Raise our Conscience against the Killing of RTI Activists




Saturday, November 23, 2013

ഗാനഭൂഷണം അമ്പാസ്സിഡർ


രാജ്യത്തെ തന്ത്രപ്രധാനമായൊരു ഗവേഷണ കേന്ദ്രം. ഇതു സ്ഥിതി ചെയ്യുന്നതു അങ്ങ് ആന്ധ്രാ പ്രദേശിലാണ്. കയ്യില്‍ തോക്കും, അരയില്‍ ഉണ്ടകളുമായി അനേകം ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ കേന്ദ്രം പുറമേ നിന്നും നോക്കുന്ന ഏതൊരുവനും ഒരു സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും. സ്ഥാപനത്തിന്‍റെ ബസ്സില്‍ നൂറു കണക്കിനു "ശാസ്ത്രജ്ഞന്മാര്‍" പതിവായി രാവിലെ ഒന്‍പതിനു അകത്തേക്കു പോവുകയും, എണ്ണം അല്‍പ്പം പോലും കുറയാതെ വൈകുന്നേരം അഞ്ചാകുമ്പോള്‍ പുറത്തേക്കു വരികയും ചെയ്യുന്നു. അതീവ തന്ത്രപ്രധാനമായതുകൊണ്ടാണെന്നു തോന്നുന്നു കരയില്‍ നിന്നും വളരെ മാറി ഒരു ദ്വീപിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഏതു വഴിയിലൂടെയും ശത്രുക്കള്‍ വരാമെന്നുള്ളതുകൊണ്ടു ഭടന്മാര്‍ സദാ ജാഗരൂകരായി വെള്ളത്തിലേക്കും നോക്കി സമയം കളയുന്നു.

സംഭവം പുറമേ ഇങ്ങനെയൊക്കെയാണെങ്കിലും അകത്തു കയറിക്കഴിഞ്ഞാല്‍, മനുഷ്യനെ ലവലേശം പേടിയില്ലാതെ, സദാ സമയം ചാണകമിടുന്ന കുറെ പശുക്കളെയും, ആളനക്കം അല്‍പ്പം പോലുമില്ലാത്ത കുറ്റിക്കാടുകളും മാത്രമാണു കാണാന്‍ കഴിയുക. രാവിലെ വന്‍ പത്രാസു കാണിച്ചു അകത്തേയ്ക്ക് കയറിപ്പോയ പല ശാസ്ത്രജ്ഞന്മാരും, വണ്ടിക്കു വേണ്ടി അകത്തൂടെ അങ്ങോടും ഇങ്ങോടും ഓടുന്നതു കാണാം. സ്വകാര്യ വാഹനങ്ങള്‍ അകത്തു അനുവദനീയമല്ല. എന്നാല്‍ എല്ലാവരെയും എപ്പോഴും കൊണ്ടുപോകാനുള്ളത്ര വണ്ടികള്‍ കേന്ദ്രത്തിനില്ല താനും. അതു കൊണ്ടു സമീപത്തുള്ള പട്ടണത്തില്‍ നിന്നും വാടകയ്ക്ക് വിളിക്കുന്ന ടാക്സികളാണു പല തല മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെയും ഏക ആശ്രയം. ഒരു ഓട്ടോയില്‍ മിനിമം ഒരു പതിനഞ്ചു പേരെങ്കിലും പോകുന്ന തരത്തിലുള്ള പട്ടണത്തില്‍ നിന്നാണു ഈ ടാക്സികള്‍ വരുന്നതെന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.

വര്‍ഷങ്ങളായി കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു ടാക്സിക്കാരനാണു ഗാനഭൂഷണം. ഏതു വര്‍ഷം നിര്‍മ്മിച്ചതാണെന്നറിയില്ലെങ്കിലും വളരെ സവിശേഷതകളുള്ള ഒരു അമ്പാസ്സിഡറാണു അദ്ദേഹത്തിനുള്ളത്. ഏതു സമയത്തും, എത്ര വലിയ തസ്കര സംഘത്തിന്‍റെ മൂക്കിന്‍ തുമ്പത്തു വണ്ടിയിട്ടു ലോക്കു ചെയ്യാതെ പോയാലും അവര്‍ക്കാര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്തത്ര സുരക്ഷാസംവിധാനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വണ്ടിയൊന്നു സ്റ്റാര്‍ട്ട്‌ ചെയ്തിട്ടു വേണ്ടേ ആര്‍ക്കെങ്കിലും മോഷ്ടിക്കാന്‍. പഴയ ചില മലയാളം പടങ്ങളില്‍ ബോംബിനെ നിര്‍വീര്യമാക്കാനുള്ള അനേകം വയറുകളില്‍ നിന്നു കൃത്യമായി നായകന്‍ രണ്ടെണ്ണമെടുത്തു കൂട്ടി പിരിക്കുന്നതു പോലെ, കാറിനുള്ളില്‍ തൂങ്ങി കിടക്കുന്ന അനേകം വയറുകളില്‍ ഏതോ രണ്ടെണ്ണം കൂട്ടി പിരിച്ചു ഒരു രണ്ടു മിനിറ്റു ഇരിക്കണം. എഞ്ചിനില്‍ നിന്നും ഒരു പ്രത്യേക ശബ്ദം ആ സമയത്തു കേള്‍ക്കാം. ശബ്ദം ഒരു പ്രത്യേക അവസ്ഥയില്‍ എത്തുമ്പോള്‍ കറക്ടായി കീ കൊടുക്കുക. ഈ ടൈമിംഗ് അല്‍പ്പം പോലും മാറാന്‍ പാടില്ല. മാറിയാല്‍ ഈ പ്രക്രിയ ആദ്യം മുതല്‍ ഒന്നു കൂടി തുടങ്ങേണ്ടി വരും. കൃത്യമായി കീ കൊടുക്കാന്‍ കഴിഞ്ഞാല്‍, വണ്ടി ആകെ പാടെ ഒന്നു വിറച്ചു സ്റ്റാര്‍ട്ട്‌ ആവും. അകമേ ഇരിക്കുന്നവര്‍ ശ്രവിക്കുന്ന ശബ്ദത്തിനു അല്‍പ്പം വ്യത്യാസം ഉണ്ടെങ്കിലും, പുറമേ നില്‍ക്കുന്നവര്‍ക്കു ട്രാക്ടര്‍ പോകുമ്പോലെയുള്ള ആ ശബ്ദം കൃത്യമായി തിരിച്ചറിയാനാവും. ആമേന്‍ സിനിമയിലെ കപ്യാര്‍ ഓടിക്കുന്ന സ്കൂട്ടര്‍ പോലെ റോക്കറ്റിലൊഴിക്കുന്ന എണ്ണയാണോ ഗാനഭൂഷണം വണ്ടിയില്‍ ഒഴിക്കുന്നതെന്നു അതിന്‍റെ പുക കണ്ടിട്ടുള്ള പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്.

അതീവ തന്ത്രപ്രധാനമായ ഗവേഷണ കേന്ദ്രമായതു കൊണ്ടു തന്നെ ആര്‍ക്കു അകത്തു പ്രവേശിക്കണമെങ്കിലും ശക്തമായ പരിശോധനകള്‍ ഉണ്ട്. ടാക്സിക്കാര്‍ക്കു കണ്ണു പരിശോധന, ലൈസെന്‍സ് പരിശോധന തുടങ്ങി അനേകം കടമ്പകള്‍ കടക്കണം അകത്തൊന്നു കയറി പറ്റണമെങ്കില്‍. ഇതൊക്കെ കഴിഞ്ഞു വര്‍ഷങ്ങളായി അകത്തു വണ്ടിയോടിക്കുന്ന ഗാനഭൂഷണത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുള്ളിക്കു രാത്രിയില്‍ കണ്ണു വളരെ കുറച്ചേ കാണൂ. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും കേന്ദ്രത്തിലെ മെഡിക്കല്‍ സംഘത്തിനു ഈയൊരു പ്രതിഭാസം ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയിപ്പോ പുള്ളിയായിട്ടു അങ്ങോടു പോയി പറഞ്ഞാല്‍ പോലും അവരതു സമ്മതിക്കുമെന്നും തോന്നുന്നില്ല. കാഴ്ചയുടെ ഈ പ്രശ്നം ശാസ്ത്രഗണത്തിനെല്ലാം അറിയാവുന്നതു കൊണ്ടു കാഴ്ചശക്തി വളരെ കൂടിയ ആരെങ്കിലും നിര്‍ബന്ധമായും രാത്രിയില്‍ ഗാനഭൂഷനത്തിന്‍റെ ഒപ്പം മുന്‍ സീറ്റില്‍ ഇരിക്കും. ഇങ്ങനെ ആളുകള്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ രാത്രിയില്‍ റോഡില്‍ നില്‍ക്കുന്ന പശുക്കൾ ബീഫായി മാറുന്ന ആ പ്രത്യേക പ്രതിഭാസത്തിനു ചെറിയൊരു അളവില്‍ അയവു വന്നിട്ടുണ്ട്. എഴുന്നേറ്റു നിന്നു ആക്സിലറേറ്റര്‍ ചവിട്ടിയാല്‍ പോലും നാല്‍പ്പതിനപ്പുറത്തെയ്ക്കു പോവാത്ത ആ വണ്ടി, ആളെയും നിറച്ചു കല്യാണ പെണ്ണിനെ പോലെ നാണിച്ചു, കുണുങ്ങി കുണുങ്ങി റോഡിലൂടെ പോവുന്നത് നല്ല ഒരു കാഴ്ചയാണ്.

ഇനി കഥയുടെ പ്രധാന ഭാഗത്തേയ്ക്ക്. ജോലിയില്‍ വളരെയധികം മുഴുകിയിരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സീനിയര്‍ ശാസ്ത്രജ്ഞനു പെട്ടെന്നാണു, താന്‍ നാട്ടിലേക്കു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കെറ്റു ബുക്കു ചെയ്തിരിക്കുന്നത് അന്നാണു എന്നൊരു ബോധോദയം വന്നത്. അയാള്‍ വാച്ചിലെയ്ക്കു നോക്കി. ട്രെയിന്‍ വരാന്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളു. പുറമേയ്ക്കു നോക്കിയപ്പോള്‍ ആകെയുള്ളതു ഗാനഭൂഷണത്തിന്‍റെ വണ്ടിയും. അതില്‍ കയറി ഹോസ്റ്റലില്‍ നിന്നു ബാഗുമെടുത്ത് അയാള്‍ സ്റ്റേഷനിലേയ്ക്കു പുറപ്പെട്ടു. കേന്ദ്രം കായലിനുള്ളിലെ ഒരു ദ്വീപിലാണെന്നു ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. പുറത്തേയ്ക്കുള്ള ഗേറ്റില്‍ ഭടന്മാരുടെ വക കര്‍ശന പരിശോധന. ഇതൊക്കെ കണ്ടാല്‍ വന്‍ സുരക്ഷയാണെന്നു വിചാരിക്കുമെങ്കിലും ഐഡി കാര്‍ഡിനു പകരം എ.റ്റി.എം കാര്‍ഡു കാണിച്ചു വരെ ശാസ്ത്രജ്ഞന്മാര്‍ കേന്ദ്രത്തിനുള്ളിലേയ്ക്കു പോയിട്ടുണ്ടെന്നുള്ളതു മറ്റൊരു കഥ. ആ സുരക്ഷാ പരിശോധനയില്‍ ഒരു അഞ്ചു പത്തു മിനിട്ട് അങ്ങനെ പോയി. പരിശോധനയൊക്കെ കഴിഞ്ഞു വണ്ടി പുറത്തെക്കിറങ്ങിയപ്പോഴാണു രംഗനാഥന്‍ പുറത്തു നില്‍ക്കുന്നതു സീനിയര്‍ ശാസ്ത്രജ്ഞന്‍ കണ്ടത്. "വണ്ടി നിര്‍ത്തപ്പ", അയാള്‍ ഗാനഭൂഷണത്തോടു വിളിച്ചു പറഞ്ഞു.

രംഗനാഥന്‍ കേന്ദ്രത്തിലെ ഒരു തൊഴിലാളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായതു കേരളത്തില്‍ നിന്നു മലയാളികള്‍ അമേരിക്കയില്‍ പോയിത്തുടങ്ങുന്ന കാലത്തു, ജോലി ആവശ്യത്തിനു ആന്ധ്രയിലേക്കു കുടിയേറിയതാണു രംഗനാഥന്‍. തെലുങ്കന്മാരെ മലയാളികളുടെ ദേവപാനീയമായ അമൃതു (മദ്യം) കുടിപ്പിച്ചു പരിശീലിപ്പിച്ച രംഗനാഥനു അവരുടെയിടയില്‍ ഇപ്പോഴും സവിശേഷമായൊരു സ്ഥാനമുണ്ട്. അദ്ദേഹത്തിന്‍റെ അശ്രാന്തമായ പരിശ്രമവും, ശ്രദ്ധയും ഒന്നു കൊണ്ടു മാത്രമാണു, പല തെലുങ്കന്മാരും മലയാളികളെ വെല്ലുന്ന കുടിയന്മാരായി പേരെടുത്തിരിക്കുന്നത്. രംഗനാഥന്‍ കാറില്‍ കയറിയപ്പോള്‍ അല്‍പ്പാല്‍പ്പമായി, കുറച്ചധികം മദ്യപിച്ചിരുന്നു. അയാള്‍ കയറി മുന്‍ സീറ്റില്‍ ഇരുന്നു. പിന്നില്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍. ഡ്രൈവറായി ഗാനഭൂഷണവും. ഗാനഭൂഷണം തൂങ്ങിക്കിടക്കുന്ന വയറുകളില്‍ നിന്നും പ്രത്യേക കോമ്പിനേഷനിനില്‍ രണ്ടു വയറുകള്‍ പൊക്കി. വണ്ടി കുലുങ്ങി. അന്തരീക്ഷമാകമാനം പുകപടലം കൊണ്ടു മൂടി.

കായലിനു നടുവില്‍ കേന്ദ്രത്തിനു വേണ്ടി മാത്രം നിര്‍മിച്ച കിലോമീറ്ററുകള്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലൂടെ കായല്‍ക്കാറ്റുമേറ്റു ആ കാര്‍ അങ്ങനെ സാവധാനം സഞ്ചരിച്ചു. സീനിയര്‍ ശാസ്ത്രജ്ഞന്‍ ഇടയ്ക്കിടയ്ക്കു വാച്ചില്‍ നോക്കുന്നുണ്ട്. സൂചി കൃത്യമായി ചലിക്കുന്നുണ്ടെങ്കിലും കിലോമീറ്ററുകള്‍ അതിനനുസരിച്ചു പോകുന്നില്ല. "അല്‍പം കൂടി സ്പീഡില്‍ വിടപ്പ", സീനിയര്‍ ശാസ്ത്രജ്ഞന്‍റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. പുറകില്‍ നിന്നുള്ള ഈ അപേക്ഷ കേട്ട ഭൂഷണം ആക്സിലറേറ്റര്‍ ഒറ്റയടിക്കു മുഴുവന്‍ അമര്‍ത്തി. വണ്ടിക്കു ആകെപ്പാടെ ഒരു കുലുക്കം അനുഭവപ്പെട്ടു. മുന്നിലിരിക്കുന്ന രംഗനാഥന്‍ റോഡിലൂടെ രണ്ടു വസ്തുക്കള്‍ അതിവേഗത്തില്‍ ഉരുണ്ടു പോവുന്നതു ശ്രദ്ധിച്ചു. എന്താണതു എന്ന ഞെട്ടലില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണു വസ്തു രണ്ടില്ല ഒന്നേയുള്ളൂ എന്നു വ്യക്തമായത്. രണ്ടു കണ്ണിലൂടെയും വരുന്ന കാഴ്ചകള്‍ ഒരുമിപ്പിക്കാന്‍ മദ്യത്തില്‍ മുങ്ങി കിടന്ന ആ തലച്ചോര്‍ അല്‍പ നേരമെടുത്തു. വണ്ടി ഒരു വശത്തേക്കു ചെരിഞ്ഞു കഴിഞ്ഞു സൂക്ഷിച്ചു നോക്കിയപ്പോഴാണു, മുന്നിലൂടെ ഉരുണ്ടു പോയത് വണ്ടിയുടെ തന്നെ ഒരു ചക്രമാണെന്നു രംഗനാഥനു മനസ്സിലായത്‌. പുറകില്‍ നിന്നുള്ള ദീനരോദനം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി, "കടവുളേ, എല്ലാമേ ഒടഞ്ഞു പോയാച്ച്". സ്വന്തം വണ്ടിയുടെ ചക്രം തന്നെക്കാള്‍ വേഗത്തില്‍ ഉരുണ്ടു പോയതിന്‍റെ ഞെട്ടലിലും ദേഷ്യത്തിലും, ഭൂഷണം വണ്ടി നിര്‍ത്തി. വേഗത കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

ശാസ്ത്രജ്ഞന്‍റെ കയ്യിലെ വാച്ച്, ഈ ചക്രം ഉരുണ്ടു പോയതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു, അതു കൃത്യമായി ഓടിക്കൊണ്ടിരുന്നു. ട്രെയിന്‍ വരാന്‍ ഇനി ഏകദേശം ഇരുപതു മിനിറ്റു കൂടിയേ ഉള്ളു. അങ്ങനെ നിന്നപ്പോഴാണു അതു വഴി ഒരു ലോക്കല്‍ പയ്യന്‍ തലയിലും, കയ്യിലുമുള്‍പ്പെടെ പുറത്തു കാണാവുന്ന സകല സ്ഥലങ്ങളിലും ഒരു സ്കാര്‍ഫും ചുറ്റി ബൈക്കില്‍ പറന്നു വന്നത്. ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ മാക്സിമത്തില്‍ മാത്രം പോകാന്‍ അറിയാവുന്ന തെറിച്ച പയ്യനാണു എന്നതു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. സീനിയര്‍ ശാസ്ത്രജ്ഞന്‍ കൈ കാണിച്ചതു കൊണ്ടു പയ്യന്‍ നൂറില്‍ നിന്നു പൂജ്യത്തിലേക്ക് തുച്ചമായ സെക്കണ്ടുകള്‍ കൊണ്ടു ചവിട്ടി നിര്‍ത്തി. എന്നിട്ടു ഇടയ്ക്കിടയ്ക്കു ആക്സിലറേറ്റര്‍ പിരിച്ച്, ബൈക്കില്‍ നിന്നും ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ബൈക്കു നിര്‍ത്തിയ ആവേശത്തില്‍ തന്‍റെ വലിയ ബാഗും തൂക്കി ശാസ്ത്രജ്ഞന്‍ ബൈക്കിന്‍റെ പിന്‍ സീറ്റിലേക്ക് ചാടി. ശാസ്ത്രജ്ഞന്‍ കൈ കുത്തിയപ്പോള്‍ ബൈക്ക് ഇടത്തോട്ടൊന്നു ചെരിഞ്ഞു. പയ്യന്‍ ബൈക്കു നേരെയാക്കിയപ്പോഴേക്കും ശാസ്ത്രജ്ഞന്‍ മൊത്തമായി പുറകിലേക്ക് എത്തി. അങ്ങോടും, ഇങ്ങോടും ആടിക്കളിച്ച ശേഷം ബൈക്കു നിലം പൊത്തുന്ന ശബ്ദം അവിടെ മുഴങ്ങി. അല്‍പ നേരത്തിനു ശേഷം പിന്നണിയിലായി മറ്റൊരു ശബ്ദവും, "കടവുളേ, വീണ്ടും എല്ലാമേ ഒടഞ്ഞു പോയാച്ച്".

3 comments:

  1. ആന്ധ്രയില്‍ ഒരു കാര്‍ഷികഗവേഷണകേന്ദ്രത്തിലേയ്ക്ക് മുമ്പ് ഞാന്‍ ഒരു ജോലിയ്ക്ക് അപേക്ഷിച്ചിരുന്നു പണ്ട്. ഇനി അതെങ്ങാനുമാണോ ഈ കേന്ദ്രം.

    ReplyDelete
    Replies
    1. അതല്ല അജിത്തെട്ടാ

      Delete
  2. "കടവുളേ, വീണ്ടും എല്ലാമേ ഒടഞ്ഞു പോയാച്ച്"
    പ്രതേക കോമ്പിനേഷനിൽ മാത്രം സ്റ്റാർട്ടാകുന്ന അമ്പാസഡർ കാർ... കേൾക്കാനൊരു രസമുണ്ട്...
    നല്ല കഥ

    ReplyDelete