Raise our Conscience against the Killing of RTI Activists




Friday, December 27, 2013

മരുഭൂമിയിലെ ഉറവകൾ


ഡോ.അലക്സ്‌ നന്നേ അസ്വസ്ഥനായിരുന്നു. ഓര്‍മ്മകള്‍ അയാളുടെ ചിന്തകളെ അലട്ടിത്തുടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. ഓര്‍മ്മകള്‍ ഇത്ര അക്രമകാരികളാവുന്നതിന്‍റെ കാരണം ഇനിയും അയാള്‍ക്കു മനസ്സിലായിട്ടില്ല. തന്‍റെ ഭാര്യ ആനിയുടെ മരണവുമല്ല യഥാര്‍ത്ഥ കാരണം എന്നയാള്‍ക്ക് ഉറപ്പാണ്. ആനി മരണപ്പെട്ടപ്പോള്‍ അയാള്‍ ഒട്ടൊന്നു ആശ്വസിക്കുകയാണു ചെയ്തത്. അതിനും മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഈ ഒരരവസ്ഥയിലെത്തിയത്. ഓര്‍ത്തോപ്പെഡിക്ക് സര്‍ജനായ അയാള്‍ പകല്‍ മുഴുവന്‍ നീണ്ട ശാസ്ത്രക്രീയകള്‍ക്കു ശേഷം നന്നേ ക്ഷീണിച്ചിരുന്നു. ക്ഷീണിച്ച ശരീരവും, അതിനേക്കാള്‍ തളര്‍ന്ന മനസ്സുമായി അയാള്‍ നിദ്രയെ ക്ഷണിച്ചെങ്കിലും, രാത്രിയുടെ യാമങ്ങള്‍ തന്നെ തലോടി നടന്നകലുന്നത് അയാള്‍ അനുഭവിച്ചറിഞ്ഞു.

പിറ്റേന്നു ഞായറാഴ്ച. ആഴ്ചകള്‍ക്കു ശേഷം ഔദ്യോഗികമായി യാതൊരു തിരക്കുകളുമില്ലാതെ സ്വസ്ഥമായി ചിലവഴിക്കാന്‍ ലഭിച്ച ഒരു ദിനം. പതിനൊന്നില്‍ പഠിക്കുന്ന മകള്‍ അലീന എന്‍ട്രന്‍സ് കോച്ചിംഗ് എന്ന ലക്ഷ്യത്തോടെ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം അയാളും, വാഹനവുമായി പുറത്തേക്കിറങ്ങി. പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെയുള്ള അലസമായ ഒരു ഡ്രൈവിംഗ്. ടൌണിലെ തിരക്കുകള്‍ പിന്നിട്ടു വാഹനം കടല്‍ത്തീരത്തേയ്ക്കു സഞ്ചരിച്ചു. കാര്യമായ തിരക്കുകള്‍ ഒന്നുമില്ലാതിരുന്ന ആ കടല്‍ത്തീരത്തുകൂടി തണലന്വേഷിച്ചു അയാള്‍ നടന്നു. കച്ചവടസ്ഥാപനങ്ങളുടെ ചൂടേറിയ തണല്‍ അയാളെ ആകര്‍ഷിച്ചില്ല. പ്രകൃതിയുടെ നനുത്ത കുളിര്‍മ അയാള്‍ക്കു കടല്‍ത്തീരത്തെങ്ങും കണ്ടെത്താനായില്ല. ആലപ്പുഴ കടല്‍ത്തീരം അയാള്‍ക്കെന്നും പ്രീയപ്പെട്ടതാണ്. താന്‍ തന്‍റെ ആനിയോടു വിവാഹാഭ്യര്‍ത്ഥന നടത്തിയത് ആലപ്പുഴ ബീച്ചില്‍ നിന്നും മാറി പാറക്കെട്ടുകള്‍ക്കു താഴെയായുള്ള ആ ആളൊഴിഞ്ഞ സ്ഥലത്താണ്. അതിനാല്‍ തന്നെ ആ കടലോരം അയാള്‍ക്കു സമ്മാനിക്കുന്നത് ആനിയുടെ ഗന്ധമാണ്, അവളുമൊത്തുള്ള മണിക്കൂറുകളാണ്, അവളുടെ ശബ്ദമാണ്. അയാള്‍ ആ പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി നടന്നു. അനേകം കാല്‍പ്പാടുകള്‍ മണ്ണില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നത് അയാള്‍ കണ്ടു. അവയോരോന്നായി കടല്‍ത്തിരകള്‍ മായ്ച്ചു കളയുന്നതും. 

അലക്സ് ആ പാറക്കെട്ടുകള്‍ക്കു കീഴെ മാനം നോക്കി കിടന്നു. നീലാകാശത്തിലൂടെ ധാരാളം കിളികള്‍ പറക്കുന്നുണ്ട്. അവയില്‍ കറുത്തിരുണ്ട കാക്കയും, നന്നേ ചന്തമുള്ള ദേശാന്തര പക്ഷികളും അയാള്‍ കണ്ടു. ദൃശ്യങ്ങളുടെ ലോകത്തു നിന്നും സാവധാനം അയാള്‍ കണ്ണുകളടച്ചു. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നിലച്ചപ്പോള്‍ തലച്ചോര്‍ ഓര്‍മ്മകളില്‍ നിന്നും അയാള്‍ക്കു വേണ്ടി ദൃശ്യങ്ങള്‍ നിർമ്മിച്ചു. മനസ്സു വര്‍ഷങ്ങള്‍ പിന്നോട്ടു പോയത് നിമിഷ നേരം കൊണ്ടാണ്. "അളിയാ ആ രണ്ടാം ബെഞ്ചില്‍ ആദ്യമിരിക്കുന്ന പെണ്‍കൊച്ചു കൊള്ളാല്ലേ. ഒന്നു മുട്ടി നോക്കിയാലോ മച്ചാ", ഉറ്റസുഹൃത്തും, സഹമുറിയനുമായ പാപ്പിയാണതു പറഞ്ഞത്. "നീയിങ്ങനെ ഒലിപ്പിച്ചു നടന്നോ. എന്നെ കിട്ടില്ല ഇതിനൊന്നും", ഇതു പറയുമ്പോഴും അലക്സിന്‍റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയില്‍ തന്നെ ഉടക്കി നിന്നിരുന്നു. പുരോഗമനകവിയായ അലക്സിനെ ക്ലാസ്സിലെല്ലാവര്‍ക്കും നന്നേ മതിപ്പാണ്. അയാളുടെ കവിതകള്‍ മെഡിക്കല്‍ കോളേജു ക്യാമ്പസ്‌ മാസികയില്‍ സ്ഥിരമായി അച്ചടിച്ചു വരുമായിരുന്നു. തൊണ്ണൂറുകളുടെ ആരംഭഘട്ടമായിരുന്നതിനാല്‍, നവബുദ്ധിജീവികള്‍ക്കു ക്യാമ്പസ്സില്‍ ധാരാളം ബഹുമാനം ലഭിച്ചിരുന്നു. 

രണ്ടാം വര്‍ഷമാണു അയാള്‍ ആ പെണ്‍കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. "പേര് ആനിയെന്നാണല്ലേ.". അവള്‍ ഒന്നു ചിരിച്ചെങ്കിലും, മറുപടിയൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നകന്നു. ഒന്നു പരിചയപ്പെടണമെന്നു കരുതി ചെന്ന അയാള്‍ക്കു അതു വലിയ ക്ഷീണമായി. "ലോലാ, മോനെ ലോലാ", പുറകില്‍ നിന്ന് പാപ്പിയും, ബാക്കി നാറികളും അലറുകയാണ്. ആ അഭിമാനക്ഷതം മൂലം പിന്നെടയാള്‍ അവളോടു ചങ്ങാത്തം കൂടാനുള്ള ഒരു പരിശ്രമവും നടത്തിയില്ല. പുറകു ബെഞ്ചിലിരുന്നുള്ള വായിനോട്ടമൊഴിച്ചാല്‍, സംസാരത്തിലെല്ലാം അയാള്‍ അവളോടു കനത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നു. "അവളൊക്കെ വെറും പുസ്തകപ്പുഴു. ചുമ്മാ ഇങ്ങനിരുന്നു പഠിക്കാന്‍ ആര്‍ക്കും പറ്റും. കല വേണം മോനെ കല. അല്ലാതെ ചുമ്മാ ടോപ്പേര്‍ ആണെന്നും പറഞ്ഞു നടക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല", അവളെ പറ്റിയുള്ള സംസാരങ്ങളിലെല്ലാം അയാള്‍ പറഞ്ഞു. എന്നിരിക്കിലും വര്‍ഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കു ക്ലാസ്സിലെല്ലാവരും, അലക്സുള്‍പ്പെടെ, അവളുടെ നോട്ട് ബുക്കുകളാണു റഫറന്‍സായി ഉപയോഗിച്ചിരുന്നത്. 

"കവിതകള്‍ കൊള്ളാം കേട്ടോ. ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്", മൂന്നാം വര്‍ഷമാണു, കൃത്യമായി പറഞ്ഞാല്‍ ഓണാഘോഷ പരിപാടികളുടെ സമാപന സമയത്താണ് അവളിതു അലക്സിനോടു പറയുന്നത്. "ആ ശരി", അയാള്‍ വിരസമായൊരു മറുപടിയാണു അതിനു കൊടുത്തതെങ്കിലും, അയാളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ പടുകൂറ്റന്‍ കോട്ടകള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. പിന്നീട്, എഴുതുന്ന കവിതകളെല്ലാം ആനിയ്ക്കു ആദ്യമേ നല്‍കി അഭിപ്രായം ആരാഞ്ഞിരുന്നു അയാള്‍. അവള്‍ താല്പ്പര്യപൂര്‍വ്വം കവിതകള്‍ വായിച്ചു. ചിലതിനെങ്കിലും തിരുത്തലുകള്‍ പറഞ്ഞു. അവളോടുള്ള അയാളുടെ ഇഷ്ടം വളര്‍ന്നു വന്നു.

നാലാംവര്‍ഷത്തെ ഒരു സായാഹ്നത്തിലാണു, അയാള്‍ വിലയിരുത്താന്‍ നല്‍കിയ കവിതയുടെ കൂടെ തിരികെ മറ്റൊരു കടലാസും കൂടി കൈമാറി അവള്‍ പറഞ്ഞത്, "അലക്സ്‌ ഇത് വായിച്ചു ഒരഭിപ്രായം പറയണം". അയാള്‍ ഹോസ്റ്റലില്‍ എത്തി ആരും കാണാതെ ആ കത്തു തുറന്നു. അതിലാകെ കുറച്ചു വരികളെ ഉണ്ടായിരുന്നുള്ളൂ. "പ്രീയ അലക്സ്‌, കവിതകള്‍ പോലെ അലക്സിനെയും എനിക്കിഷ്ടമാണ്. മറ്റൊരാളുടെ മുന്നില്‍ താലിക്കായി തല കുനിക്കുന്നതിനു മുന്‍പ്, എനിക്കിഷ്ടമുള്ള നിങ്ങളോടു അഭിപ്രായം ചോദിക്കണമെന്നു തോന്നി. ചോദിച്ചില്ലല്ലോ എന്നോര്‍ത്തു പിന്നീടു ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടല്ലോ. സ്നേഹത്തോടെ ആനി". അലക്സിനു താൻ വളരെ ചെറുതായതു പോലെ അനുഭവപ്പെട്ടു. അയാളുടെ അനുഭവത്തില്‍ ആദ്യമായാണ്‌, ഒരു പെണ്‍കുട്ടി പ്രണയം ആദ്യം വെളിപ്പെടുത്തുന്നത്. ഇത്രയും കഴിവുള്ള കുട്ടി തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയതു തന്‍റെ ഭാഗ്യമായി തന്നെ അയാള്‍ കണക്കുകൂട്ടി. പിന്നീടു ക്ലാസ്സുകളില്‍ വച്ചു അവരുടെ കണ്ണുകള്‍ പലപ്പോഴും സന്ധിച്ചു, സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ചുറ്റുമുള്ളവരാരും ഇതൊന്നും അറിഞ്ഞില്ല. 

"നമുക്കു വരുന്ന ശനിയാഴ്ച ആലപ്പുഴ ബീച്ചില്‍ പോവാം", അലക്സാണിതു ആനിയോടു പറഞ്ഞത്. അയാള്‍, കടലിനെ സാക്ഷിയാക്കി അവളോടു അന്നു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിരുന്നു. പല ഹോളിവുഡ് ചലച്ചിത്രങ്ങളുടെയും കാസ്സെറ്റുകള്‍ കണ്ടു അതിനായി വിപുലമായ രീതിയിലുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അയാളെ നിരാശനാക്കി ബീച്ചില്‍ അന്നു തിരക്കു പതിവിലും കൂടുതലായിരുന്നു. കടല്‍ത്തീരത്തു നിന്ന് പരിഭ്രമിക്കുന്ന അലക്സിനോടു ആനിയാണതു പറഞ്ഞത്, "ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ പാറക്കെട്ടുള്ള ഒരു സ്ഥലമുണ്ട്. അവിടെ തീരെ ആളുണ്ടാവില്ല. ഞാന്‍ വല്ലപ്പോഴും കവിതയെഴുതാന്‍ അവിടെ പോവാറുണ്ട്. വളരെ ശാന്തമായൊരിടം". "താനും കവിതയെഴുതുമോ?", അയാള്‍ ആശ്ചര്യത്തോടു കൂടിയാണതു ചോദിച്ചത്. അവള്‍ അതിനൊന്നു ചിരിച്ചു. നുണക്കുഴികള്‍ നിറഞ്ഞ അവളുടെ ചിരിയാണ് അയാളെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. പാറക്കെട്ടിനു കീഴെ എത്തിയ അയാള്‍ മണ്ണില്‍ മുട്ടുകുത്തി, മോതിരമെടുത്തു അവളോടു ചോദിച്ചു, "വില്‍ യൂ മാരി മീ?". ആനിയുടെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. അവള്‍ അവനെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. അവര്‍ ഇരുവരും പൊട്ടിച്ചിരിച്ചു, "അലക്സിനൊരു സംഭവം അറിയുവോ, ഇവിടെ വച്ചു പ്രണയം കൈമാറുന്നവര്‍ പിന്നീടൊരിക്കലും പിരിയില്ല. മരിച്ചാലും ആത്മാക്കളായി തങ്ങളുടെ പ്രീയപ്പെട്ടവരെ കാണാന്‍ അവര്‍ വരുമത്രേ", ആനി പറഞ്ഞു. "കുന്തം. താനിതൊക്കെ വിശ്വസിച്ചു നടന്നോ", അലക്സിനതൊരു കുട്ടിക്കളിയായാണു തോന്നിയത്. "ഞാന്‍ വിശ്വസിക്കുന്നോന്നുവില്ല. എന്നാലും അങ്ങനെ ആയിരുന്നെങ്കിലെന്നു ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു", അവള്‍ പറഞ്ഞു. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു കടല്‍ക്കരയിലൂടെ നടന്നു. അസ്തമയ സൂര്യനു അപ്പോള്‍ പതിവില്ലാത്ത ചുവപ്പു നിറം. അവരെ തഴുകി കടല്‍ക്കാറ്റു കടന്നു പോയി.

കടല്‍ക്കരയില്‍ കാറ്റെറ്റു കിടന്ന അയാളില്‍ ഓര്‍മ്മകള്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയപ്പോഴാനു ഫോണ്‍ ശബ്ദിച്ചത്. "ഡോക്ടര്‍ അത്യാവശ്യമായി ഒന്നു ആശുപത്രി വരെ എത്തണം. ഒരു എമര്‍ജന്‍സി സര്‍ജറി ഉണ്ട്." വീണ്ടും ചെല്ലുവാനാഗ്രഹിച്ച പോയ കാലത്തെ കൈ വിട്ടു അയാള്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു, കൂടെ അയാളുടെ ഓര്‍മ്മകളും.

ആഴ്ചകള്‍ കടന്നു പോയെങ്കിലും അയാളുടെ മാനസീക സംഘര്‍ഷത്തിനു ഒരു കുറവും ഉണ്ടായില്ല. ഇതു ശരീരത്തെയും ബാധിച്ചു തുടങ്ങിയപ്പോള്‍, അലീനയാണു ഒരു മനശാസ്ത്രജ്ഞനെ കാണാന്‍ അയാളെ നിര്‍ബന്ധിച്ചത്. മഡോണ മാനസീക ആശുപത്രിയിലെ ഡോ. സുരേഷ് ഡിഗ്രീ ക്ലാസ്സിലെ അയാളുടെ സഹപാഠിയാണ്‌. വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു അറിയിപ്പുമില്ലാതെ തന്‍റെ ആശുപത്രി മുറിയിലേക്കു കയറി വന്ന അലക്സിനെ കണ്ടു ആദ്യം സുരേഷ് ഒന്നമ്പരന്നു. അതു സന്തോഷത്തിലേക്കു തെന്നിമാറാന്‍ അല്‍പ്പ സമയം പോലും വേണ്ടി വന്നില്ല. "ആശാനെ, എത്ര വര്‍ഷമായെടാ കണ്ടിട്ടു. എന്തുണ്ട് വിശേഷങ്ങള്‍?", സുരേഷ് ചോദിച്ചു. "സുഖമായിരിക്കുന്നെടാ. നീ ഇവിടെയാണെന്നു കുറെ തപ്പിയിട്ടാണു അറിഞ്ഞത്. നമ്മുടെ ബാച്ചില്‍ സൈക്യാട്രി ആകെ നീ മാത്രമല്ലേ എടുത്തിരുന്നുള്ളൂ", അലക്സ്‌ പറഞ്ഞു. രണ്ടു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം സുരേഷ് ചോദിച്ചു, "എന്താടാ ഇപ്പൊ അത്യാവശ്യമായി വരാന്‍? എന്തു പറ്റി?". "കുറച്ചു നാളുകളായി മനസ്സിലൊരു വിഷമം തുടങ്ങിയിട്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. മനസ്സിനൊരു സന്തോഷമില്ല", അലക്സ്‌ വിഷാദ ഭാവത്തില്‍ അറിയിച്ചു. "ഇതു ഈ അടച്ചു മൂടിയ മുറിയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. നമുക്കു വരുന്ന ഞായറാഴ്ച ഒരു യാത്ര പോവാം. ഞാനും, നീയും, നിന്‍റെ ഓര്‍മ്മകളും കൂടി. നമുക്കു ആതിരപ്പിള്ളിയില്‍ പോവാം. ഒരുമിച്ചു യാത്ര പോയിട്ടു വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു", സുരേഷിന്‍റെ ഈ ആശയത്തോടു അലക്സും യോജിച്ചു.

ഞായറാഴ്ച പ്രഭാതഭക്ഷണത്തിനു ശേഷം ഇരുവരും യാത്ര തിരിച്ചു. ലക്ഷ്യത്തെക്കാള്‍, യാത്ര പ്രധാനമായതുകൊണ്ടു സാവധാനമാണു സുരേഷ് വണ്ടിയോടിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് പറഞ്ഞു. "നിന്‍റെയും ആനിയുടെയും കല്യാണം കഴിഞ്ഞ വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. കല്യാണത്തിനു ശേഷമുള്ള നിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം പറയണം. അതിലുണ്ടാവും നീ തേടുന്ന ഉത്തരവും". കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം അലക്സ്‌ തുടങ്ങി, "ഞങ്ങളുടെ കല്യാണം കഴിയുന്നതിനു മുന്‍പുള്ള സംഭാവങ്ങളെല്ലാം നിനക്കറിയാമല്ലോ. കല്യാണത്തിനു ശേഷവും ഞങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നു, സ്വര്‍ഗീയമായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഞങ്ങള്‍ തമ്മില്‍ വഴക്കു തന്നെ വളരെ വിരളമായിരുന്നു. ഞാന്‍ വഴക്കു പിടിച്ചാല്‍ തന്നെ അവള്‍ വന്നു ഒരു ചുംബനത്തില്‍ എല്ലാം ലയിപ്പിച്ചു കളയും. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ക്കു അലീന ഉണ്ടാകുന്നത്. കുഞ്ഞിനു വേണ്ടി അവള്‍ രണ്ടു വര്‍ഷത്തോളം അവധിയെടുത്തു വീട്ടിലിരുന്നു. അതിനാല്‍ തന്നെ എനിക്ക് അലീനയ്ക്കു വേണ്ടി വളരെ കുറച്ചേ ബുദ്ധിമുട്ടേണ്ടി വന്നുള്ളൂ. വിവാഹത്തിനു ശേഷമുള്ള പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ തികച്ചും സന്തോഷകരമായി കടന്നു പോയി. ആ നിമിഷങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നവയാണ്". "അപ്പോള്‍ ആ കാലഘട്ടം വിട്ടേക്കാം. മനസ്സ് ഒരു വിചിത്രമായ പ്രതിഭാസമാണ്. അതിനെ എന്തെങ്കിലും അലട്ടിയാല്‍, അതു കണ്ടെത്തുകയോ, അതിനു തക്ക പരിഹാരം ചെയ്തു എന്ന് ബോധ്യമാകുന്നതു വരെയോ അത് പ്രശ്നകാരിയാവും, ഒരു പക്ഷെ രോഗബാധിതമായ ഒരു അവയവത്തെക്കാള്‍ കൂടുതല്‍ പ്രശ്നകാരി. ശരി നീ ബാക്കി പറ", സുരേഷ് പറഞ്ഞു.

വണ്ടി എറണാകുളം എത്തിയിരുന്നു. മുന്നോട്ടു തിക്കിത്തിരക്കാന്‍ കൊതിക്കുന്ന അനവധി വാഹനങ്ങള്‍ അവരുടെ വാഹനത്തിന്‍റെ പിന്നില്‍ അണിനിരന്നിരുന്നു. ആശകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ റോഡിലൂടെ  ഇഴഞ്ഞിഴഞ്ഞു നീങ്ങി. "ഉദ്ദേശം മൂന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അവള്‍ക്കു അസുഖം സ്ഥിരീകരിച്ചത്", അലക്സ്‌ പറഞ്ഞു. "ഏതസുഖം?", സുരേഷ് സംശയഭാവത്തില്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. "ക്യാന്‍സര്‍, കൃത്യമായി പറഞ്ഞാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍. കണ്ടെത്തുമ്പോള്‍ ലിംഫ് നാഡികളിലേയ്ക്കും അസുഖം പടര്‍ന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്നാം സ്റ്റേജ്", അലക്സ്‌ ദീര്‍ഘനിശ്വാസം വിട്ടു. അവിശ്വസനീയ ഭാവത്തില്‍ സുരേഷ് അയാളുടെ മുഖത്തേയ്ക്കു നോക്കി. "പിന്നീടുള്ള കുറച്ചു നാളുകള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. റേഡിയേഷനും, കീമോതെറാപ്പിയും ക്യാന്‍സര്‍ കോശങ്ങളോടൊപ്പം അവളുടെ ജീവിതത്തെയും കരിച്ചു തുടങ്ങിയിരുന്നു. ചികല്‍സയുടെ ഭാഗമായി അവളുടെ വലതു വശത്തെ ബ്രസ്റ്റ് നീക്കം ചെയ്തു, വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, അവളാകെ വിളറി വെളുത്തു. അവളെ വിധിയുടെ മോഹങ്ങള്‍ക്കു വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്‍റെ സാന്നിധ്യം അവള്‍ക്കു നല്ല മനോബലം നല്‍കി. അഞ്ചെട്ടു മാസങ്ങള്‍ക്കൊണ്ടു ഞങ്ങള്‍ ചികത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ടു തന്നെ അവള്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. അവള്‍ ആശുപത്രിയിലും പോയി തുടങ്ങി."

"എന്നിട്ടോ?", സുരേഷ് ചോദിച്ചു. "പിന്നീടുള്ള ഞങ്ങളുടെ നാളുകളില്‍ സന്തോഷം നന്നേ കുറഞ്ഞിരുന്നു. അവളുടെ അസുഖമാവാം എന്‍റെ സന്തോഷം നശിപ്പിച്ചിരുന്നത്. ഞാന്‍ അവയൊന്നും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കണ്ടെത്തുന്നതിനു മുന്‍പു തന്നെ ക്യാന്‍സര്‍ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ പടര്‍ന്നിരുന്നു. ഉദ്ദേശം ഒന്നൊന്നര വര്‍ഷങ്ങള്‍ക്കു ശേഷം അസുഖം വീണ്ടും കരളിനെ ബാധിച്ചു. ഇപ്രാവശ്യം ഡോക്ടര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അവളുടെ അന്ത്യ നിമിഷങ്ങളില്‍ ഞാനും കൂടെയുണ്ടായിരുന്നു", അയാള്‍ കണ്ണുകള്‍ തുടച്ചു. 

ചാലക്കുടിയിലൂടെ ശ്രദ്ധാപൂര്‍വ്വം സുരേഷ് വണ്ടിയോടിച്ചു. "അസുഖം ആദ്യം വന്ന സമയത്തുണ്ടായിരുന്ന മനോധൈര്യം പിന്നീടു, അതായതു അസുഖം മാറിയ സമയത്തു അവള്‍ക്കുണ്ടായിരുന്നില്ല, അല്ലെ?", സുരേഷ് ചോദിച്ചു. അയാള്‍ ശരിയെന്ന മട്ടില്‍ തലയാട്ടി. അല്പം ആലോചിച്ച ശേഷം സുരേഷ് പറഞ്ഞു, "അവളെ ആദ്യം സധൈര്യം അസുഖത്തെ നേരിടാന്‍ പ്രേരിപ്പിച്ചത് നിന്‍റെ അകമഴിഞ്ഞ സഹകരണമാണ്. അസുഖം മാറിയ ശേഷം നിന്‍റെ മനോഭാവത്തിനു മാറ്റം വരുത്തുന്ന രീതിയില്‍ എന്തുണ്ടായി?", സുരേഷ് വീണ്ടും ചോദ്യങ്ങള്‍ എറിഞ്ഞു. "എന്‍റെ മനോഭാവത്തിനു അങ്ങനെ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല", അലക്സ്‌ നിഷേധാര്‍ത്ഥത്തില്‍ കയ്യൊഴിയുവാന്‍ ശ്രമിച്ചു. "നിയങ്ങനെ ഒഴിഞ്ഞു മാറല്ലേ. ഞാനൊരു പോലിസൊന്നുമല്ല. നിന്‍റെ ബോധമനസ്സു തന്നെയാണ്, ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കൂടി ഉപബോധ മനസ്സിന്‍റെ ചോദ്യങ്ങളോടു സഹകരിക്കാത്തത്. ഞാനൊന്നു ചോദിച്ചോട്ടെ. ആ കാലഘട്ടത്തില്‍ ഓഫീസിലെ മറ്റാരെങ്കിലുമായി തനിക്കു പ്രണയം, അല്ലെങ്കില്‍ ഇഷ്ടം തോന്നിയിരുന്നോ?"

"ഉവ്വ്‌, പക്ഷെ അതൊരിക്കലും പ്രണയമൊന്നുമല്ലായിരുന്നു. ഒരു ആകര്‍ഷണം. ജനറല്‍ മെഡിസിനിലെ ലീനയോടു. ആളൊരു ഡൈവോഴ്സിയാണ്", അലക്സ്‌ പങ്കുവച്ചു, ഒപ്പം സുരേഷ് എങ്ങനെ ഇതൊക്കെ മനസ്സിലാക്കുന്നു എന്നതില്‍ അയാള്‍ ആശ്ചര്യപ്പെട്ടു. "ഈ ലീന ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ടു എത്ര വര്‍ഷമായി?", സുരേഷ് ചോദിച്ചു. "അഞ്ചെട്ടു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. പക്ഷെ അന്നൊന്നും അങ്ങനെ താല്‍പ്പര്യമൊന്നുമുണ്ടായില്ല", അലക്സ്‌ മറുപടി പറഞ്ഞു. "അതിലുണ്ട് താന്‍ തേടുന്ന ഉത്തരം. ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ. താന്‍ പോസിറ്റീവ് ആയി എടുക്കണം", അലക്സ്‌ ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ബ്രസ്റ്റ് നീക്കം ചെയ്ത സ്ത്രീയെ ഒരു സ്ത്രീയായി കാണുവാന്‍ തന്‍റെ മനസ്സ് ഒരുക്കമായിരുന്നില്ല അല്ലെ?", സുരേഷിന്‍റെ ചോദ്യം അലക്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അയാള്‍ ഉത്തരത്തിനായി പതറി. "നീ അതിനു ശേഷം അവളെ ഒരു ഭാര്യ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്നു ഞാന്‍ പറയും. നിന്‍റെ സ്നേഹം വെറും ബാഹ്യമായ സ്നേഹ പ്രകടനങ്ങളില്‍ ഒതുങ്ങി. ബ്രസ്റ്റ് നീക്കം ചെയ്ത ഒരു സ്ത്രീ സ്വതവേ തന്നെ അല്‍പം തകര്‍ന്നിട്ടുണ്ടാവും, ക്യാന്‍സര്‍ പോലൊരു മാരക രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കില്‍ കൂടി. ഒരു ഭര്‍ത്താവെന്ന നിലയില്‍ നിന്‍റെ സ്നേഹം അവള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന സമയമാവും അത്. ഇതിനെല്ലാം കൂടെയാവും, നിന്‍റെ പുതിയ ഇഷ്ടത്തെ പറ്റി അവള്‍ അറിഞ്ഞിട്ടുണ്ടാവുക. അസുഖം റെക്കര്‍ ചെയ്യാന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല.", അലക്സ്‌ റോഡിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. സുരേഷിന്‍റെ ഓരോ വാക്കുകളും അയാള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാന്‍ കഴിയുന്നില്ല. ദീര്‍ഘ നേരത്തേയ്ക്കു വളവും, തിരിവുമില്ലാതെ വിശാലമായ വഴി അയാള്‍ക്കു മുന്നില്‍ തെളിഞ്ഞു. 

കുറച്ചു സമയത്തിനു ശേഷം സുരേഷ് തുടര്‍ന്നു, "നീ ആ കാലയളവില്‍ അവളെ പറ്റി അല്‍പം പോലും ആലോചിച്ചില്ല എന്നു ഞാന്‍ പറയും. അവളുടെ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ നിനക്കു വേണ്ടി മാത്രമുള്ളതായിരുന്നു. നിന്‍റെ ഭക്ഷണം, കുഞ്ഞ്, സമ്പാദ്യം തുടങ്ങി നീയുമായി ബന്ധപ്പെട്ട എല്ലാത്തിലും നിന്നെക്കാള്‍ അദ്ധ്വാനിച്ചിരിക്കുക അവളാകും. അവളുടെ സൌന്ദര്യം മങ്ങിയെങ്കില്‍ അതു നിനക്കു വേണ്ടിയായിരുന്നു. അവളുടെ ഓരോ നരയും, ചുളിവും നിന്നോടുള്ള സ്നേഹമായിരുന്നു", അലക്സ്‌ സുരേഷിന്‍റെ കരങ്ങളില്‍ പിടിച്ചു. കൂടുതലൊന്നും കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. അലക്സില്‍ നിന്നു ഒന്നു രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഇറ്റു വീണു. "ഇതിലെ രസകരമായൊരു സംഭവം എന്താണെന്നു വച്ചാല്‍ നിനക്കു തന്നെ അറിയാമായിരുന്നു നിന്‍റെ പ്രശ്നം. പക്ഷെ ബോധമനസ്സിനെ അവ അംഗീകരിപ്പിക്കുവാന്‍ ഒരു മനശാസ്ത്രജ്ഞന്‍റെ സഹായം ആവശ്യമായിരുന്നു", സുരേഷ് അറിയിച്ചു.

വണ്ടി ആതിരപ്പിള്ളി വനമേഘലയില്‍ പ്രവേശിച്ചു. ഉച്ചസൂര്യന്‍റെ കനത്ത ചൂടില്‍ നിന്നും ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ അവരെ സംരക്ഷിച്ചു. ആ യാത്ര അയാള്‍ക്കു തിരിച്ചറിവിന്‍റെതായിരുന്നു. ചുറ്റുപാടും പ്രകാശം കുറയുമ്പോള്‍, അയാളില്‍ തിരിച്ചറിവിന്‍റെ വെളിച്ചം വീണു കൊണ്ടിരുന്നു. മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നില്‍ക്കുന്ന സൂര്യനെ അയാള്‍ കണ്ടു. 

പിറ്റെ ആഴ്ച അയാള്‍ കടല്‍ത്തീരത്തു പോവുമ്പോള്‍ അലീനയെക്കൂടി കൂട്ടി. അവര്‍ ഒരുമിച്ച് ആ പാറക്കൂട്ടത്തില്‍ പോയി. "ഇവിടെയുണ്ട് മമ്മി ഇപ്പോള്‍", അയാളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. അലീനയ്ക്കായി, അവര്‍ തമ്മില്‍ കണ്ടു മുട്ടിയതു മുതലുള്ള കഥകള്‍ അയാള്‍ പങ്കുവെച്ചു, സങ്കടം നിറഞ്ഞിരുന്ന അവളുടെ മുഖം സാവധാനം സന്തോഷം കൊണ്ടു വിടര്‍ന്നു. പണ്ടു ചെയ്തിരുന്ന പോലെ അയാള്‍ തന്‍റെയും ആനിയുടെയും പേരുകള്‍ തീരത്തെ മണല്‍ത്തരികളില്‍ കുറിച്ചു. കുറച്ചു നേരം മടിച്ചു നിന്ന തിരകള്‍ അധികം താമസിയാതെ തന്നെ അവയെയും മായിച്ചു കളഞ്ഞു. സന്ധ്യയായിട്ടും അവിടം വിട്ടു പോകാന്‍ അയാള്‍ക്കു തോന്നിയില്ല. ഒടുവില്‍ അവിടം വിട്ടു പോകുമ്പോള്‍ അയാള്‍ മകളെ ചേര്‍ത്തു പിടിച്ചിരുന്നു. ശേഷിച്ച സ്നേഹമെല്ലാം കൈമാറാന്‍ എന്നവണ്ണം. പോകുംവഴി അയാള്‍ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കി. ആ നോട്ടത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അംശം അടങ്ങിയിരുന്നു. 

മാസങ്ങള്‍ക്കു ശേഷം ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതിയൊരു ക്യാന്‍സര്‍ കെട്ടിടം തുറന്നു, ആനി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്‍റെര്‍. ആനിയുടെ ചിരിക്കുന്ന ഒരു ചിത്രവും ഭിത്തിയില്‍ തൂക്കിയിരുന്നു. നുണക്കുഴികളുമൊക്കെയായി അലക്സ്‌ ഏറ്റവും കൂടുതല്‍ കാണുവാനാഗ്രഹിക്കുന്ന അവളുടെ മുഖമായിരുന്നു അത്. അതിനു ചുറ്റും അയാള്‍ പൂമാല തൂക്കിയിരുന്നില്ല. കെട്ടിടത്തില്‍ ഒരിടത്തു പോലും തന്‍റെ പേരു വരാതിരിക്കാന്‍ അയാള്‍ നന്നേ ശ്രദ്ധിച്ചു. അവിടെ നിന്നും അസുഖം ഭേദമായി ഇറങ്ങുന്ന ഓരോ വ്യക്തിയും ആ ചിത്രം നോക്കി പുഞ്ചിരിച്ചു, ആനി അവരെ നോക്കി തിരിച്ചും. അലക്സിനെ കാലം ആശുപത്രിയില്‍ നിന്നും മായ്ച്ചെങ്കിലും, ആനി അവിടെ തന്നെ നിലകൊണ്ടു. ഭാവിയിലെ അനേകം തലമുറകള്‍ക്കു പ്രതീക്ഷ നല്‍കുന്ന ചെറുപുഞ്ചിരിയുമായി.  

7 comments:

  1. നല്ല കഥ
    നല്ല സന്ദേശമുള്ള കഥ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല കഥ. മനസ്സെന്ന മാന്ത്രികക്കുതിരയുടെ കടിഞ്ഞാണ്‍ തിരിച്ചുപിടിക്കുന്നതെങ്ങനെ എന്ന് ഈ കഥ പറഞ്ഞുതരുന്നു.

    ReplyDelete