്നു കൂടി കാണേണ്ടി വരും", അച്ചന്‍ പറഞ്ഞു. അവന്‍ പിന്നീടു കൂടുതലൊന്നും പറഞ്ഞില്ല. ചെറുപ്പത്തില്‍, അപ്പന്‍ മരിച്ചപ്പോള്‍ ജെറി മാനസീകമായി അസ്വസ്ഥനായിരുന്നു. പൈലി ഡോക്ടറാണു അന്നു അവനെ ചികത്സിച്ചത്. ഇത്തരം കാഴ്ചകള്‍, സ്വാഭാവീകമായും, അവന്‍റെ രോഗാതുരമായ മനസ്സിന്‍റെ സൃഷ്ടിയാണെന്നാണു അച്ചന്‍ കരുതുന്നത്.
ദിവസങ്ങളും, മാസങ്ങളും കടന്നു പോയി. പള്ളിയിലും, മണിശബ്ദങ്ങളിലുമായി ജെറിയുടെ ജീവിതം ഒരു മാറ്റവും കൂടാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ രാത്രിയില്‍ പള്ളിയില്‍ നിന്നു തിരികെ പോരുമ്പോള്‍, സെമിത്തേരിയുടെ മതിലില്‍ ഒരു മദ്ധ്യവയസ്കന്‍ ഇരിക്കുന്നതു അവന്‍ കണ്ടു. മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിയെങ്കിലും അവനു ആളെ മനസ്സിലായില്ല. കാവി ജുബ്ബയും, അതിനൊപ്പിച്ച പാന്റുമായിരുന്നു വേഷം. എന്നിരിക്കിലും, അയാള്‍ അതിനു പുറത്തുകൂടി അരപ്പട്ട ധരിച്ചിരുന്നു. അല്‍പ്പം കാറ്റു പോലും വീശാതെ പ്രകൃതി നിശ്ചലമായി നിന്ന ആ രാത്രിയില്‍ പള്ളിയിലെ കുരിശു വൈദ്യുതിദീപങ്ങളുടെ പ്രകാശത്തില്‍ തിളങ്ങി നിന്നു. "ആരാണ്?", അവന്‍ ചോദിച്ചു. "ഞാന്‍ തെക്കെപുറത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു. ഇവിടെ പോസ്റ്റാഫീസിലാണു ജോലി. പേരു സെബാന്‍", അയാള്‍ പറഞ്ഞു. "സെബാനോ? അതെന്നാ പേരാ? അതു പോട്ടെ, ഞാന്‍ ജെറി. ഇവിടുത്തെ കപ്യാരാണ്. എന്നാലും താങ്കളെന്തിനാണു ജുബ്ബയ്ക്കു മുകളില്‍ അരപ്പട്ട കെട്ടിയിരിക്കുന്നത്?", അവന്‍ ചോദിച്ചു. "ഞാന്‍ സായാഹ്നങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഇതു ധരിക്കാറുണ്ട്. പരമ്പരാഗത വേഷമാണ്", അയാള്‍ പറഞ്ഞു. "ഇവിടെയിങ്ങനെ അധിക സമയം ഒറ്റയ്ക്കിരിക്കേണ്ട. ഇതിനുള്ളില്‍ പലരെയും രാത്രികാലങ്ങളില്‍ ഞാന്‍ കാണാറുണ്ട്.", അവന്‍ പറഞ്ഞു. "അതൊന്നും എനിക്കു പേടിയില്ല ജെറി. ഞാന്‍ അല്‍പ സമയം ഒറ്റക്കിരിക്കട്ടെ", അയാള്‍ പറഞ്ഞു. അവന്‍ അവിടെ നിന്നും വീട്ടിലേക്കു മടങ്ങി. പൈലി ഡോക്ടര്‍ എന്ന നാമം ഈ സംഭവങ്ങള്‍ അച്ചനോടു പറയുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചു.
പല രാത്രികളിലും അവന്‍ സെബാനെ കണ്ടു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഇക്കാലയളവില്‍ വര്‍ധിച്ചു വന്നു. തണുപ്പു കാലം വേനലിനു വഴിമാറി. വൈദീക ബ്രഹ്മചര്യം, ആത്മീയത തുടങ്ങി രാഷ്ട്രീയ കാര്യങ്ങള്‍ വരെ അവരുടെ സംഭാഷണത്തിനു വിധേയമായി. സെബാനുമായുള്ള സമ്പര്‍ക്കം അവന്‍റെ ബൌദ്ധീക തലത്തിലും മാറ്റം വരുത്തി തുടങ്ങി. ഒരിക്കല്‍ അയാള്‍ ജെറിയുടെ വീട്ടില്‍ വന്നു. അവിടെവച്ചാണയാള്‍ സൂസിയുടെ ചിത്രം ആദ്യമായി കാണുന്നത്. പാസ്പോര്‍ട്ട് ഫോട്ടോയുടെ അത്ര മാത്രം വലിപ്പമുള്ള ഒരു കൊച്ചു ചിത്രം. "ആരാണെടാ ഇത്?", അയാള്‍ കൌതുകപൂര്‍വ്വം അവനോടു ചോദിച്ചു. അവന്‍ അതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ചേട്ടനു ആരോടും ഇഷ്ടമൊന്നും തോന്നിയിട്ടില്ലേ?", അവന്‍ ചോദിച്ചു. "അതിനൊന്നും സമയം ലഭിച്ചില്ല. ഇനി അതൊന്നും നടക്കത്തുമില്ല." അയാള്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "ഈ കുട്ടി ഇപ്പോള്‍ എന്തു ചെയ്യുന്നു?" "അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ ബാംഗ്ലൂരോ മറ്റോ ആണ്. എന്നാലും ഫോട്ടോ കളയാന്‍ തോന്നിയില്ല", അവന്‍ പറഞ്ഞു. അവന്‍ അടുക്കളയില്‍ പോയി അയാള്‍ക്കായി കട്ടന്‍ ചായ അനത്തി. സിമിന്റിന്‍റെ നേരിയ അംശം പോലും ഇല്ലാത്ത ആ വീട്ടിലാകെ മൂന്നു മുറികളെ ഉണ്ടായിരുന്നുള്ളൂ.
ഗ്ലാസ്സിലുള്ള കട്ടന്‍ ചായയുടെ ഉയര്‍ന്നു പൊങ്ങുന്ന ആവിയെ അവന്‍റെ നിശ്വാസം പല വഴിക്കു ചിതറിച്ചു. "അവള്‍ എന്‍റെ കൂടെയാണു വേദപാഠം പഠിച്ചത്. ഏതു ക്ലാസ്സില്‍ വച്ചാണു താല്‍പ്പര്യം വന്നു തുടങ്ങിയതു എന്നോര്‍മ്മയില്ല. ആദ്യമൊക്കെ പ്രണയം എന്ന പാപചിന്ത എന്നില്‍ കയറിയതിനെപറ്റി ഞാന്‍ വളരെ ദുഖിച്ചിരുന്നു. അവള്‍ എപ്പോഴും എന്നില്‍ ഒരാന്തല്‍ ഉണ്ടാക്കിയിരുന്നു. അവളറിയാതെ ഞാന്‍ അവളുടെ പിന്നാലെ സൈക്കിളില്‍ സഞ്ചരിച്ചു. അവളറിയാതെ അവളുടെ വീട്ടിലേക്കു ഞാന്‍ കണ്ണുകള്‍ പായിച്ചു. അവള്‍ എന്നെ അക്കാലത്തു ശ്രദ്ധിച്ചിരുന്നോ എന്നെനിക്കോര്‍മ്മയില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണു ഞാന്‍ ആദ്യമായൊരു കത്തു കൊടുക്കുന്നത്. ആരും കാണാതെ അവള്‍ അത് മേടിച്ചു വേദോപദേശ പുസ്തകത്തിനുള്ളില്‍ വച്ചു. നടന്നു പോകുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ഒന്നല്ല, പലവട്ടം", അവന്‍ സംസാരത്തിനിടയില്‍ ഗ്ലാസ്സില്‍ നിന്നു ചായ കുടിച്ചുകൊണ്ടിരുന്നു. "നടക്കാതെ പോയ മറ്റൊരു പ്രണയകാവ്യം കൂടി", അയാള്‍ ചിരിച്ചു.
"വര്‍ഷങ്ങളോളം അവള്‍ക്കു എന്നെ ഇഷ്ടമായിരുന്നു. പക്ഷെ ഒരു കപ്യാരുടെ മകനു ആരെങ്കിലും മകളെ കല്യാണം കഴിപ്പിക്കുമോ? കോളേജു വിദ്യാഭ്യാസവും, പുറം ലോകവും അവളെയും വളരെയധികം മാറ്റി. ഞാന്‍ അന്നും ഇന്നും ഈ പള്ളിയോടും, പുണ്യാളനോടും ചേര്‍ന്നിരിക്കുന്നു. അവളുടെ കല്യാണത്തിനും ഞാനാണു കുന്തിരിക്കം പുകച്ചത്", അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷെ അതിലൊരു നനവിന്‍റെ ഗന്ധം അലിഞ്ഞിരുന്നു. "അതിനു ശേഷവും ആ ഫോട്ടോ കളയാന്‍ എനിക്കു തോന്നിയില്ല. അതെന്‍റെ ഒപ്പമുണ്ട്", അവന്‍ പറഞ്ഞവസാനിപ്പിച്ചു. "നേരം വൈകിയിരിക്കുന്നു. ഞാനിറങ്ങട്ടെ.", അയാള്‍ പറഞ്ഞു. "ഇതൊന്നും ആല്‍ബെര്‍ട്ടച്ചനു പോലും അറിയില്ലാട്ടോ", അയാള്‍ ഇറങ്ങുംനേരം അവന്‍ പറഞ്ഞു.
"എടാ ജെറി, എന്നാലും ആ സൂസീടെ കാര്യം നീ ഇത്ര നാളായിട്ടും പറഞ്ഞില്ലല്ലോടാ. ഞങ്ങള് നടത്തിതരത്തില്ലായിരുന്നോ?", മറ്റൊരു രാത്രിയില്‍, സെമിത്തേരിയില്‍ നിന്നും ഔതച്ചേട്ടന്‍ വിളിച്ചു പറഞ്ഞു. അവരെങ്ങനെ ഇതറിഞ്ഞു എന്നതിനെ പറ്റി അവന്‍ ആശ്ചര്യപ്പെട്ടു. "നീ ഞെട്ടുവൊന്നും വേണ്ട. നമ്മുടെ ആ സെബാന്‍ പറഞ്ഞതാ. നിന്നെ പോലെ അയാള്‍ക്കും ഞങ്ങളെ കാണുവോം, ഞങ്ങളോടു മിണ്ടുവോമൊക്കെ ചെയ്യാം.", ഔതച്ചേട്ടന്‍ പറഞ്ഞു. "ഒന്നു പതുക്കെ പറ എന്‍റെ ഔതച്ചേട്ടാ. നാട്ടുകാരാരെങ്കിലും കേള്‍ക്കും", അവന്‍ തിരികെ പറഞ്ഞു. "നീ ഇങ്ങോടു വാടാ. നിങ്ങടെ കല്യാണം ഞങ്ങള്‍ നടത്തിത്തരും", പാറേലെ അന്തോണി ചേട്ടനാണു ഇതിനുള്ള ആവേശം കാണിച്ചത്. "ജീവിച്ചു തുടങ്ങിയേ ഉള്ളു അപ്പച്ചാ. ഇപ്പഴേ നിങ്ങടെ അടുത്തേക്കു വരാനൊന്നും പറ്റത്തില്ല.", അവന്‍ പറഞ്ഞു.
അടുത്ത അദ്ധ്യായന വര്‍ഷത്തേക്കു, ഉപരിപഠനത്തിനു ജെറിക്കായി ആല്‍ബെര്‍ട്ടച്ചന്‍ ഒരു സീറ്റു സംഘടിപ്പിച്ചു. പള്ളിയില്‍ നിന്നും വിട്ടു പോകാന്‍ മടിച്ചു നിന്ന അവനോടായി അച്ചന്‍ പറഞ്ഞു, "നീ ഒരു രണ്ടു വര്‍ഷം ഈ കപ്യാരു പണിയില്‍ നിന്നും മാറി നിന്നാല്‍ മതി. അതു കഴിയുമ്പോള്‍ തിരിച്ചിങ്ങു വരാം. നിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്, നിന്നോടു പോലും ചോദിക്കാത്തത്. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ മാത്രം പോകാതിരുന്നാല്‍ മതി". ഗത്യന്തരമില്ലാതെ അവന്‍ സമ്മതിച്ചു.
വേനലില്‍ പൊരിഞ്ഞു കിടന്ന മണ്ണിനു ആശ്വാസമായി ആദ്യ മഴയെത്തി. മഴയില്‍ വീണ്ടും ആ പള്ളിയും, പുണ്യാളന്‍റെ പ്രതിമയും നനഞു. വളരെ നാളുകള്‍ക്കു ശേഷം, അന്നു രാത്രിയില്‍ അവന്‍ വീണ്ടും സെബാനെ കണ്ടു മുട്ടി, പതിവു പോലെ സെമിത്തേരിയുടെ മതിലില്‍ അരപ്പട്ടയൊക്കെ ധരിച്ചായിരുന്നു അയാളുടെ ഇരുപ്പ്. "കുറെ നാളായല്ലോ കണ്ടിട്ട്, എവിടായിരുന്നു?". "ഞാനൊന്നു വീടു വരെ പോയിരുന്നെടാ", അയാള്‍ പറഞ്ഞു. ദൂരെ നിന്നു മഴയുടെ തണുപ്പിക്കുന്ന ആരവം ഒഴുകിയെത്തി. തുള്ളികളായും, ജലപ്രവാഹമായും അതു താഴേക്കൊഴുകി. അവന്‍ അയാളെ കുടയിലേക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു, "വീണ്ടും മറ്റൊരു മഴക്കാലം. നിൽക്കുവാൻ താൽപ്പര്യമില്ലാത്ത പമ്പരം കണക്കെ കാലവും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നപോലെ. ഒന്നിനും ഒരു മാറ്റവുമില്ല". മഴ അപ്പോഴേയ്ക്കും പൂര്‍ണ്ണ ശക്തി പ്രാപിച്ചിരുന്നു. കനത്ത മഴ അവരുടെ സഞ്ചാരത്തിനും ഇടയ്ക്കിടയ്ക്കു വിഘാതം സൃഷ്ടിച്ചു. "നീ സ്കൂള്‍ കാലം ഓര്‍മ്മിക്കുന്നുണ്ടോ? അന്നൊക്കെ ഓരോ ക്ലാസ്സു ജയിക്കുമ്പോഴും, അടുത്ത പഠിക്കാനുള്ള ക്ലാസ്സുകളുടെ എണ്ണമാണു മനസ്സില്‍ തെളിയുക. സമയത്തിനു തീരെ വേഗത ഇല്ലാത്തതു പോലെ. എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എല്ലാം ഞൊടിയിടയില്‍ കടന്നു പോയതായി തോന്നുന്നില്ലേ. ഇപ്പോഴുള്ള മഴ നീ കണ്ടോ? പണ്ടു മഴക്കാലം, സ്കൂള്‍ തുറക്കുന്നതിന്‍റെ ഒരു ചെറിയ ഭയം ജനിപ്പിച്ചിരുന്നു. അതിനു പുത്തന്‍ പുസ്തകങ്ങളുടെ ഗന്ധമുണ്ടായിരുന്നു. ഇന്നും മഴ പെയ്യുന്നു. എന്നാല്‍ അവ പ്രത്യേകിച്ചൊരു വികാരവും സമ്മാനിക്കാതെ പെയ്തൊഴിയുന്നു. കാലം ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ജീവിതങ്ങളും, മുഖങ്ങളും, സാഹചര്യങ്ങളും മാറും". ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ തുടര്‍ന്നു, " ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ പറയുന്നതു പോലെ, മാറ്റം എന്നൊന്നു അടിസ്ഥാനപരമായി ഇല്ല തന്നെ. നന്മയുടെയും, തിന്മയുടെയും അടയാളങ്ങള്‍ മാത്രം ശേഷിക്കും. ജീവിതത്തില്‍ ആവോളം നന്മ ചെയ്യുന്ന നിന്നെ കണ്ടു പില്‍ക്കാലത്തു മറ്റുള്ളവര്‍ അസൂയപ്പെടും. യഥാര്‍ത്ഥ ജീവിതം ഇവിടെയല്ല. അതു വരാന്‍ കിടക്കുന്നതേയുള്ളു", അപ്പോഴേയ്ക്കും അവന്‍റെ വീടെത്തിയിരുന്നു. "നാളെ നമുക്കൊരു യാത്ര പോകാനുണ്ട്. യാത്രയില്‍ സൂസിയേയും കൂട്ടാം", അയാള്‍ തിരികെ നടക്കുമ്പോള്‍ പറഞ്ഞു. സൂസി എന്ന വാക്കു കേട്ടു ജെറി ഒന്നു ഞെട്ടിയെങ്കിലും അവന്‍ അതു പുറമേ പ്രകടിപ്പിച്ചില്ല.
പിറ്റേന്നു ആല്‍ബെര്‍ച്ചട്ടന്‍ പറഞ്ഞതനുസരിച്ചു, ഉച്ചയോടെ പള്ളിയിലേക്കു പോവുകയായിരുന്ന ജെറിയുടെ ഓട്ടോയുടെ നേരെ ഒരു ലോറി നിയന്ത്രണം വിട്ടു പാഞ്ഞടുത്തു. അല്‍പ സമയത്തേക്കു ബോധം നഷ്ടപ്പെട്ട അവന്‍, ബോധം തെളിഞ്ഞപ്പോള്‍ ആദ്യം നോക്കിയതു, ഓട്ടോ ഓടിച്ചിരുന്ന വ്യക്തിക്കു എന്തെങ്കിലും സംഭവിച്ചോ എന്നതാണ്. ഭാഗ്യം, ഒന്നും സംഭവിച്ചില്ല. അയാള്‍ സമീപത്തു നില്‍ക്കുന്നുണ്ട്. സമയം വൈകിയതിനാല്‍ അയാളോടു യാത്ര പറഞ്ഞു ജെറി പള്ളിയിലേക്കോടി. "അച്ചാ ഞാന്‍ വന്ന ഓട്ടോ അപകടത്തില്‍ പെട്ടു. ഭാഗ്യത്തിനു ഒന്നും സംഭവിച്ചില്ല", എന്നാല്‍ അച്ചന്‍ ഒന്നും കേട്ടില്ലെന്നു തോന്നുന്നു. ആകുന്നത്ര ഉറക്കെ പറഞ്ഞിട്ടും, അച്ചന്‍ ഒന്നും കേള്‍ക്കുന്നില്ല. അവന്‍ അച്ചനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, അതിനും സാധിക്കുന്നില്ല. ഒരു ഫോണ്‍ വന്നു അച്ചന്‍ തിരക്കിട്ടു പുറത്തേക്കു പോകുന്നതും അവന്‍ കണ്ടു. വര്‍ഷങ്ങളായി കണ്ടും, അനുഭവിച്ചും കഴിഞ്ഞ ആ പള്ളിക്കുള്ളില്‍ അവന്‍ കയറി.
****************
"എന്നാലും നമ്മുടെ ജെറി ഇത്ര ചെറുപ്പത്തിലെ പോയല്ലോ", കുഴിവെട്ടുകാരന്‍ തോമ്മാ സഹായിയോടായി പറഞ്ഞു. "ആ ഓട്ടോ ഒടിഞ്ഞു മടങ്ങിപ്പോയി. ഡ്രൈവറും, അവനും തല്‍ക്ഷണം മരിച്ചതായാണു കേട്ടത്", അയാള്‍ കുഴി വെട്ടിക്കൊണ്ടു പറഞ്ഞു. "ഇതു കഴിഞ്ഞിട്ടു വേണം മറ്റേ കുഴി വെട്ടാന്‍. നമ്മുടെ നിരപ്പേലെ അപ്പച്ചന്‍ മുതലാളീടെ മോള്‍ടെത്. ആത്മഹത്യയായിരുന്നു എന്നാ കേള്‍ക്കണേ", "ആ കോച്ചിന്‍റെ പെരെന്നാ ചേട്ടാ", മണ്ണു മുകളിലേക്കു കയറ്റുന്നതിനിടയില്‍ സഹായി ചോദിച്ചു. "സൂസി എന്നോ മറ്റോ ആണ്. പേരിലിപ്പോ എന്തിരിക്കുന്നു", തോമ്മാ ചോദിച്ചു.
ആകാശം കാര്‍മേഘത്താല്‍ മൂടി. ഉച്ചയായിരുന്നിട്ടു കൂടി സായാഹ്നത്തിന്‍റെ പ്രതീതിയായിരുന്നു. കനത്ത മഴ ആകാശത്തും ഭൂമിയിലും പ്രകമ്പനങ്ങള്‍ സൃഷ്ട്ടിച്ചു. അവന്‍റെ മേല്‍ അവസാന തരി മണ്ണിടുമ്പോള്‍ ആ വൈദീകന്‍റെ കൈ വിറച്ചു. ഇടതൂര്‍ന്ന മഴയിലും പുണ്യാളന്‍റെ പ്രതിമയിലെ അരപ്പട്ട തിളങ്ങി നിന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ മടങ്ങും" എന്ന ശബ്ദം അവിടെ മാറ്റൊലി കൊണ്ടു.
daanishe...good attempt...but still got miles to go... :D
ReplyDeleteശേഷിക്കുന്ന മണിക്കൂറുകള്‍ കുറയുന്നു എന്നതിന്‍റെ ഓര്‍മ്മപെടുത്തലാണ് ഓരോ മഴയും.
ReplyDeleteNice story man. I just saw the movie "Amen" yesterday. Everybody wants someone in our life to enlighten our journey of life. best of luck bro.
ReplyDelete